Home Article ഒരു പെണ്ണ് കാണൽ

ഒരു പെണ്ണ് കാണൽ

0

“ഒരു പെണ്ണ് കാണൽ…..

**************************

“നിങ്ങൾ ഏത് വരെ പഠിച്ചു :_

പെൺ കുട്ടി ചോദിച്ചു…

‘അബു കുടിച്ചിരുന്ന സർബത്ത് തലയിൽ കയറി രണ്ട് വട്ടം ചുമച്ചു..

‘ഒപ്പമുണ്ടായിരുന്ന മൂത്ത അളിയൻ തലയുടെ നെറുകയിൽ പതുക്കെ തട്ടി കൊടുത്തു…

ആശ്വാസമായപ്പോൾ അബു കണ്ണും മുഖവുമെല്ലാം തുടച്ചു..

‘പത്തു വർഷത്തെ പ്രാവസ ജീവിതത്തിനിടയിൽ വളരെ കുറച്ചേ നാട്ടിൽ വന്നു പോയിട്ടുള്ളൂ…

‘ആ ഒരറിവ് വെച്ച് പെണ്ണ് കാണാൻ പോയാൽ പെൺകുട്ടിയോട് എന്താ പേര് ഏത് വരെ പഠിച്ചു..

എന്ന് ചോദിക്കുക.. പേരും പഠിച്ചതും പറഞ്ഞു നാണത്താൽ ചുവന്ന് നിൽക്കുന്ന അവളുടെ മുഖവും അവളെയും ഒന്ന് കാണുക

തന്ന വെള്ളവും കുടിച്ചു വീട്ടിലേക്ക് പോരുക..

പെൺ കുട്ടിയെ പറ്റിയാൽ അത് പറയുക പെൺകുട്ടിക്ക് പറ്റിയാൽ അവരും പറയും ഇത്രയേ അബുവും പ്രതീക്ഷിച്ചിരുന്നുള്ളൂ… പക്ഷേ..

‘പേര് ചോദിച്ചിട്ട് ഏത് വരെ പഠിച്ചു എന്ന് ചോദിച്ചതെ അബുവിന് ഓർമ്മയുള്ളൂ…

‘അവളെന്തൊക്കെയോ പറഞ്ഞു..

അബുവിന് ഒന്നും പിടികിട്ടിയില്ല..

‘ആധുനിക വിദ്യാഭ്യാസ രീതിയെ കുറിച്ചും ഉപരി പഠനത്തിന് തിരഞ്ഞെടുക്കുന്ന വൈവിധ്യങ്ങളായ കോഴ്സിനെ കുറിച്ചൊന്നും പത്താം ക്ലാസിൽ പഠനം നിർത്തി ആറ് കൊല്ലത്തോളം വാഹനങ്ങളുടെ റിപ്പയറിങ് പഠിക്കാൻ പോയി പിന്നീട് ഗൾഫിലേക്ക് പറന്ന അബുവിനുണ്ടോ അറിയുന്നു…

‘ആ അബുവിനോട് ആണ് അവൾ താൻ പഠിക്കുന്ന കോഴ്സിനെ കുറിച്ചു പറഞ്ഞതും..

അതല്ലേ നല്ല കോഴ്സ് എന്ന് അഭിപ്രായം ചോദിച്ചതും..

‘അബു തൊണ്ടയിലെ വെള്ളം വറ്റി അവളുടെ ഉമ്മ കൊണ്ട് തന്നിരുന്ന സർബത്ത് കുടിക്കുന്നതിനിടയിലാണ് മേൽ പറഞ്ഞ അവളുടെ അടുത്ത ചോദ്യം ശരം കണക്കേ വന്നത്

‘നിങ്ങൾ ഏത് വരെ പഠിച്ചു എന്ന്…

‘അബു മനഃസാന്നിധ്യം വീണ്ടെടുത്തു..

‘പഠിക്കാനൊന്നും അധികം പറ്റിയിട്ടില്ല..

പത്താം ക്ലാസ് വരെ പടിച്ചിട്ടുള്ളൂ..

പിന്നെ അധിക നേരം അവിടെ ഇരുന്നില്ല…

യാത്ര പറഞ്ഞിറങ്ങി..

‘പുറകിൽ നിന്ന് ആരോ അളിയനോട് പറഞ്ഞു..

വിവരം അറിയിക്കാം എന്ന്..

‘വീട്ടിൽ ചെന്ന ഉടനെ ഉമ്മയും പെങ്ങന്മാരും ചുറ്റും കൂടി കണ്ട പെണ്ണിന്റെ വിശേഷം അറിയാൻ…

‘എനിക്ക് പറ്റി..

അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..

എന്നിട്ട് റൂമിലേക്ക് പോയി കട്ടിലിൽ കയറി കിടന്നു..

‘ഗൾഫിൽ നിന്ന് വന്നിട്ട് ഒരു മാസം കഴിഞ്ഞു അഞ്ചാറു പെണ്ണും കണ്ടു…

എല്ലാം സമാന അനുഭവങ്ങൾ.. ചിലത് ഒരു തരത്തിലും തനിക്ക് പറ്റാത്തതും ബ്രോക്കർ കാണിച്ചു തന്നു..

വയസ്സും കുറച്ചായി..

അതും ഒരു പ്രശ്നമാണ്..

അത് കൊണ്ടാ 25 വയസ്സിന് മുകളിൽ ഉള്ള കുട്ടികൾ മതി എന്ന് പറഞ്ഞത്…

എല്ലാം പഠിച്ച കുട്ടികൾ..

‘താനും നേടിയിട്ടുണ്ട് ബിരുദങ്ങൾ പക്ഷേ സർട്ടിഫിക്കറ്റുകളായി അല്ലെന്നു മാത്രം..

‘ഒരു പെങ്ങളെ കല്യാണം കഴിച്ചയക്കാനെ ഉപ്പാക്ക് ഭാഗ്യം ഉണ്ടായുള്ളൂ..

പെട്ടെന്നായിരുന്നു വിട പറച്ചിൽ..

‘പിന്നെ ഉപ്പയും ഏട്ടനും ആയി നിന്ന് അങ്ങട് തുഴഞ്ഞു..

ബാക്കി പെങ്ങന്മാർക്കു നല്ലോണം വിദ്യാഭ്യാസവും കൊടുത്ത് അന്തസ്സായി കെട്ടിച്ചയച്ചു..

‘ഇതൊക്കെയാണ് തന്റെ ബിരുദങ്ങൾ..

‘അതിനിടയിൽ ഒന്നിനും സമയമുണ്ടായിരുന്നില്ല

വണ്ടിക്കടിയിൽ കിടന്ന് ഓരോ വാഹനത്തിന്റെയും കേടുപാടുകൾ തീർക്കുമ്പോൾ കരിപ്പിടിച്ച

മുഖം ആരുടേയും മനം കവർന്നിട്ടില്ല..

അത് കൊണ്ടൊരു പ്രേമവും

ഉണ്ടായിട്ടില്ല..

‘അബൂ….

ഉമ്മയുടെ വിളികേട്ട് അബു ചിന്തയിൽ നിന്നുണർന്നു..

‘ചായ കുടിക്കാൻ വായോ..

‘എല്ലാവരും വട്ടം കൂടിയിരുന്ന്

സൊറ പറഞ്ഞിരിക്കുകയാണ്..

കൂടെ ചായ കുടിയും..

അബുവും ആ ശബ്ദ ഘോഷങ്ങളിൽ ലയിച്ചു..

‘പിറ്റേന്ന് നേരം വെളുത്ത ഉടനെ തന്നെ പെങ്ങളുടെ കുട്ടികൾ ബാഗും തൂക്കി മുന്നിൽ വന്നു നിന്നു..

അവരെ സ്കൂളിൽ കൊണ്ട് വിടാനാണ്..

ഞാൻ വരുന്നതിനു മുമ്പ് നടന്നു പോയിരുന്ന ആൾക്കാരാണ്..

‘ഒരു ദിവസം ഞാൻ കൊണ്ട് ചെന്നാക്കിയതാ ഇപ്പൊ അവരിതൊരു ശീലമാക്കി..

‘പിന്നെ എനിക്കും ഇപ്പോൾ ഒരിഷ്ടമൊക്കെയുണ്ട് അവിടെ പോകാൻ..

‘ഇവരുടെ ക്ലാസ് ടീച്ചർ ശബന മേം.. ആണതിനൊരു കാരണം..

‘കിച്ചുവിന്റെയും സിനുവിന്റെയും മാമൻ എന്ന നിലക്കു അവരുടെ പഠനത്തെ കുറിച്ചെല്ലാം ടീച്ചറോട് സംസാരിച്ചിരുന്നു..

‘ടീച്ചറുടെ പെരുമാറ്റവും സംസാരവും ഈയുള്ളവന്റെ യുള്ളിൽ ചെറിയ ഒരലകൾ ഉണ്ടാക്കിയിരുന്നു…

‘അത് കൊണ്ട് രാവിലത്തെ സുഖകരമായ ഉറക്കം ഞാൻ കളഞ്ഞു…

‘കുട്ടികളെയും കൂട്ടി സ്കൂളിലേക്ക് പോയി..

‘കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം പതിവ് പോലെ കണ്ണുകൾ നാലുപാടും പാഞ്ഞു…

‘കണ്ടില്ല…

എന്താപ്പൊ നെഞ്ചിൽ ഒരു ഇളക്കം…

Also Read :സെക്‌സ് ചെയ്യുമ്പോള്‍ പുരുഷന്‍ അവശനാകുന്നതിന്റെ കാരണങ്ങള്‍

‘കാറിൽ കയറി തിരിച്ചു പോരുമ്പോൾ അതാ നടന്നു വരുന്നു ശബന ടീച്ചർ..

‘ഞാൻ കാർ നിർത്തി..

ദൂരെ നിന്നെ തന്നെ കണ്ടപ്പോൾ മനോഹരമായി ആ ചിരി എനിക്ക് മേൽ വർഷിച്ചു…

‘ചെറിയ ഒരു കുശലം പറച്ചിൽ അവൾ കടന്നു പോയി .. ഞാനും…

‘ദിവസങ്ങൾ കൊഴിഞ്ഞു വീണു…

‘വീടിനു പുറത്ത് ഒരു ബാത്ത് റൂം പണി യെടുപ്പിക്കാനുണ്ട്..

ബാങ്കിൽ പോയി കുറച്ച് പൈസ എടുക്കാനും വേണ്ടി

പുറത്തിറങ്ങുമ്പോൾ ഉണ്ട് മൂസാക്ക

ബ്രോക്കർ വീട്ടിലേക്കു വരുന്നു..

‘രണ്ടു മൂന്നു കുട്ടികളെ കാണാനുണ്ട്..

ഒന്നെന്തായാലും അനക്ക് പറ്റും… ബെക്കം റെഡിയാക്..

‘ഉപ്പാടെ പഴയ കാല ചെങ്ങായി ആണ് മൂന്നാമൻമൂസാക്ക താൻ കണക്കൊന്നും നോക്കാതെ എപ്പോഴും ചില്ലറ കൊടുക്കും..

‘അത് കൊണ്ട് എന്നെക്കാളും മൂപ്പർക്കാണ് ഇപ്പോൾ എന്നെ കല്യാണം കഴിപ്പിക്കാൻ ധൃതി..

‘മൂസാക്ക എനിക്കാദ്യം ബാങ്കിലൊന്നു പോണം…

എന്നിട്ടു നമുക്ക് പോകാം..

‘മൂസാക്കാനെയും വണ്ടിയിൽ കയറ്റി ആദ്യം ബാങ്കിലേക്ക് പോയി..

‘ബാങ്കിൽ ചെക്ക് കൊടുത്ത് ക്യാഷ് കൗണ്ടറിന് മുന്നിൽ പോയി ഇരുന്നു…

മൂസാക്ക അവിടെ കാണുന്ന എല്ലാവരോടും ഉറക്കെ വർത്തമാനം പറഞ്ഞു ചിരിക്കുന്നുണ്ട്..

‘ആ ബാങ്ക് ഒന്നാകെ മൂസക്കയോടൊപ്പം ചിരിക്കുന്നത് പോലെ തോന്നി…

‘പൈസയും വാങ്ങി പോരാൻ നേരം മാനേജറെ ഒന്ന് കാണാം എന്ന് കരുതി…

അയൽവാസിയും പഴയ ചെങ്ങായിയുടെ അച്ഛനു മാണ് കക്ഷി…

‘മാനേജറുടെ ക്യാബിനിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ ഒരാന്തൽ…

‘ശബന ടീച്ചറും ഉമ്മയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും..

‘എന്നെ ഗ്ലാസിലൂടെ കണ്ട ഉടനെ തന്നെ മാനേജർ എന്നെ ഉള്ളിലേക്ക് വിളിച്ചു..

(അയൽവാസിയും പോരാത്തതിന് nri യും അല്ലെ)

‘ഞാൻ ഉള്ളിലേക്ക് ചെന്നപ്പോൾ ടീച്ചർ ആ പഴയ പ്രസരിപ്പോടെ തന്നെ എന്നോട് ചിരിച്ചു…

‘അവരുടെ ഉമ്മയുടെ മുഖം കരഞ്ഞ പോലെയും ഉണ്ടായിരുന്നു…

‘ഞാൻ യാത്ര പറഞ്ഞു പോന്ന പ്പോൾ പിറകിൽ അവരും ഇറങ്ങി…

​‘മൂസാക്ക പുറത്ത് നിന്ന് ഇവരെ കണ്ട ഉടനെ ഉറക്കെ വിവരങ്ങൾ ചോദിച്ചറിഞ്ഞു..

‘ഇയാൾ അറിയാത്ത ആൾക്കാർ ഇല്ലല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു..

‘അവര് പോയ ശേഷം ഞാൻ മൂസക്കാട് ചോദിച്ചു എന്താ അവരുടെ പ്രശ്നം എന്ന്…

‘മൂസാക്ക പറഞ്ഞു ലോണിന്റെ കുടിശ്ശിക തെറ്റിയിട്ടു ജപ്തി ഭീഷണിയിലാണ് ആ കുടുംബം..

‘ആ മോളും ഉമ്മയും മാത്രമേ ഉള്ളൂ…

ബാപ്പ ഇവരെ ഉപേക്ഷിച്ചു പോയി…

കൂട്ടത്തിൽ ആ പെൺ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നും..

വീടും കുടിയും ബാങ്ക് ജപ്തി ചെയ്യാൻ പോകുന്ന വീട്ടിലേക്കു ആര് കേറി ചെല്ലാൻ…

മൂസാക്ക ആത്മഗതം ചെയ്തു..

‘വണ്ടിയിൽ കയറിയ ഉടനെ ഞാൻ മൂസാക്കാട് പറഞ്ഞു..

‘ഇന്ന് കാണാൻ ചെല്ലും എന്ന് പറഞ്ഞവരോടൊക്കെ നമ്മൾ പിന്നെ ഒരു ദിവസം വരാം എന്ന് പറഞ്ഞോളൂ…

‘നമുക്ക് ഉച്ചക്ക് ശേഷം വേറെ ഒരു സ്ഥലം വരെ പോകാനുണ്ട്…

വേറെ എവിടെയും അല്ല ഇവിടെ നിന്നിറങ്ങി പോയില്ലേ അവരുടെ വീട്ടിലേക്കു…

‘മൂസാക്ക എന്റെ കൈ ഒന്ന് പിടിച്ചമർത്തി..

എപ്പോഴും ചിരിക്കാറുള്ള മൂസക്കയുടെ കണ്ണെന്തിനാ നിറഞ്ഞത്…..

‘ഉച്ചക്ക് ശേഷം ഞങ്ങൾ പുറപ്പെട്ടു..

ശബന ടീച്ചറുടെ വീട് ദൂരെ നിന്നെ കണ്ടു…

ഒരു ചെറിയ വീട്…

‘മൂസാക്ക പതിവ് ശൈലിയിൽ ഉറക്കെ ചിരിച്ചു കൊണ്ട് അവളുടെ ഉമ്മയോട് സംസാരിച്ചു കൊണ്ടിരുന്നു…

‘കുറച്ചു കഴിഞ്..

അവളുടെ ഉമ്മ പറഞ്ഞു…

അവളകത്തുണ്ട്…

ഇങ്ങോട്ടു വരുന്നില്ല…

അത് പറയുമ്പോഴേക്കും അവരുടെ ശബ്ദം ചിലമ്പിയിരുന്നു..

‘മൂസാക്ക അകത്തേക്ക് പൊയ്ക്കോ എന്നാംഗ്യം കാട്ടി…

‘ഞാൻ അകത്തേക്ക് കയറി..

‘ശബന ജനൽ കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്…

‘ഞാൻ ചെറിയ ഒരു ശബ്ദമുണ്ടാക്കി…

അവൾ എന്റെ നേരെ തിരിഞ്ഞു…

അവളുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകുകയാണ്…

‘അബു പേര് ചോദിച്ചില്ല..

ഏത് വരെ പടിച്ചെന്നും ചോദിച്ചില്ല…

ഇത്ര മാത്രം പറഞ്ഞു…

എനിക്കിഷ്ടമായി..

ഇനി ഞാനുണ്ടാകും കൂട

എനിക്കെല്ലാം അറിയാം ഇനി കരയരുത്…

‘ജനൽ കമ്പിയിൽ ഇരുന്ന അവളുടെ കൈ ഞാൻ പതിയെ പിടിച്ചു…

‘അവളുടെ കണ്ണിൽ നിന്ന് ഇട്ടുവീഴുന്ന ഓരോ കണ്ണുനീർ തുള്ളിയും എന്റെ കൈയ്യിൽ ആനന്ദത്തിൻ അശ്രു തീർത്തു. 🙂

കടപ്പാട് : അബ്ദുല്ല മേലേതിൽ

LEAVE A REPLY

Please enter your comment!
Please enter your name here