Home നസ്ര ഒരു മകന് ഇങ്ങനെ ആണോ പറഞ്ഞു കൊടുക്കുക.., ഞാൻ അമ്മയുടെ മകന്റെ ഭാര്യ ആണ്…

ഒരു മകന് ഇങ്ങനെ ആണോ പറഞ്ഞു കൊടുക്കുക.., ഞാൻ അമ്മയുടെ മകന്റെ ഭാര്യ ആണ്…

0

രചന : നസ്ര

ചാപ്പിള്ള

‘മീര പ്രസവിച്ചു’

ലേബർ റൂമിന്റെ കതക് തുറന്ന് സിസ്റ്റർ അത് പറഞ്ഞപ്പോൾ അപ്പു ഓടിച്ചെന്നു

‘എന്താ കുട്ടി’

അവന്റെ ആ ചോദ്യത്തിന് സിസ്റ്ററിന്റെ മുഖം ഒന്ന് വാടി,

‘ചാപ്പിള്ളയാണ്’

“ആാാ….”

ഒരു നിലവിളിയോടെ മീര ഞെട്ടിഉണർന്നു… അവൾ ഇരുന്ന് കിതച്ചു.., നെറ്റിത്തടങ്ങളിൽ നിന്നും വിയർപ്പ് തുള്ളികൾ മുഖത്ത് കൂടെ ഒലിച്ചിറങ്ങി… അവളുടെ കൈകൾ വയറ്റിൽ തൊട്ട് –
‘തന്റെ കുഞ്ഞ്’
എന്നവൾ പതിയെ മന്ത്രിച്ചു… കൂടെ കണ്ണും നിറഞ്ഞു… രാവിലെ മുതൽ കുട്ടി ഇളകിയതായിട്ട് തോന്നിയിട്ടില്ല, അവളുടെ മനസ്സ് അസ്വസ്ഥമായി. കട്ടിലിൽ നിന്നും എഴുനേറ്റു ബാൽകെണിയിലേക്ക് നടന്നു… പൂർണചന്ദ്രൻ ആകാശത്തു പുഞ്ചിരിച്ചു നിൽപ്പുണ്ട്, അതിനു സൗന്ദര്യം കൂട്ടാൻ ആയിരം നക്ഷത്രങ്ങളും… ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുമ്പോൾ അവളുടെ ഓർമ്മകൾ പിറകിലേക്ക് പോയിരുന്നു…

അപ്പുവുമായുള്ള വിവാഹം, അച്ഛനമ്മമാരുടെ എതിർപ്പ് വകവെക്കാതെ വാശിപിടിച്ചു കിട്ടിയതാണ് അപ്പുവിനെ… പണക്കാരനായ കുമാരൻ നമ്പ്യാരുടെ ഒറ്റമോൾ ഡ്രൈവറുടെ മകനേ പ്രണയിച്ചതും, ഒന്നിച്ചു ജീവിക്കണം എന്ന വാശിയും കുമാരന് അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു… പുന്നാര മകളുടെ വാശി നിരാഹാരത്തിലേക്ക് വഴിമാറിയപ്പോൾ നിവർത്തി കേടുകൊണ്ട് സമ്മതിച്ചു എന്ന് മാത്രം… അപ്പുവിന്റെ വീട്ടുകാർക്ക് നിധി കിട്ടിയപോലെ ആയിരുന്നു… കോടിപ്രഭുവിന്റെ ഒരേഒരു പുത്രി. കെട്ടു പ്രായം എത്തിയ അപ്പുവിന്റെ മൂന്ന് പെങ്ങമാരേ കെട്ടിച്ചതും കുമാരൻ തന്നെ ആയിരുന്നു – അത് അപ്പുവിന്റെ അമ്മയുടെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു… കല്യാണകാര്യവുമായി വന്ന കുമാരനോട് സുഭദ്ര പറഞ്ഞത്:-

“എങ്ങിനാ മുതലാളി കെട്ടുപ്രായമെത്തിയ പെണ്മക്കളെ നിർത്തി ഇവനെക്കൊണ്ട്‌ ഒരു കല്യാണം.. മൂത്തവൾ ഇവന്റെ ഒരു വയസ്സിനു മൂത്തതാ… ഇളയതുങ്ങളും ഇവന്റെ ഓരോ വയസ്സിനിളവേ ഒള്ളൂ…”

ഈർഷ്യ തോന്നിയെങ്കിലും പൊന്നാര മകളെ ഓർത്തു ഒരു ചിരി പാസ്സാക്കി അവിടുന്നിറങ്ങി… അവിടുന്ന് കൊല്ലം മൂന്നായപ്പോഴേക്കും സുഭദ്രയുടെ ആഗ്രഹപ്രകാരം മൂന്നിനേം കെട്ടിച്ചു വിട്ടു, കൂടെ അപ്പുവിന് മീരയുടെ കയ്യും പിടിച്ചു കൊടുത്തു…
മാസം മൂന്നായപ്പോൾ മീരേടെ ഉദരത്തിൽ അപ്പുവിന്റെ വിത്ത് കൊരുത്തു… സുഭദ്രയും, കണാരനും, അപ്പുവും അവളെ നല്ലപോലെ നോക്കി – മീര ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മുതൽ ഉണ്ണിക്കണ്ണനെയും സ്വപ്നം കണ്ടു സുഭദ്ര ഓരോ രാത്രിയും തള്ളിനീക്കി… ഒരു കുഞ്ഞിക്കാൽ കാണുന്ന സന്തോഷത്തിൽ മീരയുടെ വീട്ടുകാരും… ചടങ്ങുകൾ ഒക്കെ കെങ്കേമമായി മുറപോലെ നടന്നു… മാസം ഒൻപത് തികയും മുമ്പേ മീരക്ക് പ്രസവവേദന വന്നു… ആ തറവാടിന്റെ അനന്തരാവകാശി ഒരു ചാപ്പിള്ള ആയിരുന്നു… എല്ലാർക്കും അതൊരു ഷോക്ക് ആയിരുന്നു… ഏറെ വൈകാതെ മീര വീണ്ടും ഗർഭിണി ആയി…

‘ഏട്ടാ,ഡേറ്റ് അടുക്കും തോറും എനിക്ക് പേടിയാവുന്നു’

‘ആദ്യത്തെ മോനെ നമുക്ക് വിധിച്ചു കാണില്ല, എല്ലാം ഒരുപോലെ ആവില്ല, പേടിക്കാതെ ഇരിക്ക്, ഞാനില്ലേ നിനക്ക്’

സുഭദ്രയുടെ കുറ്റപ്പെടുത്തലിൽ നിന്നും ഒരു ആശ്വാസം അപ്പുവിന്റെ വാക്കുകളായിരുന്നു… ദൈവം ചിലപ്പോ ഇച്ചിരി കുസൃതി കാട്ടും, മീര പ്രസവിച്ചു വീണ്ടും ഒരു ചാപ്പിള്ളയെ…
അന്ന് മുതൽ അപ്പുവിന്റെയും മീരയുടെയും ജീവിതത്തിൽ കല്ല്കടി തുടങ്ങി… എല്ലാത്തിനും അപ്പു മീരയോട് വഴക്കടിച്ചു… എന്ത് ചെയ്താലും കുറ്റം… ഒരിക്കൽ വഴക്കിട്ട് അവളെ വീട്ടിലാക്കാൻ നിന്നപ്പോൾ സുഭദ്ര മകനോട് പറഞ്ഞു

‘പൊന്മുട്ട ഇടുന്ന താറാവാ, കൊണ്ട് കളയേണ്ട, നീ വേണേൽ ഒന്നൂടെ കെട്ടി കൂടെ പൊറുപ്പിച്ചോ ആരുമറിയാണ്ട്’

‘അമ്മേ…’

ആ വിളി മീരയുടെ ആയിരുന്നു…

‘ഒരു മകന് ഇങ്ങനെ ആണോ പറഞ്ഞു കൊടുക്കുക.., ഞാൻ അമ്മയുടെ മകന്റെ ഭാര്യ ആണ്, അമ്മ എന്താ പറഞ്ഞത് എന്ന് അറിയോ, എന്റെ സ്ഥാനം മറ്റൊരുത്തിക്ക് ഭാഗം വെച്ചു കൊടുക്കണം എന്നാ., അച്ഛൻ അങ്ങിനെ ചെയ്‌താൽ അമ്മക്ക് സഹിക്കുമോ.?’

‘ഛി… വാ പൂട്ടടി അസ്സത്തെ… ഞാൻ അതിയാന് തങ്കം പോലെ നാലെണ്ണത്തിനെ പെറ്റു കൊടുത്തിട്ടുണ്ടെടി… നീയോ ജീവനില്ലാത്ത രണ്ടെണ്ണത്തിനെ അല്ലെ എന്റെ മോന്ക്ക് കൊടുത്തേ…’

‘അത് എന്റെ കുഴപ്പം കൊണ്ടാണോ അമ്മേ…’

അവളുടെ വാക്കുകൾ ഇടറിയിരുന്നു…

‘അല്ല എന്റെ കുഴപ്പം ആണ്, നിന്നെ പോലെ ഒരുവളെ കെട്ടി കൂടെ പൊറുപ്പിച്ചില്ലേ ജാതകം പോലും നോക്കാതെ…’

അപ്പു ദേഷ്യത്താൽ അത് പറഞ്ഞു അകത്തേക്ക് കയറി പോയപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പോകുന്നത് തെളിഞ്ഞും മറഞ്ഞും അവൾ കണ്ടു, നിലത്തിരുന്നു പോയി അവൾ… കൂടെ നിൽക്കേണ്ട ആളിൽ നിന്നും ഇങ്ങനെ ഒന്ന് കേട്ടപ്പോൾ സഹിക്കാൻ അവൾക്കായില്ല മുഖം കാൽ മുട്ടിൽ അമർത്തി അവൾ ഒരുപ്പാട് നേരം കരഞ്ഞു, അവിടെ കിടന്നു തന്നെ എപ്പോഴോ ഉറങ്ങി… നേരം വെളുത്ത ഉടനെ അവൾ വീട്ടിലേക്കു പോന്നു-ആരോടും യാത്ര പറയാൻ പോലും നിൽക്കാതെ…. പോന്നിട്ട് മാസം 9ആയി, വീട്ടിൽ വന്ന ശേഷമാണ് ഒരു കുരുന്ന് തന്റെ വയറ്റിൽ വളരുന്നത് അവൾ അറിഞ്ഞത്… അവൾ അവിടുന്ന് പോന്ന ശേഷം അപ്പു ഒരുപ്പാട് തവണ അവളെ കാണാൻ ശ്രമിച്ചു, അവൾ കൂട്ടാക്കിയില്ല, ദേഷ്യത്തിൽ അവളോട് അങ്ങിനെ പറഞ്ഞെങ്കിലും അപ്പുവിന്റെ മനസ്സ് നീറുകയായിരുന്നു… ഒരുപ്പാട് സ്നേഹിച്ചു കെട്ടിയതാണ് അവളെ…
സുഭദ്ര അപ്പുവിനെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചു കൊണ്ടേ ഇരുന്നു എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തത് കൊണ്ടാവാം അവൻ അന്ന് അമ്മയോടും വഴക്കിട്ടത്.

‘എന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണെ ഒള്ളൂ.., അതെന്റെ മീരയാണ്, ഇനി കല്യാണം കളിയാട്ടം എന്ന് പറഞ്ഞു അമ്മ എന്റെ പിറകെ കൂടിയാൽ ഞാൻ എന്റെ പാടും നോക്കി എങ്ങോട്ടെങ്കിലും പോകും’

മകൻ തന്നെ എതിർത്തു പറഞ്ഞത് സുഭദ്രക്ക് ഷോക്ക് ആയിരുന്നു, അച്ഛൻ കണാരന് അതിൽ ഒരുപ്പാട് സന്തോഷം ആണ് തോന്നിയത്, അയാൾക്ക് അയാളോട് പുച്ഛവും തോന്നി. ഭാര്യയെ നിലക്ക് നിർത്താൻ ആവാത്തതിൽ…

ബാൽക്കണിയിൽ ഇരിക്കുന്ന മകളുടെ അടുത്തേക്ക് ദേവയാനി വന്നു…

‘മോളെ…’

അമ്മയുടെ കൈ അവളുടെ തോളിൽ തട്ടിയപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്നു.

‘എന്താ മോളെ ഈ നേരത്ത് ഇവിടെ..’

‘അമ്മേ…’

അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

‘മോളെ.., ഈ സമയത്ത് അമ്മയുടെ കുഞ്ഞിങ്ങനെ കരയല്ലേ… ജനിക്കാനിരിക്കുന്ന നിന്റെ കുഞ്ഞിനെ അല്ലെ അത് ബാധിക്കുക’

‘എനിക്ക് പേടിയാവുന്നു അമ്മേ.., എന്റെ മറ്റു മക്കളെ പോലെ ഇതും… എനിക്ക് ജയിച്ചു കാണിക്കണം അമ്മേ, ജീവനോടെ ഇതിനെങ്കിലും എനിക്ക് കിട്ടിയിരുന്നേൽ…’

ദേവയാനിയുടെ കണ്ണും നിറഞ്ഞിരുന്നു

‘എല്ലാം വിധിയായിരുന്നു, ഇനിയും ന്റെ കുഞ്ഞിനെ ഈശ്വരൻ പരീക്ഷിക്കില്ല’

അമ്മ മകളെ ആശ്വസിപ്പിച്ചു…

‘ന്റെ കൃഷ്ണ ഈ കുഞ്ഞിനെ എങ്കിലും എനിക്ക് ജീവനോടെ തരണേ…’

മീര മനസ്സിൽ പ്രാർത്ഥിച്ചു.

‘ന്താ അമ്മയും മകളും ഇവിടെ’

കുമാരൻ അങ്ങോട്ട്‌ വന്നപ്പോൾ ദേവയാനി കണ്ണ് തുടച്ചു

‘ഓഹോ രണ്ടും കരയുകയായിരുന്നോ’

‘അത്, അച്ഛാ’

അയാൾ മകൾക്കരികിൽ ഇരുന്നു

‘ന്റെ മോൾടെ സങ്കടം അച്ഛന് മനസ്സിലാകും.., അതൊക്കെ ഒരു വിധി ആയിരുന്നു, അതന്നെ ഓർത്ത് കരഞ്ഞിരുന്ന് ഇന്നത്തെ സന്തോഷം നശിപ്പിക്കുന്നത് കൊണ്ട് എന്താ മോളെ കാര്യം, ന്റെ മോൾ ഒരു അമ്മയാവാൻ പോകുവാ, ഈ സമയത്ത് ന്റെ കുട്ടി ഇങ്ങനെ കരഞ്ഞിരിക്കരുത്, മോൾക്ക്‌ അറിയോ ഞങ്ങടെ കല്യാണം കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാ ദൈവം നിന്നെ ഞങ്ങൾക്ക് തന്നത്, നേർച്ചയും, വഴിപാടും ഒരുപ്പാട് നടത്തി, ഒരുപ്പാട് ചികിത്സ ചെയ്തു, നിന്റെ മുത്തശ്ശി എപ്പോഴും അമ്മയെ വഴക്ക് പറയും, എന്തോരം ഇവളെ മാനസികമായി നോവിച്ചിട്ടുണ്ടെന്ന് അറിയാമോ മച്ചി എന്ന് വിളിച്ച്, ഇവളാണെങ്കിലോ കരഞ്ഞോണ്ടിരിക്കും, അപ്പോഴൊക്കെ ഞാൻ ഇവളെ സമാധാനിപ്പിക്കും നമ്മുക്ക് നമ്മൾ മതി എന്ന് പറഞ്ഞ്, എന്റെ അമ്മ എന്നെക്കൊണ്ട് പെണ്ണ് കെട്ടിക്കാൻ വരെ നോക്കി, പക്ഷെ എനിക്ക് ഇവളെ വിടാൻ ആവില്ലായിരുന്നു… എനിക്കറിയാം മോളെ അപ്പു അന്ന് ചെയ്തത് തെറ്റാണ്, അവൻ ഇന്നതിൽ ഒരുപ്പാട് കുറ്റബോധം അനുഭവിക്കുന്നുണ്ട്, നിങ്ങടെ കല്യാണത്തിന് അച്ഛൻ സമ്മതിച്ചത് മോളുടെ വാശി കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടോ, എന്നാ അതല്ല സത്യം, അപ്പുവിന് നിന്നോടുള്ള സ്നേഹം കണ്ടിട്ടാ അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ, നിന്നെ വിട്ടു പോകാൻ ഞാൻ അവന് പണം നൽകി അതിലവൻ വഴങ്ങിയില്ല, കൊല്ലുമെന്ന് ഭീഷണിപെടുത്തി അതിലും അവൻ വഴങ്ങിയില്ല, അന്ന് അവൻ എന്നോട് പറഞ്ഞു മുതലാളീടെ മോളെ മാത്രം മതി എനിക്ക് പണമോ പത്രാസോ ഒന്നും വേണ്ട, ഞാൻ പൊന്ന് പോലെ അവളെ നോക്കും അത്രക്ക് ഇഷ്ട്ടപ്പെട്ടോണ്ടാ, എന്നും പറഞ്ഞവൻ എന്റെ കാൽക്കൽ വീണ് കരയുവായിരുന്നു…’

മീരയുടെ മിഴികൾ വീണ്ടും നിറഞ്ഞു തുടങ്ങി,

‘മോളെ ഇപ്പോഴും അവൻ ഒരുപ്പാട് സ്നേഹിക്കുന്നുണ്ട്, അപ്പോഴത്തെ ഈർഷ്യയിൽ പറഞ്ഞത് ഇച്ചിരി കൂടുതലായി പോയി, അതിന് മാപ്പ് ചോദിക്കാൻ മോൾടെ അടുത്ത് എത്ര പ്രാവിശ്യം അവൻ വന്നു, നീ ഒന്ന് കാണാൻ കൂട്ടാക്കേണ്ടേ…’

‘അത് അച്ഛാ… ഞാൻ, അന്ന് എന്നോട് അങ്ങനെ പറഞ്ഞപ്പോ നിക്ക് സഹിക്കാൻ ആയില്ല, പിന്നീട് ന്റെ വയറ്റിൽ ഒരു കുരുന്ന് വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ വാശിയായിരുന്നു, ഈ കുഞ്ഞിനെ എങ്കിലും എനിക്ക് ജീവനോടെ പ്രസവിക്കണം എന്ന്, അവരുടെ കണ്മുൻപിൽ കൂടെ എന്റെ കുഞ്ഞിന്റെ കൈ പിടിച്ചു അഭിമാനത്തോടെ ജീവിക്കണം എന്ന്’

‘മോളെ… വരും നാല് തലമുറക്ക് ജീവിക്കാനുള്ളത് അച്ഛൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്, പക്ഷെ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഒരു അച്ഛനാവാൻ ആ പണത്തിന് ആവില്ല, അതിന് അപ്പു തന്നെ വേണം, ആ കുഞ്ഞിന്റെ ഓരോ വളർച്ചയിലും അപ്പുവിന്റെ സാന്നിധ്യം വേണം, നാളെ നേരം വെളുത്ത ഉടനെ നീ അപ്പുവിനെ വിളിക്ക്’

‘മ്മ്’

‘ന്നാ ന്റെ മോൾ ഇപ്പൊ ഉറങ്ങാൻ നോക്ക്’

അയാൾ കണ്ണ് തുടച്ചു.

‘താങ്ക്യു അച്ഛാ’

അവൾ അച്ഛനെ നെഞ്ചിൽ ചാഞ്ഞു.

‘എന്നാ അച്ഛന്റെ സുന്ദരിമോള് ഉറങ്ങാൻ ചെല്ല്, അമ്മയും ഇന്ന് മോളുടെ കൂടെ കിടന്നോട്ടെ’

അവൾ അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് അമ്മയോടൊപ്പം റൂമിലേക്ക്‌ നടന്നു.
കിടന്നിട്ട് എന്തോ അവൾക്ക് ഉറക്കം വന്നില്ല, മനസ്സ് നിറയെ അപ്പു ആയിരുന്നു. അവൾ ശബ്ദം ഉണ്ടാക്കാതെ എഴുനേറ്റു മൊബൈൽ തപ്പി എടുത്തു. അവിടുന്ന് പോന്ന ശേഷം ഫോൺ ഓഫ്‌ ചെയ്തിട്ടതായിരുന്നു, ഫോൺ ചാർജിൽ ഇട്ട് വൈഫൈ ഓൺ ചെയ്തു ഓരോന്ന് ചിന്തിച്ചു അവൾ കിടന്നു, ഫോൺ ഓണാക്കിയ ഉടനെ ഇമെയിൽ ചാകരയായിരുന്നു, കൂടുതലും അപ്പു അയച്ച മെസ്സേജുകൾ ആയിരുന്നു… അവൾ ഓരോന്നെടുത്ത് വായിച്ചു, അധികവും ക്ഷമാപണം ആയിരുന്നു…

‘മീര, സോറി.., ഐആം റിയലി സോറി, തെറ്റാണ് ഞാൻ ചെയ്തത് എന്നറിയാം, നീയില്ലാതെ എനിക്ക് പറ്റില്ല, നീ പോയശേഷം ഇന്ന് വരെ ഞാൻ സമാധാനമായി ഒന്ന് ഉറങ്ങിയിട്ട് പോലുമില്ല.., മോളെ നിനക്ക് മോനായി ഞാനും, എനിക്ക് മോളായി നീയും ഇല്ലേ നമ്മുക്ക് നമ്മൾ മതി വാവേ… ഒന്ന് ക്ഷമിക്കെടി എന്നോട്.., ഇനി ഒരിക്കലും ഞാൻ നിന്നെ ഹേർട് ചെയ്യില്ല പ്രോമിസ്സ്, സോറി സോറി സോറി’

ഈ മെസ്സേജ് വായിച്ചപ്പോൾ എന്തോ അപ്പു അരികിൽ ഉള്ളത് പോലെ തോന്നി, അവസാനമായി ഇന്നലെ ആണ് ആ മെസ്സേജ് അയച്ചിരിക്കുന്നത്. എന്തോ അപ്പുവിനെ കാണാൻ മനസ്സ് വല്ലാതെ തുടിക്കുന്നു, അവൾ ഫോൺ എടുത്തു സമയം നോക്കി 3ആവുന്നേ ഒള്ളൂ… അവൾ അമ്മയുടെ ഫോണിൽ നിന്നും അപ്പുവിനെ വിളിച്ചു. വിളിക്ക് കാത്തിരുന്ന പോലെ അവൻ ഫോൺ എടുത്തു.

‘അമ്മ എന്താ ഈ അസ്സമയത്’

അപ്പുവിന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചു നിന്നിരുന്നു. മീര എന്ത് പറയണം എന്നറിയാതെ നിന്നു

‘ഹലോ അമ്മേ..’

‘അമ്മയല്ല, മിസ്സിസ് ആനന്ദ് ആണ്’

കണ്ണ് നിറഞ്ഞെങ്കിലും മീരയുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു

‘മി, മീരാ, നീയോ’

അത്ഭുതവും, സന്തോഷവും അപ്പുവിന്റെ വാക്കിൽ നിറഞ്ഞു നിന്നിരുന്നു.

‘ഡി പൊട്ടിക്കാളി, എവിടെ ആയിരുന്നെടി നീ, ന്നെ ഇട്ടേച്ചു പോയതല്ലേ 9മാസം കഴിഞ്ഞു നിന്റെ ശബ്ദം കേട്ടിട്ട്.., ഒൻപത് വർഷം ആയപോലെയാ നിക്ക് തോന്നുന്നേ..’

‘നീ പോടാ മരങ്ങോടാ, ന്നെ വേണ്ടാന്ന് പറഞ്ഞതല്ലേ’

രണ്ട് പേരും സന്തോഷം കൊണ്ട് കരയുകയായിരുന്നു…

‘സോറി വാവേ…, റിയലി സോറി, ഡീ പെണ്ണെ നാളെ ഞാൻ അങ്ങ് വരും നിന്നെ കൊണ്ട് പോരാൻ ഇനിയും വയ്യ നീയില്ലാതെ…’

‘അയ്യെടാ, ഞാൻ വിളിച്ചത് നേര് തന്നെ, അതിനർത്ഥം ഞാൻ അങ്ങോട്ട്‌ വരും എന്നല്ല’

‘മീര നിനക്കു അമ്മയോട് ഇപ്പോഴും ദേഷ്യം ആവുമെന്നറിയാം, അമ്മയുടെ സ്വഭാവം നിനക്കറിയില്ലേ’

‘അത് ഒന്നുമല്ല കാര്യം’

‘പിന്നെ…
‘അതൊക്ക സർപ്രൈസ്, മോനിങ്ങോട്ട് രാവിലെ പോര് അപ്പൊ അറിയാം…’

‘എന്താണെന്ന് പറയെടി’

‘അയ്യോടാ…, പറയില്ല, രാവിലെ വന്നിട്ട് പറയാം, ഗുഡ്നൈറ്റ് കുട്ടിരാമ’

‘ഡീ… കുട്ടിക്കാളി ഞാൻ വന്നിട്ട് ശരിയാക്കി തരാട്ടോ നിന്നെ’

ഇത്രയും നാളത്തെ അകൽച്ച രണ്ട് പേരുടെയും കണ്ണുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു…
ഇച്ചിരി നേരം അവർക്കിടയിൽ മൗനം തളം കെട്ടി അതിനെ വിച്ഛേദിച്ചു അപ്പു പറഞ്ഞു

‘നാളെ നേരം വെളുത്ത ഉടനെ ഞാൻ അങ്ങ് വരാം നീ ഉറങ്ങിക്കോ’

‘മ്മ് ഗുഡ് നൈറ്റ്‌’

‘മ്മ്മ്…, ഗുഡ് നൈറ്റ്‌’

ഫോൺ കട്ട്‌ ആയപ്പോ രണ്ടുപേർക്കും ഒരു വിങ്ങൽ അനുഭവപ്പെട്ടു…
അപ്പു ഓരോന്ന് ഓർത്ത് കിടന്നു എപ്പോഴോ ഉറങ്ങി…
മീരയെ എന്തോ നിദ്രദേവി കടാക്ഷിച്ചില്ല… ഓരോന്നോർത് അവൾ കിടന്നു, മനസ്സ് എന്തോ അസ്വസ്ഥമാണ് നേരെ പൂജാമുറിയിലേക്ക് നടന്നു…

‘കൃഷ്ണാ.., ഈയുള്ളവളെ ഇനിയും പരീക്ഷിക്കല്ലേ… ഈ കുഞ്ഞിനെ എങ്കിലും ഞങ്ങൾക്ക് തരണേ കണ്ണാ…’

മിഴികൾ നിറഞ്ഞു കൊണ്ടേ ഇരുന്നു… വയറിനു വല്ലാത്ത അസ്വസ്ഥത തോന്നിയവൾക്ക്… ഇച്ചിരി നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു.., കൊളുത്തി വലിക്കുന്ന വേദന കാലുകൾ തളരുന്നു…,
അവൾ വയറ്റിൽ അമർത്തി, സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല അവൾക്ക് വേദന…

‘അമ്മേ….’

ആ നിലവിളി കേട്ട് കുമാരനും, ദേവയാനിയും ഓടി വന്നു, മീര വയറ്റിൽ അമർത്തി പിടിച്ചു നിലത്തിരിക്കുന്നു, രക്തം തളം കെട്ടി നിൽക്കുന്നു…

‘ദേവീ…’

ദേവയാനിയുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി..

‘അ, അമ്മേ….,’

മീര കെട്ടികിടക്കുന്ന ചോരയിലേക്കും, അമ്മയിലേക്കും മാറി നോക്കി അവളുടെ ബോധം പതിയെ മറഞ്ഞു…

‘ചേട്ടൻ വണ്ടി എടുക്കാൻ പറ’

‘ശരത്തെ…. കാർ എടുക്ക്’

മീരയെ താങ്ങി എടുത്ത് കുമാരൻ കാറിലേക്ക് പാഞ്ഞു കൂടെ ദേവയാനിയും…
ആ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറന്നു…
നിർത്താതെയുള്ള ഫോണിന്റെ റിംങ് കേട്ടാണ് അപ്പു ഉണർന്നത് ഫോണിൽ കുമാരന്റെ നമ്പർ കണ്ടപ്പോ ആദ്യം അവൻ സമയമാണ് നോക്കിയത് പുലർച്ചെ നാല് കഴിഞ്ഞിരിക്കുന്നു…
‘ഈ സമയത്ത് അച്ഛനെന്തിനാ വിളിക്കുന്നെ’
എന്ന് സ്വയം പറഞ്ഞവൻ ഫോൺ എടുത്തു., എടുത്ത ഉടനെ വിറപ്പൂണ്ട കുമാരന്റെ ശബ്ദമാണ് കാതിൽ പതിഞ്ഞത്..

‘മോനെ, പെ, പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ വാ’

‘എന്ത് പറ്റി അച്ഛാ…’

‘അത്, അപ്പു, മോളേം കൊണ്ട് ‘

അത് പറഞ്ഞു മുഴുമിക്കാൻ അവൻ സമ്മതിച്ചില്ല

‘മീരക്ക് എന്ത് പറ്റി’

‘അത്.. മോനെ..’

ഒന്നും പറയാൻ സാധിക്കാതെ കുമാരന്റെ കരച്ചിലാണ് അപ്പുവിന്റെ കാതിൽ എത്തിയത്… അവന് കൈകൾ കുഴയും പോലെ തോന്നി

‘ഞാ.., ഞാനിപ്പോ വരാം’

ഫോൺ കട്ട്‌ ആക്കിയപ്പോൾ അപ്പുവിന്റെ അധരങ്ങൾ വിറപ്പൂണ്ടിരുന്നു…

‘ഇല്ല, അവൾക്കൊന്നും സംഭവിച്ചു കാണില്ല’

അവൻ സ്വയം എന്നോണം പറഞ്ഞു.

‘അച്ഛാ….’

‘എന്താ മോനെ ഈ സമയത്ത്,നീ എന്താ കരയുവാണോ’

‘അത് അച്ഛാ, അച്ഛൻ വണ്ടിയെടുക്ക്, മീരയ്ക്ക്, ന്തോ’

അവൻ കരഞ്ഞു തുടങ്ങിയിരുന്നു.

‘കരച്ചിൽ നിർത്തി കാര്യം പറ, എന്താ അവൾക്ക് പറ്റിയെ’

സുഭദ്ര മോനെ പിടിച്ചു ചോദിച്ചു.
അവൻ അമ്മയുടെ മാറിലേക്ക് ചാഞ്ഞു

‘അറിയില്ല അമ്മേ… അവൾ സിറ്റി ഹോസ്പിറ്റലിൽ ആണ്, അച്ഛൻ വിളിച്ചു പറഞ്ഞതാ, ക കരഞ്ഞോണ്ടാ അച്ഛൻ പറഞ്ഞെ…’

ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ സുഭദ്രയുടെ മാറിൽ തലവെച്ചു കരഞ്ഞു.

‘ഇല്ല മോനെ, അവൾക്ക് ഒന്നുമുണ്ടാവില്ല, നമ്മുക്ക് അങ്ങോട്ട്‌ പോവാം,ഏട്ടൻ വേം പോയി കാറെടുക്ക്’

ദേവിയുടെ വിഗ്രഹത്തിനു മുമ്പിൽ വിളക്ക് കത്തിച്ചു സുഭദ്ര ആദ്യമായി മരുമകൾക്ക് വേണ്ടി പ്രാർത്ഥിച്ചു

‘ദേവീ… മീരയ്ക്ക് ഒന്നും വരുത്തല്ലേ…, ന്റെ കുട്ടികളെ നീ പിരിക്കല്ലേ’

‘മീരയുടെ റിലേറ്റീസ് ആരാ ഉള്ളെ..?’

ഓപ്പറേഷൻ തിയേറ്ററിന്റെ കതക് തുറന്ന് സിസ്റ്റർ വന്നു..

‘എന്താ സിസ്റ്റർ’

‘നിങ്ങൾ ആരാ..?’

‘അച്ഛനാണ്’

‘ഈ പേപ്പറിൽ ഒന്ന് ഒപ്പിടണം,മീരയുടെ ഹസ്ബൻഡ് വന്നിട്ടില്ലേ’

‘അവരിപ്പോ വരും’

‘ഇതൊന്ന് സൈൻ ചെയ്യണം, നിങ്ങൾ ചെയ്തോള്ളൂ’

കുമാരൻ ആ പേപ്പർ എടുത്ത് വായിച്ചു നോക്കി. ഒപ്പിടാൻ എന്തോ കൈകൾ വിറക്കുന്നു… എല്ലാ ദൈവങ്ങളെയും ആ ഒരു നിമിഷം കുമാരൻ വിളിച്ചു ഒപ്പിടാൻ നിന്നു.

‘അച്ഛാ..’

ആ വിളികേട്ട ഭാഗത്തേക്ക് കുമാരൻ നോക്കി അപ്പുവും, സുഭദ്രയും, കണാരനും..

‘അച്ഛാ, മീരക്ക് ന്താ പറ്റിയെ’

‘മോനെ അത്’

‘നിങ്ങൾ അതൊന്ന് വേഗം സൈൻ ചെയ്തു തരണം, അർജന്റ് ആണ്’

‘മോനിതിൽ ഒന്ന് ഒപ്പിട്ട് കൊടുക്ക്’

‘ഇത് എന്താ’

അപ്പു ആ ചോദിച്ചത് സിസ്റ്ററോടായിരുന്നു

‘മീരക്ക് സിസേറിയൻ വേണം, ഈ കണ്ടീഷനിൽ വെച്ചോണ്ടിരിക്കാൻ പറ്റില്ല,സമയം വൈകുംതോറും അമ്മയ്ക്കും, കുഞ്ഞിനും അത് കേടാണ്’

തലക്കൊരു അടികിട്ടിയത് പോലെയാണ് അപ്പുവിന് തോന്നിയത്, അവന്റെ അച്ഛനും അമ്മയും ആകെ തരിച്ചു നിൽക്കുക ആയിരുന്നു..
അവൻ അതിൽ ഒപ്പിട്ട് കൊടുത്തു..

‘അച്ഛാ, എന്താ സിസ്റ്റർ പറഞ്ഞെ..’

‘അതെ മോനെ മീര പ്രെഗ്നന്റ് ആണ്, ഈ വരുന്ന സൺ‌ഡേ ആണ് ഡേറ്റ് പറഞ്ഞിരുന്നേ… പക്ഷെ ഇപ്പൊ പെട്ടന്ന് ബ്ലീഡിങ് വന്നു’

അപ്പുവിന് അത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

‘അവൾ മനപ്പൂർവം പറയാണ്ടിരുന്നതാ’

കുമാരൻ അന്ന് നടന്നെതെല്ലാം അപ്പുവിനോട് പറഞ്ഞു.
സമയം നീങ്ങികൊണ്ടിരുന്നു… ഓപ്പറേഷൻ തിയേറ്ററിന്റെ കതക് തുറന്ന് സിസ്റ്റർ വന്നു,അപ്പു ഓടിച്ചെന്നു

‘സിസ്റ്റർ മീരക്ക്’

‘പറയാനായിട്ടില്ല, ക്രിറ്റിക്കൽ ആണ്, രണ്ട് പേരെയും കിട്ടുന്നത് വളരെ റിസ്ക് ആണ്, പ്രാർത്ഥിച്ചോള്ളൂ’

എല്ലാരും കണ്ണീരും പ്രാർത്ഥനയുമായി അവിടെ നിന്നു.

‘ദേവീ.., എന്റെ മീരയെ നീ എന്നിൽ നിന്നും തട്ടിയെടുക്കരുതേ…’

അപ്പു മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു… സമയം പോയ്കൊണ്ടും…

മീര ആയാസപ്പെട്ട് കണ്ണ് തുറന്നു, തലയ്ക്കു വല്ലാത്ത കനം അനുഭവപ്പെട്ടു അവൾക്ക്… തനിക്കെന്ത് സംഭവിച്ചു എന്ന് ഒരു നിമിഷം അവൾക്ക് ഓർമ കിട്ടിയില്ല. എല്ലാം ഓർത്തെടുത്തപ്പോൾ അവളുടെ കൈ നേരെ പോയത് വയറിലേക്കാണ്…

‘എന്റെ കുഞ്ഞ്’

അവൾ സ്വയം പറഞ്ഞു. ഇല്ല കുഞ്ഞു വയറ്റിലില്ല.
അവൾ ചുറ്റും നോക്കി,

‘സിസ്റ്റർ എന്റെ കുഞ്ഞ്’

എഴുന്നേറ്റിരിക്കാൻ നോക്കിയ മീരയെ സിസ്റ്റർ പിടിച്ചു കിടത്തി. അപ്പോഴേക്കും ഡോക്ടർ അങ്ങോട്ട്‌ വന്നു.

‘ഡോക്ടർ എന്റെ കുഞ്ഞ്’

അവളിൽ വല്ലാത്ത വെപ്രാളം ഡോക്ടർ കണ്ടു…

‘റിലാക്സ് മീര, കുഞ്ഞ് അവിടെ ഉണ്ട്, മീര ടെൻഷൻ ആവേണ്ട, മീരയെ ഇപ്പൊ റൂമിലേക്ക്‌ മാറ്റും’

ഡോക്ടറുടെ ആ വാക്കുകൾ കേട്ടിട്ടും മീരക്ക് ഒട്ടും സമാധാനം തോന്നിയില്ല… അവളുടെ മനസ്സിനെ പഴയ ഓർമ്മകൾ അസ്വസ്ഥമാക്കി… കുഞ്ഞ് നുകരാൻ കൊതിച്ച മാറിടം, ഒലിച്ചിറങ്ങുന്ന പാല്, അസഹ്യമായ നോവ്… അവൾ വല്ലാതെ കിതച്ചു, കണ്ണുകൾ നിറയുന്നു,

‘ദേവി എന്റെ കുഞ്ഞ്..’

ഉടനെ തന്നെ മീരയെ റൂമിലേക്ക്‌ മാറ്റി,..
കട്ടിലിൽ അവൾ ചാരി ഇരുന്നു… അവൾ കുഞ്ഞിനെ തിരയുകയായിരുന്നു…

‘മീരാ…’

അപ്പുവിന്റെ വിളി കേട്ടിടത്തേക്ക് അവൾ നോക്കി…
വെള്ള ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് അതിശയം തോന്നി. അപ്പു അവൾക്കരികിൽ ഇരുന്നു.

‘മീര, നമ്മുടെ കുഞ്ഞ്, ദേ.., നോക്ക്, ദൈവം കനിഞ്ഞു നൽകിയ നമ്മുടെ പൊന്നുമോൾ’

എല്ലാവരുടെ കണ്ണിലും സന്തോഷത്തിൻ മിഴിനീർ നിറഞ്ഞു നിന്നു…
വിറപ്പൂണ്ട കരങ്ങളാൽ അവൾ കുഞ്ഞിനെ വാങ്ങി മാറോട് ചേർത്തു…. ഒരമ്മയുടെ മുഴുവൻ വാത്സല്യവും ചൊരിഞ്ഞു കൊണ്ട്….

-നസ്ര-

LEAVE A REPLY

Please enter your comment!
Please enter your name here