Home Article കുട്ടികളെ കേള്‍ക്കാം…..അറിയാം……വഴി നടത്താം………..

കുട്ടികളെ കേള്‍ക്കാം…..അറിയാം……വഴി നടത്താം………..

0

കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കുട്ടികള്‍ ശാരീരികവും മാനസികവുമായി ചൂഷണത്തിനിരയാകുന്ന സംഭവങ്ങളില്‍ വളരെ കുറച്ചുമാത്രമാണ് പുറത്തുവരുന്നത്. പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും ഓര്‍ത്ത് പലപ്പോഴും പുറത്തുപറയാറില്ല. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികള്‍ കൂടുതലും പരിചയക്കാരോ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. ചൂഷണത്തിന് ഇരയാകുന്ന 14 വയസ്‌സിനു താഴെയുള്ള കുട്ടികള്‍ക്ക്, അവര്‍ നേരിടേണ്ടിവന്ന സംഭവിച്ചതിന്റെ ഗൗരവം എത്രത്തോളമാണെന്ന് മനസ്‌സിലാവണമെന്നില്ല.

ലക്ഷണങ്ങള്‍

* ചൂഷണത്തിനിരയാകുന്ന കുട്ടികളെ പെട്ടെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കാരണം ചില കുട്ടികള്‍ ചൂഷണത്തെപ്പറ്റി പുറത്തുപറയാന്‍ മടി കാണിക്കും. പറഞ്ഞാല്‍ രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത ഇവര്‍ക്കുണ്ടാവും. അതുകൊണ്ടുതന്നെ, ചൂഷണങ്ങളില്‍ പലതും പുറത്തറിയാതെ പോകും. ഇതുഭാവിയില്‍ കുഞ്ഞുങ്ങളില്‍ പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയേക്കാം.

* ചിലപ്പോള്‍ കുട്ടികള്‍ നേരിട്ടുപറയുന്നതിനു പകരം ആംഗ്യങ്ങളിലൂടെയാകും പ്രകടിപ്പിക്കുക. അതുകൊണ്ടുതന്നെ കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ രക്ഷിതാക്കള്‍തയ്യാറാകണം.

* ചൂഷണത്തിനിരയാകുന്ന കുട്ടികളില്‍ പ്രധാനമായും കാണപ്പെടുന്ന ലക്ഷണം വിഷാദമാണ്. അമിതമായ ഉത്കണ്ഠ, അകാരണമായ ഭയം എന്നിവയും ഇവരില്‍ കാണപ്പെടാറുണ്ട്.

* പരിചയമുള്ളവരോടു പോലും ഇടപഴകാന്‍ ഇവര്‍ മടി കാണിക്കും. അപരിചിതരോട് സംസാരിക്കാനോ ഇടപഴകാനോ ഇവര്‍ തയ്യാറാകില്ല. മറ്റുള്ളവരില്‍ നിന്നകന്ന് ഒറ്റപ്പെട്ട് നില്‍ക്കാനായിരിക്കും ഇവര്‍ക്കുതാല്‍പര്യം.

* പഠനത്തോടു വിമുഖത ഇവര്‍ക്കുണ്ടാവും. മാത്രമല്ല, കൂട്ടുകാര്‍ക്കൊപ്പം കളിക്കുക, പഠനത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നിവയോടും ഇവര്‍ വിമുഖത കാട്ടും.

പലതവണ പറയേണ്ടി വരുമ്പോള്‍

ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടി ഇതിനെക്കുറിച്ച് പല തവണ പലരോട് പറയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കാരണം തനിക്കെന്തോ സംഭവിച്ചു എന്ന തോന്നല്‍
കുട്ടികളില്‍ ഉണ്ടാകാന്‍ മാത്രമേ ഈ ചോദ്യം ചെയ്യലുകള്‍ ഉപകരിക്കുകയുള്ളൂ. സംഭവിച്ചതിനെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നതിനു പകരം അതില്‍ നിന്നും അങ്ങനെ കുഞ്ഞുങ്ങളെ മുക്തരാക്കാം എന്നതാകണം ലക്ഷ്യം.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

ചൂഷണത്തിനോ അതിക്രമങ്ങള്‍ക്കോ ഇരയാകേണ്ടി വരുന്ന കുട്ടികളെ അതിനുശേഷം കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. ഇനി എന്ത് എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്.
കുഞ്ഞുങ്ങളെ നന്നായി വീക്ഷിക്കുക. അവരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളില്‍ പോലും ശ്രദ്ധ വേണം. സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ ആശ്വസിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. “നീ എന്തിനാ അവിടെ പോയത്, നിനക്ക് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നില്ലേ” എന്നൊക്കെയുള്ള ചോദ്യങ്ങളിലൂടെ കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. പകരം അത് നിന്റെ തെറ്റല്ല, നിന്നോട് തെറ്റ് ചെയ്തവരുടെ പ്രശ്‌നമാണ് എന്ന് കുഞ്ഞു മനസ്‌സിനെ ബോധ്യപ്പെടുത്തണം. നിനക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നല്‍കുക.

അനാവശ്യമായ ഓരോ ചോദ്യങ്ങളും കുഞ്ഞു മനസ്‌സിനെ ബാധിക്കും. കുട്ടികളെ തിരികെ കൊണ്ടുവരാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. അതിന് അയല്‍ക്കാരുടെയും അധ്യാപകരുടെയും സഹായം തേടാം. അതുവരെ നിങ്ങള്‍ എങ്ങനെയാണോ കുട്ടിയോട് പെരുമാറിയിരുന്നത് അതു പോലെ തന്നെ ശേഷവും പെരുമാറുക. പഠനത്തിനഉ പുറമെ കുട്ടികള്‍ക്കുള്ള കഴിവുകള്‍ (സംഗീതം, പെയിന്റിംഗ്, സ്‌പോര്‍ട്‌സ്, നൃത്തം) എന്നിവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.

സാധാരണ ജീവിതത്തിലേക്കു കൈപിടിച്ചുനടത്താം

* കുട്ടികള്‍ക്കു ശക്തി നല്‍കേണ്ടത് രക്ഷിതാക്കളാണ്. കുട്ടിക്കുണ്ടായ പ്രശ്‌നം രക്ഷിതാക്കളില്‍ ദേഷ്യത്തിനും സങ്കടത്തിനും മാനസികമായി തകരുന്നതിനും ഇടയാക്കിയേക്കാം. എന്നാല്‍
ഓന്നോര്‍ക്കുക, ആ സാഹചര്യത്തില്‍ നിന്നും കുട്ടിയെ തിരികെ കൊണ്ടു വരേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

* ലൈംഗിക ചൂഷണത്തിന് ഇരയായി എന്നാണ് കുട്ടി പറയുന്നതെങ്കില്‍ അക്കാര്യം കുറച്ചുകൂടി ഗൗരവമായി എടുക്കണം.

* കുഞ്ഞുങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കണം. അവര്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കണം.

* കുട്ടികളോട് ദേഷ്യം കാണിക്കരുത്. അത് പലതും തുറന്നു പറയുന്നതില്‍ നിന്നും അവരെ വിലക്കിയേക്കാം.

* ഒരുതരത്തിലുള്ള അകല്‍ച്ചയും കുട്ടിയോട് പ്രകടിപ്പിക്കരുത്. കുട്ടിക്ക് ആവശ്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കണം. കുട്ടിയെ ഒരു ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെമാനസികമായി ശക്തമാക്കാനും തയ്യാറാകണം.

* കുട്ടികള്‍ക്ക് ആവശ്യത്തിനു ധൈര്യവും ശ്രദ്ധയും നല്‍കാതെ സംഭവം മറച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ കുട്ടികള്‍ എരിഞ്ഞടങ്ങുകയാണ് ചെയ്യുന്നത്. ദിവസം കഴിയുന്തോറും കുട്ടികള്‍ തന്നിലേയ്ക്ക് തന്നെ ഉള്‍വലിയാന്‍ തുടങ്ങും. ഭാവി ജീവിതത്തില്‍ മുഴുവന്‍ ഈ സംഭവം അവളെ/അവനെ വേട്ടയാടിക്കൊണ്ടിരിക്കും.

* നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചതില്‍ നിന്നും ഒരിക്കലും മോചനം ഉണ്ടാകില്ലായെന്ന ചിന്ത അനാവശ്യമാണ്. കാരണം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ഗൈഡന്‍സും സപ്പോര്‍ട്ടും നല്‍കിയാല്‍ കുട്ടികളെ ജിവിതത്തിലേയ്ക്കു മടക്കിക്കൊണ്ടു വരാന്‍ എളുപ്പത്തില്‍ സാധിക്കും.

* തെറ്റു ചെയ്തവരോട് ദേഷ്യം തോന്നുന്നത് രക്ഷിതാക്കള്‍ എന്ന നിലയില്‍ സ്വാഭാവികമാണ്. സാഹചര്യത്തെ വൈകാരികമായി സമീപിക്കരുത്. ഇത് ഒരു വലിയ സംഭവമാണെന്ന മട്ടില്‍
പ്രതികരിക്കുകയും ചെയ്യരുത്.

Space to talk 

പണ്ടുകാലത്ത് മുത്തച്ഛനോ മുത്തശ്ശിയോ കുട്ടികള്‍ക്ക് സ്വസ്ഥമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇന്ന് അതില്ല. കുട്ടികള്‍ക്ക് എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം വീടുകളില്‍ ഉണ്ടാകണം. ദിവസവും അല്പ സമയം അവര്‍ക്കായി മാറ്റിവയ്ക്കണം. സ്‌കൂളിലെയും വീട്ടിലെയും വിശേഷങ്ങള്‍ ചോദിച്ചറിയണം. അമ്മയും അച്ഛനും കേള്‍ക്കാന്‍ തയ്യാറാകുമെന്ന വിശ്വാസം ഉണ്ടായാല്‍ കുഞ്ഞുങ്ങള്‍ ഉറപ്പായും തുറന്നു സംസാരിക്കാന്‍ തയ്യാറാകും.

Maximum care

കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കുമ്പോഴും നിയന്ത്രണങ്ങള്‍ ഉണ്ടാകണം. അയല്‍ക്കാരായാലും ബന്ധുക്കളായാലും കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാകണം.

Good touch or bad touch 

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയാലും തന്റെ ശരീരത്തില്‍ ഒരാള്‍ തൊടുമ്പോള്‍ അത് നല്ല ഉദ്ദേശത്തോടെയാണോ ദുരുദ്ദേശമുണ്ടോയെന്നു തിരിച്ചറിയാന്‍ കുട്ടിയെ ബോധവത്കരിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സിന്ധു അജിത്ത്
കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്

 

LEAVE A REPLY

Please enter your comment!
Please enter your name here