Home ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ആ സന്തോഷത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് മനസിലായത്…

ആ സന്തോഷത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് മനസിലായത്…

0

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

ചെറുപ്പത്തിലേ അച്ഛൻ പോയതിനാൽ ഏട്ടനായിരുന്നു എനിക്കെല്ലാം..

ഏട്ടന്റെ കൈ പിടിച്ചേ സ്കൂളിൽ പോയിരുന്നുള്ളു . ഏട്ടന്റെ കൂടെയിരുന്നേ ഉച്ചക്ക് കഴിക്കുള്ളു…

ഒരു മിട്ടായി കിട്ടിയാൽ പോലും ഏട്ടൻ കഴിക്കാതെ എനിക്കാണ് കൊണ്ടുവന്നു തരും.

അത്രക്കും ജീവനായിരുന്നു ഈ അനിയത്തികുട്ടിയെ ഏട്ടന്.

വീട്ടിലാണെങ്കിലും എന്റെ കൂടെ തന്നെയാവും.. ഏട്ടൻ എന്നെക്കാളും ഒരുപാടു വയസിനു മൂപ്പുള്ളതാണെങ്കിലും.. എന്റെ കുട്ടികളിക്കു കൂടെ നിന്നു. എന്റെ പിടിവാശികൾക്കു മുന്നിൽ തോറ്റുതന്നു . എന്റെ കുറുമ്പുകളെ ചിരിച്ചുതള്ളി..

എന്താ പറയാ ഞാൻ എന്റെ ഏട്ടനെ പറ്റി.. നടേലകത്തു ഏട്ടനോട് സംസാരിച്ചു സംസാരിച്ചു ഏട്ടന്റെ കൈ തണ്ടയിൽ കിടന്നു ഉറങ്ങുമ്പോഴേ എന്റെ ഓരോ ദിവസങ്ങളും അവസാനിച്ചിരുന്നുള്ളു…

വീട്ടിലെ പ്രാരാബ്ദം വിസയായി വന്നപ്പോൾ ഏട്ടൻ വിമാനം കേറി പോയി. എന്നെ ഒരുപാടു കരയിപ്പിച്ചുകൊണ്ടു.

ഏകാന്തത എന്നൊരു അവസ്ഥ ഉണ്ടെന്നു അന്നാണ് എനിക്കു മനസിലായത്.

പതിയെ പതിയെ അതിനോട് പൊരുത്തപ്പെട്ടു. എന്നാലും വിളിക്കും ഒഴിവു കിട്ടുമ്പോഴൊക്കെ വിളിക്കും.

വീട്ടിലെ കോഴിടേം.. പട്ടികുട്ടിയുടെയും കഥകളെ എനിക്കു പറയാൻ ഉണ്ടാവുള്ളു അതു മുഴുവൻ കേൾക്കും.

അമ്മക്കെപ്പോഴും പരാതിയായിരുന്നു.. അമ്മയോട് രണ്ടക്ഷരം മിണ്ടാൻ അവനു നേരമില്ല. എപ്പോഴും അനിയത്തികുട്ടി മാത്രം മതിയെന്ന്..

മൂന്നാലു വർഷം കൊണ്ടു ഏട്ടൻ വീടൊക്കെ പുതുക്കി പണിതു. മുറ്റത്തു പുതിയ കാർ വന്നു.

ജീവിതരീതി ഉയർന്നന്നെങ്കിലും ഏട്ടൻ എന്റടുത്തു പഴയപോലെ തന്നെ ആയിരുന്നു.

അങ്ങിനെ ഇരിക്കുമ്പോഴാണ് . അമ്മാവൻ ഏട്ടന് ഒരു ആലോചനയും കൊണ്ടു വന്നത്. ജാതകചേർച്ചയൊക്കെ നല്ലോണം ഉണ്ട്. പെണ്ണിനെ കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടായി.. അങ്ങിനെ കല്യാണം ഭംഗിയായി നടന്നു.. മുറ്റത്തു വലിയൊരു പന്തലൊക്കെ ഇട്ടു.

ഒരുപാടു നാളുകൾക്കു ശേഷമുള്ള കല്യാണം.. സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ ദിവസം. ഏട്ടന്റെ കല്യാണം.

ആ സന്തോഷത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല എന്ന് പിന്നീടാണ് മനസിലായത്.

പതിയെ പതിയെ ഏട്ടൻ മാറി… വീട്ടിൽ ഉണ്ടെങ്കിലും.. സംസാരം വളരെ കുറഞ്ഞു . ഞാനുമായി കളിചിരി കുറഞ്ഞു.. എപ്പോഴും തമാശ പറയുന്ന ഏട്ടൻ മൗനിയായി..

നേരത്തെ പറഞ്ഞ ഏകാന്തതക്കു ഇത്രക്കും ഭീകരത ഉണ്ടെന്നു മനസിലായത് ഏട്ടന്റെ അവഗണനയിൽ ആയിരുന്നു .

കാരണങ്ങൾ എനിക്കു അറിയില്ലായിരുന്നു. എല്ലാത്തിൽ നിന്നും ഒരു ഒഴിഞ്ഞുമാറ്റം.. ഒരു പക്ഷേ ചേച്ചിയുടെ സ്വാർത്ഥമായ സ്നേഹത്തിന്റെ മുൻപിൽ ഏട്ടൻ………

ലീവ് കഴിഞ്ഞുപോവുമ്പോൾ ഏട്ടൻ ചേച്ചിയെ കൂടി കൊണ്ടുപോയി..

എല്ലാ പ്രാവശ്യവും പോവുമ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്ന ഏട്ടൻ ഈ പ്രാവശ്യം പോയിട്ട് വരാം എന്ന് മാത്രം പറഞ്ഞപ്പോൾ… ഈ നിമിഷംകൊണ്ട് മരിച്ചുപോയെങ്കിൽ എന്ന് വരെ തോന്നിയിട്ടുണ്ട് എനിക്കു.

അമ്മ വിളമ്പിവെച്ച ചോറില് എത്ര കണ്ണീരു വീണിട്ടുണ്ടെന്നു എനിക്കറിയില്ല…

തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർത്ത രാത്രികളുടെ കണക്കും എനിക്കറിയില്ല…

ഒന്നുമാത്രം എനിക്കറിയായിരുന്നുള്ളു.. ഏട്ടനായിരുന്നു എന്റെ ലോകം..

എന്റെ വെക്കേഷൻ നോക്കി ലീവ് എടുക്കാറുള്ളൂ ഏട്ടൻ. നീയില്ലെങ്കിൽ വീട്ടിൽ ഇരിക്കാൻ തോന്നില്ല എന്ന് പറയുന്ന ഏട്ടൻ ഇപ്പോൾ ഇടക്കൊക്കെ അല്ല വല്ലപ്പോഴും ഒരു കാൾ… അളന്നു മുറിച്ച വാക്കുകൾ…

ആളുകൾക്ക് ഇങ്ങനെ മാറാൻ കഴിയോ? എന്ന് എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.

ഒരിക്കൽ കൂടിയെങ്കിലും ഏട്ടന്റെ കൂടെ ഉത്സവപറമ്പിൽ പോവാൻ.. ഏട്ടന്റെ കൈ കൊണ്ടു വാങ്ങി തരുന്ന കുപ്പിവളകൾ അണിയാൻ

ഏട്ടന്റെ കൂടെ ബൈക്കില് ഒന്നു ക്ലാസ്സിൽ
പോവാൻ

പിറന്നാളിന് ഏട്ടൻ വാങ്ങിതരുന്ന ഡ്രസ്സിട്ട്.. ഏട്ടൻ വാങ്ങിതന്നതാ എന്നൊന്നു പറയാൻ

ഏട്ടന്റെ തമാശകൾ കേട്ടു ആ കൈ തണ്ടയിൽ കിടന്നൊന്നുറങ്ങാൻ…

ചുമ്മാ ആഗ്രഹിച്ചുപോവാണ്.. ഇനി നടക്കില്ല എന്നറിയാമെങ്കിലും…

എന്നോടിപ്പോ മിണ്ടാറില്ലെങ്കിലും എനിക്കു ജീവനാണ്.. ഒന്നു പനിപിടിച്ചു എന്നുകേട്ടാൽ ഇപ്പോഴും നെഞ്ചുപിടയും…

ഒരുപക്ഷെ ഏട്ടനും അങ്ങിനെയൊക്കെ ആവും അല്ലേ… ആവും. ആയിരിക്കും എന്റെ ഏട്ടനല്ലേ….

പ്രകടമാകാത്ത സ്നേഹം എന്നും. എപ്പോഴും വേദനകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ..

സ്നേഹപൂർവ്വം
ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here