Home Latest ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേരുമ്പോൾ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന്‌ പറയുന്നത് പോലെ..

ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേരുമ്പോൾ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന്‌ പറയുന്നത് പോലെ..

0

രചന : Sreejith

ഞാൻ ഈ കല്ലുള്ള റേഷൻ അരി തിന്നാൻ അല്ല നിങ്ങൾക്കൊക്കെ മാസ മാസം ശമ്പളം തരുന്നതെന്നു പറഞ്ഞു മുന്നിലിരുന്ന ആഹാരവും കറികളും ലെച്ചു തട്ടി കളയുന്നത് കണ്ടു കൊണ്ടാണ് ഞാൻ അങ്ങോട്ട് കേറി ചെല്ലുന്നത്…

ഞാൻ അത് കണ്ടുവെന്ന് ലെച്ചുവിന് മനസ്സിലായെങ്കിലും അവളുടെ മുഖത്തു യാതൊരു ഭാവ വ്യത്യസവും ഉണ്ടാകാതിരുന്നത് എന്നേ ഒരുപാട് വേദനിപ്പിച്ചു…

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മോനെ ഇതൊന്നും മോൾക്ക് ഇഷ്ട്ടാവില്ല എന്ന്‌ ജോലിക്കാരി നാരായണേടത്തി അല്പം സങ്കടം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു നിർത്തിയപ്പോൾ…ഉള്ളിലുള്ള സങ്കടം മുഖത്തു കാണിക്കാതെ ഞാൻ അവരെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്…

ഒടുവിൽ ലെച്ചുവിന് കൊടുക്കാൻ കൊണ്ട് വന്ന പാൽ പായസം ആരും കാണാതെ പുറത്തു കൊണ്ട് പോയി കളഞ്ഞിട്ട്…ചോറും കറികളും ലെച്ചുവിന് ഒരുപാട് ഇഷ്ട്ടായി…പാൽ പായസം ഉഗ്രനായി എന്ന്‌ ഞാൻ അമ്മയോട് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോഴും ദയനീയ ഭാവത്തിൽ അമ്മ എന്നേ നോക്കുകയാണ് ചെയ്തത്…

എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും…എന്തൊക്കെ കള്ളത്തരം പറഞ്ഞാലും അമ്മമാർ അത് എളുപ്പം കണ്ടു പിടിക്കും എന്ന്‌ പറയുന്നത് പോലെ…അവിടെ നടന്ന കാര്യങ്ങൾ എന്റെ മുഖത്തു നിന്നും അമ്മ ഏകദേശം വായിച്ചെടുത്തു എന്നതാണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന്‌ എനിക്ക് മനസ്സിലായിരുന്നു…

സാരമില്ല അമ്മേ…പോട്ടെ എന്ന്‌ ഞാൻ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി പറഞ്ഞപ്പോഴും…തിരിച്ചു ഒരു വാക്ക് പോലും പറയാതെ കണ്ണ് നിറഞ്ഞു കൊണ്ട് അമ്മ പോയത് കണ്ടപ്പോൾ ഒരു നിമിഷം എന്റെ ചങ്ക് തകർത്തു പോയിരുന്നു..

ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു എന്റെ അച്ഛനും…ലെച്ചുവിന്റെ പപ്പയും…

2 കുടുംബങ്ങൾ ആണെങ്കിലും..ഒരു കുടുംബത്തോടെയും ഒരേ മനസ്സോടെയും ആണ് ഞങ്ങൾ ജീവിച്ചിരുന്നതും…

എനിക്ക് ഓർമ്മ വെച്ച നാൾ മുതലേ ഒരു വാല് പോലെ ലെച്ചുവും എപ്പോഴും എന്റെ പുറകെ തന്നെ ഉണ്ടാകുമായിരുന്നു…

ബല്യകാലത്തിൽ നിന്നും കൗമാര പ്രായത്തിലേക്ക് ഞങ്ങൾ വളർന്നപ്പോഴും ഒരിക്കലും പിരിയാൻ പറ്റാത്ത വണ്ണം ഞങ്ങൾ അടുത്ത് പോയിരുന്നു..

എന്നും സ്കൂളിൽ പോകുന്ന വഴി അപ്പുണ്ണി നായരുടെ കടയിലെ ഉപ്പിലിട്ട നെല്ലിക്ക മേടിച്ചു തരാൻ പറഞ്ഞു വാശി പിടിക്കാനും.. വൈകുന്നേര സമയങ്ങളിൽ അമ്മ ഉണ്ടാക്കുന്ന നല്ല ചൂട് പഴം പൊരിക്കും.. പരിപ്പ് വടയ്ക്കും വേണ്ടി തല്ലു കൂടാനും ഒരു നിഴൽ പോലെ എപ്പോഴും ലെച്ചു എന്റെ കൂടെ ഉണ്ടായിരുന്നു…

ഒടുവിൽ കോളേജിൽ പോകാൻ വേണ്ടി അച്ഛൻ എനിക്ക് മേടിച്ചു തന്ന സെക്കനാന്റു ബൈക്കിന്റെ പുറകിൽ ഇരുന്നു മടുക്കുവോളം ആ ചെറിയ ലോകത്തെ വലിയ കാഴ്ചകൾ കണ്ടു കറങ്ങി നടക്കാൻ ലെച്ചുവും ഒപ്പം ഉണ്ടായിരുന്നു…

അച്ഛന്റെ പെട്ടെന്നുള്ള മരണത്തിൽ തളർന്നു പോയ എന്നെയും അമ്മയെയും…ആശ്വാസ വാക്കുകൾ കൊണ്ട് പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതും ലെച്ചു മാത്രമായിയിരുന്നു..

ചെയ്ത ബിസിനസ് എല്ലാം വിജയിച്ചതോടെ കണ്ണടച്ച് തുറക്കുന്നതിനേക്കാൾ വേഗത്തിൽ ആയിരുന്നു ലെച്ചുവിന്റെ കുടുംബത്തിന്റെ വളർച്ച…

ഞങ്ങളുടെ വീടിനോടു ചേർന്നുള്ള അവരുടെ പഴയ ഓടിട്ട വീട് പൊളിച്ചു മാറ്റി കൂറ്റൻ മണിമാളിക അവർ പണിതപ്പോഴും അവരുടെ വളർച്ചയിൽ അവരെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞാനും അമ്മയുമായിരുന്നു..

ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേരുമ്പോൾ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന്‌ പറയുന്നത് പോലെ..ഞങ്ങളുടെ വീടിന്റെ പൊക്കത്തിനേക്കാൾ കൂടുതൽ നാല് ഭാഗത്തും അവർ മതിലുകൾ കെട്ടി ഉയർത്തി…

ഇവരെന്താ മോനെ ഇങ്ങനെ തുടങ്ങുന്നത് എന്ന്‌ ആശ്ചര്യ ഭാവത്തിൽ അമ്മ ചോദിച്ചപ്പോഴും…ആ മതില് വന്നതോട് കൂടിയാ അവരുടെ വീടിനു ഒരു ഭംഗി ആയത് എന്ന്‌ പറഞ്ഞു ഞാൻ ആ വിഷയം അവസാനിപ്പിക്കുകയാണ് ചെയ്തത്…

സ്വന്തം വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ വീട്ടിൽ വന്നിരുന്ന ലെച്ചുവിനെ പിന്നീട്..ഇങ്ങോട്ടൊന്നും കാണുന്നത് കൂടിയില്ലല്ലോ എന്ന്‌ അമ്മ പരിഭവം പറയുമ്പോഴും…അവൾ ഇപ്പൊ അമ്മയുടെ ആ പഴയ കുറുമ്പി പെണ്ണൊന്നും അല്ല…ബിസിനസ് ഒക്കെ നോക്കി നടത്താൻ അവളും കൂടി അച്ഛനെ സഹായിക്കണ്ടേ..അതിന്റെ തിരക്കിൽ ആയിരിക്കും എന്ന്‌ അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞപ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു ലെച്ചു ആളാകെ മാറി പോയെന്നു…

ഒടുവിൽ ലക്ഷങ്ങൾ വില മതിക്കുന്ന കാറിൽ കൂട്ടുകാരികളോടൊപ്പം കളിയും ചിരിയുമായി പോകുന്ന ലെച്ചു…ബൈക്ക് കേടായി പൊരി വെയിലത്തു നിക്കുന്ന എന്നേ കണ്ടിട്ട് മുഖം തിരിച്ചു പോകുന്നത് കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായിരുന്നു മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഞങ്ങളോട് മിണ്ടാൻ പോലും ലെച്ചുവിന് കുറച്ചിൽ ആണെന്ന്

ഉയർന്ന സാമ്പത്തികം ഉള്ള വീട്ടിലെ പയ്യനുമായിട്ട് ലെച്ചുവിന്റെ വിവാഹം ഉറപ്പിച്ചു എന്നുള്ള വാർത്ത നാട്ടുകാർ വഴി അറിഞ്ഞപ്പോൾ…കുഞ്ഞിലേ മുതൽ ലെച്ചുവിനെ മാത്രം ഇഷ്ടപ്പെട്ടിരുന്ന എന്റെ സ്വപ്‌നങ്ങൾ ആണ് ഒരു നിമിഷം കൊണ്ട് തകർന്നു ഇല്ലാതായത്..

പരിഭവമോ പരാതിയോ ഇല്ലാതെ…എല്ലാം വിധി എന്ന്‌ കരുതി സമാധാനിച്ചു മുൻപോട്ടു പോകുമ്പോഴാണ് അമ്മയുടെ പിറന്നാൾ ദിനം വന്നത്..

എല്ലാ പിറന്നാളിനും ഞങ്ങൾ കൊടുക്കുന്ന സദ്യയും പായസവും മതിയാവോളം കഴിച്ചിരുന്നത് കൊണ്ടായിരിക്കണം എല്ലാ തവണത്തേയും പോലെ ഇത്തവണയും ഭക്ഷണവും ലെച്ചുവിന് ഏറെ ഇഷ്ട്ടമുള്ള പാൽ പായസവും അമ്മ ഉണ്ടാക്കി തന്നതും..അന്ന് അങ്ങനെ ഒക്കെ സംഭവിച്ചതും

ഇനി അവരുടെ ജീവിതത്തിൽ ഒരു ശല്യമായി ചെല്ലില്ല എന്ന്‌ മനസ്സിൽ പ്രതിജ്ഞ ചെയ്തിട്ടാണ് അവളുടെ വീടിന്റെ പടി അവസാനമായിട്ട് ഞാനിറങ്ങിയത്…

പണത്തോടൊപ്പം വന്നു കൂടിയ അഹങ്കാരം കൊണ്ടായിരിക്കും… ചിലപ്പോൾ ദൈവത്തിനു പോലും അത് ഇഷ്ട്ടപ്പെടാതിരുന്നത്…

നടത്തിയ ചിട്ടി കമ്പനിയിലെ കോടി കണക്കിന് പൈസ ആയി അവിടുത്തെ ഒരു സ്റ്റാഫ്‌ മുങ്ങിയതോടെ അവരുടെ പതനം അവിടെ നിന്നും തുടങ്ങുകയായിരുന്നു…

പൈസയ്ക്ക് വേണ്ടിയുള്ള നാട്ടുകാരുടെ മുറ വിളിയും കരച്ചിലും സഹിക്കാൻ വയ്യാതെ.. കടം തീർക്കാൻ നേടിയതെല്ലാം അവർക്ക് ഓരോന്നായി വിൽക്കേണ്ടി വന്നു…

കെട്ടാൻ പോകുന്ന പെണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥ തങ്ങളുടെ കുടുംബത്തിന് യോജിച്ചതല്ല എന്ന്‌ മനസ്സിലാക്കി ഉറപ്പിച്ച കല്യാണത്തിൽ നിന്നും ചെറുക്കന്റെ വീട്ടുകാർ ഒഴിഞ്ഞു മാറി..

എവിടെ നിന്നുമാണോ അവർ തുടങ്ങിയത് ഒടുക്കം ദൈവം തന്നെ വീണ്ടുമവരെ അവിടെ തന്നെ കൊണ്ടെത്തിച്ചു എന്നറിഞ്ഞപ്പോഴും..ദേഷ്യത്തെക്കാളേറെ ലെച്ചുവിനോട് എനിക്ക് സഹതാപം ആണ് തോന്നിയത്..

ഒടുവിൽ വിറ്റ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോട്ട് പോകുമെന്ന് അറിയാതെ നിന്ന അവരെ എന്റെ അമ്മ തന്നെയാണ് ഞങ്ങളുടെ ആ കൊച്ചു വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നതും..

കല്ലുള്ള റേഷൻ അരിയെ പുച്ഛിച്ച ലെച്ചു…ഒടുക്കം അമ്മ കൊടുത്ത ഭക്ഷണം കൊതിയോടെ വാരി തിന്നുന്നത് കണ്ടപ്പോൾ…അന്നവൾ തട്ടി കളഞ്ഞ ഭക്ഷണത്തിന്റെ വില ഇപ്പോഴെങ്കിലും ലെച്ചുവിന് മനസ്സിലായിട്ടുണ്ടാകും എന്ന്‌ എനിക്ക് ഉറപ്പായിരുന്നു..

എ സി കാറിൽ അഭിമാനത്തോടെ മാത്രം സഞ്ചരിച്ചിരുന്ന ലെച്ചു…ചുട്ടു പൊള്ളുന്ന വെയിലിൽ നടന്നു പോകുന്നത് കണ്ടത് കൊണ്ടാണ് അച്ഛൻ മേടിച്ചു തന്ന ആ പഴയ ബൈക്ക് ആയിട്ട് കഴിഞ്ഞതെല്ലാം മറന്നു വീണ്ടും ഞാൻ ലെച്ചുവിനെ നിർബന്ധിച്ചു കേറ്റിയത്.

അമ്മയുടെ സ്നേഹവും കരുതലും മനസ്സിലായത് കൊണ്ടായിരിക്കും.. ചെയ്ത ഓരോന്നും ഏറ്റു പറഞ്ഞു ഞങ്ങളോട് ലെച്ചു മാപ്പ് പറഞ്ഞതും…

ഞങ്ങളല്ലല്ലോ അതിനു മാറിയത്…മോളും മോളുടെ ഇഷ്ടങ്ങളും ആയിരുന്നില്ലേ എന്ന്‌ കണ്ണ് നിറഞ്ഞു കൊണ്ട് അമ്മ ചോദിച്ചപ്പോൾ..പൊട്ടി കരഞ്ഞു കൊണ്ട് ലെച്ചു അമ്മയെ കെട്ടിപ്പിടിച്ചു…

ഗിരിയേട്ടന് എന്നേ ഇഷ്ടമായിരുന്നല്ലേ എന്ന്‌ ഒരു ദിവസം ലെച്ചു എന്റെ മുഖത്തു നോക്കി ചോദിച്ചപ്പോൾ..മനസ്സിലെ പ്രണയം നേരിട്ട് തുറന്നു പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് മാത്രം അവളോടുള്ള എന്റെ അടങ്ങാത്ത പ്രണയം എഴുതി തീർത്ത എന്റെ പഴയ ഡയറി ലച്ചു വായിച്ചിട്ടുണ്ടാകുമെന്നു ഞാൻ ഊഹിച്ചിരുന്നു..

മറുപടി പറയാതെ മുഖം താഴ്ത്തി നിന്ന എന്റെ മാറിൽ തല വെച്ച് കൊണ്ട് ലെച്ചു പറഞ്ഞു…

പണത്തിനേക്കാൾ മൂല്യമുള്ളതാണ് എപ്പോഴും ആത്മ ബന്ധങ്ങൾ എന്ന്‌…

#Sreejith

LEAVE A REPLY

Please enter your comment!
Please enter your name here