Home Latest ഘനീഭവിച്ച്‌ നിന്ന കണ്ണുകളെ മറച്ചു പിടിച്ച് അടുക്കളയിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾ ഉറക്കച്ചടവ് കാരണം പതറുന്നുണ്ടായിരുന്നു…

ഘനീഭവിച്ച്‌ നിന്ന കണ്ണുകളെ മറച്ചു പിടിച്ച് അടുക്കളയിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾ ഉറക്കച്ചടവ് കാരണം പതറുന്നുണ്ടായിരുന്നു…

0

രചന : Saith Chundambatta

പട്ടാളക്കാരന്റെ ഭാര്യ

“ദേവൂ… നേരം 3 മണിയായി. ഇനിയെങ്കിലുമൊന്നുറങ്ങിക്കൂടെ…”
അനിലിന്റെ മാറിൽ തല ചായ്ച്ച് കിടന്ന ദേവികയുടെ മുടിയിഴകളിലൂടെ അവന്‍റെ കരങ്ങൾ മെല്ലെ ചലിച്ചു.

“ഏട്ടാ… എട്ടനുറങ്ങിക്കോളൂ. ഞാൻ ഇങ്ങനെ കിടന്നോളാം…”
ഒരു പട്ടാളക്കാരന്റെ ഭാര്യ കുറച്ചു കൂടെ ചങ്കുറപ്പുള്ളവളാവണമെന്നു അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നെങ്കിലും അവന്‍റെ നെഞ്ചിലെ കുഞ്ചിരോമങ്ങളിലൂടെ അവളുടെ കണ്ണുനീർ ഒരു പുഴയായി ഒഴുകി.
നീണ്ട 16 മാസങ്ങൾ കടന്നു പോവാതെ ഇങ്ങനെ ഒരു രാത്രിയുണ്ടാവില്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അവൾക്കൊരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല.

അനിലിന്റെ മാറിലെ തുടികൊട്ടിത്തുടങ്ങിയ നെഞ്ചുടുക്കിനു മുകളിൽ ചെവിവെച്ചു അവളങ്ങനെയനങ്ങാതെ കിടന്നു.

കല്യാണം കഴിഞ്ഞ് ഇന്നേക്കു വെറും 34 ദിവസം….
എങ്കിലും വർഷങ്ങളുടെ ബന്ധം അവർക്കിടയിൽ വളർന്നിരുന്നു.
അവരുടെ കല്യാണം ഒരു എൻഗേജ്ഡ് മാര്യേജ് ആയിരുന്നെങ്കിലും ഈ ചെറിയൊരു കാലയളവിൽ തന്നെ അവളുടെ സിരകളിലേക്ക് അവനൊരു പ്രണയമായ് പടർന്നു കയറി.

അവൾക്കു ലഭിച്ചൊരു സൗഭാഗ്യമായിരുന്നു അനിൽ.
പരിഭവങ്ങളില്ലാത്തവൻ…
അവളുടെ കുറവുകളെ കൂടി കണ്ണടച്ച് പ്രണയിച്ചവൻ…
തിരക്കുകൾക്കിടയിലും അവളുടെ ചെറിയ ലോകത്തെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്കായ് സമയം കണ്ടെത്തിയവൻ…

ഘനീഭവിച്ച്‌ നിന്ന കണ്ണുകളെ മറച്ചു പിടിച്ച് അടുക്കളയിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾ ഉറക്കച്ചടവ് കാരണം പതറുന്നുണ്ടായിരുന്നു.
അടുപ്പിലെ കത്തിക്കരിഞ്ഞ വിറകിൽ നിന്നും അവളേറ്റു വാങ്ങിയ ചൂടിനേക്കാൾ താപം ഇടനെഞ്ചിലെരിയുന്ന കനലുകൾക്കുള്ളപോലെ അവൾക്കു തോന്നി.

കൊണ്ടുപോവാൻ വേണ്ടി കട്ടിലിനടിയിലേക്കു നീക്കിവെച്ച ലഗേജ് അനിലെടുത്ത് കട്ടിലിനു മുകളിൽ വെച്ചു. വസ്ത്രങ്ങളേക്കാൾ കൂടുതൽ തനിക്കേറ്റവും ഇഷ്ടമുള്ള പലഹാരങ്ങൾ ദേവിക രണ്ടു ദിവസമായി ഈ ലഗേജ് ഇൽ കുത്തി നിറച്ച് വെച്ചിരുന്നു.

അവൻ ആ ലഗ്ഗേജ് അരികിലേക്കണച്ചു വെച്ച് റൂമിലെ അഴയിൽ തൂക്കിയിട്ടിരുന്ന ദേവൂന്റെ വസ്ത്രങ്ങളിലേക്ക് കണ്ണുപായിച്ചൊരു നെടുവീർപ്പിട്ടു. തിരക്കുകൾ കാരണം കല്യാണം കഴിഞ്ഞു ദേവൂനേം കൂട്ടി ഒരു ടൂർ ന് പോലും പോവാൻ കഴിഞ്ഞില്ലെന്ന കൂറ്റബോധം അവന്റെയുള്ളിലിരുന്നു പുകഞ്ഞുനീറി.
എങ്കിലും പരിഭവമില്ലാത്ത അവളുടെ കണ്ണുകളിൽ അവനോടെന്നും നിറയെ സ്നേഹമായിരുന്നു. കണ്ണു നിറയെ കണ്ട്‌ കൊതിതീരും മുമ്പേ തന്റെ പ്രിയതമയിൽ നിന്നും കാതങ്ങൾക്കപ്പുറത്തേക്കു തന്നെ പറിച്ചു നാടാൻ പോവുകയാണെന്ന യാഥാർത്ഥ്യം ഒരു കൊള്ളിയാൻ പോലെ അവന്റെയുള്ളിൽ മിന്നി നിന്നു.

“മോനെ… ടാക്സി വന്നിട്ടുണ്ട്. നീ റെഡിയാണെങ്കിൽ വൈകാതെ നമുക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പോവാം.”
അച്ഛനൊന്നു ഓർമ്മപ്പെടുത്തി.
എത്രയോ തവണ ഈ ടാക്സിയിൽ എന്നെ യാത്രയാക്കാൻ അച്ഛൻ കൂടെ വന്നതാണ്. ട്രെയിൻ അകന്നു തുടങ്ങുമ്പോഴെല്ലാം അച്ഛന്റെയുള്ളിൽ
നിന്നൊരു നെടുവീർപ്പുയരാറുണ്ട്.
സ്വന്തം മകന്റെ ശരീരം കൊണ്ട് അതിർത്തിയിൽ രാജ്യത്തിനു വേലിതീർക്കുന്ന ഓരോ അച്ഛന്റെയും നെഞ്ചിലെരിയുന്ന തീനാളങ്ങളുടെ താപമുണ്ട് യാത്രയാക്കുമ്പോൾ അവരിൽ നിന്നും പുറത്തുവരാറുള്ള ഈ നെടുവീർപ്പുകൾക്ക്.

വലിയ ലഗേജ് അനിലെടുത്ത് തോളിലിട്ടു. പ്രാണസഖിയുടെ ഒരായിരം തപിക്കുന്ന ഓർമ്മകൾ കൂടെ ഇതിനുള്ളിൽ ലോക്കിട്ട് പൂട്ടിയതിനാലാവണം ലഗേജ് ന് പതിവിലേറെ ഭാരക്കൂടുതലുള്ളതു പോലെ അവനു തോന്നി.

ടാക്സിയുടെ മുമ്പിലെ സീറ്റിൽ അച്ഛനും പിന്നിൽ അനിലിന്റെ കയ്യിൽ ഇറുകെ പിടിച്ച് ദേവികയും ഇരുന്നു. അവളുടെ വിരലുകളിൽ നിന്നും പടർന്നു കയറിയ ഒരു കൊള്ളിയാൻ അവന്‍റെ തലച്ചോറിലെ നാഡികളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.

സ്ലീപ്പർ കംപാർട്മെന്റ് S2 വന്നു ചേരുന്ന ഏഴാം നമ്പർ കോച്ചിലേക്ക് അനിലിന്റെ കയ്യിൽ വിരലുകൾ കോർത്ത് ദേവികയും നടന്നു നീങ്ങി.

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് താമസിച്ചതെങ്കിലും യുഗാന്തരങ്ങളുടെ ദൈർഘ്യമുള്ള ഓർമ്മകൾ കുത്തിനിറച്ച ഓരോ ബാഗും അവൻ കമ്പാർട്ട്മെന്റിനുള്ളിലെ ലോവർ ബെർത്തിനു താഴെ അടുക്കി വെച്ചു.
മഞ്ഞു പെയ്യുന്ന താഴ്വരകളിലും അതിർത്തിയിൽ കെട്ടിയുണ്ടാക്കുന്ന കൂടാരങ്ങളിലും തനിച്ചാവുമ്പോൾ തന്‍റെ പ്രണനിയുടെ നിറമുള്ള ഓർമ്മകൾ നിറച്ച് വെച്ച ഈ ബാഗുകൾ മാത്രമാവും ഇനി തനിക്കു കൂട്ടിനുണ്ടാവുന്നതെന്നു അവന്‍റെ മനസ്സ് മന്ത്രിച്ചു.

ട്രയിനിലെ ജനലഴികളിൽ പിടിച്ച് ഇമവെട്ടാതെ അവനെ നോക്കിനിന്ന ദേവികയുടെ കണ്ണുകളിൽ ചുടുനീർ പൊടിഞ്ഞു തുടങ്ങി.
അവളുടെയുള്ളിൽ ഇരമ്പി നിന്ന സങ്കടമൊരു കടലായി കവിളിലൂടെ ഒഴുകിത്തുടങ്ങിയപ്പോൾ അകലെ നിന്നും ആരോ വീശിയ പച്ചക്കൊടിയിൽ ഒരു വലിയ ചൂളമായ് അവളുടെ ഓർമ്മകളെയും കൊണ്ട് അനിൽ അകലങ്ങളിലേക്ക് മാഞ്ഞു പോയി.

ആരവങ്ങളൊഴിഞ്ഞ അവരുടെ മുറിയിലേക്ക് തിരിച്ചെത്തിയിട്ടും അവളുടെ കരളു പറിച്ചെടുത്ത് അകലങ്ങളിലേക്ക് ചീറിപ്പാഞ്ഞു പോയ ട്രൈനിന്‍റെ ശബ്ദം അവളുടെ ചെവികളിൽ മുഴങ്ങി നിൽക്കുന്നുണ്ടായിരുന്നു.

കരഞ്ഞു കലങ്ങിയ ദേവികയുടെ കണ്ണുകൾ അലമാരയിലെ അടുക്കിവെച്ച വസ്ത്രങ്ങൾക്ക് താഴെ എന്തോ തിരഞ്ഞു. അനിൽ കാണാതെ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ചെറിയ ബാഗിൽ നിന്നും
തലേദിവസം അനിൽ ധരിച്ചിരുന്ന അവന്‍റെ മണമുള്ള ഒരു ഷർട്ട് അവൾ മെല്ലെ പുറത്തെടുത്തു. ദേവികയുടെ കണ്ണുകളിൽ നിന്നും ഉടഞ്ഞു വീണ ചുടുബാഷ്പങ്ങളാൽ നനഞ്ഞുകുതിർന്ന ആ ഷർട്ട് അവളറിയാതെ അവളുടെ ചുണ്ടുകളോട് ചേർന്നു.
പ്രയതമന്റെ നെഞ്ചിൽ പൊടിഞ്ഞ വിയർപ്പിന്റെ മണം ഒരു ലഹരിയായി, അതിലുപരി ഒരു നോവായി അതിവേഗം അവളുടെ ഞരമ്പുകളിലേക്ക് പടർന്നു കയറി.

ഒരു ജന്മം മുഴുവൻ അവനു വേണ്ടി കാത്തിരിക്കാനുള്ള സ്നേഹം ദേവികയിലുണ്ടായിരുന്നെങ്കിലും തിരിച്ചു വരുമ്പോൾ തന്റെ പ്രാണനായകനെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞു തരല്ലേ എന്ന അകമഴിഞ്ഞ പ്രാർത്ഥനയായിരുന്നു അപ്പോൾ അവളുടെ മനസ്സ് മുഴുവനും.

Saith Chundambatta

LEAVE A REPLY

Please enter your comment!
Please enter your name here