Home Solo-man ഡീ..കാണാൻ കൊള്ളാവുന്ന ചെറുക്കന്മാർ അങ്ങനെയാ..ഞങ്ങടെ പിന്നാലെ പെൺകുട്ട്യോൾ വന്നൂന്നും,മിണ്ടീന്നൊക്കെ ഇരിക്കും…

ഡീ..കാണാൻ കൊള്ളാവുന്ന ചെറുക്കന്മാർ അങ്ങനെയാ..ഞങ്ങടെ പിന്നാലെ പെൺകുട്ട്യോൾ വന്നൂന്നും,മിണ്ടീന്നൊക്കെ ഇരിക്കും…

0

രചന : Solo Man

“ഡീ അമ്മൂസെ..നിന്റെയാ ഫ്രണ്ടില്ലെ,നല്ല വെളുത്ത് മെലിഞ്ഞ് പൂച്ചക്കണ്ണി..”

“ആരു..വർഷയോ..”

“ആം..അതന്നെ..”

“അവൾക്കെന്താ..”

“അവൾക്കൊന്നുല്ല..അതേയ് ഇയ്യൊന്ന് ഏട്ടനു സെറ്റാക്കി താടീ അവളെ..”

തഞ്ചത്തിൽ ഓളോട് പറഞ്ഞു തീർന്നില്ല..

“അമ്മേ..ഈ ഏട്ടനെ കൊണ്ട് നിക്ക് പുറത്തിറങ്ങി നടക്കാൻ മേലാതായി..”

അടുക്കളേൽ ആയിരുന്ന അമ്മ ഓൾടെ നിലവിളി കേട്ട് ഓടി വന്നു..

“എന്താ രണ്ടും കൂടെ രാവിലെ തന്നെ..”

“ഒന്നുല്ല അമ്മേ..ഇവളു രാവിലെ തന്നെ ചുമ്മാ ഓരോന്ന്..ഇവൾടെ ഏതൊ ഫ്രണ്ട് എന്നെ തിരക്കീന്ന്..”

“ദേ..നിക്ക് ദേഷ്യം വരണുണ്ട് ട്ടോ..അമ്മേ ഈ ഏട്ടൻ എന്റെ കോളജിലെ ഒരു പെണ്ണിനേം ചുമ്മാ വിടണില്ല..ഇവനെന്റെ കൂട്ടുകാരിയെ സെറ്റാക്കി കൊടുക്കണമെന്ന്..”

സംഗതി കേട്ടതും അമ്മ കണ്ണു തള്ളി നിക്കണു..

“ഡീ..കാണാൻ കൊള്ളാവുന്ന ചെറുക്കന്മാർ അങ്ങനെയാ..ഞങ്ങടെ പിന്നാലെ പെൺകുട്ട്യോൾ വന്നൂന്നും,മിണ്ടീന്നൊക്കെ ഇരിക്കും..”

“അയ്യട..പിന്നാലെ നടക്കാൻ പറ്റിയ മൊതലു..ഇങ്ങളെ പറ്റി ഓരൊക്കെ പറയണ കേക്കുമ്പൊ ഇന്റെ തൊലി ഉരിയുകയാ..എന്താ അവരൊക്കെ അമ്മേടെ മോനെ വിളിക്കുന്നേന്ന് അറിയൊ…കോഴീന്ന്..”

“ഹാ മതി മതി..രണ്ടാളും പോയെ..വെറുതെ അച്ഛന്റെ വായീന്ന് കേക്കണ്ട..”

അമ്മ അതിന്റെടേൽക്ക് അയാടെ പേരു വലിച്ചിട്ടു സംഗതി തീർത്തു..

അച്ഛനാണത്രെ അച്ഛൻ..

ചങ്ങായി വെറും കലിപ്പാന്നേയ്..ചുമ്മാ ചൊറിഞ്ഞോണ്ടിരിക്കും..ഇന്നാളു കൂടി കീറിയിട്ട വിറകോണ്ട് എന്റെ പുറം പൊളിച്ചു..

തന്ത ആയത് കൊണ്ടും,ഞങ്ങളൊന്നും ചെയ്യില്ലാ എന്നുള്ളോണ്ടും ഉള്ള ധാർഷ്ട്യം..

ഇപ്പൊ എന്നെ പറ്റി ഇങ്ങൾക്കും ഒരു ധാരണ കിട്ടീലെ..

ജോലീം കൂലീം ഇല്ലാതെ ചുമ്മാ കറങ്ങി നടക്കണ ഒരുത്തൻ..

പെങ്ങടെ ഭാഷയിൽ പറഞ്ഞാൽ ഒരു കോഴി..നല്ല മുട്ടൻ കാട്ടു കോഴി..

“എന്തുവാടാ അപ്പൂ..നിനക്കൊന്ന് നന്നായിക്കൂടെ..”

“ദേ അമ്മച്ചീ..ചുമ്മാ ട്രോളല്ലെ..ഇവിടെ ആരും എന്നെ മനസ്സിലാക്കണില്ല..പൊര നിറഞ്ഞ് നിക്കണ ചെക്കനെ എവിടേലും ഒന്ന് കെട്ടിച്ചു വിടണം എന്ന ഒരു ചിന്തേം ഇല്ല..”

അത് പറഞ്ഞപ്പൊഴാണു അപ്രതീക്ഷിതമായി അച്ഛന്റെ വരവ്..

“നിനക്കൊക്കെ ആരു പെണ്ണു തരാനാടാ..വെർതെ നാട്ടാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്..എന്റെ വായീന്ന് കേക്കണ്ട..”

ഇനീം നിന്നാൽ ചങ്ങായീടെ വായീന്ന് പുളിച്ചത് കേക്കും..ഞാൻ മെല്ലെ വലിഞ്ഞു..

ചുമ്മാ ഫ്രണ്ട്സിന്റെ കൂടെ ഇരുന്ന് പതിവു പോലെ വായ്നോട്ടം തുടങ്ങി..

റോഡിലൂടെ ദാണ്ടെ പോണു പലജാതി കുട്ട്യോൾ..

ഈ പെങ്കുട്ട്യോൾക്കൊക്കെ ഒടുക്കത്തെ ലുക്കാന്നെ..

ഒന്നിനെ നോക്കുമ്പൊ തോന്നും ഇത് മതീന്ന്..അപ്പൊഴാരിക്കും അടുത്തത് വരുന്നെ..അപ്പൊ തോന്നും അത് വേണ്ടാ ഇത് മതീന്ന്..എനിക്ക് മാത്രാണൊ ഇങ്ങനൊക്കെ..എന്താ കഥ..

അത്മാർത്ഥമായി ഒരിക്കൽ ഒന്നിനെ വളച്ചതായ്നു..

ഓളാണേൽ തുപ്പീലും കൂട്ടി വൃത്തിയായി തേച്ചൊട്ടിച്ച് പോയി..

അതീ പിന്നെ പെണ്ണിന്റെ കാര്യത്തിൽ ആത്മാർത്ഥത എന്ന സാധനം അങ്ങ് പോയിക്കിട്ടി..

അവർക്കറിയുവൊ ഓരോ തേപ്പിനും ഇമ്മളൊഴുക്കണ കണ്ണീരിന്റെ വേദന..

ഇങ്ങനെ ഓരോ ദിവസവും ചുമ്മാ തള്ളി നീക്കുമ്പൊഴാണു പെങ്ങടെ കൂടെ പഠിക്കണ ഒരുത്തീടെ കല്ല്യാണം വന്നത്..

കൂട്ടത്തീൽ നിക്കും കിട്ടി ക്ഷണം..

അങ്ങനെ ഞാനും പെങ്ങളും കൂടി കല്ല്യാണം കൂടാൻ പോയി..

വാവൂൂ..കല്ല്യാണ വീടു നിറയെ നല്ല അസ്സലു പെങ്കുട്ട്യോൾ..

അവരു മാത്രം അല്ലാട്ടോ..കൊറേ കിളവന്മാരും,കിളവികളൊക്കെ വേറേം ഇണ്ട്..

പക്ഷെ ഇമ്മടെ കണ്ണിൽ അതൊന്നും കാണൂല..നോക്കുന്നിടമൊക്കെ വസന്തം മാത്രം..

പെങ്ങളു കൂടെ ഉള്ളോണ്ടും,ഓൾടെ വാണിങ് ഉള്ളോണ്ടും പാവം ഞാൻ,അനുസരണയുള്ള ഏട്ടനായി ..

മുഹൂർത്തത്തിനു ടൈം ആയപ്പൊ മണ്ഡപത്തിൽ ആകെ ബഹളം..

എന്താന്നറിയാനുള്ള ശുഷ്കാന്തീൽ ഞാനും മെല്ലെ അങ്ങാട് വിട്ടു..

ചെക്കന്റെ തന്തയാണു..മൂപ്പരു ശട പടേ ശട പടേന്ന് പറഞ്ഞ് പൊട്ടിക്കുവാണു ഡയലോഗ്..

സ്ത്രീധനമാണു പ്രശ്നം..

അവരു പറഞ്ഞുറപ്പിച്ച പണോം പണ്ടോം കിട്ടീലാന്ന്..

പെണ്ണിന്റെ തന്തേം തള്ളേം ആകെ ശോകമടിച്ച് വിറങ്ങലിച്ച് നിക്കണു..

പലരുടേം മുഖത്ത് പരിഹാസോം,രോഷവും വേറേം..

പറഞ്ഞ സ്ത്രീധനം കിട്ടാതെ കല്ല്യാണം നടക്കില്ലാന്ന് ചെറുക്കൻ വീട്ടുകാർ..

“അല്ല ചേട്ടായീ..അവരു തരില്ലാന്ന് പറഞ്ഞില്ലാലൊ..ഇത്തിരി സാവകാശമല്ലെ ചോദിച്ചുള്ളു..”

ഇടയ്ക്ക് കേറി ഞാൻ സമാധാനത്തിനു ശ്രമിച്ചു..

മുല്ലപ്പൂവും ചൂടി കതിർ മണ്ഡപത്തിൽ മുഖം പൊത്തിക്കരയുന്ന പെണ്ണിനെ കണ്ടപ്പൊ സത്യം പറഞ്ഞാ എനിക്ക് സഹിച്ചില്ല..

“എന്നാ പിന്നെ താൻ കെട്ടെടോ..അല്ലാതെ ചുമ്മാ ഇണ്ടാക്കാൻ വരല്ലെ..ധർമ്മക്കല്ല്യാണം കൂടാൻ ഞങ്ങക്ക് മനസ്സില്ല..”

അതെനിക്ക് ഇഷ്ടായില്ല..

ചെക്കന്റെ തന്തേടെ മോന്തക്കിട്ട് ഞാനൊന്നു പൊട്ടിച്ചു..

ആകെ നിശബ്ദം..

“കെട്ടുമെടോ..വേണ്ടി വന്നാൽ ഞാൻ കെട്ടും..”

പെങ്ങളടക്കം കൂടി നിന്ന എല്ലാവരുടേം വാ പൊളിഞ്ഞു..

എല്ലാ കണ്ണുകളും എന്റെ നേർക്കായി..

ഈശ്വരാാ..പെട്ടോ..

ആ നിമിഷം തന്നെ ചെറുക്കനും വീട്ടാരും ഇറങ്ങിപ്പോയി..

പെണ്ണിന്റെ തന്തേം തള്ളേം എന്നെയൊരു നോട്ടം..

പെട്ടു..

പെണ്ണിന്റെ കാർന്നോന്മാരു വന്ന് നൈസായ്ട്ടെന്നെ പൊക്കി..

“ബാ മോനെ, ബാ..”

“അല്ല കാർന്നോരെ ഞാനൊരാവേശത്തിലങ്ങ് പറഞ്ഞോയതാ..”

“ഒഹ്..അതൊന്നും സാരമില്ലാന്നെ..നല്ല തന്റേടോം,ആവേശോം ഉള്ള ചെറുക്കനെയാ ഞങ്ങക്ക് വേണ്ടത്..”

അപ്പൊഴേയ്ക്കും ആരൊക്കെയോ ചേർന്ന് എന്റെ അച്ഛനേം അമ്മയേം കൂട്ടി സഥലത്തെത്തി..സംഗതി അവരും അറിഞ്ഞേക്കണു..

അങ്ങനെ മുഖം പോലും ശരിക്ക് കാണാതെ ഞാനോൾടെ കഴുത്തിൽ വിറച്ച് വിറച്ച് താലി കെട്ടി..

കെട്ടും മേളോം കഴിഞ്ഞ് ഞങ്ങളു മെല്ലെ എന്റെ അച്ഛന്റേം അമ്മേടേം അരികിലെത്തി..

“പറ്റിപ്പോയി അച്ഛാ..ഒരു ദുർബല നിമിഷത്തിൽ…അച്ഛനെന്നെ അനുഗ്രഹിക്കണം..”

നല്ല മുട്ടൻ തെറി പ്രതീക്ഷിച്ച് കുനിഞ്ഞ എന്നെ തലയിൽ കൈ വച്ച് എഴുന്നേൽപ്പിച്ച് അച്ഛൻ പറഞ്ഞു..

“ഇയ്യ് ചെയ്തതാടാ അതിന്റെ ശരി..ഇയ്യൊരാൺകുട്ടിയാന്ന് എന്നെ മാത്രമല്ല,ഈ കണ്ട നാട്ടാർക്കു കൂടി തെളിയിച്ച് കൊടുത്തു..

പെണ്ണിന്റെ കണ്ണീരു തുടയ്ക്കുന്നവനേക്കാൾ വലിയവനായി ആരുമില്ല..ഇയ്യ് വലിയവനാടാ..”

ശരിക്ക് പറഞ്ഞാ അച്ഛന്റെ ആ ഡയലോഗിൽ ഞാനൊരാൺകുട്ടിയായി മാറുകയായിരുന്നു..

സംഗതി അങ്ങനെ എല്ലാം ഒകെ ആയി..

എന്റെ കൂടെ ഫോട്ടോ എടുക്കാൻ പെങ്ങളൂട്ടി വന്നു നിന്നപ്പൊ എന്നോട് ചോദിച്ചു..

“ഏട്ടാ,പെണ്ണാരാന്ന് അറിയണ്ടെ ഏട്ടനു..”

അതും ശരിയാണു..ആകെ കൂടി ഇറുങ്ങിയ അവസ്ഥയ്ക്കിടയിൽ ഞാനക്കാര്യം ചിന്തിച്ചേ ഇല്ല..

“ഏട്ടൻ പറഞ്ഞില്ലെ വർഷ..ആ മെലിഞ്ഞ് വെളുത്ത്,പൂച്ചക്കണ്ണി..”

അപ്പൊഴാണു എന്റെ കൈയ്യിനു പിടിച്ച് നിക്കണ മൊതലിനെ ഞാൻ ശരിക്കും നോക്കണെ..

അത് തന്നെ..അടിപൊളി..

അപ്പൊഴേയ്ക്കും കണ്ണീരു പൊടിയുന്ന അവളുടെ പൂച്ചക്കണ്ണുകൾ എന്നെ നന്ദിയോടെ നോക്കുന്നുണ്ടായിരുന്നു..

*ശുഭം*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here