Home Article പറയന്റെ പെണ്ണ് “തൂ..ഫ് ….നെഞ്ചത്തൂന്ന് കൈ മാറ്റടി പെണ്ണേ….”

പറയന്റെ പെണ്ണ് “തൂ..ഫ് ….നെഞ്ചത്തൂന്ന് കൈ മാറ്റടി പെണ്ണേ….”

1

പറയന്റെ പെണ്ണ് “തൂ..ഫ് ….നെഞ്ചത്തൂന്ന് കൈ മാറ്റടി പെണ്ണേ….”ചവച്ചരച്ച മുറക്കാൻ പാടവരമ്പത്തേക്ക് ആഞ്ഞു തുപ്പി കൊണ്ട് തമ്പ്രാൻ കല്പ്പിച്ചു…അർദ്ധ നഗ്നയായ നീലി മനസ്സില്ലാ മനസോടെ മാറു മറച്ച കൈകൾ മാറ്റി തമ്പ്രാനു മുന്നിൽ ഓച്ഛാനിച്ചു നിന്നു. കീഴാളജാതിയിൽപ്പെട്ട പെണ്ണുങ്ങൾ മാറു മറച്ചു കൂടാ…എന്ന് തമ്പ്രാന്റെ ഉത്തരവാണ്.. ജന്മിസമുദായത്തിൽപ്പെട്ട തമ്പ്രാക്കൾക്ക് കണ്ടു രസിക്കാൻ. “നീ ഏതാടി പെണ്ണേ….മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല്യാലോ…” തമ്പ്രാൻ വാക്കുകൾക്ക് മൂർച്ചകൂട്ടി.. “അയ്യോ തമ്പ്രാ….അടിയന്റെ കെട്ടിയവളാ തമ്പ്രാ…” ചാത്തനാണ് മറുപടി പറഞ്ഞത്…. “ഹാ… കോള്ളാലോട ചാത്താ നീയ്യ്….ഇതെവിടെന്ന് ഒപ്പിച്ചു……നല്ല മൊലേം മുഖോം ഉള്ള പെണ്ണാണല്ലോ…. ഹാ..ഹാ ..ഹാ ….ഹാ…” തമ്പ്രാന്റെ ശിങ്കടികളും ആർത്തു ചിരിച്ചു…നീലിയും ചാത്തനും അടിയാളൻ മാരാണ് എല്ലാം കേട്ടു നിക്കണം.. “എന്താണ്ടാ… പെണ്ണിന്റെ പേര്…” “നീലീന്നാ തമ്പ്രാ….” ചാത്തന്റെ നോട്ടം മണ്ണിൽ തന്നേ ആയിരുന്നു… “ഉം…നീയ്യ് ഒരു കാര്യം ചെയ്യ്‌ പെരേലോട്ട് പൊയ്ക്കോ….നീലി ഇന്നു ഇല്ലത്തു അന്തി ഉറങ്ങട്ടെ…” തമ്പ്രാന്റെ കണ്ണുകൾ നീലിയുടെ മുഴുത്ത ശരീരത്തിലേക്ക് തുളച്ചു കയറി. “അയ്യോ തമ്പ്രാ…അതു…” ചാത്തന്റെ മുഖം വാടി.. “എന്താണ്ടാ നായെ….പറഞ്ഞത് അനുസരിച്ചാ മതി..ഇല്ലാച്ചാൽ രണ്ടിനെയും പേരക്കകത്തിട്ട് ചുട്ട് കൊല്ലും ഞാൻ…” തമ്പ്രാന്റെ മുഖം കോപം കൊണ്ട് ചുവന്നു.. “അയ്യോ വേണ്ട തമ്പ്രാ.. അടിയൻ അനുസരിച്ചോളവേ….” നീലിയേം കൊണ്ട് തമ്പ്രാൻ പോകുന്നത് ചാത്തൻ നിറകണ്ണുകളോടെ നോക്കി നിന്നു…നീലിയുടെ മുഖത്തു പറഞ്ഞറിയിക്കാനാവാത്ത വിഷാദഭാവം… ആ കണ്ണുകൾ നിറഞ്ഞു.. പക്ഷെ അവൾ കരയാതെ പിടിച്ചു നിന്നു.. കാരണം അവൾക്കറിയാം കരഞ്ഞിട്ട് കാര്യമില്ല.. എതിർത്താൽ തന്റെ കെട്ടിയവനെ കൊന്നിട്ടാണെങ്കിലും തമ്പ്രാൻ തന്നെ കൊണ്ട് പോകും… “നായരേ…. ഓളെ കൂടെ കൂട്ടിക്കോ….” തമ്പ്രാൻ മുന്നിൽ നടന്നു. നീലിയും ശിങ്കിടികളും പിന്നാലെ… ചാത്തൻ പാടവരമ്പത്ത് മുട്ട് കുത്തി നിന്നു നിലവിളിച്ചു…നീലി പിന്തിരിഞ്ഞു നോക്കി നോക്കി മുന്നോട്ടു നടന്നു. നാളിതുവരെ തമ്പ്രാക്കന്മാര് കാണാതെ പെരേല് അടച്ചു വളർത്തിയതാണ് നീലിനെ… ഇന്നിപ്പോ തമ്പ്രാന്റെ മുന്നിൽ പെട്ടു പോയി… നല്ല പെണ്ണഴകുള്ള പെണ്ണാണ് നീലി, ആരു കണ്ടാലും കൊതിച്ചു പോകുന്ന എണ്ണകറുമ്പി…
താഴ്ന്ന ജാതിലുള്ള അടിയയാളൻ മാർക്ക് അങ്ങനെ ആണ്… ആദ്യം തമ്പ്രാനു കാഴ്ച വെക്കണം… അതു നെല്ലായാലും പെണ്ണായാലും…
തമ്പ്രാനും കൂട്ടരും നീലിയേം കൊണ്ട് പാടവരമ്പു കടക്കുന്ന വരെ ചാത്തൻ നോക്കി നിന്നു.. പെട്ടെന്നെന്തോ ഓർത്തപോലെ ചാത്തൻ പെരേലോട്ട് ഓടി … തന്റെ കൊച്ചിന് ദീനം കൂടിപ്പോ…. വൈദ്യരുടെ അടുത്തേക്ക് ഓടിയതാണ് നീലി, ചാത്തനെ വഴിവെച്ചു കണ്ടപ്പഴും ചാത്തൻ പറഞ്ഞു നീലി നീ പെരേലേക്ക് പൊയ്ക്കോ…. ആ സമയത്താണ് തമ്പ്രാൻ ആ വഴി വന്നതും നീലിനെ കൊതിച്ചതും..
പെരേല് പനിച്ചു വിറച്ചു കിടന്ന കൊച്ചിനെ ചാത്തൻ വാരിയെടുത്തു.. പനിച്ചൂടുപ്പോയി മരണത്തിന്റെ തണുപ്പായിരുന്നു ആ കുഞ്ഞു ശരീരത്തിന്… ചാത്തന്റേം നീലീടേം കുഞ്ഞു… ചാത്തന്റെ മനസൊന്നു പിടഞ്ഞു….
ചാത്തൻ കുഞ്ഞിനെ മാറോടു ചേർത്ത് വെച്ചു വാവിട്ട് കരഞ്ഞു.
വെളുക്കാറായപ്പോൾ നീലി വന്നു… ചുണ്ടിലും മാറത്തും തടിച്ചു തിണർത്ത പാടുകൾ…ഒരു പ്രാന്തിയെ പോലെ തോന്നിക്കും വിധം പാറി പറന്ന മുടി ……ചെന്നായ കൂട്ടം ആക്രമിച്ചത് പോലെ അവൾ അവശ ആയിരുന്നു… ജീവനില്ലാത്ത കുഞ്ഞിനെ കണ്ടു നീലിടെ കണ്ണ് അണപൊട്ടിയൊഴുകി….
“അയ്യോ………… എന്റെ മോനേ…….”
നീലീയുടെ നിലവിളികേട്ടാണ് അന്ന് കോഴി കൂവിയത്…

“അറിഞ്ഞോ ? ആ പറയന്റെ കൊച്ചു ചത്തു…”
ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു തമ്പ്രാൻ എല്ലാം കേട്ടുകൊണ്ടിരുന്നു…
“നായരേ….താനാ ചാത്തനോട് ഇങ്ങു വരാൻ പറ..”
“ശരി തമ്പ്രാ….”
നായര് ചാത്തന്റെ പെരേല് ചെല്ലുമ്പോ തെങ്ങിൻ ചോട്ടിൽ കുഴിവെട്ടുവാർന്നു ചാത്തൻ…
“ടാ…. അന്നോട് തമ്പ്രാൻ ഇല്ലത്തോട്ടു ചെല്ലാൻ കല്പിച്ചു….”
“അയ്യോ തമ്പ്രാ…. ഏന്റെ കൊച്ചു ചത്തുപോയി തമ്പ്രാ.. ഓനുള്ള കുഴി വെട്ടാണ്… അതും കഴിഞ്ഞു വേഗം വരവേ…”
അവൻ നായരുടെ മുന്നിൽ കേണു…..
“നിന്നോട് പറഞ്ഞത് ചെയ്യടാ കഴുതേ….. അല്ലാച്ചാൽ അറിയാലോ..
തമ്പ്രാൻ ആളൊരു മുന്കോപിയാണ് ..”
മൺവെട്ടി നിലത്തിട്ടവൻ ഇല്ലത്തേക്കോടി… ഓടികിതച്ചവൻ തമ്പ്രാന്റെ മുന്നിലെത്തി..
“ആഹ്…. വന്നോ?..എന്താടാ… നിന്റെ കൊച്ചു ചത്തോ?…”
ഒരു പരിഹാസചിരിയോട് കൂടി തമ്പ്രാൻ ചോദിച്ചു…
“ആ…തമ്പ്രാ… ദീനം കൂടി പോയേണെ….”
ചാത്തൻ തമ്പ്രാന് മുന്നിൽ കുമ്പിട്ടു നിന്നു..
“ഉം… നിന്റെ പെണ്ണ് കൊള്ളാം… ഒറ്റ രാത്രി കൊണ്ടൊന്നും മടുക്കത്തില്ല…നീയ്യ് ഒരു കാര്യം ചെയ്യ്‌… കൊറച്ചു നാളത്തേക്ക് ഓളെ ഇവിടെ നിർത്തു… തിന്നാനും കുടിക്കാനൊക്കെ ഇവിടന്നു കൊടുത്തോളാം..”
“അയ്യോ… അതു വേണ്ട തമ്പ്രാ…..”
അവൻ ആദ്യമായി തമ്പ്രാനോടെതിർത്തു പറഞ്ഞു.. മെതിയടിയിട്ട കാലുകൊണ്ട് നെഞ്ചത്തൊരു ചവിട്ട് കിട്ടിയവൻ നിലത്തു വീണു..
“ആരാ അവിടെ…….ഇവന്റെ കയ്യും കാലും ഓടിച്ചു ദൂരെക്കള…എന്നിട്ട് ഓളെ ഇങ്ങു കൊണ്ടാ…..”
കേക്കേണ്ട താമസം ശിങ്കിടികൾ ചാത്തന് മേൽ ചാടി വീണു…കയ്യും കാലും ഓടിച്ചു പാടത്തേക്കു വലിച്ചെറിഞ്ഞു..ഏന്തി വലിഞ്ഞു പെരേൽ എത്തിയപ്പോഴേക്കും നീലിയേം കൊണ്ട് ശിങ്കിടികൾ പോയിരുന്നു.. കരയുവാനല്ലാതെ ആ പാവം പറയന് വേറൊന്നും അറിയില്ലായിരുന്നു..
എങ്ങനെയൊക്കെയോ കുഞ്ഞിനെ കുഴിച്ചു മൂടി..കുഴിമാടത്തിൽ തളർന്നുറങ്ങി.. പിന്നീട് അവന്റെ ശരീരത്തിലും പുഴുവരിച്ചു തുടങ്ങി.. പത്താം പക്കം പറയന്റെ പെണ്ണ് നീലിയെയും കണ്ടത്തിൽ കുഴിച്ചു മൂടി……
അതുകഴിഞ്ഞു വർഷങ്ങൾ പിന്നിട്ടപ്പോൾ ആരൊക്കെയോ തമ്പ്രാന് നേരെ കൈ ഉയർത്തി..വലിയ സമരങ്ങൾ നടന്നു… പറയത്തി പെണ്ണുങ്ങൾ മാറുമറച്ചു തുടങ്ങി… ഇങ്ങനെയും ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു…. പുതുതലമുറകൾ മറന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം………..

കടപ്പാട് : വിജയ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here