Home Arun Nair
0

രചന : Arun Nair

“” എൻറെ ഏട്ടൻ ആരെ കെട്ടിയാലും കുഴപ്പമില്ല…. പക്ഷെ അവൾ എന്നെക്കാൾ സൗന്ദര്യം കുറഞ്ഞവൾ ആയിരിക്കണം അതെനിക്ക് നിർബന്ധം ആണ്….. “”

ഏട്ടന്റെ കൂടെ നടന്നു ഇരുപത്തി മൂന്നാമത്തെ പെണ്ണുകാണലും കുളമാക്കിയിട്ട് വീട്ടിൽ വന്നിരുന്നു ഞാൻ അമ്മയോട് പറഞ്ഞു…

“” എടി നീ കാരണം കഴിഞ്ഞ രണ്ടു വർഷമായി ആ ചെറുക്കൻ ലഡ്ഡുവും മിച്ചറും തിന്നു നടക്കുന്നു…. നിനക്കു കുറച്ചെങ്കിലും നാണം ഉണ്ടോ പെണ്ണേ ഇങ്ങനെ പറയാൻ…. ഏതു പെണ്ണിനെ കണ്ടാലും അവൾക്കു ഒന്നുകിൽ മുടി കൂടുതൽ അല്ലങ്കിൽ നിറം കൂടുതൽ അല്ലങ്കിൽ പുരികം നല്ലത് എന്തെങ്കിലും കാരണം ഉണ്ടാകും കല്യാണം മുടക്കാൻ…അവൾ ആണെങ്കിൽ കറുത്ത മുത്തും…. നീ നിർത്തിക്കോ നിൻറെ ഈ തോന്നിവാസം…. “”

അമ്മയുടെ രണ്ടും കല്പിച്ചുള്ള മറുപടി കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല…. കാരണം എൻറെ ഏട്ടൻ അടുത്തുള്ളപ്പോൾ അമ്മ എന്നല്ല ആരും എന്നെ ഒന്നും ചെയ്യില്ല അതെനിക്ക് ഉറപ്പാണ്….

“” അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല…. കല്യാണം കഴിഞ്ഞാലും ഞാൻ തന്നെ ആകണം എൻറെ ഏട്ടന്റെ മുൻപിൽ സുന്ദരിക്കുട്ടി…. അല്ലാതെ വലിഞ്ഞു കയറി വരുന്നവളുമാർക്കു കൊടുക്കാൻ പറ്റില്ല എൻറെ സൗന്ദര്യറാണി പട്ടം….. “”

“” നിന്നേ കല്യാണം കഴിപ്പിച്ചു വിട്ടാൽ സമ്മതിക്കുമോ… അങ്ങനെ എങ്കിൽ നിൻറെ കല്യാണം നടത്താം ആദ്യം…. കൊച്ചു കുഞ്ഞു ഒന്നും അല്ലല്ലോ വയസ്സ് ഇരുപത്തി രണ്ടു ആയില്ലേ…. “”

“” കല്യാണം അല്ല എൻറെ അടിയന്ത്രം നടത്തിയാലും എൻറെ ഈ തീരുമാനത്തിന് ഒരു മാറ്റവുമില്ല… അതോർത്തു അമ്മ കല്യാണ സദ്യ ഉണ്ണാൻ ഇല ഇടേണ്ട…. വെറുതേ ഇരിക്കത്തേയുള്ളൂ ഇലയും ഇട്ടു അവിടെ…. “”

എൻറെ വർത്തമാനം കേട്ടു ചിരിക്കുന്ന ഏട്ടനേയും നോക്കി ഒന്നു കലിപ്പിച്ചു രണ്ടും കൂടി എന്നെ ഒറ്റ അടിക്കു കൊല്ലെന്നുള്ള ഡയലോഗ് അടിച്ചോണ്ട് അമ്മ അടുക്കളയിലേക്കു രാത്രിയിൽ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ കയറി പോയി….

അമ്മ കയറിപോയപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു എൻറെ ഈ പിടിവാശി കാരണം ഏട്ടന് കല്യാണം നടക്കാത്തതിൽ വിഷമം ഉണ്ടോന്നു…… എന്നെയൊന്നു കള്ള ചിരിയോടെ നോക്കിയ ഏട്ടന്റെ മീശയിൽ പിടിച്ചൊരു വലിയും കൊടുത്തുകൊണ്ട് വിഷമം ഉണ്ടെങ്കിൽ സഹിച്ചോ പറഞ്ഞു കൊണ്ട് ഞാൻ പഠിക്കാനായി മുറിയിലേക്ക് ഓടി……

അടുത്ത ആഴ്ചയിൽ ഭാഗ്യത്തിന് ചേട്ടന് പെണ്ണ് കാണൽ ഒന്നും ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ സൂക്ഷമമായി എൻറെ കണ്ണുകൾക്കുള്ള പണി അന്നില്ലായിരുന്നു….. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയിട്ട് ആ കല്യാണം സ്ത്രീധനം തികഞ്ഞില്ലെന്നുള്ള കാരണത്താൽ മുടങ്ങിയെന്നും പറഞ്ഞു ആ പെണ്ണിനേയും കെട്ടി ഏട്ടൻ വീട്ടിലോട്ടു കൊണ്ടു വന്നപ്പോൾ എനിക്കു തല കറങ്ങും പോലെ തോന്നി….

അപ്സരസിനെ പോലെ ഒരു പെണ്ണ്…. ഇനി ഏട്ടന്റെ സുന്ദരി ഭാര്യ ആകുമെന്ന് എനിക്കു ഉറപ്പായി…. ഞാൻ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു…. അമ്മ ആണെങ്കിൽ വീണു കിട്ടിയതാണെങ്കിലും ഒരു മരുമകളെ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു……

രാത്രി വൈകിയിട്ടും എന്നെ കഴിക്കാൻ ഒന്നും കാണാഞ്ഞതുകൊണ്ട് എൻറെ പിണക്കം മാറിയില്ലെന്നു മനസ്സിലായതുകൊണ്ട് ഏട്ടൻ എന്നെ വന്നു മാപ്പ് പറഞ്ഞുകൊണ്ട് വിളിച്ചു…. കുറച്ചു നേരം ഏട്ടൻ മാപ്പ് പറഞ്ഞപ്പോൾ സങ്കടം തോന്നി ഞാൻ വാതിൽ തുറന്നു….

ഞാൻ നോക്കിയപ്പോൾ കല്യാണ ദിവസം ആയിട്ടും ഞാൻ മിണ്ടാത്തതുകൊണ്ട് ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുക ആയിരുന്നു…. നോക്കിയപ്പോൾ തൊട്ടപ്പുറത്തു ആ പൂതനയും നില്കുന്നു…. എൻറെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചവൾ….. അവളോട് ആയി എന്നെ കെട്ടിപിടിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു ഇവൾ ആണ് എൻറെ പൊന്നുമോൾ…. എൻറെ ജീവനും ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയും ഇവൾ ആണ് ആ ഓർമ്മ നിനക്കു ഉണ്ടാവണം….. ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിൽക്കുന്ന നാത്തൂനേ കണ്ടപ്പോൾ എനിക്കു ചെറിയ ആശ്വാസം കിട്ടി…. അതുകൊണ്ട് മാത്രം ഞാൻ പോയി ആഹാരം കഴിച്ചു….

ദിവസങ്ങൾ കടന്നു പോയി…. ഏട്ടത്തിക്ക് സ്നേഹം ഉണ്ടെങ്കിലും അവരുടെ സൗന്ദര്യം എനിക്കു അവരിൽ കുശുമ്പ് ഉണ്ടാക്കി…. പറ്റുന്ന വിധത്തിൽ ഒക്കെ ഞാൻ അവരെ ദ്രോഹിച്ചു…. ഏട്ടനോടും അവരെ കുറിച്ചു ഇല്ലാത്തതു പറഞ്ഞു തെറ്റിധരണ ഉണ്ടാക്കാൻ ഞാൻ മറന്നില്ല…. എങ്കിലും എൻറെ സൗമ്യ സ്വഭാവക്കാരനായ ഏട്ടൻ എല്ലാം തന്മയത്വത്തോടെ നേരിട്ടു പിടിച്ചു നിന്നു……

ഒന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ആണ് ഏട്ടത്തിയുടെ വീട്ടിൽ നിന്നും ആൾകാർ വന്നത്…. അതിൽ കുറെ അധികം ആൾക്കാർ ഉണ്ടായിരുന്നു…. എനിക്കു അങ്ങു ദേഷ്യം വന്നു ഒന്നും കൊടുക്കാതെ കെട്ടിച്ചു വിട്ടിട്ടു തിന്നു മുടിക്കാൻ വേണ്ടി എല്ലാംകൂടി കയറി വന്നേക്കുന്നു…..

എൻറെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് എല്ലാവരും വന്നപ്പോൾ തന്നെ ഏട്ടൻ അവരുടെ മുൻപിൽ എന്നെ കൊണ്ടുപോയിട്ട് പറഞ്ഞു…. ആരും കണ്ടിട്ടില്ലല്ലോ ഇതാണ് എൻറെ സുന്ദരി അനുജത്തി…. ഇവളാണ് ഈ വീടിന്റെ ഐശ്വര്യം…. എന്നെ എൻറെ ഏട്ടൻ എല്ലാവരുടെയും മുൻപിൽ പൊക്കി നിർത്തിയപ്പോൾ ആണ് ചായയും കൊണ്ടു അമ്മയും ഏടത്തിയും വരുന്നത്…. എല്ലാവരുടെയും മുൻപിൽ ജോലി ഒക്കെ ചെയ്യുന്ന മിടുക്കി ആണെന്ന് കാണിക്കാൻ ഞാൻ ചാടി കയറി കുറച്ചു ചായ എടുത്തു ആൾക്കാർക്ക് കൊടുത്തു…..

അതിൽ ഒരു അമ്മാവൻ അമ്മയെ കണ്ടതും ചോദിച്ചു….
കാഞ്ഞിരപ്പള്ളി സരോവരത്തിലെ രാമചന്ദ്രന്റെ ഭാര്യ അല്ലേ….. അമ്പട കള്ള അച്ഛനെ ഒക്കെ അറിയാം…. അതോ ഇനി അമ്മയെ അമ്മ പോലും അറിയാതെ സ്നേഹിച്ച വല്ല വേട്ടാവളിയനും ആണോ ആവോ….. ഞാൻ മനസ്സിലോർത്തു

ഞങ്ങൾ ഒന്നു അന്ധിച്ചു നിന്നപ്പോൾ പുള്ളി തുടർന്നു…..

“” ഞാൻ നിങ്ങളുടെ അയല്പക്കത്തെ താമസിച്ചിരുന്നത് ആണ്…. അല്ല അപ്പോൾ ഇവൻ അനുജത്തി ആയി ഞങ്ങളോട് പറഞ്ഞത് അന്ന് വഴിയിൽ നിന്നും കിട്ടിയ കുഞ്ഞിനെ കുറിച്ചു ആണോ അതോ നിങ്ങൾ വേറെ കെട്ടിയോ….. “”

അമ്മയും ഏട്ടനും എന്തു പറയണം അറിയാതെ തലയും കുനിച്ചു നിന്നപ്പോൾ പുള്ളി പിന്നെയും ചോദിച്ചു

“” ഞാൻ പെണ്ണിന്റെ അമ്മാവൻ ആണ്…. രാമചന്ദ്രൻ ഇവന് ഒരു വയസ്സു ആയപ്പോൾ മരിച്ചതാണ്…. പിന്നെ ഇത്രയും ചെറിയ അനുജത്തി എങ്ങനെയെന്നു അറിഞ്ഞാൽ കൊള്ളാം…. അന്ന് ആൾക്കാര് പറഞ്ഞു കേട്ടിട്ടുണ്ട് ഏതോ തെരുവ് കൊച്ചിന് വേണ്ടി ബന്ധുക്കളെ വെറുപ്പിച്ച നിങ്ങളുടെ കഥ…. അതാണ് ചോദിക്കുന്നത്…. “”

അമ്മ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നപ്പോൾ ഏട്ടൻ ധൈര്യപൂർവം പറഞ്ഞു….. എനിക്കു കൂടുതൽ ഒന്നും കേൾക്കാൻ കരുത്തു ഇല്ലാത്തതുകൊണ്ട് ഞാൻ ഏട്ടന്റെ ചുമലിൽ ചാഞ്ഞു…. എന്നെ താങ്ങി പിടിച്ചിരുന്നു എൻറെ ഏട്ടൻ അപ്പോൾ….

“” അതെ ഇവൾ എൻറെ അമ്മയുടെ വയറ്റിൽ പിറന്നതല്ല…. എനിക്കു തെരുവിൽ നിന്നും കിട്ടിയതാണ്…. ഒരു അനുജത്തിയെ ആഗ്രഹിച്ച എനിക്കു ദൈവം കൊണ്ടേ തന്ന പൊൻപൂവ്…. അതുകൊണ്ട് എൻറെ അനുജത്തിയെ ഇനി തെരുവിൽ നിന്നും കിട്ടിയവൾ പറഞ്ഞാൽ പെണ്ണിന്റെ അമ്മാവൻ ആണോ അച്ഛൻ ആണോ നോക്കില്ല വന്നപോലെ തിരിച്ചു പോകില്ല…. ഇതൊരു ഏട്ടന്റെ വാക്കാണ്…. “”

എൻറെ ഏട്ടന്റെ വാക്കുകൾ എനിക്കു കുറച്ചു ധൈര്യം തന്നു എങ്കിലും ഏട്ടന്റെ സ്വന്തം അല്ല ഞാൻ എന്നുള്ളത് എന്നെ വല്ലാതെ വേദനിപ്പിച്ചു…. ഞാൻ കൂടുതൽ നേരം അവിടെ നില്കാതെ മുറിയിലേക്ക് ഓടി…. ഓടുമ്പോൾ എനിക്കു ഏട്ടന്റെ ബാക്കി സംസാരം കേൾക്കാമായിരുന്നു…..

“” എൻറെ അനുജത്തിയെ അംഗീകരിക്കാൻ പറ്റുന്നവർ മാത്രം ഇങ്ങോട്ട് വന്നാൽ മതി….ഇപ്പോൾ നിങ്ങൾ കാരണം അവളുടെ മനസ്സ് വേദനിച്ചു ഇനിയും അനുവദിക്കില്ല ഞാൻ….. അതല്ല നിങ്ങൾക്കു വേറെ ഉദ്ദേശം ഉണ്ടെങ്കിൽ മകളെ വിളിച്ചോണ്ട് പൊക്കോ….””

പിന്നെ ഏട്ടത്തിയോട് ആയിട്ട് പറഞ്ഞു

“” എൻറെ ഭാര്യ ആയി ഇരിക്കണം എങ്കിൽ എൻറെ അനുജത്തിയുടെ അടുത്തേക്ക് ചെല്ലൂ അല്ല ഇവരുടെ മകൾ മാത്രം എങ്കിൽ നിനക്ക് തീരുമാനിക്കാം…. “”

ഏട്ടത്തി ഒന്നും നോക്കാതെ എൻറെ മുറിയിലേക്ക് വന്നു….. ഏട്ടത്തിയുടെ വീട്ടിൽ നിന്നും വന്നവർ ആദ്യ വരവ് തന്നെ മോശം ആയി പോയ വേദനയിൽ ആയിരുന്നു…. ഏട്ടനോട് എനിക്കു വിഷമം ആയെങ്കിൽ ക്ഷമ ചോദിക്കുന്നു പറയാൻ പറഞ്ഞിട്ട് ഇനി ഒരിക്കൽ വരാം പറഞ്ഞവർ ഇറങ്ങി….

ഏട്ടത്തി എൻറെ അടുത്തേക്ക് വന്നപ്പോൾ എന്നോട് ദേഷ്യം ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എന്നാൽ എൻറെ ഏട്ടത്തി എന്നോടു പറഞ്ഞത് എന്നെ കൂടുതൽ സന്തോഷിപ്പിച്ചു…

“” അതെ പൊന്നു നിൻറെ ഏട്ടന് നീ അനുജത്തി മാത്രമല്ല മകൾ കൂടിയാണ് അപ്പോൾ ഞാനും നിനക്കു അമ്മയാണ്….. അതുകൊണ്ട് ഇന്നു മുതൽ നീ നിൻറെ ഏട്ടന്റെ മാത്രം സുന്ദരി മുത്ത് അല്ല എന്റെയും കൂടി സുന്ദരി മുത്താണ്…. ഈ വീടിന്റെ അല്ല ഞങ്ങളുടെ ലോകത്തിലെ സൗന്ദര്യ റാണി…. “”

ഏട്ടത്തിയുടെ ആ വാക്കുകൾ കേട്ടു ഏട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു

“” ഏട്ടത്തി ആണ് സുന്ദരി…. എൻറെ ഏട്ടന്റെ പെണ്ണ് ആണ് ഈ ലോകത്തിലെ സുന്ദരിയും ഭാഗ്യം ചെയ്തവളും…. അതുപോലെ ഞാനും ഭാഗ്യം ചെയ്തവൾ ആണ് ലോകത്തിൽ ആർക്കും ഇത്രയും സ്നേഹസമ്പന്നനും നല്ലവനുമായ ഏട്ടനെ കിട്ടിയിട്ടുണ്ടാവില്ല….. “”

എൻറെ വാക്കുകൾ കേട്ടു അമ്മയും ഏട്ടനും മുറിയുടെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു….

സ്വന്തം മോൾ അല്ലാഞ്ഞിട്ടും എന്നെ പൊന്നു പോലെ നോക്കിയ അമ്മയോടും സ്വന്തം ചോരയിൽ പിറക്കുന്ന മക്കളോട് പോലും തെറ്റുകൾ നടക്കുന്ന ഈ കാലത്ത് സ്വന്തം അല്ലാതിരുന്നിട്ടും എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ച ഏട്ടനോടും ഒരുപാട് നന്ദി മനസ്സിൽ പറഞ്ഞു ഞാൻ…. കൂടെ ഇവരെ എനിക്കു തന്ന ദൈവത്തോടും…. രണ്ടാളോടും അറിവില്ലാഴിമ കൊണ്ട് ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുമ്പോൾ ഒരിക്കലും നീ സങ്കടപെടരുത് മോളെ എന്നുള്ള ഏട്ടന്റെ സ്വരം ആയിരുന്നു എൻറെ ഉള്ളിൽ……

A story by #അരുൺ_നായർ

LEAVE A REPLY

Please enter your comment!
Please enter your name here