Home Jebin James Veliyam “എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ ഞാൻ എന്ത് തെറ്റാ ചെയ്തേ?”

“എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ ഞാൻ എന്ത് തെറ്റാ ചെയ്തേ?”

0

രചന : Jebin James Veliyam

സ്നേഹസാഫല്യം

“കൈ എടുക്കെടോ…”

ഉറക്കത്തിന്റെ ആലസ്യത്തിൽ എനിക്ക് മേൽ വീണ അവളുടെ കൈ തട്ടിമാറ്റികൊണ്ട് ഞാൻ അവളോടിത് പറയുമ്പോഴേക്കും അവൾ ഞെട്ടി ഉണർന്നിരുന്നു…

“അയ്യോ സോറി ഏട്ടാ… ഞാൻ ഉറക്കത്തിൽ അറിയാതെ..”

അവൾ പറഞ്ഞു മുഴുമിക്കും മുന്നേ ഞാൻ ടേബിൾലൈറ്റ് ഓൺ ചെയ്തു.. തലയിണ എടുക്കാനുള്ള എന്റെ ഭാവം കണ്ടിട്ടാവണം

“ഏട്ടൻ ഇവിടെ കിടന്നോളു.. ഞാൻ താഴെ കിടന്നോളാം”

എന്നും പറഞ്ഞവൾ അരണ്ട വെളിച്ചത്തിൽ ഇളംവെള്ള നിറത്തിൽ പാകിയ റ്റൈൽ പാകിയ നിലത്തു ബെഡ്ഷീറ്റു വിരിച്ചു.. അവളുടെ മുഖത്തു പരിഭവമോ പരാതിയോ കണ്ടില്ല.. ഒന്നും മിണ്ടാതെ അവൾ താഴേക്കു കിടപ്പു മാറ്റി

കല്യാണം കഴിഞ്ഞു മൂന്നു ദിവസമായി എന്നിട്ടും അവളോട്‌ ഒന്നു നന്നായിട്ട് സംസാരിച്ചിട്ട് കൂടി ഇല്ല ഞാൻ.. എന്തോ എനിക്കതിനു കഴിയുന്നില്ല.. ചിന്നുവിന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കല്പിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ് കല്യാണം വേണ്ട എന്ന് വാശി പിടിച്ചു നാലു വർഷം തള്ളി നീക്കിയത്.. ഒരിക്കലും തിരികെ വരില്ലെന്ന് ഉറപ്പുള്ള അവളുടെ ഓർമ്മകളിൽ ജീവിക്കാനുള്ള എന്റെ ആഗ്രഹം വാർദ്ധക്യത്തിന്റെ അസുഖങ്ങൾ വിടാതെ പിന്തുടരുന്ന അമ്മയുടെ പിടിവാശിയ്ക്കു മുന്നിൽ അടിയറവ് വച്ചുകൊണ്ട് മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ദിവ്യയുടെ കഴുത്തിൽ എനിക്ക് താലി ചാർത്തേണ്ടി വന്നു..

ഓർമ്മകൾ എന്നെ കൊത്തിവലിക്കും മുന്നേ ഉറക്കം കടന്നു പിടിച്ചത് നന്നായെന്ന് പിറ്റേന്ന് രാവിലെ ചായയുമായി അവളെന്നെ വിളിച്ചപ്പോൾ ഞാൻ ഓർത്തു..

എനിക്ക് നേരെ നീട്ടിയ ചായഗ്ലാസ്സ് കൈക്കുള്ളിൽ ഒതുക്കി നുണഞ്ഞിറക്കുമ്പോഴും അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകും എന്തെങ്കിലും ഒന്ന് സംസാരിക്കുമെന്ന്.. കണ്ണുകൾ ഫോണിൽ ആഴ്ത്തി അവളുടെ നിൽപ്പ് ഞാൻ അവസാനിപ്പിച്ചു.. ഉള്ളിലെ സങ്കടം പുറത്തു കാട്ടാതെ സാരിത്തുമ്പ് വയറിനോട് ചേർത്തവൾ അടുക്കളയിലേക്കു നടന്നു

********************************
“ടാ നിന്റെ ബ്ലഡ്‌ എടുത്തോ? ”

അജുവിന്റെ ചോദ്യം കേട്ടതും ദേഷ്യം ഒരൽപ്പം ഇരച്ചു കയറി വന്നതാ.. പിന്നെ നല്ലൊരു കൂട്ടുകാരൻ ആയതുകൊണ്ട് തെറി വിളിയിൽ അവസാനിപ്പിച്ചു.. വേറൊന്നും കൊണ്ടല്ല ഓഫീസിൽ നൂറുകൂട്ടം പണിയുണ്ട് അതിനിടയ്ക്കാ അവന്റെ ഒരു ബ്ലഡ്‌ ഡോനെഷൻ… ഇപ്പൊ ഇങ്ങു വരാമെന്നും പറഞ്ഞു വിളിച്ചു കൊണ്ട് വന്നതാ വന്നിട്ട് ഇപ്പോ ഒന്നര മണിക്കൂറാകുന്നു..

എന്തായാലും അതും കഴിഞ്ഞിറങ്ങി അവന്റെ ബൈക്കിനു പിറകിലിരുന്നു ഓഫീസിലേക്ക് വെച്ച് പിടിക്കുന്നതിനു ഇടയ്ക്കു സൈഡ് മിററിലൂടെ എന്നെ ഒളികണ്ണിട്ടു നോക്കി അവൻ ചോദിച്ചു

ടാ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു മാസം ആയല്ലോ എന്തേലും ആയോ?

“എന്തോന്ന്? ”

“മറ്റേത്? ”

ഞങ്ങൾ തമ്മിൽ അങ്ങനുള്ള ബന്ധം ഉണ്ടായിട്ടില്ല… എന്റെ മറുപടി കേട്ടിട്ടാകണം ബൈക്ക് പെട്ടെന്ന് ചവിട്ടി നിർത്തി എന്നെ അവൻ തിരിഞ്ഞു നോക്കിയത്… സത്യത്തിൽ അവനും പ്രതീക്ഷിച്ചു കാണില്ല എന്റെ ഈ മറുപടി…

“നീ കാര്യമായിട്ട് പറഞ്ഞതാണോ? ”

“മ്മ് ഞാൻ നേരെ ചൊവ്വേ മിണ്ടിയിട്ട് കൂടി ഇല്ല..”

“നിനക്ക് എന്താ വട്ടാണോ? ”

മ്മ് നീ വണ്ടി എടുക്ക്.. സമയം കുറെ ആയി ഇറങ്ങിയിട്ട്…. ഉപദേശിച്ചിട്ട് കാര്യമില്ലെന്നു അവനു ബോധ്യമുള്ളത് കൊണ്ടാകണം ഓഫീസിനു മുന്നിൽ എത്തുന്നത് വരെ ഒരക്ഷരം പോലും മിണ്ടിയില്ല..

രണ്ടു ദിവസം കഴിഞ്ഞ് ഓഫീസിൽ നിന്നും വരുന്ന എന്നെയും കാത്തു നിൽക്കുന്ന അവനെ കണ്ടപ്പോൾ എനിക്കും അതിശയം തോന്നി..

“എന്താടാ നിനക്ക് ഒന്ന് വിളിച്ചൂടാരുന്നോ? എന്റെ ചോദ്യം പാടെ അവഗണിച്ചു കൊണ്ടവൻ

“ബൈക്കിൽ കേറ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”

ഓളങ്ങൾ തിര തള്ളുന്ന തീരത്തെ കാറ്റിനെ വക വയ്ക്കാതെ അവൻ എന്നെ കെട്ടിപ്പിടിച്ചു.. അവന്റെ കണ്ണുനീർ എന്റെ തോളിൽ പതിക്കുമ്പോഴും എനിക്ക് ഒന്നും മനസ്സിലായില്ല…
വിറയ്ക്കുന്ന കൈകളോടെ എനിക്ക് നേരെ നീട്ടിയ പേപ്പർ വായിച്ചു കഴിഞ്ഞതും ശരീരം ആകെ ഒരു മരവിപ്പായിരുന്നു..

ബ്ലഡ്‌ ക്യാൻസർ എന്നിലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്നിരിക്കുന്നു…

ആരോടും ഒരു വാക്കും മിണ്ടിയില്ല… ഒരാഴ്ചത്തെ ലീവിന് വിളിച്ചു പറഞ്ഞു വീട്ടിൽ കുത്തിയിരിക്കുന്ന എന്നോട് ദിവ്യ പല തവണ ചോദിച്ചു എന്തുപറ്റി ഏട്ടായെന്നു

ഒന്നുമില്ലെന്ന മറുപടിയിൽ ഒതുക്കി അവളോട്‌ അകലം കാണിക്കുമ്പോഴും എന്നിലേക്ക്‌ അടുക്കാൻ അവൾ ശ്രമിക്കാറുണ്ടായിരുന്നു…

ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുത് അവൾക്കു മറ്റൊരു നല്ല ജീവിതം ഉണ്ടാകണം ഞാൻ മരിക്കുന്നതിന് മുൻപ് എന്നൊരു ചിന്ത മനസ്സിൽ നിരന്തരം അലയടിച്ചതു കൊണ്ടാകണം

ഡിവോഴ്സിന്റെ പേപ്പർ ഒപ്പിടാൻ അവൾക്കു നേരെ നീട്ടിയത്

നിറഞ്ഞ കണ്ണുകളാൽ അവളതു വായിച്ചു.. കണ്ണുനീർ തുള്ളികൾ പേപ്പർ കുതിർക്കുന്നത് ഞാൻ നോക്കി നിന്നു

“എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ ഞാൻ എന്ത് തെറ്റാ ചെയ്തേ?”

ഏങ്ങലടിച്ചു അവൾ എന്നോടിത് ചോദിക്കുമ്പോ അറിയാതെ എങ്കിലും എന്റെ മനസ്സൊന്നു പിടഞ്ഞു…

“ഏയ്‌ അതൊന്നും അല്ലെടോ തനിക്കു നല്ലൊരു ജീവിതം വേണം അതിന് ഇതാ ഒരു വഴി ”

“ഇങ്ങനാണോ എനിക്ക് നല്ല ജീവിതം തരുന്നത്? ഏട്ടന് എന്നെ ഇഷ്ടമല്ലേൽ അത് തുറന്നു പറഞ്ഞോളൂ ഞാൻ ഒഴിഞ്ഞു തരാം? ”

“ഏയ്‌ അതല്ല.. പ്ലീസ് കൂടുതൽ ഒന്നും ചോദിക്കരുത്..”

“വേണ്ടാ എനിക്ക് അറിയണം..”

അവളുടെ വാക്കുകളിൽ ദൃഢത കടന്നു കൂടിയത് കൊണ്ടാകാം ഞാൻ മേശക്കകത്തു നിന്നും റിപ്പോർട്ട്‌ എടുത്ത് അവളുടെ കൈയിൽ വച്ചു…കാര്യം അറിയുമ്പോൾ അങ്ങ് പോകുമല്ലോ എന്നു ഞാനും കരുതി…

നിറകണ്ണുകളോടെ അവളതു വായിച്ചു… ഇതൊന്നും കൊണ്ട് ഞാൻ ഏട്ടനെ വിട്ടു പോകില്ലെന്നും പറഞ്ഞവൾ ആദ്യമായി എന്നെ കെട്ടിപിടിച്ചു… അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ നെഞ്ചിൽ പതിക്കുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു… “എന്നെ വേണ്ടെന്നു പറയല്ലേ ഏട്ടാ….”

എണ്ണമറ്റ ദിവസങ്ങൾ മാത്രമേ ഇനി ജീവിതത്തിൽ ഉള്ളു എന്ന് വിശ്വസിച്ച ഞാനും പതറി പോയി… എന്റെ കണ്ണുനീർ കണങ്ങൾ അവളുടെ മുടിയിഴകൾ തഴുകി തലോടി…ആദ്യമായി അവളുടെ നെറുകയിൽ ഞാൻ ഒരു ഉമ്മ നൽകി..

അവളുടെ സാമീപ്യവും പ്രചോദനവുമായിരുന്നു എന്റെ ക്യാൻസർ വിമുക്തമായ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്..

വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ ആദിമോനോടും അഥിതിമോളോടും എന്റെ നെഞ്ചിൽ ചേർന്ന് കിടക്കാൻ വാശി കാട്ടുന്ന അവളെ കാണുമ്പോൾ ചിന്തിക്കാറുണ്ട് ഭാര്യ എന്ന വാക്കിനർത്ഥം…..

#ജെബിൻ

LEAVE A REPLY

Please enter your comment!
Please enter your name here