Home Varun Das M ഒരു കന്യാസ്ത്രീയെ കിട്ടിയാൽ വിവാഹം കഴിക്കുമോ ?

ഒരു കന്യാസ്ത്രീയെ കിട്ടിയാൽ വിവാഹം കഴിക്കുമോ ?

0

രചന : Varun Das M

ഒരു കന്യാസ്ത്രീയെ കിട്ടിയാൽ വിവാഹം കഴിക്കുമോ ?
ഞാൻ എഴുതുന്ന കഥകൾ വായിച്ചിട്ട് സ്ഥിരമായി ഇൻബോക്സിൽ അഭിപ്രായം പറയുന്ന ജീന എന്ന ഒരു പെണ്കുട്ടിയുടേതാണ് ചോദ്യം.
പെട്ടെന്നുള്ള ചോദ്യം എന്നെ ഒന്നുലച്ചു.
എങ്കിലും പതിവുപോലെ കുസൃതി കലർന്ന മറുപടി നൽകാൻ തീരുമാനിച്ചു.
പിന്നെന്താ, കന്യാസ്ത്രീയെ കെട്ടി എന്റെ മണവാട്ടി ആക്കി എന്റെ പിള്ളേരുടെ മദറാക്കി അവരുടെ പിള്ളേരുടെ ഗ്രാൻഡ് മദറാക്കും ഞാൻ…
ഇത്രയും ടൈപ്പ് ചെയ്ത് അയച്ച ശേഷം മറുപടിക്കായി അല്പം കാത്തിരിക്കേണ്ടി വന്നു.

പിന്നേ കാര്യത്തോടടുക്കുമ്പം അറിയാം ഈ ധൈര്യമൊക്കെ ഉണ്ടോ എന്ന്?
അവളുടെ മറുപടി.
ഇതിന് വലിയ ധൈര്യം ഒന്നും വേണ്ട കുട്ടീ,
തനിക്കറിയാമോ 1000ക്കണക്കിന് സ്‌ത്രീകൾ ലൗകിക ജീവിതം ഉപേക്ഷിച്ച് ആത്മീയതയുടെ പാത സ്വീകരിക്കുന്നു…
പലപ്പോഴും സ്വീകരിക്കാൻ നിർബന്ധിതരാകുന്നു.

അത് നല്ലതല്ലേ, അവരുടെ ആത്മ ശാന്തിക്ക് വേണ്ടിയാകും അവർ അങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കുന്നത്.
അവളുടെ മറുപടി എന്നെ ഞെട്ടിച്ചു.
എന്ത് ആത്മശാന്തി?
എന്റെ കുട്ടീ സേവനം ചെയ്യലാണ് ഉദ്ദേശമെങ്കിൽ അതിന് ജീവിതകാലം മുഴുവൻ കന്യക ആയി ജീവിക്കേണ്ട കാര്യമില്ല.ഭർത്താവും കുട്ടികളും ഒക്കെയുള്ള എത്രയോ ആളുകൾ സമൂഹത്തിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നു.അവര്ക്ക് കുടുംബം ഒരു ഭാരമല്ലല്ലോ?

ജീവിതത്തോട് വിരക്തി തോന്നുന്ന ആളുകളാവും കന്യാസ്ത്രീ ആകുന്നത്…
ബെസ്റ്റ്…ജീവിതത്തിലെ സന്തോഷങ്ങളൊക്കെ ഒഴിവാക്കിയതിന്റെ നിരാശയിൽ നെടുവീർപ്പുകളുമായി ജീവിതം തള്ളി നീക്കുന്ന എത്രയോ ആളുകൾ ഉണ്ടാകും?
എല്ലാവരും മഹത്തായ മദർ തെരേസയെ പോലെയാകണമെന്നില്ലല്ലോ…
അതിപ്പോൾ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ?
തീർച്ചയായും…അല്ല അതിരിക്കട്ടെ താൻ ഈ ചോദ്യ ശരം എയ്തു വിടാനുള്ള കാര്യം എന്താണ്?
ചേട്ടന്റെ കന്യാസ്ത്രീയെ പ്രേമിച്ച കാട്ടാളൻ എന്ന കഥ വായിച്ചത് കൊണ്ടാണ്…അതിലെ നായകന്റെ ഗുണം എഴുത്തുകാരനും ഉണ്ടോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്.
ആഹാ ഓ.കെ.അങ്ങനെ ആത്മീയ ജീവിതം വെറുത്ത ഒരു കന്യാസ്ത്രീയെ കിട്ടിയാൽ ഞാൻ കെട്ടും…
ഞാൻ പറഞ്ഞു.
സമ്മതിച്ചിരിക്കുന്നു ചേട്ടന്റെ ഉള്ളിലെ വിപ്ലവത്തിനെ.
വളരെ സന്തോഷം…ആ പിന്നെ വല്ല കന്യാസ്ത്രീകളും ഉണ്ടെങ്കിൽ പറയണേ ഞാൻ റെഡിയാ…
ഓ.കെ ചേട്ടാ ഞാൻ നോക്കട്ടെ…

ഫോൺ ബെല്ലടിച്ചപ്പോൾ ആരാണെന്ന് നോക്കി,ചേച്ചിയാണ്… ഞാൻ അറ്റൻഡ് ചെയ്തു.
ഹലോ…
ഹലോ…ഡാ നീയെവിടാ?
ഓഫീസിലാ ചേച്ചീ…
ആ എന്നാൽ വീട്ടിലോട്ട് വരൂ…
ഇപ്പോഴോ?എന്താണ് കാര്യം?
ഒരു സർപ്രൈസ് ഉണ്ട്…
ആ ഓ.കെ ഞാൻ വരാം…

ചേച്ചി ,മാലതിദേവി ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ ടീച്ചർ ആണ്.
ഭർത്താവ് അനന്ത നാരായണൻ ഐ. പി. എസ് ജില്ലാ പോലീസ് മേധാവി ആണ്.

ഞാൻ ചേച്ചിയുടെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു.
ചേച്ചി വാതിൽ തുറന്നു…
ആഹാ ഇത്ര പെട്ടെന്ന് എത്തിയോ?
അതുപിന്നെ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ…
ഉം ഉണ്ട് നീ വാ…
ഞാൻ അകത്തേക്ക് കയറി.
ഇതാണ് നിനക്കുള്ള സർപ്രൈസ്.
ഹാളിലേക്ക് ഇറങ്ങി വന്ന യുവതിയെ ചൂണ്ടി ചേച്ചി പറഞ്ഞു.
ഇതെന്ത് സർപ്രൈസ് എന്നു ഞാൻ ചിന്തിച്ചു…

ഹായ് ഞാൻ പറഞ്ഞു.
ഹായ് അവൾ തിരിച്ചും.
ഞാൻ ആദിയോഗി…
ഞാൻ ജെസ്സി…
ഇരുന്നു സംസാരിക്കാം …ചേച്ചി എന്നെ പിടിച്ചിരുത്തി.
അവളും ഇരുന്നു.
ഞാൻ ചേട്ടന്റെ കഥകൾ ഒക്കെ വായിക്കാറുണ്ട്.
ആണോ വളരെ സന്തോഷം…
ചേട്ടനുമായി ചാറ്റും ചെയ്യാറുണ്ട്…
ങേ?ജെസ്സി എന്ന പേരുള്ള ഒരു ചാറ്റ് ഫ്രണ്ട് എനിക്കില്ലല്ലോ…
അയ്യോ ഫേസ്ബുക്കിൽ ജീന എന്നാണ് ഐഡി.
ആഹാ…മറ്റേ കന്യാസ്ത്രീയെ ആലോചിക്കാം എന്നു പറഞ്ഞ കുട്ടി…
അതേ…അവൾ ചമ്മലോടെ പറഞ്ഞു.
എന്തോന്നെടെ ഇത്?നീ ഉള്ളതാണോ ഈ പറയുന്നത്? ചേച്ചി ചോദിച്ചു.
പിന്നല്ലാതെ കന്യാസ്ത്രീയും സ്‌ത്രീയല്ലേ?
ഹും, എന്തായാലും വേണ്ടില്ല നീ ഒന്നു കെട്ടിയാൽ മതിയായിരുന്നു…
അതൊക്കെ നടക്കും ചേച്ചീ…
അതിരിക്കട്ടെ ജെസ്സി എന്തു ചെയ്യുന്നു?
ഞാൻ ബി.എഡിനു പഠിക്കുന്നു…
ടീച്ചർ എനിക്ക് സ്വന്തം ചേച്ചിയെ പോലാണ്,…ടീച്ചറിന്റെ അനിയനാണ് ചേട്ടൻ എന്നു പറഞ്ഞപ്പോൾ ഒന്നു കാണാൻ ഞാൻ ആഗ്രഹിച്ചു…
അതിനെന്താ,കണ്ടതിൽ സന്തോഷം.
******************
രാത്രി ചേച്ചി വിളിച്ചു.
ടാ ആ കൊച്ചു കൊള്ളാമോ?
ഏതു കൊച്ചാ?
ജെസ്സി…
എന്തു കൊള്ളാം എന്നാ?
കാണാൻ?
കൊള്ളാം ആള് സുന്ദരിയാ…നല്ല ചിന്താശേഷിയും ഉണ്ട്…
അവളെ കിട്ടിയാൽ നീ കെട്ടുമോ?
അതിപ്പോൾ…
നീ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അവളെ കെട്ടിയാൽ നിന്റെ കഥയിലെ പോലെ സംഭവിക്കും.
അതെന്താ?
അവൾ ഒരു കന്യാസ്ത്രീ ആണെടാ…
ഞാൻ ഞെട്ടിപ്പോയി…
എന്ത്…കന്യസ്ത്രീയോ?
അതേടാ,മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ച അവളെ വളർത്തിയത് ചേട്ടനും ഭാര്യയും ആണ്.
ചെറുപ്പത്തിലേ അമ്മച്ചിയുടെ നേർച്ചയാണ് മോളേ കന്യാസ്ത്രീ ആക്കാം എന്നുള്ളത് എന്ന് പറഞ്ഞ് ആ പെണ്ണിനെ പ്രലോഭിപ്പിച്ചത് വീട്ടുകാരാണ്. അവളുടെ കണക്കറ്റ സ്വത്ത് അടിച്ചെടുക്കാൻ വേണ്ടി ഉള്ള അടവായിരുന്നു…
അടുത്തിടെയാണ് അവൾക്ക് ചതി മനസിലായത്…

അവളെ കെട്ടാൻ ഞാൻ തയ്യാറാണ്, അവൾക്ക് സമ്മതമാണോ?
ഞാൻ ചോദിച്ചപ്പോൾ സമ്മതമാണ്,ഞാൻ പറഞ്ഞിട്ടാണ് അവൾ കന്യാസ്ത്രീയെ കിട്ടിയാൽ കെട്ടുമോ എന്ന് ചോദിച്ചത്…
അടിപൊളി അങ്ങനെ എങ്കിൽ അവളെ കെട്ടുകയും ചെയ്യാം,അവളെ പറ്റിച്ച ചേട്ടനിട്ടൊരു പണിയും കൊടുക്കാം…
എങ്കിൽ ശരി…
*************
ഒരു മാസം കഴിഞ്ഞപ്പോൾ തിരുവസ്ത്രം ഉപേക്ഷിച്ച് ജെസ്സി ഒരു സാധാരണ യുവതിയായി മാറി…
ഞാൻ അവളെ വിവാഹം ചെയ്തു…
ചേട്ടൻ കൈവശപ്പെടുത്തിയ സ്വത്തുക്കൾ ഞങ്ങൾ തിരിച്ചുപിടിച്ചു…

ഇപ്പോൾ എന്റെ ആദ്യത്തെ പ്രതിജ്ഞ നിറവേറ്റി അവളെ ഒരു മദർ ആക്കി…
രണ്ടാമത് മദർ ആകാനുള്ള തയ്യാറെടുപ്പിലാണ്…
എല്ലാം ദൈവത്തിന്റെ കളി…

(ശുഭം).

LEAVE A REPLY

Please enter your comment!
Please enter your name here