Home Viral ജോലിക്കു വേണ്ടി ബോഡി ടെസ്റ്റ് എന്ന് പറഞ്ഞു ബോധം കെടുത്തിയപ്പോ അവൻ അറിഞ്ഞില്ല ചതി

ജോലിക്കു വേണ്ടി ബോഡി ടെസ്റ്റ് എന്ന് പറഞ്ഞു ബോധം കെടുത്തിയപ്പോ അവൻ അറിഞ്ഞില്ല ചതി

0

[ad_1]

“സാറേ, എന്നെ ഇറക്കി വിടല്ലേ സാറേ, എനിക്കി സ്ഥലമൊന്നും പരിചയമില്ല . ഈ രാത്രി ഞാൻ എന്തു ചെയ്യും? സത്യമായിട്ടും എന്റെ ടിക്കറ്റ് പോക്കറ്റടിച്ചതാ” . ” ഒന്നുകിൽ നീ അടുത്ത സ്റ്റേഷനിൽ ഇറങ്ങുക, അല്ലെങ്കിൽ ഫൈൻ അടക്കുക . ഇതു രണ്ടും ഇല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കും”. ടി.ടി.ഇ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അപ്പോഴേക്കും മറ്റു യാത്രക്കാർ ഉറക്കം നഷ്ട്ടപെട്ടതിന്റെ ഈർഷ്യയിൽ മുഖം ചുളിച്ചു ശ്രദ്ധിച്ചു തുടങ്ങി. ” എത്രയാ സർ ഫൈനടക്കേണ്ടത്.?

‘” ഞാൻ പതിയെ ചോദിച്ചു. ടിക്കറ്റ് എക്സാമിനർ അൽഭുതതോടെ എന്നെ നോക്കി. ” തിരുവനന്തപുരം – മുംബൈ ഫുൾ ചാർജ് അടക്കേണ്ടി വരും. 1000 .എന്താ പേ ചെയ്യുന്നോ? ” ടി.ടി.ഇ കളിയാക്കുന്നതു പോലെ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ പണം എടുത്തു കൊടുത്തു. ടി.ടി.ഇ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അടുത്ത കമ്പാർട്ട്മെന്റിലേക്ക് നീങ്ങി.മുഖം താഴ്ത്തി കരച്ചിലിന്റെ വക്കിൽ നിൽക്കുന്ന കുട്ടിയോട് ഞാൻ ചോദിച്ചു. ” എന്താ നിന്റെ പേര്? എങ്ങോട്ടാ പോകേണ്ടത്? ” അവൻ ശബദിച്ചില്ല.

പരമാവധി ശാന്തമായി ഞാൻ വീണ്ടും ചോദിച്ചു. ” നീ എന്താ ഒന്നും മിണ്ടാത്തത്..? നീ വീടുവിട്ടു പോന്നതാണോ . ” അവൻ പതുക്കെ തലയാട്ടിക്കൊണ്ട് ചുറ്റിനും നോക്കി. ഞാനൊന്ന് ചിരിച്ചു. ” കൊള്ളാം. എന്താ കാര്യം, പരീക്ഷയിൽ തോറ്റതോ, അച്ഛനും അമ്മയും വഴക്കു പറഞ്ഞതോ? അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്’” ” അതൊന്നുമല്ല സാറേ “.അവന്റെ കണ്ണുകൾ നിറഞ്ഞു. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഞാനവനെയും വിളിച്ചു കൊണ്ട് വാതിലിനലേയ്ക്ക് നടന്നു. ” സാറൊന്നും വേണ്ട. ഏട്ടൻ അതു മതി.

പറയൂ കുട്ടി. നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ പോന്നത്. തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും.” ‘ അവനൊന്ന് പേടിച്ചു. പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി. ” അനിരുദ്ധ് എന്നാ എന്റെ പേര്. ഞാൻ പ്ലസ് വണിന് പഠിക്കാ. എന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. ആരൊക്കെയോ കൊന്നതാണെന്നും പറയുന്നു. സ്വഭാവം ശരിയല്ലായിരുന്നത്രേ.

അമ്മ വേറെ കല്യാണം കഴിച്ചു. ഞാൻ അമ്മാവന്റെ വീട്ടിലാ നിൽക്കുന്നത്. അവർക്കും എന്നെ ഇഷ്ടമല്ല എന്തു ചെയ്താലും കുറ്റമാ. അമ്മയുടെ കൂടെ നിൽക്കാമെന്നു വച്ചാൽ അയാൾക്ക് അത് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അമ്മാവന്റെ മോൾ രാധിക കുളിക്കുമ്പോ ആരോ ഒളിഞ്ഞു നോക്കിയത്രെ.

അത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഒരു പാട് തല്ലി , പട്ടിണിക്കിട്ടു. രാധിക എനിക്ക് പെങ്ങൾ തന്നെയാ .ഞാനങ്ങനെ ചെയ്യോ ഏട്ടാ. പക്ഷേ, ആരും വിശ്വസിച്ചില്ല അമ്മ പോലും . ആളുകളൊക്കെ കുത്തുവാക്കുകൾ… എനിക്ക് വയ്യ ഇനിയും അവിടെ നിൽക്കാൻ . ആ നാടും വീടും എനിക്ക് ഇനി വേണ്ട.” അവൻ മുഖം പൊത്തിക്കരഞ്ഞു. ഞാനവന്റെ പുറത്ത് തട്ടി.

“അയ്യേ, ആൺകുട്ടികൾ കരയുന്നോ? നീ സമാധാനിക്ക് ” . ” എനിക്കൊരു ജോലി വേണം. എന്തു ജോലിയും ചെയ്തോളാം. ഏട്ടൻ എന്നെയും കൊണ്ടു പോകുമോ” . അവൻ എന്നെ പ്രതീക്ഷയോടെ നോക്കി. ” ഇതൊരു പണി ആയല്ലോ? മോനെ ഇത് കോയമ്പത്തൂർ കഴിഞ്ഞതേ ഉള്ളൂ. നാളെ വൈകിട്ടേ മുംബൈയിൽ എത്തൂ. ഇപ്പോ നീ പോയി കിടന്നോളൂ. ഇനി നിന്നെ ആരും എഴുന്നേൽപ്പിക്കില്ല.’” ഞാൻ പറഞ്ഞു. അവൻ സീറ്റിലേക്ക് നടന്നു.

ഞാൻ സ്റ്റെപ്പിൽ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. പെട്ടെന്ന് , എന്റെ ഫോൺ ശബ്ദിച്ചു. ഞാൻ എടുത്തു നോക്കി. ഡോക്ടർ അജിത് മോഹൻ ആണ് . മുംബൈ ഗുരുദേവ് ഹോസ്പിറ്റലിന്റെ എംഡി. ” ഹലോ , എന്താണ് സർ?” ” താനിതെവിടെയാടോ? രണ്ടു ദിവസം ആയി ഞാൻ വിളിച്ചോണ്ടിരിക്കാ” ‘ . മറുതലയ്ക്കൽ നിന്ന് അജിതിന്റെ ഘനഗംഭീരമായ സ്വരം കേട്ടു . ” ഞാൻ നാട്ടിലൊന്നു പോയി. ഇപ്പോ തിരിച്ചു വരുന്ന വഴിയാ. എന്താ സർ? ” ഞാൻ വീണ്ടും ചോദിച്ചു. ” എടോ , പുതിയ ഒരു ഓർഡർ കിട്ടിയിട്ടുണ്ട്. സംഭവം അൽപ്പം വിലപിടിപ്പുള്ള കേസാ .

ഒരു കോടിയാ ഓഫർ ” ” ഒരു കോടി. അതേതാ സർ ഇത്ര വിലപ്പെട്ട വസ്തു?” ” ഹാർട്ട് ” . ” ഹാർട്ടോ ?” ഒരു ഞെട്ടലിൽ എന്റെ സ്വരം ക്രമാതീതമായി ഉയർന്നു. പെട്ടെന്ന് ചുറ്റിനും നോക്കി, സ്വയം നിയന്ത്രിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു ‘ ” അല്ല സർ; ഇത് ?” ” ഒരു വലിയ ബിസിനസ് മാഗ്നറ്റിന്റെ ഒരേ ഒരു മകൻ. ശതകോടികളുടെ ഒരേ അവകാശി.

17 വയസ് ഉള്ളൂ. കാർഡിയോ മയോപ്പതി എന്ന അസുഖമാണ്. കുറച്ചു ക്രിട്ടിക്കലാണ്. എത്രയും പെട്ടെന്ന് ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ നടത്തണം. അതേ രക്ഷയുള്ളൂ. ഹാർട്ട് സാധാരണ മറ്റ് അവയവങ്ങളെ പോലെ സ്വമേധയാ ആർക്കും ദാനം ചെയ്യാവുന്നതല്ലല്ലോ.

അതിന് മസതിഷ്ക മരണം സംഭവിക്കണം, മറ്റു കോംപ്ലിക്കേഷൻസ് പാടില്ല. ബന്ധുക്കളുടെ സമ്മതപത്രം വേണം.മൊത്തത്തിൽ റിസ്ക്കാ. മാത്രമല്ല, അങ്ങനൊരു കേസ് വന്നാൽ തന്നെ ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തവർ വേറെ ഉണ്ട്. പ്രോട്ടോക്കോളനുസരിച്ച് ബുക്കിങ്ങ് പ്രകാരമേ സർജറി പാടുള്ളൂ.

മെഡിക്കൽ എത്തിക്സിന് പാവപ്പെട്ടവന്റെ ജീവനും പണക്കാരന്റെ ജീവനും തമ്മിൽ വ്യത്യാസമില്ലല്ലോ. എന്തു ചെയ്തിട്ടായാലും അയാൾക്ക് മകന്റെ ജീവൻ രക്ഷിച്ചേ തീരു . നടന്നാൽ പത്ത് ലക്ഷമാ തനിക്ക് കിട്ടാൻ പോകുന്നത്. ” അയാൾ പറഞ്ഞു നിർത്തി.”

ഒരു കോടി കിട്ടിയിട്ട് എനിക്ക് പത്തു ലക്ഷമേ ഉള്ളോ സർ? ” ഞാൻ സ്വരത്തിൽ അൽപം നിരാശ കലർത്തി ചോദിച്ചു. ” എടോ തനിക്ക് അറിയാലോ ഇതൊരു റാക്കറ്റ് ആണെന്ന്. മെഡിക്കൽ ടീം മുതൽ പത്രക്കാർ, പോലീസുകാർ, ചില രാഷ്ട്രീയക്കാർ തുടങ്ങി എത്രയെണ്ണത്തിന് പങ്കു കൊടുത്താലാ പിടിച്ചു നിൽക്കാൻ കഴിയുക. എനിക്കും തന്നെ പോലൊരു സംഖ്യ തന്നെയാ കിട്ടുക ” .

“അല്ല സാറേ, ഇതിന് മുമ്പ് ചില്ലറ കാശ് കൊടുത്ത് പറ്റിച്ച് നമ്മൾ കിഡ്നി, ലിവർ ഒക്കെ എടുത്തിട്ട് വലിയ സംഖ്യക്ക് വിറ്റിട്ടുണ്ട്. ഇത് അങ്ങനെ നടക്കില്ലല്ലോ. ” ” നടക്കില്ല, അത് എനിക്കും അറിയാം. അതു കൊണ്ടല്ലേ ഈ കേസ് തന്നെ ഏൽപ്പിച്ചത്. കാശിന് വേണ്ടി എന്തും ചെയ്യുന്നവരല്ലേടോ നമ്മൾ “‘.

അയാൾ ഉറക്കെ ചിരിച്ചു.ഒരു മാത്ര നിർത്തി അയാൾ തുടർന്നു. “തനിക്ക് എന്തും ചെയ്യാം. പക്ഷേ, എവിടെയും ഒരു പാളിച്ചയും പറ്റരുത്. പറ്റിയാൽ…. അറിയാലോ, എല്ലാം തകരും. തന്നെപ്പോലെ അല്ല ഞാൻ. എനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്.” ” അറിയാം സർ, ഇതിന് എന്തൊക്കെയാ ഇതിന്റെ കാര്യങ്ങൾ? ” ഞാൻ ചോദിച്ചു. ” പ്രായം പതിനാലിനും പതിനെട്ടിനും ഇടയക്ക് ആണേൽ നല്ലത്.

പേഷ്യന്റിന്റെ ബ്ലഡ്‌ ഗ്രൂപ്പ് AB പോസിറ്റീവ് ആയതു കൊണ്ട് ഡോണറിന്റെ ഗ്രൂപ്പ് പ്രശ്നമല്ല. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നാൽ മതി.” ” എങ്കിൽ നമുക്ക് നേരിട്ടു കാണാം സർ. എന്നിട്ട് ആലോചിക്കാം ബാക്കി “. ” ഓക്കെ. വരുമ്പോൾ ഒരു സന്തോഷ വാർത്ത പറയാനുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.” അയാൾ ഫോൺ കട്ട് ചെയ്തു. തിരിച്ച് സീറ്റിലേക്ക് നടക്കുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. കിടന്നിട്ടും ഉറക്കം വന്നില്ല. “ചേട്ടാ, ചേട്ടനെന്താ ആലോചിക്കുന്നെ ?”ഞാൻ ഞെട്ടിത്തിരിഞ്ഞു . നേരെ എതിർവശത്തെ സീറ്റിൽ അനിരുദ്ധ് എന്നെ നോക്കിക്കിടപ്പുണ്ട്.

എന്റെ കണ്ണുകൾ വിടർന്നു. ” ഞാനോ, ഞാൻ നിനക്കൊരു ജോലി തന്നാലോ എന്ന് ആലോചിച്ചതാ” . ഞാൻ പതുക്കെ പറഞ്ഞു. ” സത്യമാണോ? ചേട്ടനെ കണ്ടുമുട്ടിയത് എന്റെ ഭാഗ്യം.. ചേട്ടൻ എനിക്ക് ഭഗവാനെപ്പോലെയാ. ചേട്ടന്റെ പേരെന്താ?” അവൻ അൽപ്പം ആവേശത്തിലായി. ” ഈ ഭഗവാന്റെ പേര് ശിവൻ എന്നാണ് കുട്ടീ” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. ” ശിവേട്ടാ, ഓർമ്മ വെച്ച കാലം തൊട്ട് സഹിക്കുന്നതാ ഈ നിന്ദയും പരിഹാസവും കുറ്റപ്പെടുത്തുകളും. അതെങ്ങനെയാ പെറ്റമ്മയ്ക്ക് പോലും ഞാനൊരു ബാധ്യതയാണല്ലോ.” അവൻ ഒന്നു ദീർഘശ്വാസമെടുത്തു.

” കുറെ നാളായി ചിന്തിക്കുന്നു. ദൂരെ എവിടെയെങ്കിലും പോണം. എന്നെ ആരും അറിയാത്ത, പരിഹസിക്കാത്ത, ദ്രോഹിക്കാത്ത ഒരു നാട്ടിലേക്ക്. ഇത് അതിനൊരു കാരണമായി. എനിക്ക് ജോലി കിട്ടിയാൽ ഞാനാദ്യം ഏട്ടന്റ കടമാ വീട്ടുക ”. അവന്റെ മിഴികളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ’ ” നിന്റെ എല്ലാ പ്രശ്നങ്ങളും ഉടൻ തീരും .ഇപ്പോ നീ ഉറങ്ങാൻ നോക്ക് ” .

ഞാൻ പറഞ്ഞു. ചെക്കൻ ചുമ്മാ കണ്ണീരു കാണിച്ച് നമ്മളെ സെന്റിയാക്കാൻ നോക്കുവാ. ലാഭം കാണാതെ ഒന്നും ചെയ്യാത്ത ഒരു പക്കാ ഫ്രോഡിന് എന്ത് സെൻറിമെൻസ് . അല്ലെങ്കിലും ലക്ഷങ്ങളുടെ തിളക്കത്തിന് മുന്നിൽ എന്ത് മനസ്സാക്ഷിക്കുത്ത്.. ഞാൻ വികൃതമായൊരു ചിരി ചിരിച്ചു. അന്നു പകൽ അവനു വേണ്ട ഭക്ഷണവും വെള്ളവും എല്ലാം വാങ്ങിക്കൊടുത്ത് ഞാൻ നല്ലൊരു രക്ഷകനായി.

ട്രെയിൻ ഇറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു. ” ആരു ചോദിച്ചാലും നീ എന്റെ അനിയനാണെന്നേ പറയാവൂ. ഹിന്ദി അറിയാത്തതുകൊണ്ട് അധികം സംസാരിക്കേണ്ടി വരില്ല. ആർക്കെങ്കിലും സംശയം തോന്നിയാൽ നിന്നെ പോലിസിൽ ഏൽപ്പിക്കേണ്ടി വരും. അറിയാലോ? ” അവൻ തല കുലുക്കി സമ്മതിച്ചു. ഒരു ലോക്കൽ ലോഡ്ജിൽ റൂമെടുത്ത് ഫ്രെഷായി. പിന്നെ പുറത്ത് പോയി ഭക്ഷണം കഴിച്ചു.

അവന് നല്ലൊരു ജോഡി ഡ്രസ്സും ഷൂസും വാങ്ങിക്കൊടുത്തു. ഉച്ചയ്ക്ക് 2 മണിക്കായിരുന്നു ഹോസ്പിറ്റലിൽ അപ്പോയിന്റ്മെന്റ്.ഞാൻ ഡോക്ടർ അജിതിന്റെ റൂമിൽ കേറി സംസാരിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അജിതിന്റെ സെക്രട്ടറി വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. എന്നെ സംശയത്തോടെ നോക്കിയ അവനെ ചേർത്തു പിടിച്ചു പറഞ്ഞു കൊടുത്തു. ” ഇതൊരു ആശുപത്രി ആയതു കൊണ്ട് ഇവിടെ ജോലി തരുന്നതിന് മുമ്പ് നീ പൂർണ്ണ ആരോഗ്യവാനാണോ എന്ന് അറിയാൻ ചില ടെസ്റ്റുകളൊക്കെ ചെയ്യണം.

അതിനാ പോകുന്നത് ” . ബ്ലഡ് ടെസ്റ്റും ഇ.സി.ജിയും എടുത്തു. റിസൾട്ടിനായി ഞങ്ങൾ ലാബിന് പുറത്ത് കാത്തിരുന്നു. മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം. ഞാൻ ഇടയ്ക്കിടെ സിഗരറ്റുകൾ കൊളുത്തുകയും പിന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഒടുവിൽ, അജിത് മോഹന്റെ ഫോൺ വന്നു. ” എടോ ശിവ, സക്സസ്, എല്ലാം പെർഫെക്ട്ലി മാച്ചിങ്ങ്. തന്റെ ഈ പെർഫെക്ഷനാ തന്നെ ഏതു കാര്യവും ഏൽപ്പിക്കാൻ എനിക്ക് ധൈര്യം തരുന്നത്. ” അയാളുടെ പൊട്ടിച്ചിരി കേട്ടു .

ഞാനും ചിരിയോടെ എഴുന്നേറ്റു അവന്റെ അടുത്ത് ചെന്നു. ” അനിരുദ്ധ്, നിന്റെ ജോലി ഓക്കെ. എം ഡിയാ വിളിച്ചെ . ഇന്ന് നമുക്ക് താമസിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ നിനക്ക് ജോലിക്ക് കേറാം.” അവന് സന്തോഷം കൊണ്ട് വീണ്ടും കണ്ണു നിറഞ്ഞു . ഹോസ്പിറ്റലിന്റെെ പ്രൈവറ്റ് ഏരിയയിലെ വി.ഐ.പി ലോഞ്ചിലാണ് ഞങ്ങൾക്ക് റൂം കിട്ടിയത്. അവനതെല്ലാം അത്ഭുതമായിരുന്നു. അന്നു രാത്രി അവന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ വരുത്തി. കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു. ” എനിക്ക് വേണ്ടി ഏട്ടൻ അയ്യായിരം രൂപയോളം മുടക്കി. എനിക്ക് ജോലി വാങ്ങിത്തന്നു. എങ്ങനെയാണ് നന്ദി പറയുക എന്ന് എനിക്കറിയില്ല.

ഏട്ടനറിയോ, എന്റെ ബന്ധുക്കൾ പോലും എന്നെ ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല. ഞാനൊരിക്കലും മറക്കില്ല എന്റെ ഈ ഏട്ടനെ”. അവൻ പറഞ്ഞു കൊണ്ടേയിരുന്നു, അജിത് മോഹന്റെ ആളുകൾ ജ്യൂസിൽ കലർത്തിയ മയക്കുമരുന്ന് അവനെ ഉറക്കത്തിലാഴ്ത്തുന്നത് വരെ. ഈ ഉറക്കത്തിൽ നിന്ന് അവൻ പോകുന്നത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണെന്ന് അറിയാവുന്ന ഞാൻ, അവിടെ നിന്ന് ഇറങ്ങി അജിതിന്റെ റൂമിലേക്ക് നടന്നു. കരാറുറപ്പിച്ച പത്തുലക്ഷം രൂപയടങ്ങിയ പെട്ടിയുമായി ഞാൻ പുറത്തിറങ്ങുമ്പോൾ ,

അവനെ മൂടിപ്പുതപ്പിച്ച് കിടത്തിയ ട്രോളി എതിരെ വരുന്നുണ്ടായിരുന്നു. അവന് വേണ്ടി തയ്യാറാക്കിയ, അധികമാർക്കും അറിയാത്ത, ഓപ്പറേഷൻ റൂമിലേക്ക് ട്രോളി കേറിപ്പോകുന്നത് നോക്കി ഒരു നിമിഷം ഞാൻ നിന്നു. പിന്നെ തിരിഞ്ഞു നടന്നു. മണിക്കൂറുകൾക്കകം ,മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഒരു സർജറി നടന്നു. വെറും അയ്യായിരം രൂപ വിലയുള്ള ഹൃദയം, കോടികൾ വിലമതിക്കുന്ന മറ്റൊരു ശരീരത്തിൽ മിടിച്ചു തുടങ്ങി.പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുടുംബത്തിന്റെ ദയയിൽ തന്റെ മകനെ തിരിച്ചു കിട്ടിയതിൽ ഒരമ്മ ആശ്വസിച്ചപ്പോൾ, ദൂരെ ഒരു ഗ്രാമത്തിൽ, തന്റെ മകൻ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ മറ്റൊരമ്മ നെഞ്ചു തകർന്നു കാത്തിരുന്നു. ഇനിയും തെളിയിക്കപ്പെടാത്ത അനേകം മിസ്സിങ്ങ് കേസുകളുടെ കൂട്ടത്തിൽ അനിരുദ്ധിന്റെ പേരും എഴുതി ചേർക്കപ്പെട്ടു. അതേ സമയം, ഞാനെന്ന വേട്ടക്കാരൻ, നൻമയുടെ മുഖം മൂടി അണിഞ്ഞ് അടുത്ത ഇരയെയും തേടി യാത്ര തുടങ്ങിയിരുന്നു …..

( അവയവദാനം മഹാദാനം. ശാസ്ത്രപുരോഗതി മരണത്തിന്റെ പടിവാതിലിൽ എത്തിയ ഒരു പാട് പേരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. വേദനയോടെ പറയട്ടെ, ദാനം” എന്ന വാക്കിനെ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ചില മനുഷ്യമൃഗങ്ങൾ “കച്ചവടം” എന്നാക്കി മാറ്റിയിരിക്കുന്നു . ദിനംപ്രതി എത്രയോ കുട്ടികൾ നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു .

തിരിച്ചറിവുള്ള കുട്ടികൾ പോലും തിരിച്ചു വരുകയോ ഒരു ഫോൺ കോളിലൂടെയെങ്കിലും ബന്ധപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, ചിന്തിക്കുക, അവർക്ക് എന്തു സംഭവിച്ചു? അതിൽ ചെറിയ ഒരു ശതമാനമെങ്കിലും ഈ അവയവക്കച്ചവടവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടി വരില്ലേ? സൂക്ഷിക്കുക, നമ്മുടെ കുട്ടികളെ ….) കടപ്പാട് ജൈനി റ്റിജു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here