Home Sreejith നമുക്കെന്തിനാ ഹരിയേട്ടാ ഈ കുഞ്ഞിനെ… ഇതിനെ അങ്ങ് കളയാം…

നമുക്കെന്തിനാ ഹരിയേട്ടാ ഈ കുഞ്ഞിനെ… ഇതിനെ അങ്ങ് കളയാം…

0

 

രചന : Sreejith

നമുക്കെന്തിനാ ഹരിയേട്ടാ ഈ കുഞ്ഞിനെ…ഇതിനെ അങ്ങ് കളയാം എന്ന്‌ ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഹരിയേട്ടൻ അമ്പരപ്പോടെ എന്നേ നോക്കി…

നീ എന്താ ദേവു ഈ പറയുന്നത് എന്നാണ് ഹരിയേട്ടന്റെ നോട്ടത്തിന്റെ അർത്ഥം എന്ന്‌ മനസ്സിലാക്കിയ ഞാൻ സാവധാനം ഹരിയേട്ടന്റെ അടുക്കലേക്ക് ചെന്നിരുന്നു…

ദേവൂന് വിശേഷം ഉണ്ട് മോനെ എന്ന്‌ അമ്മ ഹരിയേട്ടനെ ഫോൺ വിളിച്ചു പറഞ്ഞതോടെ.. ഓഫീസിൽ നിന്നും സന്തോഷമായി വീട്ടിലേക്ക് വന്നു കേറിയപ്പോൾ ആണ് ഈ കുഞ്ഞിനെ വേണ്ടാ എന്ന്‌ ഞാൻ ഹരിയേട്ടനോട് പറയുന്നതും..

നീ ഇത് എന്താ ദേവു ഈ പറയുന്നത്…ഭാര്യ- ഭർത്താവിനെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒന്നല്ലേ ഞാൻ ഒരു അച്ഛനും നീ അമ്മയും ആകാൻ പോകുന്നു എന്നറിയുന്ന ആ നിമിഷം എന്ന്‌ ഹരിയേട്ടൻ പറഞ്ഞതിന്..

നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 5 മാസം ആയതല്ലേ ഹരിയേട്ടാ ഉള്ളു..പോരാത്തതിന് ഹരിയേട്ടനും എനിക്കും ഇപ്പൊ നല്ലൊരു ജോലിയുണ്ട്..എനിക്കാണേൽ ലീവ് എടുക്കാതെ ജോബിന് പോയാൽ പ്രൊമോഷൻ കിട്ടുമെന്ന് മാനേജർ സൂചിപ്പിച്ചിരുന്നു…അങ്ങനെ ആയാൽ ഇപ്പൊ ഉള്ളതിന്റെ ഡബിൾ ആകും സാലറി..ഈ ഭാഗ്യം ഒക്കെ ഒരു കുഞ്ഞിന് വേണ്ടി നമ്മൾ ഇല്ലാതാക്കണോ ഹരിയേട്ടാ…ഇപ്പൊ കുഞ്ഞുങ്ങൾ വേണ്ടാ എന്നല്ലേ ഞാൻ പറഞ്ഞുള്ളു..പിന്നീട് നമുക്ക് ആകാമല്ലോ എന്നാണ് ഞാൻ മറുപടി പറഞ്ഞതും…

തിരിച്ചൊന്നും പറയാതെ അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ എന്നേ തന്നെ നോക്കിയിരുന്ന ഹരിയേട്ടൻ തന്റെ ഈ ആഗ്രഹത്തിനും കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..

പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടെ…കോളേജിൽ എന്റെ സീനിയർ ആയി പഠിച്ചതാണ് ഹരിയേട്ടൻ.. അന്ന് മുതൽ ഉള്ള പരിചയം പിന്നേ പ്രണയമായി മാറി..

പഠിക്കുമ്പോൾ തന്നെ എന്റെ ഒരു കാര്യത്തിനും സ്വാതന്ത്രത്തിനും ഇഷ്ടങ്ങൾക്കും ഹരിയേട്ടൻ എതിരഭിപ്രായം ഒന്നും തന്നെ പറഞ്ഞിട്ടില്ല…

ഇതിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ ഒരു കാര്യത്തിന് പോലും എന്റെ ദേവൂന്റെ മുഖം വാടുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നാണ് ഹരിയേട്ടൻ മറുപടി പറഞ്ഞതും..

വീട്ടുകാർ തന്നെയാണ് സന്തോഷപൂർവ്വം എന്നേ ഹരിയേട്ടന്റെ കൈകളിൽ പിടിച്ചു ഏൽപ്പിക്കുന്നതും..

കല്യാണം കഴിഞ്ഞു ഇന്ന് വരെ ഹരിയേട്ടന്റെയോ..വീട്ടുകാരുടെയോ ഭാഗത്തു നിന്നു പോലും എന്റെ മനസ്സിന് വിഷമം ഉണ്ടാകുന്ന രീതിയിൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല..മരുമോളെക്കാൾ സ്വന്തം മകളെ പോലെയാണ് ഹരിയേട്ടന്റെ അച്ഛനും അമ്മയും എന്നേ കാണുന്നതും..

ഇത്രയേറെ എന്നേ സ്നേഹിക്കുന്ന ഇവർ എന്റെ ഈ ആഗ്രഹത്തിനും എതിരൊന്നും പറയില്ല എന്ന്‌ എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ധൈര്യപൂർവ്വം ഈ കുഞ്ഞിനെ നമുക്ക് വേണ്ടാ എന്ന്‌ ഞാൻ പറയുന്നതും…

ഇക്കാര്യം അമ്മയും അച്ഛനോടും ഞാൻ എങ്ങനെ പറയും ദേവു എന്ന്‌ ഹരിയേട്ടൻ വിഷമത്തോടെ ചോദിച്ചപ്പോൾ അതൊക്കെ നമുക്ക് സാവകാശം പറഞ്ഞു മനസിലാക്കാം എന്ന്‌ വളരെ ലാഘവത്തോടെ ആണ് ഞാൻ മറുപടി പറഞ്ഞതും..

എന്റെ തീരുമാനത്തിൽ നിന്നും ഒരു മാറ്റം ഇനി ഉണ്ടാവില്ല എന്ന്‌ ഹരിയേട്ടന് തോന്നിയത് കൊണ്ടാകാം എന്തായാലും നാളെ ഹോസ്പിറ്റലിൽ വരെ ആദ്യം പോകാം.എന്നിട്ട് ബാക്കി തീരുമാനിക്കാം എന്ന്‌ ഹരിയേട്ടൻ പറഞ്ഞു നിർത്തിയത്…

ഹരിയേട്ടൻ പറഞ്ഞ പോലെ അച്ഛനോടും അമ്മയോടും ഹോസ്പിറ്റലിൽ പോകുവാണെന്നു മാത്രം പറഞ്ഞു ഞങ്ങൾ വീട്ടിൽ നിന്നും യാത്ര പറഞ്ഞു കാറിൽ കയറി…

യാത്രയിലുടനീളം ഒന്നും സംസാരിക്കാതെ ഹരിയേട്ടൻ ഡ്രൈവിങ്ങിൽ മാത്രമാണ് ശ്രദ്ധ കൊടുത്തിരുന്നതും.. കൂടുതൽ ഒന്നും ചോദിച്ചു ഹരിയേട്ടനെ വിഷമിക്കണ്ട എന്ന്‌ കരുതി ഞാനും മൗനം പാലിച്ചു..

ഹോസ്പിറ്റലിലേക്ക് എന്ന്‌ പറഞ്ഞു ഇറങ്ങിയ ഞങ്ങളുടെ യാത്ര അവസാനിച്ചത് ഒരു കൂറ്റൻ ഇരുനില വീടിന്റെ മുറ്റത്തായിരുന്നു..

എന്താ ഹരിയേട്ടാ..ഇതാരുടെ വീടാണെന്ന് ഞാൻ ചോദിച്ചതിന് എന്റെ ഒരു സുഹൃത്തിന്റെ വീടാണ്..പോകുന്ന വഴി ഇവിടെ കേറിയെന്നേ ഉള്ളു എന്നാണ് ഹരിയേട്ടൻ മറുപടി പറഞ്ഞതും

ഹരിയേട്ടന്റെ കൂടെ ആ വീട്ടിലേക്ക് കയറി ചെന്ന എന്നേ കൂട്ടുകാരനും ഭാര്യയും വളരെ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചതും…

ഓരോ വിശേഷങ്ങളും തമാശകളും ആയി പോകുമ്പോഴാണ് കുട്ടികൾ എന്താ ചെയ്യുന്നത് എന്ന്‌ ഞാൻ അവരോടു ചോദിക്കുന്നത്..

ഒരു നിമിഷം കൊണ്ട് അവരുടെ രണ്ടു പേരുടെയും മുഖത്തു നിന്നു സന്തോഷം സാവധാനം മായുന്നത് കണ്ടു..കാര്യം അറിയാതെ അല്പം ഭയത്തോടെ ഞാൻ ഹരിയേട്ടനെ നോക്കി

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ ഞങ്ങൾക്ക് മക്കളില്ല എന്ന്‌ സങ്കടം നിറഞ്ഞ വാക്കുകളോളെ സാവകാശം സംസാരിച്ചു തുടങ്ങി

മക്കളില്ല എന്ന്‌ പറയുന്നതല്ല…രണ്ടു തവണ ദൈവം തന്ന കുഞ്ഞുങ്ങളെ ഞങ്ങൾ കൊന്നു എന്ന്‌ പറയുന്നതാകും കൂടുതൽ ശരി എന്ന്‌ പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

വിദേശ ജീവിതത്തിലെ ജോലിക്കിടയിൽ ആവശ്യത്തിലധികം പണം സമ്പാദിക്കുന്ന തിരക്കിൽ കുഞ്ഞുണ്ടായാൽ അത് ജോലിയെ ബാധിക്കും എന്നുള്ളത് കൊണ്ട് മാത്രം രണ്ടു തവണ ഞങ്ങൾ ദൈവം തന്ന നിധിയെ ഇല്ലാതാക്കി..

ഒടുവിൽ വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞപ്പോൾ അത് അനുഭവിക്കാൻ മാത്രം ദൈവം പിന്നീട് ഞങ്ങൾക്ക് ഒരു കുട്ടിയെ തന്നില്ല…

ഒരു കുഞ്ഞിക്കാലു കാണാൻ ഉള്ള കൊതി കൊണ്ട്.. ഒരു കുട്ടിയെ സ്വപ്നം കണ്ടു ജീവിക്കുന്ന ഒരുപാട് പേരുണ്ട്…അങ്ങനെ ഉള്ള ഈ ലോകത്ത് ദൈവം രണ്ടു തവണ അറിഞ്ഞു നൽകിയ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയതിന്റെ ശാപം ആയിരിക്കും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്നതും…

ഓരോ കുട്ടിയും ദൈവത്തിന്റെ പ്രതീകമാണ്.അതിനെ ഭ്രൂണത്തിൽ വെച്ച് തന്നെ കൊല്ലുന്നതിനേക്കാൾ പാപം വേറെ ഇല്ല എന്ന്‌ അയാൾ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ സങ്കടം സഹിക്ക വയ്യാതെ ഞാൻ അവിടെ നിന്നും ഇറങ്ങി കാറിൽ കയറി ഇരുന്നു..

അൽപ നേരത്തിനു ശേഷം ഹരിയേട്ടനും കാറിലേക്ക് കയറി….നമുക്കിനി ഡോക്ടറിന്റെ അടുത്തേക് പോകാം അല്ലേ എന്ന്‌ ചിരിച്ചു കൊണ്ട് ഹരിയേട്ടൻ ചോദിച്ചു നിർത്തിയതും ഞാൻ ദേഷ്യത്തോടെ ഹരിയേട്ടന്റെ കവിളിൽ ഒരു നുള്ള് വെച്ച് കൊടുത്തിട്ട് വണ്ടി വീട്ടിലേക്ക് വിടാൻ പറഞ്ഞു

വീട്ടിലേക്ക് പോകുന്ന യാത്രയ്ക്കിടയിലും മനസ്സിൽ മുഴുവൻ അയാളുടെ വാക്കുകൾ മാത്രമായിരുന്നു..

“ഓരോ കുഞ്ഞും ദൈവത്തിന്റെ പ്രതീകമാണ്..അതിനെ ഭ്രൂണത്തിൽ വെച്ച് കൊല്ലുന്നതിനേക്കാൾ വലിയ പാപം വേറെ ഇല്ല.”

രചന -#sreejith

LEAVE A REPLY

Please enter your comment!
Please enter your name here