Home Varun Das M എനിക്കീ വസുമതി എന്ന പഴഞ്ചൻ പേരുള്ള പെണ്ണിനെ വേണ്ട…

എനിക്കീ വസുമതി എന്ന പഴഞ്ചൻ പേരുള്ള പെണ്ണിനെ വേണ്ട…

0

രചന : Varun Das M

എനിക്കീ വസുമതി എന്ന പഴഞ്ചൻ പേരുള്ള പെണ്ണിനെ വേണ്ട …
പെണ്ണു കണ്ടു കഴിഞ്ഞുള്ള മടക്ക യാത്രയിൽ കാറിലിരുന്ന് ഞാൻ പറഞ്ഞു.
ഒരു പേരിലെന്തിരിക്കുന്നു?
ഗൗരവത്തോടെ അച്ഛൻ ചോദിച്ചു.
അതേ അങ്ങനെ ചോദിക്ക് ചേട്ടാ എന്ന് പിന്നിലിരുന്ന് ‘അമ്മ പ്രോത്സാഹിപ്പിക്കുന്നു.
ഛെ…ഈ വസുമതി എന്നതൊരു പഴഞ്ചൻ പേരല്ലേ… എന്റെ ഏട്ടത്തിയമ്മയെ കൂട്ടുകാർക്കൊക്കെ പരിചയപ്പെടുത്തുന്നത് ആലോചിക്കുമ്പോളൊരു വല്ലായ്മ… എന്ന് അനിയത്തി.
പേരുപോലെ അവളും ഒരു പഴഞ്ചൻ ആയിരിക്കുമോ? ഞാൻ സംശയം പ്രകടിപ്പിച്ചു.
അതിപ്പോ അവളുടെ അമ്മൂമ്മയുടെ പേരല്ലേ അവൾക്ക് ഇട്ടിരിക്കുന്നത്,എന്തൊരു വിനയമുള്ള പെണ്കുട്ടി.കളങ്കമില്ലാത്ത,ഐശ്വര്യം വിളങ്ങുന്ന മുഖം.
പിന്നേ…കുറെ എണ്ണ വാരി തേച്ചപോലുണ്ട് ആ ഐശ്വര്യം വിളങ്ങുന്ന മുഖം…ഞാൻ പറഞ്ഞു.
ഇനി നിനക്ക് വേണ്ടി പെണ്ണു കാണാൻ എന്നും പറഞ്ഞ് ഞങ്ങൾ വരില്ല, വസു-മതി അച്ഛൻ തറപ്പിച്ചു പറഞ്ഞു.
അത് -മതി അത്-മതി .
ഞാൻ ഗത്യന്തരമില്ലാതെ സമ്മതിച്ചു.

അങ്ങനെ വസുമതിയും ഞാനും തമ്മിൽ വിവാഹിതരായി.
ആദ്യരാത്രിയിൽ അവളെന്റെ മുന്നിലേക്ക് ചോദ്യങ്ങളുടെ ഒരു ഭാണ്ഡം തന്നെ അഴിച്ചെറിഞ്ഞു.
അതിൽ കൊള്ളാവുന്ന ചിലത്:-
ചേട്ടൻ പ്രേമിച്ചിട്ടുണ്ടോ?
ഹേയ് ഇല്ല…
അതെന്താ?
പ്രേമിച്ചാൽ വിവാഹം കഴിക്കണം,അല്ലെങ്കിൽ പ്രേമിക്കാൻ പോകരുതെന്ന ചിന്താഗതിക്കാരൻ ആണ് വസൂ ഞാൻ…
ആണോ,വളരെ സന്തോഷം.

ചേട്ടൻ ഒരു ബ്രഹ്മചാരി ആണോ ?
ശരീരം കൊണ്ട് ആണെന്ന് പറയാം.
അപ്പോൾ മനസു കൊണ്ടോ ?
അതിപ്പോൾ ചിന്തകൾ…കാഴ്ചകൾ…
ഓ അപ്പോൾ അശ്‌ളീല ചിത്രങ്ങൾ കാണാറുണ്ടല്ലേ ?
അയ്യോ അതൊക്കെ ഈ ചെറുപ്പത്തിലെ ഒരു രസം…


ഹും…ഇനി അത് കാണണമെന്ന് തോന്നുമ്പോൾ എന്നെ ഓർത്തോണം …
ശരി സമ്മതിച്ചു.
അല്ല ചേട്ടൻ കുടിക്കുമോ?
പിന്നേ കുടിക്കാതെ എങ്ങനാ ജീവിക്കുന്നത്…
കള്ളു കുടിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്.
അയ്യോ ഇല്ല,ഞാൻ ഒരു teetotaller ആണ്.
ഹോ സമാധാനമായി…
ഒരു കുടിയൻ എങ്ങാനും ആയിരുന്നെങ്കിൽ…
എന്റെ വാസുമതീ ഇതൊക്കെ കല്യാണത്തിന് മുൻപേ ചോദിച്ചിരുന്നെങ്കിൽ ഈ ആദ്യരാത്രിയിലെ ഇന്റർവ്യൂ ഒഴിവാക്കാമായിരുന്നു.
അല്ല ഇങ്ങനൊക്കെ ചോദിച്ചിരുന്നു എങ്കിൽ ചേട്ടൻ എന്നെ വേണ്ടെന്ന് പറഞ്ഞാലോ എന്ന പേടി കൊണ്ടാ ഞാൻ…
എന്റെ പെണ്ണേ നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാടിഷ്ടമായി…
ആണോ?
പിന്നല്ലാതെ…
എന്റെ പേര് പഴയതാണ് ചേട്ടന് അതൊരു ബുദ്ധിമുട്ടാണോ?
ഹേയ് എത്ര മനോഹരമാണ് നിന്റെ പേര്…വസുമതി ആഹാ…എന്ത് തറവാടിത്തമുള്ള പേര്,ഞാൻ വസൂ എന്ന് വിളിക്കുന്നതാണോ അതോ സുമേ എന്ന് വിളിക്കുന്നതാണോ നിനക്ക് ഇഷ്ടം ?
സുമേ എന്ന് വിളിച്ചോ…
അപ്പൊ സുമേ,ഞാൻ ഈ ലൈറ്റ് കെടുത്തിക്കോട്ടെ…
ഉം…അവളുടെ മുഖത്ത് നാണം…
അങ്ങനെ ആദ്യരാത്രി അവിസ്മരണീയമായി…
അല്ല ഞാൻ അവിസ്മരണീയമാക്കി.
*************
വിരുന്നുവിളി കഴിഞ്ഞു…

ഇനി വിരുന്ന്
ആദ്യം അവളുടെ വീട്ടിൽ വിരുന്നിന് പോയി.
കുഴപ്പമില്ലാതെ അവിടുത്തെ വിരുന്ന് കഴിഞ്ഞു.
ഇഷ്ടംപോലെ ഫുഡ് അടിച്ചു മടുത്തു.

അടുത്തത് അവളുടെ അമ്മാവന്റെ വീട്ടിലാണ്…
അമ്മാവൻ പട്ടാളക്കാരൻ ആണ്.
സിനിമകളിൽ ഒക്കെ കാണുന്നപോലൊരു പട്ടാളക്കാരൻ…
സംസാരം തുടങ്ങിയാൽ പിന്നെ തള്ളു കഥകൾക്ക് സ്റ്റോപ്പില്ല.
“വെൻ ഐ വാസ് ഇൻ ലുധിയാന
ഐ ഈറ്റ്‌ പുട്ട് ആൻഡ് കടല ഏവരി ഡേ വിത് മൈ കേണൽ ബ്രിജലിങ്ങപ്പ …”
എന്ന ലൈനാണ് സംസാരം…

ഇടയ്ക്ക് അമ്മാവൻ ഞാൻ അടിക്കുമോ?
നല്ല സ്കോച്ച് ഉണ്ടെന്നൊക്കെ പറഞ്ഞു.
ഇല്ല ഞാൻ ഇത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറഞ്ഞു.
ഉച്ചഭക്ഷണം കഴിഞ്ഞു…
ഞാൻ ഒന്നു മയങ്ങാൻ കേറി.
മുകളിലത്തെ മുറിയാണ് ഞങ്ങൾക്ക് കിടക്കാൻ തയ്യാറാക്കിട്ടിരിക്കുന്നത്.
ഞാൻ കിടന്നു…
ഡിസംബർ മാസമല്ലേ …പകൽ പോലും നല്ല തണുപ്പുണ്ട്, അവൾ വന്നിരുന്നുവെങ്കിൽ എന്ന ചിന്തയോടെ ഞാൻ മയങ്ങിപ്പോയി.

അല്പം കഴിഞ്ഞപ്പോൾ ദാഹം തോന്നി…
വെള്ളം കുടിക്കാൻ വേണ്ടി ഞാൻ താഴേക്ക് പോയി.

അടുക്കളയുടെ മുന്നിൽ എത്തിയപ്പോൾ അമ്മായിയും വസുമതിയും തമ്മിലുള്ള സംസാരം കേട്ടു.
എന്നെ പറ്റിയാണെന്ന് മനസിലായപ്പോൾ ഞാൻ വാതിലിന് മറഞ്ഞു.

മോളേ അവൻ കുടിക്കില്ലെന്ന് പറഞ്ഞത് കള്ളമാണെന്ന് എനിക്ക് തോന്നുന്നു,അമ്മാവനും അതാണ് പറയുന്നത്.100കണക്കിന് കള്ളുകുടിയന്മാരെ കണ്ടിട്ടുള്ള അമ്മാവന് തെറ്റില്ല…
എന്നാലും അമ്മായീ എന്തിനായിരിക്കും ചേട്ടൻ കള്ളം പറഞ്ഞത് ?
അത് മോളേ,ചില ആണുങ്ങളുണ്ട് കുടിച്ചു കഴിഞ്ഞാൽ ഉള്ള രഹസ്യങ്ങൾ എല്ലാം വിളിച്ചു പറയും .
നമ്മുടെ രാജേഷിനും വല്ല രഹസ്യങ്ങളും ഉണ്ടാവും…ചിലപ്പോൾ ഒരു കാമുകി,അല്ലെങ്കിൽ വല്ല ചുറ്റിക്കളികളും…
അമ്മായീ …
ഞെട്ടണ്ട,ഞാൻ സത്യമാണ് മോളേ പറഞ്ഞത്.
അപ്പോൾ ആ രഹസ്യം എങ്ങനെ അറിയാൻ പറ്റും അമ്മായീ ?
വഴിയുണ്ട്,അമ്മാവന്റെ കയ്യിൽ നിന്നും ഒരു കുപ്പി എടുക്കണം.
എന്നിട്ട് ?
അവനെ കൊണ്ട് കുടിപ്പിക്കണം.
കുടിക്കില്ല എന്നു പറഞ്ഞ ആളിനെ എങ്ങനെ കുടിപ്പിക്കും ?
അതിനൊരു വഴി ഉണ്ട് മദ്യപാനം ആണത്തത്തിന്റെ ലക്ഷണമാണെന്ന് പറയണം.അങ്ങനെ പറഞ്ഞാൽ വീഴാത്ത ഏത് ആണാ ഉള്ളത് ?
കൊള്ളാമല്ലോ അമ്മായിയുടെ ബുദ്ധി…
എന്റെ മോളേ ഒരു പൂവൻ കോഴിയായ നിന്റെ അമ്മാവൻ ഈ പിടയെ വിട്ട് വേറെ എങ്ങും പോകാത്തത്തിന്റെ കാരണം അമ്മായിയുടെ ബുദ്ധി അല്ലെ …
****************
പിറ്റേന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ കിടപ്പുമുറിയിലെ കസേരയിൽ ഇരുന്ന് ഒരു പുസ്തകം വായിക്കുകയാണ്.
മുറിയിലേക്ക് കയറി വന്ന അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു.
എന്നിട്ട് അലമാര തുറന്ന് ഒരു കുപ്പി എടുത്ത് മേശപ്പുറത്തു വെച്ചു കൂടെ ഒരു ഗ്ലാസ്സും ഒരു ക്ലബ്ബ് സോഡയും…
ഇതെന്തിനാ ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
ഇത് ജാക്ക് ഡാനിയേൽസ് ആണ് ചേട്ടാ…
ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന അമേരിക്കൻ വിസ്കി ബ്രാൻഡ്!
അതിന് നീ ഇതെന്തിനാ എന്റെ മുന്നിൽ കൊണ്ട് വെച്ചത്?
അത് പിന്നെ,ഈ ഹണിമൂൺ കാലത്ത് ഇതടിച്ചാൽ നല്ല പ്രയോജനങ്ങളാണ് എന്നാണ് അമ്മായി പറഞ്ഞത്…
ബെസ്റ്റ് അടിച്ചോഫായിക്കിടക്കുന്നതാവും പ്രയോജനം… എന്റെ സുമേ,ഞാൻ ഇതു വരെ കുടിച്ചിട്ടില്ല നീ വേണേൽ അടിച്ചോ.
അയ്യടാ മദ്യപാനം ആണത്തത്തിന്റെയും
ആരോഗ്യത്തിന്റെയും ലക്ഷണമാണ് …
എന്നാര് പറഞ്ഞു ?
എന്റെ അമ്മാവൻ …
ബെസ്റ്റ് നല്ല അമ്മാവൻ തന്നെ.
ഏട്ടാ …
ഉം…
അല്പം കുടിക്കൂന്നേ…
എന്നാലും…
ഒരെന്നാലുമില്ല,ഞാൻ ഒഴിച്ചു തരാം…
അവൾ ആ കുപ്പി പൊട്ടിച്ചു.
ഗ്ലാസ്സിലേക്ക് മുക്കാൽ ഭാഗത്തോളം ഒഴിച്ചു,അതിലേക്ക് സോഡാ പൊട്ടിച്ച് ഒഴിച്ചു.
ഇന്നാ കുടിക്ക് … അവൾ ഗ്ലാസ് എനിക്ക് നീട്ടി.
നീ പോയി കുറച്ച് ചിക്കൻ ഫ്രൈ എടുത്തോണ്ട് വാടീ… ഞാൻ അവളോട് പറഞ്ഞു.
ഓ…ടച്ചിങ്‌സ് വേണമല്ലേ…ഞാനത് മറന്നു.
അവൾ ചിക്കൻ ഫ്രൈ കൊണ്ടുവരാൻ താഴേക്ക് പോയി.

10 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പ്ലേറ്റിൽ ചിക്കനുമായി വന്ന അവൾ കണ്ടത് കുടിച്ച് വാളുവെച്ചു കട്ടിലിൽ പാതി ബോധത്തോടെ കിടക്കുന്ന എന്നെയാണ്…
അവൾ ഞെട്ടലോടെ മേശപ്പുറത്തേക്ക് നോക്കി…
കുപ്പിയിൽ ഉള്ള ജാക്ക് ഡാനിയേൽസിന്റെ പകുതിയോളം കാണാനില്ല…
തറയിലാണെങ്കിൽ ഉച്ചക്ക് കഴിച്ച ഭക്ഷണങ്ങൾ ഛർദ്ദിച്ചതിനെ കളർഫുൾ ആക്കിയിരിക്കുന്നു.
ദൈവമേ… ഇതെല്ലാം ഞാൻ വൃത്തിയാക്കണമല്ലോ എന്ന അവളുടെ ആത്മഗതം ഞാൻ കേട്ടു.
അവൾ ആ പ്ലേറ്റ് മേശപ്പുറത്തു വെച്ചു.
എന്നിട്ട് എന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു.
ഏട്ടാ…
ഉം…ഞാൻ പാതി ബോധത്തിൽ മൂളി.
ഏട്ടനോട് ഒരു കാര്യം ചോദിച്ചോട്ടെ?
ഉം ചോദിക്ക്…
ഏട്ടൻ ആരെയേലും പ്രേമിച്ചിട്ടുണ്ടോ?
ഉം…
ങ്ങേ…ആരാണവൾ? ഞെട്ടലോടെ ഉള്ള ചോദ്യം.
എന്റെ സുമ…
ഹോ…ആശ്വാസത്തോടെയുള്ള നിശ്വാസം.
ചേട്ടൻ സുമയോട് എന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ ?
ഉണ്ട് ?
എന്താണത്? അടുത്ത ഞെട്ടൽ…
അത് ഒരു പെൻഡ്രൈവും മൂന്നാല് മെമ്മറി കാർഡും…
അതിൽ എന്താണുള്ളത്?
അത് പിന്നെ നോട്ടു നിരോധിച്ചപോലെ ആരെങ്കിലും സ്റ്റഡി മെറ്റീരിയൽ നിരോധിച്ചാലോ എന്ന പേടിയിൽ അല്പം സൂക്ഷിച്ചതാണ്…
ഓഹോ അപ്പോൾ നിങ്ങൾ ആ സിനിമകൾ കാണാറുണ്ടല്ലേ ?
ഇതൊക്കെ പഴയ കളക്ഷനാണ്…
ഏട്ടാ…
ഒന്നു പോ പെണ്ണേ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…
അവൾ പിന്നെ ഒന്നും ചോദിച്ചില്ല.
എന്തൊക്കെയോ എടുത്തോണ്ട് വന്ന് മുറിയിലെ ഛർദ്ദിൽ വാരി കളഞ്ഞ്, മുറി തൂത്തു തുടച്ചു വൃത്തിയാക്കുന്നത് കണ്ടു.

വൈകിട്ട് ചായ കുടിക്കാൻ അവൾ വിളിച്ചെങ്കിലും ഞാൻ നല്ല ഉറക്കം നടിച്ചു കിടന്നു.

സന്ധ്യക്ക്…ഞാൻ കുളി ഒക്കെ കഴിഞ്ഞിട്ട് ഹാളിലേക്ക് ചെന്നു.
അമ്മാവനും അമ്മായിയും വാസുമതിയും എന്തൊക്കെയോ ചർച്ചയിലാണ്.
എന്നെ കണ്ടതും വാസുമതി ദേഷ്യത്തോടെ നോക്കിയിട്ട് മുഖം വെട്ടിച്ചു.
ഛർദ്ദിൽ കോരിയ വിഷമം!

ആഹാ മോൻ എഴുന്നേറ്റോ?
അമ്മാവന്റെ ചോദ്യം.
ആ നല്ല ക്ഷീണമായിരുന്നു.
ഉം അളവിൽ കൂടിയാൽ അങ്ങനാ…
അളവിൽ കൂടിയാലോ?എന്ത് ?
കുടിക്കുന്നതേ…ഞാൻ കരുതി മോന് നല്ല കപ്പാസിറ്റി ഉണ്ടെന്ന്…
ഹഹഹ ഞാൻ പൊട്ടിച്ചിരിച്ചു.
എന്റെ ചിരി കണ്ട മൂവരും അമ്പരന്നു…
എന്റെ അമ്മാവാ…ഞാൻ നേരത്തെ പറഞ്ഞതല്ലേ ഞാനൊരു teetotaller ആണെന്ന്,ഇപ്പോഴും അങ്ങനെ ആണ്.
ഇവൾ എന്നിലെ രഹസ്യങ്ങൾ അറിയാൻ വേണ്ടി അമ്മായിയോട് ഗൂഢാലോചന നടത്തുന്നത് ഞാൻ കേട്ടിരുന്നു.
അങ്ങനെ എന്നെ കുടിപ്പിച് കിടത്തി രഹസ്യം ചോർത്താൻ വന്ന ഇവൾക്ക് നല്ല ഉഗ്രൻ പണിയാണ് ഞാൻ കൊടുത്തത്.
ഇവളെ ചിക്കൻ ഫ്രൈ എടുക്കാൻ വേണ്ടി പറഞ്ഞുവീട്ടിട്ട് ഞാൻ ആ കുപ്പിയിൽ ഇരുന്ന പാതി ബാത്റൂമിലെ ക്ലോസെറ്റിൽ ഒഴിച്ചു കളഞ്ഞു.
അണ്ണാക്കിൽ വിരലിട്ടു ഛർദ്ദിച്ച ശേഷം അതിലേക്ക് ഗ്ലാസിൽ ഇരുന്നത് ഒഴിച്ചു…
എടീ എന്നാലും ഈ തറ വേല നീ എന്നോട് കാണിച്ചല്ലോ…
ചേട്ടാ ഞാൻ…എനിക്ക്…ഒരു തെറ്റുപറ്റിപ്പോയി…
തെറ്റോ?നിൻറെ മോന്തയ്ക്കിട്ട് ഒന്നു പൊട്ടിക്കാൻ എന്റെ കൈ തരിക്കുവാ…
എടീ ഈ ബ്ലാക്ക്‌ ആംഡ് വൈറ്റ് കാലഘട്ടത്തിൽ ഉള്ള ഐഡിയ ഒന്നും എന്റെ അടുത്ത് നടക്കില്ല.
ഞാൻ കുടിക്കുമായിരുന്നെങ്കിൽ നിന്നോടത് പറഞ്ഞേനെ,വേറെ പ്രണയം ഉണ്ടായിരുന്നെകിൽ അതും പറഞ്ഞേനെ…കേട്ടോടി…
അമ്മാവനും അമ്മായിയും ചമ്മലോടെ ഇരുന്നപ്പോൾ ഞാൻ സ്ലോ മോഷനിൽ വെളിയിലേക്ക് നടന്നു.
പിന്നാലെ,ഏട്ടാ നിൽക്ക് എന്നും പറഞ്ഞ് വസുമതിയും.

കാര്യം അവൾ വളഞ്ഞ വഴി നോക്കിയെങ്കിലും എനിക്കവളെ ജീവനാണ്…
അപ്പോൾ നല്ല തണുപ്പുണ്ട് ഞാൻ നിറുത്തട്ടെ …
(ശുഭം)

കഥ ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും ഒരു ലൈക് ഇടണേ.
പിന്നെ കഥയെ പറ്റിയുള്ള അഭിപ്രായങ്ങൾ എന്താണെങ്കിലും താഴെ കമന്റായി ഇടണേ …
സ്നേഹത്തോടെ
varun mavekikara.

nb:ഈ ഫോട്ടോ ഗൂഗിളിൽ നിന്ന് എടുത്തതാണ്, ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പറഞ്ഞാൽ മതി ഡിലീറ്റ് ചെയ്യാം .

LEAVE A REPLY

Please enter your comment!
Please enter your name here