Home Kavitha Thirumeni ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല..

ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല..

0

രചന : Kavitha Thirumeni

” അച്ഛന്റെ കാക്കി കുപ്പായം മോൾക്ക്‌ അസ്സലായി ചേരുന്നുണ്ടല്ലോ…. ”

ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല..

” അതങ്ങനാടോ… ചേരും… അത് ഈ അച്ഛന്റെ സ്ഥാനത്ത് ഒരാള് ഉള്ളതുകൊണ്ടാ…. തനിക്കത്‌ പറഞ്ഞാൽ മനസ്സിലാവില്ല… ഇപ്പൊ മോനേംകൊണ്ട് ഏതോ വീട്ടിലെ ചായേം ബിസ്കറ്റും കഴിക്കാൻ ഇറങ്ങിയതല്ലേ… കാർന്നോരു ചെല്ലാൻ നോക്ക്… ”

” പെങ്ങളേ.. സെക്രട്ടേറിയറ്റ് വരെ പോണം…”

ഞാനങ് ഫോമിലായി വരുവായിരുന്നു, അപ്പോഴാ ഒരുത്തൻ വന്ന് ഓട്ടം വിളിച്ചത്….ആ മനുഷ്യൻ വന്നത് അവന്മാരുടെ ഭാഗ്യം. ഇല്ലെങ്കിൽ തന്തപടിക്കും മോനും ഞാൻ കണക്കിന് കൊടുത്തേനെ..

” തനാണോ ആ ഓട്ടോസ്റ്റാൻഡിലെ റൗഡി…?
നല്ലൊരു ഓട്ടം കിട്ടിയതോർത്ത് തണുത്തു വരുവായിരുന്നു അപ്പോഴാ അടുത്തവന്റെ വക കുശലാന്വേഷണം…

” ആഹ്….അതേല്ലോ….കുറച്ച് മുൻപാ ജോയിൻ ചെയ്തത്.. എന്താ കൊട്ടേഷൻ വല്ലതും തരാനുണ്ടോ..?

“ഏയ്….

” എന്നാ പിന്നെ മിണ്ടരുത്….”

പേടിച്ചതിന്റെ ചമ്മല് മാറ്റാൻ മൂപ്പര് ഇളിച്ചു കാട്ടുന്നുണ്ടായി..
“എന്ത് ജന്മമാണോ ന്തോ….

സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ അദ്ദേഹം വേണ്ടും ചോദിച്ചു..

“അതേയ്… ഈ. കൊട്ടേഷൻ എന്ന് പറയുമ്പോൾ തല്ലലും കൊല്ലലും മാത്രേ എടുക്കുവൊള്ളോ അതോ കാവല് നിൽക്കാനൊക്കെ പറ്റ്വോ…?

” ഇയാളെന്നെ വടിയാക്കുവാണോന്ന് തെല്ലും സംശയിക്കാതിരുന്നില്ല. എങ്കിലും ഞാൻ പറഞ്ഞു തുടങ്ങി.

” എന്റെ പൊന്നു മാഷേ… ഞാൻ റൗഡിയൊന്നുമല്ല. അവിടെ നിന്നൊരു കോന്തനെ കണ്ടില്ലേ ? കുറച്ചു ദിവസം കൂടി കഴിഞ്ഞിരുന്നേൽ. എന്റെ തലയിലാകേണ്ട മൊതലാ.. എന്തോ. ഭാഗ്യത്തിനു ഞാൻ രക്ഷപെട്ടു. ”

“ഇയാൾ എന്തൊക്കെയാ ഈ പറയുന്നെ..?

” പകല് പോലൊരു സത്യം… കല്യാണമുറപ്പിച്ച സമയത്തായിരുന്നു അച്ഛന്റെ പെട്ടെന്നുള്ള മരണം.. അതെന്നെ വല്ലാണ്ട് തളർത്തിയെങ്കിലും അമ്മേം അനിയത്തിയെയും. ചേർത്ത് പിടിച്ചു അന്തസായി ജീവിച്ച് കാണിക്കണമെന്ന വാശിയായിരുന്നു പിന്നീട് അങ്ങോട്ട്‌… അതിനുള്ള കരുത്ത് തന്നത് അച്ഛന്റെ ഈ കാക്കികുപ്പായം തന്നെയാ…”

“അല്ല.. കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് അയാൾക്കും കുറച്ച് ഉത്തരവാദിത്വമൊക്കെയില്ലേ..?

“എന്ത് ഉത്തരവാദിത്വം…. ആരുമില്ലാത്ത മൂന്ന് പെണ്ണുങ്ങൾ തലയിലാവണ്ടല്ലോന്ന്‌ ഓർത്തു അവൻ തടി തപ്പി.. ഈ കാക്കി അതിന് പറ്റിയ നല്ലൊരു കാരണമായിരുന്നു…”

” തനിക്ക് വേറെ ജോലി നോക്കാമായിരുന്നില്ലേ…?

“എനിക്ക് കവലയിൽ നല്ല ഓട്ടം കിട്ടുന്ന സമയാ… ചേട്ടായി ചെല്ലാൻ നോക്ക്… കഥ പറഞ്ഞു നിന്നാലെ വീട്ടിലെ അടുപ്പ് പുകയില്ല…..”

അവിടെ നിന്നും തിരിച്ചു പോരുമ്പോൾ എല്ലാരുടേം മുന്നിലെ തന്റേടി കുട്ടി ഉള്ളിലൊന്ന് തേങ്ങാതിരുന്നില്ല.
ഉച്ചയ്ക്ക് ഉണ്ണാൻ ചെന്നപ്പോൾ ഓടിപ്പോയ മാരുമോന്റെ വിശേഷം അമ്മയോട് പറയാൻ തോന്നിയില്ല.. പിന്നെ അത്‌മതി മാറിയിരുന്നു കരയാൻ.

” ഇന്നെന്താ മോളേ വരാൻ വൈകിയേ..?

“ആഹ്… അതമ്മേ. മറ്റന്നാൾ സിസി അടയ്ക്കണ്ട ദിവസാല്ലേ..കുറച്ച് നേരം കൂടുതൽ ഓടമെന്നു വിചാരിച്ചു..”

ഓടി കിട്ടിയ പണം മുഴുവൻ ഭദ്രമായി അലമാരയ്ക്കുള്ളിൽ വെച്ച് പൂട്ടുമ്പോൾ ഒപ്പമിരുന്ന സർട്ടിഫിക്കറ്റുകൾ എന്റെ പൂർവ്വ കാലത്തെ കുറിച്ച് വാചാലമാകുന്നുണ്ടായി…

പിറ്റേന്നും അതേ മനുഷ്യൻ വീണ്ടുമെന്റെ ഓട്ടോയിൽ കേറി.

” ആഹ് ഇന്നും. റൗഡി തന്നെയാണോ…?

“ദേ…ഞാൻ റൗഡി അല്ലെന്നു പറഞ്ഞു കെട്ടോ…എന്റെ പേര് ദേവയാനി ന്നാ… ദേവൂന്ന് വിളിക്കും…”

” ഓഹ് വരവ് വെച്ചിരിക്കുന്നു മേഡം….”

കുറച്ചു ദിവസത്തേക്ക് അദ്ദേഹം എന്റെ സ്ഥിരം യാത്രക്കാരനായി..വെള്ള ഖദർ കണ്ടപ്പോഴേ ഏതോ പാർട്ടിയുടെ അമരക്കാരനാണെന്ന് ഊഹിച്ചിരുന്നു. ചങ്ങാത്തമേറി വന്നൊരു ദിവസം പെട്ടെന്ന് അദ്ദേഹം ചോദിച്ചു…

“നിനക്ക് സിവിൽ സർവീസ് കോച്ചിങ്ങിന് പോകമോന്ന്…”

ആദ്യമെന്നെ കളിയാക്കിയതാണെന്നാ ഞാൻ കരുതിയത്.

ചേട്ടയിക്ക് എന്നാ വട്ടായോ … ഇവിടെ ദിവാകരേട്ടന്റെ പാലിന്റെ പൈസാ കണക്ക് കൂട്ടിയിരിക്കുന്ന എന്നോടാണോ സിവിൽ സർവീസിനെ പറ്റി പറയുന്നത്..'”

“നമ്മടെ പാർട്ടിയിൽ നിന്ന് ഒരു കുട്ടിയെ സ്പോണ്സറ് ചെയ്യാൻ പ്ലാൻ ഉണ്ട്… നിന്നെ ഞാൻ റെക്കമെൻഡ് ചെയ്യാന്നെ…”
ചുറ്റും നടക്കുന്നതെല്ലാം വെറും സ്വപ്നം പോലെ എനിക്കു തോന്നി….

ഓരോ തവണയും ട്രാക്കിലെ ഫിനിഷിങ് പോയിന്റിലേക്ക് കാല് മുന്നേറുമ്പോഴും യൂണിഫോം അണിഞ്ഞ പോലീസുകാരുടെ കൈയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുമ്പോഴും മനസ്സിൽ ഊട്ടി ഉറപ്പിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും നിവർന്ന് നിന്നൊരു സല്യൂട്ട് വാങ്ങണമെന്ന്….
വിജയങ്ങളിൽ കൈതട്ടലായും പരാജയങ്ങളിൽ തലോടലയും കൂടെ അച്ഛനുണ്ടായിരുന്നപ്പോൾ എന്റെ സ്വപ്നങ്ങൾക്ക് റോക്കറ്റിനെക്കാൾ വേഗതയായിരുന്നു…

ഇന്നെന്റെ മനസ്സ് മറ്റേതോ പാതയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.. ഒടുവിലായി ഞാൻ മൗനം വെടിയാൻ തീരുമാനിച്ചു..

“സനുവേട്ടാ…..

“മ്മ്….?

” ഞാൻ റെഡിയാ….വേറെയാരേം വിടേണ്ടാ….
ഞാൻ പോയ്ക്കോളാം… ”

എന്തൊക്കെയോ ചെയ്തു തീർക്കണം എന്ന് തോന്നിയ നിമിഷം…അന്ന് ഞാൻ വീണ്ടും പഠിക്കാൻ തീരുമാനിച്ചു… അങ്ങ് ഉയരെ പറക്കാനും….

രണ്ട് വർഷം ഞാൻ എന്തൊക്കെ നഷ്ടപ്പെടുത്തി എന്നെനിക്കറിയില്ല.. എങ്കിലും നേടിയത് പേരിന് മുന്നിലെ മൂന്ന് അക്ഷരങ്ങളാണ് ‘IPS..!

ബുക്ക്‌ വാങ്ങി തന്നതും പഠിക്കാൻ അയച്ചതും ഇന്റർവ്യൂന് കൊണ്ട്പോയതും റിസൾട്ട്‌ അറിയിച്ചതും എന്തിനേറെ എന്റെ അമ്മേം അനിയത്തികുട്ടിയേം പൊന്നുപോലെ നോക്കിയതും സനുവേട്ടനാണ്…
“കൂടെ ജനിച്ചില്ലേലെന്താ കൂട്ടിന് ഉണ്ടായില്ലേ…. ”
ജോയിൻ ചെയ്യുന്ന ദിവസം ഭഗവാനായിട്ട് ആ പഴയ കാർന്നോരെ എന്റെ മുന്നിൽ കൊണ്ട് എത്തിച്ചു ..

“അമ്മാവോ …. ഈ കാക്കി കുപ്പായം ഏതാണെങ്കിലും എനിക്ക് അസ്സലായിട്ടു ചേരും കേട്ടോ…..”

എന്തോ പോയ അണ്ണനെ പോലെ അങ്ങേര് മിഴിച്ചു നിന്നപ്പോൾ സത്യം. പറഞ്ഞാൽ പാവം തോന്നി..

“ഇനിയിപ്പോൾ കാവല് നിൽക്കാല്ലോ അല്ലേ…? നമ്മുടെ തലസ്ഥാന നഗരിക്ക്…

പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ ആശങ്കയോടെ തിരിഞ്ഞു നോക്കി. .

” സനുവേട്ടാ…ഏട്ടൻ ഇവിടെ..?
പോലീസ് യൂണിഫോമിൽ എനിക്ക് മുന്നിൽ നിൽക്കുന്ന ആളെ വിശ്വസിക്കാൻ പറ്റാതെ ഞാൻ ചുറ്റും പാളി നോക്കി…

“ഞെട്ടണ്ട ഞാൻ തന്നെയാ നിന്റെ സീനിയർ ഓഫീസർ….”

ജിജ്ഞാസ നിറഞ്ഞ എന്റെ മിഴികൾക്ക് അദ്ദേഹം ഉത്തരം നൽകി തുടങ്ങി…

“ഒരിക്കൽ അത്‌ലറ്റിക് മീറ്റിൽ നിന്നെ ഞാൻ കണ്ടിരുന്നു.. മത്സരത്തിൽ പരാജയപെട്ടെങ്കിലും നീ നന്നായി പെർഫോമൻസ് ചെയ്തു… പിന്നെ ഓട്ടോക്കാരിയായിട്ടുകൂടി കണ്ടപ്പോൾ ഉറപ്പിച്ചു നിന്നെ ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിനു ആവശ്യമുണ്ടെന്ന്..
അതൊന്ന് ബോധ്യപ്പെടുത്താൻ ഏറ്റവും നല്ലത് രാഷ്ട്രീയകാരന്റെ വേഷപകർച്ചയാണെന്ന് എനിക്ക് തോന്നി..

“സർ…ഞാൻ ….

” വേണ്ട… മാറ്റമൊന്നും വേണ്ട…. പഴയ വിളി തന്നെ മതി…ഏട്ടാന്ന്……”

കണ്ണുനീരിനെ പുഞ്ചിരിയിലൂടെ ഒളിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു

സോ വെൽക്കം റ്റു ഔർ എ.സി.പി. മിസ്സ് ദേവയാനി ഐ. പി. സ്….

ചുറ്റിനും കൂടി നിന്ന പോലീസുകാർക്കൊപ്പം നീട്ടിയൊരു സല്യൂട്ട് തരുമ്പോൾ എന്റെ മുന്നിൽ ഏട്ടന് ദൈവത്തിന്റെ മുഖമായിരുന്നു…

Kavitha Thirumeni….

LEAVE A REPLY

Please enter your comment!
Please enter your name here