Home Sreejith ആ പൈസ ഇത്രയും നാൾ ഉണ്ണിയേട്ടൻ അവൾക്കു കൊടുക്കാൻ ഉള്ള കൂലി ആയിരുന്നെന്നു ഓർത്തു പൊട്ടി...

ആ പൈസ ഇത്രയും നാൾ ഉണ്ണിയേട്ടൻ അവൾക്കു കൊടുക്കാൻ ഉള്ള കൂലി ആയിരുന്നെന്നു ഓർത്തു പൊട്ടി കരയുകയാണ് ഞാൻ ചെയ്തത്…

0

രചന : Sreejith

കെട്ടാൻ പോകുന്ന ചെറുക്കനെ നാട്ടിലെ അറിയപ്പെടുന്ന വേശ്യയുടെ വീട്ടിൽ നിന്നും നാട്ടുകാർ പിടിച്ചു എന്നുള്ള വാർത്ത ഇടിത്തീ പോലെയാണ് എന്നിൽ വീണു പതിച്ചത്..

കേട്ട കാര്യം ഒരിക്കലും സത്യമായിരിക്കരുതേ..അതൊരിക്കലും തന്റെ ഉണ്ണിയേട്ടൻ ആവരുതേ എന്നുള്ള എന്റെ പ്രാർത്ഥനകൾ ദൈവം പോലും ചെവി കൊണ്ടില്ല…

കാര്യങ്ങൾ അന്വേഷിക്കാൻ പോയ അച്ഛനും അമ്മാവനും നിരാശയും അപമാനവും നിറഞ്ഞ മുഖത്തോടെ തന്നെ കേറി വരുന്നത് കണ്ടപ്പോൾ ഒരു വാക്ക് പോലും മിണ്ടാതെ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോവുകയാണ് ഞാൻ ചെയ്തത്..

പഠിക്കുന്ന കാലം മുതലേ തുടങ്ങിയ സൗഹൃദം ആയിരുന്നു എന്റെയും ഉണ്ണിയേട്ടന്റെയും..ഞങ്ങളുടെ വീടുകൾ തമ്മിൽ കുറച്ചു അധികം ദൂരം ഉണ്ടെങ്കിലും എന്നും ക്ലാസ്സിൽ പോകുന്ന വഴി ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിൽ എന്നും ഞാൻ ഉണ്ണിയേട്ടനെ കാത്തു നിക്കുമായിരുന്നു..

ഞങ്ങളുടെ സ്നേഹവും…എപ്പോഴും ഒരുമിച്ചുള്ള നടത്തവും കണ്ടിട്ട് കൂട്ടുകാരിയാണ് ആദ്യമായി നിനക്ക് ഉണ്ണിയോട് സൗഹൃദത്തിനുമപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നത്..

ഒരാണിനും പെണ്ണിനും അധികനാൾ ഫ്രണ്ട്‌സ് ആയി ഇരിക്കാൻ പറ്റില്ല എന്ന് പറയുന്നത് പോലെ എപ്പോഴൊക്കെയോ ഉണ്ണിയേട്ടനോട് മനസ്സിൽ എനിക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു..

പക്ഷെ ഉണ്ണിയേട്ടന്റെ മനസ്സിൽ എന്നോട് അങ്ങനെ ഒരിഷ്ടം ഇല്ലെങ്കിലോ എന്ന് കരുതി എന്റെ ഇഷ്ട്ടം ഞാൻ മനസ്സിൽ തന്നെ ഒളിപ്പിക്കുകയാണ് ചെയ്തത്…

ഒടുവിൽ പ്ലസ് 2 പഠനം അവസാനിക്കുന്ന ആ ദിവസമാണ് ഉണ്ണിയേട്ടൻ എന്നേ ഇഷ്ട്ടം ആണെന്നുള്ള കാര്യം തുറന്നു പറയുന്നത്…

ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് ഉണ്ണിയേട്ടൻ പറഞ്ഞതെങ്കിലും സാധാരണ പെണ്ണുങ്ങളെ പോലെ അല്പം ജാഡയോടെ തിരിച്ചൊന്നും പറയാതെ പോവുകയാണ് ഞാൻ ചെയ്തത്..

ഒടുവിൽ ഞാൻ പഠിക്കുന്ന അതേ കോളേജിൽ..അതേ കോഴ്സിന് തന്നെ ഉണ്ണിയേട്ടൻ ചേർന്നപ്പോൾ എനിക്ക് മനസ്സിലായിരുന്നു പാറു എന്ന് വെച്ചാൽ ഉണ്ണിയേട്ടന് അത്ര ജീവനാണെന്നു…

ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം അധിക നാൾ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്തത് കൊണ്ടാണ് തിരിച്ചും ഉണ്ണിയേട്ടനെ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞതും..

അപ്പോഴൊക്കെ ലോകം തന്നെ വെട്ടി പിടിച്ച പ്രതീതി ആയിരുന്നു ഉണ്ണിയേട്ടന്റെ മുഖത്തു…പഠിച്ചു ജോലിക്ക് കയറി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛനും അമ്മയും ആയി വന്നു ഉണ്ണിയേട്ടൻ അന്തസ്സായി തന്നെ പെണ്ണ് ചോദിച്ചു..

നേരത്തെ തന്നെ ഉണ്ണിയേട്ടന്റെ കാര്യം വീട്ടിൽ ഞാൻ പറഞ്ഞത് കൊണ്ട് തന്നെ ആർക്കും ഈ വിവാഹത്തിന് എതിർപ്പ് ഇല്ലായിരുന്നു..

പ്രണയിച്ചിരുന്ന സമയത്ത് പോലും തന്നോട് മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാത്ത ഉണ്ണിയേട്ടൻ വെറും കാമം തീർക്കാൻ വേണ്ടി മാത്രം ഇങ്ങനൊരു പ്രവർത്തി ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല..

കുറച്ചു നാൾ ആയി ഉണ്ണിയേട്ടന്റെ സ്വഭാവത്തിന് ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ കാര്യം എന്താണെന്നു ഞാൻ തിരക്കിയെങ്കിലും തിരിച്ചു മൗനം ആയിരുന്നു മറുപടി…

പെട്ടെന്നൊരുന്നാൾ അത്യാവശ്യമായി അൻപതിനായിരം രൂപ വേണമെന്ന് പറഞ്ഞു ഉണ്ണിയേട്ടൻ എന്റടുത്തു വന്നപ്പോൾ കാര്യം പോലും അന്വേഷിക്കാതെ എന്റെ സ്വർണ വളകൾ ഞാൻ ഊരി കൊടുക്കുകയാണ് ചെയ്തത്

ആ പൈസ ഇത്രയും നാൾ ഉണ്ണിയേട്ടൻ അവൾക്കു കൊടുക്കാൻ ഉള്ള കൂലി ആയിരുന്നെന്നു ഓർത്തു പൊട്ടി കരയുകയാണ് ഞാൻ ചെയ്തത്…

എനിക്ക് പാറുവിനെ കാണണം…സംസാരിക്കണം എന്ന് പറഞ്ഞു വീട്ടിലേക്ക് വന്ന ഉണ്ണിയേട്ടനെ അച്ഛനും അമ്മാവനും കൂടി തല്ലി പുറത്താക്കുകയാണ് ചെയ്തത്..

അതിനിടയിലും ഒരു നൂറു തവണ പാറു പാറു എന്ന് ഉണ്ണിയേട്ടൻ വിളിച്ചെങ്കിലും ഉമ്മറത്തേക്ക് ഇറങ്ങി ചെല്ലാൻ പോലും ഞാൻ കൂട്ടാക്കിയില്ല..കാരണം അത്ര മാത്രം ഉണ്ണിയേട്ടനെ ഞാൻ വെറുത്തു കഴിഞ്ഞിരുന്നു..

കഴിഞ്ഞത് കഴിഞ്ഞു..നല്ലൊരു ചെറുക്കനെ കണ്ടു പിടിച്ചു ഉടനെ തന്നെ ഇവളുടെ വിവാഹം നടത്തണം എന്ന് അമ്മാവൻ പറയുന്നത് കേട്ട് സ്വപ്നം കണ്ട ജീവിതം ഇവിടെ അവസാനിച്ചു എന്ന് വരെ എനിക്ക് ഉറപ്പായി കഴിഞ്ഞിരുന്നു…

വീട്ടിൽ ഇരുന്നാൽ ഓരോ ചിന്തകൾ കാരണം ആത്മഹത്യ ചെയ്യും എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്..

ബാങ്കിലെ ജോലി തിരക്കിനിടയിൽ കുറച്ചു നേരത്തേക്കെങ്കിലും മനസ്സ് ശാന്തമായി ജോലി ചെയ്യുമ്പോൾ ആണ് പാർവതിയെ കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്ന് കൂടെ വർക്ക്‌ ചെയ്യുന്ന ചേച്ചി പറയുന്നത്…

തന്നെ തിരക്കി വന്നത് ഉണ്ണിയേട്ടൻ ആണെന്ന് ഉറപ്പുള്ളത് കൊണ്ട്..ഈ ബന്ധത്തിന് ഇന്നത്തോടെ ഒരു അവസാനം ഉണ്ടാകണമെന്നും കരുതിയാണ് ദേഷ്യത്തോടെ തന്നെ എന്നേ കാണാൻ ചെന്ന ആളെ കാണാൻ ഞാൻ പോയതും..

പക്ഷെ കാണാൻ വന്ന ആളെ കണ്ടു ഞാൻ അടിമുടി എരിയുക ആയിരുന്നു… ശാന്തേച്ചി…ഞങ്ങളുടെ ജീവിതത്തിലെ വില്ലത്തി…നാട്ടിലെ അറിയപ്പെടുന്ന വേശ്യ..

ആ മുഖത്തെക്ക് കാർക്കിച്ചു തുപ്പാൻ ആണ് എനിക്ക് തോന്നിയതെങ്കിലും ഉള്ളിലെ ദേഷ്യം പുറത്തു കാണിക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..അത് കഴിഞ്ഞു കുട്ടിക്ക് പോകാം എന്നവരുടെ പറച്ചിൽ കേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെ തന്നെ നിന്നു

കുട്ടി വിചാരിക്കുന്നത് പോലെ ഞങ്ങൾ തമ്മിൽ ഒന്നുമില്ല…പാറുവിന്റെ ഉണ്ണിയേട്ടൻ ഒരിക്കലും ഒരു ചീത്ത മനുഷ്യൻ അല്ല എന്ന ആ സ്ത്രീയുടെ വാക്കുകൾക്ക് മുൻപിൽ മുഖം ചുളിച്ചു ഞാൻ അവരെ തന്നെ നോക്കി നിന്നു..

കുറച്ചു നാളുകൾക്കു മുൻപാണ് ഉണ്ണി ആദ്യമായി എന്റെ വീട്ടിൽ വരുന്നത് തന്നെ.അതും കൂടെയുള്ള കൂട്ടുകാർ തെറ്റിദ്ധരിപ്പിച്ചു കൂട്ടി കൊണ്ട് വന്നതും..ഇങ്ങോട്ടാണ് വന്നത് എന്ന്‌ മനസ്സിലായപ്പോൾ തന്നെ തിരിച്ചു പോവാൻ ഒരുങ്ങിയ ഉണ്ണിയോട് രാത്രിയിൽ ഒറ്റയ്ക്ക് പോകണ്ട ഞങ്ങൾ ഇപ്പൊ തന്നെ വരാം എന്ന്‌ പറഞ്ഞു കൂട്ടുകാർ നിർബന്ധിച്ചത് കൊണ്ട് വേറെ വഴിയില്ലാതെ ഉണ്ണി അവിടെ തന്നെ നിക്കുകയാണ് ചെയ്തത്…

ഒടുവിൽ കല്യാണത്തിന് മുൻപ് ഒരു എക്സ്പീരിയൻസ് ആയിക്കോട്ടെ എന്ന്‌ പറഞ്ഞു ഉണ്ണിയെ നിർബന്ധിച്ചു കൂട്ടുകാർ എന്റെ അടുക്കലേക്ക് പറഞ്ഞു വിട്ടു…

എല്ലാ ആണുങ്ങളും വരുമ്പോൾ തന്നെ ശരീരത്തിലെ തുണികൾ അഴിച്ചു മാറ്റാറുള്ള എന്നോട് അന്നാദ്യമായാണ് ഒരാൾ എന്തിനു ഈ പ്രവർത്തി ചെയ്യുന്നു..അന്തസ്സായി ജോലി ചെയ്തു ജീവിച്ചൂടെ എന്ന്‌ ഉണ്ണി ചോദിക്കുന്നത് ..

വർഷങ്ങൾക്ക് മുൻപ് തന്നെ ഭർത്താവ് മരിച്ച എനിക്കും മകനും പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകൾ മാത്രമായിരുന്നു..ഒടുവിൽ മകനെ എങ്കിലും പഠിപ്പിച്ചു നല്ലൊരു നിലയിൽ എത്തിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് പല പല വീടുകളിൽ വീട്ടു ജോലി ചെയ്‌തെങ്കിലും എല്ലാവർക്കും ആവശ്യം എന്റെ ശരീരം തന്നെയായിരുന്നു..

പറയാൻ ബന്ധുക്കൾ പോലും ഇല്ലാത്ത എന്നേ പോലെ ഒരു പെൺകുട്ടിക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും..ഒടുവിൽ എപ്പോഴോ എന്റെ മകന്റെ നല്ല ഭാവിക്ക് വേണ്ടി…അവൻ എങ്കിലും രക്ഷപ്പെടണം എന്ന്‌ കരുതി മറ്റൊരു ഗതിയും ഇല്ലാതെയാണ് ഞാൻ എന്റെ ശരീരം വിറ്റതും..

അമ്മയുടെ ഈ അവസ്ഥ ഒരിക്കലും മകൻ അറിയാതെ ഇരിക്കാൻ വേണ്ടിയാണു ദൂരെയുള്ള കോളേജിൽ ഞാൻ അവനെ പഠിക്കാൻ വിട്ടതും..

മകനെ പഠിപ്പിക്കാൻ ഇനി ശരീരം വിൽക്കണ്ട..അല്ലാതെ തന്നെ വഴി നമുക്ക് ഉണ്ടാക്കാം എന്ന്‌ ഉണ്ണി പറഞ്ഞപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു എന്റെ..പിന്നേ ഇന്ന് വരെ എന്റെ ശരീരം മറ്റൊരാൾക്ക്‌ മുൻപിൽ ഞാൻ പ്രദർശിപ്പിച്ചിട്ടില്ല.. അന്ന് കുഞ്ഞിനോട് മേടിച്ച അൻപതിനായിരം രൂപ പോലും എന്റെ മകന് വേണ്ടിയായിരുന്നു..

പകൽ വെളിച്ചത്തിൽ നാട്ടിലെ മനുഷ്യർ വേശ്യ എന്ന്‌ മുദ്ര കുത്തിയ എന്റെ വീട്ടലേക്ക് ഒരിക്കലും വരരുത് എന്ന്‌ പറഞ്ഞത് കൊണ്ട് മാത്രമാണ് ഉണ്ണി അന്ന് ആ പൈസ തരാൻ രാത്രിയിൽ വീട്ടിലേക്ക് വന്നതും..നാട്ടുകാർ പിടിച്ചതും..

ശരീരം വിറ്റു ജീവിക്കുന്ന വേശ്യകൾക്ക് പോലും സ്നേഹം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടെന്നും അവളും സാധാരണ ഒരു പെണ്ണ് തന്നെയാണ്..അല്ലാതെ കാമം തീർക്കാൻ വേണ്ടി മാത്രമുള്ള ഉപാധി അല്ല എന്നും മനസ്സിലാക്കിയത് നിന്റെ ഉണ്ണിയേട്ടൻ മാത്രമായിരുന്നു..

മറ്റുള്ളവരുടെ വേദനയിൽ പോലും സ്വായം വേദനിക്കാൻ കഴിയുന്ന ഒരാൾ ആണെങ്കിൽ.. അയാൾ എന്നും നല്ലൊരു മനുഷ്യനും നല്ലൊരു ഭർത്താവും ആയിരിക്കും..എന്തിനും കുറ്റം കണ്ടു പിടിക്കുന്ന നാട്ടുകാരുടെ വാക്കുകൾ വിശ്വസിച്ചു ഉണ്ണിയെ നീ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ അത് നിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നഷ്ടം ആയിരിക്കും എന്ന്‌ പറഞ്ഞു ആ സ്ത്രീ തിരിഞ്ഞു നടന്നപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

ആരോട് പോലും ഒന്നും പറയാതെ ബാങ്കിൽ നിന്നും ഉണ്ണിയേട്ടന്റെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു…കാര്യത്തിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ എല്ലാവരും ഒറ്റപ്പെടുത്തിയ ഉണ്ണിയേട്ടന്റെ കാലുകളിൽ കരഞ്ഞു കൊണ്ട് മാപ്പ് അപേക്ഷിക്കണം…

കല്യാണം കഴിഞ്ഞു ജീവിക്കുന്നത് ഞങ്ങളല്ലേ..അതിൽ നാട്ടുകാർക്കെന്ത് കാര്യം എന്ന്‌ കളിയാക്കിയാക്കുന്നവരോട് തിരിച്ചു ചോദിച്ചു ഇനിയുള്ള കാലം ഉണ്ണിയേട്ടന്റെ പാറു മാത്രമായി ജീവിക്കണം എന്ന്‌ ഞാൻ മനസ്സിൽ ശപഥം ചെയ്തു കഴിഞ്ഞിരുന്നു

കണ്ണീരിന്റെ നനവോടെ നോക്കാനല്ല…… കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് ഉണ്ണിയേട്ടൻ പാറുവിനെ സ്നേഹിച്ചതും …..ഇനിയങ്ങോട്ട് സ്നേഹിക്കുന്നതും..

#sreejith

LEAVE A REPLY

Please enter your comment!
Please enter your name here