Home Latest മണി ഒൻപത് കഴിഞ്ഞിട്ടും, മണിയറ വാതിൽ ഇത് വരെ തുറന്നിട്ടില്ല…

മണി ഒൻപത് കഴിഞ്ഞിട്ടും, മണിയറ വാതിൽ ഇത് വരെ തുറന്നിട്ടില്ല…

0

രചന : സജിമോൻ ,തൈപറമ്പ് .

മണി ഒൻപത് കഴിഞ്ഞിട്ടും, മണിയറ വാതിൽ ഇത് വരെ തുറന്നിട്ടില്ല.

അയ്യൂബിനാണെങ്കിൽ ഇന്ന് മുതല് ജോലിക്ക് പോകേണ്ടതാണ്.

കല്യാണം പ്രമാണിച്ച്, കമ്പനി കൊടുത്തിരുന്ന പത്ത് ദിവസത്തെ ലീവ്, ഇന്നലത്തെ കൊണ്ട് കഴിഞ്ഞു.

മകനും, മരുമകളും കല്യാണം കഴിഞ്ഞുള്ള അവസാന വിരുന്നും കൂടിയിട്ട്, ഇന്നലെ ഏറെ വൈകിയാണ് വന്നത്.

അത്താഴത്തിന് താൻ വിളമ്പിവച്ചിരുന്ന ചപ്പാത്തിയും, കോഴിക്കറിയും ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ തന്നെയിരിപ്പുണ്ട്.

കഴിഞ്ഞയാഴ്ച വരെ രാത്രിയിൽ അവൻ ജോലിയും കഴിഞ്ഞ് വന്ന് തന്നോടൊപ്പമിരുന്ന് അത്താഴം കഴിച്ച്, തന്റെ മടിയിൽ കിടന്ന് അല്പനേരം അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ടേ, ഉറങ്ങാൻ പോകുകയുള്ളായിരുന്നു.

പക്ഷേ ഇന്നലെ ഉറക്കമിളച്ച് അവരുടെ വരവ് കാത്തിരുന്നത്, വെറുതെയായി പോയി.

“ഉമ്മ ഇത് വരെ കിടന്നില്ലായിരുന്നോ എന്തിനാ കാത്തിരുന്നെ,
ഞങ്ങൾ വരുമ്പോൾ വിളിക്കുമായിരുന്നല്ലോ ”

ആ ,വർത്തമാനം കേട്ടപ്പോൾ എന്തോ നെഞ്ചിൽ ഒരു വിങ്ങൽ തോന്നി.

കല്യാണം കഴിഞ്ഞപ്പോൾ എന്റെ മോന് ഈ ഉമ്മാന്റെ കാത്തിരിപ്പ് ഇനി ആവശ്യമില്ലന്നാണോ അവൻ ഉദ്ദേശിച്ചത്.

ഉമ്മാ എന്റെ തലയൊന്ന് മസാജ് ചെയ്ത് താ ,ഞാനൊന്ന് ഉറങ്ങട്ടെ.

എന്നും പറഞ്ഞ് ഇനി മുതൽ അവൻ വരില്ലല്ലോ എന്നോർത്തപ്പോൾ ,അവർക്ക് കണ്ണ് നിറഞ്ഞു.

ഓരോന്നാലോചിച്ച് ,ആ മുറിയുടെ വാതിൽക്കൽ നില്ക്കുമ്പോൾ, അകത്ത് നിന്ന് ഓടാമ്പൽ ഊരുന്ന ശബ്ദം കേട്ടു .

പെട്ടന്ന്, അയിഷുമ്മ അവിടെ നിന്ന് അടുക്കളയിലേക്ക് നടന്നു പോയി.

കതക് തുറന്ന പുതു പെണ്ണ് റസീല കാണുന്നത്, മുറിയുടെ,വാതില്ക്കൽ നിന്നും നടന്ന് മാറുന്ന, അമ്മായി അമ്മയെ ആണ്.

അത് കണ്ട് അവളുടെ പുരികകൊടികൾ വില്ല് പോലെ വളഞ്ഞു.

############

“അബീ …
കുളി കഴിഞ്ഞെങ്കീ വന്ന് നാസ്താക്കീട്ട് പോ”

ആവി പറക്കുന്ന പുട്ടും, കടല കറിയും കൊണ്ട് ടേബിളിന്റെ മുകളിൽ വച്ചിട്ട്, ഐശുമ്മ മോനോട്, വിളിച്ച് പറഞ്ഞു.

“ഞങ്ങള് മുറിയിലിരുന്ന് കഴിച്ചോളാം”

അതും പറഞ്ഞ് ,അത് വരെ അടുക്കളയിൽ , പാല് തിളപ്പിച്ച് കൊണ്ടിരുന്ന റസീല, അടുക്കളയിൽ നിന്നിറങ്ങി വന്ന്, പുട്ടും കടലയും, അവർക്കുള്ള പ്ളേയിറ്റുകളുമെടുത്തോണ്ട് ,ബെഡ് റൂമിലേക്ക് പോയി.

മോനും, മരു മകളുമായി, ഒരുമിച്ചിരുന്ന് നാസ്ത കഴിക്കാനിരുന്ന ഐശുമ്മയ്ക്ക്, സങ്കടം വന്നു.

എന്തായിരിക്കും മരുമോള്, തന്നോട് ഇത്ര പരുഷമായി പെരുമാറുന്നത്, എന്ന് അവർ ചിന്തിച്ചു.

തന്റെ ആങ്ങളയുടെ മോളെയായിരുന്നു, അയിശുമ്മ മകന് വേണ്ടി ,മനസ്സിൽ ഉറപ്പിച്ച് വച്ചിരുന്നത്.

പക്ഷേ അതിന് വിപരീതമായി, മോൻ അവന് ഇഷ്ടപ്പെട്ട പെണ്ണിനെയെ,കെട്ടുകയുള്ളു എന്ന് വാശി പിടിച്ചപ്പോൾ അത് വരെ, മകന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് നില്ക്കാതിരുന്ന അവർ ,മകന്റെ ഇഷ്ടം സാധിച്ച് കൊടുക്കുകയായിരുന്നു.

###########

“അബീ..നമുക്ക് ഇന്നൊരു സിനിമയ്ക്ക് പോയാലോ?”

ജോലി കഴിഞ്ഞ് വൈകുന്നേരം ക്ഷീണിതനായി വന്ന ,അയ്യൂബിനോട് ,റസീല ചോദിച്ചു.

“റസീ..
നിന്നോട് ഞാൻ പല തവണ പറഞ്ഞു ,അബീന്ന് വിളിക്കാതെ, ഇക്കാ എന്ന് വിളിക്കണമെന്ന് ഒന്നുമില്ലെങ്കിലും നീ എന്നെക്കാളും മൂന്നാല് വയസ്സിന് ഇളയതല്ലേ?”

ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ പുഞ്ചിരിയോടെ അവനെ സ്വീകരിച്ചിട്ട് അടുക്കളയിലേക്ക് പോയി ചായയുമായി വരുന്ന ,പൂന്തിങ്കളായ ഭാര്യയായിരുന്നു അവന്റെ മനസ്സിൽ.

“നീ ആദ്യം പോയി എനിക്കൊരു ഗ്ളാസ്സ് ‘ചായ എടുത്തോണ്ട് വാ ”

പ്രതീക്ഷകൾ തകിടം മറിച്ച് കൊണ്ടുള്ള അവളുടെ പെരുമാറ്റം അവനെ ശുണ്ഠി പിടിപ്പിച്ചു.

“പിന്നേ..
എനിക്ക് , ഇക്കാന്ന് വിളിച്ച് പുറകെ നടക്കുന്ന പഴയ കാലത്തെ, ഭാര്യയൊന്നുമാകാൻ പറ്റില്ല, ഞാൻ നിങ്ങളുടെ ലൈഫ്പാർട്ട്ണർ ആണ് ,അല്ലാതെ അടിമയല്ല.”

താൻ കളിച്ചൊരുങ്ങി പുതിയ ജീൻസും ടോപ്പുമിട്ട് നില്ക്കുന്നത് കാണുമ്പോൾ ,ഓടി വന്ന് തന്നെ വാരി പുണരുമെന്ന് കരുതിയ റസീലയ്ക്കും അരിശം വന്നു.

“എന്തിനാ മോനേ കിടന്ന് ഒച്ച വയ്ക്കുന്നത് ,ചായ വേണോങ്കി ഉമ്മാന്റടുത്ത് ചോദിച്ചാ പോരെ ,ദാ, ഇത് കുടിക്ക് ”

അപ്പോഴേക്കും കയ്യിൽ ചായ ഗ്ളാസ്സുമായി ഐ യിശുമ്മ അങ്ങോട്ട് വന്നു.

“ഓഹ് ദാ വന്നല്ലോ പുന്നാര ഉമ്മ ”

അവൾ പുച്ഛത്തോടെ ചിറി കോട്ടി.

“എന്തിനാ മോളേ ഇങ്ങനെ ഒച്ച വെക്കുന്നത് അപ്പുറത്തുള്ളോരൊക്കെ കേട്ടാൽ നാണക്കേടല്ലേ?”

ഐശുമ്മ ,വാത്സല്യത്തോടെ അവളുടെ തലമുടിയിൽ തഴുകി.

“ഹും ,അത് ഞങ്ങള് നോക്കിക്കൊള്ളാം, ഇത് ഞങ്ങടെ സ്വകാര്യമാ ,നിങ്ങക്കെന്താ ഇതിൽ കാര്യം?”

“ടീ ഇനിയൊരക്ഷരം നീ മിണ്ടിപോകരുത്.”

അയ്യൂബ് അവൾക്ക് നേരെ വിരൽ ചൂണ്ടി

“അതിന് നിങ്ങളെന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ,
ഇത് നിങ്ങടെ പെറ്റ തള്ളയൊന്നുമല്ലല്ലോ ,ഇത്രയ്ക്ക് നോവാൻ ”

“ടപ്പേ”

ചെകിട് അടിച്ചുള്ള ഒരടി ആയിരുന്നു, അതിന് അയ്യൂബിന്റെ മറുപടി.

ആ വാക്കുകൾ കൂരമ്പ് പോലെയാണ് അയിശുമ്മായുടെ ചെവിയിൽ പതിച്ചത്

പിന്നെയവർ അവിടെ നിന്നില്ല.

പണ്ട് മുതൽ സങ്കടം വരുമ്പോൾ ,വന്ന് കരയാറുള്ള ചായ്പ്പിലെ, ഇളം തിണ്ണയിലേക്കവർ മുറിഞ്ഞ ഹൃദയവുമായി ഇരുന്നു.

കഴിഞ്ഞ കാലത്തേയ്ക്ക്, ഒരു നിമിഷം അവർ തിരിഞ്ഞ് നോക്കി .

#####$######

കല്യാണം കഴിഞ്ഞ് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും, മക്കളുണ്ടാകാതിരുന്ന തങ്ങൾക്ക്, ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് അദ്ദേഹമാണ് പറഞ്ഞത്.

പക്ഷേ ആദ്യമൊക്കെ എതിർത്തിരുന്ന താൻ ഒരു ദിവസം ഒരു ചോരക്കുഞ്ഞുമായി കയറി വന്ന ഭർത്താവിനെ കണ്ട് അമ്പരന്നു.

“പടച്ചോൻ നമുക്കായി കരുതിവച്ചിരുന്നതാടീ, ഇവനെ ”

ചോദ്യഭാവത്തിൽ നിന്ന തന്റെ നേർക്ക് കുഞ്ഞിനെ നീട്ടികൊണ്ട് അദ്ദേഹം അളവറ്റ ആഹ്ളാദത്തിൽ പറഞ്ഞു.

“ഇതെവിടുന്നാ ഇക്കാ ഇത്രയും ചെറിയൊരു കുഞ്ഞ് ,പൊക്കിൾകൊടിപോലും മുറിഞ്ഞിട്ടില്ലല്ലോ?”
കുഞ്ഞിനെ കൈ നീട്ടി വാങ്ങുമ്പോൾ ,ഉത്ക്കണ്ഠയോടെ താൻ തിരക്കി.

“പണി കഴിഞ്ഞ് റെയിൽപാളത്തിലൂടെ നടന്ന് വരുമ്പോൾ ‘ അടുത്ത കുറ്റിക്കാട്ടില്, കരച്ചില് കേട്ട് ഓടിച്ചെന്നപ്പോൾ, അവിടുന്ന് കിട്ടിയതാ, ഈ മൊഞ്ചനേ”

അദ്ദേഹം പറഞ്ഞത് പോലെ നല്ല,മൊഞ്ചുള്ള ഒരാൺകുട്ടിയായിരുന്നു അത്.

അപ്രതീക്ഷിതമായി കിട്ടിയ നിധിപോലെയായിരുന്നു, തങ്ങൾക്കവൻ .

അവൻ തങ്ങളുടെ സ്വന്തമല്ലെന്നുള്ള കാര്യം വലുതാകുമ്പോൾ മറ്റുള്ളവർ പോലും പറഞ്ഞ് , അറിയരുതെന്ന് അദ്ദേഹത്തിനെ പോലെ താനും ആഗ്രഹിച്ചു.

അത് കൊണ്ട് ഈ വിവരം തന്റെ ആങ്ങളയോടും , നാത്തൂനോടും മാത്രം പറഞ്ഞ് കൊണ്ടാണ്, അന്ന് സ്വന്തം നാടും, വീടും ഉപേക്ഷിച്ച് അന്നീ അന്യ നാട്ടിലേക്ക് വന്നത്.

അകാലത്തിൽ, അദ്ദേഹം തന്നെ വിട്ട് പോയപ്പോഴും, ഒന്നുമറിയിക്കാതെയാണ് ഇത് വരെ അവനെ വളർത്തിയത്.

ഇടയ്ക്ക് വന്നു പോകുന്ന ആങ്ങളയും കുടുംബവും മാത്രമായിരുന്നു ,തങ്ങൾക്ക് എടുത്ത് പറയാവുന്ന, ഏക ബന്ധുക്കൾ .

ഇത് വരെ മറ്റാർക്കും അറിഞ്ഞൂടാത്ത ഈ രഹസ്യം എങ്ങനെ ഇവളറിഞ്ഞു.

ഇനിയെന്റെ മോന്റെ മുഖത്ത്, ഞാനെങ്ങനെ നോക്കും എന്റെ റബ്ബേ ..

പെറ്റ തള്ളയല്ലെന്നറിഞ്ഞാൽ അവനിനി, എന്നോട് സ്നേഹം ഉണ്ടാവുമോ?

ഇങ്ങനെ ഒരു നൂറ് ചിന്തകൾ അവരെ മഥിച്ചു.

കുനിഞ്ഞിരുന്ന് കരയുകയായിരുന്ന ഐശുമ്മയുടെ തോളിൽ കരതലം അമർന്നപ്പോൾ അവർ തല ഉയർത്തി നോക്കി

പിന്നിൽ അയ്യൂബ് ആയിരുന്നു.

അവൻ ഐശുമ്മയുടെ അടുത്തിരുന്ന് ആ മടിയിൽ തല ചായ്ച്ച് കിടന്നു.

“ഉമ്മാ എന്നോട് ക്ഷമിക്കുമ്മാ, അവളിനി അങ്ങന്നൊന്നും പറയില്ല.

കഴിഞ്ഞ ദിവസം മാമാന്റെ വീട്ടില്, വിരുന്ന് പോയപ്പോൾ, അമ്മായി നമ്മളോടുള്ള, കെറുവിന്, അവളോട് എന്തൊക്കെയോ നുണ പറഞ്ഞ് കൊടുത്തതാ

അതാ അവളങ്ങനൊക്കെ പറഞ്ഞത്.

എല്ലാം കളവാന്നെന്നും, ഇത് എന്നെ നൊന്ത് പ്രസവിച്ച പെറ്റുമ്മ തന്ന യാണെന്നും, ഞാനവളെ പറഞ്ഞ് മനസ്സിലാക്കിയിട്ടാ വരുന്നത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റുമ്മാന്റെ മുലകുടിച്ച് വളർന്ന ഞാനതൊന്നും കേട്ട് കുലുങ്ങുകയില്ലുമ്മാ”

അത് കേട്ട് ഐ യിശുമ്മാ ,അയ്യൂബിന്റെ നെറ്റിയിലും കവിളിലും ഒക്കെ തെരുതെരെ ഉമ്മകൾ കൊണ്ട് മൂടി.

താനറിഞ്ഞതെല്ലാം സത്യമാണെന്നറിഞ്ഞിട്ടും ,ഉമ്മ വിഷമിക്കരുതെന്ന് കരുതി ,അയ്യൂബ് എല്ലാം മനപ്പൂർവ്വം മറന്നിട്ട് ,ഉമ്മയുടെ അളവറ്റ സ്നേഹവാത്സല്യം നുകരുകയായിരുന്നു ,അപ്പോൾ .

രചന
സജിമോൻ ,തൈപറമ്പ് .

LEAVE A REPLY

Please enter your comment!
Please enter your name here