Home Viral കുഞ്ഞേ നിന്റെ ഈ ചിരി ലോകം കീഴടക്കി; ഇതിൽ എല്ലാമുണ്ട് 

കുഞ്ഞേ നിന്റെ ഈ ചിരി ലോകം കീഴടക്കി; ഇതിൽ എല്ലാമുണ്ട് 

0

ഒന്നും തിരിച്ചറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും രക്ഷകന്റെ മുഖത്തു നോക്കി അവൻ ചിരിച്ച ചിരിയുണ്ടല്ലോ അതിൽ എല്ലാമുണ്ട്. ഈ ചിത്രം ഒരിക്കൽ കണ്ടവർ ഒരിക്കലും മറക്കില്ല. അത്രമേൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് ആളുകൾ വീണ്ടും വീണ്ടും ഈ ചിത്രം പങ്കുവെയ്ക്കുന്നത്. അവന്റെ കുഞ്ഞു പുഞ്ചിരി കാണുന്നതിനൊപ്പം നല്ല മനസ്സുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു സല്യൂട്ട് കൊടുക്കാനും ആളുകൾ മറക്കുന്നില്ല.

അടച്ചുറപ്പുള്ള മുറിയിൽ മക്കളെയും ചേർത്തുപിടിച്ചുറങ്ങുന്ന ഒരു അമ്മയുടെ മാറിൽ നിന്നല്ല അവൻ തട്ടിയെടുക്കപ്പെട്ടത്. തലചായ്ക്കാൻ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ വഴിയോരത്ത് പിഞ്ചുകുഞ്ഞിനെ അടുക്കിപ്പിടിച്ചു കിടന്ന നിസ്സഹായയായ ഒരമ്മയുടെ അരികിൽ നിന്നാണ്. ഭിക്ഷാടനം ചെയ്ത് മകനെ വളർത്തിയ  അമ്മയുടെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു പോയെന്നു തോന്നിയ നിമിഷത്തിൽ ഹൈദരാബാദ് പൊലീസ് ഉണർന്നു പ്രവർത്തിച്ചു.
കുഞ്ഞിനെ നഷ്ടപ്പെട്ട് 15 മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തു. ഒന്നുറങ്ങിയെഴുന്നേറ്റപ്പോൾ കഴിഞ്ഞ രാത്രിയിൽ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് യാതൊന്നുമറിയാത്ത ആ കുഞ്ഞ് തന്നെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ നോക്കി നിഷ്കളങ്കനായി പുഞ്ചിരിച്ചു. സർവീസ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നാണ് നാമ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ് ഐ ആർ സഞ്ജീവ് കുമാർ ആ ദിവസത്തെ വിശേഷിപ്പിച്ചത്.

”തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ കുറഞ്ഞ സമയംകൊണ്ട് ഇൻസ്പെക്ടർ സഞ്ജീവ് കുമാർ വീണ്ടെടുത്തപ്പോൾ, ആ കുഞ്ഞിന്റെ ചിരിയിൽ എല്ലാമുണ്ട്. ഒരുപാടിഷ്ടം തോന്നുന്നു ഈ ചിത്രത്തോട്” എന്ന തലക്കെട്ടോടെ ഹൈദരാബാദ് അഡീഷണൽ കമ്മീഷണർ സ്വാതി ലാക്റെയും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ഭിക്ഷാടനം ചെയ്തു ജീവിതം പുലർത്തുന്ന ഹുമേറ ബീഗം പാതയോരത്താണ് ഉറങ്ങിയിരുന്നത്. പുലർച്ചയോടെയാണ് തന്റെയൊപ്പം ഉറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന് അവർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അവർ പൊലീസിന്റെ സഹായംതേടി.

സമീപത്തെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോൾ രണ്ടുപുരുഷന്മാർ ചേർന്നാണ് കുഞ്ഞിനെ തട്ടിയെടുത്തത് എന്ന് പൊലീസ് മനസ്സിലാക്കി. ആ വഴിക്ക് അന്വേഷണം പുരോഗമിച്ചപ്പോൾ 42കാരനായ മുഹമ്മദ് മുഷ്താഖും 25കാരനായ മുഹമ്മദ് യൂസഫും പൊലീസിന്റെ പിടിയിലായി. മുഷ്താഖിന്റെ ഒരു ബന്ധു ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു അദ്ദേഹത്തിന് നൽകാനാണ് കുട്ടിയെ തട്ടിയെടുത്തത്. എന്നാൽ മുഷ്താഖിന്റെയും യൂസഫിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറായില്ല. കുഞ്ഞിന്റെ ബന്ധുക്കൾ കൂടെയില്ലാത്തതും അദ്ദേഹത്തിന്റെ സംശയത്തിന്റെ ആക്കം കൂട്ടി. എന്തുചെയ്യണമെന്നറിയാതെ കുഞ്ഞുമായി മടങ്ങുമ്പോഴാണ് അവർ പൊലീസ് പിടിയിലായത്

LEAVE A REPLY

Please enter your comment!
Please enter your name here