Home Article “എടോ മാഷേ…. ന്റെ കയ്യിലൊന്ന് പിടിച്ചേ……..”

“എടോ മാഷേ…. ന്റെ കയ്യിലൊന്ന് പിടിച്ചേ……..”

0

“എടോ മാഷേ…. ന്റെ കയ്യിലൊന്ന് പിടിച്ചേ……..”

മുന്നിൽ നടക്കണത് ഏത് നാട്ടുകാരനാണെന്ന് പോലും നോക്കാതെയാണ് താൻ അത് പറഞ്ഞത്…..
ദേവീടെ അമ്പലത്തിലെ ഉത്സവത്തിന് പോകാനായി അമ്മയെക്കൊണ്ട് നിർബന്ധിച്ച് തയ്പ്പിച്ച പട്ടുപാവാടയുമിട്ട് ഒരുങ്ങിയിറങ്ങിയപ്പോൾ പാലം കടക്കണ കാര്യം ഓർത്തിരുന്നില്ല…..

കൂടെ കൊണ്ടു വന്ന നന്ദിയില്ലാത്ത വാനരപ്പട സർക്കസുകാരെ വെല്ലുന്ന മികവുമായി പാലം കയറി ഓടിപ്പോയി….

വരുന്നത് വരട്ടെ എന്നു വെച്ച് പാവാടയും പൊക്കി പാലത്തിലേക്ക് കയറി.. തോറ്റു കൊടുക്കാൻ പാടില്ലല്ലോ…..പക്ഷേ രണ്ടടി പോവും വെക്കാൻ പറ്റിയില്ല…

അപ്പോഴാ മുന്നേ പോയ വഴിപോക്കൻ ചേട്ടനോട് കയ്യിൽ പിടിച്ചേന്ന് പറഞ്ഞത്…. തിരിഞ്ഞു നോക്കി അങ്ങേര് എൻെറ നേരെ കെെ നീട്ടി…
ആ കയ്യിൽ പിടിച്ച് തത്തി തത്തി എങ്ങനെയോ പാലം കടന്നു…..
പക്ഷേ പിന്നേം പണി കിട്ടി.. എങ്ങനെയാ താഴോട്ട് ചാടണേ…ഭാഗ്യത്തിന് ചേട്ടൻ പിന്നേം തിരിഞ്ഞു നോക്കി…തൻെറ ദയനീയമായ നോട്ടം കണ്ടിട്ടാവണം അങ്ങേര് പിന്നേം രണ്ടു കയ്യും നീട്ടിയത്….

കയ്യിൽ പിടിച്ച് ഒരൊറ്റ ചാട്ടം…..കൊലുസിന് ഒട്ടും കിലുക്കമില്ലാത്ത കൊണ്ട് അമ്പലപ്പറമ്പിലുള്ളോർ മാത്രേ കേട്ടുള്ളൂ…..
യക്ഷി എത്തിയോ എന്ന് കമൻ്റടിച്ച ഉണ്ണിയേട്ടനോട് അത് നിൻെറ കെട്ട്യോളാന്നും പറഞ്ഞു അമ്പലത്തിലേക്കോടി……
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലേ…

കൊലുസിൻെറ കിലുക്കവും ദേഷ്യം വരുമ്പോ ഉള്ള നോട്ടവും കൊണ്ട് തൻെറ പൊന്നാങ്ങള ഇട്ട പേരാ അത്…….
കൂടെ കൊണ്ടുവന്ന പിള്ളേരെയെല്ലാം പെറുക്കിക്കൂട്ടി അമ്പലപ്പറമ്പു നിരങ്ങുമ്പോൾ പിന്നെയും കണ്ടു വഴിപോക്കൻ ചേട്ടനെ….
മാഷേ…താങ്ക്സ് ണ്ട് ട്ടോ… എന്നു പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന് ഒരു വിളി…

‘ഡീ കാന്താരീ…. അയാള് തന്നെയാ….’

കണ്ണുമിഴിച്ചുള്ള നോട്ടത്തിലൊന്നും അങ്ങേരു കുലുങ്ങിയില്ല…

“എന്റെ പേര് മാഷെന്നല്ല…
മിഥുൻ…. മനു എന്നാ എല്ലാരും വിളിക്കണേ..
നീ വേണേൽ മനുവേട്ടാന്ന് വിളിച്ചോ….”

“ഓ ആയിക്കോട്ട…..”

വീട്ടിൽ ഉള്ള സ്വന്തം ചേട്ടനെ എടാന്ന് വിളിച്ചതിന് തലേന്നും കൂടി തല്ല് കിട്ടിയതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ അങ്ങനെ പറഞ്ഞു താൻ നടന്നു…..
അന്ന് അങ്ങേരുടെ കഷ്ടകാലം ആയിരുന്നൂന്ന് തോന്നണു… കറങ്ങിത്തിരിഞ്ഞ് വീണ്ടും പുള്ളീടെ മുന്നിൽ….

‘ഡീ… നിനക്ക് ഐസ്ക്രീം വേണോ??…..’

മര്യാദയുടെ പുറത്ത് ചോദിച്ചതാന്ന് തോന്നണു…
പക്ഷേ ആരോടാ ഈ ചോദിക്കണേ…….
നിഷ്ക്കളങ്ക മുഖം കണ്ടിട്ടാവണം അങ്ങേര് എന്നോട് വാ എന്നും പറഞ്ഞ് മുന്നേ നടന്നു……

“എന്താ തന്റെ പേര്???”

“ഉണ്ണിമായ…”

“ഏ… ഉണ്ണിമാങ്ങയോ??…”

കോമഡി പറഞ്ഞ് തന്നെ പൊട്ടിച്ചിരിച്ചിട്ട് എന്റെ അനക്കം ഒന്നുമില്ലാഞ്ഞിട്ടായിരിക്കും തിരിഞ്ഞു നോക്കിയത്……

‘ഒന്നു ചിരിക്കെടോ….’

‘വർഷങ്ങളായിട്ട് കേൾക്കണ കോമഡിയാ ന്റെ മാഷേ… ചിരി വരൂല്ല……’

അത് കേട്ട് അങ്ങേര് വീണ്ടും ഉറക്കെ ചിരിച്ചു…. ‘താൻ കൊള്ളാല്ലോടോ കാന്താരീ….’

“മാഷെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ… ഇവിടെ പുതിയതാണോ??..”

‘അതേ.. ഇങ്ങോട്ട് മാറീട്ട് ഒരു മാസമേ ആകുന്നുള്ളൂ..’

(അതാണ്… അല്ലേൽ കാണാണ്ട് ഇരിക്കൂല്ലല്ലോ…)
നീ ഇവിടെ നിൽക്ക്.. ഞാൻ വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞു അയാൾ നടന്നു..
തിരിച്ച് വന്നപ്പോൾ ഞെട്ടിയിട്ടുണ്ടാവും…
ഞാനും ഞാനുമെന്റാളും നാൽപ്പതു പേരും പോലെ… എന്റെ കൂടെ കുറേ കുരുന്നുകൾ……
പാവം.. എല്ലാർക്കും ഐസ്ക്രീം വാങ്ങിക്കൊടുക്കേണ്ടി വന്നു….
പിന്നീട് അമ്പലത്തിൽ വെച്ച് കാണുമ്പോഴെല്ലാം കുറേ മിണ്ടി…. മനുവേട്ടാ ന്ന് ഒരു മടിയുമില്ലാതെ വിളിച്ചു തുടങ്ങി….
വീട്ടിൽ അച്ഛൻ, ചേച്ചി.. അമ്മ മരിച്ചു പോയി.. ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു ..


അമ്പലത്തിനടുത്ത് തന്നെയായതു കൊണ്ട് പെട്ടെന്ന് പോയി വരാം….
ഉള്ളിൽ ചെറിയ പേടി ഉണ്ടെങ്കിലും കൂടെ നടന്നു…
വീടെത്തി.. നല്ല വൃത്തിയുള്ള ഒരു കൊച്ചുവീട്.. നിറയെ ചെടികൾ….
മായേച്ചീ…ഇതാരാ വന്നിരിക്കണേന്ന് നോക്കിയേ… മനുവേട്ടൻ വിളിച്ചു പറഞ്ഞു…

അപ്പോൾ അകത്ത് നിന്ന് ഒരു സുന്ദരിച്ചേച്ചി….
ആരു കണ്ടാലും നോക്കിപ്പോകും…
അത്രയ്ക്ക് ഐശ്വര്യം…പക്ഷേ…..,
ചേച്ചി വീൽചെയറിലാണ് വരാന്തയിലേക്ക് വന്നത്…. ആ കാഴ്ച കണ്ടതും സകല സന്തോഷവും മറന്ന് പോയി….

കണ്ണു നിറഞ്ഞ് അറിയാതെ ദേവീന്ന് വിളിച്ചു…

‘എന്താ ഉണ്ണിമായേ…. ഈ ചെക്കൻ ഇതൊന്നും പറഞ്ഞിട്ടില്ലേ….’

ചേച്ചിയുടെ സൗമ്യമായ ചോദ്യം കേട്ട് ഞാൻ മനുവേട്ടന്റെ മുഖത്തേക്ക് നോക്കി… അപ്പോൾ അലക്ഷ്യമായെന്തോ തിരയുകയായിരുന്നയാൾ..

‘ഇല്ല.., അവൾക്ക് ഒരു സസ്പെൻസ് ആവട്ടേന്ന് കരുതി…മനുവേട്ടൻ എന്നെ നോക്കി…..’

‘….ന്റെ പേര്…’
അതൊക്കെ അറിയാം..
ഇവൻ എന്നോടെല്ലാം പറയാറുണ്ട്… മോളു വാ…
ചേച്ചി അകത്തേക്ക് വിളിച്ചു….
ആ വീടിന് എന്തൊക്കെയോ പ്രത്യേകത ഉള്ള പോലെ തോന്നി.. തന്നെ പിടിച്ചു നിർത്തുന്ന എന്തോ ഒന്ന്…

‘മനൂ.. നീ ഇവൾക്ക് ഒരു ചായ ഉണ്ടാക്ക്… എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലാട്ടോ മോളേ… അനങ്ങാൻ പറ്റാത്ത വെറും ശരീരം മാത്രേ ഉള്ളൂ…’

സംസാരിക്കാൻ മറന്ന് പോയ ഞാൻ,ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോയിൽ നോക്കി വെറുതെ അങ്ങനെ നിന്നു…

‘മായേച്ചി മിണ്ടാണ്ടിരുന്നേ..’
അതു കേട്ട് ദേഷ്യം വന്നിട്ടാവണം മനുവേട്ടൻ അകത്തേക്ക് പോയി…
‘ചായ ഞാൻ ണ്ടാക്കാം മനുവേട്ടാ…’
നേരെ അടുക്കളയിലേക്ക് ചെന്ന് താൻ പറഞ്ഞു…
ആഹാ.. നോക്കട്ടെ..കൈപുണ്യം ഉണ്ടോന്ന്.. മനുവേട്ടൻ മാറിതന്നു…
കുറച്ച് നേരത്തേക്ക് താൻ ആ വീട്ടിലെ അംഗമായി… മായേച്ചിയോടും അച്ഛനോടും കുറേ മിണ്ടി…

‘ഞാൻ ചേച്ചിയെ കാണാൻ ഇനിയും വരാം’ …. ഇറങ്ങും മുന്നെ മായേച്ചിയുടെ കയ്യിൽ പിടിച്ച് ഞാൻ പറഞ്ഞപ്പോൾ ആ കൈകൾ എന്നെ ഒന്ന് കൂടെ വലിച്ചങ്ങോട്ട് അടുപ്പിച്ചുവോ…? അറിയാതെയെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ….??

‘നിന്റെ ഒരു അനക്കോം ഇല്ലല്ലോ ഉണ്ണിയേ… ദേവിയെ മറന്നോ നീയ്..’

തിരുമേനി പറയണത് കേട്ടാണ് കണ്ണു തുറന്നത്…
‘ഇല്ല.. വരാറുണ്ട്…’

‘വരണതും പോണതും ഒന്നും അറിയണില്ലാട്ടോ…
പഴയ ഒച്ചേം ബഹളോം ഒക്കെ പോയി.. വല്യ കുട്ടിയായീ.. ല്ലേ….’

പ്രസാദം വാങ്ങി തിരികെ നടക്കുമ്പോ തിരുമേനി പറഞ്ഞത് ഓർത്തു….
ഒരുപാട് മാറിപ്പോയി… ശരിയാണ്…. ചിരിയും കളിയുമായി നടന്ന പഴയ വായാടിയല്ല ഇപ്പോ.. നിഴലു പോലെ ഉണ്ടായിരുന്ന കുഞ്ഞികുട്ട്യോളുടെ കൂട്ട് ഒക്കെ വിട്ടു…
താൻ മാറിയിരിക്കുന്നു…
കാരണം… മനുവേട്ടൻ…..
പൂമ്പാറ്റ പോലെ പാറി നടന്ന മനസിൽ പ്രണയം മൊട്ടിട്ടു……
സ്വയം ഒതുങ്ങിക്കൂടി.. തന്റെ മാത്രം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ ലോകത്തേക്ക്…
തുറന്നു പറഞ്ഞില്ല..

മനുവേട്ടനു അങ്ങനെയല്ല എങ്കിൽ സൗഹൃദം പോലും നഷ്ടപ്പെടും.. തുറന്ന് പറയാനുള്ള ധൈര്യവും ഇല്ലായിരുന്നു….
മാസങ്ങളോളം ആ ഇഷ്ടം മനസിൽ കൊണ്ടു നടന്നു…..കിനാവ് കണ്ടു ഒരുപാട്… മോഹങ്ങളുടെ കണക്ക് പുസ്തകത്തിൽ ഇളം പുഞ്ചിരിയോടെ പുതിയ വാക്കുകൾ എഴുതി ചേർത്തു….
ഡീ കാന്താരീ… വിളി കേട്ട് ഞെട്ടി നോക്കി.. മനുവേട്ടനാണ്…

‘നിന്റെ വാനരപ്പട എവിടെ.. പിണങ്ങിയോ…!?’
ഏയ് ഇല്ല… ഒറ്റയ്ക്ക് പോന്നു….

“ഡീ.. എന്റെ കല്ല്യാണം ആയിട്ടോ…നിന്നോടാ ആദ്യം പറയണേ… ഇവിടെ നിക്ക് നീയല്ലേ കൂട്ട്….. ചേച്ചിയെ നോക്കാനും വേണ്ടെ വീട്ടിൽ ഒരാള്……”

“ഞാൻ പോട്ടെ..
വീട്ടിൽ വന്നു വിളിക്കാം ട്ടോ… തിരക്കാ…..”

മനുവേട്ടൻ നടന്നു….
ഭൂമി പിളർന്ന് താഴേക്ക് പോണ പോലെ തോന്നി… കരയാൻ കൂടി പറ്റാത്ത അവസ്ഥ…..കുറച്ച് നേരം അങ്ങനെ നിന്നു…
പിറ്റേന്ന് വീണ്ടും ദേവീടെ നടയിൽ….
മനസു തുറന്ന് കരഞ്ഞു… ഒന്നും ആവശ്യപ്പെട്ടിട്ടില്ല ഇന്നേ വരെ..
നിയ്ക്ക് ഉള്ളതാണേൽ മാത്രം തന്നാൽ മതി… അല്ലെങ്കിൽ മറക്കാൻ ഉള്ള കഴിവ് തരണം……. പഴയ ഉണ്ണിമായയാകണം….

ഡീ… നീയെന്താ തോട്ടിൽ ചാടാൻ ഇരിക്കുവാണോ….
മനുവേട്ടനാണ്…
പതിയെ എഴുന്നേറ്റു….
തോട്ടിലേക്ക് കല്ലുമെറിഞ്ഞ് വെറുതെ ഇരിപ്പായിരുന്നു..
കല്ല്യാണം എവിടെ
വരെയായി.. ഉള്ളിലെ സങ്കടം പുറത്ത് കാട്ടാണ്ട് ചോദിച്ചു….
കല്ല്യാണം….. അത് നടക്കില്ല ഡീ… അവർക്ക് ആദ്യം വേണ്ടത് എന്റെ ചേച്ചിയെ ഒഴിവാക്കുക എന്നതായിരുന്നു…
അത് ഈ ജന്മം ഉണ്ടാവില്ല… ജീവനാ നിക്ക് എന്റെ ചേച്ചി… ചേച്ചിയല്ല.. അമ്മ തന്നെയാ എനിക്ക്… അനങ്ങാൻ വയ്യാത്ത ചേച്ചിയെ വിട്ട് എനിക്കൊന്നും വേണ്ടാ…..

“പിന്നേയ്….ചേച്ചി കുറേ കരഞ്ഞു പറഞ്ഞൂ ട്ടോ.. … പാവം ഒഴിവായിത്തരാൻ തയ്യാറാണെന്ന്.. അനിയനൊരു ജീവിതം കിട്ടാൻ എല്ലാം സഹിക്കാൻ ഒരുക്കാണെന്നും പറഞ്ഞ്…..
പക്ഷേ.. അങ്ങനൊരു ജീവിതം നിക്ക് വേണ്ട ഡീ….”

കേട്ടപ്പോൾ കണ്ണു നിറഞ്ഞു…
കല്ല്യാണം മാറിപ്പോയത് കേട്ടപ്പോ ആശ്വാസാ തോന്നിയേ… പക്ഷേ ഇത് ഇത്തിരി കൂടിപ്പോയല്ലോ ദേവീ….

“ഉണ്ണീ… നിന്നോട് ഒരു കാര്യം ചോദിക്കട്ടെ….”

“ഉം….”

“ഞാൻ നിന്നെ കെട്ടട്ടേ?…….”

“മനുവേട്ടാ….”

‘ഇങ്ങനെ കണ്ണു മിഴിക്കാതെടീ.. ചുമ്മാതല്ല ആൾക്കാർ യക്ഷീന്ന് വിളിക്കണത്…..
ഡീ… കാര്യായിട്ടാണ്….എന്റെ ചേച്ചിയെ സ്നേഹിക്കാൻ നിനക്ക് കഴിയും… എന്നെയും…., അത് കൊണ്ട് മാത്രല്ലാ ട്ടോ… ശരിയ്ക്കും ഇഷ്ടം തോന്നിയിട്ട് തന്നെയാ….
ഞാൻ വീട്ടിൽ ചോദിക്കട്ടേ????”

“എന്താ പറയണ്ടേ…. മനുവേട്ടാ ഞാൻ……”

കണ്ണു നിറഞ്ഞൊഴുകി…… വാക്കുകൾ പുറത്തേക്ക് വരുന്നില്ല……
വേഗം തീരുമാനം പറയ് ട്ടോ… .. ഞാൻ വീട്ടിലേക്ക് വരാം…….
മനുവേട്ടൻ നടന്നകന്നതും നേരെ ദേവീടെ നടയിലേക്ക് ഓടി……..

“മനുവേട്ടാ….. ന്റെ കയ്യിലൊന്ന് പിടിച്ചേ…..”

പാലത്തിലൂടെ ഉണ്ണിമോളെയും കൊണ്ട് നടന്നിരുന്ന മനുവേട്ടൻ തിരിഞ്ഞു നോക്കി…
ബൈക്കിൽ വരാന്ന് പറഞ്ഞതാ…
അപ്പോ അവൾക്ക് പാലം കേറി നടന്നു തന്നെ പോണം .. ഒരു കയ്യിൽ ഒന്നരവയസുകാരി ഉണ്ണിമോളെ എടുത്ത് മറ്റേ കൈ കൊണ്ട് തന്റെ കയ്യിൽ മുറുക്കെ പിടിച്ച് മനുവേട്ടൻ നടന്നു……

ആ നടയിലേക്ക് വീണ്ടും ചെല്ലുകയാണ്… നടക്കില്ലെന്നറിഞ്ഞിട്ടും സ്വപ്നം കണ്ട ജീവിതം നടത്തിത്തന്ന, ഉള്ളുരുകി പ്രാർത്ഥിച്ചത് സഫലമാക്കിത്തന്ന , ദേവീടെ മുന്നിലേക്ക്…..
മനസു കൊണ്ട് ഒരായിരം നന്ദി പറയാൻ…….

LEAVE A REPLY

Please enter your comment!
Please enter your name here