Home Latest വീണ്ടുമൊരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കാന്‍ ഞാന്‍ ഏറെ നാളായി മോഹിക്കുന്നു…

വീണ്ടുമൊരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കാന്‍ ഞാന്‍ ഏറെ നാളായി മോഹിക്കുന്നു…

0

രചന : Samuel George

രണ്ടാമത്തെ കുട്ടി പെണ്‍കുട്ടി

വീണ്ടുമൊരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കാന്‍ ഞാന്‍ ഏറെ നാളായി മോഹിക്കുന്നു. പക്ഷെ ആ മോഹം അജിയേട്ടനോട് തുറന്ന് പറയാന്‍ ലജ്ജ, അതിലേറെ ഭയവും. ഞങ്ങളുടെ പോന്നോമാനായ കുട്ടൂസിന് അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു. അവന് കളിക്കാനും ചിരിക്കാനും സ്നേഹിക്കാനും വഴക്ക് കൂടാനുമൊക്കെ ഒരു കുഞ്ഞനുജനോ അനുജത്തിയൊ വേണ്ടേ? അനുജത്തി തന്നെ വേണമെന്നാണ് എന്റെ അതിയായ മോഹം; പക്ഷെ ചേട്ടനോട് അത് തുറന്ന് പറയാനെനിക്ക് പറ്റുന്നില്ല. എന്നുകരുതി അദ്ദേഹവും ഞാനും തമ്മില്‍ ശാരീരികബന്ധം ഇല്ല എന്ന് ആരും കരുതല്ലേ; അതെപ്പറ്റി ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ എനിക്ക് അത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഇപ്പോഴും നാണമാണ്.

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ കൂട്ടുകാരികളും മറ്റും പറഞ്ഞു തന്ന ചില ഉപദേശങ്ങളും വനിതാ മാസികകളില്‍ വായിച്ച അറിവും ഒക്കെ വച്ചുകൊണ്ടാണ് ഞാന്‍ ചേട്ടനെ സമീപിച്ചത്. കുട്ടികള്‍ ഉടനെ വേണ്ട എന്നും, ഗര്‍ഭനിരോധനത്തിലൂടെ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞുമതി കുട്ടികള്‍ എന്നുമൊക്കെ ഞാന്‍ കണക്കുകൂട്ടിയിരുന്നു. പക്ഷെ ആദ്യരാത്രിയില്‍ തന്നെ ചേട്ടന്‍ യാതൊരു മുന്‍കരുതലുമില്ലാതെ എന്നെ ബന്ധപ്പെടാനായി സമീപിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തടഞ്ഞു.

“ഉം?” ആ കണ്ണുകളില്‍ കോപം നിഴലിക്കുന്നത് കണ്ട ഞാന്‍ പരുങ്ങി.

“അതല്ല..നമുക്ക് കുട്ടികള്‍ ഉടനെ വേണ്ട ചേട്ടാ.. ഗര്‍ഭം ധരിക്കാതിരിക്കാനുള്ള ഗുളിക കഴിച്ച ശേഷം ബന്ധപ്പെട്ടാല്‍ മതി..നാളെ ചേട്ടന്‍ അത് വാങ്ങി തന്ന ശേഷം..” ലജ്ജയോടെ ഞാന്‍ പറഞ്ഞു.

പുള്ളിക്കാരന്‍ എന്നെ അടിമുടിയൊന്നു നോക്കി. പിന്നെ ഇങ്ങനെ ചോദിച്ചു:

“ഈ ഐഡിയ നിന്റെ സ്വന്തമോ, അതോ പുറത്ത് നിന്നും കിട്ടിയതോ?”

“എന്റെ കൂട്ടുകാരികള്‍ ഒക്കെ പറഞ്ഞു ജീവിതം കുറെ എന്ജോയ്‌ ചെയ്തിട്ട് മതി ഗര്‍ഭധാരണം എന്ന്. വനിതാ വാരികകളിലും മറ്റും ഡോക്ടര്‍മാര്‍ പോലും അങ്ങനെയാണ് പറയുന്നത്”

ചേട്ടന്‍ ഒരു ചെറുചിരിയോടെ അല്‍പനേരം എന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നിട്ട് ഇങ്ങനെ ചോദിച്ചു:

“അല്ല..നിനക്കെന്നെ ഡൈവോഴ്സ് ചെയ്യാന്‍ വല്ല പ്ലാനുമുണ്ടോ?”

ഒരു തമാശ മട്ടിലാണ് ചേട്ടനത് ചോദിച്ചതെങ്കിലും എന്റെ മനസ്സിനെ അത് വല്ലാതെ മുറിപ്പെടുത്തി.

“എന്താ ചേട്ടാ ഇത്? ആദ്യരാത്രിയില്‍ത്തന്നെ ഡൈവോഴ്സിന്റെ കാര്യമാണോ സംസാരിക്കുന്നത്?” ഞാന്‍ പരിഭവത്തോടെ മുഖം വീര്‍പ്പിച്ചു.

“അല്ല, നിനക്കങ്ങനെ ഒരു പ്ലാനുണ്ട് എങ്കില്‍, നമുക്ക് കുട്ടിയുണ്ടാകുന്ന പരിപാടി അനിശ്ചിതമായി നീട്ടി വയ്ക്കാം എന്ന് പറയാന്‍ വേണ്ടിയായിരുന്നു. പക്ഷെ അതിന് നീ ഗര്‍ഭനിരോധന ഗുളിക ഒന്നും കഴിക്കേണ്ട കാര്യമില്ല. എനിക്കറിയാം എങ്ങനെ മാനേജ് ചെയ്യണമെന്ന്. അതല്ല ഒരുമിച്ചു ജീവിക്കാന്‍ തന്നെയാണ് നിന്റെ പ്ലാനെങ്കില്‍, ആദ്യത്തെ കുട്ടിയുടെ കാര്യത്തില്‍ ഒരു റിസ്കും എടുക്കാന്‍ ഞാന്‍ തയാറല്ല…”

മറുപടി നല്‍കാനാകാതെ ഞാന്‍ നിസംഗതയോടെ കിടന്നപ്പോള്‍ ചേട്ടന്‍ തുടര്‍ന്നു:

“ഇപ്പോള്‍ നമ്മള്‍ തമ്മിലുള്ള സ്നേഹം, ഇഷ്ടം അതൊക്കെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയമാണ്. ഈ സമയത്തുള്ള നമ്മുടെ മനസ്സിന്റെ ഭാവം ഉണ്ടാകുന്ന കുട്ടിക്കും ലഭിക്കും. തന്നെയുമല്ല, നമുക്ക് കുട്ടികള്‍ ഉണ്ടാകുമോ എന്ന് അറിയുകയും വേണ്ടേ? കുറെ കഴിഞ്ഞുമതി എന്ന് കരുതി നീട്ടി വച്ചിട്ടു നാളെ നമ്മള്‍ ഉദ്ദേശിക്കുമ്പോള്‍ കുട്ടി ഉണ്ടായില്ലെങ്കില്‍? നിനക്കോ എനിക്കൊ വല്ല ശാരീരിക തകരാറുകളും ഉണ്ടെങ്കില്‍ അത് എത്രയും നേരത്തെ അറിയുന്നതല്ലേ നല്ലത്?”

ആ പറഞ്ഞത് ശരിയായി ആലോചിച്ചപ്പോള്‍ എനിക്ക് എന്റെ തെറ്റ് ബോധ്യമായി. ശരിയാണ്; ഞങ്ങളുടെ അയല്‍പ്പക്കങ്ങളില്‍ത്തന്നെ പിന്നെ മതി കുട്ടി എന്ന് പറഞ്ഞു പ്രസവം നീട്ടിവച്ച പലരും ഇപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ വേണ്ടി നെട്ടോട്ടത്തിലാണ്. പിന്നെ എന്തിനാണ് ഈ മാസികയിലും വാരികയിലും ഒക്കെ മനുഷ്യനെ വഴി തെറ്റിക്കാന്‍ ഓരോരുത്തര് അബദ്ധങ്ങള്‍ എഴുതി വയ്ക്കുന്നത്? ഞാന്‍ അനുകൂലഭാവത്തില്‍ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു.

“എങ്കില്‍ ഇനി സിഗ്നല്‍ ക്ലിയര്‍ ആണല്ലോ അല്ലെ?”

“ആണ്..പക്ഷെ ചേട്ടാ ഒരു കാര്യം. ചേട്ടന് ആണ്‍കുട്ടി വേണോ അതോ പെണ്‍കുട്ടി വേണോ?”

“ഞാന്‍ ഏതു ചോദിച്ചാലും നീയത് തരുമോ?”

“ഉം”

“എങ്കില്‍ പെണ്‍കുട്ടി മതി” ഒട്ടും ആലോചിക്കാതെയായിരുന്നു ആ മറുപടി.

“അതെന്താ ആണ്‍കുട്ടിയെ ഇഷ്ടമല്ലേ?”

“എന്ന് ഞാന്‍ പറഞ്ഞോ? ആദ്യത്തെ കുട്ടി പെണ്ണായിരിക്കണം എന്നൊരു മോഹം. ചേച്ചിമാരെ താഴെയുള്ളവര്‍ ചേട്ടന്മാരെക്കള്‍ അനുസരിക്കും എന്നാണ് എന്റെ ഒരിത്; മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് അമ്മയോടും അച്ഛനോടും സ്നേഹക്കൂടുതല്‍ കാണും എന്നൊരു സ്വാര്‍ത്ഥ ചിന്തയുമെനിക്കുണ്ട്..”

“ശരി..ഞാന്‍ ചേട്ടന് നല്ലൊരു സുന്ദരിക്കുട്ടി മോളെത്തന്നെ തരും”

“ഉറപ്പാണേ?”

“ഉറപ്പ്”

അങ്ങനെ വിവാഹശേഷം കൃത്യം പത്താം മാസം ഞാന്‍ പ്രസവിച്ചു; ഒരു ആണ്‍കുട്ടിയെ!

“നീ വാക്കു പാലിച്ചു അല്ലേടി ഭാര്യെ?” ആശുപത്രിയില്‍ എന്റെ അരികില്‍ കിടന്നിരുന്ന കുഞ്ഞിനെ തലോടിക്കൊണ്ട് ചേട്ടന്‍ അങ്ങനെ ചോദിച്ചപ്പോള്‍, ഞാന്‍ ചമ്മി ക്ഷമാപണഭാവത്തോടെ അദ്ദേഹത്തെ നോക്കി.

“എടി പൊട്ടി..കുട്ടി ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് നീയോ ഞാനോ അല്ല എന്ന് മനസിലായല്ലോ? എങ്കിലും എനിക്കൊരു മോളെ കിട്ടണം എന്നത് ശരിക്കുമൊരു മോഹം തന്നെയായിരുന്നു”

ചേട്ടന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും മോന്‍ അദ്ദേഹത്തിന് ജീവനായിരുന്നു. അവനും എന്നേക്കാള്‍ ഏറെ അച്ഛനെയായിരുന്നു ഇഷ്ടം.

എങ്കിലും ചേട്ടനൊരു മോളെ സമ്മാനിക്കണം എന്ന മോഹം അന്നുമുതല്‍ എന്റെ മനസ്സില്‍ ഇടംപിടിച്ചതാണ്. പക്ഷെ അതെപ്പറ്റി നേരില്‍ പറയാന്‍ എനിക്ക് സാധിച്ചില്ല. പറയണമെന്ന് മനസ്സില്‍ കണക്കുകൂട്ടും; പക്ഷെ ചേട്ടന്‍ അടുത്തിരിക്കുമ്പോള്‍ ധൈര്യം വരില്ല. അവസാനം ആ ആഗ്രഹം അതിരുവിട്ടപ്പോള്‍ അത് ചേട്ടനെ അറിയിക്കാനായി ഞാന്‍ മോനെത്തന്നെ ഉപയോഗിച്ചു.

“മോനെ..നീ അച്ഛനോട് പറയണം നിനക്കൊരു കുഞ്ഞാവയെ വേണമെന്ന്..നിന്റെ കൂട്ടുകാരന്‍ വിഷ്ണുവിന് ഒരു കുഞ്ഞനുജത്തി ഇല്ലേ..അതേപോലെ..” ചേട്ടന്‍ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം അവനെ അരികിലേക്ക് വിളിച്ചു ഞാന്‍ പറഞ്ഞു.

“അച്ഛന്‍ എവിടുന്നാ കുഞ്ഞാവയെ കൊണ്ട് വര്വ?”

“നീ എവിടുന്നാ വന്നത്?”

“ഇവിടുന്ന്” അവന്‍ എന്റെ വയറ്റില്‍ കുത്തിക്കൊണ്ടു പറഞ്ഞു.

“കുഞ്ഞാവേം അവിടുന്ന് തന്നെ വരും”

“അതിന് അച്ഛനോട് എന്തിനാ പറേന്നെ..അമ്മയ്ക്ക് വയറ്റീന്നു കുഞ്ഞാവേ ഇങ്ങേടുത്താ പോരെ”

അവന്റെ ചോദ്യം എന്നില്‍ ചിരിയുണര്‍ത്തി. ഇവനോട് എങ്ങനെ പറഞ്ഞു കൊടുക്കാനാണ്.

“എടാ ചക്കരെ അച്ഛന് ഇഷ്ടമുണ്ടെങ്കിലേ എനിക്കങ്ങനെ ചെയ്യാന്‍ പറ്റൂ. അച്ഛനല്ലേ കുഞ്ഞാവയെ വളര്‍ത്തേണ്ടത്?”

അവന്‍ എന്തോ മനസിലായമട്ടില്‍ തലയാട്ടിയിട്ട് അച്ഛന്റെ അടുത്തേക്ക് ഓടി. പിന്നാലെ പതുങ്ങിപ്പതുങ്ങി ഞാനും.

“അച്ഛാ” അവന്‍ വിളിക്കുന്നത് അല്‍പ്പം മാറി ഒളിച്ചുനിന്നു ഞാന്‍ കേട്ടു.

“എന്താടാ കുട്ടൂസേ?”

“അച്ഛാ എനിക്കൊരു സാനം വേണം”

“എന്ത് സാനം?”

“ഒരു കുഞ്ഞാവ…”

“ങാ വൈകിട്ട് ടൌണില്‍ പോകുമ്പോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാം”

“യ്യോ അതല്ല. വിഷ്ണൂന്റെ വീട്ടീ അവന് കുഞ്ഞാവ ഇല്ലേ? അതേപോലെ അമ്മേടെ വയറ്റീന്നു തന്നെ വേണം എനിക്കും”

ഞാന്‍ ഭീതിയോടെ പാളി ഒന്ന് നോക്കി. എന്താണ് ചൂടന്‍ ചേട്ടന്റെ ഭാവമെന്നറിയാന്‍. ആ ചുണ്ടുകളിലെ ചിരി കണ്ടപ്പോഴേ ഞാന്‍ ചമ്മി. പോലീസുകരനല്ലേ, അവന്റെ നിഷ്കളങ്കത ഞാന്‍ മുതലെടുത്തതാണ് എന്ന് ആള്‍ക്ക് മനസിലയിരിക്കുന്നു.

“അമ്മയാണോ മോനോടിത് പറഞ്ഞത്?” അവനെ ചേര്‍ത്തുപിടിച്ച് ആശാന്‍ ചോദിക്കുകയാണ്.

“ഉം..അമ്മ പറഞ്ഞു അച്ഛനിഷ്ടം ഉണ്ടേലേ എനിക്ക് കുഞ്ഞാവയെ തരാന്‍ പറ്റൂന്ന്..അച്ഛനിഷ്ടം ഉണ്ടോ? ഉണ്ടേല്‍ ഞാന്‍ ചെന്നു അമ്മയോട് പറേട്ടെ”

എന്റെ തൊലി ഉരിഞ്ഞുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ നിമിഷനേരം കൊണ്ട് അടുക്കളയിലേക്ക് മുങ്ങാംകുഴിയിട്ടു.

“അപ്പൊ നിനക്ക് കുഞ്ഞാവേ വേണം..അല്ലെടി?” രാത്രി കിടപ്പറയില്‍ തനിച്ചയാപ്പോള്‍ ചേട്ടന്‍ ചോദിച്ചു.

“എന്നാരു പറഞ്ഞു?”

“ദേ അഭിനയിച്ചാല്‍ ഇടിച്ചു നിന്റെ..”

“വേണം..അവനൊരു കളിക്കൂട്ടുകാരി വേണ്ടേ? പിന്നെ..പിന്നെ..എന്റെ ചേട്ടനൊരു മോളെ നല്‍കണം എന്നെനിക്കും മോഹമുണ്ട്” നാണത്തോടെ ഞാന്‍ പറഞ്ഞു.

“കഴിഞ്ഞ തവണത്തെപ്പോലെതന്നെ ആകുമോടി ഭാര്യെ?”

“ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നുണ്ട്..”

“ഉം..എങ്കില്‍ ആയിക്കോട്ടെ..”

ലൈറ്റുകള്‍ അണഞ്ഞു.

“ചേട്ടാ..ജനിക്കുന്നത് ഒരു പക്ഷെ മോന്‍ ആണെങ്കില്‍, ചേട്ടനെന്നെ വെറുക്കുമോ?” പ്രസവത്തീയതി അടുത്ത് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ സമയത്ത് ഞാന്‍ ചേട്ടനോട് ചോദിച്ചു.

“എന്തിന്? പെണ്‍കുട്ടി ആയിരിക്കണം എന്നതെന്റെ ആഗ്രഹം മാത്രമല്ലെ. എനിക്കത് സ്വയം തീരുമാനിച്ച് നടപ്പിലാക്കാന്‍ പറ്റില്ലല്ലോ. ആണായാലും പെണ്ണായാലും ശാരീരിക മാനസിക വൈകല്യങ്ങളോ രോഗങ്ങളോ ഇല്ലാത്ത ഒരു കുട്ടി വേണമെന്നേ എനിക്കുള്ളൂ. അതേപോലെ കുട്ടി ആണോ അല്ലെങ്കില്‍ പെണ്ണോ തന്നെ ആയിരിക്കുകയും വേണം; ഹിജഡ ആകരുതെന്ന്; മനസിലായോ. പിന്നെ, ഇതോടെ പ്രസവം നിര്‍ത്തിയേക്കാന്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് നിന്റെ ലാസ്റ്റ് ചാന്‍സാണ്..മറക്കരുത്.”

എനിക്ക് ഒരേ സമയം ആധിയും സമാധാനവും ഉണ്ടായി. ദൈവമേ ജനിക്കുന്ന കുട്ടി സുന്ദരിയായ ഒരു മോള് തന്നെ ആയിരിക്കണേ എന്ന് പ്രസവ മുറിയിലേക്ക് പോകുമ്പോള്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

“അങ്ങനെ നീ വീണ്ടും വാക്ക് പാലിച്ചു..ഭംഗിയായി..”

രണ്ടാമത് ജനിച്ച മോനെ കൈകളില്‍ എടുത്ത് മൃദുവായി ചുംബിക്കുന്നതിനിടെ ചേട്ടന്‍ പറഞ്ഞു. എനിക്ക് അത്യല്‍പ്പമായ വിഷമവും വേദനയും തോന്നി. ഒരു മോളെ ചേട്ടന് സമ്മാനിക്കാനാണ് ഞാന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചത്; പക്ഷെ. ഇനി എനിക്കങ്ങനെയൊന്നു കഴിയുകയുമില്ല.

“അയാം സോറി ചേട്ടാ..ദൈവം നമുക്ക് മകളെ വിധിച്ചിട്ടില്ല..പ്രസവം നിര്‍ത്തിയില്ലായിരുന്നു എങ്കില്‍ ഒന്നുകൂടി ശ്രമിച്ചു നോക്കാമായിരുന്നു. ഇനി അതും പറ്റില്ലല്ലോ” ദുഖത്തോടെ ഞാന്‍ പറഞ്ഞു.

“ഒന്നുകൂടിയല്ല, നൂറു തവണ ഇനി ശ്രമിച്ചാലും നീ ഒരു കൌരവപ്പടയെ മാത്രമേ ഉണ്ടാക്കൂ..അതുകൊണ്ട് തല്‍ക്കാലം നമുക്ക് ഇവന്മാര് തന്നെ മതി. മോള്‍ക്ക് പകരമായി നീ ഉണ്ടല്ലോ”

“എന്നാലും….”

ചേട്ടന്‍ പുറത്തേക്ക് പോയപ്പോഴും, മോനെ മുലയൂട്ടുമ്പോഴും എന്റെ മനസ് അശാന്തമായിരുന്നു. ജീവിതത്തിലെ ചെറിയ ചെറിയ മോഹങ്ങള്‍ പോലും ചിലപ്പോള്‍ നടക്കില്ലല്ലോ എന്ന് ഓര്‍ത്ത് കിടക്കവേ ഒരു നേഴ്സ് കൈയിലൊരു ചോരക്കുഞ്ഞുമായി എന്റെ അരികിലേക്ക് വന്നു.

“മാഡം..ഈ കുഞ്ഞിനല്‍പ്പം മുലപ്പാല്‍ കൊടുക്കാമോ..ഇതിന്റെ അമ്മ വളരെ ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആണ്….പ്ലീസ്..ദയവായി നോ പറയരുത്” അവര്‍ അപേക്ഷാഭാവത്തില്‍ എന്നെ നോക്കി പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ് ആ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി. കൊച്ചൊരു മാലാഖ; ഇരുനിറമുള്ള സുന്ദരിയായ പെണ്‍കുഞ്ഞ്. അവളെ കൈകളിലേക്ക് വാങ്ങിയപ്പോള്‍ എന്തോ ഒരു പ്രത്യേക വികാരം എന്നെ കീഴ്പ്പെടുത്തുന്നത് ഞാനറിഞ്ഞു. അവളുടെ വായിലേക്ക് ഞാനെന്റെ മുലഞെട്ട് തിരുകി. അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി മോണ കാട്ടി പുഞ്ചിരിച്ചിട്ട്‌ ആര്‍ത്തിയോടെ പാല് കുടിക്കാന്‍ തുടങ്ങി. എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി. നഴ്സ് പോയതുപോലും അറിയാതെ അജ്ഞാതമായ ഒരു അനുഭൂതിയില്‍ ലയിച്ച് ഞാനങ്ങനെ ഇരിക്കുകയായിരുന്നു. മുലകുടിച്ച് വയറു നിറഞ്ഞ കുഞ്ഞ് എന്റെ കൈകളില്‍ കിടന്നുറങ്ങിയ വിവരം പോലും ഞാന്‍ അറിഞ്ഞിരുന്നില്ല.

“ങേ? എന്തെടി ഇത്? ഞാന്‍ പോയ വഴിക്ക് നീ ഒന്നുകൂടി പ്രസവിച്ചോ?” ചേട്ടന്റെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്. ഞാന്‍ കണ്ണ് തുറന്ന് നോക്കുമ്പോള്‍ ചേട്ടന്റെ പിന്നാലെ ഡോക്ടറും നഴ്സും ഉള്ളിലേക്ക് വരുന്നത് കണ്ടു.

“താങ്ക്സ് മാം..ഇങ്ങു തന്നോളൂ” നേഴ്സ് അടുത്തെത്തി കുഞ്ഞിനെ തിരികെ വാങ്ങാനായി കൈനീട്ടി. എനിക്കെന്തോ അവളെ വിട്ടുകൊടുക്കാന്‍ മനസ് വന്നില്ല.

“മോന്‍ ഓകെ അല്ലെ? മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ആകാം” ഡോക്ടര്‍ മോനെ പരിശോധിച്ച ശേഷം ഞങ്ങളെ നോക്കി പറഞ്ഞു.

“ശരി ഡോക്ടര്‍” ചേട്ടന്‍ പറഞ്ഞു.

“നേഴ്സ്..ആ കുഞ്ഞിനെ വാങ്ങി ആയയെ ഏല്‍പ്പിക്കൂ..തല്‍ക്കാലം അവരോട് ഇതിനെ നോക്കാന്‍ പറ”

“ഡോക്ടര്‍..ഇവളുടെ അമ്മ?” ഞാന്‍ അദ്ദേഹത്തെ നോക്കി.

“മരിച്ചു…ഇനി ഇതിനെ ഏതെങ്കിലും ഓര്‍ഫനേജില്‍ ആക്കണം” അദ്ദേഹം നിസംഗതയോടെ പറഞ്ഞു.

ഞെട്ടലോടെ ഞാന്‍ അദ്ദേഹത്തെയും നഴ്സിനെയും നോക്കി.

“അപ്പോള്‍ ഇതിന്റെ അച്ഛന്‍?”

“അങ്ങനെ ആരുമില്ല മാം. പതിനേഴോ പതിനെട്ടോ വയസുള്ള ഇവളുടെ അമ്മ ഇന്നലെ രാത്രി നിറവയറുമായി അത്യാസന്ന നിലയിലാണ് ഇവിടെ എത്തിയത്. ഏതോ ഓട്ടോക്കാരന്‍ എത്തിച്ചിട്ട് പോകുകയായിരുന്നു. അവളുടെ ഊരോ പേരോ ഒന്നും ഞങ്ങള്‍ക്ക് അറിയില്ല. ആരോ ചതിച്ചതാണ് പാവത്തിനെ. കുഞ്ഞിനേയും അവളെയും രക്ഷിക്കാന്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി നോക്കി. പക്ഷെ അമ്മ ഇവള്‍ക്ക് ജന്മം നല്‍കിയിട്ട് മരണത്തിന് കീഴടങ്ങി.” നേഴ്സ് ദുഖത്തോടെ പറഞ്ഞു.

“അവളെപ്പറ്റി ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കണ്ടിട്ട് സഹായത്തിന് ആരുമില്ലാത്ത പെണ്ണാണ് എന്ന് തോന്നുന്നു. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ അവളിവിടെ തനിച്ച് വരില്ലായിരുന്നല്ലോ” ചേട്ടനാണ് അത് പറഞ്ഞത്.

“അപ്പോള്‍ ഈ കുഞ്ഞിനെ ഇനി എന്ത് ചെയ്യും?”

“ഇരുനിറമുള്ള കുട്ടി ആയതുകൊണ്ട് ആരെങ്കിലും ദത്തെടുക്കാനും സാധ്യത കുറവാണ്. ദത്തെടുക്കാന്‍ വരുന്നവര്‍ക്ക് വെളുത്ത കുട്ടികളെ മതി. ഏതെങ്കിലും അനാഥാലയത്തില്‍ ഇവള്‍ വളരും; അല്ലാതെന്ത് ചെയ്യാന്‍. പാവം, ജനിച്ചു വീണപ്പോഴേ അവള്‍ അനാഥയാണ്. ഇങ്ങു തരൂ മാം..അടുത്തിടെ പ്രസവിച്ച ആരും ഇല്ലാത്തത് കൊണ്ടാണ് മാഡത്തോട് ഞാനത് ആവശ്യപ്പെട്ടത്.താങ്ക്സ് എ ലോട്ട്” നേഴ്സ് കുഞ്ഞിനു വേണ്ടി കൈനീട്ടി. എനിക്കെന്തോ അവളെ വിട്ടുകൊടുക്കാന്‍ മനസ് വന്നില്ല.

“കുറച്ചു കഴിഞ്ഞു വരൂ..ഇവള്‍ അല്‍പ്പനേരം ഉറങ്ങിക്കോട്ടെ..” ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു. ഡോക്ടറും നഴ്സും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചേട്ടനെ നോക്കി.

“ചേട്ടാ..” ഞാന്‍ വിളിച്ചു.

“ഉം”

“ഈ കുഞ്ഞിനെ നമുക്ക് വളര്‍ത്തിയാലോ? നമ്മുടെ മക്കളുടെ കൂടെ നമ്മുടെ മോളായി?” നിറകണ്ണുകളോടെ ഞാന്‍ ചോദിച്ചു.

ചേട്ടന്‍ എന്നെയും അവളെയും മാറിമാറി നോക്കി. പിന്നെ ഞങ്ങളുടെ അരികിലായി, കട്ടിലില്‍ ഇരുന്നു.

“അതേയ്, ഇപ്പം സെന്റി കാണിക്കുന്ന നീ നാളെ രണ്ടാനമ്മയുടെ സ്വഭാവം എടുക്കുമോ ഈ പാവത്തിനോട്?” കുസൃതിച്ചിരിയോടെ ചേട്ടന്‍ ചോദിച്ചു.

“ഒരിക്കലുമില്ല. ചേട്ടനൊരു മോളെ നല്‍കാന്‍ എനിക്ക് സാധിച്ചില്ലല്ലോ. ഇവളുടെ അമ്മ നമുക്ക് വേണ്ടി പ്രസവിച്ചതാകും ഇവളെ. നമുക്ക് നല്‍കാന്‍ വേണ്ടി. നോക്ക്..എന്ത് സുന്ദരിയാണ്‌ ഇവള്‍? ഈ നിറം വെളുപ്പിനേക്കാള്‍ അഴകുള്ള നിറമാണ്‌ എന്നിവള്‍ തെളിയിക്കും..ഞാന്‍ ഇരട്ടകള്‍ക്കാണ് ജന്മം നല്‍കിയത് എന്ന് പറഞ്ഞാല്‍ മതി ചേട്ടാ നാട്ടുകാരോട്..ഇവള്‍ ആരാരും ഇല്ലാത്തവള്‍ ആണെന്ന് ആരും അറിയരുത്..ഇവള്‍ പോലും..” അവളുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. എന്റെ കണ്ണുകളില്‍ നിന്നും വീണ തുള്ളികള്‍ അവളുടെ മുഖത്ത് നിന്നും ഞാന്‍ തുടച്ചുനീക്കി.

“നോക്കട്ടെ ഇവളെന്നെ ഇഷ്ടപ്പെടുമോന്ന്”

അങ്ങനെ പറഞ്ഞിട്ട് അജിയേട്ടന്‍ എന്റെ അരികിലിരുന്ന് അവളെ കൈകളിലേക്ക് വാങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കൈകളിലേക്ക് വച്ച അതേ നിമിഷത്തില്‍ത്തന്നെ കണ്ണുകള്‍ തുറന്ന് അവള്‍ ചേട്ടനെ നോക്കി ഉല്ലസിച്ചു ചിരിച്ചു.

“നോക്ക് ചേട്ടാ അവളുടെ സന്തോഷം. ഞാന്‍ വാങ്ങിയപ്പോള്‍പ്പോലും അവള്‍ക്കിത്ര ആഹ്ലാദം ഉണ്ടായിരുന്നില്ല”

അജിയേട്ടന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ആനന്ദാശ്രുക്കള്‍ വിരുന്നു വന്ന മിഴികളോടെ ചേട്ടന്‍ അവളെ മെല്ലെ മേലേക്ക് ഉയര്‍ത്തി നിറുകയില്‍ ചുംബിച്ചു. കൈകാലുകള്‍ ഇളക്കി അതിയായ സന്തോഷത്തോടെ അവള്‍ വീണ്ടും വീണ്ടും ചിരിക്കുന്നുണ്ടായിരുന്നു…..

LEAVE A REPLY

Please enter your comment!
Please enter your name here