Home Latest ” മുഹൂർത്തം ആയി, ആ താലി അങ്ങട് എടുത്ത് കൊടുക്കാ…!”

” മുഹൂർത്തം ആയി, ആ താലി അങ്ങട് എടുത്ത് കൊടുക്കാ…!”

0

രചന : Jishnu Ramesan

” മുഹൂർത്തം ആയി, ആ താലി അങ്ങട് എടുത്ത് കൊടുക്കാ…!”

കൂട്ടത്തിലെ ഏതോ തലമൂത്ത കാർന്നോര് പറഞ്ഞ ഡയലോഗ് എന്റെ ചെവിയിലേക്ക് തുളച്ചു കയറി..

പൂജാരി താലി എടുത്ത് കയ്യിൽ തന്നു..

“ഈശ്വരാ എന്റെ കയ്യൊക്കെ വിറക്കുന്നല്ലോ..! ഇതിപ്പോ എങ്ങനെയാ ഒന്ന് കെട്ടുക..!”

ഞാൻ പെങ്ങളെ ഒന്ന് നോക്കി,

“ഏട്ടാ താലി പുറകിൽ കൂടി എടുത്ത് കെട്ട്..”

“ഓ ശരി” എന്നും പറഞ്ഞു ഞാൻ പെണ്ണിന്റെ പുറകിൽ പോയി നിന്നു…..

അപ്പോഴുണ്ട് അവിടെ കൂടി നിന്നവരെല്ലാം കൂട്ട ചിരി….

ഇത് കണ്ട് പൂജാരി പറഞ്ഞു, “ഇൗ കുട്ടി എന്താ ഇൗ കാണിക്കുന്നത്, പെണ്ണിന്റെ പിന്നാമ്പുറത്ത് നിന്ന് ഇങ്ങട് വരാ, മുന്നിൽ വന്നു നിന്നിട്ട് താലി കഴുത്തിന് പുറകിൽ കൂടി കെട്ടാനാ പറഞ്ഞത്..”

“സത്യം പറയാലോ അവിടുന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചതാ..! അത് പോലെ നാണം കെട്ടു..”

“ഹൊ ഒരു വിധം താലി കെട്ടിയെന്ന് പറഞ്ഞാ മതി..”

കെട്ടു കഴിഞ്ഞ് ഞങ്ങടെ നാട്ടിലൊക്കെ ആദ്യത്തെ നാല് ദിവസം പെണ്ണിന്റെ വീട്ടിലാണ് താമസിക്കുന്നത്….

പെണ്ണിന്റെ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു.. അവളാണെങ്കിൽ അവൾടെ കുറെ വഴക്കാളി അനിയത്തിമാരുടെ കൂടെ എന്തൊക്കെയോ രഹസ്യം പറഞ്ഞു ചിരിക്കുന്നുണ്ട്..

“ഇതെന്താണാവോ ഇത്രയും രഹസ്യം പറയാൻ..!” ഞാൻ ഇങ്ങനെ മനസ്സിൽ ഓർത്തു..

അപ്പൊ രണ്ടു അമ്മാവന്മാർ വന്നിട്ട് “നാട്ടിൽ കൃഷിയൊക്കെ എങ്ങനെയുണ്ട് മോനെ” എന്ന് ചോദിച്ചു..

ചോദിച്ചത് മര്യാദക്ക് കേൾക്കാത്ത ഞാൻ ” ആ നല്ല മഴയോക്കെ കിട്ടാറുണ്ട് ” എന്ന് ഉത്തരവും കൊടുത്തു..

ഇത് കേട്ട് മുഖത്തോട് മുഖം നോക്കി അവര് എണീറ്റ് പോയി..

ഒരു ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ടായിരുന്നു..എന്നെയും അവളെയും കഴിക്കാൻ പിടിച്ചിരുത്തിയിട്ട്‌ ബാക്കി ഉള്ളവരോക്കെ എന്നെയും നോക്കി നിൽക്കുന്നു..

“ശെ ഇവരൊന്നും ഒരാള് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ..”

കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റു..

കിടക്കാൻ നേരം അവള് ഒരു ബ്രഷും പേസ്റ്റും കൊണ്ട് തന്നു…

രാത്രി പല്ല് തേപ്പൊന്നും പതിവില്ലാത്ത ഞാൻ കുറച്ച് ഗമ ആയിക്കോട്ടെ എന്ന് വിചാരിച്ച് അത് വാങ്ങി..

എല്ലാം കഴിഞ്ഞ് അകത്തേക്ക് വന്ന എന്നോട് അവളുടെ അമ്മ വന്നിട്ട് പറഞ്ഞു, ” മോനെ ഇതാ മുറി, കിടന്നോ അവളിപ്പോ വരൂട്ടോ..”

“മ്മ്‌ ശരി അമ്മേ” എന്ന് കുറച്ച് വിനയം കൂട്ടി ഞാൻ പറഞ്ഞു…

അപ്പോഴുണ്ട് അവള് അടുക്കളയിൽ നിന്നും എത്തി നോക്കിയിട്ട് “ഞാൻ ഇപ്പൊ വരാം” എന്നൊരു ആഗ്യം കാണിച്ചു..

ഞാൻ നോക്കുമ്പോ ഉണ്ട് ഏതൊക്കെയോ പെൺകുട്ടികൾ എന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്…

മുറി നല്ല രീതിക്ക് തന്നെ അലങ്കരിച്ചിട്ടുണ്ട്.. ഞാൻ മുറിയിലെ ചിത്രപണികളും മറ്റും നോക്കി അങ്ങനെ ഇരുന്നു..

അപ്പോഴേക്കും അവള് മുറിയിലേക്ക് കയറി വന്നു..മുറിയുടെ വാതിൽ അടക്കാൻ നേരം അമ്മ വന്ന് ഒരു ഗ്ലാസ്സ് പാല് അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, “നീ എന്താ പാലെടുക്കാതെ വന്നത്..”

വാതിൽ അടച്ചു കുറ്റിയിട്ടിട്ട്‌ അവള് അടുത്തേക്ക് വന്നു…
“ഏട്ടാ ഞങ്ങടെ ഭക്ഷണമൊക്കെ ഇഷ്ടായോ..”

പിന്നില്ലാതെ നല്ല രുചി ഉണ്ടായിരുന്നു..

ഞാൻ ഒരു ഗമക്ക്‌ പറഞ്ഞു, “പാലോക്കെ വേണമായിരുന്നോ, ഇപ്പോഴും അങ്ങനെ ഉള്ള ചടങ്ങൊക്കെ ഉണ്ടോ..?”

“ആ ഏട്ടന് പാല് വേണ്ടേ..! ” എന്നും പറഞ്ഞു എന്റെ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തി കൊണ്ട് ഒറ്റ വലിക്ക്‌ അവള് പാല് മുഴുവനും കുടിച്ചു..

ഇത് കണ്ട് ഒരു അന്താളിപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു, “ഇതെന്ത് പെണ്ണാ ഇത്..ഒരു മാതിരി ചെയ്ത്തായി പോയി..”

ഏട്ടൻ ഇരിക്ക് എന്നും പറഞ്ഞു അവള് കട്ടിലിൽ ഇരുന്നു..

എനിക്ക് നെഞ്ചൊക്കേ വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു… “ഈശ്വരാ ഞാൻ ഇപ്പൊ എന്താ പറയാ..?”

എന്താ ഏട്ടാ ഒരു പേടി പോലെ..!

“പേടിയോ എനിക്കോ, ഏയ് അങ്ങനെയൊന്നുമില്ല..”

ചമ്മല് കൊണ്ടാണെന്ന് തോന്നുന്നു അവളും ഒന്നും മിണ്ടുന്നില്ല..

ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി.

“എന്താ ഏട്ടാ..?”

അയ്യോ ഒന്നുല്ലാ..!

എന്റെ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി..

“ഇനി നീയാണ് എനിക്ക് എല്ലാം..നീ കഴിഞ്ഞേ ആരുമുള്ളു എനിക്ക്..” എന്നൊക്കെ മാസ് ഡയലോഗ് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ നടന്നില്ല..

എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ചു ഞാൻ ചോദിച്ചു, “എന്നെ ഇഷ്‌ടായോ..?”

അവള് എന്നെയൊന്നു നോക്കി ചിരിച്ചിട്ട് പറഞ്ഞു, “ഇത് ഇപ്പോഴാണോ ചോദിക്കുന്നത്..!”

അല്ല ഞാൻ, അത്….”എനിക്ക് വാക്കുകൾ ഉടക്കി..”

“ഞാൻ ഒന്ന് തോട്ടോട്ടെ..?”

എന്റെ ചോദ്യം കേട്ട് അവള് മുഖം ചുളിച്ച് ഒരു ചിരിയോടെ എന്നെ നോക്കി..

“അല്ലെങ്കി വേണ്ട..സോറി..”

സോറിയോ, എന്തിന്..?

“അല്ല , അതല്ല, സാധാരണ അങ്ങനെയൊക്കെ ആണല്ലോ..?”

എങ്ങനെ…?

“ഈശ്വരാ ഇനിയും ഇരുന്നാൽ ഞാൻ വല്ല അറ്റാക്കും വന്നു ചാവും..” എന്ന് മനസ്സിൽ വിചാരിച്ച് പറഞ്ഞു, “ഞാൻ കിടക്കട്ടെ, നല്ല ക്ഷീണം.. കുട്ടി വേണെങ്കി താഴെ കിടന്നോട്ടോ..!”

ഇത് കേട്ടതും ഉണ്ടക്കണ്ണ്‌ രണ്ടും തുറുപ്പിച്ച് കൊണ്ട് അവള് എന്നെ നോക്കി പറഞ്ഞു,
“താഴെ കിടക്കാനോ…?”

അയ്യോ അല്ലെങ്കി വേണ്ട ഞാൻ താഴെ കിടക്കാം..കുട്ടി ഇവിടെ കിടന്നോ..!

“ഏട്ടൻ എന്തൊക്കെയാ ഇൗ പറയുന്നത്..? ഏട്ടാ ഞാൻ ഏട്ടന്റെ ഭാര്യയാ..ഇത്രക്കും പേടിയുള്ള ആളാണെന്ന് ഞാൻ വിചാരിച്ചില്ല …”

അത് പറയുമ്പോ അവള് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു…

“അയ്യോ പേടി കൊണ്ടൊന്നും അല്ല, ഞാൻ ആദ്യമായിട്ടാ കല്യാണം കഴിക്കുന്നത്…അതാ..!”

ആഹാ കൊള്ളാലോ, ഞാൻ പിന്നെ ഇതിന് മുമ്പ് നാല് കല്യാണം കഴിച്ചതാണല്ലോ…

അത് പറയുമ്പോ അവളുടെ ചിരി നിന്നിട്ടില്ലായിരുന്നൂ..

എന്റെ വെപ്രാളവും മറ്റും അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു..

അന്നത്തെ രാത്രി വാ തോരാതെ ഞങൾ കുറെ സംസാരിച്ചു..

പിറ്റേന്ന് ഞാൻ ഏണീക്കുമ്പോ അവള് അടുത്തില്ല..നേരത്തെ എണീറ്റ് പോയി എന്ന് മനസ്സിലായി..

ഞാൻ പതിയെ മുറിക്ക് പുറത്തിറങ്ങി..തലേന്ന് രാത്രി എന്നെ നോക്കി അടക്കം പറഞ്ഞ ആ കുരിപ്പുകൾ അവിടെ ഉണ്ടായിരുന്നു…എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു..

അത് കണ്ട് ഞാൻ മനസ്സിൽ പറഞ്ഞു, “മ്മ്‌ ചിരിക്ക്‌, ചിരിക്ക് ഇന്നലത്തെ കാര്യം എനിക്കല്ലേ അറിയൂ..!”

എന്നാല് അന്ന് രാത്രിയും എന്റെ പേടിയും, വെപ്രാളവും പ്രതീക്ഷിച്ചാണ് അവള് മുറിയിലേക്ക് വന്നത്..

നാണം അഭിനയിച്ച് എന്റെ അടുത്ത് വന്ന അവളെ ഞാൻ എന്നിലേക്ക് ചേർത്ത് പിടിച്ചു..
എന്നിട്ട് ആദ്യ രാത്രിയിൽ പറയാൻ മനസ്സിൽ കുറിച്ചിട്ട ആ ഡയലോഗ് അവളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു..

“ഇനി എന്‍റെയാണ് നീ, നമ്മൾ തമ്മിൽ എത്രയൊക്കെ ഇണങ്ങിയാലും, പിണങ്ങിയാലും എന്റെ ജിവനായിരിക്കും ഇൗ പൊട്ടിപ്പെണ്ണ്…”

Story By
😎 Jishnu Ramesan

LEAVE A REPLY

Please enter your comment!
Please enter your name here