Home Latest ഒടുവിൽ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താൻ !!!

ഒടുവിൽ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താൻ !!!

0

എനിക്ക് ചെറുതല്ലാത്ത വിരോധം തോന്നിയിട്ടുള്ള ആൾ ആണ് എന്റെ ഭാര്യയുടെ അച്ഛൻ
ഇത് കേൾക്കുമ്പോൾ പുള്ളി അവളെ കെട്ടാൻ സമ്മതിക്കാതെ എന്നെ ആളെ വെച്ചു തല്ലിച്ചു എന്നൊന്നും കരുതല്ലേ, അതൊന്നും അല്ല…എന്റെ ഭാര്യ തന്നെയാണ് കാരണം !!!അവള് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അച്ഛനെ വലിച്ചിടും
ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ്
“എന്റെ പിറകെ നടക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഞാൻ അച്ഛനോട് പറഞ്ഞ് നല്ല തല്ലു മേടിച്ചു തരും ”
നിന്റെ അച്ഛൻ എന്താ വല്ല കൂലി തല്ലുകാരനും ആണോ ???എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ അതു വിഴുങ്ങി
മകൾ കൂലി മേടിക്കാതെയും നല്ല തല്ലു തരും എന്നറിയാവുന്ന സ്ഥിതിക്ക് വെറുതെ ചോദിച്ചു വാങ്ങണ്ടല്ലോ

ഒടുവിൽ വീട്ടിൽ വന്നു ചോദിച്ചോളാൻ പറഞ്ഞപ്പോഴും അവൾ പറഞ്ഞു
“എന്റെ അച്ഛൻ ആണെന്റെ എല്ലാം, അച്ഛൻ സമ്മതിച്ചില്ലേൽ ഞാൻ നിങ്ങളെ കെട്ടതുമില്ലാ !!!
അതു കൊണ്ട് നിങ്ങൾ ആദ്യം തന്നെ വന്നു അച്ഛനോട് ചോദിച്ചോളൂ “വെറുതെ പ്രേമിക്കാൻ നിന്നു തന്നേച്ചു ഒടുവിൽ നിങ്ങളെ കൊണ്ടെന്നെ തേപ്പു കാരി എന്നു വിളിപ്പിക്കാൻ എനിക്കൊരു തല്പര്യോം ഇല്ല !!!
ആവശ്യം നമ്മുടേതായതു കൊണ്ട് ഞാൻ അതും കേട്ടു നമ്മുടെ അമ്മ വഴി കാര്യം അച്ഛനിലോട്ട് എത്തിച്ചുഒടുവിൽ കൈയും കാലും പിടിച്ചു വീട്ടുകാരെ എല്ലാം സമ്മതിപ്പിച്ചിട്ടു നെഞ്ചും വിരിച്ചു അവളുടെ മുൻപിൽ പോയി നിന്നപ്പോൾ ആ ദ്രോഹി പറയുവാണ്
“അതേയ് ചാവണ വരെ എനിക്ക് ഏറ്റോം വേണ്ടപെട്ടതു എന്റെ അച്ഛൻ തന്നെ ആയിരിക്കും കേട്ടോ “!!!
നിങ്ങൾക്ക് ഒന്നും തോന്നരുത്
എന്റച്ഛന് ഉരുളി കമിഴ്ത്തി ഉണ്ടായതാ ഞാൻ, ആ ഞാൻ അച്ഛനെ മറക്കമ്പാടില്ലല്ലോ. അല്ലാതെ നിങ്ങളെ ഇഷ്ട്ടം അല്ലാഞ്ഞിട്ടൊന്നുമല്ല !!!
അന്ന് മുതൽ അവളെ കൊണ്ട് അതൊന്നു മാറ്റി പറയിക്കാൻ ശ്രമിക്കുന്നതാണ് ഞാൻ

പിന്നെ കല്യാണദിവസം അച്ഛനും മകളും കൂടി കെട്ടിപിടിച്ചു നിലവിളിച്ചു കല്യാണം കൂടാൻ വന്നവരെ എല്ലാം കരയിപ്പിച്ചിട്ടാണ് വിട്ടത് എന്നു കണ്ടു നിന്ന എന്റെ അമ്മ വരെ കണ്ണു തുടക്കുന്ന കണ്ടപ്പോൾ എനിക്ക് മനസിലായി
കല്യാണത്തിന് ശേഷം, രണ്ടു ആൺമക്കളെ വിറപ്പിച്ചു നിർത്തിയിരുന്ന എന്റെ അച്ഛനെയും അവൾ കൈയ്യിലെടുക്കുന്നതു കണ്ടപ്പോൾ എനിക്ക് മനസിലായി അവൾക്കു അച്ഛൻ എന്നു പറയുന്നതേ ഒരു ദൗർബല്യമാണ്

“ഒരു സ്ത്രീക്ക് കല്യാണത്തിന് ശേഷം ഭർത്താവായിരിക്കും ഏറ്റവും കൂടുതൽ സ്നേഹവും സംരക്ഷണവും കൊടുക്കുന്നത് എന്നവൾക്കു കഥകളിലൂടെ പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചു !!!ഒരു രക്ഷയുമില്ല

അവൾക്കു അച്ഛനോട് തന്നെ ഇഷ്ടം

ഭർത്താവിനെ ദൈവത്തെ പോലെ കാണുന്നു എന്നെനിക്കു തോന്നിയ അവളുടെ സ്വന്തം അമ്മയുടെ ഉദാഹരണം വെച്ചു വാദിക്കാൻ ശ്രമിച്ചു

“അമ്മ അമ്മേടച്ചന് ഉരുളി കമിഴ്ത്തി ഉണ്ടായതല്ലല്ലോ എന്നവൾ തിരിച്ചടിച്ചു ”

ഒടുവിൽ അച്ഛനെ ഒന്ന് തോൽപിച്ചു കാണിക്കണം എന്ന ഉദ്ദേശത്തോടെ ഞാൻ കഥ പറച്ചിൽ നിർത്തി അവളെ അങ്ങ് സ്നേഹിച്ചു കൊല്ലാൻ തീരുമാനിച്ചു

എന്നാൽ മകൾക് വിളർച്ച ഉണ്ടെന്നു പറഞ്ഞപ്പോൾ അയൺ ഗുളികയുമായി അറുന്നൂറു കിലോമീറ്റർ യാത്ര ചെയ്തു വന്നു മകളുടെ കൂടെ നിന്നു തീറ്റി പോറ്റുന്നത് കണ്ടപ്പോൾ ഞാൻ മനസിലാക്കി എന്റെ എതിരാളി വിചാരിച്ച പോലല്ല !!!!

ഗർഭിണി ആയപ്പോൾ ബെഡ് റസ്റ്റ്‌ വിധിക്കപെട്ട അവൾക്കു ഇഷ്ടപെട്ട പൊറോട്ടയും മട്ടനും വാങ്ങിയിട്ട് വരുമ്പോഴേക്കും അച്ഛനടുക്കളയിൽ കയറി അവൾക്കു നല്ല ചൂട് ചോറും, ചമ്മന്തിയും, പയറു തോരനും വെച്ചു കൊടുത്തിട്ടുണ്ടാകും

ഒടുവിൽ തോൽക്കില്ല എന്ന വാശിയോടെ പൊറോട്ടയും മട്ടനും അച്ഛനെ ഏല്പിച്ചു “ഞാനും ഒരു പാത്രത്തിൽ ചോറും കറിയും എടുത്തു കൊണ്ട് പോയി അവൾക്കു വാരി കൊടുത്തു എന്റെ ക്ഷീണം മാറ്റും

ഞാൻ കാലും നീട്ടി വെച്ചു കിടന്നു ഉറങ്ങുമ്പോൾ അച്ഛൻ അവളുടെ നീര് വെച്ച കാല്പാദം തിരുമ്മി ഉറക്കം കളഞ്ഞിരിപ്പുണ്ടാകും.

മകൾ തെന്നി വീഴാതിരിക്കാൻ പോണ്ടി പട്ടണം മുഴുവൻ അരിച്ചു പെറുക്കി ഗ്രിപ് ഉള്ള കാർപെറ്റുമായി വരുന്ന അച്ഛനെ കണ്ടു ഞാൻ അന്തം വിട്ടു

ഇതെനിക്ക് എന്ത് കൊണ്ട് തോന്നിയില്ല ???

ഒടുവിൽ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താൻ !!!

അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ സന്താനം അവളെ പോലെ തന്നെ ഒരു അച്ഛന്റെ മോളായിരിക്കാൻ !!!

രാത്രി രണ്ടരമണിക്കു അവൾ പ്രസവിക്കുമ്പോൾ പ്രസവ മുറിക്കു പുറത്തു കാത്തു നിന്ന എന്നെ ഉറക്കം ചതിച്ചപ്പോളും, ചതിയിൽ വീഴാതെ പിടിച്ചു നിന്ന അച്ഛനെന്റെയും ഹീറോ ആയി

“മോളെയും കൊണ്ട് നേഴ്സ് വന്നപ്പോൾ അച്ഛൻ കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങിയ എന്നെ തട്ടി എണീപ്പിച്ചു കുഞ്ഞിനെ വാങ്ങാൻ പറഞ്ഞിട്ട് പറഞ്ഞു

“മോൾക്ക് കുഴപ്പം ഒന്നുമില്ല മോനെ നീ ഇനി പേടിക്കണ്ടാന്നു ” അച്ഛന്റെ പറഞ്ഞത് അച്ഛന്റെ മോളെ പറ്റി ആണ്

എഴുപതാം വയസിലും മകൾക്കു
വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന അദ്ദേഹത്തിന്റെ മുന്പിൽ ഞാനൊന്നും അല്ലെന്നും അവളെന്തായാലും മാറ്റി പറയില്ലെന്നും എനിക്കപ്പോൾ ഉറപ്പായി.

അദ്ദേഹം കൊടുത്ത സ്നേഹവും കരുതലുമാണ് അവളെ അവളാക്കിയത്. അദ്ദേഹത്തിന്റെ പിന്തുണയാണ് അവളുടെ ആത്മവിശ്വാസം. അച്ഛൻ പകർന്നു കൊടുത്ത സ്നേഹമാണ് അവളെനിക് പകർന്നു തരുന്നത്

ഇപ്പോൾ അവളുടെ അച്ഛനെ പോലെ എന്റെ പാറൂന് “അച്ഛൻ ” ആകാനുള്ള ശ്രമത്തിൽ ആണ് ഞാനും

രചന : Sabaries RK

LEAVE A REPLY

Please enter your comment!
Please enter your name here