Home Latest ആവേശം ആവാം അത് തീർക്കേണ്ടത് വീട്ടിലുള്ള പെണ്ണുങ്ങളുടെ മേലേ ആവണം…

ആവേശം ആവാം അത് തീർക്കേണ്ടത് വീട്ടിലുള്ള പെണ്ണുങ്ങളുടെ മേലേ ആവണം…

0

രചന: അനൂപ് അനു കളൂർ

തന്റേടി

തിരക്കുള്ള ബസ്സിൽ കയറിയതും കാണാൻകൊള്ളാവുന്ന പെണ്ണിന്റെ പിന്നാമ്പുറത്തേക്ക് ഒരുത്തന്റെ കൈ നീണ്ടതും….

ക്ഷണനേരം കൊണ്ട് അവൾ വെട്ടിത്തിരിഞ്ഞു കൈയൊങ്ങിയത് എന്റെ നേർക്കായിരുന്നു..

അവളുടെ കൈകൾ തടഞ്ഞു നിർത്തിയെങ്കിലും..

“നിനക്കൊന്നും അമ്മയും പെങ്ങൾമാരും ഇല്ലേ പോയി അവിടെ തോണ്ടി കളിക്കടാ വൃത്തികെട്ടവനെ…

ഒരു നിമിഷം പിറകിൽ നിന്ന ചേട്ടൻ സത്യാവസ്ഥ പറഞ്ഞതും കൈ മറ്റവന്റെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ..

ബസ്സിൽ ആകെ ശബ്ദം ആയി ,അവനെ പിടിച്ചു എല്ലാരും കൂടി നല്ലോണം പെരുമാറി..

ആകെ തരിച്ചു നിന്നുപോയി,ഇതൊക്കെ കണ്ടിട്ട് ,എന്നിട്ടും അവൾ ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നുണ്ട്…

ഒരു സോറിയെങ്കിലും പറയുമെന്ന് കരുതി ,എവിടെ ഒരു ചാൻസും ഇല്ല ഇതേതോ വിളഞ്ഞ വിത്ത് തന്നെയാ..

ന്നാലും ഒന്നു ചിരിക്കുകയെങ്കിലും ആവാമായിരുന്നു ല്ലേ ..ഹും..

കിട്ടിയ തേപ്പിന്റെ പ്രഹരം മാറാത്തത് കാരണം ഒരു പെണ്ണിനോടും മിണ്ടാൻ താല്പര്യം ഇല്ലാത്തതാണ് ,ഇതെന്തോ..

നാളുകൾ ഓരോന്നും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു,സൂപ്പർ സ്റ്റാറിന്റെ സിനിമയുടെ റിലീസിങ് ദിവസം വീണ്ടും ആ മുഖം കണ്ടുമുട്ടി പ്രതീക്ഷിക്കാതെ,

ആവേശത്തോടെ എല്ലാവരും സ്ക്രീനിൽ തന്നെ നോക്കി ഇരിക്കുമ്പോൾ ആണ്. രണ്ടു സീറ്റ് മുന്നിൽ നിന്ന് എഴുന്നേറ്റ് ഒരുവൾ പിറകിൽ ഇരിക്കുന്നവന്റെ കരണം നോക്കി പൊട്ടിച്ചത് .

“ആവേശം ആവാം അത് തീർക്കേണ്ടത് വീട്ടിലുള്ള പെണ്ണുങ്ങളുടെ മേലേ ആവണം നാട്ടിലുള്ള പെണ്ണിന്റെ ശരീരത്തിൽ ആവരുത് എന്നവൾ പറഞ്ഞ വാക്കുകൾ അവിടെ മുഴങ്ങിയ ശബ്ദത്തിനും മേലേ പ്രതിധ്വനിച്ചു.

പെണ്ണായാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം,പറഞ്ഞിട്ട് കാര്യമില്ല വീട്ടുകാർ വളർത്തിയ രീതിയാവും എന്നു മനസ്സിൽ ഓർത്തതും…

അവൻ ദേഷ്യത്തോടെ അവളെ നോക്കി ഇറങ്ങി പോയതും ആ തന്റേടിയെ കണ്ടു ഒരു നോട്ടം ,മുൻപ് മനസ്സിൽ ബസ്സിൽ വെച്ച് മനസ്സിൽ
പതിഞ്ഞ അതേ മുഖം,സിനിമ കഴിഞ്ഞു ഇറങ്ങും നേരം ആ കാന്താരിയെ ഒന്നൂടെ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല പക്ഷേ…

ഒരു ദിവസം കോളേജ് കഴിഞ്ഞു കരഞ്ഞു കണ്ണീരൊലിപ്പിച്ചു വീട്ടിലോട്ട് വരുന്ന അനിയത്തി കുട്ടിയോട് കാര്യം തിരക്കിയപ്പോൾ വഴിവക്കിൽ നിൽക്കുന്ന പൂവാലൻ മാരുടെ നോട്ടവും സംസാരവും സഹിക്കാൻ വയ്യെന്ന് പറഞ്ഞു പൊട്ടികരഞ്ഞപ്പോൾ ഓർമ്മവന്നത്..

ആ കാന്താരിയുടെ മുഖം ആയിരുന്നു ,ഞാൻ സ്വയം പറഞ്ഞു ,പെണ്ണായാൽ ആ കുട്ടിയെ പോലെ ഇത്തിരി തന്റേടം ഒക്കെ ആവാം എന്ന് ,

എന്തോ ഓർത്തുകൊണ്ട്
ചിരിച്ചു നിൽക്കുന്ന എന്നെ കണ്ട അനിയത്തി കയ്യിൽ നുള്ളികൊണ്ടായിരുന്നു പ്രതികരിച്ചത്,

അവളെയും കൂട്ടി ബൈക്കിൽ പോയി ശല്യം ചെയ്ത പിള്ളേരേ നല്ല നാലു ചീത്തയും താക്കീതും കൊടുത്ത് തിരിച്ചു വരുമ്പോഴും മനസ്സിൽ ആ കാന്താരി അറിയാതെ കൂടു കൂട്ടുകയായിരുന്നു,

നാളുകൾ പിന്നെയും മറഞ്ഞു കൊണ്ടിരുന്നു, ഒരു ദിവസം പത്രത്തിലെ വാർത്ത കണ്ടപ്പോൾ മനസ്സിൽ എന്തോ പോലെ…

“നഗര മദ്യത്തിൽ സ്ത്രീക്ക് നേരെ പീഡന ശ്രമം ,വസ്ത്രങ്ങൾ വലിച്ചു കീറി ,ഒരു കൂട്ടം യുവാക്കൾ അറസ്റ്റിൽ”

“തിയേറ്ററിൽ വെച്ച് യുവതിയുമായി അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് മുൻപ് യുവാക്കളിൽ ഒരാളെ യുവതി തല്ലിയത് ആണ് ഇതിന് പ്രചോദനം ആയ കാരണം എന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി”

മനസ്സിൽ അവളുടെ മുഖം ആണ് നിറഞ്ഞു വന്നത് ,അവൾ തന്നെയാവുമോ ഇത്‌.അറിയില്ല എന്തോ തനിക്ക് നേരെ കൈ ഉയർത്തിയ ആദ്യത്തെ പെണ്ണാണ് അവൾ ദേഷ്യമാണ് തൊന്നേണ്ടത് പക്ഷേ അവളോട് ആരാധന ആയി മാറിയോ എപ്പോഴെങ്കിലും അറിയില്ല.

ആരെന്ന് അറിയാൻ വേണ്ടി ചെറിയ അന്വേഷണം ഒക്കെ നടത്തി നോക്കിയെങ്കിലും ശ്രമം വിഫലമായിരുന്നു.

കാരണം മുൻപ് ശ്രമിച്ച വിദേശത്തെ ജോലി പെട്ടെന്ന് ശരിയാവുകയും ഒട്ടും വൈകാതെ പ്രവാസിയുടെ വേഷവുമണിഞ്ഞു,രണ്ടു വർഷത്തിന് ശേഷമാണ് പിന്നെ ലീവ് കിട്ടിയത്.പതിയെ ഈ കാര്യങ്ങൾ മറന്നു പോയി,

നാട്ടിൽ എത്തിയ ഒരു ദിവസം ചേച്ചിയുടെയും അളിയന്റെയും നിർബന്ധ പ്രകാരമായിരുന്നു അവരുടെ പുതിയ വീട്ടിൽ രണ്ടുദിവസം നിൽക്കാൻ വേണ്ടി പോയത്,

ഗവർമെന്റ് ജോലി ആയതിനാൽ അവർക്ക് ഇങ്ങനെ നാട് മൊത്തം കറങ്ങൽ തന്നെയാണ് ,സ്ഥിരം ഒരിടത്തു താമസം കണക്കായിരുന്നു,

ചേച്ചിയുടെ മോനും ഞാനും കൂടെ ആ നാട്ടിലെ അമ്പലത്തിൽ പോയ ഒരു രാവിലെ ആ കുട്ടിയെ കാലങ്ങൾക്ക് ശേഷം വീണ്ടും കണ്ടു ,പക്ഷെ മുൻപ് കണ്ടതിൽ ആകെ മാറ്റം ജീൻസും ബനിയനും ആയിരുന്ന അവൾ …

സെറ്റ് മുണ്ടും തലയിൽ മുല്ലപ്പൂവും നെറ്റിയിൽ ചന്ദനവും ചാർത്തി ദേവിയെ പോലെ തോന്നിക്കുന്നു,എത്ര നേരം അവൾ തൊഴുന്നതും നോക്കി നിന്നെന്ന് അറിയില്ല ,

ചേച്ചിയുടെ മോൻ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ആണ് ഓർമ്മ തിരികെ വന്നത്,

അമ്മയാവും കൂടെ കുറച്ചു പ്രായം ഉള്ള ഒരു സ്ത്രീയും ഉണ്ട് കൂടെ,പ്രദക്ഷിണം വെക്കുന്ന അവരുടെ പിറകിൽ ഞങ്ങളും കൂടി പതിയെ,

“അന്നത്തെ ആ സംഭവത്തോടെ മോൾടെ കെട്ട് മുടങ്ങി ല്ലേ,എന്താ ചെയ്യാ കഷ്ടം”

പ്രായം ചെന്ന ഒരു സ്ത്രീ ഉറക്കെ കളിയാക്കൽ പോലെ അവരോട് ചോദിച്ചതും എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി ,ഒരു കുറ്റവാളിയെ നോക്കുന്ന പോലെ എല്ലാ എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു,

“അവരെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ പീഡനക്കേസ് ഒക്കെ ആയില്ലേ ,അതിനു ശേഷം പുറത്തൊന്നും ഇറങ്ങാറില്ലല്ലേ കുട്ടി ,,അല്ലേലും പെണ്ണുങ്ങൾ ഇത്തിരി അടക്കമൊക്കെ വേണം അതില്ലായിരുന്നല്ലോ ഇനി അനുഭവിച്ചോ വേറെ വഴിയില്ലല്ലോ”

അത്ര നേരം നേർത്ത ചിരി മുഖത്തു വരുത്താൻ ശ്രമിച്ച ആ മുഖം വാടുന്നതും കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുള്ളികൾ ആരും കാണാതെ തുടക്കാൻ തിരിഞ്ഞതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു ഒരു നിമിഷം,

“ഞങ്ങൾക്ക് ആരുടെയും സഹതാപം വേണ്ട ,ഒന്ന് ജീവിക്കാൻ സമ്മതിച്ചാൽ മതി ”

എന്ന് പറഞ്ഞവൾ ഒരിക്കൽ കൂടി ആ സ്ത്രീയെ ദേഷ്യത്തോടെ നോക്കി അമ്മയുടെ കയ്യും പിടിച്ചു നടന്നകന്നു മുന്നിലൂടെ..

ഒത്തിരി തന്റേടം കൂടിയ അവളുടെ വീട് കണ്ടു പിടിച്ചഞാൻ ,പിറ്റേന്ന് തന്നെ അളിയനെയും കൂട്ടി അവിടെ ചെന്ന് പെണ്ണ് ചോദിച്ചു കൊണ്ട് പ്രതികാരം തുടങ്ങി.

എല്ലാം അറിഞ്ഞു വന്ന ബന്ധം ആയതിനാൽ ആർക്കും എതിർപ്പുകൾ ഉണ്ടായില്ല.അവളോ ടും മനസ്സ് തുറന്ന് സംസാരിച്ചു ,അവൾ തിരിച്ചും,

ഇന്നിപ്പോൾ അങ്ങനെ കല്യാണ പന്തലിൽ വരെ എത്തി കാര്യങ്ങൾ ,അൽപ്പം കഴിഞ്ഞാൽ തന്റേടി എന്റെ ഭാര്യ ആവും ട്ടാ,
അടുത്തിരിക്കുന്ന അവളുടെ കാതിൽ ആരും കേൾക്കാത്ത രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു,

“എന്റെ നേർക്ക് ആദ്യമായി കൈ നീട്ടിയ പെണ്ണേ ,കാണിച്ചു തരാം ട്ടാ നിന്റെ ഓരോ പോക്കിരി തരങ്ങൾക്കും ഉള്ളതൊക്കെ ഒന്നു രാത്രി ആവട്ടെ,

“അതിനിത്തിരി പുളിക്കും മോനെ
അന്ന് ചെയ്തതിനുള്ള പരിഹാരം ആയി വെച്ചോട്ടാ”

എന്നും പറഞ്ഞുകൊണ്ട്
ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കല്യാണ പന്തലും വന്ന അതിഥികളും നോക്കി നിൽക്കെ..

“ആ കാന്താരി എന്റെ കവിളിൽ ചുണ്ടുകൾ ചേർത്തത്”

കെട്ടികഴിഞ്ഞാൽ ഇവളെയൊന്നു നേരെയാക്കാം എന്നു കരുതിയ എന്റെ സകല കണക്കു കൂട്ടലും തെറ്റിച്ചു കൊണ്ട് കാന്താരി ആദ്യദിനം തന്നെ എന്നെ വെള്ളം കുടിപ്പിച്ചു എന്നു പറയാം…

എന്തിരുന്നാലും മാസങ്ങൾക്കുള്ളിൽ തന്നെ അവളെ കൊണ്ട് പച്ചമാങ്ങ തീറ്റിപ്പിച്ചു കൊണ്ട് ഞാനും പ്രതികാരം വീട്ടി ..

“ഇനി കാത്തിരിപ്പാണ് ഞങ്ങൾ തന്റേടി ആയ ഒരു മോളൂട്ടിക്കോ മോനുട്ടനോ വേണ്ടി ….

രചന: അനൂപ് അനു കളൂർ
AMP KALOOR

LEAVE A REPLY

Please enter your comment!
Please enter your name here