Home Samuel George മൂന്നു പോലീസുകാര്‍ ചേര്‍ന്ന് പണിപ്പെട്ടാണ് അവനെ സി ഐയുടെ മുറിയിലേക്ക് എത്തിച്ചത്…

മൂന്നു പോലീസുകാര്‍ ചേര്‍ന്ന് പണിപ്പെട്ടാണ് അവനെ സി ഐയുടെ മുറിയിലേക്ക് എത്തിച്ചത്…

0

രചന : Samuel George

ഒന്നില്‍ രണ്ട്

മൂന്നു പോലീസുകാര്‍ ചേര്‍ന്ന് പണിപ്പെട്ടാണ് അവനെ സി ഐയുടെ മുറിയിലേക്ക് എത്തിച്ചത്. ഒരു ലുങ്കി മാത്രം ധരിച്ചിരുന്ന, കറുത്ത് കരിവീട്ടിയുടെ ശരീരമുള്ള അവന്റെ മുഖത്തെ കൂസലില്ലായ്മയും ധിക്കാരവും ശ്രദ്ധിച്ചുകൊണ്ട് സി ഐ ബെഞ്ചമിന്‍ എഴുന്നേറ്റു. മസിലുകള്‍ ഒഴുകി നടക്കുന്ന ശരീരം അവന്റെ കരുത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.

“ഉം..വിടവനെ”

സി ഐ പോലീസുകാരോട് പറഞ്ഞു. പോലീസുകാര്‍ പിടി വിട്ടപ്പോള്‍ അവന്‍ കൈകള്‍ ഇളക്കി നെഞ്ചു വിരിച്ച് സി ഐയെ നോക്കി.

“എന്താടാ നിന്റെ പ്രശ്നം?” സി ഐ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“ഹത് ശരി..അപ്പൊ എന്നെ വീട്ടീ വന്നു ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത് എന്തിനാന്നു ഏമ്മാനറിയത്തില്യോ..ഹത് കൊള്ളാമല്ലോ”

പറഞ്ഞു നിര്‍ത്തിയ സമയത്ത് തന്നെ ബെഞ്ചമിന്റെ വലതുകരം അവന്റെ കവിളത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു വശത്തേക്ക് വേച്ചുപോയ അവന്‍ ഭിത്തിയില്‍ കൈതാങ്ങിയതുകൊണ്ട് വീണില്ല.

“ഇത് നിന്റെ അച്ചിവീടല്ല അഭ്യാസം കാണിക്കാന്‍..ചോദിക്കുന്നതിനു മറുപടി കൃത്യമായി തന്നില്ലെങ്കില്‍, നിന്റെ ജന്മം പാഴായിപ്പോകും..മനസിലായോടാ” സി ഐ മുരണ്ടു.

“ഓ പിന്നെ..നിങ്ങള് പോലീസുകാര്‍ക്ക് ആരേം ഇതേപോലെ പിടിച്ചോണ്ട് വന്നു കുതിര കേറാന്‍ എളുപ്പമാണല്ലോ..ഞാനൊക്കെ അങ്ങ് ചന്തേല്‍ ലൈസന്‍സ് ഒന്നുമില്ലാതെ തല്ലുണ്ടാക്കുന്നവനാ സാറേ..എന്റെ നേര്‍ക്കുനേരെ ഒരുത്തനും നില്‍ക്കത്തില്ല…തെരക്കിയാല്‍ അറിയാം…എനിക്കതിനു യൂണിഫോം ഒന്നും വേണ്ട..അതുകൊണ്ട് എന്നെ പേടിപ്പിക്കാമെന്ന് സാറ് കരുതണ്ട..കര്‍ണ്ണന്‍ അങ്ങനെ പേടിക്കുന്ന ടൈപ്പല്ല..” അടി കൊണ്ട് ഭാഗം ഒന്ന് തടവിയിട്ട് അവന്‍ കൂസലില്ലാതെ പുച്ഛഭാവത്തില്‍ പറഞ്ഞു.

പോലീസുകാര്‍ അന്തം വിട്ട് അവനെയും സി ഐയെയും നോക്കി. സി ഐ പുഞ്ചിരിച്ചു. പിന്നെ തൊപ്പി ഊരി മാറ്റി വച്ചിട്ട് ഷര്‍ട്ടും അഴിച്ചു മാറ്റി.

“വാടാ..ഞാന്‍ ഇപ്പോള്‍ സി ഐ ബെഞ്ചമിനല്ല..വെറും ബെഞ്ചമിന്‍ ആണ്..നിനക്ക് എന്നെ അടിച്ചു തോല്‍പ്പിക്കാം..അങ്ങനെ നീ ചെയ്‌താല്‍, ഇന്ന് ഞാനെന്റെ ഈ ഉദ്യോഗം രാജി വച്ച് നിന്റെ ശിഷ്യനാകും..വാ..പുറത്ത് മുറ്റത്ത് തന്നെ ആയിക്കോട്ടെ ഷോ”

“അയ്യോ സാറെ വെറുതെ ആവേശം കാണിക്കണ്ട..അവസാനം എന്റെ പേരില്‍ സി ഐയെ തല്ലിയെന്ന കേസുകൂടി ആകും..” അവന്‍ ധിക്കാരപൂര്‍വ്വം ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഹ..നീ വാടാ..അത് തീര്‍ന്നിട്ടെ ഉള്ളു ഇനി ബാക്കി എന്തും”

“സാറീ കൈകണ്ടോ..പാറ പിടിക്കുന്ന കൈയാ..വേണേ ഒന്ന് പിടിച്ചു നോക്കിയിട്ട് ഒന്നൂടെ ആലോചിക്ക്” അവന്‍ ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ഉരുക്ക് ഹസ്തം സി ഐയുടെ നേരെ നീട്ടി.

“നോക്കാമല്ലോ..” സി ഐയും കൈനീട്ടി. കര്‍ണ്ണന്റെ കൈ അദ്ദേഹത്തിന്റെ കൈകള്‍ക്കുള്ളില്‍ എത്തിയ സമയം, കര്‍ണ്ണന്‍ സി ഐയുടെ കാല്‍ക്കലേക്ക് മുട്ടുകുത്തി വീണു.

“എന്താടാ..പാറ പിടിക്കുന്ന കൈയ്ക്ക് ഒരു ഷേക്ക് ഹാന്‍ഡ്‌ കൊടുക്കാനുള്ള ശക്തി പോലുമില്ലേ..?” അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു കൊണ്ട് സി ഐ ചോദിച്ചു.

കര്‍ണ്ണന്‍ ഞെട്ടലോടെ അദ്ദേഹത്തെ നോക്കി.

“വാ..നിന്റെ ലൈസന്‍സ് ഇല്ലാത്ത തല്ലുകൂടി എനിക്കൊന്നു കാണണം..”

“വേണ്ട സാറേ…സാറ് പണി പഠിച്ച ആളാണ്‌..മനസിലായി”

അടുത്ത നിമിഷം സി ഐയുടെ മുഷ്ടി അവന്റെ താടിയെല്ലില്‍ ഊക്കോടെ പതിഞ്ഞു. ഒരു നിലവിളിയോടെ അവന്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. അദ്ദേഹത്തിന്റെ ബൂട്ടിട്ട കാല്‍ അവന്റെ വലതുകൈപ്പത്തിയില്‍ ശക്തമായി അമര്‍ന്നു. വേദന കൊണ്ട് പുളഞ്ഞു പോയ കര്‍ണ്ണന്റെ ഇടതുകാല്‍ മുട്ടിലും സി ഐയുടെ കാലു പതിഞ്ഞു.

“നിന്നെ വെറും പഴന്തുണി പരുവമാക്കാന്‍ എനിക്ക് രണ്ടു മിനിറ്റ് തികച്ചു വേണ്ട..കേട്ടോടാ പന്ന…………” മുഖത്തിന്‌ നേരെ കാലുയര്‍ത്തി, പിന്‍വലിച്ചിട്ടു സി ഐ മുരണ്ടു. പിന്നെ അദ്ദേഹം ഷര്‍ട്ടു ധരിച്ച് സീറ്റില്‍ ചെന്നിരുന്നു. പോലീസുകാര്‍ പണിപ്പെട്ട് കര്‍ണ്ണനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. അവന്‍ നില്ക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

“ഇനി പറയടാ..എന്തിനാണ് നിന്റെ ഭാര്യ നിനക്കെതിരെ പരാതി തന്നത്?” സി ഐയുടെ സ്വരമുയര്‍ന്നു.

“മോളെയും അവളെയും തല്ലിയതിന്..” അവന്‍ പറഞ്ഞു.

“എത്ര വയസുണ്ട് നിന്റെ മോള്‍ക്ക്?”

“ഒമ്പത്”

“എന്തിനാണ് നീ അവരെ രണ്ടുപേരെയും തല്ലിയത്?”

“ആഹാരം വേസ്റ്റ് ആക്കിയതിന്..”

“ഇത്ര നിസ്സാര കാര്യത്തിനാണോ നീ രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ചത്? നിന്റെ മോള്‍ ആശുപത്രിയില്‍ ആണെന്ന് അറിയാമല്ലോ നിനക്ക്?”

“അപ്പഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാ സാറെ. എന്നും ഞാന്‍ അവളോടും മോളോടും പറയും, ആഹാരം പാഴാക്കരുത്..അത് വിലപ്പെട്ടതാണെന്ന്. ഒരു മോള് മാത്രമേ ഉള്ളെന്നും പറഞ്ഞ് അവള്‍ പെണ്ണിനെ എടുത്ത് തലേല്‍ വച്ചേക്കുവാ..ദോശ കൊടുത്താല്‍ പറേം പുട്ട് വേണമെന്ന്..പുട്ട് കൊടുത്താല്‍ പറേം പൂരി വേണമെന്ന്..എന്നും ഇതേപോലെ രണ്ടും മൂന്നും പലഹാരം ഉണ്ടാക്കി അവസാനം കൊറേ എടുത്തു കളയും..ചോറിന്റെ കാര്യവും അതുപോലെ തന്നെ..ഞാനെന്റെ ഭാര്യയോട്‌ പലതവണ പറഞ്ഞു കൊടുത്തിട്ടുണ്ട് നീ എന്ത് ഉണ്ടാക്കുന്നോ അത് അവള്‍ കഴിക്കണം..കഴിച്ചില്ലെങ്കില്‍ കഴിക്കണ്ട..വിശക്കുമ്പോള്‍ തന്നെ കഴിച്ചോളുമെന്ന്….പക്ഷെ ഞാന്‍ പറേന്നത് ഭാര്യ കേള്‍ക്കത്തില്ല സാറെ..എന്നാലും ഇന്നേവരെ ഞാനവളെയോ മോളെയോ അടിച്ചിട്ടുമില്ല…പക്ഷെ ഇന്നലെ രാത്രി ചോറ് വേണ്ടെന്നു പറഞ്ഞ മോള്‍ക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുത്തപ്പോള്‍ അവള് പറേന്നു ദോശ മതിയെന്ന്..ഭാര്യ ദോശമാവ് എടുക്കാന്‍ പോയതാ..അപ്പഴാ എനിക്കെന്റെ കണ്ട്രോള് പോയത്…ഞാന്‍ രണ്ടെണ്ണം അടിച്ചിട്ടുമുണ്ടായിരുന്നു..”

സി ഐ കൌതുകത്തോടെ അവനെ നോക്കി ഇരുന്നുപോയി. അപ്പോള്‍ ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കി.

“ഉം?”

“സര്‍ ഒരു പരാതിക്കാരി..ഭര്‍ത്താവ് മോനെ അടിച്ച് പരുക്കേല്‍പ്പിച്ചു എന്ന്..തടസ്സം പിടിക്കാന്‍ ചെന്ന അമ്മായിയപ്പനെയും അടിച്ചത്രേ..അയാള് ആശുപത്രിയിലാണ്”

“ഇത് കൊള്ളാമല്ലോ..ഇന്ന് ഭര്‍ത്താക്കന്മാര് മൊത്തം വയലന്റ് ആകുന്ന ദിവസമാണോ..പോയി അവനെ പിടിച്ചോണ്ട് വാടോ..”

“എസ് ഐ സാറും സംഘവും അയാളെ എത്തിച്ചിട്ടുണ്ട് സര്‍…പരാതി രാവിലെ കിട്ടിയതാണ്”

“ഓഹോ..എങ്കില്‍ രണ്ടുപേരെയും വിളിക്ക്”

“സര്‍”

അല്‍പ്പം കഴിഞ്ഞപ്പോള്‍ മാന്യമായ വേഷം ധരിച്ച ഒരു പുരുഷനും, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു സ്ത്രീയും ഉള്ളിലെത്തി.

“യെസ്?” സി ഐ ചോദ്യഭാവത്തില്‍ സ്ത്രീയെയും അയാളെയും നോക്കി.

“സര്‍..ഇതെന്റെ ഭാര്യയാണ്. എനിക്കെതിരെ ഇവളൊരു പരാതി തന്നിരുന്നു. അതിന്മേല്‍ എസ് ഐ സാറാണ് എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്” പുരുഷന്‍ പറഞ്ഞു.

“പരാതി ഞാന്‍ കണ്ടില്ല. എന്താണ് പ്രശ്നം?”

“ഒന്നുമില്ല സാറെ..ചെറിയ പ്രശ്നമാണ്. അതങ്ങ് വലുതായി..”

 

“കാര്യം പറയടോ”

“സര്‍..എനിക്കൊരു മോനുണ്ട്‌. അവന് വേണ്ടതെല്ലാം ആവശ്യത്തിലധികം ഞാന്‍ കൊടുക്കുന്നുണ്ട്; അവനിഷ്ടമുള്ളതെന്തും. പക്ഷെ ശരിക്ക് ഭക്ഷണം കഴിക്കില്ല. അവന്‍ ആവശ്യപ്പെടുന്ന ഏത് ആഹാരവും ഉണ്ടാക്കി നല്‍കാന്‍ ഇവളോട്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്നും നിര്‍ബന്ധിച്ചാണ് അവനെ കഴിപ്പിക്കുന്നത്. അങ്ങനെ കഴിക്കാത്തത് കൊണ്ടെന്താ, പഠനത്തില്‍ അവന്‍ മോശമാണ്. ഫസ്റ്റ് കിട്ടിയില്ല എങ്കിലും സെക്കന്റോ തേഡോ എങ്കിലും വാങ്ങണം എന്നവനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ മാര്‍ക്ക് വാങ്ങാനാണ് അവന് വേണ്ടതൊക്കെ ഞാന്‍ കൊടുക്കുന്നത്. പക്ഷെ ഇത്തവണത്തെ പരീക്ഷയ്ക്ക് അവന് അമ്പത് ശതമാനം മാര്‍ക്ക് പോലും കിട്ടിയില്ല. അതിന്റെ പുറത്താണ് ഇന്ന് രാവിലെ ബ്രേക്ഫാസ്റ്റ് കൊടുത്തിട്ട് ഒരു കഷണം അപ്പം മാത്രം കഴിച്ചിട്ട് അവന്‍ പോകാന്‍ തുടങ്ങിയത്. മൊത്തം കഴിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ അനുസരിച്ചില്ല. ഒരു മുട്ട കൂടി കഴിക്കാന്‍ പറഞ്ഞിട്ട് അവനതും കഴിച്ചില്ല. മാര്‍ക്ക് കുറഞ്ഞതിന്റെ ദേഷ്യവും എല്ലാം കൂടി ആയപ്പോള്‍ എനിക്ക് നിയന്ത്രണം തെറ്റി ഞാനവനെ തല്ലി. വായിലേക്ക് ആഹാരം കുത്തിത്തിരുകി..അതോടെ ഇവളുടെ അച്ഛന്‍ ഇടപെട്ടു. ആ ദേഷ്യത്തിനയാളെ ഞാനൊന്നു പിടിച്ചു തള്ളി; അയാളൊരു കസേരയില്‍ തട്ടി തലയടിച്ചു താഴെ വീണു..അങ്ങനെയാണ് ഹോസ്പിറ്റലില്‍ ആക്കിയത്. ഞാനങ്ങേരെ വേറൊന്നും ചെയ്തില്ല. പക്ഷെ പോലീസിനോട് പറഞ്ഞിരിക്കുന്നത് ഞാന്‍ അടിച്ചു എന്നാണ്. അങ്ങേരു പറഞ്ഞിട്ടാണ് ഇവള്‍ ഇവിടെ പരാതി തന്നത്”

സി ഐ തലയാട്ടി.

“നിങ്ങള്‍ക്ക് എന്താണ് ജോലി?”

“കെ എസ് ഇ ബി യില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആണ്”

“ഭര്‍ത്താവു പറഞ്ഞതൊക്കെ ശരിയാണോ?” സി ഐ സ്ത്രീയോട് ചോദിച്ചു.

“ശരിയാണ്..അവന്‍ പക്ഷെ ബൂസ്റ്റും ഹോര്‍ലിക്സും ഒക്കെ കുടിക്കുന്നുണ്ട് സാറെ. പിന്നെ ഇടയ്ക്കിടെ കൊറിക്കാന്‍ ബിസ്ക്കറ്റും ഡ്രൈ ഫ്രൂട്ട്സും ചോക്കലേറ്റും ചിപ്സും ഒക്കെ അച്ഛന്‍ വാങ്ങി കൊടുക്കാറുണ്ട്..അവനിഷ്ടമുള്ളത് വാങ്ങിക്കഴിക്കാന്‍ പണവും…പക്ഷെ എന്നാലും മൂന്നു നേരവും ഇങ്ങേരു പറയുന്ന അളവില്‍ കഴിച്ചോണം എന്ന് നിര്‍ബന്ധമാണ്‌..അവനിഷ്ടമില്ലെങ്കില്‍ ഇങ്ങനെ തല്ലിക്കൊല്ലണോ..അത് ചോദിക്കാന്‍ ചെന്ന എന്റെ പാവം അച്ഛനെയും ഇങ്ങേര്‍..” അവര്‍ കരയാന്‍ തുടങ്ങി.

സി ഐ പിന്നിലേക്ക് ചാരിയിരുന്ന് കര്‍ണ്ണനെ നോക്കി.

“ഇവര് പറഞ്ഞത് നീ കേട്ടോ? നിന്റെ അതെ പ്രശ്നം തന്നെ..” സി ഐ അവനോടത് പറഞ്ഞപ്പോള്‍ ഭാര്യയും ഭര്‍ത്താവും അവനെ നോക്കി.

“ഒരിക്കലുമല്ല സാറെ..ഞാന്‍ എന്റെ മോളെ ആഹാരം കഴിക്കാത്തതിനല്ല, അത് വേസ്റ്റ് ആക്കിയതിനാണ് തല്ലിയത്. ഇവര്‍ക്ക് അത് വേസ്റ്റ് ആകുന്നതില്‍ ഒരു പ്രശ്നവും ഇല്ലാത്തവരാണ്. അവന്‍ കഴിക്കുന്നില്ലെന്ന പ്രശ്നമേ അവര്‍ക്കുള്ളൂ” കര്‍ണ്ണന്‍ പറഞ്ഞു.

സി ഐ പുഞ്ചിരിച്ചു.

“കറക്റ്റ്..നിനക്ക് വിവരമുണ്ട്. വന്ന സമയത്ത് ഈ വിവരം നീ സ്വഭാവത്തില്‍ കാണിച്ചിരുന്നെങ്കില്‍ അപ്പോള്‍ നടന്നതൊന്നും ഉണ്ടാകില്ലായിരുന്നു.” അങ്ങനെ പറഞ്ഞിട്ട് സി ഐ മറ്റു രണ്ടുപേരെയും നോക്കി തുടര്‍ന്നു:

“ഈ നില്‍ക്കുന്നവന്‍ ഒരു കൂലിപ്പണിക്കാരന്‍ ആണ്. അവന്റെ വീട്ടില്‍ സ്വന്തം മോള്‍ക്ക് അവളുടെ തന്നിഷ്ടപ്രകാരം ആഹാരം ഉണ്ടാക്കി നല്‍കി, അവളത് ദിവസവും വേസ്റ്റ് ആക്കുന്നത് കണ്ട് കലികയറി അമ്മയെയും മകളെയും അടിച്ച കേസിലാണ് അവനിവിടെ നില്‍ക്കുന്നത്. നിങ്ങള്‍ക്ക് പക്ഷെ വിദ്യാഭ്യാസവും നല്ല ജോലിയും എല്ലാമുണ്ട്. പക്ഷെ വിവരമില്ല”

“സര്‍ എന്താണ് പറയുന്നത്? മക്കള്‍ക്ക് വേണ്ടത് നല്‍കേണ്ടത് മാതാപിതാക്കളല്ലേ? അവര് നന്നായി പഠിക്കാനും നല്ല മാര്‍ക്ക് വാങ്ങാനും ആരോഗ്യത്തോടെ ഇരിക്കാനും ഒക്കെയല്ലേ അതൊക്കെ നമ്മള് ചെയ്യുന്നത്” ഭര്‍ത്താവ് അസ്വസ്ഥതയോടെ ചോദിച്ചു.

“എടൊ..ഏതൊരു കാര്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നോ..അല്ലെങ്കില്‍ ആവശ്യപ്പെടാതെ നല്‍കുന്നോ..അല്ലെങ്കില്‍ കൂടെക്കൂടെ അവരോട് ആവശ്യപ്പെടുന്നോ, അതിനായി അവരെ അസഹ്യപ്പെടുത്തുന്നോ, അങ്ങനെയുള്ള കാര്യങ്ങളെല്ലാം വിപരീതഫലങ്ങളെ ഉണ്ടാക്കൂ. വല്ലതും മനസിലായോ?”

“ഇല്ല സര്‍”

“തനിക്ക് വിശപ്പ് തോന്നുന്നത് ആരെങ്കിലും ഓര്‍മ്മപ്പെടുത്തുമ്പോഴാണോ അതോ സ്വയം തോന്നുന്നതാണോ?”

“സ്വയം”

“വിശക്കടോ..വിശക്കടോ എന്ന് പറഞ്ഞാല്‍ വിശപ്പ്‌ ഉണ്ടാകുമോ?”

“ഇല്ല”

“എങ്കില്‍പ്പിന്നെ അത് തന്റെ മോന് പറഞ്ഞുണ്ടാക്കി സൃഷ്ടിക്കാന്‍ എന്തിന് താന്‍ ശ്രമിക്കുന്നു?”

“അത്..”

“താന്‍ ഏതെങ്കിലും കൃഷി ചെയ്യുന്നുണ്ടോ?”

“ഇല്ല”

“അതാണ്‌. കര്‍ഷകരുടെ കഷ്ടപ്പാട് താന്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഏതെങ്കിലും കൃഷിയിടങ്ങളില്‍ കുടുംബമായി പോകണം. പണം കുഴിച്ചിട്ടാല്‍ അരിയോ, ഗോതമ്പോ, ഉള്ളിയോ, മീനോ ഒന്നുമായി കിളിര്‍ത്ത് വരില്ല. പ്രകൃതിയുമായി മല്ലിട്ട് വെയിലും മഴയും കൊണ്ടാണ് കര്‍ഷകര്‍ ആഹാരം ഉണ്ടാക്കുന്നത്. ജീവന്‍ പണയം വച്ചു കടലില്‍ പോയാണ് മത്സ്യ തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത്. പണം കൈയിലുണ്ടെങ്കില്‍ എത്ര വേണമെങ്കിലും വാങ്ങി ഉപയോഗിക്കുകയോ കളയുകയോ ചെയ്യാവുന്ന ഒന്നാണ് ഇങ്ങനെ പാടുപെട്ടുണ്ടാക്കുന്ന ആഹാരം എന്നൊരു ധാരണ ഇന്നത്തെ മലയാളികള്‍ സൃഷ്ടിച്ച് എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് വിശപ്പില്ലാത്ത കുട്ടികള്‍ക്ക് പിന്നാലെ കഴിക്കെടാ കഴിക്കെടി എന്ന് പറഞ്ഞു നിങ്ങള് നടക്കുന്നത്. അതോടെ കുട്ടിയുടെ ധാരണ ഈ ആഹാരം എന്നത് യാതൊരു വിലയുമില്ലാത്ത എന്തോ ആണെന്നായി മാറുന്നു. ആഹാരം വേണ്ട എന്ന് കുട്ടികള്‍ പറഞ്ഞാല്‍ ഒരിക്കലും അവര്‍ക്കത് കൊടുക്കരുത്. ഓരോരോ പരസ്യങ്ങള്‍ കണ്ട് കണ്ണില്‍ കണ്ട എനര്‍ജി ഫുഡ്സും ടിന്‍ ഫുഡ്സും വാങ്ങി കൊടുക്കുമ്പോള്‍ ഓര്‍ക്കണം അതൊക്കെ സ്വാഭാവിക വിശപ്പിനെ നശിപ്പിക്കുമെന്ന്. അങ്ങനെയുള്ള ആഹാരങ്ങളുടെ സ്ഥിരോപയോഗം മൂലം നാച്ചുറല്‍ വിശപ്പ്‌ ഇല്ലാതായി അത്തരം സാധനങ്ങളോട് മാത്രമൊരു പ്രതിപത്തി കുട്ടികള്‍ക്ക് ഉണ്ടാകും. ബേക്കറി ഫുഡ്സ്, ചോക്കലേറ്റ്, ചിപ്സ്, അങ്ങനെ ടൈം പാസ് ഐറ്റംസ് എന്ന് പറഞ്ഞു നല്‍കുന്ന സകലതും കുട്ടികളുടെ സ്വാഭാവിക വിശപ്പ്‌ ഇല്ലാതാക്കുന്നവയാണ്. അതവരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം അവര്‍ക്ക് നല്‍കുക. വേഗം വളരാനും ഉയരം കൂടാനും എല്ലിനു ബലം വയ്ക്കാനും എന്നൊക്കെ പറഞ്ഞു പരസ്യങ്ങളില്‍ വരുന്ന യാതൊന്നും വാങ്ങി കൊടുക്കാതിരിക്കുക. ബേക്കറി ഐറ്റംസ് പൂര്‍ണ്ണമായി ഒഴിവാക്കുക. അപ്പോള്‍ സ്വാഭാവിക വിശപ്പ് അവര്‍ക്ക് ഉണ്ടാകുകയും നല്ല ആഹാരത്തോട് അവര്‍ക്ക് ഇഷ്ടം കൂടുകയും ചെയ്യും.”

ഭാര്യയും ഭര്‍ത്താവും കാര്യം മനസിലായത് പോലെ തലയാട്ടിയപ്പോള്‍ സി ഐ തുടര്‍ന്നു:

“പിന്നെ, കുട്ടികള്‍ക്ക് വേണ്ടിയല്ല നിങ്ങള്‍ ജീവിക്കേണ്ടത്; നിങ്ങള്‍ക്ക് വേണ്ടിയാണ്. കുട്ടികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഒരു വീട്ടിലും പിള്ളേര്‍ നന്നായിട്ടില്ല. അവരെ സ്വാതന്ത്ര്യവും അതേ സമയം കൃത്യമായ ശിക്ഷണവും നല്‍കി വേണം വളര്‍ത്തേണ്ടത്. പണമുണ്ട് എന്ന് കരുതി നിങ്ങള് കാണിക്കുന്ന മണ്ടത്തരങ്ങളാണ് കുട്ടികളെ വഴിപിഴപ്പിക്കുന്നത്. അവരെന്ത് കഴിക്കുന്നു എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. പോക്കറ്റ് മണി നല്‍കിയാല്‍, അതെന്തിന് ചിലവാക്കി എന്ന് തിരക്കണം. ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഉണ്ടായാല്‍, പിന്നാലെ എത്തുന്നത് ഓരോരോ അസുഖങ്ങളും കടുത്ത അനാരോഗ്യവും ആയിരിക്കും. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ എത്ര കഴിച്ചാലും വീണ്ടും വിശക്കുമായിരുന്നു. എന്തായിരുന്നു കാരണം? അന്ന് കഴിച്ചിരുന്നത് ശുദ്ധമായ ആഹാരമാണ്..എന്നാല്‍ ഇന്നോ? ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുക..ആഹാരം പഠനം എന്നീ കാര്യങ്ങള്‍ പറഞ്ഞു കുട്ടികളെ അസഹ്യപ്പെടുത്താതെ അവര്‍ക്ക് നല്ല ശീലങ്ങള്‍ സൃഷ്ടിച്ച് എടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തുക”

“ഉറപ്പായും സര്‍”

സി ഐ കര്‍ണ്ണനെ നോക്കി.

“ങാ..എടാ കര്‍ണ്ണാ..നീ നിന്റെ ഈ കരുത്തുള്ള കൈ കൊണ്ട് കൊച്ചിന്റെ ചെവിക്കല്ലിന് അടിച്ചതുകൊണ്ടാണ് നിനക്ക് ഞാനല്‍പ്പം ട്രീറ്റ് നല്‍കിയത്. മേലാല്‍ കുട്ടിയെ അടിക്കണമെങ്കില്‍ ഒരു വടിയെടുത്ത് കൈയിലോ കാലിലോ മാത്രം അടിക്കുക. നിന്റെ ഭാര്യ ആദ്യം നിന്നെ ധിക്കരിച്ച സമയത്ത് നീ അവള്‍ക്കൊരെണ്ണം ഇട്ടു കൊടുത്തിരുന്നു എങ്കില്‍, നിന്റെ മോള് എന്നെ നന്നായേനെ..ശരി പൊക്കോ”

“നന്ദി സാറെ…ഞാനിനി അവളെ കൈകൊണ്ട് അടിക്കില്ല സാറെ..അബദ്ധം പറ്റിപ്പോയി..” അവന്‍ കൈ കൂപ്പിയിട്ട് പുറത്തേക്ക് ഇറങ്ങി.

“പറഞ്ഞതൊക്കെ മനസിലായല്ലോ? നിങ്ങളുടെ അച്ഛനും ആ പയ്യന് ദുശ്ശീലങ്ങള്‍ ഉണ്ടാക്കുന്നതിനു കാരണക്കാരന്‍ ആയിട്ടുണ്ട്. അതുകൊണ്ട് അയാള്‍ക്ക് കിട്ടിയ തല്ല് അങ്ങനെ തന്നെ ഇരുന്നോട്ടെ. മേലാല്‍ കുട്ടികള്‍ക്ക് അനാവശ്യ ആഹാര സാധനങ്ങള്‍, പണം എന്നിവ നല്‍കരുത് എന്ന് അദ്ദേഹത്തോട് പറയുക. സ്നേഹമെന്നാല്‍ ഇതൊന്നുമല്ല; ഇതൊക്കെ ഒരുതരം ഉപദ്രവമാണ്..” സി ഐ ഭാര്യയെയും ഭര്‍ത്താവിനെയും നോക്കി പറഞ്ഞു.

“ചേട്ടനെ പോലീസിനെ കൊണ്ട് അടിപ്പിക്കണം എന്ന് അച്ഛന്‍ പറഞ്ഞാരുന്നു” ഭാര്യ മടിച്ചുമടിച്ച് സി ഐയെ നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ചുണ്ടുകളില്‍ ഒരു ചിരി വിരിഞ്ഞു. .

സി ഐയും ചിരിച്ചു. പിന്നെ രണ്ടുപേരെയും നോക്കി ഇങ്ങനെ പറഞ്ഞു:

“ഞാന്‍ ചേട്ടനെ ശരിക്കും പെരുമാറി എന്നുതന്നെ മൂപ്പീന്നിനോട് പറഞ്ഞോ..വെറുതെയല്ല ഇങ്ങേര് അയാളെ പിടിച്ചു തള്ളിയത്..പണ്ടൊക്കെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പിള്ളേരെ നല്ലത് പറഞ്ഞു കൊടുത്താണ് വളര്‍ത്തിയിരുന്നത്. ഇന്നത്തെ ന്യൂ ജനറേഷന്‍ അപ്പൂപ്പന്‍സ് പണം കൊടുത്താണ് സ്നേഹം കാണിക്കുന്നത്..ഇനിമേല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം..മനസിലായല്ലോ.ഉം പൊക്കോ”

“വളരെ നന്ദിയുണ്ട് സര്‍ കുട്ടികളോടുള്ള സമീപനത്തിന് ഇത്രയും നല്ലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം തന്നതിന്. ഇനി ഞാന്‍ ശ്രദ്ധിച്ചോളാം” ഭര്‍ത്താവ് ആശ്വാസത്തോടെ പറഞ്ഞു.

സി ഐ തലയാട്ടി; അദ്ദേഹം ഫോണെടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്യുന്നത് നോക്കിക്കൊണ്ട്‌ അവര്‍ രണ്ടുപേരും പുറത്തേക്കിറങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here