Home ധന്യ ശ്രീഹരി ഞാൻ ഇത് കണ്ടപ്പോൾ തന്നെ പേടികൊണ്ട് ശരീരമാകെ മരവിച്ചിരുന്നു… പക്ഷെ ഞാൻ പേടിച്ചുവെന്നു മഞ്ജു കൂടെ...

ഞാൻ ഇത് കണ്ടപ്പോൾ തന്നെ പേടികൊണ്ട് ശരീരമാകെ മരവിച്ചിരുന്നു… പക്ഷെ ഞാൻ പേടിച്ചുവെന്നു മഞ്ജു കൂടെ മനസിലാക്കിയാൽ

0

രചന : ധന്യ ശ്രീഹരി

വിശ്വാസം അതല്ലേ എല്ലാം 

“ഇന്ദു… താൻ ഇന്ന് സിനിമക്ക് വരുന്നുണ്ടോ, നമ്മുടെ ഗാങ് ഫുൾ ഉണ്ട്.. ഒടിയൻ ആണ് പടം…. ”

അഭിഷേക് ഇതും പറഞ്ഞു രാവിലെ തൊട്ടു പിന്നാലെ നടപ്പാണ്…

പക്ഷെ താൻ ഇല്ല… ഇവനെ വിശ്വാസമില്ലാത്തതുകൊണ്ടല്ല കേട്ടോ..വേറെ ആരെക്കാളും എനിക്കവനെ വിശ്വസാ… എന്റെ ബെസ്റ്റ് ഫ്രണ്ട് പോരാത്തതിന് എന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ… അവനെന്റെ ആങ്ങള കുട്ടി ആണ്..

പിന്നെ ഞാൻ എന്റെ അമ്മയുടെ ഒറ്റ മകളല്ലേ.. അച്ഛനില്ലാത്ത കുറവ് അറിയിച്ചിട്ടില്ല പാവം ഇതുവരെ… ആങ്ങളയാണ് ഫ്രണ്ട് ആണെന്ന് നമുക്കല്ലേ അറിയൂ… നാട്ടുകാർ കണ്ടാൽ അതുമിതും പറയില്ലേ…. അതാ ഞാൻ പോകാത്തെ… അവൾ മനസ്സിൽ പറഞ്ഞു……

പതിവുപോലെ ക്ലാസ്സ്‌ കഴിഞ്ഞവൾ നേരെ വീട്ടിലേക്കു തിരിച്ചു…. അപവാദങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്കാനവളെ പഠിപ്പിച്ചത് അവളുടെ അമ്മയായിരുന്നു…

******************************************

അന്നുരാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു tv കണ്ടു കെട്ടിപിടിച്ചുറങ്ങുമ്പോൾ പതിവില്ലാത്തൊരു ഫോൺ കാൾ… തന്റെ മൊബൈലിൽ വിളികൾ വളരെ കുറവാണ്…. ഇതാരാ ഈ പാതിരാത്രി… !!! എന്നാലോചിച്ചു മൊബൈലിന്റെ അടുത്ത് ചെന്നു സ്ക്രീനിലേക്ക് നോക്കി…. ഏതോ അപരിചിതമായ നമ്പർ ആണ്…. വേണ്ട എടുക്കണ്ട….. അവളുടെ മനസ് പറഞ്ഞു…..

കാൾ മുഴുവൻ റിങ് ചെയ്തു ഓഫ്‌ ആയി… അടുത്ത നിമിഷം വീണ്ടും വിളിയുണർന്നു….. അമ്മയുണരാതിരിക്കാൻ അവൾ വേഗം സൈലന്റ് മോഡിൽ ഇട്ടു….

ആ കാൾ ഉം കട്ട്‌ ആയി…

അതിനു ശേഷം വീണ്ടും രണ്ടു തവണ വിളിച്ചപ്പോൾ വളരെ അത്യാവശ്യക്കാരാകുമെന്നു അവൾക്കു തോന്നി… ഫോൺ എടുക്കാം… അടുത്ത വിളിയുടെ ആദ്യ റിംങ്ങിൽ അവൾ ഫോൺ എടുത്തു….

അപ്പുറത്തെ തലക്കിൽ ഒരു അപരിചിതമായ പുരുഷശബ്ദം…..

“ഹലോ….. ”

അവൾ പതിയെ ചോദിച്ചു….

“എന്താ ഫോൺ എടുക്കാൻ ഇത്ര താമസം ”

“ആരാ…..??? ”
അയാളുടെ വാക്കുകൾ അവളിൽ സംശയമുണർത്തി….

“നിനക്കെന്നെ അറിയില്ല അല്ലെ, പക്ഷെ എനിക്ക് നിന്നെ നല്ലപോലെ അറിയാം… എന്നെ പറ്റിച്ചു കടന്നുകളയാമെന്നു കരുതിയോ, വിടില്ല ഞാൻ….. ”

അവളുടെ ശരീരമാകെ വിറകൊണ്ടു പുളഞ്ഞു…. വാക്കുകൾ കിട്ടാതെയായി….

“എനിക്ക് മനസിലായില്ല…. ആരാണ് നിങ്ങൾ…. ”

അവൾക്കു കരച്ചിൽ വന്നു തുടങ്ങി….

“നിനക്കോര്മയുണ്ടോ ഒരു കറുത്ത ഇന്നോവ കാർ…. നിന്നെ ഫോളോ ചെയ്ത അതേ കാർ…. അന്ന് നീയെന്നെ പറ്റിച്ചു കടന്നു കളഞ്ഞു…. നിന്നെ തേടി നടക്കുകയായിരുന്നു ഞാൻ…. ഇപ്പോഴാണ് കിട്ടിയത്…. ഇനി ഞാൻ വെറുതെ ഇരിക്കുമെന്ന് കരുതണ്ട ”

അവൾ ആദ്യമൊന്നു അമ്പരന്നെങ്കിലും ആ കറുത്ത ഇന്നോവയുടെ പിറകെ അവളുടെ ഓർമകളും ചീറി പാഞ്ഞു…….

******************************************

അന്ന് താൻ ഡിഗ്രിക്ക് ചേർന്ന ആദ്യത്തെ ആഴ്ചയിൽ തന്റെ കൂട്ടുകാരി മഞ്ജുവിന് ഡ്രസ്സ്‌ എടുക്കാനായി കല്യാണിലേക്കു പുറപ്പെട്ടതായിരുന്നു അവർ.. അമ്മയുടെ അടുത്ത് നിന്നു സമ്മതം വാങ്ങി കോളേജ് വിട്ടതിനു ശേഷം രണ്ടുപേരും കൂടെ കല്യാൺ ലക്ഷ്യമാക്കി നടന്നു… പല പല തമാശകളും പറഞ്ഞു വെയിലിനെ തോൽപിച്ചു ചിരിച്ചുകൊണ്ട് നടക്കുമ്പോൾ അവൾ പെട്ടെന്ന് തന്റെ കൈ ഒന്ന് അമർത്തി പിടിച്ചു….

“ഇന്ദു…. നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ട്…. !!!!! ”

സംഭ്രമത്തോടെ ഞാൻ അവളെ നോക്കി….

“ആരാ…..???? ”

അവൾ നേർത്ത സ്വരത്തിൽ മന്ത്രിച്ചു…

“ഒരു കറുത്ത ഇന്നോവയിൽ ഒരുത്തൻ കുറേ നേരമായി നമുക്കൊപ്പമുണ്ട്.. നമ്മൾ നടക്കുമ്പോൾ അവൻ നമുക്കൊപ്പം കാർ തിരിക്കും… ഞാൻ കഴിഞ്ഞ ജംഗ്ഷൻ തൊട്ടു ശ്രെദ്ധിക്കുന്നു…. എനിക്ക് പേടിയാവുന്നു ഇന്ദു…… ”

ഞാൻ തിരിഞ്ഞു നോക്കി… അതാ ഒരു കറുത്ത ഇന്നോവയിൽ ഗ്ലാസ്‌ മുഴുവൻ കയറ്റി തങ്ങൾക്കൊപ്പം ഇഴഞ്ഞു നീങ്ങുന്നു… അയാളുടെ മുഖം വ്യെക്തമല്ലെങ്കിലും അയാൾക്ക്‌ ഞങ്ങളെ സുഖമായി കാണാം… അയാൾ ആദ്യം കാർ കുറച്ചു മുൻപോട്ടെടുക്കും.. ഞങ്ങൾ ഒപ്പമെത്താൻ ആയി അവിടെ കുറച്ചു നേരം വെയിറ്റ് ചെയ്യും… ഒപ്പമെത്തിയെന്നു കണ്ടാൽ വീണ്ടും ഇത് തുടരും….

ഞാൻ ഇത് കണ്ടപ്പോൾ തന്നെ പേടികൊണ്ട് ശരീരമാകെ മരവിച്ചിരുന്നു… പക്ഷെ ഞാൻ പേടിച്ചുവെന്നു മഞ്ജു കൂടെ മനസിലാക്കിയാൽ തന്റെ ഉള്ള ധൈര്യവും ചോർന്നു പോകത്തെ ഉള്ളൂ…. മനസ്സിൽ ധൈര്യം നിറക്കാൻ മഹിഷാസുര മർദ്ദിനിയെ സ്മരിച്ചു…

“മഞ്ജു… നീ പേടിക്കണ്ട… നമുക്ക് വഴിയുണ്ടാക്കാം… ആദ്യം നീ ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം
..നമ്മൾ ഈ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കല്യാണിലെക്കല്ല പോകുന്നത്…. ഇവിടെ നിന്നും ഇടത്തോട്ട് തിരിയണം… അപ്പോൾ ആയാളും നമുക്കൊപ്പം തിരിയും… തിരിഞ്ഞു കഴിഞ്ഞാൽ ഒരു അഞ്ചടി മുന്നോട്ടു നടന്നിട്ട് പെട്ടെന്ന് ഓപ്പോസിറ്റ് ക്രോസ്സ് ചെയ്യണം… കാറിനു യു ടേൺ എടുത്തിട്ടേ നമുക്കൊപ്പം എത്താൻ പറ്റൂ… അപ്പോഴേക്കും നമ്മൾ വേഗത്തിൽ നടന്നു കല്യാണിൽ കയറാം….. ”

മഞ്ജുവിന് കുറച്ചൊക്കെ ധൈര്യം വന്നു തുടങ്ങി…. പ്ലാൻ പ്രകാരം അവർ ഇടത്തോട്ട് തിരിഞ്ഞതും ആ കാറും അപ്രകാരം അവർക്കൊപ്പം തിരിഞ്ഞു…മുന്നോട്ടു അഞ്ചടി വച്ചതും റോഡ് ക്രോസ്സ് ചെയ്യലും ഒരുമിച്ചായിരുന്നു…. കാറിലെ മനുഷ്യൻ പ്രതീക്ഷിക്കാത്ത ഒരു ചുവടുവെപ്പായിരുന്നു അത്… അയാൾ യൂ ടേൺ എടുക്കുമ്പോഴേക്കും തങ്ങൾ ഓടിക്കിതച്ചു കല്യാണിൽ അഭയം പ്രാപിച്ചിരുന്നു…. അവിടുത്തെ ഭീമനായ എസി യുടെ തണുപ്പിലും അവർ രണ്ടുപേരും നല്ലപോലെ വിയർത്തിരുന്നു…… അവിടെ കുറേ സമയം ചിലവഴിക്കുമ്പോഴും അവരുടെ ഹൃദയം ക്രമാതീതമായി മിടിച്ചിരുന്നു.. ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു ഇറങ്ങുമ്പോൾ അവർ ഭയത്തോടെ ചുറ്റുപാടും നോക്കി… ഇല്ല.. അങ്ങനെ ഒരു കാർ അവിടെയെങ്ങുമില്ല….
ഒരു ഓട്ടോ പിടിച്ചു ബസ് സ്റ്റാന്റിലെത്തി വീട്ടിലേക്കുള്ള ബസ് സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് രണ്ടുപേർക്കും മനസ്സിൽ ആശ്വാസം തോന്നി തുടങ്ങിയത്….

ആറുമാസങ്ങൾക്കു ശേഷം വീണ്ടും അയാൾ തിരിച്ചു വന്നിരിക്കുന്നു…. എന്തായിരിക്കും അയാളുടെ മനസ്സിൽ…

**************************************

“ഹെലോ… കേൾക്കുന്നുണ്ടോ…. ”

അയാളുടെ ഉറച്ച സ്വരം അവളെ ഭയപ്പെടുത്തി….

“ഉം… ”

അവൾ മൂളി..

“അന്ന് നിന്നെ എനിക്ക് മിസ്സ്‌ ആയിപോയി… ഇനി നിന്നെ എനിക്ക് വേണം… ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നീ പലതും കാണും…. ”

അയാളുടെ ഭീഷണിയിൽ അവൾ തകർന്നു പോകുകയായിരുന്നു…

“നാളെ ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പറയുന്ന സ്ഥലത്തു താൻ ഒറ്റക്ക് വരണം…. ഒറ്റക്ക്… കേട്ടല്ലോ…. !!! ”

തന്നെ അയാൾ അപകടപ്പെടുത്താൻ ശ്രെമിക്കുകയാണ്… എന്തൊക്കെ വന്നാലും താൻ പോകില്ല…

“ഞാൻ വരില്ല ” അവൾ പറഞ്ഞു…

അതിനു മറുപടി ആയി അവൻ ഉറക്കെ ചിരിച്ചു…

“എന്നാൽ ഞാൻ അങ്ങോട്ട്‌ വരാം… എന്താ മതിയോ….? ”

ഇവിടെ വന്നാൽ താനും അമ്മയും ഇതുവരെ കാത്തുസൂക്ഷിച്ച അഭിമാനവും സൽപ്പേരും നിമിഷനേരം കൊണ്ട് ഇല്ലാതാവും… അവനെ എങ്ങനെയെങ്കിലും തടയണം…

“നാളെ ഞാൻ വീണ്ടും വിളിക്കാം… അപ്പോൾ വരേണ്ട ലൊക്കേഷൻ പറയാം… മറക്കണ്ട…. ഒറ്റക്ക് വേണം വരാൻ… ”

അയാൾ ഫോൺ കട്ട്‌ ചെയ്തതും ഒരു വലിയ കരച്ചിൽ അവളുടെ തൊണ്ടയിൽ നിന്നും ഉയർന്നു… അമ്മകേൾക്കാതിരിക്കാൻ വായ പൊത്തിപിടിച്ചുകൊണ്ടവൾ പൂജാമുറിയിലേക്കു നടന്നു….

വിളക്ക് കത്തിച്ചുകൊണ്ട് അവൾ ദേവി മാഹാത്മ്യം എടുത്തുവച്ചു പതിനൊന്നാം അധ്യായം വായിച്ചു… അപ്പോഴേക്കും മൊബൈൽ വൈബ്രേഷൻ ശബ്ദം അവളെ ഞെട്ടിച്ചുകൊണ്ടുയർന്നു…..

” good night my dear ”

അവൾ അറപ്പോടെ ആ മെസ്സേജ് ഡിലീറ്റ് ചെയ്തു….

സങ്കടവും ഭയവും ഇടകലർന്ന വികാരത്തോടെ തേങ്ങലടക്കി പിടിച്ചുകൊണ്ടവൾ തറയിലിരുന്നു…. മനസ്സിലൂടെ ഒരായിരം അരുതാത്ത ചിന്തകൾ കടന്നു പോയി… പക്ഷെ ഒന്നുമറിയാതെ ഉറങ്ങുന്ന അമ്മയെ ഓർക്കുമ്പോൾ അവൾ തളർന്നു പോകുന്നു….

ഇനി എന്താണ് ചെയ്യേണ്ടത്…? അമ്മയെ അറിയിച്ചാൽ വിഷമിക്കും… അതുവേണ്ട… തനിക്കൊരു ആങ്ങളെയുണ്ടാലോ, അഭിയെ വിളിച്ചു കാര്യങ്ങൾ പറയാം….അവനു ചിലപ്പോൾ തന്നെ രക്ഷിക്കാനായാലോ…. !!! പ്രതീക്ഷയുടെ നാമ്പുകൾ അവളുടെ മനസ്സിൽ മുളപൊട്ടി,.

ഉടനെത്തന്നെ അവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, ആ വിളിച്ചവന്റെ നമ്പർ ഉം അയച്ചു കൊടുത്തു…. അഭിയുടെ ആശ്വാസവാക്കുകൾക്കു ഒരു പരിധി വരെയേ അവളെ സാന്ത്വനപ്പെടുത്താനായുള്ളൂ…. നിനക്കൊരു പോറൽ പോലുമേൽക്കില്ല എന്നുള്ള ഉറപ്പിന്മേൽ അവൾ ഫോൺ വെച്ചു…

****************************************

ഫോൺ വെച്ചു തിരിഞ്ഞതും ഒരു ആളനക്കം ഇന്ദുവിനെ ശരിക്കും ഞെട്ടിച്ചു… അമ്മ…. എല്ലാം അറിഞ്ഞിരിക്കുന്നു….

“നീ കിടക്കാൻ നോക്ക് മോളെ, ബാക്കിയെല്ലാം ശരിയാവും…. നീ അരുതാത്തതൊന്നും മനസ്സിൽ കയറ്റി വെക്കേണ്ട… അമ്മയില്ലേ നിനക്ക് എല്ലാത്തിനും…. ”

അവളെ തലോടി കൊണ്ട് അമ്മ പറഞ്ഞു…

കിടക്കാനായി മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ ഇന്ദുവിന്‌ ആ കറുത്ത ഇന്നോവ ഓർമ വന്നു… അവൾ അമ്മയെ മുറുകെ കെട്ടിപിടിച്ചു കണ്ണുകൾ പൂട്ടിയടച്ചു…..

പിറ്റേന്നുണർന്നു നോക്കിയപ്പോൾ 10 മിസ്സ്കാൾ… അതേ നമ്പറിൽ നിന്നുതന്നെയാണ്… എന്തായാലും അവന്റെ ആഗ്രഹം എനിക്ക് ജീവനുണ്ടെങ്കിൽ നടക്കില്ല…

അവൾ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു….

ഇന്നെന്തായാലും ക്ലാസ്സിൽ പോകുന്നില്ല… ഇന്നലത്തെ ടെൻഷൻ കാരണം നല്ല തല വേദന… ഒന്ന് കിടക്കണം… അപ്പോഴേ മാറൂ… അമ്മ ജോലിക്ക് പോയതിനാൽ വാതിലുകളെല്ലാം അടച്ചവൾ മുറിയിൽ ചുരുണ്ടു കൂടി കിടന്നു….

ഇന്നലത്തെ ക്ഷീണം കൊണ്ട് നല്ല ഗാഢ നിദ്രയിൽ വീണ അവൾ തന്നെ ഉപദ്രവിക്കാനായി വീട്ടിലേക്കു ആരുമില്ലാത്ത സമയത്തു കയറി വരുന്നതായി സ്വപ്നം കണ്ടു…. ഞെട്ടിയെഴുന്നേറ്റതും പുറത്ത് ഇടിയും മിന്നലുമായി ശക്തമായി മഴ പെയ്യുന്നു..ആകെക്കൂടി ഭയാനകമായ അവസ്ഥയിൽ ആ മൊബൈലിൽ നോക്കിയിരുന്നവൾ പിച്ചും പേയും പറഞ്ഞു തുടങ്ങി…

വാതിൽ ശക്തമായി ആരോ മുട്ടുന്നു…. ദൈവമേ അതയാൾ ആയിരിക്കുമോ… അവൾ വാതിലിന്റെ ഇടയിലുള്ള ചെറിയ ദ്വാരത്തിലൂടെ പുറത്തേക്കു നോക്കി…

ഭാഗ്യം അമ്മയാ….ജോലി കഴിഞ്ഞു മടങ്ങി വന്നതാ….

വാതിൽ തുറന്നതും അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ ഒരു വല്ലായ്ക അനുഭവപ്പെട്ട ആ അമ്മ അടുക്കളയിൽ കയറി നോക്കിയപ്പോൾ മകൾ ഒന്നും കഴിചില്ലെന്നു വ്യെക്തമായി…

മനസ്സിൽ എന്തോ ഉറപ്പിച്ച ആ സ്ത്രീ അവളുടെ മൊബൈൽ സ്വിച്ച് ഓൺ ചെയ്തു കയ്യിൽ പിടിച്ചു… കുറച്ചു സമയത്തിനുള്ളിൽ ആ നമ്പറിൽ നിന്നുള്ള കാൾ വന്നു….

ഇന്ദുവിന്റെ ഹൃദയം നീട്ടി മിടിച്ചു… അമ്മ ധൈര്യപൂർവം ഫോൺ എടുത്തു…

“ആരാദ്…. ”

ചങ്കുറപ്പോടുകൂടിയ ആ ചോദ്യത്തിന് മുന്നിൽ അയാൾ പതറി പോയി….

“ഹ…ലോ …. ഇ…ത് ആ… രാ….. ”

“അതല്ലലോ ഞാൻ ചോദിച്ചതിനുള്ള മറുപടി…. പറയെടാ ”

“ഞാൻ……….. ഞാൻ ഇന്ദുന്റെ……. ഫ്രണ്ടാ ”

അമ്മ അവളെയൊന്നു നോക്കി…..

അപ്പോഴും മുഖം വിളറി വെളുത്ത അവൾ അമ്മയെ തന്നെ നോക്കി നിൽക്കുകയായിരുന്നു… ഒരു മാൻപേടയെ പോലെ…

“ഏത് ഫ്രണ്ട്…. പേര് പറയടാ ”

അയാൾ മടിച്ചു മടിച്ചുകൊണ്ട് പറഞ്ഞു…

“അ…ഭിഷേക്… ”

“ഓഹോ… നീയാണല്ലേ അപ്പൊ ആള്… കൊള്ളാം.. നല്ല ഫ്രണ്ട്… ഇനി നിനക്ക് അവളോട്‌ സംസാരിക്കണ്ടേ, കൊടുക്കാം ഞാൻ ”

“ശരിയമ്മേ ”

അവൻ വളരെയധികം ചമ്മിപ്പോയിരുന്നു… താൻ ഇത്ര പെട്ടെന്ന് പിടിക്കപെടുമെന്നവൻ തീരെ പ്രതീക്ഷിച്ചില്ല…

ഫോൺ അവൾക്കു നീട്ടുമ്പോൾ അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

എന്നാലും വിറച്ചുകൊണ്ടവൾ മൊബൈൽ ചെവിക്കരുകിലേക്കു കൊണ്ട് വന്നു…

“ഹെലോ… ഇന്ദു… ഇത് ഞാനാടി… അഭി, നിന്നെ ഒന്ന് പേടിപ്പിക്കാമെന്നു കരുതി ഞാൻ ”

അഭിയുടെ വാക്കുകൾ കേട്ടു അവളുടെ കണ്ണുകളിൽ കോപത്തിന്റെ ജ്വാലകൾ ഉയർന്നു….

“നി പേടിച്ചിട്ടാണല്ലേ ഇന്ന് കോളേജിൽ വരാഞ്ഞേ … ഹ ഹ ഹ…. ”

അവൻ പൊട്ടിച്ചിരിച്ചു…

“നിർത്തെടാ നിന്റെ അട്ടഹാസം… ഇതോടെ എനിക്ക് നിന്നോടുണ്ടായിരുന്ന എല്ലാവിധ സൗഹൃദവും ഞാനിന്നിവിടെ അവസാനിപ്പിക്കയാ… നിന്നെ കാണണ്ട ഇനിയെനിക്ക്…. നിന്നെ ഞാൻ എന്റെ ഫ്രണ്ട് മാത്രമായല്ല കണ്ടത്, ഒരു ആങ്ങളയെ പോലെയും ആണ്… നിന്റെ സംരക്ഷണം ഞാൻ ആഗ്രഹിച്ചു… പക്ഷെ നീ എനിക്ക് തന്നതോ…. ഒരുപക്ഷെ ആ ടെൻഷനിൽ ഞാൻ വല്ല കടുംകൈയും കാണിച്ചിരുന്നെങ്കിലോ…. നിന്നോട് പണ്ട് പറഞ്ഞ ഒരു സംഭവത്തെ നീ ദുരുപയോഗപ്പെടുത്തി… നിന്നോടെനിക്ക് പൊറുക്കാനാവില്ല.. മരണം വരെ… നീ തകർത്തത് വിശ്വാസമാണ്… വിശ്വാസം അതല്ലേ എല്ലാം…. ഫോൺ വെക്കടാ ”

അവൾ അലറി…

അവനു മറുപടിയുണ്ടായിരുന്നില്ല…. അവൾ അമ്മയ്ക്കരുകിലേക്കു ചേർന്ന് നിന്നു അമ്മയെ കെട്ടിപിടിച്ചു ഉമ്മവച്ചു… അമ്മ മതിയെനിക്ക്… അമ്മ മാത്രം…. 😘😘😘😘
.

 

LEAVE A REPLY

Please enter your comment!
Please enter your name here