Home Article ഇങ്ങനൊക്കെ ആണേലും പരിഹാസ വാക്കുകൾ ചൊരിഞ്ഞവർക്കു മുന്നിൽ ഞാനിന്ന് സന്തോഷവതിയാണ്….

ഇങ്ങനൊക്കെ ആണേലും പരിഹാസ വാക്കുകൾ ചൊരിഞ്ഞവർക്കു മുന്നിൽ ഞാനിന്ന് സന്തോഷവതിയാണ്….

0

ഒരു പെണ്ണിന്റെ ഫ്രണ്ടും ബേക്കും നോക്കി ശരീര സൗന്ദര്യം അളക്കുന്ന സഹപാഠികളുടെ സ്ഥിരം ഇരയായി മാറിയതിൽ ഞാനിന്നൊട്ടും ഖേദിക്കുന്നില്ല…

കാരണം ഒരു പെണ്ണെന്നാൽ വടിവൊത്ത ശരീരവും, തൂവെള്ള നിറവും, വട്ട മുഖവും, വിടർന്ന കൺമഷിയെഴുതിയ കണ്ണുകളും, മുട്ടൊപ്പം നീട്ടി വളർത്തിയ മുടിയും ഒക്കെ ഒത്തുവന്നവളല്ല എന്ന് എനിക്ക് ബോധ്യമായത് എന്റെ പ്രിയപ്പെട്ടവൻ എനിക്കു നൽകുന്ന ആത്മവിശ്വാസത്തിലാണ്….

സ്കൂൾ പഠനം കഴിഞ്ഞ് കോളേജ് ലെെഫിലെത്തിയപ്പോഴാണ് എന്റെ മെലിഞ്ഞ ശരീരത്തെ ഞാൻ തന്നെ വെറുത്തു തുടങ്ങിയത്…

”ഡീ… നീർക്കോലീ… വെറുതെ ആ ഭാഗത്തേക്ക് നോക്കി കണ്ണു വേദനിപ്പിക്കണ്ട… ഈ ശരീരം വെച്ചു കൊണ്ട് നിന്നെ പ്രേമിക്കാൻ ഈ കോളേജിലൊരുത്തനും വരില്ല…”

നഴ്സിങ് ആദ്യ വർഷ ബാച്ചിലെ ഒരു സഹപാഠിയുടെ മാസ്സ് ഡയലോഗായിരുന്നു അത്…

അതോടെ ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു…
വണ്ണം ഇല്ലാത്തതിന്റെ പേരിൽ മറ്റുള്ളവരെ പോലെ മുത്തശ്ശി മാവിന്റെ ചുവട്ടിൽ കാമുകനൊത്ത് സല്ലപിക്കാനും, നീണ്ടു കിടക്കുന്ന കോളേജ് വരാന്തയുടെ പഴകിച്ച തൂണുകൾക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയ സന്ദേഷങ്ങൾ കെെമാറാനും, വാലന്റേൻസ് ഡേക്ക് പ്രണയ ജോഡികൾ പരസ്പരം കെെമാറുന്ന സ്നേഹ സമ്മാനങ്ങൾ കെെമാറാനും ഈ നഴ്സിങ് പഠനം പൂർത്തിയാക്കുന്നതു വരെ എനിക്കു പറ്റില്ലെന്ന്…

ഇനി അഥവാ ഏതെങ്കിലും ഒരുത്തൻ ഒന്നു നോക്കി കമന്റടിച്ചാൽ അതിനും ഉണ്ടാവും ഒരു ന്യായം…

”റേഷനരി പോലും കിട്ടാത്ത വീട്ടിലെ കുട്ടിയാണല്ലോ ദെെവമേ അത്” എന്ന സഹതാപം കൊണ്ട് നോക്കിയതാവും എന്ന് പറഞ്ഞു കളിയാക്കുന്ന കൂട്ടുകാരികളുണ്ടെനിക്ക്….

കളിയാക്കുമ്പോൾ അവർക്കൊപ്പം ചിരിച്ചു കൊടുക്കുമെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു കടലോളം സങ്കടമുണ്ടാവും…

നഴ്സിങ് പഠനം എന്റെ ഒരു സ്വപ്നമായിരുന്നു…

ആദ്യമൊക്കെ എന്റെ ആഗ്രഹം ഞാൻ പറയുമ്പോൾ വീട്ടുകാർ തന്നെ കളിയാക്കും ഒരു ഇഞ്ചക്ഷൻ പിടിക്കാൻ പോലുള്ള ആരോഗ്യം നിന്റെ ഈർക്കിളി പോലത്തെ കയ്യിനുണ്ടോ നന്ദനേ എന്ന് ചോദിച്ച്…

ഇന്ന് ബി.എസ്.സി അവസാന വർഷ വിദ്യാർത്ഥിനിയാണ് ഞാൻ…

21 വയസ്സുണ്ട് കാഴ്ചയിലെങ്കിലും ഒരു പതിമൂന്നുകാരിയുടെ ശരീര വളർച്ച പോലും എനിക്കില്ല…

ഒരു പെണ്ണെന്ന നിലയിൽ സമൂഹത്തിനു മുന്നിൽ ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്…

കോളേജിൽ മാത്രമല്ല നാട്ടിലും വീട്ടിലും ബന്ധുക്കളിലും ഞാൻ ഒരു പരിഹാസ്യ കഥാപാത്രം ആയി മാറിയിരുന്നു…

വീട്ടുകാരോടൊപ്പം ഒരു കല്യണത്തിനു പോയാൽ പോലും കല്യാണ വീട്ടിലുള്ള ഒട്ടുമിക്ക ആൾക്കാരുടെ ചോദ്യവും നിങ്ങളുടെ വീട്ടിലെന്താ അരിയിട്ട് വെക്കാറൊന്നുമില്ലേ എന്ന ഒരു തരം കളിയാക്കൽ നിറഞ്ഞ ചോദ്യങ്ങളായിരിക്കും…

കല്യാണമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ വീട്ടുകാരുടെ വക വേറെ… ഒന്നും തിന്നാത്തോണ്ടാണ് നീ വണ്ണം വെക്കാത്തതെന്നും ആൾക്കാരുടെ മുന്നിൽ അവരു ചെറുതായിപ്പോയതിന്റെ കണക്കൊക്കെ പറഞ്ഞ് ഒരു വഴക്കു പറച്ചിൽ…

ഇങ്ങനൊക്കെ ആണേലും ഞാനിന്ന് സന്തോഷവതിയാണ്….

”മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ… ഞാൻ നിന്റെ ശരീരത്തെയല്ല സ്നേഹിച്ചത്…നിന്റെ തൊലിവെളുപ്പ് കണ്ടിട്ടല്ല സ്നേഹിച്ചത്… എല്ലാവരോടും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നിന്റെ കളങ്കമില്ലാത്ത ഈ മനസ്സിനേയാണ്…” എന്നു പറഞ്ഞ് നെഞ്ചോട് ചേർത്തി നിർത്തി സ്നേഹിക്കാൻ എന്റെ പ്രിയപ്പെട്ടവനുണ്ട്…

പരിഹാസ വാക്കുകൾ ചൊരിഞ്ഞവർക്കു മുന്നിൽ മൂന്ന് വർഷമായുള്ള എന്റെ ആത്മാർത്ഥ പ്രണയം കൊണ്ടാണ് ഞാൻ മറുപടി പറഞ്ഞത്…

ഇന്നും എന്റെ പ്രണയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്…

(മെലിഞ്ഞു പോയതിന്റെ പേരിലും, നിറം കുറഞ്ഞതിന്റെ പേരിലും, വണ്ണം കൂടിയതിന്റെ പേരിലും സമൂഹത്തിനിടയിൽ രണ്ടാം കിടയായി ജീവിക്കേണ്ടി വരുമ്പോൾ… പരിഹാസവും കളിയാക്കലുകളും കൊണ്ട് ഒരു പെണ്ണിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നവർ ഒന്നോർക്കുക…
പെണ്ണെന്നാൽ ശരീരത്തിനു പുറത്തുള്ള തൊലിവെളുപ്പും, ആകാര വടിവും അല്ല…
മറിച്ച് മെലിഞ്ഞൊട്ടിയ ശരീരത്തിനുള്ളിലും, കറുത്തു തടിച്ച ശരീരത്തിനുള്ളിലും വിശാലമായ സ്നേഹിക്കാൻ അറിയുന്നൊരു മനസ്സുണ്ടെന്ന്…

ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഈ രചന ഞാൻ സമർപ്പിക്കുന്നു)

രചനഃ ജാസ്മിൻ

LEAVE A REPLY

Please enter your comment!
Please enter your name here