Home Aleena John രഞ്ജിത്തെട്ടാ..അവൾക്കു വേണ്ടി നിങ്ങൾ എന്റെ അടുത്ത് വക്കാലത്തും കൊണ്ട് വരേണ്ട!

രഞ്ജിത്തെട്ടാ..അവൾക്കു വേണ്ടി നിങ്ങൾ എന്റെ അടുത്ത് വക്കാലത്തും കൊണ്ട് വരേണ്ട!

0

രചന : Aleena John

“രഞ്ജിത്തെട്ടാ..അവൾക്കു വേണ്ടി നിങ്ങൾ എന്റെ അടുത്ത് വക്കാലത്തും കൊണ്ട് വരേണ്ട! പതിനാല് വയസ്സുകാരിക്ക് എന്തിനാണ് സ്മാർട്ട് ഫോൺ?” ശ്രീരേഖ ചൊടിച്ചു.

“എന്റെ രേഖേ..അവൾ ന്യൂ ജനറേഷനല്ലേ? അവളുടെ കൂട്ടുകാരികളുടെ കൈയിലൊക്കെ സ്മാർട്ട് ഫോൺ കാണുമ്പോൾ അവൾക്കും സ്മാർട്ട് ഫോൺ വേണമെന്ന് തോന്നില്ലേ? അവളെ കുറ്റം പറയാൻ പറ്റുമോ?” രഞ്ജിത്ത് മകൾക്ക് വേണ്ടി ശക്തമായി വാദിച്ചു.

“അവളെ കുറ്റം പറയാൻ പറ്റില്ല. അവൾ കുട്ടിയാണ്. അവൾക്ക് തെറ്റും ശരിയും അറിയില്ല. നമ്മൾ മുതിർന്നവരാണ് കുട്ടികളെ നേർ വഴിക്ക് നടത്തേണ്ടത്. അതെങ്ങനെയാണ്..കൊച്ചിന്റെ അച്ഛൻ തന്നെ ഏതു നേരവും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് കണ്ടല്ലേ കൊച്ചും വളരുന്നത്”

“ഇപ്പോൾ വാദി പ്രതിയായി!” രഞ്ജിത്ത് പിറുപിറുത്തു.

“എന്തെങ്കിലും പറഞ്ഞോ??” ശ്രീരേഖ ചോദിച്ചു.

“ഏയ്! ഞാൻ ഈ വിഷയത്തിൽ ഇടപ്പെടുന്നില്ല. നീ പറയും പോലെ നടക്കട്ടെ! ഫോൺ വേണ്ടെങ്കിൽ വേണ്ട”

“ഫോൺ വേണം!” ശ്രീരേഖ പറഞ്ഞു.

“ങേ! എന്തോന്ന്?? ഒരുമാതിരി കൂതറ രാഷ്ട്രീയക്കാരെ പോലെ കാല് മാറുന്നോടീ നീ? കാലുവാരീ!”

“കാലുമാറിയിട്ടില്ല. തോക്കിൽ കയറി വെടിവെക്കാതെ… നിങ്ങൾ ആദ്യം ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്!”

“ഓഹ്! പറയെടീ!”

“അവൾക്ക് നമ്മൾ ഫോൺ വാങ്ങിച്ചു കൊടുക്കും. സ്മാർട്ട് ഫോൺ അല്ല!”

“പിന്നെ?”

“ഒരു സ്പെഷ്യൽ ഫോൺ!”

“എന്താ സ്പെഷ്യാലിറ്റി?”

“അതൊരു ബെസിക്ക് സെറ്റായിരിക്കും. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകില്ല. കോളിങും മെസേജിങും മാത്രമേ ആ ഫോൺ കൊണ്ട് ചെയ്യാൻ പറ്റൂ”

“ഇതാണോ സ്പെഷ്യാലിറ്റി? അയ്യേ!”

“പറഞ്ഞു കഴിഞ്ഞില്ല!”

“എങ്കിൽ പറ”

“ആ ഫോണിൽ എസ്.ഓ.എസ്. ബട്ടൺ ഉണ്ടാകും. ആ ബട്ടണിൽ ലോങ്ങ് പ്രെസ്സ് ചെയ്താൽ ഫോണിൽ നിന്ന് അപായ ശബ്ദം ഉയരും. കൂടാതെ മുൻകൂട്ടി തെരഞ്ഞെടുത്ത് വെച്ചിരിക്കുന്ന മൂന്ന് നമ്പറുകളിലേക്ക് കോളും സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശവും പോകും. ആ മെസേജിൽ അവൾ നിൽക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും ഉണ്ടാകും. ആ നമ്പറുകളിൽ ഏതെങ്കിലും ഒന്ന് കോൾ എടുക്കാതെ ഫോണിൽ നിന്ന് ഉയരുന്ന അപായ ശബ്ദം നിലയ്ക്കില്ല. വേറെയും പ്രത്യേകതകൾ ഉണ്ട്. അവൾ അറിയാതെ അവൾ സുരക്ഷിതയാണെന്ന് ഉറപ്പു വരുത്താനുള്ള ഒരു ഫെസിലിറ്റി ആ ഫോണിൽ ഉണ്ട്”

“എന്താ അത്?”

“ആ ഫോണിലേക്ക് നമുക്ക് രണ്ടാൾക്കും വിളിക്കാം. നമ്മുടെ കോൾ വരുമ്പോൾ സ്ക്രീൻ ഓൺ ആകില്ല. അത് കൊണ്ട് അവൾ അറിയില്ല കോൾ വന്ന കാര്യം. എന്നിട്ട് അവൾ ഇരിക്കുന്ന ചുറ്റ് പാട് നമുക്ക് ഫോണിന്റെ ക്യാമറ വഴി നിരീക്ഷിക്കാം. ചുറ്റുപാടിന്റെ വീഡിയോയും ആഡിയോയും നമുക്ക് അങ്ങനെ ലഭിക്കും”

“നൈസാണല്ലോ!” രഞ്ജിത്ത് പറഞ്ഞു.

“പിന്നെ നമുക്ക് ഒരു ഏരിയ സെറ്റ് ചെയ്തു വെയ്ക്കാം…സുരക്ഷിത മേഖലയായിട്ട്. ആ ഏരിയ ക്രോസ് ചെയ്തു അവൾ പോയാൽ നമുക്ക് അലേർട്ട് വരും. അതായത് അവൾ സ്ഥിരമായി പോകുന്ന സ്ഥലങ്ങളിൽ അല്ലാതെ മറ്റെവിടെയെങ്കിലും പോയാൽ നമുക്ക് അലേർട്ട് വരും.
നമ്മൾ അറിയാതെ അവൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ വേണമെങ്കിൽ അവൾക്ക് വരുന്നതും, അവൾ ചെയ്യുന്നതുമായ, കോൾസിൽ നിയന്ത്രണം ഏർപ്പെടുത്തതാം. നേരത്തെ തന്നെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന നമ്പറുകളിലേക്ക് മാത്രം കോൾ ചെയ്യാനും, അതു പോലെ നേരത്തെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന നമ്പറുകളിൽ നിന്ന് മാത്രം കോൾ സ്വീകരിക്കാനുമുള്ള സൗകര്യം ആ ഫോണിൽ ഉണ്ട്”

“അത് കുറച്ചു ഓവറായി പോകില്ലേ?”

“പോകും. അത് കൊണ്ട് നമ്മൾ ആ ഫെസിലിറ്റി ഉപയോഗിക്കുന്നില്ല. പകരം വേറെ ഒരു പരിപാടി ചെയ്യും!”

“എന്ത്??”

“അവൾക്ക് ഞാൻ എന്റെ പേരിലാണ് സിം എടുത്തു കൊടുക്കുക. പോസ്റ്റ് പേയ്ഡ് കണക്ഷൻ ആയിരിക്കും”

“എടീ ഭയങ്കരീ!! നീ ഡീറ്റൈൽഡ് ബില്ലിന് അപ്ലൈ ചെയ്യുമല്ലേ?”

“കണ്ടുപിടിച്ചല്ലോ! അത്‌ തന്നെയാണ് എന്റെ ഉദ്ദേശ്യം! അവൾ ആരെ വിളിക്കുന്നു? എപ്പോൾ വിളിക്കുന്നു? എത്ര നേരം സംസാരിക്കുന്നു? എന്നൊക്കെ ഞാൻ അറിയും. അവളുടെ മേൽ എപ്പോഴും എന്റെ ഒരു കണ്ണ് ഉണ്ടാകും”

“സംഗതി കൊള്ളാം! എന്നാലും ഇത്രയൊക്കെ വേണോ? അവൾ ഇത് അറിഞ്ഞാൽ അവൾക്ക് തോന്നില്ലേ നമുക്ക് അവളെ വിശ്വാസമില്ലെന്ന്?”

“ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ലെന്ന് കുറച്ചു കൂടി വലുതാകുമ്പോൾ അവൾക്ക് മനസ്സിലായി കൊള്ളും. ചുറ്റും കുഞ്ഞിപ്പിള്ളേരേ തട്ടി കൊണ്ട് പോയി കടിച്ചു തിന്നാൽ തക്കം പാർത്തിരിക്കുന്ന കഴുകന്മാരാണ്. നമ്മുടെ മകളുടെ മേൽ കഴുകൻ കണ്ണുകൾ വീണ്, കഴുകൻ അവളെ റാഞ്ചും മുമ്പേ, കഴുകന്റെ ചിറകുകൾ അറുക്കുവാൻ നമുക്ക് കഴിയണം. സ്വയം സംരക്ഷിക്കാനുള്ള പ്രാപ്തി അവൾക്ക് ഉണ്ടാകുന്ന നാൾ വരെ നമ്മൾ അവളെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവൾ നമ്മുടെ ഉത്തരവാദിത്വമാണ്. അവൾ തെറ്റായ വഴിയിൽ കൂടെ സഞ്ചരിക്കുകയോ അവൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്താൽ അതിന് ഉത്തരവാദികൾ അവളുടെ മാതാപിതാക്കളായ നമ്മൾ രണ്ടു പേരുമായിരിക്കും. മക്കളുടെ കൂട്ടുകാർ ആരൊക്കെയാണ് നമ്മൾ അറിഞ്ഞിരിക്കണം. അവളുടെ സ്കൂളിൽ ഇടയ്ക്ക് പോയി അന്വേഷിക്കുന്നതും അവളുടെ കൂട്ടുകാരോട് സ്നേഹത്തോടെ പെരുമാറുന്നതുമൊക്കെ അവൾ സുരക്ഷിതയാണെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ്. കൂട്ടുകെട്ടുകൾ നല്ലതല്ലെങ്കിൽ കുട്ടികൾ നശിച്ചു പോകും”

“ഉം….ശരിയാണ്”

“ആ ഫോൺ വാങ്ങിച്ചു കൊടുക്കാം. അതോടെ ഫോൺ ഇല്ലെന്നുള്ള അവളുടെ പരാതി തീരും. ആ പൊട്ട ഫോൺ വെച്ച് അവൾക്ക് ഒരു വേഷംകെട്ടും കാണിക്കാൻ പറ്റില്ല. അവൾ ഏതെങ്കിലും തരത്തിലുള്ള അപകടത്തിൽ പെട്ടാൽ ആ ഫോൺ കൊണ്ട് അവൾക്ക് ഉപയോഗം ഉണ്ടാകുകയും ചെയ്യും”

“എന്റെ വക്കീലേ…നിന്റെ ഒരു കുരുട്ട് ബുദ്ധി!”

“ഹാ! പിള്ളരേ നിലയ്ക്ക് നിർത്തണമെങ്കിൽ ബുദ്ധി ഉപയോഗിക്കേണ്ടി വരും”

“പക്ഷേ അവൾ സമ്മതിക്കുമോ??”

“സമ്മതിപ്പിക്കും!!! അത്ര തന്നെ!”

അപ്പോഴാണ് ശ്രീരഞ്ജിനി ട്യൂട്ടിഷൻ കഴിഞ്ഞു വീട്ടിൽ എത്തുന്നത്.

ഫോൺ വാങ്ങിച്ചു കൊടുക്കില്ലെന്ന് പറഞ്ഞതിൽ പിന്നെ അവൾ തന്നോട് അധികം മിണ്ടുന്നില്ല. പിണക്കത്തിലാണ്. താൻ അവളുടെ വാശിക്ക് മുമ്പിൽ തോറ്റു കൊടുക്കുകയല്ല മറിച്ച അവൾക്കു ചുറ്റും അവൾ അറിയാതെ ഒരു സംരക്ഷണ വലയം തീർക്കുകയാണ്. ശ്രീരേഖ ചിന്തിച്ചു.

“രഞ്ജൂ… നീ ഇങ്ങു വന്നേ” ശ്രീരേഖ വിളിച്ചു.

ശ്രീരഞ്ജനി ഒന്നും മിണ്ടാതെ ശ്രീരേഖയുടെ അരികിൽ ചെന്നു നിന്നു.

“മോൾ അമ്മയോടു പിണക്കത്തിലാണോ?”

“ഉം…” ശ്രീരഞ്ജനി മൂളി.

“മോൾക്ക് ഇപ്പോൾ എന്താ വേണ്ടത് ഒരു ഫോൺ അല്ലേ?”

“ഉം…”

“വാങ്ങിത്തരാം. ഇനി അതിന്റെ ഒരു കുറവ് വേണ്ട”

അമ്മയുടെ വാക്കുകൾ കേട്ടതും ശ്രീരഞ്ജനിയുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.

“എന്നാൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നിനക്ക് ഇപ്പോൾ ഒരു ബേസിക്ക് സെറ്റ് വാങ്ങിത്തരാനേ സാധിക്കൂ”

“എനിക്ക് ബേസിക്ക് സെറ്റ് അല്ല വേണ്ടത്. എനിക്ക് ഓപോ…”

“സ്മാർട്ട് ഫോണിന്റെ ആവശ്യം നിനക്ക് ഇപ്പോൾ ഇല്ല”

“റിതുവിന്റെയും മിന്നുവിന്റെയും ഒക്കെ കൈയിൽ സ്മാർട്ട് ഫോൺ ഉണ്ടല്ലോ. എനിക്ക് മാത്രമാണ് ഫോൺ ഇല്ലാത്തത്”

“ഉം..ശരി…നിനക്ക് ഇപ്പോൾ സ്മാർട്ട് ഫോൺ എന്തിനാണ്? വെറും മൂന്ന് വാലിഡ് റീസൺ പറ നീ…നിന്റെ ആവശ്യം അംഗീകരിക്കാം”

“എനിക്ക് പഠിക്കാനുള്ള നോട്ട്സ് ഡൗൺലോഡ് ചെയ്യാം”

“അതിന് ഇന്റർനെറ്റ് കണക്ഷൻ ഉള്ള കംപ്യൂട്ടർ ഇവിടെയില്ലേ? പ്രിന്റർ വരെ നിനക്ക് വേണ്ടി വാങ്ങിച്ചു വെച്ചിട്ടുണ്ട്. ആ കംപ്യൂട്ടർ പഠിക്കാൻ വേണ്ടി ഉപയോഗിക്കാം” ഹോളിൽ ഇരിക്കുന്ന പാരേന്റൽ കൺട്രോൾ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന കംപ്യൂട്ടറിലേക്ക് ചൂണ്ടി കൊണ്ട് ശ്രീരേഖ പറഞ്ഞു.

“അങ്ങനത്തെ നോട്ട്സ് അല്ല”

“പിന്നെ??”

“ക്ലാസിൽ പോകാത്ത ദിവസങ്ങളിലെ നോട്ട്സ് ഫ്രെണ്ട്സ് ഫോട്ടോ എടുത്ത് അയച്ചു തരും. തിരിച്ചും അയച്ചു കൊടുക്കാം”

“അങ്ങനെയുള്ള സാഹചര്യങ്ങളിൽ അച്ഛന്റെയോ അമ്മയുടെയോ ഫോൺ ഉപയോഗിക്കാം. നിന്റെ ഫ്രെണ്ട്സിനോടു ഞങ്ങളുടെ നമ്പറിലേക്ക് നോട്ട്സ് അയക്കാൻ പറഞ്ഞാൽ മതി. ഞങ്ങൾ അത് കംപ്യൂട്ടറിലേക്ക് ട്രാൻസ്ഫർ ചെയ്ത് തന്നോളാം. വേറെ എന്തെങ്കിലും കാരണമുണ്ടോ?”

“എനിക്ക് ഇടയ്ക്ക് ഗെയിം കളിക്കണം”

“ഈ കംപ്യൂട്ടർ നിറച്ചും ഗെയിം അല്ലേ?” കംപ്യൂട്ടറിലേക്ക് നോക്കി കൊണ്ട് ശ്രീരേഖ പറഞ്ഞു.

“എനിക്ക് മൊബൈൽ ഗെയിംസാണ് വേണ്ടത്”

“ഗെയിംമിന്റെ പേര് പറ ഞാൻ ഇൻസ്റ്റോൾ ചെയ്തു തരാം. നെക്സ്റ്റ് റീസൺ?”

“സെൽഫി എടുക്കണം”

“എന്നിട്ട് എന്ത് ചെയ്യാൻ പോകുന്നു?”

“എഫ്. ബീ.യിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങണം. ടിക്ക്ടോക്കിൽ വീഡിയോ അപ്പ്ലോഡ് ചെയ്യണം. സ്മ്യൂളിൽ പാടി തകർക്കണം”

“ഇന്നത്തെ കാലത്ത് ഈ ആഗ്രഹങ്ങൾ ന്യായമാണ്. പക്ഷേ നിന്റെ ഈ പ്രായത്തിനു തീരെ യോജിക്കാത്ത ആഗ്രഹങ്ങളാണ് ഇവ. പതിനെട്ട് വയസ്സ് ആകട്ടെ. എന്നിട്ട് മതി എഫ്.ബിയിലും ഇൻസ്റ്റായിലുമൊക്കെ അക്കൗണ്ട്. ഈ പ്രായത്തിൽ പഠിത്തത്തിൽ ശ്രദ്ധിക്കണം. പാട്ടും ഡാൻസും ഒക്കെ ആകാം. നീ എത്ര മത്സരങ്ങളിൽ വേണമെങ്കിലും പങ്കെടുത്തോളൂ…നീ ഏത് കല വേണമെങ്കിലും പഠിച്ചോളൂ…ഓൺലൈനിലൂടെ ഉള്ള പ്രദർശനം തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത ഈ പ്രായത്തിൽ വേണ്ട”

“എല്ലാവരും ചെയ്യുന്നതാണല്ലോ ഇതൊക്കെ? റിതു ടിക്ക്ടോക്കിൽ വീഡിയോ ഇടാറുണ്ട്. അവൾക്ക് ഒരുപാട് ഫാൻസ്‌ ഉണ്ട്”

“ഈ റിതുവിന്റെയും അച്ഛനമ്മമാർ ഡിവോഴ്സ് ചെയ്ത കാര്യം നിനക്കറിയാവുന്നതല്ലേ?”

“അറിയാം”

“റിതുവിന്റെ അമ്മയും ഞാനും ഒരേ പ്രായക്കാരാണ്. റിതുവിന്റെ അമ്മ റിതുവിന്റെ അച്ഛനെ ഉപേക്ഷിച്ചു പോയത് പോലെ അമ്മ അച്ഛനെ ഉപേക്ഷിച്ചു പോകുന്നത് നിനക്ക് ഇഷ്ടമാണോ?”

“അല്ല!!!”

“അത്രേയുള്ളൂ! എല്ലാവരും ഒരു കാര്യം ചെയ്തു എന്ന് കരുതി, ആ കാര്യം ശരിയായി കൊള്ളമെന്നില്ല. ഒഴുക്കിനൊത്ത് ഒഴുകരുത്. നമുക്ക് സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാകണം. മറ്റുള്ളവർ ചെയ്യുന്നതൊക്കെ അത് പോലെ തന്നെ അനുകരിച്ചാൽ പിന്നെ നമ്മളും മറ്റുള്ളവരും തമ്മിൽ എന്ത് വ്യത്യാസം?”

ശ്രീരഞ്ജനി മൗനമായി നിന്നു.

“വേറെ എന്തെങ്കിലും റീസൺ??”

ശ്രീരഞ്ജനി ഇല്ലെന്ന് തലയാട്ടി. അത് കണ്ട് ശ്രീരേഖ പറഞ്ഞു “അപ്പോൾ ബേസിക്ക് ഫോൺ ഫിക്സ് ചെയ്തിരിക്കുന്നു!”

ശ്രീരഞ്ജനി വാടിയ മുഖവുമായി അകത്തേക്ക് കയറി പോയി.

“ശ്ശോ! എന്റെ രേഖേ…മോൾക്ക് നല്ല വിഷമമായി” രഞ്ജിത്ത് പറഞ്ഞു.

“ഓഹ്… അത് സാരമില്ല. അവൾക്ക് കാര്യം മനസ്സിലായിട്ടുണ്ട്. അതാണ് കൂടുതൽ തർക്കിക്കാൻ നിൽക്കാതെ സ്ഥലം വിട്ടത്. ഇപ്പോഴാണ് സമാധാനമായത്. ആ ബേസിക്ക് ഫോൺ വെച്ച് അവൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കംപ്യൂട്ടറിൽ പേരെന്റൽ കൺട്രോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത് കൊണ്ട്, കംപ്യൂട്ടർ വെച്ചും മോശമായ ഒരു കാര്യവും ചെയ്യാൻ അവൾക്ക് പറ്റില്ല. ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് നമ്മൾ അവളെ സംരക്ഷിച്ചിരിക്കുന്നു. ഇനി പുറത്തുള്ള ചെകുത്താന്മാരെയാണ് പേടിക്കേണ്ടത്”

“അതിനല്ലേ അവളെ കരാട്ടേ ക്ലാസിൽ വിടുന്നത്?”

“ഉം…ആകെയുള്ള ഒരു സമാധാനം അതാണ്. പേടിക്കാതെ പൊരുതാനുള്ള ധൈര്യം എങ്കിലും അവൾക്ക് ആ ക്ലാസ്സിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാം”

**********

അമ്മ വാങ്ങി തന്ന ബേസിക്ക് ഫോൺ താൽപര്യമില്ലാതിരുന്നിട്ടും ശ്രീരഞ്ജനി വാങ്ങി.

ഇതെങ്കിൽ ഇത് ഒന്നുമില്ലാത്തതിനേക്കാൾ ഭേദമല്ലേ! പതിയെ സ്മാർട്ട് ഫോൺ വാങ്ങിപ്പിക്കണം. അമ്മയുടെ സമ്മതം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട! അച്ഛനെ സോപ്പിട്ടാൽ ചിലപ്പോൾ നടക്കും. പക്ഷേ അച്ഛൻ അമ്മയുടെ അഭിപ്രായം ചോദിക്കും. അമ്മ വേണ്ടെന്ന് പറഞ്ഞാൽ അച്ഛൻ ചെയ്യില്ല. അച്ഛന്റെ ഉപദേഷ്ടാവാണ് അമ്മ! തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം. എന്തായാലും സ്കൂളിൽ ഈ ഫോൺ കൊണ്ട് പോകാൻ പറ്റില്ല. ക്ലാസ് കഴിഞ്ഞു വീട്ടിൽ വന്നിട്ട് ഇത് വെച്ച് ഫ്രണ്ട്സിനോടു സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ. ശ്രീരഞ്ജനി ചിന്തിച്ചു.

ഒരു മണിക്കൂറത്തെ കരാട്ടേ ക്ലാസ് കഴിഞ്ഞു നേരെ വീട്ടിൽ വന്ന് ഫ്രെഷായ ശേഷം ശ്രീരഞ്ജനി
മാക്സ് ട്യൂഷനു പോകും. ചിലപ്പോൾ മാക്സ് ട്യൂഷൻ കഴിയുമ്പോൾ ഏഴു മണിയാകും. സൈക്കിളിനാണ് ശ്രീരഞ്ജനി സാധാരണ ട്യൂഷന് പോയി വരാറുള്ളത്.

ട്യൂഷൻ ക്ലാസിൽ ഇരുന്നു നേരം വൈകിയത് അറിയാതെ ആൽജിബ്റ കണക്കുകൾ സോൾവ് ചെയ്തു കൊണ്ടിരുന്ന ശ്രീരഞ്ജനിയോടു ട്യൂഷൻ ടീച്ചർ പറഞ്ഞു “ശ്രീരഞ്ജനി..ഏഴു മണി കഴിഞ്ഞു. നേരം നന്നായിട്ടു ഇരുട്ടിയിട്ടുണ്ട് ബാക്കി നാളെ ചെയ്യാം. മോൾ പൊയ്ക്കോളൂ”

“ഓക്കെ” എന്ന് പറഞ്ഞിട്ട് ബുക്ക്സ്സും ടെക്സ്റ്റുമൊക്കെ വാരി ബാഗിലിട്ട ശേഷം ശ്രീരഞ്ജനി സൈക്കിളിനടുത്തേക്ക് ഓടി.

ശ്ശോ! ആകെ ഇരുട്ടിയല്ലോ! മഴ പെയ്യാൻ പോകുന്നത് പോലെയുണ്ട്. മഴ പെയ്താൽ കറന്റ് പോകും. പിന്നെ റോഡ് പോലും നേരെ ചൊവ്വേ കാണാൻ പറ്റാത്ത സ്ഥിതിയാകും. വേഗം പോയേക്കാം. ശ്രീരഞ്ജനി ചിന്തിച്ചു.

സൈക്കിൾ എടുത്ത് ശ്രീരഞ്ജനി റോഡിലൂടെ പാഞ്ഞു. മൂന്നാല് മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീധരേട്ടന്റെ കടയെത്തി.

ഇനി വീട്ടിലേക്ക് മൂന്ന് കിലോമീറ്റർ കൂടിയുണ്ട്. ശ്രീധരേട്ടന്റെ കട കഴിഞ്ഞാൽ പിന്നെ ആ വായിനോക്കികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്ത് കൂടി വേണം പോകാൻ. തനിക്ക് അവന്മാരെ കാണുന്നതേ ദേഷ്യമാണ്. താൻ പോകുമ്പോഴെല്ലാം താൻ ശ്രദ്ധിക്കാൻ വേണ്ടി ആ വായിനോക്കികൾ കമന്റ് അടിക്കും. എന്നാൽ അതിനു മറുപടി നൽകാതെ, അവരുടെ മുഖത്ത് പോലും നോക്കാതെ, അവർ അവിടെയില്ല എന്ന രീതിയിൽ, നേരെ നോക്കി തല ഉയർത്തി പിടിച്ചു പോകണമെന്ന്, അമ്മ പറഞ്ഞിട്ടുണ്ട്. അമ്മ പറഞ്ഞതു അക്ഷരംപ്രതി അനുസരിച്ചു കൊണ്ട്, പെരുവിരലിൽ നിന്ന് ഉച്ചിയിലേക്ക് ഇരച്ചു കയറുന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് താൻ അവന്മാരെ ഗൗനിക്കാതെ സൈക്കിളോടിച്ചു തന്റെ വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നും അവന്മാർ അവിടെയുണ്ട്.

‘ദോണ്ടേ…നമ്മുടെ നീലക്കിളി സൈക്കിളിൽ പറന്നു വരുന്നുണ്ട്!’

‘വരട്ടേ…ഇന്ന് കിളിയെ കൂട്ടിലടയ്ക്കും!’

‘കിളിയുടെ പപ്പും പൂടയും പറിക്കും’

‘പാവം കിളി!’

അവന്മാരുടെ അരികിലൂടെ സൈക്കിളിൽ പോയപ്പോൾ ശ്രീരഞ്ജനി അവന്മാരുടെ സംസാരം കേട്ടു.

വീണ്ടും ചോര തിളക്കുന്നു. രണ്ടു തർക്കുത്തരം പറയാൻ! കൺട്രോൾ! കൺട്രോൾ! ശ്രീരഞ്ജനി മനസ്സിൽ പറഞ്ഞു.

പെട്ടെന്ന് ഠോ!!!! എന്നൊരു ശബ്ദം കേൾക്കുകയും ശ്രീരഞ്ജനി ബാലസ് തെറ്റി സൈക്കിളിൽ നിന്ന് റോഡിലേക്ക് വീഴുകയും ചെയ്തു.

‘കിളി വീണെടാ ബാലാ…’

‘കിളിക്ക് എന്തെങ്കിലും പറ്റിയൊന്ന് നോക്കാം’

കൈ മുട്ട് ഉരഞ്ഞു. മുറിഞ്ഞല്ലോ! നീറുന്നു! ഈ സൈക്കിളിന്റെ ബാലൻസ് എങ്ങനെ തെറ്റി?? ഛേ! ആ വായിനോക്കികൾ താൻ വീഴുന്നത് കണ്ടു. മോശമായി! അവന്മാർ ഇങ്ങോടാണല്ലോ വരുന്നത്? വേഗം സ്ഥലം വിടാം. ശ്രീരഞ്ജനി ചാടിപ്പിടഞ്ഞെഴുന്നേറ്റ് മറിഞ്ഞു കിടന്നിരുന്ന സൈക്കിൾ എടുത്തു നേരെ നിർത്തി.

അപ്പോഴാണ് സൈക്കിളിന്റെ ബാക്കിലെ ടയറിന്റെ കാറ്റ് പോയിരിക്കുന്നത് ശ്രീരഞ്ജനിയുടെ ശ്രദ്ധയിപ്പെട്ടത്.

അയ്യോ!!!! പഞ്ചറായോ?? ഇനി എന്ത് ചെയ്യും. സൈക്കിളും തള്ളി കൊണ്ട് മൂന്ന് കിലോമീറ്റർ പോകണമല്ലോ! നാശം! എന്ന് ചിന്തിച്ചു കൊണ്ട് ശ്രീരഞ്ജനി സൈക്കിൾ തള്ളാൻ ആരംഭിച്ചു.

വായിനോക്കികൾ ശ്രീരഞ്ജനിയുടെ പിറകെ നടന്നു. ആളൊഴിഞ്ഞ വഴിയിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഇത്തിരി മൂപ്പ് കൂടിയ വായിനോക്കി ശ്രീരഞ്ജനിയുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു “ചേട്ടൻ തള്ളിത്തരണോ മോളെ?”

“വേണ്ട!” ശ്രീരഞ്ജനി അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“അതെന്താ മോളെ നിനക്ക് വേണ്ടാത്തേ???” ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് മൂത്ത വായിനോക്കി ചോദിച്ചു.

ശ്രീരഞ്ജനി അയാളെ രൂക്ഷമായി നോക്കി.

“ഇങ്ങനെ നോക്കല്ലേ പൊന്നേ… ഞാൻ ഉരുകി പോകും!”

ശ്രീരഞ്ജനി അവന്റെ മുഖത്ത് നിന്നു കണ്ണുകൾ എടുത്തു.

അവൻ തന്റെ മൊബൈൽ എടുത്തിട്ട് ഒരു അശ്‌ളീല വീഡിയോ പ്ലേ ചെയ്തിട്ടു ചോദിച്ചു “ഇത് എന്താണെന്ന് വാവയ്ക്ക് അറിയുമോ?”

“താൻ എന്നെ സെക്‌സ് എന്താണെന്ന് പഠിപ്പിക്കാനൊന്നും വരണ്ടേ. സെക്‌സ് എഡ്യൂക്കേഷൻ വീഡിയോസ് എന്റെ അമ്മ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. കൂടുതൽ വിളച്ചിലെടുത്താൽ പോലീസ് സ്റ്റേഷനിൽ പോയി കിടക്കേണ്ടി വരും”

“അമ്മ വാക്കീലാണെന്നതിന്റെ ഹുങ്ക് ഇന്ന് തീർത്തു തരാടീ @$#%!” എന്നും പറഞ്ഞു മൂത്ത വായിനോക്കി ശ്രീരഞ്ജനിയുടെ കൈയിൽ കയറി പിടിച്ചു. ബാക്കിയുള്ള വായിനോക്കികൾ ആവേശത്തോടെ ശ്രീരഞ്ജനിയെ വളഞ്ഞു.

ശ്രീരഞ്ജനി തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് എസ്.ഓ.എസ്. ബട്ടൺ പ്രെസ്സ് ചെയ്തു.

ഉടനെ ഫോണിൽ നിന്ന് അപായ ശബ്ദം ഉയർന്നു. സമീപത്തുള്ള വീടുകളിലെ പുറം വശത്തുള്ള ലൈറ്റുകൾ തെളിയുകയും വാതിലുകൾ തുറക്കപ്പെടുകയും ചെയ്തു. അതു കണ്ട് മൂത്ത വായിനോക്കി ശ്രീരഞ്ജനിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിക്കുവാൻ ശ്രമിച്ചു.

ശ്രീരഞ്ജനി വായിനോക്കിയുടെ കൈ വിടുവിച്ച ശേഷം തന്റെ വലത്തെ കൈ ചുരുട്ടി, വായിനോക്കിയുടെ നെഞ്ചിൻകൂട് നോക്കി ഒന്ന് കൊടുത്തു. ആ ഇടി കൊണ്ട് മൂത്ത വായിനോക്കി വേദന കൊണ്ട് പുളഞ്ഞു നിലത്തിരുന്നു പോയി. മൂന്നാല് വായിനോക്കികൾ
ഓടി രക്ഷപ്പെട്ടു.

അപായ നാദവും ബഹളവും കേട്ട് ഓടി കൂടിയ സമീപവാസികൾ ബാക്കിയുണ്ടായിരുന്ന വായിനോക്കികളെ പിടിച്ചു വെച്ചു. പത്ത് മിനിറ്റ് കഴിഞ്ഞതും പോലീസ് എത്തി.

“കുട്ടിയാണോ…എസ്. ഐ. അരവിന്ദ് സാറിന്റെ നമ്പറിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള മെസേജ് അയച്ചത്?” കോൺസ്റ്റബിൾ ശ്രീരഞ്ജനിയോടു ചോദിച്ചു.

“അതെ സാർ” ശ്രീരഞ്ജനി പറഞ്ഞു.

“എന്താ പ്രശ്നം?”

“എന്നെ ഈ ചെക്കന്മാർ ഉപദ്രവിക്കാൻ നോക്കി”

നാട്ടുകാർ പിടിച്ചു വെച്ചിരിക്കുന്ന മൂത്ത വായിനോക്കിയുടെ ചെവിക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് കോൺസ്റ്റബിൾ പറഞ്ഞു “ഛീ! പട്ടി @$%#! ഇത്തിരിയില്ലാത്ത ഈ കൊച്ചിനെ ഉപദ്രവിക്കാൻ നോക്കുന്നോടാ @$%#!? എനിക്കും ഉണ്ടെടാ…ഈ പ്രായത്തിലൊരു മോൾ…ബാക്കി സ്റ്റേഷനിൽ ചെന്നിട്ട് തരാമെടാ @$%@!”

വായിനോക്കികളെയും ശ്രീരഞ്ജനിയെയും കൊണ്ട് സ്റ്റേഷനിലേക്ക് കോൺസ്റ്റബിൾ പോകുവാനൊരുങ്ങിയപ്പോൾ ശ്രീരേഖയും രഞ്ജിത്തും സംഭവ സ്ഥലത്ത് എത്തി.

“നിനക്ക് എന്തെങ്കിലും പറ്റിയോ മോളെ?” ശ്രീരേഖ മകളുടെ അടുത്തേക്ക് ഓടി വന്നിട്ട് അവളെ വാരിപ്പുണർന്നിട്ട് ചോദിച്ചു.

“ഇല്ലമ്മേ”

“നിങ്ങളാണോ ഈ കുട്ടിയുടെ അമ്മ?” കോൺസ്റ്റബിൾ ചോദിച്ചു.

“അതെ”

“സ്റ്റേഷനിൽ വന്ന് കംപ്ലേന്റ് എഴുതി കൊടുക്കൂ” കോൺസ്റ്റബിൾ പറഞ്ഞു.

“ശരി സാർ…മോൾ ഞങ്ങളുടെ കൂടെ കാറിൽ വന്നാൽ പോരേ?”

“മതി”

“അമ്മേ…താങ്ക്സ്! ഈ ഫോൺ കാരണമാണ് ഞാൻ അവന്മാരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്. അമ്മ പറയുന്നത് എപ്പോഴും ശരിയാണ്. എനിക്ക് അത് വൈകിയെ മനസ്സിലാകാറുള്ളൂ. എനിക്ക് ഈ ഫോണിന്റെ ആവശ്യമേ തൽക്കാലമുള്ളൂ” ശ്രീരഞ്ജനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അമ്മയുടെ മോൾ കരയുകയാണോ? മോൾ ചെയ്തത് വലിയൊരു കാര്യമാണ്. ഐ ആം സോ പ്രൗഡ് ഓഫ് യൂ” എന്ന് പറഞ്ഞു കൊണ്ട്
ശ്രീരഞ്ജനിയുടെ കണ്ണുകൾ തുടിച്ച ശേഷം അവളുടെ നെറ്റിയിൽ ശ്രീരേഖ ചുംബിച്ചു.

ശ്രീരഞ്ജനിയുടെ മൊബൈലിൽ താൻ ഫീഡ് ചെയ്ത വെച്ച മൂന്ന് എമർജൻസി നമ്പറുകളിൽ ഒന്ന് തന്റെ സഹപാഠിയായിരുന്ന എസ്. ഐ. അരവിന്ദിന്റെയായിരുന്നു. അരവിന്ദിന് തന്റെ വീടിനടത്തുള്ള സ്റ്റേഷനിലേക്ക് ട്രാൻസ്ഫറായി എന്ന് അറിഞ്ഞപ്പോൾ താൻ ഒരുപാട് സന്തോഷിച്ചു. ഇത്രയും പെട്ടെന്ന് ആ ട്രാൻസ്ഫർ തനിക്ക് പ്രയോജനപ്പെടുമെന്ന് താൻ കരുതിയില്ല. കാറിൽ ഇരിക്കുമ്പോൾ ശ്രീരേഖ ചിന്തിച്ചു.

ശ്രീരഞ്ജനിയും മാതാപിതാക്കളും സ്റ്റേഷനിൽ എത്തി അല്പനേരം കഴിഞ്ഞതും എസ്.ഐ. അരവിന്ദ് എത്തി.

“രേഖ എത്തിയോ?” എസ്.ഐ. അരവിന്ദ് ചോദിച്ചു.

“കഥയിലെ ഇര എന്റെ മോൾ അല്ലേ? വരാതിരിക്കാൻ സാധിക്കുമോ?”

“ശ്രീരഞ്ജനി ഇരയല്ല! നായികയാണ്! പെൺകുട്ടികളായാൽ ഇതു പോലെ ധൈര്യം വേണം. ഇവൾ പേടിച്ചിരുന്നെങ്കിൽ താൻ പറഞ്ഞതു പോലെ ഇവൾ ഇരയായേനേ! അമ്മയുടെ മോൾ തന്നെ! അതെ ചങ്കൂറ്റം!” എസ്. ഐ. അരവിന്ദ് പറഞ്ഞു.

ശ്രീരേഖ ചിരിച്ചു.

“വലുതാക്കുമ്പോൾ മോൾക്ക് ആരാകാനാണ് ഇഷ്ടം?” എസ്. ഐ. അരവിന്ദ് ശ്രീരഞ്ജനിയോടു ചോദിച്ചു.

“എനിക്ക് എന്റെ അമ്മയെ പോലെയാകണം” ശ്രീരഞ്ജനി പറഞ്ഞു.

അതു കേട്ട് എസ്.ഐ. അരവിന്ദ് ശ്രീരേഖയോടു പറഞ്ഞു “എടോ…താൻ നല്ലൊരു അമ്മയാണെടോ! സ്വന്തം മകളുടെ വായിൽ നിന്ന് ഇങ്ങനെയൊരു വാചകം കേൾക്കാൻ ഏതൊരു അച്ഛനും അമ്മയും കൊതിക്കും”

“മക്കൾക്കളോടു അവരെ കണ്ടുപഠിക്ക് ഇവരെ കണ്ട് പഠിക്ക് എന്ന് പറയരുത്. നമ്മൾ മാതൃകാപരമായ ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കണം”

“താൻ പറഞ്ഞത് ശരിയാണ്”

“രഞ്ജുവിനെ ശല്യം ചെയ്തവരുടെ കൂട്ടത്തിൽ ഒരു പതിനഞ്ച് വയസ്സുകാരനുണ്ടെന്ന് രഞ്ജു പറഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി” ശ്രീരഞ്ജനി പറഞ്ഞു.

“നമ്മളൊക്കെ പതിനഞ്ച് വയസ്സുകാരായിരുന്ന കാലത്ത്…പെൺകുട്ടികളെ വേറെ രീതിയിൽ നോക്കാൻ തന്നെ പേടിയായിരുന്നു. ഇപ്പോഴത്തെ പല പതിനഞ്ച് വയസ്സുകാർക്കും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാതായിരിക്കുന്നു” രഞ്ജിത്ത് പറഞ്ഞു.

“അച്ഛനമ്മമാർ മര്യാദയ്ക്കു വളർത്തുന്ന ആൺകുട്ടികൾക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാം. മുട്ടയിൽ നിന്ന് വിരിയും മുമ്പേ കുട്ടികൾക്ക് കളിക്കാൻ സ്മാർട്ട് ഫോൺ കൊടുക്കുന്ന മാതാപിതാക്കളെ പറഞ്ഞാൽ മതിയല്ലോ! സ്മാർട്ട് ഫോണും ഇന്റർനെറ്റും അവരെ വഴി തെറ്റിക്കുന്നത് പലപ്പോഴും അച്ഛനമ്മമാർ അറിയാതെ പോകുന്നു. ആദ്യം സെൽഫി എടുക്കലിലും സ്റ്റാറ്റസ് മാറ്റലിലും ഒതുങ്ങുന്ന സ്മാർട്ട് ജീവിതം…അശ്‌ളീല സൈറ്റുകളിലേക്കും വഴിവിട്ട ചിന്തകളിലേക്കും ബന്ധങ്ങളിലേക്കും നയിക്കപ്പെടുന്നു. അവസാനം അമ്മയെയും പെങ്ങളെയും അച്ഛനെയും ആങ്ങളയെയും തിരിച്ചറിയാൻ കഴിയാത്ത നാളയുടെ ശാപങ്ങളായി അവർ വളരും. മക്കൾ മോശമായി പോയാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം അച്ഛനമ്മമാർക്കാണ് എന്ന് ഞാൻ വിശ്വസിക്കുന്നു”

“താൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എന്റെ മോന് ഞാൻ ഫോൺ കളിക്കാൻ കൊടുക്കാറില്ല. വീട്ടിൽ ചെന്നാൽ ഫോണിൽ കുത്തി കൊണ്ട് ഇരിക്കാറുമില്ല. ഔദ്യോഗിക കോളുകളൊ മെസേജുകളൊ വരുന്നുണ്ടോ എന്ന് മാത്രം നോക്കും” എസ്. ഐ. അരവിന്ദ് പറഞ്ഞു.

“അങ്ങനെയാണ് വേണ്ടത്. നമ്മൾ ഏതു നേരവും ഫോണിൽ കുത്തിക്കൊണ്ടിരുന്നിട്ട് ഫോണിൽ കളിക്കരുത്, ഫോൺ ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാൽ മക്കൾ കേൾക്കുമോ? അച്ഛനമ്മമാരെ കണ്ടാണ് മക്കൾ വളരുന്നത്. ആദ്യം നമ്മൾ നന്നാകണം. എന്നിട്ട് വേണം മക്കളെ നന്നാക്കാൻ” ശ്രീരേഖ പറഞ്ഞു.

“തീർച്ചയായും….
ഇനിയും അഭയകൾ സൃഷ്ടിക്കപ്പെടാതിരിക്കുവാൻ
നമ്മുടെ നാടിന് ആവശ്യം ശ്രീരേഖമാരെയും ശ്രീരഞ്ജനിമാരെയുമാണ്” എസ്.ഐ. അരവിന്ദ് പറഞ്ഞു.

(അവസാനിച്ചു)

രചന: അലീന ജോൺ

കുറിപ്പ്:കാവ്യ…അഞ്ജലി…അർജുൻ…ഡേവിഡ്…കീർത്തന…എന്നിവരോടൊപ്പം…ശ്രീരേഖയെ കൂടി നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു. നിങ്ങൾ തള്ളില്ലെന്ന വിശ്വാസത്തോടെ ♥️♥️♥️

സ്നേഹത്തോടെ നിങ്ങളുടെ അലീന ❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here