ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ വീടിന്റെ ഗെയ്റ്റ് തുറക്കുന്നത് മുതൽ വീടിനകവും പരിസരവും നിരീക്ഷിക്കാനും ലൈറ്റുകളും ഫാനും എസിയും വീടിനകത്തെ ക്യാമറകളുമെല്ലാം നിയന്ത്രിക്കാനും കഴിയും. ഇതാണ് ന്യൂജനറേഷൻ സ്മാർട് വീട് നൽകുന്ന സൗകര്യങ്ങൾ.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലുള്ള ഈ വീടിനു മുന്നിലെത്തിയപ്പോഴേക്കും ഗെയ്റ്റ് താനെ തുറന്നു. പ്രധാന വാതിലിനടുത്ത് എത്തിയപ്പോൾ ലൈറ്റുകൾ തെളിഞ്ഞു. പ്രവാസിയായ ഉടമസ്ഥനും കുടുംബത്തിനും ലോകത്തെവിടെ നിന്നും സ്വന്തം വീടിനെ വിരൽത്തുമ്പിൽ ഒതുക്കാൻ സാധിക്കും. ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ വീടിന്റെ ഗെയ്റ്റ് തുറക്കുന്നത് മുതൽ വീടിനകവും പരിസരവും നിരീക്ഷിക്കാനും ലൈറ്റുകളും ഫാനും എസിയും വീടിനകത്തെ ക്യാമറകളുമെല്ലാം നിയന്ത്രിക്കാനും കഴിയും. ഇതാണ് ന്യൂജനറേഷൻ സ്മാർട് വീട് നൽകുന്ന സൗകര്യങ്ങൾ.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന സ്ഥലത്ത് 40 സെന്റിൽ 5500 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സമകാലിക വീടുകൾക്ക് ഒരുമുഴം മുൻപേ സഞ്ചരിക്കാൻ പാകത്തിൽ ഹൈടെക്ക് സംവിധാനങ്ങൾ ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു.

പരിസ്ഥി സൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയിൽ നൽകിയിരിക്കുന്ന സോളാർ പാനലുകൾ അതിനുദാഹരണമാണ്. വീട്ടിലേക്ക് വേണ്ട വൈദ്യുതിയുടെ നല്ലൊരുപങ്കും ഇതിലൂടെ ലഭിക്കുന്നു.

മോഡേൺ ശൈലിയിലുള്ള എലിവേഷൻ. വെള്ള നിറമാണ് വീടിനകത്തും പുറത്തും കൂടുതലായി നൽകിയിട്ടുണ്ട്. ഇതിനു കോൺട്രാസ്റ്റ് നൽകുന്നതിനായി പുറംഭിത്തികളിൽ ഗ്രേ ക്ളഡിങ് ടൈലുകൾ പാകിയത് കാഴ്ചയ്ക്ക് ഭംഗി വർധിപ്പിക്കുന്നു.

വീടിന്റെ സിറ്റ്ഔട്ടിന് സമീപം ഒരു ചെറിയ ഡെക്ക് നൽകി പെബിളുകളും പുൽത്തകിടിയും നൽകി മനോഹരമാക്കിയിട്ടുണ്ട്. ഈ ഭാഗം വേർതിരിച്ചറിയുന്നതിനായി ഭിത്തികളിൽ ഹൈലൈറ്റർ നിറങ്ങൾ നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്.

വീട്ടിനകത്ത് കയറുമ്പോൾ ആദ്യം ശ്രദ്ധ പതിയുന്നത് പ്രെയർ സ്പേസിലേക്കാണ്. ഒരു പൊസിറ്റീവ് ഫീൽ ലഭിക്കാൻ ഇത് സഹായിക്കുന്നു. പ്രെയർ സ്പേസിന്റെ വാതിൽ ജാളി ഫിനിഷിലാണ് തീർത്തത്. ഇന്റീരിയറിൽ ഓരോ ഇടങ്ങളെയും വേർതിരിക്കാനായി ഇത്തരത്തിൽ ഹൈലൈറ്റർ ക്ലാഡിങ് നൽകിയിട്ടുണ്ട്.

ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. ഇതിനു പ്രൈവസി നൽകുവിധം ഗ്ലാസ് ഡോർ നൽകി. ഫോർമൽ ലിവിങ്ങിൽ നൽകിയിരിക്കുന്ന ലെതർ സോഫ ഇറ്റാലിയൻ നിർമ്മിതമാണ്. ഇറ്റാലിയൻ മാർബിളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. വീടിനകം അലങ്കരിക്കുന്ന ക്യൂരിയോകളും പെയിന്റിങ്ങുകളുമെല്ലാം ഇമ്പോർട്ടഡ് ആണ്.

ഇന്റീരിയറിലെ ഒരു ശ്രദ്ധാകേന്ദ്രം പെബിൾ കോർട്യാർഡാണ്. ഇതിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തത് അകത്തളങ്ങൾക്ക് ചാരുത പകരുന്നു. കോർട്യാർഡിനു മുകളിലുള്ള ഡബിൾ ഹൈറ്റ് ഭിത്തിയിൽ സ്കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ സ്വാഭാവിക പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു.

കോർട്യാർഡിനു വശത്തായി ഫാമിലി ലിവിങ് സ്പേസ്. ഇവിടെ മറൈൻ പ്ലൈ+ വെനീർ ഫിനിഷിലുള്ള ലാമിനേഷൻ നൽകി അതിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു. സിറ്റിങ് സ്പേസും സ്വിമ്മിങ് പൂൾ ഭാഗത്തേക്ക് തുറക്കുന്ന ഒരു വാതിലും ഇവിടെ നൽകിയിട്ടുണ്ട്.

തേക്കിൻ തടി കൊണ്ടാണ് ഗോവണിയുടെ പടികൾ മെനഞ്ഞത്. എം എസ് ഫ്രെയിം+ ടഫൻഡ് ഗ്ലാസ് എന്നിവ കൊണ്ട് കലാപരമായി കൈവരികൾ ഒരുക്കിയിരിക്കുന്നു. ഗോവണിയുടെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ ഇളംനീല ഹൈലൈറ്റർ നിറം നൽകി. ഘടികാരത്തിന്റെ യന്ത്രഘടന വെളിവാക്കുന്ന ക്ലോക്ക് ഈ ഭിത്തി അലങ്കരിക്കുന്നു.

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ്പ് നൽകിയ ഊണുമേശ. ഇതിനുസമീപം പ്രൈവസി നൽകി വാഷ് ഏരിയ ക്രമീകരിച്ചു.


ഐലൻഡ് കിച്ചനാണ് വീട്ടിൽ ഒരുക്കിയത്. കൊറിയൻ ടോപ്പ് ആണ് കൗണ്ടറിനു നൽകിയത്. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു. മുകൾനിലയിൽ നിന്നും ഊണുമേശയുടെ കാഴ്ച ലഭിക്കും വിധം ഡബിൾ ഹൈറ്റ് മേൽക്കൂര നൽകി.

മറൈൻ പ്ലൈ ഫിനിഷിൽ ഒരു സെമി പാർട്ടീഷൻ നൽകി അടുക്കളയെ വേർതിരിച്ചിരിക്കുന്നു. പ്രധാന അടുക്കളയ്ക്ക് സമീപം വർക്ക് ഏരിയയും ക്രമീകരിച്ചിരിക്കുന്നു .

അഞ്ചു ലക്ഷുറി കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളിലും സോന, ജക്കൂസി സൗകര്യമുള്ള ബാത്റൂമുകൾ ഒരുക്കിയിട്ടുണ്ട്.

അറ്റാച്ഡ് വാഡ്രോബുകൾ, ഡ്രസിങ് ഏരിയ എന്നിവയും കിടപ്പുമുറികളിൽ ഒരുക്കിയിട്ടുണ്ട്. മറൈൻ പ്ലൈ+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ഒരുക്കി ലൈറ്റിങ് നൽകിയത് അകത്തളങ്ങളിൽ സുഖകരമായ അന്തരീക്ഷം നിറയ്ക്കുന്നു.

വീടിന്റെ പിറകിലായി ഒരു സ്വിമ്മിങ് പൂൾ ഒരുക്കിയിട്ടുണ്ട്. വീട്ടുകാർക്ക് വൈകുന്നേരങ്ങളിൽ ഒരുമിച്ചുകൂടി ആഹ്ലാദിക്കാനുള്ള ഇടമാണ് ഇവിടം. ഇതിനുസമീപം ജിഐ ഫ്രയിമുകൾ കൊണ്ട് കോർട്യാർഡ് നൽകി സിറ്റിങ് സ്പേസും ഒരുക്കിയിട്ടുണ്ട്.

പോർച്ചിലേക്കുള്ള ഡ്രൈവ് വേ ഇന്റർലോക്ക് നൽകി ഉറപ്പിച്ചു. വശങ്ങളിൽ ചെടികളും പുൽത്തകിടിയും വർണ്ണവിളക്കുകളും നൽകി മനോഹരമാക്കിയിട്ടുണ്ട്.

വീടിന്റെ കാഴ്ചകൾ എല്ലാം കണ്ടു തിരിച്ചിറങ്ങിയപ്പോഴേക്കും അതാ ഗെയ്റ്റ് താനേ അടയുന്നു. എല്ലാം സ്മാർട് ഹോമുകളുടെ മാന്ത്രികവിദ്യകൾ…

ചിത്രങ്ങൾ – അജീബ് കൊമാച്ചി
Project Facts
Location- Kottakkal, Malappuram
Plot- 40 cents
Area- 5500 SFT
Owner- Mansoor
Designer- Muneer
Nufail-Muneer Associates
Mob- 9847249528
Completion year- 2017
കടപ്പാട് : manoramaonline.com