Home Latest മകനേ നിനക്കായ്…മനോഹരമായ ഒരു ചെറുകഥ..!! By വിനീത അനിൽ

മകനേ നിനക്കായ്…മനോഹരമായ ഒരു ചെറുകഥ..!! By വിനീത അനിൽ

0

ഗർഭിണിയായിരിക്കുക എന്നത് കുട്ടിയെ സംബന്ധിച്ചു ഒരു ആറേഴു മാസം വരെ ഏറ്റവും സുഖമുള്ള ഏർപ്പാടായിരുന്നു. ഛർദിയില്ല, തലകറക്കമില്ല.. തിരിച്ചു കടിക്കാത്ത എന്തുവേണേലും മൂക്കുമുട്ടെ തിന്നാനാവുന്നുണ്ട്. ബദാം, ഉണക്കമുന്തിരി, നേന്ത്രപ്പഴം,പാൽ, മുട്ട , പഴവർഗങ്ങൾ എന്നിവ വേറെയും..

എട്ടാം മാസത്തിലേക്ക് കടന്നപ്പോളേക്കു മൊത്തത്തിൽ രണ്ടു ബോള് പോലെയായി കുട്ടിയുടെ രൂപം. എന്നാലും തീറ്റയ്ക്കു കുറവൊന്നുമില്ല. പ്ലേറ്റ് വയറിന്റെ മേലേവച്ചു തിന്നുന്നത് കണ്ട ഏട്ടൻ. “ഇതിവൾക്ക് തിന്നാൻ വേണ്ടി മേശയ്ക്ക് പകരം ഫിറ്റാക്കിയതാണോ ” എന്ന് വരെ ചോദിച്ചു. അങ്ങനെ സുഖിച്ചു ജീവിക്കുന്ന കാലം..

അന്നൊരു മിഥുനമാസരാത്രിയിൽ പുറത്തു മഴ കോരിച്ചൊരിയുന്ന ശബ്ദവും കേട്ട് എട്ടുമാസംവീർത്ത വയറും താങ്ങി കുട്ടി സുഖമായുറങ്ങുമ്പോളാണ് അരയ്ക്ക് താഴേക്ക് വെള്ളത്തിൽ കിടക്കുന്നതുപോലെ അനുഭവപ്പെട്ടത്. ഇരുട്ടിൽ കിടക്കയിൽ മെല്ലെ പരതി നോക്കിയപ്പോൾ കൈവിരലിൽ എന്തോ ഒട്ടിപ്പിടിക്കുന്നുണ്ട്. പതുക്കെ എണീറ്റ് ലൈറ്റിട്ടപ്പോൾ രക്തമാണ് കിടക്കയിൽ.. അതങ്ങനെ പരന്നൊഴുകികിടക്കുന്നു. കാലിലേക്ക് നോക്കിയപ്പോൾ നൈറ്റിയുടെ താഴെഭാഗവും പാദവുമെല്ലാം രക്തം. കാര്യങ്ങളെ പറ്റിയൊന്നും വലിയ ബോധമില്ലെങ്കിലും ചോര കണ്ടതോടെ കുട്ടിക്ക് പേടിയായി..

“അമ്മേ…” എന്ന ഒറ്റവിളിയിൽ അപ്പുറത്തെ റൂമിൽ ഉറങ്ങുന്ന അമ്മ ഓടിയെത്തിക്കഴിഞ്ഞു പുറകെ അച്ഛനും. ചോര കണ്ടപാടെ “എന്റെ ദൈവങ്ങളെ..” ന്നൊരു വിളിയോടെ അച്ഛൻ സൈഡായി.. തൊട്ടു പുറകെ അച്ഛന്റെ നിലവിളി കേട്ട് ഓടിക്കേറിവന്ന ഏട്ടനും വന്നതിനേക്കാൾ സ്പീഡിൽ തിരിച്ചോടി ഹാളിൽ ഇരിപ്പുണ്ട്.

അമ്മ മാത്രം കട്ടയ്ക്ക് കട്ട.. ബാഗെടുക്കുന്നു..കുട്ടിയെ കഴുകി വേറെ നൈറ്റി ഇടുവിക്കുന്നു..തുണി മടക്കിയുടുപ്പിക്കുന്നു..അതിനിടെ ഏട്ടനെ വണ്ടി വിളിക്കാൻ ഓടിക്കുന്നു..താഴെ തറവാട്ടിൽ പോയി ഇളയമ്മയെ വിളിച്ചുവരുന്നു.. കോരിച്ചൊരിയുന്ന മഴയത്തു വെപ്രാളം കൊണ്ട് കുടയെടുക്കാതെ ഏട്ടൻ വണ്ടി വിളിക്കാനിറങ്ങിയോടുന്നു… മൊത്തം ജഗപൊഗ… എല്ലാം നോക്കിക്കൊണ്ട് ആ ഇരുട്ടിൽ ആർത്തലച്ചുപെയ്യുന്ന മഴയും നോക്കി നിശ്ശബ്ദയായിരുന്ന കുട്ടിയുടെ മനസ്സിൽ എന്തായിരുന്നെന്നു ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല..

ജീപ്പ് വന്നു. താഴെ റോഡ് വരെ നടക്കാൻ ഇറങ്ങിയ കുട്ടിയെ “വേണ്ട ഞാനെടുത്തോളാം” പറഞ്ഞു..തൂക്കിപ്പിടിച്ചു എടുക്കലിനും വലിക്കലിനും ഇടയിൽ എങ്ങനെയോ ഏട്ടൻ റോഡിലെത്തിച്ചു. നേരെ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലേക്ക്..

അവിടുന്നു ലേബർ റൂമിലേക്ക്..ഒരു സിസ്റ്റർ വരുന്നു..പിറകെ ഒരു കന്യാസ്ത്രീ ഡോക്റ്ററും.. ലേബർ റൂം കണ്ടതോടെ കുട്ടിയുടെ കിളി പോയി.. അതിനിടെ..ടേബിൾ കാണിച്ചുതരുന്നു.. “കയറിക്കിടക്കൂ കുട്ടീ…കുറച്ചൂടി താഴ്ന്നു വരൂ..കുറച്ചൂടി..”

കാലിനിടയിലൂടെ ഉള്ളിലേക്ക് പോയ വെള്ള ഗ്ലൗസിട്ട കൈകൾ തിരിച്ചുവന്നത് കട്ടച്ചോരയുമായിട്ടാണ്. അതോടെ ഡോക്റ്റർ പുറത്തേക്കു പോയി.. കുട്ടി തണുത്ത ടേബിളിൽ ഏകദേശം സമയം അടുത്തെത്തി.. എന്ന ചിന്തയിൽ “ചത്തുപോയാൽ ബോംബെയ്ക്ക് പോയ കെട്ട്യോനെ എങ്ങനെ അറിയിക്കും ഈശ്വരാ..” എന്ന ആലോചനയിൽ കിടക്കുന്നു.. നഴ്‌സ് വരുന്നു.. “എണീറ്റുവരൂ..നിങ്ങളുടെ ആളുകൾ തലശേരിയിലേക്ക് കൊണ്ടുപോകയാണെന്നു ബഹളം വയ്ക്കുന്നു”

പുറത്തുവന്നു നോക്കുമ്പോൾ അനിയത്തിയും ഭർത്താവും വന്നിട്ടുണ്ട്. അച്ഛൻ ഒരു മൂലയിൽ ഇരുന്നു കരയുന്നു. ‘അമ്മ കണ്ണൊക്കെ ചുവന്നു കലങ്ങി നിപ്പുണ്ട്. അപ്പൊത്തന്നെ കുട്ടിയുടെ തലയിൽ ബൾബ് കത്തി. “എവിടെയോ.. എന്തോ തകരാറു പോലെ..” ചോയിച്ചിട്ടു ആരുമൊന്നും പറയുന്നുമില്ല. “കുഞ്ഞിനെയോ അമ്മയെയോ ഒരാളെ മതിയെന്ന്” ഒപ്പിട്ടു കൊടുക്കാൻ ഡോക്റ്റർ പറഞ്ഞതിന്റെ ഞെട്ടലായിരുന്നു പുറത്തുള്ള മുഖങ്ങളിലെന്നു വയറും താങ്ങി നടക്കുന്ന കുട്ടി മാത്രം അറിഞ്ഞില്ല.

നേരെ തലശേരി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക്. അവിടെ എത്തിയപ്പോളേക്കു പുലരാറായി.. വീണ്ടും ലേബർ റൂമിലേക്ക്. അവിടെ കുറച്ചു നഴ്‌സുമാർ മാത്രം. രണ്ടുമൂന്ന് ഗർഭിണികൾ ഞരങ്ങിയും മൂളിയും കിടപ്പുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. പിന്നെ വയറു കഴുകൽ, ഷേവിങ്ങ്..അങ്ങനെ… അങ്ങനെ… നേരം വെളുത്തു ഡോക്ട്ടർ എത്തിയപ്പോളേക്ക് ഒരു ലുങ്കിയും ബ്ലൗസും തോർത്തുമൊക്കെയിട്ട് കുട്ടി പ്രസവിക്കാൻ റെഡി ആയി .

വീണ്ടും ടേബിളിലേക്ക്.. ഡോക്ട്ടർ ഉള്ളിലേക്ക് കൈ ഇടുന്നതിനോടൊപ്പം എന്തൊക്കെയോ പറയുന്നുണ്ട്.. “വിനീത നല്ലകുട്ടി അല്ലെ? ഇത്ര ചെറിയപ്രായത്തിലെ ശരീരത്തിൽ കത്തി വയ്ക്കുന്നത് നല്ലതല്ല. അതുകൊണ്ട് മിടുക്കിയായി പ്രസവിക്കണം കേട്ടോ “?

നല്ല സന്തോഷത്തിൽ തലയാട്ടിക്കൊണ്ടിരിക്കുന്ന കുട്ടിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് അവർ ഉള്ളിലേക്കിട്ട കൈ ഒന്ന് ഇളക്കിയതായിട്ടാണ് കുട്ടിക്ക് അനുഭവപ്പെട്ടത് കൂടെ ജീവൻ പോകുന്ന വേദനയും. അലറിക്കരയാനുള്ള ത്വര പുറത്തിരിക്കുന്ന അച്ഛനെ ഓർത്തു കടിച്ചുപിടിച്ചു സഹിച്ചു.അല്ലേൽ അച്ഛനെ അപ്പുറത്തെ വാർഡിൽ കയറ്റേണ്ടിവരുമെന്നു കുട്ടിക്ക് നല്ല ഉറപ്പായിരുന്നു.

പിന്നീടങ്ങോട്ട് എല്ലാം ചടപടേന്നായിരുന്നു. ഗ്ളൂക്കോസ് ഇടുന്നു, പുറത്തുള്ള റൂമിൽ കൊണ്ടുപോയി കിടത്തുന്നു.. സ്ഥലമില്ലാത്തതിനാൽ രണ്ടുപേര്വീതമാണ് ഓരോ ബെഡിലും. രാത്രിയിലെ ശാന്തമായ റൂമായിരുന്നില്ല അപ്പോളതു. ദൈവങ്ങളെ വിളിയും അമ്മേ വിളിയും കൊണ്ട് ഒരു യുദ്ധക്കളം പോലെയുണ്ടായിരുന്നു. നേരം വെളുക്കുമ്പോ മരുന്നുവച്ചാൽ രാത്രിയോടെ പ്രസവം ഏറെക്കുറെ കഴിയും. പിന്നെ അടുത്ത രാവിലെയേ മരുന്നുവക്കു. അതാണ് അവിടുത്തെ രീതി.അതുകൊണ്ട് തന്നെ താങ്ങി നടത്തുന്നവരും..കരയുന്നവരും..
അതിനിടയിലൂടെ സ്വന്തം കെട്യോനെ തെറി വിളിച്ചുകൊണ്ടിരിക്കുന്ന ഒരു ഇത്താത്തയും.
അവരുടെ നാലാമത്തെ പ്രസവമാണ്. എന്നിട്ടും നിലവിളിക്ക് ഒരു കുറവുമില്ല.

അടച്ചിട്ട വാതിലിനരികിലുള്ള കട്ടിലാണ് കുട്ടിക്ക് കിട്ടിയത്. തൊട്ടടുത്ത് കിടന്നിരുന്ന പെണ്ണ് ഒരു ബ്ലൗസ് മാത്രമിട്ട് അതിന്റെ അമ്മയെ അള്ളിപ്പിടിച്ചു കരയുന്നുണ്ട്. നിലത്തൊക്കെ വെള്ളം. ഫ്ലൂയിഡ് പോയതാണത്രേ. അതിന്റെ ലുങ്കി മാറ്റി ഉടുപ്പിക്കയാണ്.ആ വാർഡിലെ ഒരാൾക്ക് പോലുമില്ല ഉടുതുണിക്ക് ബോധം.ഇടയ്ക്ക് നഴ്‌സുമാർ ഇറങ്ങിവന്നു ഓരോരുത്തരെയായി അകത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ടു ഫിംഗർ, ത്രീ ഫിംഗർ എന്നൊക്കെ വിളിച്ചുപറയുന്നുണ്ട്. ചിലർ വീണ്ടും നടക്കുന്നു. ബാക്കി ചിലരുടെ അലർച്ച അകത്തുനിന്നു കേൾക്കാം ..അതോടെ കുട്ടിക്ക് വീട്ടിൽ പോയാൽമതിയെന്നായി.

അകത്തേക്ക് വന്ന ‘അമ്മ “അനി വന്നിട്ടുണ്ട്” എന്ന് പറഞ്ഞതോടെ കുട്ടി ഉഷാറായി.
ലേബർ റൂമിലേക്ക് പ്രവേശനമില്ലാത്തതിനാൽ മൂപ്പര് വരാന്തയിലിരിപ്പുണ്ടാവുമെന്നു കുട്ടിക്കറിയാമായിരുന്നു. അടച്ചിട്ട വാതിലിന്റെ വിടവിലൂടെ അവിടെ ഇരിക്കുന്നവരുടെ കാലു മാത്രേ കാണാനാവൂ.വാതിലിന്റെ ഒരുവശം ചെറുതായി ദ്രവിച്ചിട്ടുണ്ട്.ഏതായാലും പുറകോട്ടു നോക്കി പേടിക്കുന്നതിലും ഭേദം മുന്നോട്ട്നോ ക്കുന്നതാണെന്നുറപ്പിച്ച കുട്ടി വാതിലിന്റെ ദ്രവിച്ച ഭാഗം വിരലിട്ടു തിക്കി വലുതാക്കാൻ തുടങ്ങി.

നഴ്സിനോട് “ഭാര്യയെ ഒന്ന് കാണിക്കണം” എന്ന അനിയേട്ടന്റെ അപേക്ഷ മാനിച്ചു അവർ ഗ്ളൂക്കോസ് ഊരിവച്ചു “പുറത്തുപോയി ഭർത്താവിനെ കണ്ടിട്ട് പോരാൻ”പറഞ്ഞു. ഒറ്റ വിടലായിരുന്നു പുറത്തേക്കു. ഇറങ്ങിച്ചെല്ലുമ്പോത്തന്നെ കാണാം പരവശനായി പേടിച്ചിരുണ്ട മുഖവുമായി അകത്തേക്ക് നോക്കി നിക്കുന്ന കെട്യോനെ. കുട്ടിയെ കണ്ടതോടെ മൂപ്പരുടെ മുഖം വധശിക്ഷയിൽനിന്നും രക്ഷപ്പെട്ട പ്രതിയെപ്പോലെയായി.

“പേടിക്കയൊന്നും വേണ്ട..ഞാനിവിടെ പുറത്തുതന്നെയുണ്ടാവും..നീയെന്തേലും കഴിച്ചായിരുന്നോ? അങ്ങനങ്ങനെ എന്തൊക്കെയോ പറയുന്നു..തൊട്ടു നോക്കുന്നു. കുട്ടി വളരെ സീരിയസായി നിരത്തിയിട്ട കസേരകൾ നോക്കി.. “അറ്റത്തെ കസേരയിൽ ഇരിക്കണേ അനിയേട്ട..എന്നാലേ എനിക്ക് ഓട്ടയിലൂടെ കാണാൻ പറ്റൂ” പറയുന്നു. അന്തം വിട്ട കെട്ട്യോൻ ചുമ്മ തലയാട്ടുന്നു.. വീണ്ടും ഉള്ളിലേക്ക്..

എല്ലാവരും വേദനയുടെ പടവുകൾ താണ്ടുന്ന തിരക്കിലാണ്. കുട്ടിക്ക് മാത്രം വേദനയുമില്ല ഒന്നുമില്ല. ആദ്യം വന്ന വേദനയും പോയതോടെ കുട്ടി ഫുൾ ഹാപ്പി ആയി വാതിലിന്റെ ഓട്ട വലുതാക്കാൻ തുടങ്ങി. ഇതിനിടെ തൊട്ടടുത്ത് കിടന്ന പെണ്ണ് പെറ്റു. അതിനപ്പുറത്തെ ഇത്ത ഇടയ്ക്ക് കുറച്ചുറങ്ങും. പിന്നെ ആരെയൊക്കെയോ ചീത്ത വിളിക്കും. വീണ്ടും ഉറങ്ങും.. കമ്പനിക്ക് വേറെയുമുണ്ട് നിലവിളികൾ.

അമ്മയും അമ്മായിയമ്മയും കുട്ടിയോട്, “വേദനയുണ്ടോ മോളെ?”ചോദിച്ചു മടുത്തു ഒരുഭാഗത്തിരിപ്പായി.. അങ്ങനെ ശനിയാഴ്ച രാത്രിയായി. വയറു കഴുകിയതില്പിന്നെ പൊടിയരിക്കഞ്ഞി മാത്രം കുടിച്ചതിന്റെ ക്ഷീണവുമായി കുട്ടി കിടന്നുറങ്ങി. പാതിരകഴിയാറായപ്പോ ന്തൊക്കെയോ നടുവിന് പിടുത്തവും ഇളക്കവുമൊക്കെ തോന്നിയെങ്കിലും കഷ്ട്ടപ്പെട്ടു കിടന്നുറങ്ങി. പുലർന്നപ്പോള്ക്ക് നല്ലോണമായി വേദന.പിന്നങ്ങോട്ട്വേദനയുടെ ഘോഷയാത്ര ആയിരുന്നു. പക്ഷെ ഉള്ളിൽ കേറ്റിയാലുള്ള പരിശോധന സഹിക്കാൻ വയ്യാഞ്ഞിട്ട് കരയാതെ കടിച്ചുപിടിച്ചു സഹിച്ചുകിടന്നു.

ഇതിനിടെ വലുതാക്കിവച്ച വാതിലിന്റെ ഓട്ടയിലൂടെ കാണാം വരാന്ത മൊത്തം ഏട്ടന്റെ ഫ്രണ്ട്സാണ്.രണ്ടുപേരെ രക്തം തരാൻ വിളിച്ചതിനു ഒരു ജീപ്പിലാണ് ആള് വന്നത്.അനിയേട്ടനും അച്ഛനും അങ്ങേയറ്റത്തിരിപ്പുണ്ട്. രണ്ടീസായി ആരും മര്യാദക്ക് കഴിക്കയോ ഉറങ്ങുകയോ ചെയ്തിട്ടില്ല.അമ്മമാരും ആധിപിടിച്ചു തളർന്നിരിക്കുന്നു. ഇതിനിടെ ഏട്ടൻ ഡോക്റ്ററുടെ അടുക്കൽ ചെന്ന് വഴക്കുണ്ടാക്കയും ചെയ്തു. രണ്ടു ദിവസമായിട്ടു ഇങ്ങനെ കിടത്തിയതിന്റെ പേരും പറഞ്ഞു..

ഉച്ചയോടെ വേദന പരമാവധി ആയി. ശബ്ദം പുറത്തുവരാത്തതിനാൽ അവർക്കോ അനുഭവമില്ലാത്തതിനാൽ കുട്ടിക്കോ ഇത് എത്രത്തോളമായെന്നു മനസിലായിട്ടുമില്ല. ഇതിനിടെ ഡോക്റ്റർ വന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. നഴ്‌സ് വന്നു അകത്തേക്ക് കൊണ്ടുപോകുന്നു. വീണ്ടും ടേബിൾ ,വീണ്ടും ഡോക്ട്ടർ ..ഇപ്രാവശ്യം ഫ്ലൂയിഡ് പൊട്ടിച്ചുവിട്ടു ഡോക്ട്ടർ. “ഡ്രസ്സ് മാറിവരാം” എന്നും പറഞ്ഞു എണീക്കാൻ ശ്രമിച്ചെങ്കിലും. “ത്രീ ഫിംഗർ ആയി ഇനി പോകേണ്ട” പറഞ്ഞു നഴ്‌സ് തന്നെ പോയി തുണിവാങ്ങികൊണ്ടുവന്നുടുപ്പിച്ചു.

തൊട്ടപ്പുറത്തെ ടേബിളിൽ ഇത്തയുമുണ്ട് “മുക്ക്” “മുക്ക്” എന്ന നഴ്‌സുമാരുടെ ബഹളം കേൾക്കുന്നുണ്ട്. കുട്ടി ഇറങ്ങിവരുന്നുണ്ടെന്നൊക്കെ ആരോ പറയുന്നു. തൊട്ടടുത്ത നിമിഷം കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അതോടൊപ്പം തന്നെ മലവിസർജ്ജനവും, ടേബിളിൽ അവർ ഒന്നും രണ്ടും സാധിച്ചിരുന്നു. പക്ഷെ ഒരാള് പോലും അവരെ ഒന്നും പറയാത്തതുകണ്ട് കുട്ടി അന്തം വിട്ടിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ സ്വീപ്പർ ചേച്ചി അവരെ കഴുകിച്ചുതുടങ്ങി.

വീണ്ടും വേദന.. ഓരോ ഞരമ്പും പിളരുന്നുണ്ടു. “മൂത്രമൊഴിക്കാൻ തോന്നുന്നു ” എന്ന് പറഞ്ഞു തീരും മുന്നേ ട്യൂബ് കയറ്റിക്കഴിഞ്ഞിരുന്നു. “ഇപ്പൊ എണീക്കരുത് മോളെ. കുഞ്ഞിറങ്ങിവരുന്ന സമയമല്ലേ?” എന്നാരോ പറയുന്നുണ്ട്.. വേദനകൊണ്ടു പിടയുന്നതിനിടയിൽ തനിയെ ട്യൂബിലൂടെ മൂത്രം ബക്കറ്റിലേക്ക് വീഴുന്നത് കേൾക്കാം..

“ഇടതുവശം ചെരിഞ്ഞുകിടന്നു മുക്കൂ”എന്നൊക്കെ നഴ്‌സ് പറയുന്നുണ്ട്. ഓരോ വേദനയും ഒന്നായി..പത്തായി..നൂറായി..ലക്ഷങ്ങളായി ഓരോ അണുവിലും പാഞ്ഞുകയറി പൊട്ടിത്തെറിക്കുന്നു. ആദ്യം വെറുതെ മുക്കിയതാണെങ്കിൽ..പിന്നീട് ശ്വാസം വിടാനാവാതെ മുക്കലായി..എന്തോ കട്ടിയുള്ള സാധനം തുടകൾക്കിടയിൽ തള്ളിവരുന്നതുപോലെ…

അതിനിടെ വയറിൽ കയ്യമർത്തി നഴ്‌സുമാർ തള്ളിക്കൊണ്ടേയിരുന്നു. ഡോക്റ്ററുടെ കയ്യിലുള്ള ബ്ലേഡ് പോലുള്ള സാധനം ഒന്ന് താഴ്ന്നപ്പോളേക്കും കാലുകൾക്കിടയിൽ പച്ച മാംസം പിളർന്നുപോകുന്നത് ശരിക്കറിയുന്നുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ വഴുവഴുത്ത കുഞ്ഞാവയും മറ്റെന്തൊക്കെയോ സാധനങ്ങളും.

തല പുറത്തുവന്നപ്പോ തന്നെ കുഞ്ഞു കരയുന്ന ശബ്ദം കേട്ട് അന്തം വിട്ട കുട്ടി. വേദന മറന്നു ഡോക്റ്ററുടെ കയ്യിൽ പിടിച്ചു ചോദിച്ചു “എന്ത് കുഞ്ഞാണ് ഡോക്ട്ടർ?” “പറയില്ല… മൂന്ന് ദിവസമായി എന്നെ കളി കളിപ്പിക്കയാ.. ന്നിട്ട് നിനക്കിപ്പോ കുട്ടി എന്താണെന്നറിയണമല്ലേ ?” ടെൻഷന്റെ ഇടയിലും കപട ഗൗരവത്തോടെ ഡോക്ട്ടർ പറഞ്ഞു. “മോനാണ്”.. അറിയാതെ കണ്ണ് നിറഞ്ഞു. ആൺകുഞ്ഞു , കുട്ടിയുടെയും പെൺകുഞ്ഞു അനിയേട്ടന്റെയും ആശയായിരുന്നു. വേഗം ക്ളോക്കിലേക്ക് നോക്കി. സമയം ഒന്നര ആവുന്നു.

അടുത്ത വേദന തുന്നിക്കൂട്ടുന്നതിന്റെ ആയിരുന്നു. അതിനു മുന്നേ കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോയി. വളർച്ചക്കുറവുള്ളതിനാൽ ഇൻജെക്ഷൻ,.. ദേഹം നനയ്ക്കരുത്..അങ്ങനെ അങ്ങനെ.. പുറത്തേക്ക് മാറ്റാൻ വേണ്ടി ടേബിളിൽ നിന്ന് എണീപ്പിച്ചപ്പോൾ വയറിൽ നിന്ന് അമ്മിക്കല്ലു വീണുപോയ പോലെ തോന്നി കുട്ടിക്ക്. പിന്നീട് മൂത്രമൊഴിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവിൽ അനിയത്തിയുടെ ചുമലിൽ താങ്ങി കുളിമുറിയിലേക്ക്. മൂത്രമൊഴിക്കാൻ ഇരുന്നതേ ഓര്മയുള്ളു.. രക്തം പുഴപോലെ ചീറ്റിയൊഴുകി… ടൈലോക്കെ ചുവന്നനിറം… കണ്ണടഞ്ഞുപോകുമ്പോൾ കൂടപ്പിറപ്പിന്റെ അലറിക്കരച്ചിൽ മാത്രം ചെവിയിലിരമ്പുന്നു..

ബോധം വരുമ്പോൾ വീണ്ടും ടേബിളിലാണ്. തുന്നിയതിലെന്തോ കുഴപ്പം. വീണ്ടും ഈരേഴു പതിനാലു ലോകവും കണ്ടു മാറ്റി സ്റ്റിച്ചിട്ടു.. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റുമ്പോൾ ഓടിവന്ന കെട്ട്യോൻ മെല്ലെ കുട്ടിയുടെ ചെവിയിൽ പറഞ്ഞു. “നമുക്കിതൊന്നു മതി കേട്ട” മുഷിഞ്ഞ ലുങ്കിയും ചീകാത്ത മുടിയും കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന കെട്യോന്റെ മുഖത്തു നോക്കി കുട്ടി തലയാട്ടി പുഞ്ചിരിച്ചു

വളർച്ച തികയാത്തതിനാൽ ഒരു മാസത്തോളം ഒന്ന് കുളിപ്പിക്കാതെ, മഴയോ, മഞ്ഞോ,കാറ്റോ തട്ടിക്കാതെ. പൊതിഞ്ഞുപിടിച്ചു കൊണ്ടുനടന്ന ഞങ്ങളുടെ ജീവന് ഇന്ന് പതിനേഴ് തികയുന്നു. ഭാവിയിൽ നീ ആരാകണമെന്നോ എന്താകണമെന്നോ ഞങ്ങൾക്ക് കൃത്യമായ പദ്ധതിയോ പ്ലാനിങ്ങോ ഇല്ല. ഒരേയൊരു പ്രാർത്ഥന മാത്രം..

“എന്നും… നന്മയുള്ളൊരു മനുഷ്യനാവുക മകനെ, മറ്റൊരാളുടെ കണ്ണീരിനു പാത്രമാകാതിരിക്കുക”

രചന : വിനീത അനിൽ

LEAVE A REPLY

Please enter your comment!
Please enter your name here