Home Latest ആഢംബരത്തിന്റെ അവസാനവാക്ക് ഇഷ അംബാനിയുടെ രാജകീയ വിവാഹം

ആഢംബരത്തിന്റെ അവസാനവാക്ക് ഇഷ അംബാനിയുടെ രാജകീയ വിവാഹം

0

ആഢംബരത്തിന്റെ അവസാനവാക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും വിവാഹം.അത്യാഢംബര വിവാഹത്തിന്റെ ചെവല് 100 മില്യന്‍ ഡോളര്‍ എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ 720 കോടി.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് ഈ തുക ചെലവാകുന്നത്. സാമ്പത്തിക മാധ്യമങ്ങളാണു കണക്കു പുറത്തു വിട്ടിരിക്കുന്നത്. 37 വര്‍ഷം മുന്‍പു നടന്ന ചാള്‍സ് രാജകുമാരന്റെയും ഡയാനാ രാജകുമാരിയുടെയും വിവാഹത്തിന് ഇന്നത്തെ മൂല്യത്തില്‍ ചെലവ് കണക്കാക്കിയാല്‍ 110 മില്യന്‍ ഡോളര്‍ വരും. ഇതോടെ രാജകീയ വിവാഹങ്ങളുടെ പട്ടികയിലാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്നത്.

ഉദയ്പുരിലാണ് ഇഷയുടെ വിവാഹമാമാങ്കത്തിനു തുടക്കമായത്. ഉദയ്പുരിലെ ഒബ്‌റോയ് ഉദയ്‌വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികള്‍ അരങ്ങേറിയത്.

5100 പേര്‍ക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകള്‍ താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ മുഖ്യാഥിതിയായ ചടങ്ങില്‍ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു. ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സായിരുന്നു. അതിഥികള്‍ക്കു ഇവിടെയെത്താന്‍ 100 ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളാണു ഒരുക്കിയത്. അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളും ഒരുക്കിയിരുന്നു.

ദയ്പുരിലെ ആഘോഷങ്ങള്‍ക്കുശേഷം ഡിസംബര്‍ 12ന് മുംബൈയിലെ അംബാനിയുടെ ആഢംബര വസതിയിലാണ് ഇഷയുടെ വിവാഹം. ഇതിനുശേഷം കടലിന് അഭിമുഖമായി ഒരുക്കിയിരിക്കുന്ന 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുംബൈയിലെ ആഢംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുക.
ആനന്ദിന്റെ മാതാപിതാക്കളായ അജയ് പിരാമലും ഗീതയും മകനും മരുമകള്‍ക്കുമായി നല്‍കുന്ന സമ്മാനമാണ് ഗുലീത എന്നു പേരിട്ടിരിക്കുന്ന മുംബൈയിലെ ആഢംബര വീട്. കടലിന് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന വീട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വര്‍ളിയില്‍ അമ്പതിനായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന വീടിന് അഞ്ചു നിലകളാണുള്ളത്. മൂന്നു റൂഫ്ടോപ് ഹെലിപാഡുകളും കാര്‍പാര്‍ക്കിങ്ങിനായി ആറുനിലകളും അനേകം ഗസ്റ്റ് ബെഡ്റൂമുകളും റീക്രിയേഷന്‍ ഫ്ളോറും ഹെല്‍ത്ത് ഫ്ളോറും അമ്പതു സീറ്റോളമുള്ള തിയ്യേറ്റര്‍ റൂമും മെയിന്റനന്‍സ് ഫ്ളോറും കാര്‍ സര്‍വീസ് ഫ്ളോറുമൊക്കെയുള്ള ഇരുപത്തിയേഴു നില കെട്ടിടമാണ് ആന്റിലിയ. അറുനൂറോളം പേരാണ് ആന്റിലിയയില്‍ ജോലിക്കാരായി ഉള്ളത്. ഈ വീട് 2012ലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് അജയ് പിരാമല്‍ വാങ്ങിയത്.

ഇറ്റലിയിലെ ലേക് കോമോയില്‍ നടത്തിയ ഇഷയുടെ വിവാഹനിശ്ചയം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ പെട്ടിയില്‍ നല്‍കിയ വിവാഹക്ഷണക്കത്തും വരാന്‍ പോകുന്ന അഢംബര വിവാഹത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. സബ്യസാചിയാണ് ഇഷയുടെ വിവാഹവസ്ത്രങ്ങള്‍ തയാറാക്കുന്നത്.

ഫോബ്‌സ് പട്ടികപ്രകാരം ലോകത്തെ സമ്പന്നരില്‍ 19ാം സ്ഥാനത്താണു മുകേഷ് അംബാനി. ആസ്തി 3.31 ലക്ഷം കോടി രൂപ. സമ്പന്നരായ ഇന്ത്യക്കാരില്‍ 24ാം സ്ഥാനത്താണ് അജയ് പിരാമല്‍. 35000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

LEAVE A REPLY

Please enter your comment!
Please enter your name here