Home Latest മറുപടിയിൽ ടൈപ്പിംഗ് കാണിക്കുമ്പോഴും അവന്റെ ചങ്ക് പടപടാമിടിക്കുന്നുണ്ടായിരുന്നു…

മറുപടിയിൽ ടൈപ്പിംഗ് കാണിക്കുമ്പോഴും അവന്റെ ചങ്ക് പടപടാമിടിക്കുന്നുണ്ടായിരുന്നു…

0

ഊഴം

രചന : കുറുമ്പക്കുട്ടി

” ആനന്ദ് നിങ്ങൾക്കെന്നെ സഹായിക്കാമോ? എനിക്കൊരു ഗർഭം ധരിക്കണം, ഒരു കുഞ്ഞിനെ മുലയൂട്ടി വളർത്തണം ”

മെസഞ്ചറിൽ വന്നയാ മെസ്സേജ് കണ്ടപ്പോഴേക്കുമയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി, ടൈപ്പ് ചെയ്ത മറുപടി പലയാവർത്തിയയാൾ ക്ലിയർ ചെയ്തു എന്നിട്ടിക്കങ്ങനെ ടൈപ്പ് ചെയ്ത് റീപ്ലേ ആയി ഇട്ടു

” ദിയ , എന്താണിപ്പോൾ ഇങ്ങനെ പറയുന്നത്? എന്നെക്കുറിച്ച് വ്യക്തമായ ധാരണ നിന്നിലില്ല, ഈ അക്കൗണ്ട് ഞാനണിഞ്ഞിട്ടുള്ള ഒരു മുഖം മൂടി മാത്രമാണെന്ന് നിനക്ക് വ്യക്തമായിട്ടറിയാമല്ലോ, പേരോ എന്റെ പ്രായമോ നാടോ ഒന്നും തന്നെ നിനക്കറിയില്ല, നമ്മളെന്നും നല്ല സുഹൃത്തുക്കളായിരുന്നില്ലേ , പരസ്പരം നമ്മൾ പങ്കുവെച്ച വാക്കുകളിൽ ഇന്നോളം പ്രണയത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ലല്ലോ “?

ടൈപ്പ് ചെയ്തു കഴിഞ്ഞതും കൊഴിഞ്ഞു വീണ നെടുവീർപ്പിൽ പാതി ആശ്വാസം കണ്ടെത്തിയ പോലെയവന് തോന്നി, മറുപടിയിൽ ടൈപ്പിംഗ് കാണിക്കുമ്പോഴും അവന്റെ ചങ്ക് പടപടാമിടിക്കുന്നുണ്ടായിരുന്നു അവളയച്ച മെസ്സേജിലെ വരികളെല്ലാം അവന്റെ കണ്ണുകളെ നനച്ചു കൊണ്ടിരുന്നു

” അതല്ല അനന്ദ് ഞാൻ നിന്നോടെല്ലാം പറഞ്ഞിട്ടുള്ളതല്ലെ വിവാഹം കഴിഞ്ഞ് പത്ത് വർഷമായി ഇന്നുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല, മച്ചിയെന്നുള്ളത് ഏട്ടന്റെ അമ്മ എനിക്കിട്ട ഓമനപ്പേരു പോലെയാണിപ്പോൾ, എല്ലാം സഹിച്ചും പൊറുത്തും കഴിയുമ്പോൾ ആകെയൊരാശ്വാസമായുണ്ടായിരുന്നത് എന്റെ ഏട്ടൻ മാത്രമായിരുന്നു, മെഡിക്കൽ ടെസ്റ്റിൽ എനിക്കല്ല ഏട്ടന്റെ കുറവ് കാരണമാണ് ഞങ്ങൾക്ക് മക്കളുണ്ടാവത്തത് എന്ന് തെളിഞ്ഞതിൽ പിന്നെ ഏട്ടനാകെ നിരാശനാകുകയായിരുന്നു

വീട്ടിലേക്കുള്ള വരവ് സ്വബോധത്തോടെ അല്ലാതായപ്പോൾ ഏട്ടനിങ്ങനെ കുടിച്ച് നശിക്കാൻ കാരണക്കാരി ഞാനാണെന്നും പറഞ്ഞ് ഏട്ടന്റെയമ്മ എപ്പോഴും കുറ്റപ്പെടുത്താറുണ്ട്

പിന്നീടുള്ള ഓരോ ദിനങ്ങളും വഴക്കിലാണ് കലാശിക്കാറുള്ളത്. ചില ദിവസങ്ങളിൽ നീറിപ്പുകഞ്ഞ കരണവുമായി അടുക്കളത്തിണ്ണയിലിരുന്ന് കണ്ണീർ വാർക്കാറുണ്ട് ഞാൻ , ഒരു ശാപം പിടിച്ചവളാണ് ഞാൻ,

എല്ലാം വിധിയാണെന്നു പറഞ്ഞ് സമാധാനിക്കാനെനിക്ക് വയ്യ, എനിക്ക് തെളിയിക്കണം ഞാനൊരു മച്ചിപ്പെണ്ണല്ല എന്ന്, എന്നെ ദ്രോഹിച്ചവരോടെനിക്ക് പ്രതികാരം ചെയ്യണം, അതിന് നിനക്കെന്നെ സഹായിക്കാൻ കഴിയുമോ ആനന്ദ്, പകരം നിനക്കെന്ത് വേണെങ്കിലും നൽകാം

ഞാനിതൊക്കെ നിന്നോട് പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ? എന്നെ നീ മനസ്സിലാക്കിയിട്ടുള്ള പോലെ ഈ ഭൂമിയിൽ വേറൊരാളും മനസ്സിലാക്കിയിട്ടില്ല അതുകൊണ്ട് തന്നെയാണ് ഞാനെന്റെ മനസ്സ് ഒരു പുസ്തകത്തിലേക്കെന്ന പോലെ നിന്നിലേക്ക് പകർത്തിയെഴുതിയതും.”

അവനതിന് റീപ്ലേ കൊടുത്തില്ല, അവന്റെ ചിന്താമൂകമായയാ മസ്തിഷ്ക്കത്തിലേക്ക് കൗമാരത്തിൽ നട്ടുനനച്ചു വളർത്തി പടർന്നു പന്തലിച്ചയാ പ്രണയം കടന്ന് പോയി

കൈ പിടിച്ചു നടക്കുമ്പോൾ കാലിൽ കാരമുള്ളു തറച്ചപ്പോൾ കാറിക്കരഞ്ഞയാ ഡാവണിപ്പെണ്ണ്, ഒരു ചുoബനം ചോദിച്ചപ്പോൾ നൂറ്റൊന്നു ചുംബനം കൊണ്ട് ചുണ്ടു നനച്ചവൾ, പുളിയുറുമ്പുള്ള പുളിമരത്തിൽ വലിഞ്ഞുകയറി കുളമ്പിച്ച വാളൻപുളി ഉപ്പും മുളകും കൂട്ടിക്കടിച്ച് അതിന്റെ ഞാരു കാട്ടിയെന്നെ കൊതിപ്പിച്ചിരുന്നവൾ

തെന്നിവീണ ഉറക്കത്തെ വെട്ടിമുറിക്കണ ആ ഡാവണിപ്പെണ്ണിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. പണത്തിനും പ്രതാപത്തിന്റെയും ത്രാസിൽ പ്രണയത്തിന്റെ തട്ട് പൊന്തിനിന്നപ്പോൾ കാരണമില്ലാതെ തന്നെ കളഞ്ഞു പോയവളെയോർത്ത് പുലരുവോളം അവന്റെ കണ്ണുകൾ തോരാതെ പെയ്തിറങ്ങിയത് എന്തിനാണെന്നവന് അപ്പോഴും മനസ്സിലായിരുന്നില്ല

ഉറച്ച തീരുമാനത്തോട് കൂടിയാണ് പിറ്റേ ദിവസം അവനാ മെസ്സേജ് ടൈപ്പ് ചെയ്ത് ഇട്ടത്

” പുതിയൊരു ജീവിതത്തിലേക്ക് പിടിച്ചുയർത്താൻ നിന്നെ ഞാൻ സഹായിക്കാo, നാളെ വൈകുന്നേരം അഞ്ചരയ്ക്ക് സ്നേഹതീരം കോഫീ ഷോപ്പിൽ വരണം ഞാനവിടെത്തന്നെ കാണും”

തിരിച്ച് ചിരിക്കണ സ്മൈലി റീപ്ലേ ആയി ഇട്ടു, ഒപ്പം അവളുടെ കോണ്ടാക്ട് നമ്പറും അയച്ചിട്ടു,

പിറ്റെ ദിവസം കോഫി ഷോപ്പിൽ ആനന്ദിന്റെ വരവുo കാത്തവൾ കണ്ണു മിഴിച്ചിരുന്നു, കണ്ണു രണ്ടും ഫോണിലേക്ക് തന്നെയായിരുന്നു ഒരു മെസ്സേജ് അല്ലെങ്കിൽ ഒരു കോളിനായി നോക്കിയിരിക്കുന്നുണ്ടായിരുന്ന അവളെ പിൻവിളിയാൽ ആരോ വിളിച്ചു,

“ദിയാ ”

പരിചിതമായ ആ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കിയപ്പോൾ തൊണ്ടയടയണ പോലെയവൾക്ക് തോന്നി

വിക്കി മൂളിയവനെ അവൾ തിരിച്ചു വിളിച്ചു

” അ…….. ആദി , നീ ”

“അതെ ആദി തന്നെ, ആനന്ദ് എന്റെ ഫേക്ക് ഐഡി ആണ് ”

മൗനം വാചാലമായപ്പോൾ അവളുടെ കണ്ണുകൾ മറ്റെവിടേക്കൊക്കെയോ തെന്നിമാറി സഞ്ചരിക്കുന്നുണ്ടായിരുന്നു

” ദിയ പഴയ കാര്യങ്ങൾക്ക് പ്രതികാരം ചെയ്യാൻ വന്നതല്ല ട്ടോ, അങ്ങനെ ചെയ്യണമെങ്കിൽ എനിക്കത് പണ്ടേ ആകാമായിരുന്നു, എന്നും നിനക്ക് നല്ലത് മാത്രം വരണേ എന്ന് ഈശ്വരനോടെ പ്രാർത്ഥിക്കാറുണ്ട് ഞാൻ, വെറുക്കാൻ ഒരുപാട് ശ്രമിച്ചു നോക്കി കഴിഞ്ഞില്ല, അല്ല, അതിനെനിക്ക് കഴിയില്ല ദിയ, ”

” ആദി എനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ട്ടം എന്താണെന്നറിയോ? , അത് നീ ആണ്, നീ മാത്രമാണ്, ഞാൻ ചെയ്ത തെറ്റിന്റെ കർമ്മഫലം ഇപ്പോഴും ഞാനനുഭവിച്ചുകൊണ്ടിരിക്കയാണ്

ഒടുവിൽ എന്നെ മനസ്സിലാക്കാനും നീ തന്നെ വേണ്ടി വന്നുവെനിക്ക് ആനന്ദിന്റെ രൂപത്തിൽ, ആനന്ദിൽ ഞാൻ കണ്ടിരുന്നു എന്റെ പഴയ ആദിയെ,

എല്ലാം ഇട്ടെറിഞ്ഞ് വന്നാൽ നീയെന്നെ സ്വീകരിക്കുമോ ആദി ?

അവന്റെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു, കയ്യിലിരുന്ന ഡിവോർസ് പെറ്റീഷൻ അവളുടെ മുൻപിലേക്കെറിഞ്ഞിട്ട് പറഞ്ഞു

” ആർക്കും അടിമയായി ജീവിക്കാനുള്ളതല്ല ജീവിതം, ഇനിയൊരു സന്തോഷ പൂരിതമായ ജീവിതം നയിക്കാൻ വേണ്ടി ആ ബന്ധനത്തെ അരിത്തെറിയു, സഹായിക്കാമെന്നേറ്റത് സത്യമാണ് അത് പക്ഷെ നിനക്ക് വയറ്റിലുണ്ടാക്കിത്തന്നിട്ടല്ല, ഒരു സുഹൃത്ത് എന്ന നിലയിൽ എന്നും കൂടെയുണ്ടാകും ഞാൻ ”

അവളുടെ നിറഞ്ഞു വീണ കണ്ണീരിനാലാ ഡിവോഴ്സ് പേപ്പർ കുതിർന്നു നനഞ്ഞു.

ഇരുവരുടെയും ഇടയിലേക്ക് ഒരു കൈക്കുഞ്ഞുമായി ഒരു യുവതി പുഞ്ചിരിച്ചുകൊണ്ട് അവിടേക്ക് കടന്നു വന്നു, ആദിയവളെ തന്റെ തോളോട് ചേർത്തുനിർത്തി ദിയയോടായ് പറയുന്നുണ്ടായിരുന്നു.

” നീ നേരത്തെ പറഞ്ഞില്ലേ ദിയ, നിന്റെ ഏറ്റവും വലിയ നഷ്ട്ടം ഞാനാണെന്ന്, എന്റെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിനക്കറിയോ?

“അത് ഇവളാണ് , എന്റെ ഭാര്യ, എന്റെ പ്രാണന്റെ പാതി , എന്റെ ലക്ഷ്മി, ഇവൾ അറിഞ്ഞു കൊണ്ടായിരുന്നു എല്ലാം, അല്ല ഇവൾക്കറിയാത്ത ഒന്നുമില്ല എന്റെ ജീവിതത്തിൽ, ഇവളാണ് നിന്നെ കാണണമെന്നും പറഞ്ഞ് ആഗ്രഹം പ്രകടിപ്പിച്ചതും”

ഒക്കത്തിരുന്ന ആ കൈക്കുഞ്ഞിനെ അവളിൽ നിന്നും വാങ്ങി മാറോട് ചേർത്തു, അവന്റെ ചെമ്പരത്തിപ്പൂങ്കവിളിൽ മതിയാവോളമവൾ മുത്തo നൽകിയപ്പോൾ ആദി അവളോടായ് പറയുന്നുണ്ടായിരുന്നു

” ഇത് അഞ്ചാമനാണ് പേര് അശ്വിൻ, മൂത്തത് രണ്ട് ആണും, പിന്നെ രണ്ട് പെൺകുഞ്ഞുങ്ങളും, എല്ലാത്തിനേം പറുക്കിയെടുത്ത് കൊണ്ടരാൻ പറ്റാത്ത കാരണാ ഇവനെ കൊണ്ടുവന്നത് ആളിത്തിരി കുറുമ്പനാ ”

പണ്ട് പ്രണയിച്ച കാലഘട്ടത്തിലേക്ക് ദിയയുടെ ചിന്തയൊന്ന് പാളി; അന്ന് താൻ ആദിയോടൊത്ത് തീർത്ത കരാറിലും ഉണ്ടായിരുന്നത് വിവാഹ ശേഷം അഞ്ച് കുട്ടികൾ വേണം എന്നായിരുന്നു

അവളുടെ ദൃഷ്ട്ടി ലക്ഷ്മിയുടെ നിറഞ്ഞ വയറിലേക്കൊന്നു പതിഞ്ഞപ്പോൾ ആദിയുടെ മുഖത്തൊരു നേർത്ത പുഞ്ചിരി വീണ്ടും വിടർന്ന് വരുന്നുണ്ടായിരുന്നു, അവൻ ദിയയോടായ് പറഞ്ഞു

” വാശി തീർത്തതല്ല ട്ടോ, നിന്റെ ഭാഗ്യ നമ്പർ 5 അല്ലേ ആർന്നേ, ഇവൾടെ ഭാഗ്യ നമ്പർ 6 ആണ്, ഇതോടു കൂടി നിർത്താണ് ഇനി വയ്യ ” എന്ന്

#കുറുമ്പക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here