Home Latest പെണ്ണുകാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല….

പെണ്ണുകാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല….

0

രചന : ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ

പെണ്ണുകാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല.

കാരണം. ഈ നടപ്പുതുടങ്ങിയിട്ട് കുറച്ചായി. ഇരുപത്തിയൊന്നാമത്തെയാണ് പോകുന്നത്. ചായ കുടിച്ചു കുടിച്ചു മടുത്തു.
അതുകൊണ്ട് മനസ്സ് ഒരു സങ്കൽപ്പങ്ങളേയും കൂടെ കൂട്ടിയിരുന്നില്ല.

ഒരു പാടം കടന്നു തോടിനുകുറുകെ കവുങ്ങു തടികൊണ്ടു ഇട്ട പാലം കടന്നു കയറുമ്പോൾ കണ്ടു ഓടിട്ട ഒരു കുഞ്ഞുവീട്. മുറ്റത്തു വെള്ള മന്ദാരവും ചെത്തിയും പൂത്തുനിൽക്കുന്നു. ഒരു കുഞ്ഞു തുളസിതറയും.

മനസ്സിലെന്തോ ഒരു ഉന്മേഷം തോന്നി. പാടത്തു നിന്നു വീശുന്ന കാറ്റടിച്ചു മുണ്ട് പറക്കാനൊരു ശ്രമം നടത്തുന്നുണ്ടായിരുന്നു.

ചിരിച്ച മുഖത്തോടെ പെണ്ണിന്റെ അച്ഛൻ സ്വീകരിച്ചിരുത്തി. പതിവ് ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല അദ്ദേഹം. എല്ലാം ബ്രോക്കർ ദിവാകരേട്ടൻ പറഞ്ഞിരുന്നു ” ആശ്വാസം ”
എന്നാലും അദ്ദേഹം പറഞ്ഞുതുടങ്ങി. എനിക്കു മൂന്നു പെൺകുട്ടികളാണ്. മൂത്തയാളാണ് പല്ലവി. താഴെയുള്ള ഒരാള് പത്തിലും ഒരാള് എട്ടിലും പഠിക്കുന്നു. ഞാൻ വിളിക്കാം മോളെ.

അകത്തുനിന്നു അവളുവന്നപ്പോൾ എന്റെ മനസും ഒന്ന് ആഗ്രഹിച്ചുപോയി. നല്ല ഐശ്വര്യമുള്ള മുഖം. പാദസ്വരത്തിന്റെ കിലുക്കത്തിന് പോലും അച്ചടക്കത്തിന്റെ താളം. സത്യം പറഞ്ഞാൽ ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായി.

എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ പറഞ്ഞോളൂകേട്ടോ..

പതിവ് ചോദ്യങ്ങൾ.
എന്താ പേര്.. ഏതുവരെ പഠിച്ചു. ഇനിയും പഠിക്കാൻ താല്പര്യം ഉണ്ടോ.? സംസാരിച്ചു കഴിഞ്ഞു യാത്രപറഞ്ഞു ഇറങ്ങാൻ നേരം ഒന്നുകൂടെ ഞാൻ പറഞ്ഞിരുന്നു..

സാധാരണകാരണാണ് നന്നായി ആലോചിച്ചിട്ട് ഇഷ്ടാണെങ്കിൽ മാത്രം പറയൂ.

അവിടെ നിന്നും ഇറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോൾ ദിവാകരേട്ടൻ പറഞ്ഞു. പൊന്നും പണവുമൊന്നും ശ്രീ പ്രതീക്ഷിക്കണ്ട. കുട്ടി നല്ല കുട്ടിയാ അതിൽ നൂറു മാർക്കാണ്.

എന്റെ ദിവാകരേട്ടാ എനിക്കൊരു ഭാര്യയെ ആണ് വേണ്ടത്. പിന്നെ അഭിപ്രായം പറയാൻ വേണ്ടി മാത്രം വരുന്ന കുറച്ചുപേരുണ്ട് അവരു പറഞ്ഞിട്ട് പോട്ടെ. മ്മടെ അച്ഛനും അമ്മയും കൂടെ ഉണ്ടാവും. എന്റെ ഇഷ്ട്ടം തന്നെയാണ് അവരുടെയും ഇഷ്ട്ടം.

പിന്നെ അവരു താത്പര്യമാണ് എന്ന് പറഞ്ഞു വിളിക്കാണെങ്കിൽ……
ഒരു കാര്യം പ്രത്യേകം പറയണം ചിട്ടിപിടിച്ചും ലോൺ എടുത്തും പൊന്നു വാങ്ങാനായി പെടാപാട് പെടേണ്ട എന്ന്. അല്ലെങ്കിൽ നമ്മള് ആൺകുട്ടികൾ ഇങ്ങനെ പറയാൻ മനസുകാണിച്ചാൽ കുറേ വീടുകളിൽ മനഃസമാദാനമായിട്ടു ഉറങ്ങുന്നവരുണ്ടാകും.

അവളുടെ അച്ഛൻ അവൾക്കു വേണ്ടി വാങ്ങിയ കടത്തെപറ്റി ഉറക്കമില്ലാതെ കിടക്കുമ്പോൾ അതിനു കാരണക്കാരനായ നമ്മളെ അവൾക്കു പൂർണമായി സ്നേഹിക്കാൻ പറ്റുവോ?

അങ്ങിനെ ആഗ്രഹം പോലെ തന്നെ കല്യാണം നടന്നു. അവളുടെ വീട്ടിൽ നിന്നു യാത്രപറഞ്ഞു ഇറങ്ങുമ്പോൾ അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി കരയുന്ന അവളെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു. വല്ലാത്തൊരു നിമിഷമാണ് അല്ലേ പുതിയൊരു വീട്ടിലേക്കു ഒരു പറിച്ചുനടൽ.

കുറച്ചുനാൾ മുൻപ് പരിചയപെട്ടവരെ എല്ലാം എല്ലാം എല്ലാമായി കണ്ടു സ്നേഹിക്കാൻ അവരുടെ ഇഷ്ടങ്ങൾ തന്റേതുംകൂടിയായി കണ്ടു ഒരുപക്ഷേ സ്ത്രീകൾക്ക് മാത്രമേ കഴിയൂ എന്ന് എനിക്കു തോന്നിപോയിട്ടുണ്ട്.

അവൾ ഇന്ന് എന്റെ അച്ഛനും അമ്മയ്ക്കും മരുമകൾ അല്ല മകൾ ആണ്. മിക്കവാറും എന്നെ ചീത്ത പറയുന്ന അമ്മ ഒരിക്കൽ പോലും അവളെ ചീത്ത പറയുന്നത് ഞാൻ കണ്ടിട്ടില്ല.

പലതും എടുക്കാൻ മറന്നു വീട്ടിൽ നിന്നു ഇറങ്ങുന്ന എനിക്കു അവളു വന്നതിനു ശേഷം ഒന്നും മറക്കേണ്ടിവന്നിട്ടില്ല.

ഞങ്ങളു ബൈക്കിലു പോവുമ്പോൾ മഴ കാരണം ഏതേലും ബസ്റ്റോപ്പിൽ കേറിനിൽക്കേണ്ടി വരാറുണ്ട്. അപ്പോൾ പോലും ഏട്ടന് ലോൺ എടുത്തു ഒരു കാർ വാങ്ങിക്കൂടെ എന്നവൾ ചോദിച്ചിട്ടില്ല.

ഇവൾക്ക് ഒരു ആഗ്രഹങ്ങളും ഇല്ലേ എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്. പലപ്പോഴും ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആ ചോദ്യം അവളോട്‌ ചോദിക്കാറും ഉണ്ട്. അപ്പോളവൾ എന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്നുകിടക്കും.. ഞാൻ ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വെക്കും.

ഒരുപക്ഷെ എല്ലാ ഭാര്യമാരും സ്നേഹത്തോടെയുള്ള ഒരു ചേർത്തുപിടിക്കല്ലേ ഭർത്താക്കന്മാരിൽനിന്നു ആഗ്രഹിക്കുന്നുണ്ടാവുള്ളു അല്ലേ.? എന്റെ പല്ലവിയെപോലെ….

സ്നേഹപൂർവ്വം.
ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here