Home അന ഇക്കൂസ് നടന്ന് കണ്ണടിയുടെ മുന്നിലെത്തി കണ്ണാടിയിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി…

നടന്ന് കണ്ണടിയുടെ മുന്നിലെത്തി കണ്ണാടിയിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി…

6

രചന : അന ഇക്കൂസ്

” ആ ബ്രാ വെളിയില്‍ കാണുന്നത് കണ്ടില്ലേ നിനക്ക് നാണമില്ലേ ഇതിങ്ങനെ നാട്ടാരെ മുഴുവന്‍ കാണിക്കാന്‍ നിനക്കതൊന്ന് മൂടി വെച്ചൂടെ ” വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന സുധാകരന്‍റെ ചോദ്യം കേട്ട് സുമലത നാണിച്ച് തല താഴ്ത്തി.

അവള്‍ ഉടന്‍ തന്നെ അയയില്‍ കഴുകി ഉണക്കാനിട്ടിരുന്ന ബ്രായുടെ മുകളിലേക്ക് തോര്‍ത്ത് വിരിച്ചിട്ട് അടുക്കളയിലേക്ക് പോകുന്ന വഴിയില്‍ പിറുപിറുത്തു ”പിള്ളാരെ സ്കൂളില്‍ വിടെണ്ടതാ അടുക്കളയില്‍ പിടിപ്പത് പണിയുണ്ട് അങ്ങര്‍ക്ക് രാവിലെ എഴുനേറ്റ് പത്രം വായിച്ചിരുന്നാല്‍ മതിയെല്ലൊ”

മുഖപുസ്തകത്തിലെ സാഹിത്യ ഗ്രൂപ്പില്‍ വന്ന കഥയുടെ തുടക്കമാണിത്. 4 K ലൈക്ക് കണ്ടപ്പൊ ഒന്ന് വായിച്ച് നോക്കിയതാണ് , കഥയുമായ് ഒരു ബന്ധവുമില്ല. ആദ്യ വരികളില്‍ അശ്ലീലവും എഴുതി പിടിപ്പിച്ച് വായനക്കാരെ കൂട്ടാനുള്ള സൈക്ലോഡിക്കല്‍ മൂവ്. എഴുതിയിരിക്കുന്നത് ഒരു പെണ്ണും. ഇവള്‍ ലോക ഉടായിപ്പാണ് ഇനി അവളുടെ ഒരു കഥയും ഞാന്‍ വായിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നല്ല കഥകള്‍ എഴുതുന്നവരുടെ രചനകള്‍ കാണാതെ പോകും. അവളെ അപ്പൊ തന്നെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്ത് കട്ടിലില്‍ നിന്നും എഴുനേറ്റ് കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.

8.30 അയിരിക്കുന്നൂ 9 മണിക്ക് കോളേജിന് മുന്നില്‍ മൊഞ്ചത്തിമാര്‍ എത്തണതിന് മുന്നേ എത്തണം , ഒരു പ്രണയിനി ഉണ്ടെങ്കിലും ഡെയ്ലി കോളേജിന് മുന്നിലെത്തി അല്‍പ്പ സമയം സൗന്ദര്യാസ്വദനം നടത്തിയില്ലെങ്കില്‍ മനസിന് എന്തൊ വല്ലാത്തൊരു ഇതാണ്…!

നടന്ന് കണ്ണടിയുടെ മുന്നിലെത്തി കണ്ണാടിയിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി, എന്‍റെ മുതുകില്‍ വെള്ള തൂവലുകള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ ചിറകുകള്‍..! രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ധരിച്ചിരുന്ന റൈബാന്‍ ഗ്ലാസ് മുഖത്ത്ന്ന് ഊരി മാറ്റി കണ്ണ് തിരുമി വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ങേ ശരിക്കും ചിറക് മുളച്ചിരിക്കുന്നൂ..! 2.O സിനിമയിലെ അക്ഷയ് കുമറിനെ പോലെ ചിറകുകള്‍ വിരിച്ച് കണ്ണാടിയുടെ മുന്നില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. ചിറക് തട്ടി ടേബിളിന് മുകളിലിരുന്ന ജഗ്ഗ് നിലത്ത് വീണ ശബ്ദം കേട്ട് ഉമ്മ റൂമിലേക്ക് വന്ന് എന്‍റെ രൂപം കണ്ട് ഞെട്ടി..!

”’ഇക്കാ….!” ഉമ്മ ഉറക്കെ അലറി വിളിച്ചു. ഉമ്മയുടെ ശബ്ദം കേട്ട് വാപ്പയും റൂമിലേക്ക് ഓടിവന്നു. പുച്ഛഭാവം മുഖത്ത് വാരി വിതറി വാപ്പ പറഞ്ഞു

”ടിക്ക് ടോക്ക് വീഡിയോ ഭ്രാന്ത് , ഒലക്ക അതൊക്കെ പറിച്ച് കളഞ്ഞിട്ട് വല്ല പണിക്കും പോടാ..”

”വാപ്പാ ഇത് ഞാന്‍ ഒട്ടിച്ച് വെച്ചതല്ല തനിയെ കിളിര്‍ത്ത് വന്നതാ”

ഉമ്മ യും വാപ്പ യും എന്‍റെ അരുകിലെത്തി എന്നെ തിരിച്ചും മറിച്ചും നോക്കി. അവര്‍ക്കും അത്ഭുതം ഇതെങ്ങനെ സംഭവിച്ചു. ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി ചിറകുകള്‍ വീശി പറന്ന് നോക്കി ”ആഹാ പറക്കാനും പറ്റുന്നുണ്ട് ഇനി കോളേജിന് മുന്നില്‍ പോവാന്‍ ബൈക്കിന് പെട്രോളടിക്കെണ്ട. ദിവസവും രാവിലെ എഴുനേറ്റ് കുളിച്ചൊരുങ്ങി പറന്നങ്ങ് പോവാം” മനസില്‍ ചിന്തിച്ച് തീരികെ താഴെ പറന്നിറങ്ങി. പെങ്ങളുടെ മോന്‍ അടുത്ത് വന്ന് പറഞ്ഞു

”മാമാ എന്നേം ഒരു റൗണ്ട് കൊണ്ട് പോകുമൊ”

”പിന്നെന്തിനാ മുത്തേ മാമ ഈ ചിറകും വെച്ച് നടക്കണെ.. ഇജ്ജ് തോളി കയറി ഇരിക്ക് നമുക്ക് പോകാം”

പെങ്ങള്‍ അകത്തുന്നു ഹെല്‍മെറ്റ് എടുത്ത് കൊണ്ട് വന്ന് തന്നു. ഞാന്‍ റൈബാന്‍ എടുത്ത് മുഖത്ത് വെച്ച് ഓളോട് പറഞ്ഞു ”ആകാശത്ത് പോലീസ് ചെക്കിങ്ങ് ഇല്ല സോ ഇനി ആ ഹെല്‍മെറ്റ് എനിക്ക് മാണ്ടാ”

”അയ്ന് ഇക്കൂനല്ല ഹെല്‍മെറ്റ് എന്‍റെ കൊച്ചിനാ” പുച്ഛം വാരി വിതറി ഓള്‍ കുഞ്ഞിന് ഹെല്‍മെറ്റ് വെച്ച് കൊടുത്ത് എന്‍റെ തോളില്‍ കയറ്റി ഇരുത്തി.

ഞാന്‍ പറന്നുയര്‍ന്നൂ മോളിലെത്തി കഴിഞ്ഞപ്പോള്‍ ഓന്‍ പറഞ്ഞു ”നമ്മുക്ക് കുഞ്ഞുമ്മാടെ വീട്ടില്‍ പോവാം അവിടെ ഉള്ളവരും കാണട്ടെ മാമാടെ പുതിയ വിശ്വരൂപം”

”പൂവാം പക്ഷേ ഒരുകാര്യം പോകുന്ന വഴിയില്‍ താഴെ പല കടകളിലും കളിപ്പാട്ടങ്ങളും , മിഠായികളും കാണും അതൊന്നും വാങ്ങി തരണമെന്ന് വാശിപിടിച്ച് കരയരുത്”

”കരഞ്ഞാലും വാങ്ങി തരുന്ന ഒരു മാമാ” ഓന്‍ ഹെല്‍മെറ്റിന്‍റെ ഗ്ലാസ് ഉയര്‍ത്തി വെളിയിലേക്ക് ആഞ്ഞ് തുപ്പി ”ക്രാഫ്..തുഫ്..”

ചേ പറയണ്ടായിരുന്നു വന്ന് വന്ന് കുടുംബത്തില്‍ ഓനും എന്നെ ഒരു വില ഇല്ലാണ്ടായിരിക്കുന്നൂ.

അങ്ങനെ പറന്ന് എല്ലാ സ്വന്തക്കാരുടെ വീടുകളിലും പോയി ചിറക് കാണിച്ച് തിരികെ വീട്ടിലെത്തി .

ഉമ്മ അടുക്കളയില്‍ നിന്നിന്നും വിളിച്ച് പറഞ്ഞു ”റേഷന്‍ പീടികയില്‍ പോയ് മണ്ണെണ്ണയും പഞ്ചസാരയും പുഴുക്കലരിയും വാങ്ങീട്ട് വാ”

ചിറക് മുളച്ചെങ്കിലും വീട്ടുകാര്‍ക്ക് ഒരു വിലയുമില്ല. കന്നാസും സഞ്ചിയുമായ് റേഷന്‍ പീടികയിലേക്ക് പറന്നെത്തി അവിടെ നിന്ന ഫ്രീക്ക് പയ്യന്‍ന്മാര്‍ വീഡിയൊ എടുത്ത് ഫേസൂക്കിലിട്ട് വൈറലാക്കി.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും വീടിന് മുന്നില്‍ ആള്‍ക്കൂട്ടം… ടീവിക്കാരും പത്ര റിപ്പോര്‍ട്ടറന്മാരുമൊക്കെ ഉണ്ട്. എല്ലാവരും വൈറല്‍ വീഡിയൊ കണ്ട് എന്നെ കാണാന്‍ വന്നവരാണ്.

വാപ്പ വീടിനകത്തുനിന്നും ഓടി വെളിയിലേക്ക് വന്ന് എന്നെ കൂട്ടിക്കൊണ്ട് അകത്തേക്ക് പോയി.

”ഞാന്‍ പുറത്തൊന്ന് പോയി വരാം വരുന്നത് വരെ നീ വെളിയില്‍ ഇറങ്ങരുത്” വാപ്പ അത്രയും പറഞ്ഞ് ബൈക്കുമെടുത്ത് പുറത്തേക്ക് പോയി…

ഒറ്റ ദിവസം കൊണ്ട് സെലിബ്രിറ്റി ആയ സന്തോഷം കൊണ്ടാണോ എന്നറിയില്ല തീരെ വിശപ്പില്ലാഞിട്ടും ഉമ്മ ടേബിളിന് മുകളില്‍ കൊണ്ടുവെച്ച പഴങ്കഞ്ഞി രണ്ട് മൂന്ന് പ്ലേറ്റ് കഴിച്ചപ്പൊഴേക്കും വിശപ്പിന് അല്പ്പം ശമനം കിട്ടി. അല്ലങ്കിലും ഇനി മുതല്‍ ഡയറ്റീംഗ് അത്യാവശ്യമാണ് ശരീര ഭാരം കൂടി കഴഞ്ഞാല്‍ പറക്കാന്‍ പറ്റില്ല. അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ വാപ്പ തിരികെയെത്തി. കൈയ്യില്‍ ഇരുന്ന ഫ്ലക്സ് ബോര്‍ഡ് വീടിന് മുന്നില്‍ കെട്ടി. ഫ്ലക്സില്‍ എഴുതിയിരിക്കന്നത് വായിച്ച്ഞാന്‍ ഞെട്ടി ”അത്ഭുത ബാലനെ നേരില്‍ കാണാന്‍ വെറും 1000 രൂപ , ഒപ്പം സെല്‍ഫി എടുക്കണമെങ്കില്‍ 1500 രൂപ” കൊള്ളം ഡാഡ് പുതിയ ബിസ്നസും ആരംഭിച്ചിരിക്കുന്നൂ…!

വീടിന്‍റെ ടെറസിന് മുകളിലേക്ക് എന്നെ കയറ്റി വിട്ട ശേഷം വാപ്പ സ്റ്റെയര്‍കേസിന് മുന്നില്‍ നിന്നും പൈസ പിരിച്ച് ഓരോരുത്തരെയായ് എന്‍റെ അരുകിലേക്ക് പറഞ്ഞ് വിട്ടു , വരുന്നവര്‍ക്ക് മുന്നില്‍ തിരിഞ്ഞും മറിഞ്ഞും ചിറകു വിരിച്ചും പറന്നും കാട്ടി അവരെ ഞാന്‍ സന്തോഷിപ്പിച്ചു. ജനക്കൂട്ടം കൂടി വന്നുകൊണ്ടേ ഇരുന്നൂ. കളക്ഷന്‍ പൊടി പൊടിക്കുന്നുണ്ട് . മൊഞ്ചത്തിമാര്‍ കൂടെ നിന്ന് സെല്‍ഫി എടുത്ത് FB യില്‍ പോസ്റ്റി ലൈക്ക് വാരിക്കൂട്ടാനുള്ള തിരക്ക്..,

കാഴ്ച്ചക്കാരില്‍ തൊട്ട് അടുത്ത വീട്ടിലെ നാണിത്തള്ളയും വന്നു. പണം നിറഞ്ഞ ചാക്കിലേക്കും എന്നെയേയും മാറി മാറി നോക്കി നാണിത്തള്ള വാപ്പയോട് പറഞ്ഞു

”ഇപ്പൊ എന്തായി , ഞാന്‍ പറഞ്ഞില്ലേ ഇവനെക്കൊണ്ട് നീ രക്ഷപ്പെടുമെന്ന് ”

വാപ്പ എന്നെ നോക്കി ആ കണ്ണുകളില്‍ ഈറനണിഞ്ഞിരിക്കുന്നൂ. ഉടന്‍ തന്നെ അടുക്കളയില്‍ പോയി വെട്ടുകത്തിയുമായ് തിരികെ വന്നു . വാപ്പയുടെ വരവ് കണ്ട് നാണിത്തള്ള ആള്‍ക്കൂട്ടങ്ങളെ തള്ളിനീക്കി ഓടി. വിറക്കുന്ന കൈയ്യില്‍ വെട്ടുകത്തിയും നിറ കണ്ണുകളുമായ് വാപ്പ എന്നെ നോക്കിക്കൊണ്ട് മുറ്റത്ത് നട്ടിരുന്ന കുലക്കാറായ ഏത്ത വാഴ അച്ചളം പുച്ചളം വെട്ടി മുറിച്ച് നിലത്തിട്ടു…

രാത്രിയില്‍ പ്രദര്‍ശനം അവസാനിപ്പിച്ച് ഞാനും വാപ്പയും ഉമ്മയും അനിയത്തിയും കൂടി പൈസ എണ്ണാനിരുന്നൂ. കുറേ എണ്ണിയപ്പൊഴേക്കും എല്ലാവരും കുഴഞ്ഞു. വാപ്പ പറഞ്ഞു

”നാളെ പാലായില്‍ വരെ ഒന്ന് പോണം”

”അതെന്താ പാലായില്‍” ഉമ്മ കാര്യമറിയാനെന്നപോലെ ചോദിച്ചു.

”അല്ല ആ മാണി സാറിനെ കണ്ട് നോട്ട് എണ്ണുന്ന മിഷ്യേന്‍ ഇങ്ങോട് വാങ്ങണം”

”അതിന് അവിടെ വരെ പോണോ പുതിയതൊരെണ്ണം വാങ്ങിയാല്‍ പോരേ ഇനി സ്ഥിരമായ് നമുക്ക് ഒരുപാട് പൈസ എണ്ണാനുള്ളതല്ലേ” ഞാന്‍ പറഞ്ഞു..

മൂന്നാം ദിവസം ആയപ്പൊഴേക്കും ഞാന്‍ മടുത്ത് തുടങ്ങി എങ്ങോട്ടും പോകാന്‍ പറ്റണില്ല എന്നും അണിഞ്ഞൊരുങ്ങി ഒരു പ്രദര്‍ശന വസ്തുപോലെ കാഴ്ച്ചക്കാരുടെ മുന്നില്‍ നില്‍ക്കണം. കാര്യമറിഞ്ഞെത്തിയ പക്ഷിസംരക്ഷണ വിഭാഗത്തിലെ ഡോക്ടര്‍ രക്ത സാമ്പിള്‍ കൊണ്ട്പോയി നാളെ 10 മണിക്ക് അവരുടെ ഓഫീസില്‍ എത്തണമെന്ന് പറഞ്ഞു. അതുമല്ല ഇവിടെ സെല്‍ഫി എടുപ്പ് ഉണ്ടെന്നറിഞ്ഞ് ഇന്ത്യന്‍ പ്രധാന മന്ത്രി ലണ്ടനില്‍ നിന്നും അമേരിക്ക വഴി ദുബായിലുള്ള ഷോട്ട് കട്ടിലൂടെ എന്നെ കാണാന്‍ വരുന്നുണ്ടെന്ന്. ഇനിയുള്ള ദിവസം ഇത് സഹിക്കാന്‍ പറ്റില്ല. ഞാന്‍ അന്ന് രാത്രി ആരും അറിയാതെ വീട്ടില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്നൂ.

പറന്ന് കുറേ ദൂരം മുകളിലെത്തിയപ്പോള്‍ ഒരു ഫ്ലൈറ്റില്‍ നമ്മുടെ പ്രധാന മന്ത്രി…! അദ്ധേഹം ഫ്ലൈറ്റിന്‍റെ ജനല്‍ തുറന്ന് തല വെളിയിലേക്കിട്ട് ”അലോ ഇക്കൂസ് എങ്ങോട് പോകുന്നൂ”

”ഓ ഒന്നു മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാ”

”ഞാന്‍ നിന്നെ കാണാന്‍ കേരളത്തിലേക്ക് വന്നോണ്ടിരിക്കുവാ”

”കണ്ടില്ലേ ഇനി തിരിച്ച് പോയ്ക്കോളൂ , അവസാനം ഇനി ഇതിന്‍റെ യാത്രാ ചിലവ് കൂടി ഞാന്‍ തരണമെന്ന് പറയാനല്ലേ ? ”

”അപ്പൊ സെല്‍ഫി…?”

അത് കേട്ടതായ് ഭാവിക്കാതെ ഞാന്‍ വീണ്ടും മുകളിലേക്ക് പറന്നുയര്‍ന്നു. മേഘങ്ങള്‍ക്ക് നടുവിലൂടെ പൂക്കളാല്‍ അലങ്കരിച്ച പുഷ്പ കവാടത്തിലൂടെ പറന്ന് അകത്ത് കയറി. അവിടെ മഞ്ഞ് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പടുകൂറ്റന്‍ കൊട്ടാരം…!

അവിടെ ധാരാളം മാലാഖമാര്‍…!

ഞാന്‍ മാലാഖമാരുടെ ലോകത്ത് എത്തിയിരിക്കുന്നു. കുറേ മാലാഖമാര്‍ അമ്പും വില്ലുമായ് എന്‍റെ ചുറ്റും കൂടി , അവര്‍ എന്നെ പിടിച്ച് മാലാഖമാരുടെ രാജ്ഞിയുടെ മുന്നില്‍ ഹാജരാക്കി. രാജ്ഞി എന്നോട് എന്തിനവരുടെ ലോകത്തേക്ക് പ്രവേശിച്ചൂ ഞാന്‍ ആരാണെന്നൊക്കെ ചോദിച്ചു.

ഞാന്‍ കാര്യങ്ങളൊക്കെ വിശദീകരിച്ചു.

കൊട്ടാരത്തിലെ മന്ത്രവാദിനി എന്‍റെ കഴുത്തിന് പിന്നില്‍ വന്ന് തടവി നോക്കി. അവിടെ ഒരു ചിപ്പ് വെച്ചിട്ടുണ്ട് മന്ത്രവാദിനി പറഞ്ഞു ”ഇറ്റിസ് ഇന്‍ക്യൂറബിള്‍ ഇതിന് പരിഹാരമില്ല ”

”അങ്ങനെ പറയരുത് ഈ ചിറകുമായ് ഇനി ഭൂമിയിലേക്ക് എനിക്ക് പോകാന്‍ വയ്യ”

”നിന്‍റെ കഴുത്തിന് പിന്നിലുള്ള ആ ചിപ്പ് മാലാഖ ലോകത്തുള്ള ആരോ ആണ് വെച്ചിട്ടുള്ളത്” മന്ത്രവാദിനി പറഞ്ഞു.

ഉടന്‍ തന്നെ രാജ്ഞി ആക്ഞാപിച്ചു ”ആരവിടെ ഇത് ചെയ്തത് ആരാണെന്ന് ഉടന്‍ തന്നെ കണ്ട് പിടിക്കൂ..”’

മാലാഖ ലോകത്തെ സൈബര്‍ സെല്‍ വിഭാഗം ലാപ്ടോപ്പ് ഓണ്‍ ചെയ്ത് സെര്‍ച്ച് ചെയ്തു. ”ലാസ്റ്റ് അപ്ഡേറ്റ് നോക്കുംമ്പോള്‍ ജിബ്ലൂട്ടി മാലാകയാണ് മൂന്ന് ദിവസം മുന്നേ ഭൂമിയിലേക്ക് പോയത്.”

രാജ്ഞി അടുത്ത ഉത്തരവിട്ടു ”ജിബ്ലൂട്ടി മാലാകയെ ഇവിടെ ഹാജരാക്കൂ”

ജിബ്ലൂട്ടി സദസിലേക്ക് തല കുനിച്ച് നടന്ന് വന്നു ആഹാ കാണാന്‍ നല്ല മൊഞ്ചുള്ള മാലാഖ…!

രാജ്ഞി ജിബ്ലൂട്ടി മാലാഖയോട് ചോദിച്ചു ”നീ എന്തിനാണ് കേരളത്തില്‍ പോയത്, എന്തിനാണ് ഇത് ചെയ്ത് ”

”സാമ്പാറ് വെയ്ക്കാനുള്ള പച്ചക്കറി പറിക്കാന്‍ പോയതാ കേരളത്തില്‍ ” ജിബ്ലൂട്ടി മുഖം കുനിച്ച് നിന്ന് പറഞ്ഞു.

”നിന്നോട് പറഞ്ഞിട്ടില്ലേ കേരളത്തിലെ പച്ചക്കറികള്‍ ഇവിടെ കൊണ്ടുവരരുതെന്ന് മൊത്തം വിഷമാ, അത് മാത്രമാണോ രാത്രിയില്‍ പെണ്ണ് ഒറ്റക്ക് പുറത്തിങ്ങിയെന്ന് പറഞ്ഞ് വല്ല സദാചാരക്കാരും തല്ലി കൊന്നിരുന്നെങ്കിലോ.? ആര് സമാധാനം പറയും..? അതിനിടക്ക് നീ എന്തിനാ ഇവന് ചിറക് വെച്ച് കൊടുത്തത്..?”

”ഇക്കൂസിന്‍റെ വീടിന് മുകളിലൂടെ പറന്ന് പോയപ്പോള്‍ ടെറസിന് മുകളില്‍ ഒരു വെട്ടം കണ്ട് ചെന്ന് നോക്കിയതാ , അവിടിരുന്ന് ഇക്കൂസ് വീഡിയോ കാള്‍ ചെയ്യുന്നത് കണ്ടു. ഇക്കൂസിന്‍റെ ഗ്ലാമര്‍ കണ്ടപ്പൊ ഓന് ഒരു ചിറക് വെച്ച് സ്വന്താമാക്കണമെന്ന് കരുതി ചെയ്തതാ”

രാജ്ഞി കോപം കൊണ്ട് വിറച്ചു ”ഡിഗ്രി സെക്കന്‍റ് ഇയറല്ലേ ആയുള്ളു അപ്പൊഴേക്കും നിനക്ക് ഇളക്കം തുടങ്ങിയൊ”

സൗന്ദര്യം വാരി കോരി തന്ന പടച്ചോനെ ശപിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ”ഇനി കുറ്റപ്പെടുത്തിയിട്ട് എന്ത് കിട്ടാനാ ഇതില്‍ നിന്നും എന്നെ രക്ഷിച്ച് ഭൂമിയിലെത്തിക്കൂ”

മന്ത്രവാദിനി പറഞ്ഞു ”ഒരു വഴിയുണ്ട് ”

”എന്ത് വഴി..?”

”ജിബ്ലൂട്ടിയും നീയും പരസ്പരം ചുംബിച്ചാല്‍ മതി ”

വിവാഹം കഴിക്കുന്ന പെണ്ണിനെ മാത്രമേ ചുംബിക്കുകയുള്ളൂ എന്ന പ്രതിക്ഞ മാറ്റിവെച്ച് ഞാന്‍ സമ്മതം നല്‍കി.

ജിബ്ലൂട്ടിയും ഞാനും പരസ്പരം അടുത്ത് വന്ന് ദേഹത്ത് തൊടാതെ ദൂരെ നിന്ന് ഒരു കിസ്സടിച്ചു.
തൊട്ടടുത്ത നിമിഷം ചിറകുകള്‍ അറ്റ് ഞാന്‍ ഭൂമിയിലേക്ക് നിലംപതിച്ചു…

നടു ഇടിച്ച് വീണ ഞാന്‍ ഉറക്കെ അലറി.. എന്‍റെ മുഖത്ത് വെള്ളം വീണ് കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നും നിലത്ത് വീണ് കിടക്കുന്നൂ. എന്‍റെ മുന്നില്‍ ഉമ്മ കയ്യില്‍ വെള്ളവും ജഗ്ഗുമായ് നില്‍പ്പുണ്ട്.

”അത് ചിറക്… മാലാഖ..”

”പിച്ചും പേയും പറയാതെ പോയ് കുളിച്ച് റെഡിയായ് വാ പെണ്ണ് കാണാന്‍ പത്തനംതിട്ടയില്‍ വരെ പോണം”

അടുക്കളയിലേക്ക് പോകുന്ന വഴി ഉമ്മ വിളിച്ച് പറഞ്ഞു ”ബ്രോക്കര്‍ പെണ്ണിന്‍റെ ഫോട്ടൊ വാട്സപ്പില്‍ അയച്ചിട്ടുണ്ടെന്ന് അതൊന്ന് നോക്കിയേക്ക്”

ഞാന്‍ പെട്ടന്ന് തന്നെ ഫോണെടുത്ത് വാട്സപ്പില്‍ നോക്കി പെണ്ണിന്‍റെ ഫോട്ടം കണ്ട് ഞെട്ടി വണ്ടറടിച്ചു ജിബ്ലൂട്ടി മാലാഖയുടെ അതേ മുഖ ഛായ… ഞാന്‍ ഉമ്മയോട് ചോദിച്ചു ”ഓള്‍ക്ക് ജോലിയുള്ളതാണോ ”

”ഏയ് ഡിഗ്രി സെക്കന്‍റ് ഇയര്‍ ആണെന്നാ പറഞ്ഞത്”

ബ്രഷും പേസ്റ്റും എടുത്ത് പല്ല് തേച്ച് വീടിന് മുന്നില്‍ എത്തിയപ്പൊള്‍ വാപ്പ വാഴക്ക് വെള്ളം ഒഴിച്ചുകൊണ്ട് നില്‍ക്കുന്നു. ഞാന്‍ വാഴയുടെ മുകളിലേക്ക് നോക്കിയപ്പോള്‍ വാഴക്ക് കൂമ്പ് വന്നിരിക്കുന്നു.

”വാഴ കൊല ഇടാറായ് അല്ലേ വാപ്പീ..”

തിരിഞ്ഞ് നോക്കിയ വാപ്പയുടെ കണ്ണില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. ”ഇനി നീ ഇവിടെ നിന്നാല്‍ കൊല നടക്കും.”

📝അന ഇക്കൂസ്📝

NB : വായിച്ച് കഴിഞ്ഞവര്‍ അഭിപ്രായം കമന്‍റില്‍ അറിയിക്കണേ…! എന്നെപ്പോലെ എഴുതി തുടങ്ങുന്ന എഴുത്തുകാര്‍ക്ക് വായനക്കാരായ നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനമാണ് വീണ്ടും വീണ്ടും എഴുതാന്‍ പ്രചോദനമേകുന്നത്. ഇനിയും ഇത്പോലുള്ള തള്ള് കഥകള്‍ പ്രതീക്ഷിക്കാം…!

 

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here