Home Latest നീതു നീ എന്തൊക്കെ പറഞ്ഞാലും നമുക്കു ഈ കുഞ്ഞു ശരിയാകില്ല…

നീതു നീ എന്തൊക്കെ പറഞ്ഞാലും നമുക്കു ഈ കുഞ്ഞു ശരിയാകില്ല…

0

രചന: അരുൺ നായർ

“”നീതു നീ എന്തൊക്കെ പറഞ്ഞാലും നമുക്കു ഈ കുഞ്ഞു ശരിയാകില്ല…… നിന്നോട് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ നമ്മുടെ ഇപ്പോളത്തെ സാമ്പത്തിക അവസ്ഥ…. ഇപ്പോൾ എന്തായാലും എനിക്കൊരു കുഞ്ഞിനെ കൂടി ഉൾകൊള്ളാൻ വയ്യ…… നീ എന്റെ അവസ്ഥയൊന്ന് മനസ്സിലാക്കു……”” നീതു മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എനിക്കെന്റെ സകല നിയന്ത്രണവും വിട്ടു പോയിരുന്നു ….. “”മനുവേട്ടാ,, നമ്മുടെ ചോരയല്ലേ….. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും പേടിച്ചു എങ്ങനെയാ മനുവേട്ടാ കുഞ്ഞിനെ വേണ്ടെന്നു വെക്കുന്നത്…..”” നീതുവിന്റെ കണ്ണുകൾ അതു പറയുമ്പോൾ നിറയുന്നുണ്ടായിരുന്നു…… അവളുടെ കൈകൾ വളർച്ച എത്തിയിട്ടില്ല എങ്കിലും വയറിൽ കൂടി തടവി ആ കുഞ്ഞിനെ താലോലിക്കുന്നുണ്ടായിരുന്നു…… “”നീതു നീയിതു എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്….. വീടിന്റെ അകത്തു തന്നെ ഇരിക്കുകയും നിന്റെയും മക്കളുടെയും ആവശ്യത്തിനുള്ള എല്ലാം ഞാൻ ഇവിടെ എത്തിക്കുകയും ചെയ്യുന്നതുകൊണ്ട് നിനക്ക് ഇപ്പോളും ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ചിലവുകൾ അറിയില്ല……..ഒരാളെ കൂടി താങ്ങാൻ ഇപ്പോൾ നമുക്ക് കെല്പില്ല നീതു…… എങ്ങാനും ജനിക്കാൻ പോകുന്നത് പെൺകുഞ്ഞു കൂടി ആണെങ്കിൽ തീർന്നെന്നു കൂട്ടിയാൽ മതി കാര്യങ്ങൾ…..

നമുക്കു ഇപ്പോൾ രണ്ടു ചുണകുട്ടന്മാർ ഉണ്ടല്ലോ അവർക്കു നല്ല ഭാവി ഉണ്ടാക്കാൻ ശ്രമിക്കാം….. അല്ലാതെ കുറെ പെറ്റു പെരുകി കൂട്ടിയിട്ടു അവസാനം നോക്കാൻ പൈസ ഇല്ലാത്തതിലും നല്ലത് ഇപ്പോൾ തന്നെ വേണ്ടെന്നു വെക്കുകയാണ് …. കുറച്ചു ദിവസത്തേക്ക് ബുദ്ധിമുട്ട് ഉണ്ടാകും അതു പതിയെ പതിയെ മാറിക്കോളും….. “” കരഞ്ഞുകൊണ്ട് അവൾ എന്നെ ദയനീയാമായി വിളിച്ചു….. “”മനുവേട്ടാ നമ്മുടെ കുഞ്ഞല്ലേ…. നശിപ്പിക്കാൻ പറയാതെ…. കുഞ്ഞിനെ വേണ്ട എന്നു ആയിരുന്നു മനസ്സിലെങ്കിൽ പിന്നെ എന്റെ പ്രസവം നിർത്തിയാൽ മതിയായിരുന്നല്ലോ….. ഇതിപ്പോൾ നമ്മുടെ സുഖം തേടി പോക്ക് കാരണം ഒരു ജീവനല്ലേ നഷ്ടമാകുന്നത്….. “” “” നീതു നിനക്കു കാര്യം പറഞ്ഞിട്ട് മനസ്സിലാക്കുന്നില്ലേ …. അതോ അഭിനയിക്കുക ആണോ…. ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ രതി ഒക്കെ ഉണ്ടാകും അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല……. പിന്നെ ഞാൻ അറിഞ്ഞോ നമ്മുടെ ബിസ്സിനെസ്സ് ഇത്രയും മോശമാകുമെന്നു….. രണ്ടു ആൺപിള്ളേർ ജനിച്ചതുകൊണ്ട് ഒരു പെൺകൊച്ചു എന്റെ സ്വപ്നം ആയിരുന്നു അതുകൊണ്ടാണ് നിൻറെ പ്രസവം നിർത്താഞ്ഞത് എന്നുള്ള കാര്യങ്ങളൊക്കെ നിനക്കും അറിവുള്ളതല്ലേ……. പക്ഷെ ഇപ്പോൾ ഉള്ള സാമ്പത്തിക സ്ഥിതി ഒരു കുഞ്ഞിനെ കൂടി താങ്ങില്ല …. അതാണ് വേണ്ടെന്നു പറയുന്നത്……. നീ എന്നെയൊന്നു മനസ്സിലാക്കു നീതു….. ഇപ്പോൾ ആണെങ്കിൽ യാതൊരു കോംപ്ലിക്കേഷൻ ഇല്ലാതെ നമുക്കിത് വേണ്ടെന്നു വെക്കാം…. വൈകും തോറും നിനക്കും കൂടി ആപത്തു ആണ്….. “” എന്റെ സംസാര ചാതുര്യം കൊണ്ടും അവൾക്കു എന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടും അവസാനം അവൾ അബോർഷൻ ചെയ്യാൻ സമ്മതിച്ചു……

അടുത്ത ദിവസം തന്നെ പിള്ളേരെ സ്കൂളിൽ അയച്ചിട്ട് ഞാനും അവളും കൂടി ഹോസ്പിറ്റലിലേക്ക് പോയി…. രണ്ടു പ്രസവം കഴിഞ്ഞതുകൊണ്ടും അതു ചെയ്തത് ഒരു ഡോക്ടർ ആയതുകൊണ്ടും ഞങ്ങൾക്ക് ഡോക്ടറെ നേരത്തെ തന്നെ പരിചയം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അധികം വളച്ചു കേട്ടു ഇല്ലാതെ തന്നെ ഞാൻ കാര്യങ്ങൾ ഡോക്ടറുടെ മുൻപിൽ അവതരിപ്പിച്ചു….. ഡോക്ടർ ഞങ്ങളോട് കുഞ്ഞുങ്ങൾ ദൈവം തരുന്ന നിധി ആണെന്നും അതു വേണ്ടെന്നു വെക്കുന്നത് പാപം ആണെന്നും ഒരു പള്ളിലച്ചൻ പറയുന്നത് പോലെ ഉപദേശിച്ചു…. പക്ഷെ എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഇല്ലായിരുന്നു…… കാരണം ഇപ്പോൾ ഇവിടെ ഇരുന്നു പറയുന്ന ഡോക്ടർ ഉണ്ടാവില്ല പൈസയുടെ കാര്യം വരുമ്പോൾ സംരക്ഷണം നൽകാനെന്നു എനിക്കു വ്യക്തമായി അറിയാം….. പൈസയുടെ കാര്യം ഞാൻ എടുത്തെടുത്തു പറഞ്ഞതുകൊണ്ട് ഡോക്ടർ ഞങ്ങളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഒരു അരമണിക്കൂർ കഴിഞ്ഞു വെളിയിലേക്കു വന്നു ഞങ്ങളെയും കൂട്ടി കുഞ്ഞുങ്ങൾ ഇല്ലാത്തതു കാരണം ചികിൽസിക്കാൻ വന്നേക്കുന്ന ദമ്പതിമാരെ കൊണ്ടേ കാണിച്ചു തന്നു…… ഞാൻ അവരുടെ ഓരോരുത്തരുടെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…. ആ ഇരിക്കുന്ന സ്ത്രീകൾ എല്ലാവരും തന്റെ അമ്മിഞ്ഞ പാലിന്റെ മാധുര്യം തന്റെ ഉണ്ണികൾക്കു പകരാൻ കൊതിക്കുന്നുണ്ടെന്നു അവരുടെ കണ്ണുകൾ എന്നോടു പറഞ്ഞു….. അവിടെയിരിക്കുന്ന ഓരോ പുരുഷനും സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്തു ലാളിക്കാനും അച്ഛാ എന്നൊരു വിളി കുഞ്ഞിന്റെ നാവിൽ നിന്നും കേൾക്കാനും കൊതിക്കുന്നുണ്ടെന്നു ആ നിസ്സഹാ യരായി ഇരിക്കുന്ന മുഖങ്ങളും എന്നോടു പറഞ്ഞു…..

തിരിച്ചു ഡോക്ടറിന്റെ മുറിയിൽ എത്തി ഇരിക്കുമ്പോൾ എന്തൊക്കെയോ എന്റെ മനസ്സിനെ അലട്ടുന്നത് പോലെ എനിക്കു തോന്നി…. എന്റെ നീതുവിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞു വാവ എന്നെ അച്ഛാ എന്നു വിളിക്കാനും ഓടി വന്നു എന്നെ കെട്ടിപിടിച്ചു കിടക്കാനും, കൂടെ കണ്ണ് പൊത്തി കളിക്കാനും കൊതിക്കുന്നതായി എനിക്കു തോന്നി……. എന്റെ മനസ്സു വളരെ അസ്വസ്ഥമായി…… നീതു ചങ്ക് പൊട്ടി തകർന്നു ഇരിക്കുക ആണെന്ന് എനിക്കു അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു…… അല്ലെങ്കിലും അവൾക്കു കുഞ്ഞിനെ വേണം എന്നു തന്നെ ആയിരുന്നല്ലോ മനസ്സിൽ ഇതുംകൂടി കണ്ടപ്പോൾ ആ ആഗ്രഹം കൂടി കാണും….. എന്നോടുള്ള സ്നേഹക്കൂടുതൽ അവളെ നിസ്സഹായ ആക്കുക അല്ലേ ചെയ്തത്….. ഡോക്ടർ എന്നെ ഓർമകളിൽ നിന്നും തട്ടി ഉണർത്തികൊണ്ടു പറഞ്ഞു….. “”അവിടെ ഇരിക്കുന്ന മനുഷ്യരെ നിങ്ങൾ കണ്ടില്ലേ…… അവരും നിങ്ങളെ പോലെ ഉള്ളവർ തന്നെയാണ് ഒരു വ്യത്യാസം മാത്രമേയുള്ളു നിങ്ങൾക്കു കുഞ്ഞിനെ വേണ്ട എങ്കിൽ അവർക്കു മാറോടു ചേർത്തു ലാളിക്കാൻ ഒരു തങ്കകുടത്തിനെ കിട്ടിയാൽ മാത്രം മതി …… അവരിൽ പലരും വിവാഹം കഴിഞ്ഞുള്ള ആദ്യ കാലങ്ങളിൽ കുഞ്ഞുങ്ങൾ സ്വന്തം സുഖങ്ങൾക്ക് വേണ്ടി വേണ്ടെന്നു വെച്ചവരുണ്ട്…. ചിലർക്ക് നിങ്ങളെ പോലെ സാമ്പത്തികം നന്നായതിനു ശേഷം മതി കുഞ്ഞെന്നു അഭിപ്രായം ആയിരുന്നു…. ഇപ്പോൾ സ്വന്തം സുഖങ്ങളും പൈസയുമൊക്കെ എത്ര വേണേലും വേണ്ടെന്നു വെക്കാൻ അവർ തയ്യാറാണ് കുഞ്ഞിന് വേണ്ടി പക്ഷെ ദൈവം അതുമാത്രം നൽകുന്നില്ല….. നിങ്ങളുടെ കാര്യം അങ്ങനെ അല്ല കേട്ടോ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അതുകൊണ്ട് അവർ അനുഭവിക്കുന്ന വിഷമം അറിയാൻ കഴിയില്ല അതുകൊണ്ട് ഞാൻ നിങ്ങളോട് ഒരു അപേക്ഷ വെക്കാൻ ആണ് പോകുന്നത്…

ഈശ്വരൻ നൽകിയ ജീവനല്ലേ അതു വേണ്ടെന്നു വെക്കാൻ നമുക്കു അർഹത ഇല്ല അതുകൊണ്ട് ജനിച്ച ശേഷം നിങ്ങൾക്കു വേണ്ടെങ്കിൽ നമുക്കു കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്നു ഉറപ്പുള്ള ദമ്പതിമാർക്ക് കൊടുക്കാം…… അവരുടെ ജീവിതവും ഒന്നു തിളങ്ങും വേണമെങ്കിൽ നിങ്ങളുടെ ബിസ്സിനെസ്സ് ശരിയാകാനുള്ള പൈസയും മേടിച്ചു തരാം നിങ്ങളും രക്ഷപ്പെടും…. എന്താണ് അഭിപ്രായം…. ഒരു കുഞ്ഞു വരുന്നതല്ലേ അതിനെ കൊല്ലാതെ ഇരുന്നാൽ അതും ജീവിച്ചു പോകും ഈ സുന്ദര ഭൂമിയിൽ….. “” എനിക്കു എല്ലാം കൂടി കേട്ടു കഴിഞ്ഞപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി…. എന്റെ ചോരയിൽ ദൈവം തന്ന കുഞ്ഞിനെ വിൽക്കാൻ ഡോക്ടർ പറയുന്നു… ഡോക്ടറെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കൊല്ലാൻ അല്ലേ ഞാൻ നോക്കിയത്….. എനിക്കു മറുപടി കിട്ടാതെ ഞാനിരുന്നു എന്ത് പറയണം വച്ചു കുഴഞ്ഞപ്പോൾ നീതു ചാടി എഴുന്നേറ്റു കൊണ്ടു പറഞ്ഞു “”ഡോക്ടർ, ആർക്കു വേണ്ടെങ്കിലും എനിക്കു വേണം എന്റെ കുഞ്ഞിനെ…. ഞാൻ കൂലിവേല ചെയ്താണെലും എന്റെ കുഞ്ഞിനെ നോക്കിക്കോളാം….. കുഞ്ഞിന് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ…. എനിക്കു അതു മതി….. “” അത്രയും പറഞ്ഞുകൊണ്ടവൾ ഇറങ്ങി പോയി….. ഡോക്ടറോട് കുഞ്ഞിനെ വേണ്ടെന്നു വെക്കാൻ ചോദിച്ച് പോയതോർത്തു ഞാനും മാപ്പ് പറഞ്ഞിട്ട് കൈകൾ കൂപ്പിക്കൊണ്ട് ഇറങ്ങി അവിടെ നിന്നും…… തിരിച്ചു വരുമ്പോൾ ഞാൻ എന്താണ് ഡോക്ടറോട് പറഞ്ഞത് അറിയാത്തതുകൊണ്ട് നീതു എന്നോടു ഒന്നും മിണ്ടിയില്ല…. വണ്ടി ഒഴിഞ്ഞ സ്ഥലത്തു നിർത്തി ഡോക്ടറോട് പറഞ്ഞ കാര്യം പറഞ്ഞു നീതുവിനെ ഞാൻ കെട്ടിപിടിക്കുമ്പോൾ അവൾക്കു സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു….. “”അച്ഛാ,,, അച്ഛൻ ഇതു എന്ത് ഓർത്തു കിടക്കുകയാണ്…… നേരം കുറെ ആയി…. വാ വന്നു വല്ലതും കഴിക്കു…. എത്ര ദിവസമായി മര്യാദക്ക് ഒന്നു ആഹാരം കഴിച്ചിട്ട്…. വന്നേ എഴുന്നേറ്റു …… “” “”മോളെ മോളുടെ അമ്മ അച്ഛനെ വിട്ടു പോയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല…. ഇന്നേക്ക് ഇപ്പോൾ പതിനാറു ദിവസം കഴിഞ്ഞു അല്ലേ മോളെ അവൾ എന്നെ തനിച്ചാക്കി പോയിട്ട്……””

“”അതിനു അച്ഛൻ തനിച്ചല്ലല്ലോ…. ഞാൻ ഉണ്ട് ഏട്ടന്മാർ ഉണ്ട് ഞങ്ങളുടെ ഒക്കെ മക്കളും പങ്കാളികളും ഉണ്ട്…. പിന്നെ അമ്മ ഒരിക്കലും അച്ഛനെ വിട്ടു പോകില്ല ആ ശരീരം ഇവിടുന്നു പോയാലും…. അത്രക്കും ഇഷ്ടമാണ് അമ്മക്ക് ഞങ്ങളുടെ ഈ കള്ളൻ അച്ഛനെ….. “” “”കാലം എത്ര പെട്ടെന്നു ആണ് മോളെ സഞ്ചരിക്കുന്നത്…. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു….. അതുപോട്ടെ മോളുടെ ഏട്ടന്മാർ എന്ത്യേ അവരെ ഒന്നും കണ്ടില്ലല്ലോ ഇങ്ങോട്ട്….. “” “”അമ്മയുടെ ചടങ്ങ് ഒക്കെ കഴിഞ്ഞില്ലേ അച്ഛാ…. അവർക്കു ജോലിക്ക് പോകണം അതുകൊണ്ട് എല്ലാവരും പോകാൻ ഉള്ള തയ്യാറെടുപ്പു ആണ്…. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ മക്കളുടെ വിദ്യാഭ്യാസം എല്ലാം അവിടെ അല്ലേ…. പിന്നെ എങ്ങനെ ആണ് ഇതിൽ കൂടുതൽ ദിവസം ഇവിടെ…. “” “”അതു ശരിയാണ് മോൾ പറഞ്ഞത്…. എല്ലാവർക്കും അവരൊരുടെ മക്കൾ തന്നെയാണ് വലുത്…. മോൾ ഇന്ന് പോകുമോ അതോ നാളയെ ഉള്ളോ….. “” “”ഞാൻ പോയാൽ കൂടെ അച്ഛനും ഉണ്ടാകും…. അച്ഛൻ കൂടെ വരണം…. എനിക്കു അല്ലെങ്കിൽ സമാധാനം ഉണ്ടാകില്ല അതാണ് അച്ഛാ…… “” “”അച്ഛൻ വരാം മോളെ…. പക്ഷെ ഒരു ആഗ്രഹം ഉണ്ട് അച്ഛനു അമ്മയുടെ അടുത്തു തന്നെ അച്ഛനെയും കിടത്തണം മരിക്കുമ്പോൾ…..അവളുടെ ശരീരം ഇവിടുന്നു പോയല്ലോ ആത്മാവ് ഞാൻ എവിടെ ആണോ അവിടെ തന്നെ ഉണ്ടാകും അതു എനിക്കു ഉറപ്പാണ്….. “”

“”അച്ഛൻ അങ്ങനെ ഇപ്പോൾ മരിക്കണ്ട കുറച്ചു അധികം കാലം ഞങ്ങളുടെ കൂടെ സുഖിച്ചിട്ടൊക്കെ മതി….. അതു കാണുമ്പോൾ അമ്മയ്ക്കും സന്തോഷം ആകും…. “” ഞാനും മോളും കൂടി സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആൺമക്കൾ യാത്ര ചോദിക്കാനായി വന്നു….. ഇടയ്ക്കു ഇടയ്ക്കു എന്നെ വിളിക്കാം എന്നു പറഞ്ഞു സമാധാനിപ്പിച്ചിട്ടു അവർ യാത്ര ആയി…. അവർ പോകുന്നതും നോക്കി ഞാൻ ഇരിക്കുമ്പോൾ മോൾ പറഞ്ഞു…. അച്ഛൻ വാ ചോറെടുത്തു വച്ചിട്ടുണ്ട് അതും പറഞ്ഞു കുഞ്ഞിലേ കളിക്കാൻ എങ്ങനെ ആണോ എന്റെ കൈയ്യിൽ പിടിച്ചു വലിക്കുന്നത് അതുപോലെ എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ ഡൈനിങ് റൂമിലേക്ക്‌ നടന്നു….. ഞാൻ അവളുടെ പുറകെ ചെറുപ്പക്കാരനായ അച്ഛനായി നടക്കുമ്പോൾ ഞാൻ ഓർത്തു ജനിക്കും മുൻപേ കളയണം കരുതിയ മോൾ ആണ് ഇപ്പോൾ ആർക്കും വേണ്ടാത്ത എനിക്കു തുണയായി ഉള്ളത്…. അല്ലേലും പഴമക്കാർ പറയുന്നത് ശരിയാണ് ഒരു മകൾ വേണം മരിച്ചു കിടക്കുമ്പോൾ നെഞ്ചത്തു വീണു കെട്ടിപിടിച്ചു കരയാൻ…

LEAVE A REPLY

Please enter your comment!
Please enter your name here