Home Arun Nair പിന്നെ നിൻറെ ഭാര്യ അല്ലെ ഈ ലോകത്ത് ആദ്യം ആയി ഗർഭിണി ആയേക്കുന്നത്…

പിന്നെ നിൻറെ ഭാര്യ അല്ലെ ഈ ലോകത്ത് ആദ്യം ആയി ഗർഭിണി ആയേക്കുന്നത്…

0

രചന: അരുൺ നായർ

“”അമ്മേ,,, തിണ്ണയും വീടിന്റെ അകവും ഒക്കെ ഒന്ന് തൂത്തു ഇടാൻ ആരോടെങ്കിലും പറ…. എനിക്ക് വയ്യ….”” ഏട്ടത്തി അമ്മയോട് പറഞ്ഞു തിണ്ണയിൽ ഇരുന്നു പത്രം വായിക്കുന്ന ഞാനതു കേട്ടുവെങ്കിലും കേൾക്കാത്ത പോലെ ഇരുന്നു…… അമ്മ പെട്ടെന്ന് തിണ്ണയിലോട്ടു വന്നു….. “”ടാ ഉണ്ണിയെ,,, നിന്റെ കെട്ടിലമ്മ എന്തിയെ….??? അവൾക്കു എഴുന്നള്ളാറായില്ലേ….”” “”അമ്മേ അവൾക്കു തലവേദന ആയതു കൊണ്ട് കിടക്കുന്നതാ….”” “”പിന്നെ എന്നു പറഞ്ഞാൽ നിൻറെ ഭാര്യ അല്ലെ ഈ ലോകത്ത് ആദ്യം ആയി ഗർഭിണി ആയേക്കുന്നത്…..”” “”അമ്മേ ഇവനെ അവൾ പറഞ്ഞു പറ്റിക്കുന്നതാണ് ഈ പൊട്ടന് ഒന്നും അറിയില്ലാത്തത് കൊണ്ട്…..”” ഏടത്തി ഞങ്ങളുടെ സംസാരം കേട്ടിട്ട് ഇടയ്ക്കു കയറി പറഞ്ഞു….. “”എന്റെ ഏടത്തി ഞാൻ അവളോട് പറയാം….. വന്നു വൃത്തി ആക്കി ഇടാൻ…..”” “”വേണ്ടെടാ നീ ഒന്നും പറയണ്ട….. അവൾ അവിടെ കെട്ടിലമ്മ ചമഞ്ഞു കിടന്നോട്ടെ…..”” ഏടത്തിയും അമ്മയും കൂടി ഒരേ സ്വരത്തിൽ ഒരുമിച്ചു എന്നോടു പറഞ്ഞു….. ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റു റൂമിലേക്ക്‌ പോയി……. പോകും വഴി ഏടത്തി പറയുന്നത് കേട്ടു “”അവനെ അവൾ പറഞ്ഞു മയക്കി വെച്ചേക്കുകയാണ്…….കണ്ടാലേ അറിയത്തില്ലേ അവൾ ആള് ഭയങ്കരി ആണെന്ന്…… അമ്മേ,,, പിന്നെ ഒരു കാര്യം ഇങ്ങനെ ഏത് നേരവും ഫാനും ഇട്ടോണ്ട് കിടന്നാൽ കറന്റ്‌ ബില്ല് അങ്ങു ആകാശം മുട്ടെ കയറും അതും എന്റെ കെട്ടിയോൻ വേണം കൊടുക്കാൻ…… അതൊന്നു പറഞ്ഞേക്ക് മരുമകളോട്….. ഞാൻ പറഞ്ഞിട്ട് ഇനി പോര് എടുക്കുക ആണെന്ന് പറയണ്ട…..”” എനിക്ക് ഏട്ടത്തിയോട് തിരിച്ചു നാലെണ്ണം പറയാൻ തോന്നിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു….. അവരേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല…..എല്ലാം എന്റെ കുഴപ്പം കൊണ്ടു സംഭവിച്ചതാണ്….. പ്രേമിച്ച പെണ്ണിനെ കല്യാണം കഴിപ്പിച്ചു തരില്ല എന്ന് പറഞ്ഞപ്പോൾ ഗർഭിണി ആക്കി വലിയ വാശിയോടെ താലി കെട്ടി…..ഒരു കാര്യവും ഇല്ലായിരുന്നു……അവളു ഒരുപാട് തടഞ്ഞത് ആണ് എന്നെ,,,, പക്ഷെ ആ നിമിഷത്തിൽ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല…… ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ രജിസ്റ്റർ ചെയ്‌ത് കൂടെ കൂട്ടി….. തന്റേടത്തോടെ തന്നെ വീട്ടിലേക്കു കയറി വന്നു ….. പക്ഷെ എന്തോ കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം ഉണ്ടായിരുന്ന ജോലി പോയി……ജോലി പോയത് അല്ല കമ്പനി പൂട്ടി പോയി…… അതോടെ കാര്യങ്ങൾ ആകെ അവതാളത്തിൽ ആയി…….ഇപ്പോൾ ചേട്ടൻ ആണ് ചെലവ് മുഴുവൻ നോക്കുന്നത്….. അതിന്റെ വിഷമം ആണ് ഏട്ടത്തിക്ക്….. ഇപ്പോൾ രണ്ടു മാസം ആയി ജോലി ഒന്നും ഇല്ല….. ജോലി നോക്കുന്നുണ്ടെങ്കിലും കിട്ടുന്നില്ല….. ഞാൻ ഓരോന്നും ഓർത്തു മുറിയിലേക്ക് നടന്നു….

ഞാൻ മുറിയിൽ ചെന്നപ്പോൾ അശ്വതി തളർന്നു കിടക്കുക ആയിരുന്നു……ഫാൻ ഇടാതെ വിയർത്തു കുളിച്ചു പാവം കിടക്കുന്നു…… എനിക്ക് അന്നേരം ഒരു കാര്യം മനസിലായി ഏട്ടത്തി ഇതിനു മുൻപ് തന്നെ കറന്റ്‌ ബില്ലിന്റെ കാര്യം പറഞ്ഞിട്ടുണ്ട്….. “”അശ്വതി നീ എന്താ ഫാൻ ഇടാതെ കിടക്കുന്നത്…..???? “” “”ഫാൻ വേണ്ടായിരുന്നു ഉണ്ണിയേട്ടാ……”” “”നിനക്ക് നല്ല സുഖം ഇല്ലേ,,,,,, വിയർക്കുന്നു വിറക്കുന്നും ഉണ്ടല്ലോ, ഒന്നും കഴിച്ചില്ലേ……?????”” “”കഴിച്ചല്ലോ,,,, എനിക്ക് ഒന്നും ഇല്ല ഉണ്ണിയേട്ടാ…… ഉണ്ണിയേട്ടന്റെ സ്നേഹം മാത്രം മതി……അത് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു….. പിന്നെ ഈ അശ്വതി വിളി വേണ്ട പഴയ പോലെ അച്ചൂട്ടി എന്നു വിളിച്ചാൽ മതി അതാണ് എനിക്ക് ഇഷ്ടം…..”” “”ഓഹ് ശരി അശ്വതി അല്ല അച്ചൂട്ടി….. നീ പോയി ആ മുറികളും തിണ്ണയും ഒന്ന് തൂത്തു ഇട്ടിട്ടു വാ….. ഞാൻ ചെയ്തേനെ പിന്നെ അങ്ങനെ ചെയ്താൽ അത് മതി എല്ലാവരും കൂടി നിന്റെ തലയിൽ കയറാൻ….”” തല കുനിഞ്ഞിരുന്നു അതവളോട് ഞാൻ പറയുമ്പോൾ….. എന്റെ തല പിടിച്ചു ഉയർത്തിയിട്ടു അവൾ പറഞ്ഞു “”ഞാൻ ഇപ്പോൾ പോയി ചെയ്യാം ഉണ്ണിയേട്ടാ……. ഉണ്ണിയേട്ടൻ ഒന്നും ഓർത്തു വിഷമിക്കാതെ ഇരുന്നാൽ മതി….”” അതും പറഞ്ഞവൾ അവൾ എഴുന്നേറ്റു തൂത്തു വാരാൻ പോയി…..

ഞാൻ ആലോചിച്ചു ഒരു അഞ്ചു മാസം ആകുക ആയിരുന്നു എങ്കിൽ അവളുടെ വീട്ടിൽ കൊണ്ടേ വിടാമായിരുന്നു….. അവളുടെ വീട്ടിലും വലിയ പൈസ ഒന്നും ഇല്ല….. എന്തായാലും അവർ സ്വന്തം മോളെ കുത്ത് വാക്കുകൾ പറയില്ലല്ലോ….. അതാണ് ഒരു ആശ്വാസം…… ഇങ്ങനെ അപമാനിക്കലും കുത്ത് വാക്കുകളും കേട്ടു കൊണ്ട് ആണ് എല്ലാ ദിവസവും എന്റെ വീട്ടിൽ അവൾ കഴിച്ചു കൂട്ടിയത്……..എല്ലാം സഹിച്ചു ക്ഷമിച്ചു അവൾ എന്റെ കുഞ്ഞിനേയും വയറ്റിൽ ഇട്ടു കൊണ്ട് ജീവിച്ചു….. ഒരു ദിവസം എന്നോട് ഒരു കൂട്ടുകാരൻ പറഞ്ഞു…. “”ടാ ഒരു അറുപതിനായിരം രൂപ ഉണ്ടെങ്കിൽ മൂന്ന് മാസത്തെ വിസിറ്റിംഗ് വിസക്ക് അറബി നാട്ടിൽ പോകാം…..അവന്റെ കൂടെ താമസിക്കാം….. ജോലി എങ്ങനെ എങ്കിലും അതിനുള്ളിൽ കണ്ടു പിടിച്ചാൽ മതി…..”

” എങ്ങനെയും പൈസ ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ രാത്രിയിൽ കിടക്കാൻ നേരം ഞാൻ അശ്വതിയോട് കാര്യം പറഞ്ഞു…. “”അച്ചു വിദേശത്ത് ജോലി നോക്കാൻ ഒരു അവസരം വന്നിട്ടുണ്ട്…… പക്ഷെ എല്ലാം കൂടി ഒരു എൺപതിനായിരം രൂപ ചിലവാണ്….”” “”ഉണ്ണിയേട്ടൻ എന്റെ മാല വിറ്റു പൈസ എടുത്തോ….”” “”അത് വേണ്ട അച്ചു, അതും കൂടി അല്ലെ ഉള്ളു നമുക്കു….”” “”കുഴപ്പമില്ല, രക്ഷപെടാൻ ശ്രമിക്കാൻ വേണ്ടി അല്ലെ……കൊണ്ട് പോയി കൊടുത്തോ….. ജോലിക്കാരൻ ആകുമ്പോൾ ഇതിലും വലുത് മേടിച്ചു തന്നാൽ മതി….”” എന്നും പറഞ്ഞു ചിരിച്ചു അവൾ…. “”എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം അല്ലെ അച്ചൂട്ടി…..”” “”അങ്ങനെ ചെയ്യാം ഉണ്ണിയേട്ടാ…. പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ…. ഉണ്ണിയേട്ടാ,, അടുത്ത മാസം അഞ്ചാം മാസം ആകും ഞാൻ വീട്ടിലോട്ടു പോകുമ്പോൾ പഠിക്കാൻ പോയാലോ….. ഉണ്ണിയേട്ടൻ ഇല്ലാലോ ഇവിടെ…..”” “”അതൊന്നും വേണ്ട അച്ചൂട്ടി….. നീ ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്കിയാൽ മതി….. ഇപ്പോൾ സ്‌ട്രെയിൻ ചെയ്തു ഒന്നും ശരി ആവില്ല…. പഠിത്തവും സ്‌ട്രെയിൻ ഉണ്ടാക്കും അച്ചൂട്ടി….””……..

അങ്ങനെ ആ സുദിനം വന്നെത്തി….. അറബി നാട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്ന ദിവസം…… ഞാൻ അച്ചൂട്ടിയെ അവളുടെ വീട്ടിൽ കൊണ്ടേ വിട്ടിട്ടു അറബി നാട്ടിലേക്കു യാത്ര ആയി…. എല്ലാത്തിനും എന്റെ കയ്യിൽ കഷ്ടിച്ച് പൈസയെ ഉണ്ടായിരുന്നുള്ളു…… അശ്വതിയെ കല്യാണം കഴിച്ചത് കൊണ്ട് വീട്ടിൽ നിന്നും സഹായം ഒന്നും കിട്ടിയില്ല…..

അശ്വതിക്ക് ഒരു ചേച്ചിയും അനിയത്തിയും ഉണ്ട്…… അച്ഛന് ഒരു ചെറിയ വർക്ക്‌ ഷോപ്പ് ഉണ്ട്….. ചേച്ചിയുടെ കല്യാണം നടത്തി പൊളിഞ്ഞു ഇരിക്കുമ്പോൾ ആണ് ഞാനും ആയിട്ട് അശ്വതി ഇങ്ങനെ ആയത്….എന്നാലും ആ നല്ല മനുഷ്യൻ സ്വന്തം മോളെ സ്വീകരിച്ചു വളരെ സ്നേഹത്തോടെ തന്നെ…… അതെന്റെ മനസ്സിന് വളരെ ആശ്വാസം നൽകി എങ്കിലും അറബി നാട്ടിൽ ചെന്നുള്ള എന്റെ ജീവിതം വളരെ ദുരിത പൂർണം ആയിരുന്നു……എല്ലാ ദുഖങ്ങളും സഹിച്ചു ഞാൻ അവിടെ പിടിച്ചു നിന്നു….. ഇടയ്ക്കു ഇടയ്ക്കു അശ്വതിയെ വിളിച്ചു അവളുടെ കാര്യങ്ങൾ തിരക്കി……മാസങ്ങൾ മുൻപോട്ടു

നീങ്ങുന്നുണ്ടായിരുന്നു…… മൂന്ന് മാസം ആയിട്ടും എനിക്ക് ജോലി ഒന്നും ശരി ആയില്ല….. നാട്ടിൽ അശ്വതിക്ക് എട്ടു മാസവും ആയി….. അവളെ വിളിച്ചപ്പോൾ എന്നോട് തിരിച്ചു വരാൻ പറഞ്ഞു….. പക്ഷെ ഒന്നും ആകാതെ എങ്ങനെ തിരിച്ചു ചെല്ലും……എന്റെ ഉള്ളിൽ ആകെ പ്രശ്നങ്ങൾ ആയി……ഞാൻ അശ്വതിയെ പോലെ ഒരു പീറ പെണ്ണിനെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തില്ലായിരുന്നു എങ്കിൽ എനിക്ക് ഈ വിധി വരില്ലായിരുന്നു….. എനിക്കു തന്നെ എന്റെ തീരുമാങ്ങളിൽ ഉണ്ടായ പിഴവിനെ പഴികേണ്ടി വന്നു….. അറബി നാട്ടിലോട്ടു കൊണ്ട് പോയ കൂട്ടുകാരൻ ഒരു മാസത്തേക്ക് വിസ നീട്ടി കിട്ടാൻ ഉള്ള കാര്യങ്ങൾ അവന്റെ കയ്യിൽ നിന്നും ചെയ്തു തന്നു കൂടെ ഒരു വർത്തമാനവും “”” ഇതും കൂടിയേ എന്നെ കൊണ്ട് പറ്റു അത് കഴിഞ്ഞാൽ നീ നിന്റെ കാര്യം നോക്കിക്കൊള്ളണം…….”

“” ഞാൻ എന്റെ ഗതികേട് ഓർത്തു ദുഖിച്ചു….. അവനെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വീട്ടിൽ പ്രാരാബ്ദം ഉള്ളവൻ ആണ് പിന്നെ എങ്ങനെ എന്നെ പോലെ ഒരുത്തനെ ഇതിൽ കൂടുതൽ പോറ്റും….. നീട്ടി കിട്ടിയ ഒരു മാസത്തിന്റെ ഒരു പകുതി ആയപ്പോൾ അശ്വതിയുടെ അച്ഛൻ എന്നെ വിളിച്ചു……പുള്ളിക്ക് വിളിക്കാൻ ഒന്നും അറിയില്ല അശ്വതിയുടെ അനുജത്തി വിളിച്ചു കൊടുത്തത് ആണ്….. “”മോനെ അച്ചുനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കി……. മോൻ പറ്റുവാണെങ്കിൽ പെട്ടെന്ന് വാ….. മാസം തികയാത്തത് കൊണ്ട് സിസേറിയൻ വേണ്ടി വരും …… പൈസയുടെ കാര്യം ഓർത്തു മോൻ ടെൻഷൻ അടിക്കേണ്ട അതെല്ലാം ഞാൻ നോക്കിക്കോളാം…..”” പുള്ളി പറഞ്ഞു നിർത്തുന്നതിനു മുൻപ് ഞാൻ പറഞ്ഞു തുടങ്ങി……എന്റെ ഉള്ളിലെ കോംപ്ലക്സ് വർക്ക്‌ ചെയ്തു എന്നുള്ളതാണ് സത്യം…… പൈസ പുള്ളി എടുത്തോളാം പറഞ്ഞത് എന്റെ കോംപ്ലെക്സിന് മുകളിൽ കയറി നൃത്തം ചവിട്ടി…… പൈസയുടെ കാര്യം പറഞ്ഞതോടെ പുള്ളി എന്നെ ഒന്നും ഇല്ലാത്ത തെണ്ടി ആക്കിയിരിക്കുന്നു ……ഇയാളുടെ മുൻപിൽ പൈസയും ആയി ചെന്നു ഞെളിഞ്ഞു നിൽക്കണം…… വർക്ക്‌ ഷോപ്പ് ജോലിക്കാരൻ ചെറ്റ എന്നെ അപമാനിച്ചിരിക്കുന്നു…… എന്റെ മനസ്സിൽ അപമാനം നിറഞ്ഞു എങ്കിലും ഞാൻ മര്യാദ ഉള്ളവൻ ആയി സംസാരിച്ചു…. “”അച്ഛന് അറിയാലോ ഇവിടുത്തെ അവസ്ഥ….. ഇപ്പോൾ വരുന്നില്ല അച്ഛൻ നോക്കിയാൽ മതി……അശ്വതി സംസാരിക്കാറാകുമ്പോൾ എന്നെ വിളിക്കാൻ പറ….”” “”മോൻ എന്താ മോനെ ഇങ്ങനെ സംസാരിക്കുന്നത്…..????”” എന്റെ വരവ് പ്രതീക്ഷിച്ച പുള്ളിക്ക് അതൊരു ഷോക്ക് ആയെന്നു മറുപടിയിലൂടെ എനിക്കു ബോധ്യമായി….. ”

“ഒരു ഇന്റർവ്യൂന് പോയി മനസ്സ് മടുത്തു ഇരിക്കുക ആയിരുന്നു അതാ പെട്ടെന്ന്……. എന്തായാലും അച്ഛൻ അവളോട് എന്നെ വിളിക്കാൻ പറ…..”” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു….. മൂന്ന് നാല് ദിവസം കഴിഞ്ഞാണ് അശ്വതി വിളിച്ചത്…. “”ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ …. ഉണ്ണിയേട്ടൻ അച്ഛൻ ആയി…. ഉണ്ണിയേട്ടനെ പോലെ ഒരു പൊന്നുണ്ണി കണ്ണൻ….”” എനിക്ക് എന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല…. കുഞ്ഞിനെ കാണാൻ ഉള്ള ആഗ്രഹം എന്റെ മനസ്സിൽ അത് പോലെ ഉണ്ടായി….. പറഞ്ഞു കേട്ടിട്ടുണ്ട് എത്ര ദുഃഖം ഉണ്ടെങ്കിലും സ്വന്തം കുഞ്ഞു ചിരിക്കുന്നത് കണ്ടാൽ അതൊക്കെ പമ്പ കടക്കുമെന്ന്…. എനിക്ക് എന്റെ പൊന്നുണ്ണി കണ്ണനെ കാണാൻ കൊതി ആയി….. “”ഉണ്ണിയേട്ടാ,,,വരുന്നില്ലേ മോനെ കാണാൻ…..”” എന്നുള്ള അശ്വതിയുടെ ചോദ്യത്തിന് മുൻപിൽ കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…… “”എന്തിനാ ഏട്ടാ കരയുന്നെ…..മോൻ ഉണ്ടായതിനു സന്തോഷിക്കാൻ ഉള്ളതിന്….. അച്ഛൻ കരഞ്ഞാൽ പൊന്നു മോന് സങ്കടം ആകും….”” “”അച്ചൂട്ടി ജോലി ഒന്നും ശരി ആയിട്ടില്ല…..ഇനി പത്തു ദിവസം കൂടി ഉള്ളു ബാക്കി….”” “”ഏട്ടൻ ഒന്നും നോക്കണ്ട ഇങ്ങു പോരു….. നമുക്കു ഉള്ളത് കൊണ്ട് മോന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാം…..”‘ അവളുടെ സംസാരത്തിലെ സ്നേഹം എനിക്കു ഒരുപാട് ആത്മവിശ്വാസം നൽകി….

പിന്നെയും കൂട്ടുകാരനെ ബുദ്ധിമുട്ടിക്കാതെ അടുത്ത ദിവസത്തെ വിമാനത്തിന് ഞാൻ പറന്നെത്തി…… എന്റെ പൊന്നുണ്ണിയെ കാണാൻ….. ആശുപത്രിയിൽ പോയി ഞാൻ എന്റെ പൊന്നുണ്ണിയെ ആവോളം കണ്ടു….. അവനെ എടുത്തു നോക്കിയപ്പോൾ എന്റെ മുഖം പോലെ തന്നെ…… എനിക്ക് ഒരുപാട് അഭിമാനം തോന്നി…. ഒരുപാട് സ്നേഹവും തോന്നി അച്ചൂട്ടിയോട്…… എല്ലാവരും വെളിയിൽ ഇറങ്ങി പോയപ്പോൾ ഞാൻ അശ്വതിയോട് ചോദിച്ചു…… “”എങ്ങനെ ജീവിക്കും അച്ചൂട്ടി നമ്മൾ….”” അവൾ ഒന്ന് ചിരിച്ചു….. “”എന്റെ ഉണ്ണിയേട്ടൻ വിഷമിക്കണ്ട……”” എന്നിട്ടു ഒരു ലെറ്റർ എനിക്ക് എടുത്തു തന്നു ഞാൻ അത് തുറന്നു നോക്കിയപ്പോൾ അവൾക്കു ഒരു ബാങ്കിൽ ക്ലാർക്ക് ആയി ജോലി കിട്ടി……പ്രസവം പ്രമാണിച്ചു കുറച്ചു നാൾ കഴിഞ്ഞു ജോലിക്ക് കയറിയാൽ മതി……. ഞാൻ അന്തം വിട്ടു ഇരുന്നപ്പോൾ അവൾ പറഞ്ഞു “”പേടിക്കണ്ട ക്ലാസ്സിൽ ഒന്നും പോയി പഠിച്ചത് അല്ല……വീട്ടിൽ ഇരുന്നു ചെയ്തത് ആണ്…..ഒരു ബുദ്ധിമുട്ടും മോന് ഉണ്ടാകാതെ……’” ഞാൻ എന്റെ അച്ചൂട്ടിയെ കെട്ടിപിടിച്ചു….. അവളുടെ നിഷ്കളങ്കമായ മുഖത്തു ഒരു ഉമ്മ കൊടുത്തു….. മോനെയും അവളെയും ചേർത്തു പിടിച്ചു കിടന്നു…. “”മോനെ,,,, വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്….

“” പുറകിൽ നിന്നും അവളുടെ അച്ഛന്റെ ശബ്ദം…… “”കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ മോൻ പറയാൻ സമ്മതിച്ചില്ല….. അച്ഛന് ഒരു ലോട്ടറി അടിച്ചായിരുന്നു കേട്ടോ ഒരു കോടി രൂപ….. അശ്വതിയുടെ അനുജത്തിയുടെ കല്യാണം നടത്തണം ആ പൈസ കൊണ്ട്……”” അനുജത്തിയുടെ കല്യാണം നടത്തുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു വാടി…. എനിക്കു ഒന്നും തന്നിട്ടില്ല അപ്പോൾ ആണ് അനുജത്തിയുടെ കല്യാണം…. “”പിന്നെ മോന് താല്പര്യം ഉണ്ടെങ്കിൽ ഒരു ബിസ്സിനെസ്സ് ചെയ്യാനും ഉണ്ടാവും അതിൽ പൈസ……. ഞങ്ങൾക്ക് ഈ വയസ്സാം കാലത്ത് എന്തിനാ പൈസ…. നിങ്ങൾ മക്കളും മക്കളുടെ മക്കളും ഒക്കെ അല്ലെ ഞങ്ങളുടെ സ്വത്ത്….”” എനിക്ക് അവിടെ നടന്നത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല….. അത് മനസിലാക്കി എന്റെ അച്ചൂട്ടി എനിക്ക് ഒരു നുള്ള് തന്നു….. നുള്ളിൽ ഉണർന്ന ഞാൻ അച്ചൂട്ടിയുടെ മുഖത്തേക്ക് ഒന്നും കൂടി നോക്കി….. ആ മുഖത്തു എന്നോട് ഉള്ള കളങ്കം ഇല്ലാത്ത സ്നേഹം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു….. അവളെ വേണ്ടായിരുന്നു എന്നു ഒരു നിമിഷം എങ്കിലും തോന്നിപ്പിച്ച എൻ്റെ മനസിനെ ഞാൻ വെറുത്തു പോയി….. അവളുടെ അച്ഛന്റെ ചിരിച്ചു കൊണ്ട് ഉള്ള ഇരിപ്പു കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി….. എൻ്റെ അച്ചൂട്ടിക്ക് ഈ നിഷ്കളങ്ക സ്നേഹം വെറുതെ വന്നു ചേർന്നതല്ല ആ മനുഷ്യന്റെ ജീവിതം കണ്ടു പഠിച്ചത് ആണവൾ…… ഞാൻ മനസ്സിൽ ഒരുപാട് തവണ ക്ഷമ ചോദിച്ചു ആ മനുഷ്യനോട്….. അടുത്ത ജന്മം എങ്കിലും അത് പോലെ ഒരു മനസ്സ് തരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു….. ഇപ്പോൾ ആ മനസ്സ് കിട്ടിയേക്കുന്ന എൻ്റെ അച്ചുകുട്ടിയേം കെട്ടിപിടിച്ചു കൊണ്ട്……

LEAVE A REPLY

Please enter your comment!
Please enter your name here