Home Vipin ബിരിയാണിയെന്നു കേട്ടതേ അവിടെപ്പിന്നെ കൂട്ടക്കാർച്ചയാണ് കേട്ടത്, ജോ അവളുടെ മേലെ ചാടി വീണു, കഴുത്തിൽ പിടിച്ചു...

ബിരിയാണിയെന്നു കേട്ടതേ അവിടെപ്പിന്നെ കൂട്ടക്കാർച്ചയാണ് കേട്ടത്, ജോ അവളുടെ മേലെ ചാടി വീണു, കഴുത്തിൽ പിടിച്ചു ഞെക്കി…

0

രചന : Vipin

” തേച്ച കാമുകന്റെ തിരോധാനവും കാമുകി വച്ച ബിരിയാണിയും ”

നേരം വെളുത്തിട്ട് സമയം എട്ടുമണി, ജോ യുടെ ഫോൺ നിർത്താതെ അടിച്ചു, ഉറക്കം നഷ്ടപ്പെടുത്തിയ കാലന്റെ പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് ജോ ഫോണെടുത്തു, ആൽബിനാണ് ഫോണിൽ,,

” ഡാ ജോ , നീ അനൂപിനെ കണ്ടോ ”

” അവനെന്താ എന്റെ ഭാര്യയോ കാമുകിയോ വല്ലോം ആണോ, അവനെക്കണ്ടോന്നു രാവിലെ എന്നെ വിളിച്ചന്വേഷിക്കാൻ ”

” അതല്ലടാ ജോ, അവന്റെ അമ്മ വിളിച്ചിരുന്നു, മൂന്നു ദിവസമായി വീട്ടിന്നു പോയിട്ടെന്ന പറഞ്ഞെ, നിനക്കെന്തെലും അറിയുമോന്നറിയാൻ ചോദിച്ചതാടെ ”

” മൂന്ന് ദിവസമോ, അവൻ വയനാട്ടിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു, ഏതോ ആദിവാസി കോളനിയിൽ, എന്തോ ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞതായിട്ട് ചെറിയൊരോർമ്മ ”

” ഡാ, മൂന്ന് ദിവസമായിട്ട് ഫോൺ ഓഫാണെന്നാ അവന്റമ്മ പറഞ്ഞെ, നീ ഒന്ന് റെഡിയായി വാ, നമുക്കൊന്ന് നോക്കാം, അവന്റമ്മ ഭയങ്കര കരച്ചിലാരുന്നു, ”

” ശരി, ഞാൻ വരാം ”

കുളിച്ചു റെഡിയായി ജോ അനൂപിന്റെ വീട്ടിലേക്കു പോയി. അവുടെയൊരു ആൾക്കൂട്ടം തന്നെയുണ്ട്, എല്ലാവരും ഫ്രണ്ട്‌സ് ആൻഡ് റിലേറ്റീവ്സ് ആണ്. ഓരോരുത്തരും അഭിപ്രായം പറയുകയാണ്

” എന്ത് ചെയ്യും, നമുക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്താലോ ”

” കംപ്ലയിന്റ് ചെയ്യണം, പക്ഷെ മാക്സിമം അന്വേഷിച്ചിട്ട് മതി, അവന്റെ കാര്യമാണ്, ഇനി ഷൂട്ടിങ് റിസർച്ച് എന്നൊക്കെ പറഞ്ഞ് വല്ല കാട്ടിലുമാണോന്ന് പറയാൻ പറ്റൂല ”

അവിടേക്ക് വന്ന മറ്റൊരാൾ

” നിങ്ങളിവിടെ എന്ത് നോക്കി നിക്കുവാ, അവസാനം ചെക്കന്റെ പല്ല് പോലും ബാക്കി കിട്ടൂല, എല്ലാവരും ഒന്നുത്സാഹിച് നോക്കിക്കേ ”

ആൽബിനെ മാറ്റി നിർത്തി ജോ പറഞ്ഞു

” ഡാ, പുള്ളി പറയുന്നതിയിലും കാര്യമുണ്ട്, ഇതത്ര നിസ്സാരമായി കാണണ്ട കാര്യമല്ല, നമുക്കൊരു കാര്യം ചെയ്യാം, നീ അവന്റെ അമ്മാവനെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പൊ, അവിടെയൊരു കംപ്ലയിന്റ് കൊടുക്ക്, ഞാൻ അവന്റെ ഫ്രണ്ട്‌സ് നെ യൊക്കെ ഒന്ന് വിളിക്കട്ടെ ”

” ഓക്കേ ഡാ, ഞാൻ സ്റ്റേഷനിൽ പോകാം ”

ആൽബിൻ അമ്മാവനുമായി പോലീസ് സ്റ്റേഷനിൽ പോയി, ജോ അവനറിയാവുന്ന ഫ്രണ്ട്സി നെയൊക്കെ വിളിച്ചു. പക്ഷെ വിവരമൊന്നുമില്ല.
സീൻ വഷളായി, അനൂപിന്റെ റിലേറ്റീവ്സ് കൂടിക്കൂടി വന്നു. സ്ത്രീകൾ കരച്ചിലും ബഹളവുമായി.

ജോ അനൂപിന്റെ ഒരു കിടിലോൽ കിടിലൻ ഫോട്ടോ വച്ച് കാണ്മാനില്ലെന്നൊരു എഫ് ബി പോസ്റ്റ്‌ ഇട്ടു. മിനിറ്റുകൾ കൊണ്ട് രസകരവും ഭീകരവുമായ പല തരത്തിലുള്ള കമെന്റ്സ് വരാൻ തുടങ്ങി.

അതിനിടയിലാണ് അനൂപിന്റെ കാമുകിയുടെ ഫ്രണ്ട് ന്റെ കമെന്റ് കണ്ടത്,

” ഡാ, ജോ, കോൾ മീ അർജന്റ് ”

ജോ കമന്റുകാരി അശ്വനിയെ വിളിച്ചു.

” ഡീ, നീയെന്താ വിളിക്കാൻ പറഞ്ഞ് കമെന്റ് ഇട്ടേ, ”

” ഡാ, ചെറിയൊരു പ്രശ്നമുണ്ട്, നീ സംഭവം ഇപ്പോൾ ലീക് ചെയ്യരുത് ”

” നീ കാര്യം പറയെടീ, വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ ”

” ഡാ, സംഭവം വേറൊന്നുമല്ല, അവൻ അവളുമായിട്ട് ചെറുതായിട്ടൊന്നു ഉടക്കിയാരുന്നു, സംഗതി ഇത്തിരി സീരിയസ് ആയിരുന്നു ”

” അതെപ്പോഴും ഉള്ളതല്ലേ, ഇതാണോ വലിയ കാര്യം ”

” അതല്ലടാ പോത്തേ, ഇന്നലെ വിളിച്ചപ്പോൾ അവള് ബിരിയാണി വെക്കുന്ന കാര്യം പറഞ്ഞിരുന്നു, ഇനി അവൻ തേച്ചെന്നു പറഞ്ഞ് അവളവനെ വെട്ടി നുറുക്കി ബിരിയാണി വച്ചോന്നൊരു സംശയം, നീ കാണുന്നില്ലേ, ഫേസ്ബുക് മുഴുവൻ ഇപ്പോൾ തേപ്പ് കിട്ടിയ കാമുകിമാരുടെ ബിരിയാണിയാണ്, ഇനി അവളെങ്ങാനും ”

” അശ്വനിയെ, നീ ഉള്ളതാണോ ഈ പറയുന്നേ, അവനെ കാണാതായിട്ട് മൂന്നു ദിവസമായി ”

” എന്നാൽ ഉറപ്പിച്ചോ, അവളവനെ ബിരിയാണി വച്ചിട്ടുണ്ടാകും ”

ജോ ആൽബിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി.ആൽബിനും ജോയും കൂടി നേരെ അവളുടെ വീട്ടിലേക്ക് പോയി. ഈ സമയം ബിരിയാണി വെക്കുമെന്ന് അമ്മയോട് ബെറ്റടിചിട്ട് പാചകലോകം നോക്കി ബിരിയാണി വെക്കാനുള്ള തയ്യാറെടുപ്പിലാണ് അനൂപിന്റെ കാമുകി രഞ്ജിത. രഞ്ജിതയുടെ വീട് ലക്ഷ്യമാക്കി പറക്കുകയാണ് ജോയും ആൽബിനും…

” ഡാ ജോ, ഉള്ളതാണോ ”

“അത് പോയി നോക്കിയാലല്ലേ അറിയൂ, നീ പേടിക്കണ്ട, ആദ്യം നമുക്ക് പോയി നോക്കാം, സംഭവം സത്യമാണെങ്കിൽ എല്ലാവരെയും അറിയിക്കാം ”

നൂറേ നൂറ്റമ്പതിൽ പാഞ്ഞ ബൈക്ക് അനൂപിന്റെ രഞ്ജിതയുടെ വീട്ടിലെത്തി.

ഡിങ് ഡിങ്, ഡിങ് ഡിങ്

കോളിംഗ് ബെല്ലടിച്ചു, അതാ അവൾ വാതിൽ തുറന്നു, ന്യൂജനറേഷൻ വീട്ടമ്മമാർ ഇടുന്ന കിച്ചൺ ബെറ്റിക്കോട്ട് ഇട്ടിട്ടുണ്ട്, വാതിൽ തുറന്ന രഞ്ജിത അതിശയത്തോടെ

” ജോ, ഇതെന്താ ഈ വഴിക്ക്, കയറി വാ, വാടാ ആൽബിൻ ”

അകത്തേക്ക് കയറിയ ആൽബിൻ സംശയത്തോടെ ചോചിച്ചു

” ഡീ, നീയെന്താ ഈ കോലത്തിൽ ”

” അതെന്താ, എനിക്കീ കോലം പറ്റൂലെ ”

” നീ തമാശ കളഞ്ഞ് കാര്യം പറ”

” ശ്ശെടാ, ഇത് നല്ല കൂത്ത്, ഞാൻ ഇന്നൊരു പാചക പരീക്ഷണത്തിലാണ്, അതിന്റെ കോലമാ ഈ കാണുന്നത്, നിങ്ങൾ വന്നതെന്തായാലും നന്നായി,ഇനി കഴിച്ചിട്ട് പോയാൽ മതി ”

തെല്ല് പരിഭ്രമത്തോടെ ആൽബിൻ ചോദിച്ചു

” നീ എന്താ ഉണ്ടാക്കാൻ പോകുന്നെ ”

” ഹെവി ആണ് മോനെ ഹെവി, അമ്മയോട് ബെറ്റടിച്ചതാ, ഇന്നുച്ചയ്ക്ക് എന്റെ കൈകൊണ്ട് ബിരിയാണി ”

ബിരിയാണിയെന്നു കേട്ടതേ അവിടെപ്പിന്നെ കൂട്ടക്കാർച്ചയാണ് കേട്ടത്, ജോ അവളുടെ മേലെ ചാടി വീണു, കഴുത്തിൽ പിടിച്ചു ഞെക്കി,

” ഡീ, കാട്ടു കള്ളീ, നീ എന്റെ അനൂപിനെ കൊന്ന് ബിരിയാണി വച്ചിട്ട് അത് നമ്മളെ കൊണ്ട് തന്നെ തീറ്റിക്കുമല്ലേടീ ഭദ്രകാളീ, എങ്ങനെ മനസ്സുവന്നെടീ സാമദ്രോഹീ നിനക്ക് ”

ഈ സമയംകൊണ്ട് ആൽബിൻ എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞു, കാർച്ച കേട്ട് രഞ്ജിതയുടെ അമ്മ ഓടി വന്നു. ഓടി വന്ന അമ്മ കണ്ടത് നിലത്ത് വീണ് കിടക്കുന്ന മകളെയും മകളുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചു നിക്കുന്ന ജോയേയും..

ഓടി അടുക്കളയിലേക്ക് പോയ അമ്മ ചിരവയെടുത്തോണ്ട് ഓടി വന്ന് ജോയുടെ തലക്ക് ഒറ്റയടിയാണ്.തലയ്ക്കടി കൊണ്ട ജോ തെറിച്ചു വീണു. ഓടിവന്ന ആൽബിൻ അമ്മയെ തള്ളി മാറ്റി, എന്നിട്ട് രഞ്ജിതയുടെ കാലിൽ പിടിച്ച് വലിച്ചു,,,,,

അകത്തു സിനിമാ സ്റ്റൈൽ അടി നടക്കുമ്പോൾ പുറത്ത് നാട്ടുകാർ തടിച്ചു കൂടി. ആൽബിൻ വിളിച്ച ആൾക്കാർ ഓരോരുത്തരായി എത്തി തുടങ്ങി. എല്ലാവരും ആൽബിനെ പിടിച്ചു മാറ്റി, ജോയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി..

വിവരമറിഞ്ഞു അനൂപിന്റെയും രഞ്ജിതയുടെയും ഫ്രണ്ട്‌സ് വരാൻ തുടങ്ങി, പോലീസ് സ്ഥലത്തെത്തി,ചാനലുകാർ എത്തി. അവള് വച്ച വേകാത്ത ബിരിയാണി ടെസ്റ്റിന് കൊണ്ടുപോയി.

ഇതിനിടെ പുറത്ത് ചാനലുകാർ ന്യൂസ്‌ ലൈവായി വിടാൻ തുടങ്ങി, അവർ അനൂപിന്റെ ഫ്രണ്ട്‌സ് ന്റെ ഇന്റർവ്യൂ എടുക്കാൻ തുടങ്ങി

” കേൾക്കാമോ ദിയ ”

“കേൾക്കാം ഷാജഹാൻ, പറഞ്ഞോളൂ ”

“ഞാനിപ്പോൾ രഞ്ജിതയുടെ വീടിന്റെ മുറ്റത്താണ്, ഇവിടെ അനൂപിന്റെ കാമുകി അനൂപിനെ ബിരിയാണി വച്ചെന്നാണ് ഇവർ പറയുന്നത്, നമുക്ക് അവരിലേക്ക് പോകാം ”

” തീർച്ചയായും ഷാജഹാൻ, നമുക്കവരുടെ വാക്കുകൾ കേൾക്കാം ”

” പറയൂ സഹോദരാ, അനൂപിന്റെ ഫ്രണ്ടാണല്ലേ ”

” അതേ ”

” എത്ര വർഷങ്ങളായിട്ട് അറിയാം ”

” വർഷങ്ങളായിട്ടറിയാം, ഒരുമിച്ചു പഠിച്ചതുമുതലുള്ള ബന്ധമാണ് ”

” നമ്മൾ ഫേസ്ബുക്കിലും വാട്സാപ്പ് ലും ട്രോളിന്റെ രൂപത്തിൽ മാത്രം കണ്ട തേപ്പ് ബിരിയാണി ഇവിടെ കണ്മുന്നിൽ , അനൂപിനെ കാമുകി ബിരിയാണി വച്ചെന്നാണോ നിങ്ങൾ പറയുന്നത് ”

” അതെ ”

” എന്താവാം അതിനുള്ള കാരണം ”

” അതറിയില്ല, ചില ചില പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ടായതായി അറിയാം ”

” ഓക്കേ ഡിയർ, രഞ്ജിത വെർജിൻ ആയിരുന്നോ ”

” അതിപ്പോ അവളോട്‌ തന്നെ ചോദിക്കണം ”

” അത് പോട്ടെ, ഒരുപക്ഷെ രഞ്ജിത നിങ്ങളുടെ കാമുകിയായൊരുന്നെങ്കിൽ അവൾ ഈ സമയത്ത് വെർജിൻ ആയിരുന്നിരിക്കുമായിരുന്നോ ”

” ങേ, അതെ നമ്മൾ സംസാരിക്കുന്നത് അനൂപിന്റെ തിരോധാനത്തെ കുറിച്ചാണ്, അത് പറയൂ ”

” അതെ, അത് തന്നെയാണ് പറയുന്നത്, ദിയ കേൾക്കുന്നുണ്ടോ, ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി തരാൻ ഉറ്റ സുഹൃത്തിനു കഴിഞ്ഞില്ല, രഞ്ജിതയ്ക്കുണ്ടായിരുന്നു എന്ന് അനൂപ് കരുതിയിരുന്ന അവിഹിത ബന്ധമാകാം അനൂപിന്റെ പിന്മാറ്റത്തിന് കാരണം,

അനൂപിന്റെ പിന്മാറ്റമാകാം രഞ്ജിതയുടെ ബിരിയാണിക്ക് കാരണം, പോലീസ് അകത്തെക്ക് കയറ്റി വിടുന്നില്ല, അല്പ സമയത്തിന് ശേഷം കൂടുതൽ വിശേഷങ്ങളിലേക്ക് പോകാം ദിയ,കൊലയാളി രൺജിതയുടെ വീട്ടിൽ നിന്നും കാമറാമാൻ ഷിജുവിനോടൊപ്പം ഷാജഹാൻ ”

” തീർച്ചയായും ഷാജഹാൻ, വളരെ നന്ദി, രഞ്ജിതയുടെ അവിഹിതവും തുടർന്നുള്ള അനൂപിന്റെ പിന്മാറ്റവും പിന്നീടുള്ള അനൂപിന്റെ തിരോധാനവും രഞ്ജിത വച്ച ബിരിയാണിയിൽ അനൂപ് ഉണ്ടന്ന് വളരെ വ്യകതമാകുന്ന തരത്തിലാണ് അനൂപിന്റെ സുഹൃത്തുക്കൾ സംസാരിക്കുന്നത്, വീണ്ടും തിരിച്ചു വരാം, ഷോർട് ബ്രേക്ക്‌ ”

ഈ സമയം ആദിവാസി ഊരിൽ ഷൂട്ടിങ്ങിനു പോയി അവിടെ കുടിലിൽ വാറ്റടിച്ചു ബോധവും കഥയുമില്ലാതെ മായാ ലോകത്ത് മൂന്ന് ദിവസം കഴിഞ്ഞ് അനൂപ് തിരികെ വരികയാണ്.

വരുന്ന വഴി കാമുകിക്ക് കൊടുക്കാൻ പല നിറത്തിലും വർണ്ണത്തിലുമുള്ള പക്ഷിത്തൂവൽ കൊണ്ടുവരുന്നുണ്ട്. ഫോണിൽ ചാർജില്ലാത്ത കാരണം ആശ്വാസമുണ്ട്, ആരുടേയും വിളി വന്നില്ല. തിരികെ നാട്ടിലെത്തി നേരെ പോയത് രഞ്ജിതയുടെ വീട്ടിലേക്കാണ്, പക്ഷി തൂവൽ കൊടുക്കാൻ.

ഓട്ടോ വിളിച്ച് വീടിന്റെ മുന്നിലെത്തിയ അനൂപ് ആൾക്കൂട്ടം കണ്ട് ഞെട്ടി. സംഭവം അറിയാൻ ഓട്ടോക്കാരനോട് ചോദിച്ചു

” ഇവിടെ എന്താ ചേട്ടാ പ്രശ്നം ”

“ഈ വീട്ടിലെ പെൺകുട്ടി ”

ന്ന് പറഞ്ഞു തീരും മുന്നേ പക്ഷിത്തൂവലും വലിച്ചെറിഞ്ഞു എന്റെ രെഞ്ജിയെ ന്ന് നിലവിളിച്ചു അനൂപ് ഒരോട്ടമാണ്. ഓട്ടോ കാശുമേടിക്കാൻ ഓട്ടോക്കാരൻ പിന്നാലെയും.

രഞ്ജിതയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ഒരുങ്ങി നിൽക്കുന്ന പോലീസ്, അവളെ കൊല്ലണ്ട ദേഷ്യത്തിൽ നിൽക്കുന്ന കൂട്ടുകാർ, ഒരു കയ്യിൽ വിലങ്ങും ഒരു കയ്യിൽ വേവാത്ത ബിരിയാണിയും…

ഈ ഞെട്ടിക്കുന്ന കാഴ്‌ച ചാനലിൽ ലൈവായി കാണുമ്പോൾ, രെഞ്ജിതയെ അറെസ്റ്റ്‌ ചെയ്‌തെന്ന റിപ്പോർട്ടറുടെ വിവരണം പൊടി പൊടിക്കുമ്പോൾ പറന്ന് പൊങ്ങിയ പക്ഷിത്തൂവൽ താഴേക്ക് വരുമ്പോൾ ബിരിയാണിയായ കാമുകൻ ജീവനോടെ മുറ്റത്തു നിൽക്കുന്നു.

എല്ലാവരും കണ്ണ് തള്ളി നിൽക്കുന്നു, ജീവനോടെ രഞ്ജിതയെ കണ്ടപ്പോൾ അനൂപ് ഓടിവന്ന് കെട്ടിപ്പിടിച്ചു നിലത്ത് കിടന്ന് ഉരുളുന്നു, എല്ലാവരും വിജ്രംഭിച്ചു നിക്കുന്നു.

ചാനെൽ അവതാരകൻ

” ദിയ, കാണൂ, കൺകുളിർക്കെ കാണൂ, തല്ലിക്കൊന്നു ബിരിയാണി വച്ചെന്ന് ആരോപിച്ച രെഞ്ജിതയുടെ കാമുകൻ ജീവനോടെ തിരികെയെത്തിയിരിക്കുന്നു, ദിവസങ്ങളുടെ അകൽച്ചയിൽ അവരുടെ സ്നേഹപ്രകടനം കാണൂ, അവർ നിലത്ത് കിടന്നുരുളുന്നു, ഇതാണ് കാമുകൻ, ഇതാണ് കാമുകി ”

രെഞ്ജിതയുടെ പേരിൽ കേസ് കൊടുത്ത ആ വീട്ടിൽ അപ്പോഴുണ്ടായിരുന്ന എല്ലാവരെയും അവിടെ വച്ചുതന്നെ പോലീസ് അറെസ്റ്റ്‌ ചെയ്തു.തലക്ക് ചിറവക്കടി കിട്ടിയ ജോ ഡിസ്ചാർജ് ആകുന്നതും കാത്തു പോലീസ് ഹോസ്പിറ്റൽ വരാന്തയിൽ നിൽക്കുന്നു.

ഗജ ഗംഭീരമായ ചർച്ചയ്ക്കു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ കല്യാണം നടത്തണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് അനൂപിന്റെ അമ്മ അവിടെ നിന്ന് പോയത്.പിന്നെ കല്യാണം കഴിയുന്നവരെ പുറകിൽ നിന്ന് മാറീട്ടില്ല, പുറത്ത് വിട്ടിട്ടുമില്ല,

രെഞ്ജിതയുടെ അമ്മ അവളെക്കൊണ്ട് കല്യാണം കഴിയുന്നവരെ ചായ പോലും വപ്പിച്ചിട്ടില്ല ,, ശുഭം, സന്തോഷം

രചന : Vipin

LEAVE A REPLY

Please enter your comment!
Please enter your name here