Home Mridula Murali ഒരിക്കൽ പോലും ഇഷ്ടം പങ്കുവെച്ചിട്ടില്ല..എങ്കിലും ചില ഇഷ്ടങ്ങൾ അറിയാൻ ചില നോട്ടങ്ങൾ പോലും മതിയാവും…

ഒരിക്കൽ പോലും ഇഷ്ടം പങ്കുവെച്ചിട്ടില്ല..എങ്കിലും ചില ഇഷ്ടങ്ങൾ അറിയാൻ ചില നോട്ടങ്ങൾ പോലും മതിയാവും…

0

രചന : Mridula Murali

പതിവ് സമയത്തു തന്നെ രാത്രി ഉറങ്ങാൻ കിടന്നിട്ടും അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..

ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത വിധം എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചിരുന്നു ചില ഓർമ്മകൾ.

വൈകിട്ട് വെറുതെ മുഖപുസ്തകത്തിൽ നോക്കിയിരുന്നപ്പോഴാണ് അവന്റെ ഒരു പോസ്റ്റ്‌ കാണുന്നത്.

അരവിന്ദ്.. അതായിരുന്നു അവന്റെ പേര്.

കോളേജിൽ പടിക്കുമ്പോഴുള്ള പരിചയം.. വെറുമൊരു പരിചയത്തിനും സുഹൃദ്ബന്ധത്തിനും അപ്പുറം ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു എനിക്കവനെ..

അവനും അങ്ങനെ തന്നെ ആയിരുന്നു.

ഒരിക്കൽ പോലും ഇഷ്ടം പങ്കുവെച്ചിട്ടില്ല..എങ്കിലും ചില ഇഷ്ടങ്ങൾ അറിയാൻ ചില നോട്ടങ്ങൾ പോലും മതിയാവും.

നല്ല സാമൂഹ്യബോധവും, ആദർശങ്ങളും, ഒക്കെയുള്ള അവനെ എപ്പോഴാണ് ഇഷ്ടപ്പെട്ടുതുടങ്ങിയത് എന്നോർമ്മയില്ല.

കോളേജ്മുറികളിലെ വരാന്തകളിൽ വെച്ചും ബസ് സ്റ്റോപ്പുകളിൽ വെച്ചും പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയിരുന്നു.

അവന്റെ സാന്നിധ്യം കൊണ്ട് മാത്രം ഞാൻ സന്തോഷവതിയാവുമായിരുന്നു..

പ്രണയങ്ങളോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു..എന്നിട്ടും ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു അവനെ.

കോളേജ് കഴിഞ്ഞു പിരിഞ്ഞു പോകുമ്പോഴും, ഒരിക്കലെങ്കിലും അവന്റെ ഇഷ്ടം തുറന്നുപറയുമെന്ന് ആഗ്രഹിച്ചിരുന്നു.

പക്ഷേ… ഒന്നും പറയാതെ അവൻ മടങ്ങി.

ഒരുപക്ഷേ പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും.. അല്ലെങ്കിൽ,, ഒരുപാട് ലക്ഷ്യങ്ങൾക്ക് നേർ പായുന്ന അവന്റെ ജീവിതയാത്രയിൽ ഞാൻ ഒരു ഭാരമായി തോന്നിയിട്ടുണ്ടാകാം..

ഇനി ഒരിക്കലും സ്വന്തമാക്കാനാവില്ലെന്ന് അറിഞ്ഞിട്ടും എന്റെ ഇഷ്ടം അങ്ങനെ തന്നെ നിലനിന്നു.

അവസാനം വിധി കാണിച്ചു തന്ന ഒരു ഹൃദയത്തെ താലിചരടിൽ കോർത്തപ്പോഴും എന്നിൽ നിരാശയായിരുന്നില്ല.. ദേഷ്യമായിരുന്നു എന്നോടും അവനോടും..
ഇത്രയധികം ആദർശങ്ങൾ ഉള്ള ഒരാൾ ആ സമയം നിശബ്ദമായതോർത്ത്..

പിന്നീട് ആലോചിച്ചപ്പോൾ
ആ കലാലയ ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ അനുഭൂതികളും എന്റെ വെറും തോന്നലാകും എന്ന് തന്നെ കരുതി.. ഒരിക്കലും തുറന്നുകാണിക്കാത്ത ആ ഹൃദയത്തിൽ എന്നോടുള്ള സ്നേഹമെന്നു കരുതിയ ഞാൻ വെറും മണ്ടിയാണെന്നു കരുതി സ്വയം കുറ്റപ്പെടുത്തി..

പക്ഷേ പിന്നീടാണ് ഞാൻ അവനെ കൂടുതൽ തിരിച്ചറിയുന്നത്. അഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും,,പലപ്പോഴും അവന്റെ ഹൃദയത്തിൽ നിന്നും വിടർന്ന കവിതകളിൽ ഞാനിന്നും എന്നെ കാണാറുണ്ട്.

ആ ഹൃദയത്തിൽ ഞാൻ മാത്രം ഉള്ളു എന്നറിയുമ്പോൾ മനസ്സ് പിടയാറുണ്ട്.

ഇന്നവന്റെ ഫേസ്ബുക് കവിതയിൽ.. സ്വന്തമാക്കാൻ കഴിയാതെ പോയ ഒരു വസന്തമായി ഞാൻ വർണ്ണിക്കപ്പെട്ടപ്പോൾ,, ആ വസന്തമാകാൻ കഴിയാതെ പോയതിൽ വിലപിച്ചിരുന്നു എന്റെ ഹൃദയം..

അവന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടാക്കിയ വിടവ് മാറ്റാൻ മറ്റൊരു ഹൃദയത്തിനും ഇതുവരെ കഴിഞ്ഞില്ലെന്നറിയുമ്പോൾ..മോശം സാഹചര്യങ്ങളുടെ രൂപത്തിൽ വന്ന വിധിയെ പോലും ഞാൻ ശപിച്ചുപോകുകയാണ്..

ഇഷ്ടമുള്ളത് കിട്ടുമ്പോഴല്ല.. കിട്ടുന്നത് ഇഷ്ടപെടുമ്പോഴാണ് ജീവിതം ജീവിതമാകുന്നത് എന്ന് പലരും പറയുമ്പോഴും… അങ്ങനൊരു വിധി ഇനിയാർക്കും ഉണ്ടാവല്ലേന്ന് മാത്രേ ഉള്ളു മനസ്സിൽ..

എത്രയെത്ര ഹൃദയങ്ങൾ ആണ് ഇത്തരം വിധികളിൽ നീറുന്നത്…

എന്റെ ഹൃദയത്തിൽ എന്നും അവനുണ്ടെന്ന് ഒരിക്കലും പറയുവാൻ എനിക്കാവില്ല..

എങ്കിലും അവന്റെ വരികൾക്ക് മറുപടിയെന്നോണം.. എന്നിലും വിരിയാറുണ്ട് ചില മൗനമായ ഈണങ്ങൾ.. പറയാൻ കഴിയാതെ പോയ ഇഷ്ടത്തിന്റെ ഈണങ്ങൾ…

(സാങ്കല്പിക കഥ )

രചന : Mridula Murali

LEAVE A REPLY

Please enter your comment!
Please enter your name here