Home സമീർ ചെങ്ങമ്പള്ളി ഞാൻ എന്റെ കൊച്ചിന്റെ അച്ഛനാകാൻ പോകുന്നു എന്ന സത്യംപോലും മനസ്സിലാക്കിയത് മാസം അഞ്ചു കഴിഞ്ഞതിന് ശേഷം...

ഞാൻ എന്റെ കൊച്ചിന്റെ അച്ഛനാകാൻ പോകുന്നു എന്ന സത്യംപോലും മനസ്സിലാക്കിയത് മാസം അഞ്ചു കഴിഞ്ഞതിന് ശേഷം മാത്രമാണ്….

2

നെവർ മൈൻഡ് ഭാര്യ

രചന : സമീർ ചെങ്ങമ്പള്ളി

അവളുടെ കല്യാണത്തിന് നല്ല സദ്യയുണ്ണാമെന്ന് കരുതി പോയതായിരുന്നു, ഒടുക്കിലവസാനം കല്യാണം എന്റെ വീട്ടിലേക്ക് മാറ്റേണ്ടി വന്നു, അവളെന്റെ തലയിലുമായി.

ലോകത്തുള്ള സകലപെണ്ണുങ്ങളും അവളെപോലെയാണോ എന്നെനിക്കറിയില്ല,കാരണം എല്ലാ സസ്‌പെൻസും ക്ളൈമാക്സിലെ അവൾ പുറത്തുവിടുകയുള്ളൂ, ഞാൻ എന്റെ കൊച്ചിന്റെ അച്ഛനാകാൻ പോകുന്നു എന്ന സത്യംപോലും മനസ്സിലാക്കിയത് മാസം അഞ്ചു കഴിഞ്ഞതിന് ശേഷം മാത്രമാണ്….

അനുദിനം വീർത്തുവന്നിരുന്ന അവളുടെ വയറിൽ കൗതുകത്തോടെ തലോടിക്കൊണ്ട് ഞാൻ ഒരിക്കൽ ചോദിച്ചു

“നിന്റെ വയറെന്താ ഇങ്ങനെ വീർത്തുവരുന്നത്,വല്ല അസുഖവുമുണ്ടോ?? ”

“ഈ അസുഖം പേടിക്കാനൊന്നുമില്ലന്നേ, നാലു മാസം കഴിഞ്ഞ് ഇത് നിങ്ങളെ കയ്യിൽ വച്ചു തരുമ്പോൾ ഞെട്ടിയേക്കരുത് പറഞ്ഞേക്കാം ”

അവൾ നാണത്തോടെ നഖം കടിച്ചത് പറഞ്ഞതും ഞാൻ തലചുറ്റി പിറകിലേക്ക് വീണു…

“എന്നിട്ട് നീ ഇപ്പോഴാണോ ഇത് പറയുന്നത് ശവമേ???”

“അത്… ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതീട്ടാ, കുഴാപ്പയോ??… ”

കുഴപ്പം പിന്നീടാണുണ്ടായത്, നാട്ടുകാരും വീട്ടുകാരുമെല്ലാം അവളെ വളഞ്ഞിട്ട് ചീത്തപറയാൻ തുടങ്ങി, അവളുടെ അശ്രദ്ധകൊണ്ടെന്തെങ്കിലും കൊച്ചിന് സംഭവിച്ചിരുന്നെങ്കിൽ അവരെല്ലാവരും കൂടെ അവളെ കല്ലെറിഞ്ഞ് കൊന്നേനെ…

പക്ഷേ ഇത്രയൊക്കെ സംഭവിച്ചിട്ടും അവളുണ്ടോ മാറുന്നു, അവളിപ്പോഴും എല്ലാ കാര്യത്തിലും never mind ആണ്, അത് ആശുപത്രിയിൽ പോകുന്ന കാര്യത്തിലാണെങ്കിലും മരുന്ന് കുടിക്കുന്ന കാര്യത്തിലാണെങ്കിലും ശെരി…

ഞാനും അവളും ഒരേ ക്‌ളാസിലാണ് കോളേജ് വരെ പഠിച്ചിരുന്നത്, അവളുടെ ഈ അലസത കണ്ടു ശീലമായത്കൊണ്ടാകണം ടീച്ചേഴ്‌സും കുട്ടികളുമൊക്കെ അവളെ never mind സീത എന്നാണ് വിളിച്ചിരുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും അവൾക്കെന്നോട് അടങ്ങാത്ത പ്രണയമായിരുന്നു, എനിക്കവളോടും. ഒരു ദിവസം അവളെന്നോട് മുഖവുരയില്ലാതെ വെട്ടിത്തുറഞ്ഞു പറഞ്ഞു

“ഡാ പൊട്ടാ… നിന്നെ ഞാൻ പ്രേമിക്കുന്നുണ്ടോ എന്നൊരു സംശയം, എന്താ നിന്റെ അഭിപ്രായം ”

“നീ പോടീ നെവർ മൈൻഡേ…നിന്നെപ്പോലെ ഒരു ഭ്രാന്തിയെ പ്രേമിക്കുന്നതിനേക്കാളും നല്ലത് പരശുറാം എക്സ്പ്രസിന് തലവെക്കുന്നതാ…. ”

ഞാനത് പറഞ്ഞവസാനിപ്പിച്ചതും അവളുടെ മുഖം വിവർണ്ണമായി, കണ്ണുകൾ നിറഞ്ഞൊഴുകി, ജീവിതത്തിൽ ആദ്യമായി അവളൊരു പരാജയത്തെ ഗൗരവത്തോടെ
എടുക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ചിരിപൊട്ടി.

അതായിരുന്നു ഞാൻ നെവർ മൈൻഡ് സീതയ്ക്ക് നൽകിയ ആദ്യത്തേതും അവസാനത്തേതുമായ ഒരു “സർപ്രൈസ് ചെക്ക് “….

എന്റെ ചെക്കിന് മറുചെക്ക് വെക്കാൻ കൂടുതലൊന്നും കാത്തിരിക്കേണ്ടി വന്നില്ല അവൾക്ക്, ദിവസങ്ങൾക്കുള്ളിൽ എന്റെ വീട്ടിലേക്ക് അവളുടെ ഒരു കത്തും കൂടെ ഒരു കല്യാണക്കുറിയും…

“ഡാ പൊട്ടാ, അടുത്ത മാസം നാലാം തീയതി എന്റെ കല്യാണമാണ്, സമയമുണ്ടെങ്കിൽ വയറുമുട്ടെ തിന്നാൻ വായോ… ”

അവളുടെ കത്ത് വായിച്ചതും എന്തൊപോയ അണ്ണാനെപ്പോലെ ഞാൻ തലങ്ങും വിലങ്ങും ഗത്യന്തരമില്ലാതെ നടന്നു,അവളുടെ ഈ കൗണ്ടർ അറ്റാക്കിങ് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
സുഹൃത്തക്കളെല്ലാം ഒരു പോംവഴി കണ്ടെത്താൻ സഹായിക്കുന്നതിന് പകരം എന്നെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്…

“നീയല്ലാതെ നെവർ മൈൻഡിനോട് ചെക്ക് വെക്കാൻ നിൽക്കുമോ, പോയത് പോയി, ഇനി അവൾ പറഞ്ഞപോലെ കല്യാണത്തിനുപോയി മൂക്ക് മുട്ടെ തിന്ന് അവളോടുള്ള അരിശം തീർക്ക്… ”

അവളെ നഷ്ടമാകുന്നത് ആലോചിക്കാൻപോലും ശേഷിയില്ലാതിരുന്ന ഞാൻ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു, മൂക്ക് മുട്ടെ കള്ളുകുടിച്ച് ബീച്ചിൽ കിടന്നുറങ്ങാൻ തുടങ്ങി.

അങ്ങനെ ആ കല്യാണദിവസം വന്നെത്തി, തലേ ദിവസത്തെ കെട്ടിറങ്ങുന്നതിന് മുൻപേ ഞാൻ അവളുടെ വീട്ടിലേക്ക് ആടി ആടി നടന്നു ചെന്നു.

മുഹൂർത്തത്തിന് സമയമായിട്ടും വരനും വീട്ടുകാരും എത്താൻ വൈകുന്നതിന്റെ ടെൻഷനിലായിരുന്നു അവളുടെ അച്ഛനും ആങ്ങളമാരും, പെട്ടന്നാണ് ഒരമ്മാവൻ നിലവിളിച്ചുകൊണ്ടോടിവന്നത്,

“ചെക്കൻ മറ്റൊരു പെണ്ണിന്റെ കൂടെ ഓടിപ്പോയെ,… ”

കല്യാണവീട് ഒരു നിമിഷംകൊണ്ട് മരണവീടുപോലെ നിശ്ചലമായി, അവളുടെ അച്ഛനും അമ്മയും നെഞ്ചിൽ കൈവെച്ചു പൊട്ടിക്കരയുന്നതിനിടെ നമ്മുടെ നെവർ മൈൻഡ്

“അയ്യേ, ഇതിനൊക്കെ ഇങ്ങനെ കരഞ്ഞാലോ, ചെക്കൻ ഇന്നലെ തന്നെ എന്നെ വിളിച്ചിരുന്നു, അവൻ ഏതോ പെണ്ണിന്റെ കൂടെ ഒളിച്ചോടാണെന്നും പറഞ്ഞ്, ഞാനതൊക്കെ ഒരു സ്പിരിറ്റിലെടുത്തു… ”

നെവർ മൈൻഡ് അത് പറഞ്ഞു തീർത്തതും അച്ഛനും അമ്മയും ആങ്ങളമാരും അവളെ കൊത്തിനുറുക്കാനുള്ള ആവേശത്തോടെ കയ്യും മുഖവും വിറപ്പിച്ചു നിന്നു, അതോടെ നെവർ മൈൻഡിന്റെ പിരിവെട്ടി…

“ദൈവമേ, കുഴാപ്പയോ… നിങ്ങൾ പേടിക്കേണ്ട, എന്നെ കെട്ടാൻ തയ്യാറുള്ള ഒരാൾ ഈ കല്യാണത്തിന് വന്നിട്ടുണ്ട്… ”

അവൾ എന്റെ നേരെ വിരൽ ചൂണ്ടി, പിന്നീട് നടന്നതൊന്നും എന്റെ ഓർമയിൽ ഇന്നും വ്യകതമല്ല, അവർ കൂടിയാലോചിക്കുന്നു, എന്റെ അച്ഛനെ ഫോണിൽ വിളിക്കുന്നു, അച്ഛൻ വന്നതും ചർച്ച തന്നെ ചർച്ച…

അവൾ പൊട്ടിച്ച ആദ്യ വെടിയിൽ തന്നെ എന്റെ ചെവിക്കല്ല് പൊട്ടിയതിനാൽ മറ്റുള്ളവർ സംസാരിക്കുന്നതും ചോദിക്കുന്നതുമെല്ലാം ഒരു ഈച്ച മൂളുന്നതുപോലെ മാത്രമേ ഞാൻ കേൾക്കുന്നുണ്ടായിരുന്നോള്ളൂ….

ഒടുവിൽ കെട്ടും കഴിഞ്ഞ് എന്റെ തലയിൽ വെള്ളവുമൊഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുപോയി.ആദ്യ രാത്രി ഞാനവളോട് ചോദിച്ചു

“അല്ലയോ നെവർ മൈൻഡ് കുമാരി, നീയിന്നലെ തന്നെ എന്നെ വിളിച്ചിതു പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വബോധത്തോടെ അങ്ങോട്ട് വരുമായിരുന്നല്ലോ,ഇതിപ്പോൾ ഞാനൊരു മുഴു കുടിയനാണെന്ന് നാട്ടുകാരറിഞ്ഞില്ലേ, വീട്ടുകാരറിഞ്ഞില്ലേ???,, കെട്ടിറങ്ങാത്തതുകൊണ്ട് നിന്നെ കെട്ടിയതൊന്നും എന്റെ ഓർമ്മയിൽ ഇല്ല… ”

“അതിൽ ഒരു സർപ്രൈസ് ഇല്ലല്ലോ മാത്രമല്ല, മുഴുകുടിയാണെന്ന് നാട്ടുകാർ മൊത്തം മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങൾക്കിനി വേറെ പെണ്ണ് കിട്ടുമോ, എങ്ങനെയുണ്ട് എന്റെ ബുദ്ധി ഏട്ടാ”

പൊട്ടനിൽ നിന്നും ഏട്ടനിലേക്ക് അവളുടെ വിളി മാറിയപ്പോൾ ഞാൻ എന്റെ ചെവിയിൽ അമർത്തി ഞൊട്ടി, ഹലോ ചെവി ടെസ്റ്റിംഗ്, ഇന്നലത്തെ കെട്ട് വിട്ടില്ലേ ഈശ്വരാ…

എന്റെ അങ്കലാപ്പ് കണ്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി….

സമീർ ചെങ്ങമ്പള്ളി

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here