Home Samuel George മനസ്സില്‍ കത്തിക്കാളുന്ന കാമാസക്തിക്കൊപ്പം നിയന്ത്രണാതീതമായ പിരിമുറുക്കവും പേറിയാണ് ഞാന്‍ ആ നഗരത്തിലെത്തിയത്

മനസ്സില്‍ കത്തിക്കാളുന്ന കാമാസക്തിക്കൊപ്പം നിയന്ത്രണാതീതമായ പിരിമുറുക്കവും പേറിയാണ് ഞാന്‍ ആ നഗരത്തിലെത്തിയത്

0

ഒരു വേശ്യയുടെ മരണം

രചന : Samuel George

മനസ്സില്‍ കത്തിക്കാളുന്ന കാമാസക്തിക്കൊപ്പം നിയന്ത്രണാതീതമായ പിരിമുറുക്കവും പേറിയാണ് ഞാന്‍ ആ നഗരത്തിലെത്തിയത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങി പുറപ്പെടുന്നത്. വീട്ടിലറിഞ്ഞാലത്തെ സ്ഥിതി ചിന്തിക്കാനെ വയ്യ. പക്ഷെ നിയന്ത്രിക്കാനാകാത്ത വികാരവും ഉദ്വേഗവും മനസ്സിനെയും ശരീരത്തെയും പൂര്‍ണ്ണമായി കീഴ്പ്പെടുത്തിയപ്പോള്‍ അതെല്ലാം അവഗണിച്ചു. കാമസുഖാസക്തിയുടെ പൂര്‍ണ്ണ വരുതിയിലാണ് ഞാനിപ്പോള്‍. നാളുകളായി മനസ്സിലിട്ടു താലോലിക്കുന്ന മോഹം പൂവണിയാന്‍ ആദ്യമായി ഒരു മാര്‍ഗ്ഗം തെളിഞ്ഞിരിക്കുന്നു.

“ഡേയ്..കല്യാണം കഴിക്കുന്നതിന് മുന്‍പ്, നിനക്കതിനൊക്കെയുള്ള കഴിവുണ്ടോ എന്നൊന്നറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ വെറുതെ ഒരു പെണ്ണിന്റെ ജീവിതം നീയായി നശിപ്പിക്കേണ്ടി വന്നാലോ?”

ആത്മാര്‍ത്ഥ സുഹൃത്ത് ഒരിക്കല്‍ നല്‍കിയ ഉപദേശമാണ്. ആ വാദഗതിയല്ല പക്ഷെ തന്നെ ഇതിലേക്ക് നയിച്ചത്. ആസക്തി തന്നെയാണ്. ഏറെ നാളുകളായി ഉള്ളിലെരിയുന്ന മോഹം; സ്ത്രീസുഖം അറിയണം. ഇപ്പോള്‍ അതിനുള്ള വഴി അപ്രതീക്ഷിതമായി ലഭിച്ചിരിക്കുകയാണ്. ആ സ്ത്രീയെ ഇന്നലെ ഒരു നോക്ക് കാണാന്‍ പറ്റി. കണ്ടതുമുതല്‍ ആ രൂപം മനസ്സില്‍ നിന്നും മായുന്നേയില്ല. എത്ര സുന്ദരിയാണ് അവര്‍. അവരെപ്പോലെ ഒരു സ്ത്രീയെ ഭാര്യയാക്കാന്‍ പോലും താന്‍ മടിച്ചെന്ന് വരില്ല.

ബൈക്ക് ഒരു ബാങ്കിന്റെ മുന്‍പില്‍ വച്ചിട്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള അവരുടെ വീട്ടിലേക്ക് നടന്നാണ് പോയത്. എന്തോ ബൈക്കില്‍ പോകാനൊരു മടി. അവിടേക്ക് ഞാന്‍ ചെല്ലുന്നത് രഹസ്യമായിട്ടായിരിക്കണം. ഈ ബൈക്കിന് വലിയ ശബ്ദമാണ്. ഒരു കിലോമീറ്റര്‍ ചെന്നാല്‍ പ്രധാന റോഡില്‍ നിന്നും ഉള്ളിലേക്ക് പോകുന്ന ചെറു റോഡ്‌. അതിലെ മുന്‍പോട്ടു ചെന്ന് നാല് വീടുകള്‍ക്ക് അപ്പുറം വലതു വശത്തേക്ക് പോകുന്ന മറ്റൊരു ചെറിയ വഴി. ഒരു കാറിനു പോകാന്‍ തക്ക വീതിയുള്ള ആ ഇടവഴി അവസാനിക്കുന്നത് അവരുടെ വീട്ടിലാണ്. ഇടനിലക്കാരന്‍ അവരോട് എല്ലാം പറഞ്ഞിട്ടുണ്ടത്രേ. പതിനൊന്നു മണിക്ക് അവിടെ എത്തണം. ഇപ്പോള്‍ പത്ത് അമ്പത് കഴിഞ്ഞിരിക്കുന്നു.

ഞാന്‍ നടന്നു. അവരുടെ വീട്ടിലേക്കുള്ള ദൂരം കുറയുന്തോറും മനസ് കൈമോശം വരുകയാണ്. വര്‍ദ്ധിച്ചു വരുന്ന ആധിയും പിരിമുറുക്കവും. അതിനും മീതെ സിരകളില്‍ കത്തിപ്പടരുന്ന കാമം. പെണ്ണെന്ന രഹസ്യത്തെ ആദ്യമായി നേരില്‍ അറിയാന്‍ പോകുന്നവന്റെ വീര്‍പ്പുമുട്ടല്‍. അതും വെറുമൊരു പെണ്ണല്ല, സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമാണ് അവര്‍. എത്ര വയസ്സ് പ്രായം കാണും അവര്‍ക്ക്? മുപ്പതിലധികം ഉറപ്പായുമുണ്ട്. പക്ഷെ ഒറ്റ നോട്ടത്തില്‍ ഒരു ഇരുപത്തിയഞ്ചില്‍ അധികം മതിക്കില്ല. തന്നെക്കാള്‍ പ്രായമുള്ള സ്ത്രീയാണ്. അയാള്‍, ആ ഇടനിലക്കാരന്‍ പറഞ്ഞില്ലായിരുന്നു എങ്കില്‍ അവര്‍ സ്വശരീരം വിറ്റ്‌ ജീവിക്കുന്നവരാണ് എന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കില്ലായിരുന്നു. നിഷ്കളങ്കമായ മുഖം; വടിവൊത്ത സ്വര്‍ണ്ണ നിറമുള്ള ശരീരം. എന്റെ ദേഹം പെരുത്തു. പോക്കറ്റില്‍ പരതി. പണം അവിടെത്തന്നെയുണ്ട്‌. അയ്യായിരം രൂപ. വളരെ കൂടുതലാണ്. പക്ഷെ അവരെപ്പോലെ ഒരു സ്ത്രീയ്ക്ക് അത് തീരെ കുറവാണ്.

പ്രധാന റോഡില്‍ നിന്നും ഉള്ളിലേക്കുള്ള വഴിയെ തിരിഞ്ഞപ്പോള്‍ ഉള്ളൊന്നു കാളി. പരിചയക്കാര്‍ ആരെങ്കിലും തന്നെ കാണുന്നുണ്ടോ? ചുറ്റും ഭീതിയോടെ നോക്കി. ഏയ്‌, വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള ഈ സ്ഥലത്ത് തന്നെ ആരറിയാന്‍? വലിയ വീടുകളും അവയ്ക്ക് ചുറ്റും മതിലുകളും കെട്ടി അതിനുള്ളിലെ ലോകത്ത് സ്വാര്‍ത്ഥരായി കഴിയുന്ന മനുഷ്യര്‍ക്ക് പുറംലോകവുമായി എന്ത് ബന്ധം. ധൈര്യം സംഭരിച്ചു നടന്നു. നാലാമത്തെ വീടിന്റെ അപ്പുറത്തുള്ള വലത്തോട്ടു പോകുന്ന വഴി. ആ വഴിയിലെത്തി. ഇനി, ഏതാനും ചുവടുകള്‍ വച്ചാല്‍ അവരുടെ വീടായി. ശരീരം വിയര്‍ക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഹൃദയമിടിപ്പ്‌ അമിതമായി കൂടുകയാണ്. ശരീരം തളരുന്നുണ്ടോ? ഞാന്‍ കൈലേസ് എടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ചു. അവര്‍..അവര്‍ എന്നെ കാണുമ്പോള്‍ എന്ത് കരുതും? മാംസം തേടി ചെന്ന ഒരു അധമനെന്ന ഭാവം ആ മുഖത്ത് ഉണ്ടാകില്ലേ? അതോ അവര്‍ക്ക് അതൊന്നും ഒരു പ്രശ്നമല്ലേ? ഭൂമിയുടെ അധോഭാഗം പോലെ എന്തൊക്കെയോ ഉള്ളില്‍ കത്തിയുരുകുന്നു. നിരവധി ചിന്തകള്‍ മനസ്സിനെ ഞെരുക്കുന്നു. പക്ഷെ എല്ലാറ്റിനും മീതെ കാമം ഫണം വിടര്‍ത്തി നിന്നാടുകയാണ്. ആ ത്വരയാണ്‌ കാലുകള്‍ക്ക് ബലം നല്‍കുന്നത്.

ആ ചെറിയ വീട് ദൃഷ്ടിയില്‍ പെട്ടപ്പോള്‍ മനസ്സില്‍ അത്ഭുതം. വലിയ ധനികര്‍ താമസിക്കുന്ന ഇവിടെ ഇത്തരമൊരു വീടോ? ഓടിട്ട, ഏറിയാല്‍ രണ്ടോ മൂന്നോ മുറികള്‍ മാത്രം കാണുന്ന ഒരു പഴയ ചെറിയ വീട്. വീടും പരിസരവും നല്ല വൃത്തിയില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഇത് തന്നെയാണോ അയാള്‍ പറഞ്ഞ വീട്? മനസ്സില്‍ സംശയം നാമ്പിട്ടു. ഒരിക്കല്‍ക്കൂടി അയാള്‍ എഴുതിത്തന്ന കടലാസ് നിവര്‍ത്തി നോക്കി സംശയനിവൃത്തി വരുത്തി. അതെ..ഇത് തന്നെ. ഓടിട്ട ചെറിയ വീട് എന്നുവരെ അയാള്‍ കുറിച്ചിട്ടുണ്ട്.
മരക്കമ്പുകള്‍ കൊണ്ട് പണിത ചെറിയ ഗേറ്റ് തുറന്ന് തന്നെ കിടക്കുകയാണ്. വീടിനു ചുറ്റും മുള്ളുവേലി കെട്ടിയിട്ടുണ്ട്. ഏറിയാല്‍ പത്തോ പന്ത്രണ്ടോ സെന്റ്‌ സ്ഥലം കാണും. പക്ഷെ ചെറിയ ഒരു വനം പോലെയാണ് അത്രയും സ്ഥലം. നിറയെ വൃക്ഷങ്ങള്‍. തെങ്ങും കമുകും പ്ലാവും ആഞ്ഞിലിയും എല്ലാമുണ്ട്. വീടിനു ചുറ്റും നല്ല പഞ്ചസാരയുടെ നിറമുള്ള മണ്ണാണ്. അതിന്റെ ഓരത്ത് വിവിധ നിറത്തിലുള്ള പുഷ്പങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെടികള്‍. റോസാ, ജമന്തി, ചെത്തി, കുടമുല്ല, പിന്നെ ഏതൊക്കെയോ പേരറിയാത്ത കുറെയെണ്ണം വേറെയും. ഒരു മുനിയുടെ പര്‍ണ്ണശാലയുടെ പ്രതീതി ജനിപ്പിക്കുന്ന വീടും അന്തരീക്ഷവും. ഇവിടെയാണോ ആ സ്ത്രീ താമസിക്കുന്നത്? അവരെപ്പോലെ തന്നെ അഴകേറിയ ഭൂപ്രകൃതി. അല്പം മാറി കോണ്ക്രീറ്റ് സൌധങ്ങളുടെ ശ്വാസം മുട്ടിക്കുന്ന വനം ആണെങ്കില്‍ ഇവിടെ നിറഞ്ഞു നില്‍ക്കുന്നത് പ്രകൃതിരമണീയതയാണ്. ഒരു വേശ്യ താമസിക്കുന്നിടം ഇത്ര മനോജ്ഞമോ? മദ്യവും മയക്കുമരുന്നും കഴിച്ച്, അലസരായി, ജീവിതത്തിന്റെ യാതൊരു മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്തവരാണ് വേശ്യകള്‍ എന്ന എന്റെ ധാരണ തെറ്റായിരുന്നോ?

വീട് അടുക്കുന്തോറും ആധിയുടെ അളവും കൂടുന്നു. വീടിന്റെ തൊട്ടുമുന്‍പിലെത്തി ഞാന്‍ ഉള്ളിലേക്ക് നോക്കി. പുറത്തുള്ള വരാന്തയ്ക്ക് മറവില്ല. മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ട്. പക്ഷെ ആളനക്കമില്ല. ചുവര്‍ ഘടികാരത്തില്‍ സൂചികള്‍ പതിനൊന്നു മണി ആകാന്‍ പോകുന്നതിന്റെ സൂചന നല്‍കുന്നു. ഒരു മിനിറ്റ് കൂടി മാത്രം. ഉള്ളില്‍ ഒരു കാല്‍പ്പെരുമാറ്റം. ഹൃദയം ചാടിക്കളിക്കാന്‍ തുടങ്ങിയോ? അതിശക്തമായ ഹൃദയസ്പന്ദനം. മനസ്സ് നിയന്ത്രണം വിട്ടു പോകുന്നു. അവര്‍..അവര്‍ വരുകയാണ്. എന്റെ തൊണ്ട വരണ്ടുണങ്ങി. കഴുത്തിലൂടെ വിയര്‍പ്പ് താഴേക്ക് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യമായി..ജീവിതത്തില്‍ ആദ്യമായി താനൊരു സ്ത്രീയെ..

“ങ്ഹാ വന്നോ..വളരെ കൃത്യമായി സമയം പാലിക്കുന്ന ആളാണ് അല്ലെ?”

വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നേരെ മുന്‍പില്‍ ആ സ്ത്രീ. ഇന്നലെ നഗരത്തിന്റെ തിരക്കിടയില്‍ അയാള്‍ കാണിച്ച അതേ സ്ത്രീ തന്നെ. തൊട്ടടുത്തു നിന്ന് അവരെ കാണുമ്പോള്‍ മനസ്സിന്റെ ശേഷിച്ച ബലം കൂടി ഇല്ലാതാകുന്നു. എത്ര സുന്ദരിയാണ്‌ ഇവര്‍! ധരിച്ചിരിക്കുന്ന ഒലിവ് പച്ച നിറമുള്ള സാരിയില്‍ അവര്‍ ഒരു ദേവതയെപ്പോലെയാണ് കാണപ്പെടുന്നത്. അഴിച്ചിട്ടിരിക്കുന്ന സമൃദ്ധമായ കേശഭാരം. മുഖത്തേക്ക് നോക്കാന്‍ സാധിക്കുന്നില്ല. ആ കണ്ണുകള്‍ക്ക് എന്ത് തീവ്രതയാണ്. കറുത്ത മഷി എഴുതി അതീവ വശ്യത വരുത്തിയിരുന്ന ആ മിഴികളെ നേരിടാനുള്ള കരുത്ത് എനിക്ക് കിട്ടുന്നില്ല. അവരുടെ ദേഹത്ത് നിന്നും വമിക്കുന്ന ഗന്ധം എന്തിന്റെയാണ്? ഇത്തരമൊരു ഗന്ധം നാളിതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല.

“എന്താ ഉള്ളിലേക്ക് വരുന്നില്ലേ?”

അവരുടെ ചോദ്യം എന്നെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു. അബോധാവസ്ഥയിലെന്നപോലെ പടികളില്‍ കാലുകള്‍ വച്ച് ഞാന്‍ ഉള്ളിലേക്ക് കയറി. അവര്‍ എനിക്ക് കയറാന്‍ വേണ്ടി വഴി മാറിത്തന്ന ശേഷം പിന്നാലെ ഉള്ളില്‍ കയറി കതകടച്ചു. രക്തം തിളച്ച് സിരകളിലൂടെ കുതിക്കുന്നു. എന്ത് ഗന്ധമാണ് ഇവര്‍ക്ക്. മുറിയിലാകെ അവരുടെ വശ്യമായ ഗന്ധമാണ് നിറഞ്ഞു നില്‍ക്കുന്നത്. കസ്തൂരി മാനാണോ ഈ സ്ത്രീ?

“ഇരിക്ക്..” കട്ടിലിലേക്ക് ചൂണ്ടി അവര്‍ പറഞ്ഞു. യാന്ത്രികമായി ഞാന്‍ കട്ടിലില്‍ ഇരുന്നു.

“പണം?”

വേഗം പോക്കറ്റില്‍ നിന്നും പണമെടുത്ത് അവര്‍ക്ക് നേരെ ഞാന്‍ നീട്ടി.

“വേണ്ട..പിന്നെ മതി..” അവര്‍ ചിരിക്കുന്നു. അവരെ അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചിരിക്കുകയാണ് ഞാന്‍.

“ഇതെന്താ ഇങ്ങനെ? ആദ്യായിട്ടാ?..ഒന്നിങ്ങോട്ട് നോക്കൂന്നെ…”

ഞാന്‍ മെല്ലെ തലയുയര്‍ത്തി. എന്റെ കണ്ണുകള്‍ പതിഞ്ഞത് അവരുടെ മുഖത്ത് തന്നെ ആയിരുന്നു, വശ്യത തളംകെട്ടിയ ആ കണ്ണുകളില്‍ത്തന്നെ. ഇപ്പോഴാണ്‌ ഞാന്‍ അവരുടെ മുഖം ശരിക്കൊന്നു കണ്ടത്. ആ കണ്ണുകള്‍ എയ്യുന്ന മലരമ്പുകള്‍ എന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്നോ? നീണ്ടു വിടര്‍ന്ന ആ മിഴികളില്‍ പക്ഷെ ഞാന്‍ കാണുന്നത് ഒരു വേശ്യയുടെ ലാസ്യഭാവമല്ല; മറിച്ച് നിഗൂഡമായ ഒരു വിഷാദമാണ്; ആ കണ്ണുകള്‍ക്ക് പിന്നില്‍ അവര്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നോ? പെട്ടെന്ന്‍, അവര്‍ക്ക് പിന്നില്‍ ഭിത്തിയില്‍ എന്റെ കണ്ണുകള്‍ പതിഞ്ഞു. കുഞ്ഞിനു മുത്തം നല്‍കുന്ന ഒരമ്മയുടെ ചിത്രം. അതിലേക്ക് സൂക്ഷിച്ചുനോക്കിയ ഞാന്‍ നടുങ്ങി. അതെ..ഇത് ഇവര്‍ തന്നെയല്ലേ? അപ്പോള്‍? അപ്പോള്‍ ഇവര്‍ ഒരു അമ്മയാണോ? എന്റെ മനസ് ശക്തമായി പിടച്ചു. ഈ സ്ത്രീ ഒരു അമ്മയാണ്! അമ്മ….

“എന്റെ മോനാണ്..” എന്റെ നോട്ടം കണ്ട് അവര്‍ പറഞ്ഞു.

ഞാനവരെ രൂക്ഷമായി നോക്കി. ഇപ്പോള്‍ എനിക്കവരെ നേരിടാന്‍ ധൈര്യം വന്നിരിക്കുന്നു. ഇവര്‍ ഒരു അമ്മയാണ്. അമ്മയെന്നാല്‍ സ്നേഹത്തിന്റെ പര്യായം. ഇവരെങ്ങനെ ഒരു വേശ്യയായി? എന്റെ മുഖത്ത് നിന്നും അവര്‍ മനസ് നിസ്സാരമായി വായിച്ചെടുത്തു.

“വാ ഉള്ളിലേക്ക് പോകാം…”

എന്നെ ചിന്തിക്കാന്‍ അനുവദിക്കില്ല എന്ന മട്ടില്‍ അവര്‍ പറഞ്ഞു. എന്നെ നോക്കാതെ അവര്‍ ഉള്ളിലെ മുറിയിലേക്ക് നടന്നു. എന്റെ കണ്ണുകള്‍ വീണ്ടും ആ ചിത്രത്തിലെത്തി. ആ സ്ത്രീയുടെ ചിത്രത്തിന്‍റെ സ്ഥാനത്ത് സ്വന്തം അമ്മയുടെ മുഖം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. എന്നെ ചേര്‍ത്തുപിടിച്ച് ഉമ്മ വയ്ക്കുന്ന അമ്മ. ആ അമ്മ തന്നെയല്ലേ ഈ സ്ത്രീയും? അതെ..എന്റെ അമ്മയും ഈ സ്ത്രീയും ഒന്നുതന്നെ. ഇല്ല. എനിക്ക്..എനിക്കിനി അത് പറ്റില്ല. ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു. അവര്‍ മുറി വാതില്‍ക്കല്‍ നിന്നുകൊണ്ട് എന്നെ നോക്കുകയാണ്. അവിടെ, ആ വാതിലിനപ്പുറം ചെന്നാല്‍ എന്റെ ചിരകാലമോഹം പൂവണിയും. പക്ഷെ കാമം എന്നില്‍ നിന്നും പടികടന്നു പോയിരിക്കുന്നു; എപ്പോഴാണ് അതെന്നെ വിട്ടുപോയത്? ആ നില്‍ക്കുന്ന ദുഭഗയായ സ്ത്രീ എന്റെ അമ്മയാണ്; എന്റെ അമ്മ. കണ്ണുകള്‍ നിറയുന്നോ? ഛെ..ഞാനിത്ര ദുര്‍ബ്ബലനോ..

ഞാന്‍ പണമെടുത്ത് കട്ടിലില്‍ വച്ചു.

“ഇതാ നിങ്ങളുടെ പണം..ഞാന്‍ പോകുന്നു..”

അത്രയും പറഞ്ഞിട്ടു ഞാന്‍ വാതില്‍ക്കലേക്ക് നടന്നു.

“ഹേയ്..നില്‍ക്ക്”

ഞാന്‍ നിന്നു. അവര്‍ എന്റെ മുന്‍പിലെത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

“നിനക്കെന്നെ ഇഷ്ടമായില്ലേ? ങേ? എനിക്ക് സൌന്ദര്യമില്ലേ? എന്റെ സ്ത്രീത്വത്തെ നീ അവഹേളിക്കുന്നോ? എടുത്തുകൊണ്ടുപോ നിന്റെ പണം..” പുലിയെപ്പോലെ അവര്‍ ചീറുന്നു.

ഞാന്‍ മിണ്ടിയില്ല. എന്റെ കണ്ണുകള്‍ വീണ്ടും ആ ചിത്രത്തില്‍ പതിഞ്ഞു. ഇല്ല; ഞാന്‍ നിങ്ങളെ അവഹേളിക്കുകയല്ല. നിങ്ങള്‍ സുന്ദരിയാണ്‌; സുരസുന്ദരി; പക്ഷെ..

“നിങ്ങള്‍..നിങ്ങളോട് എനിക്കത് പറ്റില്ല..എനിക്ക്..എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നുപോയി….” എങ്ങനെയോ ഞാനത് പറഞ്ഞൊപ്പിച്ചു.

അവരുടെ മുഖത്ത് ഞെട്ടല്‍. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ഇത്രവേഗം അവര്‍ക്കെങ്ങനെ കണ്ണീര്‍ വന്നു? അവര്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങിയിരിക്കുന്നു. കരച്ചിലിന്റെ ശക്തി കൂടിക്കൂടി അവര്‍ നിലത്തേക്ക് ദുര്‍ബ്ബലയെപ്പോലെ ഇരുന്നു. അവര്‍ കുട്ടികളെപ്പോലെ പൊട്ടിക്കരയുകയാണ്. പോകാന്‍ മനസ്സ് വരുന്നില്ല. അവരിങ്ങനെ കരയുമ്പോള്‍ എങ്ങനെ പോകും?

“ഞാന്‍..ഞാന്‍ എത്ര അധമയാണ് മോനെ..എത്ര അധമയാണ്..” അവര്‍ നെഞ്ചത്തടിച്ചുകൊണ്ട് വിലപിക്കുന്നത് എനിക്ക് സഹിക്കാനായില്ല. ഞാന്‍ അവരുടെ അരികില്‍, മുന്‍പില്‍ ഇരുന്നുകൊണ്ട് ആ കൈയില്‍ പിടിച്ചു.

“ചേച്ചി..പ്ലീസ്..കരയാതെ..കരയാതെ…..”
അവര്‍ ഞെട്ടലോടെ എന്നെ നോക്കി. ഒരുതരം അവിശ്വസനീയത ആ കണ്ണുകളില്‍. അവിശ്വസനീയതയോടെ അവര്‍ തലയാട്ടുന്നു; പിന്നെ എന്റെ കൈയില്‍ ഒരു പുണ്യകര്‍മ്മം പോലെ, ഒരു ഭക്തയുടെ ഭാവാഹാദികളോടെ ചുംബിച്ചു.

“ആ ചിത്രത്തിലുള്ള എന്റെ കുഞ്ഞിനെ നീ കണ്ടില്ലേ മോനെ..അവന് വേണ്ടിയാണ് ഞാനിങ്ങനെ ആയിപ്പോയത്..എന്റെ മുന്‍പില്‍ വേറെ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോള്‍ എനിക്ക് എന്നെത്തന്നെ വില്‍ക്കേണ്ടി വന്നതാണ്..മനസോടെ ഞാന്‍ തിരഞ്ഞെടുത്തതല്ല ഈ മലീമസമായ തൊഴില്‍..നീ അറിയണം..എന്നെ ഒരമ്മയുടെയും ചേച്ചിയുടെയും സ്ഥാനത്ത് കണ്ട നീ അതറിയണം..കാരണം പവിത്രമായ കണ്ണുകളോടെ എന്നെ നോക്കുന്ന ഒരു പുരുഷനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോനെ ഞാന്‍ കാണുന്നത്..വര്‍ഷങ്ങള്‍ക്ക് ശേഷം..” അവര്‍ കരഞ്ഞു; കുറെ ഏറെ നേരം.
അവസാനം അവര്‍ കണ്ണുകള്‍ തുടച്ച് ഭിത്തിയിലേക്ക് ചാരി; ഞാന്‍ നിലത്ത് അവര്‍ക്ക് മുന്‍പില്‍ ചമ്രം പിടഞ്ഞിരുന്നു.

“നല്ല സാമ്പത്തികമുള്ള വീട്ടിലെ രണ്ട് മക്കളില്‍ ഇളയവള്‍. ഡിഗ്രി നല്ല മാര്‍ക്കോടെ പാസായ ഞാന്‍ പ്രായത്തിന്റെ തിളപ്പില്‍ ഒരു പ്രേമബന്ധത്തില്‍പ്പെട്ടു. എന്റെ സൌന്ദര്യം കണ്ട് സ്നേഹിച്ചതാണ് അവന്‍ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ അവന്റെ ഉന്നം എന്റെ അച്ഛന്റെ സ്വത്തായിരുന്നു എന്ന് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്. ധനികനായ അച്ഛന്റെ മകളെ വിവാഹം ചെയ്‌താല്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടം മാത്രമായിരുന്നു അവനെ മനസ്സില്‍. പക്ഷെ അച്ഛന്‍ വിവാഹത്തിന് എതിരായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്താല്‍, പിന്നീട് വീട്ടുകാര്‍ സ്വീകരിക്കും എന്നവന്‍ പറഞ്ഞപ്പോള്‍ ഞാനത് വിശ്വസിച്ചു. അങ്ങനെ അച്ഛന്റെയും അമ്മയുടെയും എതിര്‍പ്പ് വകവയ്ക്കാതെ ഞാന്‍ വിവാഹിതയായി. വീടിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി വീട് പണിത അവന്റെ സാമ്പത്തികസ്ഥിതി തീരെ മോശമായിരുന്നു എന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു. അണിഞ്ഞൊരുങ്ങി നല്ല വേഷമിട്ടു നടക്കുന്ന അവന്‍ അലസനും, സകല ദുശ്ശീലങ്ങളുടെയും കേന്ദ്രമാണ് എന്ന് കൂടി ഞാന്‍ മനസിലാക്കുന്നത് ഗര്‍ഭധാരണത്തിന് ശേഷമാണ്. അവന്റെ അമ്മ പോലും ഒപ്പം താമസിക്കാന്‍ മനസ് കാണിക്കാതെ മകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്. പലയിടങ്ങളില്‍ നിന്നും കടമെടുത്ത പണം തീര്‍ന്നതോടെ അവനെന്നെ പണത്തിനു നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്റെ വളകള്‍ ഒന്നൊന്നായി അവന്‍ വിറ്റു. പൂര്‍ണ്ണ ഗര്‍ഭിണിയായ എന്നോട് അച്ഛനെ ചെന്നു കണ്ടു പണം വാങ്ങാന്‍ അവന്‍ പ്രേരിപ്പിച്ചു. ഗതികേട് കൊണ്ട് ഞാനെന്റെ വീട്ടുപടിക്കലെത്തി. അച്ഛന്‍ പക്ഷെ എന്നെ മുറ്റത്ത് കയറാന്‍ പോലും സമ്മതിച്ചില്ല. ബാങ്ക് വീട് ജപ്തി ചെയ്യാന്‍ നോട്ടീസ് അയച്ചപ്പോള്‍ ഞാന്‍ എന്റെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുകയായിരുന്നു. എന്നോടുള്ള മനസ്സലിവില്‍ അവര്‍ ജപ്തി നടപടി താല്‍ക്കാലികമായി നീട്ടി വച്ചു…”

അവര്‍ ശക്തമായി കിതച്ചു. മുഖത്ത് നിന്നും ദൈന്യത മാറി, അവിടെ പക നിഴലിക്കുന്നത് ഞാന്‍ കണ്ടു.

“പണത്തിനു യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ കടക്കാരുടെ ഭീഷണിയില്‍ വലഞ്ഞ അവന്‍..അവന്‍..”

അവര്‍ സംസാരിക്കാന്‍ പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടു. അല്പനേമെടുത്തു അവര്‍ കിതപ്പടങ്ങി സാധാരണ നിലയിലേക്ക് എത്താന്‍.

“അവന്‍..ആ നികൃഷ്ടന്‍ എന്നോട് സ്വന്തം ശരീരം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ആവശ്യപ്പെട്ടു..അന്ന്..അന്ന് ഞാനാ വീടിന്റെ പടിയിറങ്ങി മോനെ..എന്റെ കുഞ്ഞിനേയും കൊണ്ട്. കഴുത്തില്‍ ആകെയുണ്ടായിരുന്ന ഒരു മാല മാത്രമായിരുന്നു എന്റെ സ്വത്ത്. ഒരു അകന്ന ബന്ധു വീട്ടില്‍ ഞാന്‍ താല്‍ക്കാലിക അഭയം കണ്ടെത്തി. പക്ഷെ അവിടുത്തെ ഗൃഹനാഥന്‍ എന്റെ ശരീരം മോഹിക്കുന്നു എന്ന് മനസിലാക്കിയ അയാളുടെ ഭാര്യ എന്നെ അവിടെ നിന്നും ഇറക്കിവിട്ടു. മുലകുടി മറാത്ത എന്റെ കുഞ്ഞിനെ ഓര്‍ത്ത് അവരെനിക്ക് അല്‍പ്പം പണം നല്‍കി. കുഞ്ഞിനേയും കൊണ്ട് ഞാന്‍ ഒരു തണല്‍ തേടി അലഞ്ഞു. എന്റെ അവസ്ഥയില്‍ അച്ഛനും അമ്മയും മനസ്സലിവ് കാണിക്കും എന്ന എന്റെ കണക്കുകൂട്ടല്‍ വീണ്ടും തെറ്റി. അവരെന്നെ സ്വീകരിച്ചില്ല. തെരുവില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട എന്നെ അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് ഒരു വലിയ മനുഷ്യന്‍ കൊണ്ടുപോയി. അയാള്‍ എനിക്ക് ഭക്ഷണവും കിടക്കാനൊരിടവും തന്നു..ഒപ്പം ചെറിയ ഒരു ജോലിയും. താമസിമില്ലാത്ത അയാളുടെ ഒരു വീടും പറമ്പും വൃത്തിയായി സൂക്ഷിക്കുക എന്ന ജോലി. ആണുങ്ങള്‍ മൊത്തം മാംസദാഹികളാണ് എന്ന എന്റെ തോന്നല്‍ ശരിയല്ല എന്നയാള്‍ തെളിയിച്ചു മൂന്നു വര്‍ഷം ഞാനവിടെ സമാധാനമായി, സുരക്ഷിതയായി ജീവിച്ചു. എന്റെ നിര്‍ഭാഗ്യം പക്ഷെ പിന്നെയും എന്നെ വേട്ടയാടി. അത് ആ മനുഷ്യന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു. അയാള്‍ മരിച്ചതോടെ സ്വത്ത് അയാളുടെ മക്കളുടെ നിയന്ത്രണത്തിലായി. അവര്‍ എന്റെ മാംസത്തില്‍ കണ്ണ് വച്ചതോടെ എനിക്ക് അവിടവും വിടേണ്ടി വന്നു..”

ഞാന്‍ അവിശ്വസനീയതയോടെ ഇരിക്കുകയായിരുന്നു. ഇന്നലെ റോഡില്‍ വച്ചു ഞാന്‍ ഈ സ്ത്രീയെ കാണുമ്പോള്‍ ഇത്ര വലിയ ഒരു ദുരന്തത്തിലൂടെ കടന്നു പോയവരാണ് ഇവര്‍ എന്ന് സ്വപ്നേപി ഞാന്‍ ചിന്തിച്ചിരുന്നില്ല. അതിസുന്ദരിയായ ഒരു വേശ്യ എന്നതിലുപരി മറ്റൊരു ചിന്തയും എനിക്കുണ്ടായിരുന്നില്ല.

“പിന്നെ..എന്റെ വാസം ഒരു വൃദ്ധസദനത്തിലായി..അവിടുത്തെ അന്തേവാസികളെ പരിചരിച്ച് ഞാന്‍ ജീവിതം തുടങ്ങി. പക്ഷെ ആയിടെയാണ് എന്റെ കുഞ്ഞിന് മാരകമായ ഒരു രോഗം പിടിപെട്ടത്. ചെറിയ ചികിത്സയില്‍ ആരംഭിച്ച രോഗം അപ്രതീക്ഷിതമായി വളരെ മോശമായി. ഞാന്‍ ജീവിച്ചിരുന്നത്, ഇന്നും ജീവിക്കുന്നത് എന്റെ മകന് വേണ്ടി മാത്രമാണ്. അവനെ ചികിത്സിക്കാന്‍ ആവശ്യമായി വന്ന വലിയ തുക കണ്ടെത്താന്‍ എനിക്ക് ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. അന്ന്, ആ വലിയ ആശുപത്രിയുടെ വരാന്തയില്‍ നിസ്സഹയായി ഇരുന്നു കരഞ്ഞ എന്റെ മുന്‍പിലേക്ക് വീണ്ടുമൊരു ദൈവദൂതന്‍ എത്തി. പക്ഷെ അയാള്‍ എന്റെ ശരീരം കണ്ടാണ്‌ പണം ചിലവാക്കിയത് എന്നറിയാന്‍ എനിക്ക് അല്‍പ്പം വൈകേണ്ടി വന്നു..കോടീശ്വരനായ അയാള്‍ മകന് നല്‍കിയ സഹായത്തിന് എന്നില്‍ നിന്നും അത് ആവശ്യപ്പെട്ടപ്പോള്‍, ഞാന്‍ തകര്‍ന്നു പോയി. എന്റെ അനുമതി അയാള്‍ക്ക് ആവശ്യം ഉണ്ടായിരുന്നില്ല. എന്നെ അയാള്‍ ഉപയോഗിച്ചു..അയാള്‍ക്ക് മടുക്കുന്നത് വരെ..പക്ഷെ എന്റെ മോന്‍ സുഖം പ്രാപിച്ചു കഴിഞ്ഞിരുന്നു…എങ്കിലും കുറെ വര്‍ഷങ്ങള്‍ നീളുന്ന തുടര്‍ ചികിത്സ കൊണ്ട് മാത്രമേ അവന്‍ പൂര്‍ണ്ണ സുഖം പ്രാപിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാസം പതിനായിരം രൂപയോളം വേണ്ടിവരുന്ന തുടര്‍ ചികിത്സ..അത്രയും പണം കണ്ടെത്താന്‍ എനിക്ക് ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ച മനുഷ്യന്‍ അയാളുടെ കുറെ സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തി. എനിക്കൊരു വാടക വീട് തരപ്പെടുത്തി. അങ്ങനെ ഞാന്‍ ചികിത്സയ്ക്കുള്ള പണം അവരിലൂടെ ഉണ്ടാക്കി..പിന്നെ..പിന്നെ എനിക്കിത് വെറുമൊരു തൊഴിലായി മാറി..”

ഒന്ന് നിര്‍ത്തി അല്‍പനേരത്തെ മൌനത്തിനു ശേഷം അവര്‍ തുടര്‍ന്നു:

“ഇന്ന് എന്റെ മോന് പത്തു വയസുണ്ട്..ഒരു ഹോസ്റ്റലില്‍ നിന്നാണ് അവന്‍ പഠിക്കുന്നത്. അമ്മ നശിച്ച വഴിയിലൂടെ സഞ്ചരിച്ചാണ് തന്നെ വളര്‍ത്തുന്നത് എന്നവന്‍ അറിയാതിരിക്കാനാണ് ഞാന്‍ അവനെ ഒപ്പം താമസിപ്പിക്കാത്തത്. അവന്റെ ഒപ്പം ജീവിക്കാന്‍ ഞാനെത്രമാത്രം കൊതിക്കുന്നുണ്ടെന്നോ? പക്ഷെ എന്റെ ജീവിതം അറിഞ്ഞാല്‍ അവനെന്നെ വെറുക്കും..എനിക്കത് താങ്ങാനുള്ള കരുത്തില്ല..ഈ നശിച്ച തൊഴില്‍ ഇല്ലാതെ എനിക്കവനെ പഠിപ്പിക്കാനും കഴിയില്ല….”

നിസ്സഹായതയുടെ പ്രതിരൂപം പോലെ അവര്‍ വിദൂരതയിലേക്ക് നോക്കി. ഇപ്പോള്‍ അവരുടെ മുഖത്ത് എന്തോ ഒരു സമാധാനം നിഴലിക്കുന്നത് ഞാന്‍ കണ്ടു. മനസ്സിലെ ഭാരം ഇറക്കി വച്ചതിന്റെ ആശ്വാസമാകും. ആ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട്, മറ്റേതോ ലോകത്ത് സഞ്ചരിക്കുകയായിരുന്നു ഞാന്‍. എന്റെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടന്നു. അപ്പോഴും അവര്‍ ഒരു ശിലപോലെ, അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു.

“ചേച്ചി…” അവസാനം ഞാന്‍ അവരെ വിളിച്ചു. അവര്‍ കണ്ണുകള്‍ തുടച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.

“ഞാന്‍..ഞാനാണ്‌ ചേച്ചിയുടെ അവസാന ക്ലയന്റ്..ഇന്ന്..ഇപ്പോള്‍ ചേച്ചിയിലെ നിസ്സഹായയ സ്ത്രീ, ഗതികേട് കൊണ്ട് ശരീരം വില്‍ക്കേണ്ടി വന്ന സ്ത്രീ മരിക്കുകയാണ്…ഇനി ആ സ്ത്രീയില്ല…”

അവര്‍ വിറയാര്‍ന്ന അധരങ്ങളോടെ, എന്റെ വാക്കുകളുടെ പൊരുള്‍ തേടി സ്വയം ശിരസ്സനക്കിയപ്പോള്‍ ഞാന്‍ തുടര്‍ന്നു:

“ഞാനൊരു ബില്‍ഡിംഗ്‌ മെറ്റീരിയല്‍ മൊത്തവ്യാപാര സ്ഥാപന ഉടമയാണ്. എന്റെ അച്ഛനാണ് യഥാര്‍ത്ഥ ഉടമ എങ്കിലും, എന്റെ നിയന്ത്രണത്തിലാണ് അത്. അവിടെ, ഞാന്‍ ചേച്ചിക്ക് ഒരു ജോലി നല്‍കും. അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ എന്ന പോസ്റ്റില്‍; മാസം ഇരുപതിനായിരം രൂപ ശമ്പളം. ഒപ്പം താമസിക്കാനൊരു വീടും. സത്യത്തില്‍ ഞാനൊരാളെ അതിനായി തേടുന്നുണ്ടായിരുന്നു..അതുകൊണ്ടുതന്നെ ഇതൊരു ഔദാര്യമോ സഹതാപമോ മൂലം ചെയ്യുന്നതല്ല എന്ന് കൂടി ചേച്ചി അറിയണം…അച്ഛനും അമ്മയ്ക്കും ഏകമകനാണ് ഞാന്‍..എന്നെ വെറുമൊരു അനുജനെപ്പോലെയല്ല, സ്വന്തം രക്തത്തില്‍ പിറന്ന അനുജനെപ്പോലെ കണ്ട് ചേച്ചി ഇത് സ്വീകരിക്കണം..” അറിയാതെ എന്റെ കണ്ണുകളില്‍ നനവ് പടരുന്നത് ഞാനറിഞ്ഞു..

അവിശ്വസനീയതയോ ആരാധനയോ സ്നേഹമോ അതോ അമിതസന്തോഷം നല്‍കിയ വീര്‍പ്പുമുട്ടലോ, അങ്ങനെ പേരിട്ടു വിളിക്കാന്‍ സാധിക്കാത്ത നിരവധി വികാരങ്ങളുടെ വേലിയേറ്റം ആ മുഖത്ത് ഞാന്‍ കണ്ടു. അവരുടെ കൈകള്‍ മേലേക്ക് പൊങ്ങി കൂപ്പുകൈകളായി രൂപപ്പെട്ടു. എന്നെ നോക്കി ശിരസ്സ് നമിച്ച അവരുടെ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയത് ദുഖത്തിന്റെ പെരുമഴ ആയിരുന്നില്ല, മറിച്ച് ഉദാത്തമായ സ്നേഹത്തിന്റെ അരുവികള്‍ ആയിരുന്നു…

“ദൈവം മരിച്ചിട്ടില്ല മോനെ..മരിച്ചിട്ടില്ല…” അവരുടെ അധരങ്ങള്‍ പിറുപിറുക്കുന്നത് നിറഞ്ഞ മനസ്സോടെ ഞാന്‍ കേള്‍ക്കുകയായിരുന്നു..

രചന : Samuel George

LEAVE A REPLY

Please enter your comment!
Please enter your name here