Home Viral തമിഴ്നാട് പിന്നിട്ട് ന്യൂനമർദ്ദമായി ഗജ കാറ്റെത്തുന്നതു ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ

തമിഴ്നാട് പിന്നിട്ട് ന്യൂനമർദ്ദമായി ഗജ കാറ്റെത്തുന്നതു ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ

0

തിരുവനന്തപുരം:  സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. തമിഴ്നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍. ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി കേരള അതിര്‍ത്തിയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെയായിരിക്കും കാറ്റ് എത്തുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്ററായിരിക്കും. കേരളം മറികടന്ന് അറബികടലിലെത്തുമ്പോള്‍ കാറ്റ് മണിക്കൂറില്‍ 20 മുതല്‍ 30 വരെ കിലോമീറ്റര്‍ വേഗത്തിലായിരിക്കും വീശുന്നത്.

കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇത് ഇടയാക്കും.ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതിശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും വെള്ളിയാഴ്ച ലഭിച്ചേക്കും.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here