Home പാട്ടുകാരി പാറൂട്ടി “ടാ.. നിന്റെ കൂടേ ഇന്നലെ ഏതായിരുന്നു ഒരു പെണ്ണ് ???

“ടാ.. നിന്റെ കൂടേ ഇന്നലെ ഏതായിരുന്നു ഒരു പെണ്ണ് ???

0

രചന : പാട്ടുകാരി പാറൂട്ടി

“ടാ.. നിന്റെ കൂടേ ഇന്നലെ ഏതായിരുന്നു ഒരു പെണ്ണ് ???”

രാത്രി ഉണ്ണാൻ ഇരുന്ന എന്റെ പ്ലേറ്റിലേക്ക് ചൂട് ചോറ് ഇട്ടു കൊണ്ട് അമ്മ ചോദിച്ചു..
ഇങ്ങനെ ഫുഡ്‌ അടിക്കാൻ ഇരിക്കുമ്പോഴേ നമ്മളെ കുറച്ചു സമയത്തേക്ക് എങ്കിലും ഒതുങ്ങി കിട്ടൂ… അതാ.

ഞാൻ ടേബിളിലേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി..

ടേബിളിൽ ആണെങ്കിൽ മുളകിട്ട ചുവന്ന ചൂരകറി, കേബേജു തോരൻ, മധുരം ഇട്ട പുളിശ്ശേരി (എനിക്ക് അല്പം പഞ്ചാര ഇട്ടതാ ഇഷ്ട്ടം.. അമ്മയ്ക്ക് അത് അറിയാം ), ഇന്നലത്തെ ഉള്ളിക്കറി ചൂടാക്കിയത്, തുറന്നു വെച്ച നാരങ്ങ അച്ചാർ കുപ്പി, പപ്പടം, പിന്നേ അയല വറുത്തത് (രണ്ടെണ്ണം എനിക്കും രണ്ടെണ്ണം ചേട്ടനും )

അമ്മയുടെ മുഖത്ത് ആണെങ്കിൽ കലിപ്പ് കലർന്ന ഗൗരവം…

ഒന്നും മിണ്ടിയില്ല.. മറുപടി എന്ത് പറയും എന്ന് ആലോചിച്ചു കൊണ്ട് വേഗം കയ്യിൽ കിട്ടിയ പുളിശ്ശേരിയും പപ്പടവും കൂടി കുഴച്ചു ഒരു വലിയ ഉരുള വായിൽ വെച്ചു..

സമാധാനം.. ഇനി അത് ചവച്ചു തീരുന്ന വരെ മിണ്ടണ്ടല്ലോ…

ടാ ഞാൻ ചോദിച്ച കേട്ടില്ലേ.. ഇന്നലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി നിന്റെ കൂടേ ഉണ്ടായിരുന്ന പെൺകൊച്ചു ഏതാ ന്നു

വേഗം തന്നെ അടുത്തതും കുഴച്ചു.. ഇത്തവണ ചൂരക്കഷ്ണം കൂടി അകത്തു വെച്ചു..സാമാന്യം വലിയ ഉരുള….
വായിൽ വെച്ചു….
വീണ്ടും സമാധാനം…

“ടാ കന്നാലി… ആ ഉരുള ഉണ്ണാക്കില് കുടുങ്ങി ചാവൂല്ലോ നീ.. ദേ നോക്കിക്കേ എന്റെ കയ്യിൽ കയിലാണ്.. താടിക്ക് കുത്തും ഞാൻ..”
അമ്മ ചോറ് കോരുന്ന കൈൽ ഓങ്ങിക്കൊണ്ട് പറഞ്ഞു…

എനിക്കറിയാം നിങ്ങൾ അത് ചെയ്യും മാതാ ശ്രീ… ഞാൻ മനസ്സിൽ പറഞ്ഞു.. പണ്ടൊരിക്കൽ നിങ്ങളോട് എന്തോ പറഞ്ഞു ദേഷ്യം വന്ന ചേട്ടൻ ചോറ് പ്ലേറ്റ് തട്ടി ദൂരെ ഇട്ടു.. അന്ന് ഒന്നും മിണ്ടാതെ നിങ്ങൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടു ഞാൻ അവനെ ചീത്ത പറഞ്ഞു.. അമ്മയ്ക്ക് വിഷമം ആയിക്കാണും അടുക്കളയിൽ ഇരുന്നു കരയുകയാവും എന്ന് പറഞ്ഞു.. എന്നാൽ ഞങ്ങളെ രണ്ടു പേരെയും ഞെട്ടിച്ചുകൊണ്ട് അടുക്കളയിൽ നിന്നും ചോറ് കോരുന്ന കയിൽ എടുത്തു കൊണ്ട് വന്നതും ‘നയിച്ചു ഉണ്ടാക്കുന്ന ചോറ് തട്ടാറായോട നീ’ എന്നും ചോദിച്ചു അവന്റെ പുറത്തിട്ടു തല്ലിയതും അവൻ പുറം പൊത്തി ഓടിയതും രണ്ടു ദിവസം ചോറ് കൊടുക്കാതെ പട്ടിണിക്ക് ഇട്ടതും എനിക്ക് നല്ല ഓർമ ഉണ്ടല്ലോ

ഇനി മിണ്ടാതെ പറ്റില്ല…
ഏതു പെണ്ണിന്റെ കാര്യമാ ??

ടാ.. ഇന്നലെ സന്ധ്യക്ക്‌ പവർ കട്ട്‌ സമയത്തു നീ അവളെയും കൊണ്ട് ആ ഇടവഴി കയറിയത് എന്തിനാ ??

ഇതൊക്കെ ആരാ പരഞ്ഞെ ??

അതൊക്കെ അറിഞ്ഞു.. എന്റെ മോൻ കാണിച്ച കൊള്ളരുതായ്മ..

ഞാൻ ഒരു രക്ഷക്ക് ചേട്ടനെ പാളി നോക്കി.. ഇല്ല അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ നല്ല പോളിങ് ആണ്‌.. തീർന്ന അയല യുടെ മുള്ളു എടുത്തു ടേബിളിൽ വെക്കുന്നു… അടുത്തത് എടുക്കുന്നു…മീൻ ചാർ ഒഴിക്കുന്നു.. പപ്പടം എടുക്കുന്നു… തോരൻ ഇടുന്നു…. ആകെ ബിസി…

ടാ ചെക്കാ നീ കളിക്കരുത് കേട്ടോ..
അമ്മ കലിപ്പിച്ചു തുടങ്ങി..

അത് ഞങ്ങൾ ചുമ്മാ നടന്നതാ അമ്മാ…അവൾ എന്റെ ഫ്രണ്ടാ…

ദേ.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം പെങ്കൊച്ചുങ്ങൾക്ക് പേരുദോഷം വരുത്തിവെച്ചിട്ട് കുടുംബത്തു വന്നാൽ പച്ച വെള്ളം തരില്ല ഞാൻ… ഓർത്തോ

അത് പറയുക മാത്രമല്ല എനിക്കുള്ള വാണിംഗ് പോലെ എന്റെ അയല ഇരിക്കുന്ന പ്ലേറ്റ് ചേട്ടന്റെ മുന്നിലേക്ക് നീക്കി വെക്കുകയും ചെയ്തു..

അവൻ ഒന്നും അറിയാത്ത ഭാവത്തിൽ എന്റെ മീൻ കൂടി എടുത്തു അവന്റെ പ്ലേറ്റിൽ വെച്ചു….

ഇല്ല..
ഇത് സമ്മതിക്കാൻ പറ്റില്ല.. ഒരു പന്തിയിൽ രണ്ടു തരം വിളമ്പലോ ??
അമ്മ അവനു കോരി കോരി ഇട്ടു കൊടുക്കുന്നു..

കാര്യം ഞാൻ അവളുടെ കൂടേ നടന്നു എന്നത് ശെരിയാ.. ട്യൂഷൻ കഴിഞ്ഞപ്പോൾ 7. 30 ആയിട്ടുണ്ടായിരുന്നു..
എന്നാലും അവൾക്കു എന്നോടാണോ ആ ശരത്തിനോടാണോ പ്രേമം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല.. പെണ്ണാണെങ്കിൽ വരാൽ വഴുതുന്ന പോലെയാണ് എന്റെ ചോദ്യത്തിൽ നിന്നും രക്ഷപ്പെടുന്നത്.. എന്നെ കൊണ്ട് അവക്കും കൂട്ടുകാർക്കും ഐസ്ക്രീം.. പേന.. നോട്ട് ബുക്ക്‌ ഒക്കെ മേടിപ്പിക്കുന്നുണ്ട്.. അതിപ്പോ ശരത്തിനെ കൊണ്ടും മേടിപ്പിക്കുന്നുണ്ട്..

ടാ പറഞ്ഞത് കേട്ടല്ലോ..

ഞാൻ ചോറ് വീണ്ടും ഇട്ടു.. കിട്ടിയ കറി ഒക്കെ ഒഴിച്ചു കുഴക്കാൻ തുടങ്ങി…

അമ്മേ അമ്മയുടെ മകൻ ഒരിക്കലും അവൾക്കു പേരുദോഷം വരുത്തില്ല അമ്മേ.. ഒരു പത്തു വർഷം കൂടി കഴിഞ്ഞാൽ ഞാൻ അവളുടെ കൈ പിടിച്ചു ഇങ്ങോട്ട് വരും.. അപ്പൊ ഞങ്ങളെ അനുഗ്രഹിക്കണം അമ്മെ … ഇപ്പൊ എന്നോടും ചേട്ടനോടും കാണിക്കുന്ന പോലെ അന്ന് അവളോട്‌ കാണിച്ചാൽ അമ്മയ്ക്ക് എതിരെ മരുമോളെ പീഡിപ്പിച്ചതിന് വനിതാ കമ്മീഷൻ കേസ് എടുക്കും അതെ ഉള്ളൂ ഒരു പേടി .. അത് ഒന്നു ഓർത്താൽ മതി.. എന്നാലും ഞാൻ ഒരിക്കലും അമ്മയെ വൃദ്ധ സദനത്തിൽ ആക്കില്ല അമ്മെ.. കാരണം ഇപ്പൊ കഴിക്കുന്ന ഈ പുളിശ്ശേരിയും ചൂരക്കറിയും അമ്മയുടെ മോൻ ഒരിക്കലും മറക്കില്ല..

എന്താടാ ആട് ചവക്കുന്ന പോലെ മുഖത്ത് നോക്കി ചവക്കുന്നെ ??

ഹം.. മം..
ഞാൻ ഒന്നുമില്ല എന്ന രീതിയിൽ തല ആട്ടി..

അവളുടെ കൂടെ കുറച്ചു ദൂരം നടന്നു എന്നത് ശെരിയാ.. പക്ഷെ ഇടവഴി..പവർകട്ട്… ഒന്നും അങ്ങ് മാച്ചു ആവുന്നില്ല…

ആ എന്തെങ്കിലും ആവട്ട്.. ഏതായാലും ഇനി ഇത് അച്ഛൻ ‘അമ്മ’ വഴി അറിഞ്ഞോളും..
ആ ടെൻഷനും തീർന്നു.. ഇപ്പൊ വയസ്സ് പതിനേഴു.. ഓഹ്.. ഒരു പത്തു കൊല്ലം എങ്ങിനെയും പിടിച്ചു നിൽക്കണം.. അതിനിടയിൽ ആ ശരത്തിനെ ഒതുക്കണം.. അവൾ ചാടിപ്പോകാതെ നോക്കണം…
നിറയെ പണി ആണല്ലോ ദൈവമേ..

ഓരോന്നു ഓർത്തു റെക്കോർഡ് വരയ്ക്കാൻ എടുത്തപ്പോഴാണ് അച്ഛൻ വന്നത്..

ടി. നീ പിള്ളേരെ ഇങ്ങോട്ട് വിളി. ഏതു പെങ്കൊച്ചിന്റെ കൂടെയാ അവന്റെ കറക്കം ??
എന്നോട് മമ്മദ് പറഞ്ഞു..

നിങ്ങൾ വഴക്കിടേണ്ട.. ഞാൻ ചോദിച്ചിട്ടുണ്ട്..
അവൻ ഇനി ചെയ്യില്ല.

ഇത് അങ്ങിനെ വെറുതെ ചോദിച്ചാൽ പറ്റില്ല.. ആ പെങ്കൊച്ചിന്റെ വീട്ടുകാരോട് സമാദാനം പറയേണ്ട കേസാ.. അമ്മാതിരി പണിയല്ലേ അവൻ കാണിച്ചേ. കറണ്ട് ഇല്ലാത്തപ്പോ അവളേം കൂട്ടി കണ്ട ഇടവഴി ഒക്കെ കറങ്ങുക എന്ന് പറഞ്ഞാൽ. എനിക്ക് ഈ നാട്ടിൽ ഒരു പേരുണ്ട് അത് കളയാൻ ഞാൻ സമ്മതിക്കില്ല..

ദേ പിന്നേം കരണ്ട് കട്ടും ഇടവഴീം

അച്ഛൻ നല്ല ദേഷ്യത്തിൽ ആണ്… ദേഷ്യം കൂടിയാൽ പിന്നെ ഇങ്ങേർക്ക് ചോദ്യവും പറച്ചിലും ഒന്നും ഇല്ല… എടുത്തിട്ട് അങ്ങ് പെരുമാറും..

അച്ഛൻ എഴുന്നേറ്റു നിന്നു.. .
ഞങ്ങള് രണ്ടു പേരും മുന്നിൽ..
‘അമ്മ ഞങ്ങടെ അടുത്തു തന്നെ… അടി വീണാൽ തടയാൻ റെഡി ആയിട്ട്.

അച്ഛൻറെ ഇത്രയും അടുത്ത് നിന്നിട്ട് കാലങ്ങൾ ആയി..

ഞാൻ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല.. ഒരു പെണ്ണിനെ സ്നേഹിച്ചു
.അവളുടെ കൂടെ നടന്നു… അത്ര അല്ലെ ഉള്ളൂ. ഒരു പത്തു കൊല്ലം കഴിഞ്ഞാൽ കല്യാണവും കഴിക്കും..

ഞാൻ തല ഉയർത്തി തന്നെ നിന്നു..

അച്ഛൻ അടിക്കാനായ് കൈ ഓങ്ങി..

ഇതാ പെണ്ണെ. നിനക്കു വേണ്ടി.. നമ്മുടെ പ്രണയത്തിനു വേണ്ടി ആദ്യപ്രഹരം എന്റെ കവിളിൽ വാങ്ങാൻ ഞാൻ തയ്യാറായി കഴിഞ്ഞു

അച്ഛാ… അച്ഛന് ഇത് വെറും ചീപ് അഭിമാന പ്രശ്നം എന്നാൽ എനിക്ക് ഇത് എന്റെ പ്രണയത്തിനു കിട്ടുന്ന ആദ്യ വിജയക്കൊടി ആണ് അച്ഛാ..

അച്ഛന്റെ കൈ ഉയർന്നു.. ഞാൻ കണ്ണടച്ചു..

പടേ…

“അമ്മേ !!!”

ഞാൻ കണ്ണ് തുറന്നു… ആരാ കരയുന്നെ…..
ചേട്ടൻ ????
അവൻ കവിളും പൊത്തി നിലത്തിരിക്കുന്നു

അയ്യോ അച്ഛാ അച്ഛന് ആള് തെറ്റിപ്പോയി.. അച്ഛാ ഞാനാണ് ആ കാമുകൻ.. ഞാൻ ആണ് അച്ഛന്റെ കണ്ണിലെ ആ മഹാഅപരാധി ..

നോക്കുമ്പോൾ ചുണ്ടു മാത്രമേ അനങ്ങുന്നുള്ളു. ഒച്ച ഇല്ല..

“അച്ഛാ.. ”

കഷ്ട്ടപെട്ടു ഒരുവിധം ഒരു വാക്ക് ഒപ്പിച്ചു.

അച്ഛൻ എന്റെ നേരെ തിരിഞ്ഞു

“നീ ഇവന് വക്കാലത്തു പറയരുത്.. ഇന്നലെ റോട്ടിൽ വെച്ച് പെങ്കൊച്ചിനെ കെട്ടിപ്പിടുത്തവും ഉമ്മ വെപ്പും.. എന്റെ വീട്ടിൽ ഇതൊന്നും നടക്കില്ല.. പ്രേമിക്കണേൽ മാന്യമായിട്ടു വേണം.. ഇല്ലേൽ ചവിട്ടി കൊല്ലും ഞാൻ… ”

അപ്പൊ ചേട്ടൻ ആണ് ആൾ..
പിന്നെ എന്തിനാ ദൈവമേ അമ്മ ചോദിച്ചപ്പോൾ ഞാൻ എല്ലാം സമ്മതിച്ചു കൊടുത്തത്???

ഞാൻ അമ്മയെ പാളി നോക്കി… അമ്മ താടിക്ക് കയ്യും കൊടുത്തു മരവിച്ചു നിൽക്കുന്നു.. എന്നെ തന്നെ ആണ്‌ നോട്ടം..
അപ്പൊ നിന്റെ കൂടേ ഇരുട്ടത്തു ഏതു പെണ്ണ് ആരുന്നെടാ ??
എന്നായിരുന്നു ആ കണ്ണുകൾ ചോദിച്ചത് എന്ന് തോന്നുന്നു..

വിജയേട്ടാ ആരാ നമ്മുടെ വൈദ്യുതി മന്ത്രി ??

അമ്മ അതേ നിൽപ്പിൽ അച്ഛനോട് ചോദിച്ചു..

എന്തിനാ ???

ഒന്നുല്ല.. എനിക്ക് ആളുടെ ഫോൺ നമ്പർ ഒന്നു വേണം..ഈ നശിച്ച കറന്റ് കട്ട് എടുത്ത് കളയാൻ പറയണം … അല്ലെങ്കിൽ ഞാനാവും നമ്മുടെ പഞ്ചായത്തിലെ അടുത്ത കൊലപ്പുള്ളി. . .മക്കളെ കൊല്ലി എന്ന് പേരും വീഴും എനിക്ക്..

അച്ഛന് ഒന്നും മനസ്സിലായില്ല..
പാവം..

എന്നാൽ എനിക്ക് അവളെയും എന്റെ പ്രേമത്തെയും മറക്കാൻ ആ ഡയലോഗ് ധാരാളം ആയിരുന്നു… കാരണം നാളെ അവൾ വാക്ക് മാറിയേക്കാം.. എന്നാലും അമ്മ പറഞ്ഞാൽ പറഞ്ഞതാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു..

രചന : പാട്ടുകാരി പാറൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here