Home Latest കർച്ചീഫെടുത്ത് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുടക്കുമ്പോൾ ചില കണ്ണുകൾ തന്നെ തിന്നുകൊണ്ടിരിക്കുന്നത് മുംതാസ് കണ്ടു…

കർച്ചീഫെടുത്ത് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുടക്കുമ്പോൾ ചില കണ്ണുകൾ തന്നെ തിന്നുകൊണ്ടിരിക്കുന്നത് മുംതാസ് കണ്ടു…

0

വിസ്പർ

രചന : Shefeek

“കൊച്ചുവേളി എക്സ്പ്രസ് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടനെ എത്തിചേരുന്നതാണ് ”

മാലഖയുടെ മുറിവുകൾ എന്ന നോവലിൽ നിന്നും കണ്ണെടുത്തുകൊണ്ട് മുംതാസ് ബീഗം മുഴങ്ങികേട്ട അനൗൺസ്മെന്റ് ശ്രദ്ധിച്ചു
അതിനു ശേഷം നോവൽ വായിച്ചു നിർത്തിയ ഭാഗത്ത് അടയാളപ്പെടുത്തി ബാഗിലേക്ക് മടക്കിവെച്ചു.ബാഗും തൂക്കി അവൾ റെയിൽവേ പാളത്തിനറ്റത്തേക്ക് തീവണ്ടിയുടെ വരവിലേക്ക് കണ്ണും നട്ടു നിന്നു.

” ഒരു ലോട്ടറി എടുക്കുമോ ചേച്ചീ….????”

ശബ്ദം കേട്ട് മുംതാസ് തിരിഞ്ഞപ്പോൾ പാതി പൊള്ളിയ മുഖവുമായ് ഒരു സ്ത്രി കൈക്കുഞ്ഞിനെ ഒക്കത്തുവെച്ച് ഒരു കൈകൊണ്ട് കുറച്ചു ടിക്കറ്റുകൾ നീട്ടുന്നു.
ആ കാഴ്ച കണ്ടപ്പോൾ ഹൃദയം നുറുങ്ങിയതുപോലെ തോന്നി മുംതാസിന്.
ടിക്കറ്റ് എടുക്കുന്ന സ്വഭാവമില്ലങ്കിലും മുംതാസ് രണ്ട് ടിക്കറ്റെടുത്തു.
ബാക്കി കാശ് നീട്ടിയപ്പോൾ അവൾ പറഞ്ഞു.

” അത് കൈയ്യിൽ വെച്ചോ, കുഞ്ഞിനെന്തങ്കിലും വാങ്ങികൊടുത്തോളു. ”

”അത് വേണ്ട ചേച്ചി,അർഹിക്കാത്ത കാശിന് ഞാൻ കുഞ്ഞിനൊന്നും വാങ്ങി കൊടുക്കാറില്ല, ”

ബാക്കി വന്ന കാശ് കൈയ്യിൽ തന്ന് ഒരു ചിരിയോടെ അവര് മുന്നിലൂടെ നടന്നു പോകുമ്പോൾ മുംതാസിന് ഒരു കുറ്റബോധം തോന്നി,എല്ലാത്തരം ആളുകളിലും അവരവരുടെ അഭിമാനങ്ങളുണ്ട്,അവരുടെ ആദർശങ്ങളുണ്ട്..

തീവണ്ടി ഓടി തളർന്ന് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ കിതച്ചു നിന്നു.
ചെറിയ തിരക്കിനൊപ്പം മുംതാസ് ബീഗവും കൊച്ചുവേളിയുടെ ഗർഭപാത്രത്തിലേക്ക് ഇടിച്ചു കയറി.ഭാഗ്യത്തിന് ഒരു കംപാർട്ടുമെന്റിലെ ജാലകത്തിനടുത്ത് സീറ്റ് കിട്ടി.കലപില ശബ്ദത്തോടെയും ഉന്തിയും തള്ളിയും ആളുകൾ തീവണ്ടിയിൽ നിറഞ്ഞു.താനിരിക്കുന്ന കംപാർട്ടുമെന്റിൽ സൂചികുത്താനിടമില്ലാത്ത അവസ്ഥയായി.പലതരം ആളുകളും അവരുടെ ഗന്ധങ്ങളും നിറഞ്ഞു.

പൂർണ ഗർഭിണിയായിട്ടും കൊച്ചുവേളി ഉന്മേഷത്തോടെ ഒരു ചൂളം വിളിയോടെ ഓടാൻ തുടങ്ങിയിരിക്കുന്നു.ദീപവലിയുടെ അവധിയായതുകൊണ്ടാവാം ഇത്ര തിരക്ക്.കണ്ണട മുഖത്തു നിന്നും എടുത്തു മാറ്റി കൊണ്ട് മുംതാസ് ബീഗം കർചീഫുകൊണ്ട് മുഖമൊന്നു തുടച്ചതിനു ശേഷം ചുറ്റും നോക്കി.ഈ കംപാർട്ടുമെന്റിൽ താനടക്കം മൂന്ന് സ്ത്രികൾ മാത്രം, ബാക്കിയെല്ലാം പുരുഷൻമാർ,കുറെ ബംഗാളി സ്ത്രികൾ ഭാണ്ഡകെട്ടുകളുമായ് താഴെ ഇരിക്കുന്നു.

പടച്ചോനേ അവിടെ എത്തുംവരെ മൂത്രമൊഴിക്കാൻ മുട്ടാതിരുന്നാൽ മതിയായിരുന്നു കാരണം ഈ തിരക്കിലൂടെ ടൊയ്ലറ്റ് വരെ എത്താനുള്ള കഷ്ടപ്പാട് അത്ര ഭീകരമാണ്.ഞെങ്ങി ഞെരുങ്ങിയുള്ള ഈ ഇരുപ്പിൽ ശ്വാസം മുട്ടുന്നതുപോലെ തോന്നി മുംതാസിന്,തന്റെ ജീവിതത്തിലെ നാലാമത്തെ തീവണ്ടിയാത്രയാണിത്.ആദ്യമൊക്കെ ഭയങ്കരപേടിയായിരുന്നു.പിന്നെ പതിയെ അത് മാറി.തിവണ്ടിയുടെ ഉയർന്ന നെഞ്ചിടിപ്പിന്റെ ശബ്ദത്തിൽ പുറത്തേക്ക് നോക്കിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ തന്റെ തുടയുടെ ഭാഗത്ത് എന്തോ അരിക്കുന്നതുപോലെ തോന്നി മുംതാസിന്,തോന്നലല്ലായിരുന്നു അത്.തൊട്ടടുത്തിരുന്ന മനുഷ്യന്റെ കൈയാണ് തന്റെ തുടയിൽ,അച്ഛന്റെ പ്രായമുള്ളൊരാൾ അറിയാത്ത ഭാവത്തിൽ തടവുന്നു.മുംതാസ് തീഷ്ണമായോരു നോട്ടത്തെ അയാൾ കാണിച്ച വൃത്തികേടിലേക്ക് എറിഞ്ഞിട്ടു.ആ നോട്ടം അയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച് മുഖം പൊത്തിയൊന്നടിച്ചതിനു ശേഷം അവളിലേക്കു തന്നെ തിരിച്ചുവന്നു.അയാൾ കൈ വേഗം മാറ്റി.ചില സ്റ്റേഷനുകളിൽ നിർത്തിയും, നിർത്താതെയും കൊച്ചുവേളി ഓടികൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചൂട് കൂടി, മുകളിൽ ഇടക്കെപ്പോഴൊ കറക്കം നിർത്തിയ ഫാനിലേക്ക് നോക്കി മുംതാസ്,
ഞാനിങ്ങനെ ഇടക്ക് മരണപ്പെടും ആരോടു പറയാനാ,എന്നൊരു വിഷമം ആ ഫാനിലുള്ളതായി തോന്നി അവൾക്ക്.കർച്ചീഫെടുത്ത് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുടക്കുമ്പോൾ ചില കണ്ണുകൾ തന്നെ തിന്നുകൊണ്ടിരിക്കുന്നത് മുംതാസ് കണ്ടു, ബാഗ് നെഞ്ചോട് ചേർത്തുവെച്ച് ആ നോട്ടങ്ങളെ ആട്ടിപായിച്ചു.

വീണ്ടും തുടയിലൂടെ അരിച്ചു കയറുന്നു.
മുംതാസ് ദേഷ്യത്തോടെ അയാളെ നോക്കി.കംപാർട്ടുമെന്റിലെ ചിലര് അയാളുടെ പ്രവർത്തി അസൂയയോടെ നോക്കുന്നു. ചിലരാണങ്കിൽ ഒളികണ്ണാൽ അത് ആസ്വോദിക്കുന്നു.അയാൾ അയാളുടെ മടിയിലിരിക്കുന്ന ബാഗിനു മുകളിൽ ഒരു ജീലേബിയുടെ പായ്ക്കറ്റ് പൊട്ടിച്ചു വെച്ചിരിക്കുന്നു.മുംതാസ് ബലമായി അയാളുടെ കൈ തട്ടിമാറ്റി.
ഒരു കൂസലുമില്ലാതെ അയാൾ പായ്ക്കറ്റിൽ നിന്നൊരു ജീലേബിയെടുത്ത് വഷള ചിരിയോടെ കടിച്ചു തിന്നു.ചിറിയിലൂടെ ഒലിച്ചിറങ്ങിയ ജീലേബിയുടെ നീര് നാവുകൊണ്ട് വടിച്ചെടുത്തുകൊണ്ട് അവളെ വല്ലാതെ നോക്കി.മുംതാസ് കണ്ണിൽ ചുവന്നു പഴുത്ത നോട്ടം കൊണ്ട് അയാളുടെ ഇരു കവിളിലും മാറി മാറി പ്രഹരിച്ചു.

തീവണ്ടി ഏതോ ഒരു സ്റ്റേഷനിൽ നിന്നു.
അരക്കു താഴെ തളർന്ന ഭാര്യയെ മുതുകിൽ ചുമന്നുകൊണ്ട് ഒരാൾ മുന്നിലുള്ള കംപാർട്ടുമെന്റിലേക്ക് ഓടുന്ന കാഴ്ചക്കൊപ്പം മുംതാസിന്റെ കണ്ണുകളും ഓടി.ആ കാഴ്ചയിൽ നിന്നും തിരികെ ഓടിയെത്തിയ മുംതാസിന്റെ കണ്ണുകൾ മറ്റൊരു കാഴ്ചയിൽ നിന്നു.പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരുത്തി പ്രായമായ ഒരമ്മക്ക് മകൻ വാത്സല്യത്തോടെ ചൂടു ചായ ആറ്റി കൊടുക്കുന്നു.ഇടക്ക് ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്നത് കൈ കൊണ്ട് തുടച്ചു കൊടുക്കുകയും ചെയ്യുന്നു.അല്ലങ്കിലും ഈ സമൂഹമിങ്ങനെയാണ്.കുറെ നല്ലവരും കുറെ കുറെ മോശപ്പെട്ടവരും നിറഞ്ഞതാണ്.

വീണ്ടും തിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല, കൊച്ചുവേളി യാത്ര തുടർന്നു.തന്നെ ആശ്വാസിപ്പിക്കാനെന്നോണം പുറത്തു നിന്നുമൊരു കാറ്റ് തിരക്കുകൂട്ടി അകത്തേക്കുവന്ന് തന്നെ ചുറ്റിപറ്റി കടന്നുപ്പോയ്.കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ ശല്യം കൂടി വന്നു.അയാൾ വീണ്ടും തുടയിൽ പരതാൻ തുടങ്ങി,മുകളിലേക്ക് കൈ കേറി കേറി വരുന്നത് മുംതാസ് വെറുപ്പോടെ അറിഞ്ഞു.
തന്റെ പ്രായത്തിലൊരു മകളോ മരുമകളോ ഇയാൾക്ക് ഉണ്ടായിരിക്കില്ലെ?

അവൾ ഇത്തവണയും കൈ തട്ടി മാറ്റി പക്ഷേ ഇപ്രാവശ്യം അയാൾ ബലമായി തന്നെ കൈതുടയിൽ തന്നെ വെച്ചു.
താൻ നിസഹായതയാകുന്നതിൽ അയാളിൽ ഒരു സന്തോഷമുണ്ടായി.മുംതാസ് വേഗം ബാഗ് തുറന്ന് ബാഗിൽ നിന്നും പൊട്ടിച്ച വിസ്പറിന്റെ പായ്ക്കറ്റെടുത്തു,എന്നിട്ടതിൽ നിന്നുമൊരു പാഡ് എടുത്ത് ബലമായി അയാളുടെ കൈ എടുത്തതിനു ശേഷം പാഡ് കൈയ്യിൽ തിരുകിവെച്ചുകൊണ്ട് ഇത്രയും നേരം സഹിച്ചതിന്റെ അമർഷത്തോടെ ഉച്ചത്തിൽ പറഞ്ഞു.

“താൻ അവിടെക്ക് തപ്പിച്ചെന്നാലും അവിടെ ഇപ്പോ ഇതാണ് ഇരിക്കുന്നത്,തൽക്കാലം താൻ ഇതും പിടിച്ചങ്ങ് നിർവൃതിയടയ്”

പെട്ടെന്ന് അവിടമാകെ നിശബ്ദമായിപ്പോയി, എല്ലാവരുടെയും നോട്ടങ്ങൾ തങ്ങളിലേക്കാണന്ന് മുംതാസ് തിരിച്ചറിഞ്ഞു.

” ഒരു ജിലേബി ഞാനെടുക്കുവാണേ സേട്ടാ…”

അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ഒരു ജീലേബിയെടുത്ത് കടിച്ചു.ആ ജിലേബി മുംതാസിന്റെ പല്ലിനിടയിൽ കിടന്ന് ധൃതങ്കപുളകിതനായി…

രചന : shefeek

LEAVE A REPLY

Please enter your comment!
Please enter your name here