Home Lipi Jestin എന്നൊക്കെ ഞാൻ ആ ബാക്കിയോട് നോ പറഞ്ഞോ ….അന്നൊക്കെ രാത്രിയിൽ എന്റെ ഉറക്കവും എന്നോട് നോ...

എന്നൊക്കെ ഞാൻ ആ ബാക്കിയോട് നോ പറഞ്ഞോ ….അന്നൊക്കെ രാത്രിയിൽ എന്റെ ഉറക്കവും എന്നോട് നോ പറഞ്ഞിട്ടുണ്ട്….

0

ബാക്കി
********

” ദേ ഒരു ഗ്ലാസ്സ് പാല് കൂടി ഉണ്ട്. നീ ഇതങ്ങട് കുടിച്ചേ ”

പത്തിരുപത്തഞ്ച് വർഷം മുൻപ് എന്റെ നല്ല പ്രായത്തിൽ രാത്രി പത്തരമണിക്ക് കുത്തിയിരുന്ന് പഠിക്കാൻ ആരംഭിക്കുന്ന എന്നോടാണ് അമ്മയുടെ ഈ അപേക്ഷ!

“എനിക്കെങ്ങും വേണ്ട ” എന്നെങ്ങാൻ ഞാൻ പറഞ്ഞാൽ… പിന്നെ അമ്മ അമ്മയുടെ പണ്ടത്തെ ദാരിദ്ര്യത്തിന്റെ കദന കഥകൾ കഥകളി രൂപത്തിൽ എന്റെ മുൻപിൽ നടമാടാൻ തുടങ്ങും!

കളി തുടങ്ങുന്നതിനു മുൻപുള്ള മദ്ദളകേളി എന്റെ മുറിയുടെ വാതിലിലുള്ള മുട്ടലിൽ തുടങ്ങും.

ആദ്യം പച്ച. അതായത് സൽകഥാപാത്രമായിട്ടായിരിക്കും എഴുന്നള്ളത്ത് . മുഖത്ത് ഇല്ലാത്ത ശാന്തത വരുത്തി ” മോളേ ” ന്ന് വിളിച്ചായിരിക്കും കഥാപാത്രത്തിന്റെ വരവ്.പച്ചയുടെ കയ്യിൽ പലതും ഉണ്ടായിരിക്കും. ചിലപ്പോൾ ഉച്ചക്ക് വെച്ച കൂർക്ക ഉപ്പേരി.അല്ലെങ്കിൽ നാലുമണിക്കത്തെ കിഴങ്ങു പുഴുങ്ങിയത് .ചിലപ്പോൾ രാവിലത്തെ ഉപ്പുമാവ് അല്ലെങ്കിൽ ഉണക്കപൂട്ട് ! അന്ന് വെച്ചത് എന്താണോ ബാക്കി വന്നത് അതും കൊണ്ടായിരിക്കും ശ്രീമതി അന്നം കുട്ടി എന്റെ പൊന്നുംകട്ട അന്നത്തെ സ്വൈര്യക്കേട്
തുടങ്ങുന്നത്.

ചേച്ചിമാരെ കെട്ടിക്കുന്ന കാലം വരെ ഈ സ്വൈര്യക്കേട് സഹിക്കാൻ അവറ്റകൾ കൂട്ടിനുണ്ടായിരുന്നു.
അവരുടെയൊക്കെ കെട്ടിനു ശേഷം ഇതെല്ലാം തിന്നു തീർക്കാൻ ഈ ഒറ്റയാന്റെ ജീവിതം മാത്രം ബാക്കി.

അന്ന് വീട്ടിൽ ഫ്രിഡ്ജില്ല.
അല്ല…ഇപ്പൊ ഉണ്ടായിരു
ന്നെങ്കിൽ തന്നെ അമ്മ ബാക്കി ഉള്ളതൊന്നും ഫ്രിഡ്ജിൽ വെക്കുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.അന്നന്ന് വേണ്ടത് അന്നന്ന് തരണമേ എന്ന് സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കുന്ന ഈ കക്ഷി അന്നന്ന് ഉണ്ടാക്കിയത് അന്നന്ന് തന്നെ തിന്നു തീർക്കുന്ന ഒരു ഒന്നാന്തരം മുതലായിരുന്നു.

തന്നെ കൊണ്ട് തന്നെ ആകാതെ വരുമ്പോളാണ് എന്നെ കൊണ്ട് തല്ലി തീറ്റിക്കാൻ തക്കം പാർത്ത് രാത്രി കാലങ്ങളിൽ എന്റെ അടുത്ത് പച്ച കത്തിച്ച്‌ നിൽക്കുന്നത്.

‘പച്ച’ കത്തിച്ചത് ഏറ്റില്ലെങ്കിൽ പിന്നെ ഭാവം ‘ കത്തിയാണ്’!.രാജാവിന്റെ പോലെ ഒരാജ്ഞയാണ് …
” ഉം ..ഇതങ്ങട് തീർക്ക് “! വളിച്ചതും പുളിച്ചതും എന്നെ കൊണ്ട് തീറ്റിപ്പിച്ചിട്ടു വേണം ‘കത്തിക്ക് ‘ കാന്റീൻ അടക്കാൻ!
.
“ഞാൻ അത് കേൾക്കാത്ത ഭാവത്തിൽ എങ്ങാൻ ഇരുന്നാൽ ….പിന്നെ അന്നംകുട്ടി ‘കരി’ വേഷത്തിലേക്ക് കടക്കും .

” ഇതാർക്ക് വേണ്ടിയാ ഞാൻ ഉണ്ടാക്കുന്നേ, എത്ര നേരം എടുത്തിട്ടാണ് ഞാനിതൊക്കെ അരിഞ്ഞു കൂട്ടിയത്, നിങ്ങളെയൊക്കെ വളർത്തി വലുതാക്കുന്നതിന്റെ കഷ്ട്ടപാട് നിനക്കറിയുമോ, ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവർ ഇവിടെ എത്ര പേരുണ്ട് ,കഷ്ട്ടപ്പെട്ട് വെച്ചത് കാട്ടികളഞ്ഞാൽ ദൈവം പോലും പൊറുക്കൂല്ല ….
തുടങ്ങിയ പാഴ്‌മൊഴികൾ ഞാൻ അടപടലം ശ്രവിക്കേണ്ടി വരും.

ചില സന്ദർഭങ്ങളിൽ.. പ്രേത്യേകിച്ച്‌ ഞാൻ ദയാലു ആയിരിക്കുന്ന സന്ദർഭങ്ങളിൽ അന്നം കുട്ടിയുടെ ഈ കഥകളി വേഷത്തിൽ ഞാൻ വീണു പോകാറുണ്ട്‌ .ചിലപ്പോൾ ഞാൻ വല്ല കലിപ്പിലും ആണെങ്കിൽ ….” ഒന്ന്‌ പോ തായേ..” എന്ന വാക്കിലും തീ പാറുന്ന നോട്ടത്തിലും തട്ടി അന്നം കുട്ടി മുന്നും കുത്തി സോഫയിൽ വീഴും .എന്നിട്ട് ടിവിയിൽ ഹിന്ദി സീരിയലും കണ്ട് അന്നത്തെ ബാക്കി വന്ന കടലയും, പയറും, ചേമ്പുമൊക്കെ മടമടാന്ന് അങ്ങട് അടിച്ചു വിടും.

എന്നൊക്കെ ഞാൻ ആ ബാക്കിയോട് നോ പറഞ്ഞോ ….അന്നൊക്കെ രാത്രിയിൽ എന്റെ ഉറക്കവും എന്നോട് നോ പറഞ്ഞിട്ടുണ്ട്. ഒരു തവണ അറ്റാക്ക് വന്ന ചരിത്രമുള്ള എന്റെ ഈ തായയുടെ രാത്രികാലങ്ങളിലുള്ള ബാക്കി തീറ്റ എന്നെ കുറച്ചൊന്നുമല്ല ആധി പിടിപ്പിച്ചിട്ടുള്ളത്.അർദ്ധരാത്രിയിൽ എണീറ്റിരുന്നുള്ള നെഞ്ച് തിരുമ്മലിൽ തുടങ്ങുന്നു തീറ്റയുടെ ആക്രമണം! ഹാർട്ട് അറ്റാക്കാണോ അതോ ഗ്യാസ് അറ്റാക്കാണോ എന്ന് തിരിച്ചറിയാൻ പാടില്ലാതെ കിടന്ന് കുഴഞ്ഞു മറിയുന്നത് അമ്മ മാത്രം അല്ല. നിദ്രാദേവിയെ കെട്ടിപ്പുണർന്ന് ചുംബിച്ചുറങ്ങേണ്ട ഈ നിരുപദ്രവകാരിയായ ഞാനും അതിൽപെട്ട് ഉഴറിപ്പോകും.ആ നിദ്രാവിഹീനമായ രാത്രിയിൽ ചൂടുള്ള ജീരക വെള്ളത്തോടും വെളുത്തുള്ളിയോടും ഒരു മൽപിടുത്തം നടത്തി പുലർച്ചയാകുമ്പോൾ നാല് ഏമ്പക്കം വിട്ടു കഴിഞ്ഞ്‌ എന്നെ നോക്കി അമ്മയുടെ ഒരു ചിരിയുണ്ട്‌ …..
വളിച്ചതും പുളിച്ചതും വയറിനകത്തോട്ട് കാട്ടി കളഞ്ഞവളുടെ ഒരു വളിച്ച ചിരി!!!…ആ ചിരിയെ ഞാൻ എന്റെ ചത്തു വീർത്ത കണ്തടങ്ങൾക്കുള്ളിൽ ചുരുണ്ടു കൂടിയിരിക്കുന്ന കൺമുനകൊണ്ട് ഭസ്മമാക്കി കളയുകയാണ് പതിവ് !.

അങ്ങനെയിരിക്കെ ഒരു ദിവസം നാലുകെട്ടിൽ നിന്നും ഞങ്ങളുടെ വല്യമ്മയുടെ മകൻ ഡേവിസ് വിരുന്നു വന്നു. അതിരാവിലെ ആയിരുന്നു വരവ്. ആരുടെയോ കല്യാണം ക്ഷണിക്കാൻ വന്നതാണ്.എല്ലാവരും കൂടി ഉമ്മറത്ത് ഇരുന്ന് സംസാരിക്കുന്ന സമയത്താണ് റോഡിൽ കൂടി അയൽവാസിയായ സുനിൽ ചേട്ടൻ രാവിലത്തെ കള്ളും ചെത്തി കള്ളുംകുടവുമായി പോകുന്ന കണ്ടത്, കള്ളും കുടം കണ്ട നിമിഷത്തിൽ ഡേവിസിന്റെയും എന്റെയും കണ്ണുകൾ തമ്മിൽ ഒന്ന് ഉടക്കി .തൽഫലമായി ഒരു കുപ്പി പുലരി കള്ള് മേശപ്പുറത്തെത്തി.
അവനും ഞാനും ഓരോ ഗ്ലാസ്സ് അങ്ങട് മോന്തി. ഉച്ചയൂണിന് ശേഷം അവൻ തിരിച്ചു പോയി.പക്ഷെ ബാക്കി കള്ള് കുപ്പിയിൽ തന്നെയിരുന്നു.

രാത്രി പത്തരയ്ക്ക് കാന്റീൻ അടക്കാൻ പോയ കത്തിയുടെ കണ്ണിൽ കള്ളും കുപ്പി തെളിഞ്ഞു നിന്നു .രണ്ട് ഗ്ലാസ്സുമായി കത്തി എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

” ഒരു ഗ്ലാസ്സ് ഞാൻ കുടിക്കാം.ബാക്കി രണ്ട് ഗ്ലാസ്സുണ്ടാകും അത് ….നീ കുടിക്ക് ”

കള്ള് ആയത് കൊണ്ട് ഞാൻ വല്യ നോ പറയാനൊന്നും മെനക്കെട്ടില്ല.
അങ്ങനെ ചിയേഴ്സ് പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടു ചിയർ ഗേളുകൾ ആ കള്ള് ഒറ്റവലിക്ക് കുടിച്ച്‌ ചിറി തുടച്ചു.

ഒരു വനിതയെടുത്ത് വായിക്കാനായി ഞാൻ കട്ടിലിൽ കയറിക്കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മുൻപിലത്തെ വാതിലിൽ ഭയങ്കരമുട്ട്.തുറന്നു നോക്കിയപ്പോൾ പടിഞ്ഞാറയിലെ ദാസൻ ചേട്ടൻ .

“മോളെ നമ്മുടെ വല്യമ്മയ്യുടെ കാലിൽ എന്തോ കടിച്ചു.
പാമ്പ് ആണോന്ന് സംശയം .ആശുപത്രിയിൽ കൊണ്ടുപോകാൻ വേറെ ആരും കൂട്ടില്ല .മോള് ഒന്ന് കൂടെ വരോ ?”

“പിന്നെന്താ ഞാൻ വരാല്ലോ !”

വടക്കേലെ ലിസ്സി ചേച്ചിക്കും തെക്കേലെ സിൽവി ചേച്ചിക്കും അവരുടെ ഭർത്താക്കന്മാർ ഏതെങ്കിലും കാരണവശാൽ വീട്ടിൽ ഇല്ലാത്ത രാത്രികളിൽ ഒരു ധൈര്യത്തിന് വേണ്ടി എന്നെയാണ് കൂട്ടിന് വിളിക്കാറുള്ളത്.അത് പോലെ അയല്പക്കത്ത് ആർക്കെങ്കിലും രാത്രിയിൽ ആശുപത്രിയിൽ പോകേണ്ടി വരുമ്പോൾ ,
ഒന്നല്ലെങ്കിൽ രോഗിയുടെ കൂടെ പോവുക അല്ലെങ്കിൽ വീട്ടിലുള്ളവർക്കു കൂട്ടിനു കിടക്കുക എന്നത് എന്റെ ഒരു കർത്തവ്യം ആയിരുന്നു.

അങ്ങനെ ദാസൻ ചേട്ടന്റെ ഒപ്പം വല്യമ്മക്ക് കൂട്ടായി ഞാനും കാറിൽ കയറി. നോക്കിയപ്പം കാറ് ഓടിക്കുന്നത് അയല്പക്കത്തെ അശോകൻ ചേട്ടനാണ് .
സൈക്കിൾ മാത്രം ഓടിച്ചിരുന്ന അശോകൻ ചേട്ടൻ കാറൊക്കെ ഓടിക്കാൻ പഠിച്ചോ എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. പിന്നെയാണ് വല്യമ്മയുടെ മുഖം ശ്രദ്ധിച്ചത്.ഈ വല്യമ്മയെ മുൻപ് ഞാൻ ഇവരുടെ വീട്ടിൽ കണ്ടിട്ടില്ല. വേറെ എവിടെ നിന്നോ വിരുന്നു വന്ന വല്യമ്മയാണ്.
പാവം ആകെ പേടിച്ച് വിറച്ച് ഇരിക്കുകയാണ്. രാത്രി ആയതു കൊണ്ട് എന്താണ് കടിച്ചതെന്ന് ഒരു രൂപവും ഇല്ല. അവരുടെ വീടിന്റെ അടുത്ത് ഒരു സർപ്പക്കാവ് ഉണ്ട് .അതുകൊണ്ട് ഒട്ടും സമയം വൈകാതെ ഡോക്ടറെ കാണാമെന്ന് വല്യമ്മ തന്നെ പറയുകയായിരുന്നത്രെ!.

അശോകൻ ചേട്ടൻ നല്ല സ്പീഡിൽ കാറോടിച്ചതു കൊണ്ട് വേഗം ആശുപത്രിയിലെത്തി. പാമ്പ് എന്ന് കേട്ട വഴി അറ്റെൻഡർമാർ സ്‌ട്രെച്ചറും കൊണ്ട് ഓടി വന്നു. ഞങ്ങൾ എല്ലാവരും കൂടി വല്യമ്മയെ സ്ട്രച്ചറിൽ കിടത്തി.അവർ അതിവേഗം വല്യമ്മയെ ഏതോ മുറിയിലേക്ക് കൊണ്ട് പോയി. പിന്നാലെ വന്ന ഒരു അറ്റൻഡർ ഒന്നും ചോദിക്കാതെ എന്നെയും പിടിച്ച്‌ ഒരു സ്‌ട്രെച്ചറിൽ കിടത്തി .ഞാൻ എണീക്കാൻ നോക്കിയപ്പോഴേക്കും ആരൊക്കെയോ എന്നെ ബലമായി സ്‌ട്രെച്ചറിൽ തന്നെ കിടത്തി ഒരു റൂമിൽ കേറ്റി.

“എന്നെയല്ല ..ആ വല്യമ്മയെയാണ് പാമ്പ്‌….” എന്ന് പറഞ്ഞപ്പോഴേക്കും ഒരു നേഴ്സ് വന്ന്‌ എന്റെ കയ്യിൽ എന്തോ കുത്തി വെച്ചു .

പിന്നെ എനിക്ക് ഒന്നും ഓര്മ്മയില്ല ! ഇരുട്ടും വെളിച്ചവും ബഹളവും ആരുടെയൊക്കെയോ സംസാരവും ഒക്കെ മാറി മാറി വന്നുകൊണ്ടിരുന്നു . ഞാൻ എപ്പോഴൊക്കെയോ എന്തോ പറയാൻ ശ്രമിച്ചപ്പോഴൊക്കെ അത് പരാജയപ്പെട്ടു.ഞാൻ പേടിച്ചു വിറച്ചു നിലവിളിച്ചു.
പക്ഷെ ശബ്ദം ഒന്നും പുറത്തേക്കു വരുന്നില്ല. ശരീരം ഒക്കെ അകെ കുഴഞ്ഞു കുഴഞ്ഞു പോകുന്നു. ഇതിനിടയിൽ അവർ എന്നെ ICU വിന്റെ ഉള്ളിലേക്ക് കയറ്റിക്കൊണ്ടു പോയി.ഞാൻ തല പൊക്കി നോക്കാൻ ഒരു ശ്രമം നടത്തി.തലക്ക് വല്ലാത്ത ഭാരം.അപ്പോഴാണ് ഞാൻ ആ വിളി കേട്ടത് …

” ടീച്ചറേ ..ടീച്ചറേ …”

ഇതാരപ്പാ എന്നെ ICU വിന്റെ ഉള്ളിൽ വന്ന് ‘ടീച്ചറെ’ ന്ന് വിളിക്കുന്നേ !!…ഞാൻ പയ്യെ കണ്ണ് തുറക്കാൻ നോക്കി.ഹോ! കണ്ണ് പുളിച്ചിട്ട് തുറക്കാനേ വയ്യ.ഒരു കണക്കിന് എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാൻ കണ്ണ് തുറന്നതും സൂര്യനെക്കാൾ വെല്ലുന്ന വെളിച്ചത്തോടെ എന്തോ എന്റെ കണ്ണിൽ വന്നു പതിച്ചു. ഞാൻ കണ്ണ് കൂട്ടി അടച്ചു .എന്നിട്ട് പയ്യെ ചിമ്മി ചിമ്മി തുറന്നു. അതാ 100 വോൾട്ടിന്റെ ബൾബ് എന്നെ നോക്കി ഇളിച്ചു കൊണ്ടിരിക്കുന്നു.

ങേ!!…അപ്പൊ രാത്രി ലൈറ്റ് ഓഫ് ചെയ്യാതെയാണോ ഞാൻ കിടന്നത് !

ഞാൻ എഴുന്നേറ്റിരുന്നു. വലത്തെ കയ്യിൽ വനിത !
” പാമ്പ് കടിച്ചാൽ ഉടനടി ചെയ്യേണ്ടത് ”
എന്ന ഫീച്ചറിന്റെ തലക്കെട്ട് വായിച്ച്‌ ഉറങ്ങിപ്പോയ ഞാൻ എന്നെ തന്നെ പരിഹസിച്ച് ചിരിച്ചു. ഹോ! ചിരിച്ചു
കഴിഞ്ഞപ്പോൾ ചിരിക്കണ്ടായിരുന്നു എന്നു തോന്നി. നല്ല തലവേദന!

‘ടീച്ചറെ’ എന്ന വിളിയുടെ കൂടെ വാതിലിൽ തട്ടലും മുട്ടലും കൂടി ആയപ്പോൾ ഞാൻ പതിയെ ആടിയാടി ചെന്ന് വാതിൽ തുറന്നു.
പടിഞ്ഞാറയിലെ ശർമ്മ ചേച്ചിയാണ്. എട്ടുമണി ആയിട്ടും മുൻവശത്ത് ആരെയും കാണാഞ്ഞത് കൊണ്ടും വാതിൽ അടച്ചിട്ടിരിക്കുന്നതു കൊണ്ടും അന്നത്തെ കാലത്തെ അയൽപക്ക സ്നേഹം കൊണ്ട് ടീച്ചർക്കും മകൾക്കും എന്ത് പറ്റിയെന്ന് അന്വേഷിക്കാൻ വന്നതാണ്.

അപ്പോഴേക്കും അമ്മയും തട്ടി തടഞ്ഞ് വേച്ച് വേച്ച്‌ വന്നു. ശർമ്മ ചേച്ചിയെയും ചുമരിലെ ക്ളോക്കിനെയും എന്നെയും മാറി മാറി നോക്കി പറഞ്ഞു.

” ഹോ! ഇന്നലെ രാത്രി എന്തെങ്ങാണ്ട് കുറേ സ്വപ്നം കണ്ടു കൂട്ടി.
ഏതാണ്ട് കാള രാത്രി പോലെ !.മിണ്ടാനോ…
ആരെയെങ്കിലും ഒന്ന് വിളിക്കാനോ..
എണീക്കാനോ പറ്റാത്ത ഒരു അവസ്ഥ! മരിച്ചു പോയെന്ന് വിചാരിച്ചു.
എന്തുട്ടാ പറ്റിയെ ആവൊ!! ”

ഇന്നലത്തെ സ്വപ്നത്തിൽ വല്ലവരെയും പാമ്പ് കടിച്ചതിന് ICU വിൽ വരെ അഡ്മിറ്റായ ഞാൻ നമ്മുടെ “ബാക്കി” കാരിയെ ഒന്ന് തറപ്പിച്ച് നോക്കി…എന്നിട്ട് പറഞ്ഞു.

“വേറെ എന്ത് പറ്റാൻ !! പുലരി കള്ള് അന്തിക്ക് കുടിച്ചാൽ നല്ല ഒന്നാംതരം പറ്റാവും ! അത്ര തന്നെ ! അല്ലാണ്ടെന്താ!!

രചന : Lipi Jestin

LEAVE A REPLY

Please enter your comment!
Please enter your name here