Home Aswathy Krishna ഒരാണിന് എങ്ങനെ ഒരു പെണ്ണിനെ ഇങ്ങനെ പ്രേമിക്കാൻ കഴിയുന്നു…..

ഒരാണിന് എങ്ങനെ ഒരു പെണ്ണിനെ ഇങ്ങനെ പ്രേമിക്കാൻ കഴിയുന്നു…..

0

#പ്രണയം

‘മോളുറങ്ങിയോ ഭാമേ………….. ‘

‘ഉം ഉറങ്ങി നന്ദേട്ടാ.. ചോറെടുത്തു വെക്കട്ടെ എന്നാൽ. ‘

‘എനിക്ക് വേണമെന്നില്ല. നീ കഴിച്ചു കിടന്നോളു.. ‘

“നല്ല മാമ്പഴ പുളിശ്ശേരിയുണ്ട് കഴിക്കാൻ “. അത് കേട്ടതും പിന്നെ നന്ദേട്ടന് ചോറ് കഴിക്കാതിരിക്കാൻ സാധിച്ചില്ല. കാരണം മാമ്പഴ പുളിശ്ശേരി ഭാനുവെച്ചീടെ പ്രിയ ഭക്ഷണമാണ്. എന്റെ വാക്കുകളെ എതിർത്താലും ഭാനുവെച്ചീടെ ഇഷ്ടങ്ങളെ എതിർക്കാൻ വർഷം 5 ആയിട്ടും നന്ദേട്ടനു കഴിഞ്ഞിരുന്നില്ല.

ഞാനും ഒരു സ്ത്രീയാണ്. ഇന്ന് എനിക്ക് എന്തായാലും വേണ്ട ഭാമേ എന്ന് ആ മനുഷ്യൻ പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി………

ചോറ് കഴിച്ചു ഉറങ്ങാൻ കിടക്കവേ എന്റെ ചിന്തകൾ ഭാനുവേച്ചിടെ ഓർമകളിലേക്ക് പോയി.

ഭാനുവേച്ചി എന്റെ ചേച്ചിയാണ്. ഭാനുവേച്ചിടേം നന്ദേട്ടന്റേം കല്യാണം കുഞ്ഞുനാൾ മുതലേ ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ചതാണ്. പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു.

ആയിടക്കാണ് നന്ദേട്ടനു ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി കിട്ടിയത്. അതോടെ വീട്ടുകാർ അവരുടെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് അവരുടെ കല്യാണം അങ്ങുറപ്പിച്ചു.

കല്യാണം ഉറച്ചാൽ ഭഗവതിക്ക് പട്ട് വാങ്ങി കൊടുക്കാം എന്ന് ഭാനുവേച്ചി നേർന്നിരുന്നു. ആ നേർച്ച നടത്താനായി ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ പോയി. മോളിവിടെ നിൽക്ക് ഞാൻ പോയി പട്ട് വാങ്ങി വരാം എന്ന് പറഞ്ഞ ചേച്ചിയാണ്. പിന്നെ ഞാൻ കേട്ടത് മോളേ എന്ന നിലവിളിയാണ്. റോഡ് മുറിച്ചു കടക്കവേ എന്റെ ചേച്ചി…………………. .
നാട്ടുകാരുടെ സഹായത്തോടെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടാൻ സാധ്യത കുറവാണെന്നു ഡോക്ടർസ് വിധി എഴുതി.
അപ്പോൾ ആണ് എന്നേം നന്ദേട്ടനേം ഒരുമിച്ചു കാണണം എന്ന് ഭാനുവേച്ചി പറയുന്നത്.

മരണക്കിടക്കയിൽ നിന്ന് ഒന്നേ ചേച്ചി ആവശ്യപ്പെട്ടുള്ളു ഞങ്ങളുടെ വിവാഹം. നന്ദേട്ടനെ വേറെ ആർക്കും കൊടുക്കാൻ ഭാനുവേച്ചിക് കഴിയില്ല. എന്നാലും താൻ പോയാൽ നന്ദേട്ടൻ ഒറ്റക്കാവുന്നത് ചേച്ചിക്ക് താങ്ങാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഒരു കുട്ടിയെ നോക്കാൻ ഏല്പിക്കും പോലെ നന്ദേട്ടനെ ഏല്പിച്ചു. അവസാനായി ഒന്ന് കൂടി പറഞ്ഞു, “ഈ ജന്മത്തിൽ നീ നോക്കിക്കോണം, അടുത്ത ജന്മത്തിൽ എനിക്ക് തിരിച്ചു തന്നേക്കണേ ഭാമേ” എന്ന്.

നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വാക്ക് പാലിക്കാൻ വേണ്ടി നന്ദേട്ടൻ എന്നെ താലി കെട്ടി. നന്ദേട്ടൻ എനിക്ക് എപ്പോഴും നല്ലൊരു ഭർത്താവ് ആയിരുന്നു. ഒരു ഭാര്യയോട് കാണിക്കേണ്ട എല്ലാ മാന്യതയും അദ്ദേഹം എന്നോട് കാണിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ദാമ്പത്യത്തിൽ പ്രണയം എന്ന വാക്കിനു മാത്രം സ്ഥാനം ഇല്ലായിരുന്നു. “അത് അന്നും ഇന്നും ഭാനുവെച്ചിയോട് മാത്രമായിരുന്നു “.

ഞങ്ങളെ അറിയുന്ന പലരും പറഞ്ഞു നീ സങ്കടപെടണ്ട അവൻ പതിയെ അവളെ മറന്നുകൊള്ളും. പിന്നെ നീ മാത്രം മാത്രം ആയിരിക്കും അവന്റെ എല്ലാം.

5 വർഷം കടന്നു പോയി. എന്നാൽ ഭാനുവേച്ചിയും ആ പ്രണയവും ഇന്നും ഒളി മങ്ങാതെ അങ്ങനെ തന്നെ…

നന്ദേട്ടന്റെ കുഞ്ഞിന്റെ അമ്മയാകാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ പ്രണയിനി ആകാൻ കഴിഞ്ഞില്ല. എന്നാൽ അത് ഒരിക്കലും ആകാൻ കഴിയില്ല എന്ന സത്യം പിന്നീട് ഉണ്ടായ ഓരോ സംഭവങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.

കുഞ്ഞിന്റെ നൂലുകെട്ടലിന്റെ അന്ന് നന്ദേട്ടൻ മന്ത്രിച്ചു ഭാനു എന്ന്. അതിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നാലും……….

പതിയെ പതിയെ നന്ദേട്ടൻ നന്ദേട്ടന്റെ ഇഷ്ടങ്ങളെ മറന്നു തുടങ്ങി. പിന്നീട് ഭാനുവേച്ചിയുടെ ഇഷ്ടങ്ങൾ നന്ദേട്ടന്റെതായി മാറി.

എന്റെ പിറന്നാൾ ദിവസം പായസം ഉണ്ടാക്കിയ എന്നോട് ഇന്ന് എന്താ പ്രത്യേകത എന്ന് ചോദിച്ച മനുഷ്യൻ ഭാനുവെച്ചീടെ പിറന്നാളിന് അമ്പലത്തിൽ പോവാൻ ഒരിക്കലും മറന്നില്ല.

ഓരോന്ന് ഓർത്ത് ഞാൻ എപ്പോഴോ ഉറങ്ങി പോയി.

‘ഭാമേ എഴുന്നേൽക്. 6 മണിയായി’. നന്ദേട്ടന്റെ വിളികേട്ട് ആണ് ഞാൻ എഴുന്നേറ്റത്.

ഉറക്കം ശരിയായില്ല അതാ…. നന്ദേട്ടൻ റെഡി ആയിക്കോ ഞാൻ ഫുഡ്‌ തയ്യാറാക്കാം. അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നന്ദേട്ടൻ തുമ്മുന്നത് കേട്ടു.
‘എന്ത് പറ്റി നന്ദേട്ടാ ഇങ്ങനെ നിർത്താതെ തുമ്മാൻ? ‘.

‘ഞാൻ ആ മുറിയിലെ എന്റെ പഴയ സാധനങ്ങൾ ഒന്ന് അടുക്കി വെച്ചതാ. നീ പോയി ജോലി ചെയ്‌തോ ‘.

അങ്ങനെ നന്ദേട്ടനെയും മോളെയും പറഞ്ഞയച്ചു. ഇനി എന്താ എന്ന് ഓർത്തപ്പോളാണ് രാവിലെ നന്ദേട്ടൻ തുമ്മിയത് ഓർത്തത്. നന്ദേട്ടന്റെ ചില സാധനങ്ങൾ ഒരു മുറിയിൽ കളയാൻ സമ്മതിക്കാതെ വെച്ചിട്ടുണ്ട്. ഞാൻ അത് വൃത്തിയാക്കാർ ഇല്ല. ഇന്ന് അത് വൃത്തി ആക്കാം എന്ന് വിചാരിച്ചു ഞാൻ ആ മുറി അങ് തുറന്നു.

അങ്ങനെ വൃത്തി ആക്കി വന്നപ്പോഴാണ് കട്ടിലിനടിയിൽ ഭാനുവേച്ചിടെ പെട്ടി ഞാൻ കാണുന്നത്. ഇത് ഇവിടെ എങ്ങനെ എന്നാലോചിച്ചപോഴാണ് നന്ദേട്ടനിലേക് എന്റെ ഓർമ പോയത്.

വിറയാർന്ന കൈകളാൽ ആ പെട്ടി ഞാൻ തുറന്നു. എന്റെ ഹൃദയത്തിന്റെ ഓരോ ഇടിപ്പും എന്റെ കാതുകളിൽ പ്രതിധ്വനിച്ചു.

ആ പെട്ടി നിറയെ അവരുടെ പ്രണയത്തിന്റെ ഓർമ്മകൾ ആയിരുന്നു. എന്നാൽ എനിക്ക് ഏറ്റവും സങ്കടം തന്നത് അതിലെ ചില കാർഡുകൾ ആയിരുന്നു. മരിച്ചു കഴിഞ്ഞിട്ടും മുടങ്ങാതെ ചേച്ചിക്ക് വാങ്ങുന്ന പിറന്നാൾ കാർഡുകളും വാലന്റൈൻസ് കാർഡുകളും.

പണ്ട് ചേച്ചിക്ക് മുടങ്ങാതെ കാർഡുകൾ വാങ്ങി വന്ന നന്ദേട്ടൻ ഇന്നും ഉണ്ട് എന്റെ ഓർമയിൽ. എന്നാൽ ഇന്നും അത് വാങ്ങുന്നു…..

എന്റെ നന്ദേട്ടൻ എനിക് അപ്പോൾ ഒരു അത്ഭുതം ആയി മാറുവായിരുന്നു. ഒരാണിന് എങ്ങനെ ഒരു പെണ്ണിനെ ഇങ്ങനെ പ്രേമിക്കാൻ കഴിയുന്നു…..

കഥകളിലും സിനിമകളിലും വായിച്ചറിഞ്ഞ പ്രണയവും യാഥാർഥ്യവും തമ്മിലുള്ള അന്തരങ്ങളെ ഞാൻ എന്റെ ജീവിതം കൊണ്ട് തിരിച്ചറിയുക ആയിരുന്നു.

ഇതാണ് യാഥാർഥ്യം……. ഇതാണ് ജീവിതം…….. .ഇതാണ് പ്രണയം……….. എനിക്ക് കിട്ടാതെ പോയ പ്രണയം………….

നന്ദേട്ടൻ എന്നെ ചതിച്ചു എന്ന് ഞാൻ പറയില്ല. ഒരു ഭാര്യ എന്ന നിലയിൽ അദ്ദേഹം എന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു. എന്നാൽ ആ ഹൃദയത്തിൽ ഞാൻ ഇല്ല. ഒരിക്കലും ഉണ്ടാവുകയും ഇല്ല.

സത്യം ഇതാണ്. സത്യസന്ധവും ആത്മാർത്ഥവും ആയി പ്രണയിച്ച ഒരാണിന്റെ ഹൃദയത്തിൽ ഒരു പെണ്ണേ ഉണ്ടാവൂ. അതന്നും ഇന്നും എന്നും അങ്ങനാണ്. അവന്റെ ജീവിതം അലങ്കരിക്കാൻ മറ്റേതു സ്ത്രീ വന്നാലും അവളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാത്രമേ അവനു കഴിയുള്ളു. ആ ഹൃദയം എന്നും അവന്റെ പ്രണയത്തിനായി തുടിച്ചു കൊണ്ടിരിക്കും.

ഇന്നത്തെ പ്രണയങ്ങളുടെ ചോദ്യത്തിന് എന്റെ ജീവിതമാണ് എനിക്കുള്ള മറുപടി… …..

രചന :  Aswathy Krishna

LEAVE A REPLY

Please enter your comment!
Please enter your name here