Home Arun Nair ദൈവമേ ഇനി ഞാൻ സംശയിച്ചപോലെ എന്നെ സംശയം ഉണ്ടോ……????

ദൈവമേ ഇനി ഞാൻ സംശയിച്ചപോലെ എന്നെ സംശയം ഉണ്ടോ……????

0

രചന : അരുൺ നായർ

ഇന്നലെ രാത്രിയിൽ വിളിച്ചപ്പോൾ ആണ് അരുണേട്ടൻ പറഞ്ഞത് ജോലി നിർത്തി പോരുകയാണെന്നു………
എന്താണാവോ കാര്യം….?
അമ്മയോടും അച്ഛനോടും പറഞ്ഞിട്ടില്ല….. പക്ഷെ പറയണം……ഈ മാസം നിർത്തുമെന്നല്ലേ പറഞ്ഞത്……

ദീപ്തി മനസ്സിൽ ഓർത്തു

വലിയ ശമ്പളം ഒന്നും ഇല്ലങ്കിലും, കുടുംബ ചിലവിനുള്ളതും, മോളുടെ പഠിപ്പിനും, പിന്നെ അവൾക്കു വേണ്ടി കുറച്ചു പൈസ സമ്പാദിക്കാനും കഴിയുന്നുണ്ടാരുന്നു…… ഇനി അതില്ല,,,, ജീവിക്കാൻ വേറെ മാർഗം നോക്കണം……..

കുഞ്ഞ് ഉണ്ടായതിനു ശേഷം ആണ് അരുണേട്ടന് ഉത്തരവാദിത്തം ഉണ്ടായത്……
അച്ഛനും അമ്മക്കും ഏക മകൻ ആയതു കൊണ്ടുള്ള കൊഞ്ചലും അലമ്പും എല്ലാം ഉണ്ടായിരുന്നു……

എന്നെ താലി കെട്ടിയിട്ടും ഒരു മാറ്റവും വരാത്ത മനുഷ്യൻ……
കുഞ്ഞു ഉണ്ടായതിനു ശേഷം
മോൾ ആണ് സമ്പാദിക്കണം എന്ന് പറഞ്ഞു പോയതാണ് വിദേശത്തേക്ക്……
ഒരു വിധം അലമ്പിൽ നിന്നും വിട്ടുനിൽക്കുന്ന ഒരു ശരാശരി മലയാളി……
അവിടെ ആണെങ്കിലും എനിക്കും, മോൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട അരുണേട്ടൻ എപ്പോളും കൂടെയുണ്ട് എന്ന തോന്നൽ നൽകിയ സ്നേഹസമ്പന്നൻ ആയ ഭർത്താവ്……

മകൾ ഉണ്ടായതിനു ശേഷം എന്നോട് എന്നല്ല ആരോടും അരുണേട്ടൻ മോശം ആയി സംസാരിക്കുന്നത് കണ്ടിട്ടില്ല…….
ദേഷ്യം വരുമ്പോൾ പറയും…..
മോൾ കണ്ടാൽ മോശം ആണ് അവളുടെ അച്ഛൻ ദേഷ്യപെടുന്നത്……
അവൾ എന്റെ ചിരിക്കുന്ന മുഖം ആണ് കാണേണ്ടത്…….

ഇങ്ങനെ ഒക്കെ ഉള്ള ജീവിതത്തിൽ എന്താണോ അരുണേട്ടൻ തിരിച്ചു വരാൻ ഉള്ള കാര്യം…..?
ഇനി എന്നെ കുറിച്ച് വല്ല തെറ്റിധാരണയും ഉണ്ടായിട്ട് ഉണ്ടോ ആ മനസ്സിൽ……
ദൈവമേ അങ്ങനെ ഒന്നും ഉണ്ടാവരുതേ,
എന്റെ പ്രാണനേക്കാൾ ഞാൻ സ്നേഹികുന്നുണ്ട് എന്റെ അരുണേട്ടനെ……
എന്തായാലും നാളെ വിളിക്കുമ്പോൾ ഒന്നു കൂടി ചോദിക്കാം……
എന്നിട്ടു പറയാം അമ്മയോടും അച്ഛനോടും……

***********************************

“”അമ്മേ അരുണേട്ടൻ തിരിച്ചു വരുവാണെന്നു പറഞ്ഞു…..””

അമ്പലത്തിൽ പോയിട്ട് വന്ന വഴി തിണ്ണയിൽ ഇരിക്കുന്ന പ്രേമമ്മയോട് ദീപ്തി പറഞ്ഞു…..

“”എന്താടി മോളെ കാര്യം….?
അവൻ വല്ലോം പറഞ്ഞോ…?””

“”ഇല്ല അമ്മേ…
ഈ മാസം കഴിഞ്ഞു വരുവാണെന്നു പറഞ്ഞു…..
കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് പറഞ്ഞു,….””

തിണ്ണയിൽ തന്നെ ഇരുന്നിരുന്ന അച്ഛൻ അതുകേട്ടു പറഞ്ഞു

“അവന്റെ സ്വഭാവം അവൻ അവിടേയും ഇറക്കി കാണും…..
തല്ലു കിട്ടുമെന്നു ആയിക്കാണും…. അതാ ഇങ്ങനെ ഒക്കെ…..
പണ്ടേ ഇവൾ കൊഞ്ചിച്ചു വഷളാക്കിയപ്പോൾ ഞാൻ പറഞ്ഞതാ,,,,പ്രേമേ ഇത് നിനക്ക് തന്നെ പണി ആകും എന്നു,,,,അന്ന് എന്റെ വാക്കുകൾ കേൾക്കാതെ ഇരുന്നതിന്റെ ഫലം ആണ് അനുഭവിച്ചോ….. “”

അമ്മ പറഞ്ഞു

“”അതൊന്നും ആയിരിക്കില്ല എന്റെ മോനു മടുത്തു കാണും വീട്ടുകാരെ കാണാതെ…
അതാണ് പോരുന്നത്…. “”

ദീപ്തി അകത്തേക്ക് പോകുമ്പോൾ ഓർത്തു
അല്ലേലും അച്ഛനും മകനും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയാണ്…..
എന്ത് ചെയ്താലും അച്ഛൻ കുറ്റം പറയും എന്നാണ് അരുണേട്ടൻ പറയുന്നത്….
അച്ഛൻ പറയുന്നത് അവൻ കുരുത്തക്കേട് മാത്രമേ കാണിക്കു എന്നും…..

അമ്മ പാവം ഇതിന്റെ ഇടയിൽ കിടന്നു നരകിക്കും ഇപ്പോൾ ഞാനും…..

ഇനി അരുണേട്ടൻ വന്നു കഴിഞ്ഞാൽ എന്തൊക്കെ ഉണ്ടാകുമോ ആവോ……?

**********************************
ദിവസങ്ങൾ പെട്ടെന്ന് തന്നെ ഓടി പോയി…..
അരുണേട്ടൻ ഇന്ന് വരും…..

മോൾ ഭയങ്കര സന്തോഷത്തിൽ ആണ്….. അച്ഛൻ വരുമ്പോൾ കറങ്ങി നടക്കാം…..
മിട്ടായി കുറെ കിട്ടും…..
പിന്നെ പറഞ്ഞാൽ അവളുടെ തോന്നിവാസം മുഴുവൻ നടക്കും…..
ആർക്കും അവളെ വഴക്ക് പറയാൻ പറ്റില്ല…..
അവൾക്കു അറിയാം
അച്ഛൻ ഉണ്ടെങ്കിൽ എന്ത് ചെയ്താലും അച്ഛൻ നോക്കി ചിരിക്കത്തെ ഉള്ളു എന്ന്……

അരുണേട്ടൻ പറയുന്നത്
കുഞ്ഞിന്റെ അച്ചു വിളി കേൾക്കുമ്പോൾ ഏട്ടൻ എല്ലാ ദുഖങ്ങളും ദേഷ്യവും മറന്നു പോകും എന്നാണ്…..

വണ്ടി എയർപോർട്ടിൽ വിടണ്ട എന്നാണ് അരുണേട്ടൻ പറഞ്ഞത്….
ആരും വരുകയും വേണ്ടാന്ന്…..
അരുണേട്ടൻ തന്നെ ഒരു വണ്ടി വിളിച്ചു വന്നോളാമെന്നു……

വന്നു കഴിയുമ്പോൾ ഇനി എന്തൊക്കെ കാണണം
എന്റെ അച്ഛനും ഇത്തിരി ഇളക്കം കൂടുതൽ ആണ് അരുണേട്ടനെ കാണുമ്പോൾ…..
നാട്ടുകാർ ആണെങ്കിൽ പിന്നെ എന്തെങ്കിലും കാര്യം കിട്ടാൻ നോക്കി ഇരിക്കുവാ…..
എന്തൊക്കെ കഥകൾ ഇറങ്ങുമോ ആവോ…..???

എല്ലാവരുടെയും കാര്യം ഞാൻ പറഞ്ഞു പക്ഷെ എന്റെ സന്തോഷം ഞാൻ പറഞ്ഞില്ല കേട്ടോ……
എന്റെ ജീവന്റെ ജീവനായ അരുണേട്ടൻ വന്നു ചുമ്മാ വീട്ടിൽ കയറിയാൽ തന്നെ എന്നോട് ഉള്ള സ്നേഹം പൂത്തു ഉലയും…..
അരുണേട്ടാ ഒന്നു വേഗം വാ എന്ന് എന്റെ മനസ് എന്നും മന്ത്രിക്കാറുണ്ട്…….
പിന്നെ അരുണേട്ടന്റെ ഓർമ്മകൾ കൂടുമ്പോൾ അദേഹത്തിന്റെ ജീവന്റെ തുടിപ്പ് ആയ മോളെ കെട്ടിപിടിച്ചു ഉറങ്ങും അതാണ്‌ എന്നും ശീലം……

ഞാൻ എന്റെ അരുണേട്ടന്റെ ഓർമകളിൽ മുഴുകി ഇരുന്നപ്പോൾ മുറ്റത്തൊരു കാർ വന്നു…. അതിൽ നിന്നും ഇറങ്ങി എന്റെ ജീവന്റെ ജീവനായ പൊന്നുരുണേട്ടൻ……

മോൾ സ്കൂളിൽ ഒന്നും പോയില്ല അച്ഛൻ വരുന്നത് അല്ലെ…..
അച്ഛൻ കപട ദേഷ്യത്തോടെ കസേരയിൽ ഇരികുന്നുണ്ട്…..
അമ്മ സ്നേഹം തിളങ്ങുന്ന കണ്ണുകളും ആയി തിണ്ണയിൽ തന്നെ ഉണ്ട്…..
അരുണേട്ടൻ പതിവ് പോലെ അല്ല ഇത്തവണ സാധനങ്ങൾ ഒന്നും കൊണ്ട് വന്നിട്ടില്ല……

എന്ത് പറ്റി ആവോ, മോൾക്ക്‌ ഉള്ള മിട്ടായി കൊണ്ട് വരാതെ ഇരിക്കില്ല……
അത് ഉറപ്പാണ് അതും ഡ്രെസ്സും ആയിരിക്കും ആ ഒറ്റ പെട്ടിയിൽ……

സാധനങ്ങൾ കൊണ്ട് വരാത്തത് ചിലപ്പോൾ നിർത്തി തിരിച്ചു വന്നത് കൊണ്ട് ആവും…..
ഒന്നും ചോദിക്കണ്ട,,,, പാവം

അമ്മയും അച്ഛനും സ്നേഹം പങ്കു വെച്ചതിനു ശേഷം,,,,,മകളെ താലോലിച്ചും കഴിഞ്ഞാണ്
ഞങ്ങളുടെ ഊഴം,,,,, എല്ലാവരുടേം ഊഴം കഴിഞ്ഞപ്പോൾ ഞാനും മുറിയിലോട്ട് ചെന്നു…….

മകൾ അമ്മയുടെ കൂടെ അപ്പുറത്തെ വീട്ടിലെ കൊച്ചിന് മിട്ടായി കൊടുക്കാൻ പോയിരുന്നു….അച്ഛൻ തിണ്ണയിലിരുന്നു അപ്പുറത്തെ ചേട്ടനോട് അരുണേട്ടന്റെ വീട്ടുകാരോടുള്ള സ്നേഹം തട്ടി വിടുകയാണ്….. ആരുമില്ല ഞാൻ പതുക്കെ മുറിയിലേക്ക് ചെന്നു…..

ഞാൻ മുറിയിൽ ചെന്നപ്പോൾ
എന്റെ ജീവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു…..
കണ്ണുനീർ ആയിട്ടല്ല എനിക്ക് എന്റെ ചങ്കിലെ ചോര ഒഴുകുന്നത് പോലെ ആണ് തോന്നിയത്…..

“”അരുണേട്ടാ എന്ത് പറ്റി….???'”

മറുപടി ഒരു പൊട്ടി കരച്ചിൽ ആയിരുന്നു

എത്ര ചോദിച്ചിട്ടും എന്റെ അരുണേട്ടൻ ഒന്നും പറയുന്നില്ല ദൈവമേ ഇനി ഞാൻ സംശയിച്ചപോലെ എന്നെ സംശയം ഉണ്ടോ……????
എന്തായാലും ചോദിക്കാം…..
ചോദിക്കാതെ ഇരുന്നാൽ തീരില്ല…..

“”അരുണേട്ടാ,,,
ഏട്ടന് എന്നെ കുറിച്ച് വല്ല തെറ്റിധാരണയും ഉണ്ടോ….””
സർവ ധൈര്യവും സംഭരിച്ചു ദീപ്തി ചോദിച്ചു

തന്റെ ജീവന്റെ പാതിയിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നത് അരുണിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു……

“”ഇല്ല ദീപ്തി അങ്ങനെ എന്റെ ഉള്ളിന്റെ ഉള്ളിൽ പോലും ചിന്തകൾ ഇല്ല…, “”

“”അരുണേട്ടൻ എന്നാൽ കാര്യം പറ…
എനിക്ക് ഈ മൗനം സഹിക്കാൻ പറ്റുന്നില്ല “”

“”ദീപ്തി,,, ഞാൻ മരിച്ചു പോയാലും നീ നമ്മുടെ മോളെ നന്നായിട്ടുവളർത്തണം…. “”

ഒരു അലറിച്ച ആണ് ദീപ്തിയിൽ നിന്നും ഉണ്ടായത്….

“”എന്താ പറഞ്ഞത്….
മരിക്കാനോ,…??
ഞങ്ങളെ വിട്ടു പോകാനോ..,,?
ജീവൻ ഉണ്ടെങ്കിൽ സമ്മതിക്കില്ല….
ഞാനും വരും കൂടെ,,,, മറുത്ത് എന്നോട് ഒന്നും പറയണ്ട…..
അരുണേട്ടാ എന്തേലും ഉണ്ടെങ്കിൽ പറ….. നമുക്ക് ഡോക്ടറെ കാണാം…. “”

“ദീപ്തി നീ ആരോടും പറയണ്ട….
എന്റെ രണ്ടു വൃക്കയും പോയി കിടക്കുവാണ്….. ഇനി അധിക കാലം ഉണ്ടാവില്ല…..””

അരുണേട്ടാ വിളിച്ചു അരുണിന്റെ മാറിൽ കിടന്നു ദീപ്തി ചങ്കു പൊട്ടി കരഞ്ഞു….

“”ഇല്ല ഒരു ദൈവത്തിനും ഞാൻ വിട്ടു കൊടുക്കില്ല എന്റെ ജീവനെ….
അങ്ങനെ എന്തെങ്കിലും വന്നാൽ ഞാനും വരും കൂടെ…..
അരുണേട്ടാ ഇതിനു നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ…..???””

കരച്ചിൽ അടക്കി ദീപ്തി ഉണർന്നു

“”ചെയ്യാം, പറ്റുന്ന വൃക്ക കിട്ടണം പിന്നെ മാറ്റി വെക്കാൻ ഉള്ള പൈസ വേണം….. “”

“”പൈസ നമ്മുടെ കൈയിൽ ഉണ്ടല്ലോ,,,, പിന്നെ എന്താ അരുണേട്ടാ….. “”

“”അത് എടുത്തു ചിലവാക്കിയാൽ നമ്മുടെ മോൾക്ക്‌ ഒന്നും ഇല്ലാതെ വരില്ലേ,,,,, മാറ്റി വച്ചാലും കട്ടി പണി ഒന്നും ചെയ്യാൻ പറ്റില്ല എനിക്ക്…..
അതൊന്നും വേണ്ട…..””

“”ഞങ്ങൾക്ക് ഞങ്ങളുടെ അരുണേട്ടനെ കണ്ടാൽ മതി,,,, ഒന്നും ഇല്ലങ്കിലും ഞങ്ങൾ ജീവിച്ചോളാം…..””

“”ദീപ്തി എന്നാലും പറ്റിയ വൃക്ക കിട്ടണ്ടേ….””

“”അരുണേട്ടാ നമ്മുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒന്നല്ലേ…. എന്റേത് പറ്റുമോന്നു നമുക്ക് നോക്കിയാലോ….?? “”

“”ദീപ്തി മതി നിന്റെ വർത്തമാനം….
ഇത് കുറച്ചു കൂടുന്നുണ്ട്…..
കുഞ്ഞിനെ അനാഥ ആക്കാൻ നോക്കുന്നോ…..””

“”അരുണേട്ടാ,,,
എന്തായാലും ഏട്ടൻ ഇല്ലാത്ത ലോകത്തു ഞങ്ങൾ ജീവിക്കില്ല…..
പറയുന്നത് ആത്മാർഥമായി തന്നെയാണ്…..
നമുക്ക് ഡോക്ടറെ കണ്ടു ചോദിക്കാം,,, ഏട്ടാ….
നാളെ തന്നെ പോകാം…..
ആരോടും പറയണ്ട,,, എന്തിനാ എല്ലാവരെയും വിഷമിപ്പിക്കുന്നത്……ഏട്ടാ സമ്മതിക്ക് ,,,, ദൈവത്തെ ഓർത്തു സമ്മതിക്കു…..””

“”ദൈവം ഉണ്ടോ ദീപ്തി?
മോളുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല എനിക്ക്…. “”

“”മോൾ അല്ലെ അരുണേട്ടാ നമ്മുടെ ദൈവം,,,, അവളെ ഓർത്തു ഏട്ടൻ സമാധാനപ്പെടു….
എന്നിട്ടു ഞാൻ പറഞ്ഞത് സമ്മതിക്കു…. “”

“”ഉം,,, നമുക്ക് നാളെ പോകാം,,,, രക്ഷപെടും ഉറപ്പ് ഉണ്ടെങ്കിൽ മാത്രം മതി ഈ ചൂതാട്ടം….. “”
അടുത്ത ദിവസം രാവിലെ തന്നെ കുഞ്ഞിനെ സ്കൂളിൽ വിട്ടതിനു ശേഷം കറങ്ങാൻ പോകുന്നത് പോലെ രണ്ടാളും വീട്ടിൽ നിന്നുമിറങ്ങി…..
ഡോക്ടറുടെ അടുത്ത് എത്തിയപോളും ദീപ്തി ആണ് സംസാരിച്ചത്…..
അരുൺ മനസ് തകർന്നവനെ പോലെ ഇരിക്കുക ആയിരുന്നു……

രണ്ടു പേർക്കും ഉള്ള ടെസ്റ്റ്‌ നടത്തിയിട്ടു ഡോക്ടർ പറഞ്ഞു

“”നമുക്ക് മാറ്റി വെക്കാം….
രക്ഷപെടും ഉറപ്പ് ഉണ്ടെന്നു…. “”

ആ വാക്കുകൾ അരുണിന്റെ മനസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറി,,,,
വൃക്ക മാറ്റി വെക്കാൻ ഉള്ള ദിവസ്സം ഡോക്ടർ അവരോടു പറഞ്ഞു, ഇരുവരും സമ്മതിച്ചു………

വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടി,,,, പ്രായം ഉള്ളവർ അല്ലെ, എന്നാലും അവരെയും മനസിലാക്കി
കുഞ്ഞിനെ നോക്കാൻ വീട്ടുകാരെ ഏല്പിച്ചിട് അവർ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി…..

ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഒരു കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ നടന്നു,,,,, ദൈവം അവരുടെ കുഞ്ഞ് മാലാഖയെ ഓർത്തുന്നു തോന്നുന്നു…..
ആശുപത്രിയിലെ വാസത്തിനു ശേഷം
അവരുടെ വീട്ടിലെ കട്ടിലിൽ അവളുടെ അരുണേട്ടനെയും കുഞ്ഞിനേം കെട്ടിപിടിച്ചു അവരുടെ നടുക്ക് കിടക്കുമ്പോൾ അവൾ പറഞ്ഞു

“”അരുണേട്ടാ,
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മരണം വരെ സുമംഗലി ആയിരിക്കുക എന്നതാണ് അതിനു വേണ്ടി ഞാന് ഈ ലോകത്തോട് എത്ര വേണേലും പോരാടാൻ ഒരുക്കം ആണ്…… “”

ദീപ്തിയെ ചേർത്തു പിടിച്ചു അവളുടെ സിന്ദൂരത്തിൽ അമർത്തി ചുംബിക്കുമ്പോളും അരുൺ അറിഞ്ഞിരുന്നില്ല ആശുപത്രിയിൽ ടെസ്റ്റ്‌ ചെയ്യാൻ കയറ്റിയപ്പോൾ ഡോക്ടറോട് പറഞ്ഞത്……
ഒരു ശതമാനം സാധ്യത ഉണ്ടെങ്കിൽ പോലും ഇത് ചെയ്തു തരണം,,,,, എന്റെ അരുണേട്ടൻ ഞങ്ങളുടെ കുഞ്ഞിന്റെ അച്ചു ഇല്ലാതെ ഒരു ജീവിതം ഞങ്ങൾക്ക് ഉണ്ടാവില്ല……

A story by #അരുൺ_നായർ

ആദ്യകാലത്ത് എഴുതിയ കഥ ആണ് അധികമാരും കണ്ടിട്ടില്ല….. തെറ്റുകൾ ഉണ്ടാകാം അഭിപ്രായം തരണേ സൗഹൃദങ്ങളെ…..

LEAVE A REPLY

Please enter your comment!
Please enter your name here