Home Unais Bin Basheer ഈ രാത്രി അവരുടെ പുതിയ എസ്ഐ യും കെട്യോളും റയിൽവേ സ്റ്റേഷനിൽ കിടക്കേണ്ടി വരും.. പറഞ്ഞേക്കാം..

ഈ രാത്രി അവരുടെ പുതിയ എസ്ഐ യും കെട്യോളും റയിൽവേ സ്റ്റേഷനിൽ കിടക്കേണ്ടി വരും.. പറഞ്ഞേക്കാം..

1

രചന : Unais Bin Basheer

എന്റെ സീറ്റിൽ ചാരി നിൽക്കുന്ന മധ്യവയസ്‌ക്കന്റെ തൊട്ടുതലോടൽ സഹിക്കവയ്യാതെയായപ്പോഴാണ് ഞാൻ എന്റെ നേരെ മുന്നിൽ ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് പാട്ടുകേട്ടിരിക്കുന്ന അപരിചിതനായ ആ യുവാവിനെ തട്ടി വിളിച്ചത്.

ചേട്ടായി.. ചേട്ടായി
എന്റെ വിളി കേട്ടതും അയാൾ കണ്ണുതുറന്നു എന്നെ നോക്കി..

നമ്മളിനി അവിടെ എത്തുമ്പോഴേക്ക് ഏകദേശം രാത്രിയാകില്ലേ, പിന്നെ വീടൊക്കെ തിരഞ്ഞു പിടിക്കേണ്ടി വരും, അതുകൊണ്ട് ചേട്ടായി സ്റ്റേഷനിലേക്ക് വിളിച്ചു പറ ഏതെങ്കിലും ഒരു കോൺസ്റ്റബിളിനെ പറഞ്ഞയക്കാൻ. അല്ലേൽ ഈ രാത്രി അവരുടെ പുതിയ എസ്ഐ യും കെട്യോളും റയിൽവേ സ്റ്റേഷനിൽ കിടക്കേണ്ടി വരും.. പറഞ്ഞേക്കാം..

ഇതുവരെ തൊട്ട് തലോടിയ ആ കുഞ്ഞിരമൻചേട്ടൻ കേൾക്കാൻ തക്ക
ഉറക്കെയാണ് ഞാനത്രയും പറഞ്ഞത്.

പെട്ടെന്നുതന്നെ അയാളുടെ കൈ പിൻവലിഞ്ഞത് ഞാൻ അറിഞ്ഞു, പക്ഷെ അപ്പോഴും മുന്നിലിരിക്കുന്ന ആ കട്ടിമീശക്കാരൻ എന്താ സംഭവിക്കുന്നത് എന്നറിയാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്,
ഒരുവിധം കണ്ണുകൊണ്ട് ഞാനെന്റെ ദയനീയ അവസ്ഥ അയാളെ പറഞ്ഞു മനസ്സിലാക്കി, അയാൾക്കത് മനസ്സിലായെന്നു തോന്നുന്നു.
കുഞ്ഞിരാമനെ അയാൾ രൂക്ഷമായൊന്നു നോക്കി.

പെട്ടെന്നാണ് അയാളുടെ ഫോൺ ബെല്ലടിച്ചത്, അയാൾ ഫോൺ ചെവിയോടടുപ്പിച്ചപ്പോൾ ഞാൻ ആ ശബ്ദത്തിന് കാത് കൂർപ്പിച്ചു..

യെസ് എസ്‌ഐ ഉണ്ണികൃഷ്ണൻ…
ഓ താനാണോ.. ഇല്ലെടോ എത്തിയിട്ടില്ല
ട്രെയിൻ രണ്ട് മണിക്കൂർ ലെറ്റ് ആയിരുന്നു.. അതാ താമസിച്ചേ.
ഞാൻ ഏകദേശം രാത്രിയാകും അവിടെ എത്താൻ. താനൊരു കാര്യം ചെയ്യ് സ്റ്റേഷനിൽ നിന്നൊരു ജീപ്പ് അയക്ക് ഇങ്ങോട്ട്..
ഞാൻ എത്തിയാൽ ഉടനെ വിളിക്കാം.

ഇത്രയും പറഞ്ഞു അയാൾ ഫോൺ വെച്ചപ്പോൾ ഞാൻ മൂക്കത്തു വിരൽ വെച്ചുപോയി.. ഇതെന്താ ഇത് ലാലേട്ടൻ മുന്നിൽ വന്ന് പ്രത്യക്ഷ്യപ്പെട്ടതോ..
ആ അഭിനയ ചക്രവർത്തിയുടെ കാൽക്കീഴിൽ ശിരസു നമിക്കുകയായിരുന്നു. ഞാനപ്പോൾ. എന്താ ഒരു ടൈമിംഗ്.
എന്താ ഒരു പെർഫെക്ഷൻ. ആഹ.
ഇതിനിടയിൽ ആ തിരക്കിനിടയിലൂടെ നമ്മുടെ കുഞ്ഞിരാമേട്ടൻ വെപ്രാളപ്പെട്ട് നുഴഞ്ഞു പോകുന്നത് ഞാൻ ഒരു ചിരിയോടെ നോക്കിയിരുന്നു. ശേഷം നന്ദി സൂചകമായി അയാളെ നോക്കിയും ചിരിച്ചു.
എനിക്കൊരു ചിരി തന്ന് വീണ്ടും സംഗീതത്തിന്റെ ലോകത്തിലേക്ക് അയാൾ കണ്ണടചു.

എനിക്കെന്തോ അയാളോട് വല്ലാത്തൊരു ആരാധന തോന്നി. ചെറിയ ഒരു അവസരം കിട്ടിയാൽ സൗഹൃദം സ്ഥാപിക്കാൻ വരുന്ന ആൻജന്മങ്ങളാണ് ഞാൻ കണ്ടതിൽ അധികവും, ഇവിടെ ഒരാൾ കുറച്ചു നേരത്തേക്കാണെങ്കിലും കെട്യോന്റെ സ്ഥാനം കൊടുത്തിട്ടുപോലും അനങ്ങുന്നില്ല..

ഒറ്റനോട്ടത്തിൽ ആളെ കാണാൻ ഒരു ചേലൊക്കെയുണ്ട്, ഒരുപാട് ലഗ്ഗേജ് ഒക്കെയായി എങ്ങോട്ടോ ഒരു ദൂരയാത്രക്ക് പോകുകയാണെന്ന് തോന്നുന്നു,
എനിക്കിറങ്ങേണ്ട സ്റ്റോപ്പിലേക്ക് ഇനിയും ഏകദേശം രണ്ടുമണിക്കൂർ യാത്രയുണ്ട്. സംസാരപ്രിയ ആയത് കൊണ്ടുതന്നെ അത്രനേരം മിണ്ടാതിരിക്കുക എന്നത് എനിക്ക് വെല്ലുവിളിയാണ്.
ഞാൻ വീണ്ടും മുന്നിലുള്ള ആ കട്ടിമീശക്കാരനെ നോക്കി. അയാളപ്പോഴും കണ്ണടച്ച് സംഗീതത്തിന്റെ ലോകത്തുതന്നെയാണ്. ഒന്നൂടെ തട്ടിവിളിച്ചാലോ. ഈ മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നൊരു മോചനം..
വേണോ വേണ്ടയോ മനസ്സ് ചാഞ്ചാടാൻ തുടങ്ങി.

ഒടുവിൽ വേണ്ട എന്ന തീരുമാനത്തിൽ ഞാനും മിഴികളടച്ചു പിന്നിലേക്ക് ചാഞ്ഞു.
അല്പനേരത്തുന്നു ശേഷം ആരോ തട്ടിവിളിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. നോക്കുമ്പോൾ നമ്മുടെ കഥാനായകനായ ആ കട്ടിമീശക്കാരൻ തന്നെ.
ഞാൻ കൈകൊണ്ട് എന്താ എന്ന് ആഗ്യം ചോദിച്ചു..

തന്റെ കയ്യിൽ കുടിവെള്ളമുണ്ടോ.. വല്ലാത്ത ദാഹം..
ഞാൻ ബാഗിൽ നിന്നും വെള്ളമെടുത്തു കൊടുത്തു, ആവിശ്യം കഴിഞ്ഞു അത് തിരിച്ചു തരുമ്പോൾ ഞാൻ പറഞ്ഞു..
സോറി ട്ടോ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതിന്, രക്ഷപ്പെടാൻ എന്റെ മുന്നിൽ വേറെ വഴികളൊന്നും കാണാഞ്ഞപ്പോൾ പറഞ്ഞുപോയതാണ്..
അയാളൊന്ന് ചിരിച്ചു.. ചോദിച്ചു താനെങ്ങോട്ടാ..

ഞാൻ കോഴിക്കോടേക്ക്. വെക്കേഷൻ ലീവിന് കോളേജിൽ നിന്നും വരുന്ന വഴിയാണ്.
ചേട്ടായിഎങ്ങോട്ടോ ഒരു ദൂര യാത്രയിൽ ആണെന്ന് തോന്നുന്നു..ഒരുപാട് ലഗ്ഗേജ് ഒക്കെ ഉണ്ടല്ലോ..

എനിക്ക് കോഴിക്കോട് ഒരു ജോലി ശെരിയായിട്ടുണ്ട്. അതാ..

ഓ അപ്പൊ ചേട്ടായിയുടെ നാട്..

ഞാൻ പാലക്കാട്.. അല്ല താനെന്തിനാ നേരത്തെ എന്നെ പോലീസ് ആക്കിയത്. കെട്ടിയോൻ ആണെന്നുപറഞ്ഞാൽ തന്നെ അയാൾ പോകില്ലായിരുന്നോ..
കെട്ടിയോൻ ആണെന്നുപറഞ്ഞിട്ടും പോയില്ലെങ്കിലോ എന്ന് പേടിച്ചിട്ടാ അങ്ങനെ പറഞ്ഞെ,
പോലീസ് ആണെന്ന് പറഞ്ഞാൽ പിന്നെ എല്ലാവരും പേടിക്കുമല്ലോ.

അങ്ങനെ എല്ലാരും പേടിക്കില്ല. തെറ്റ് ചെയ്തവർ മാത്രം പേടിക്കും..
അപ്പൊ ചേട്ടായിക്ക് പോലീസിനെ പേടിയില്ലേ..
ഇല്ല.. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ അവരെ പേടിക്കുന്നെ..
അതറിയില്ല പക്ഷെ തെറ്റ് ചെയ്തിട്ടില്ലേലും എനിക്ക് അവരെ കാണുമ്പോഴേ മുട്ടിടിക്കും. ചെറുപ്പത്തിലേ ശീലിച്ചതാ.. ഞാൻ ഒരു ചമ്മലോടെ പറഞ്ഞു..
അതിന് മറുപടിയായി അയാളൊന്ന്ചിരിക്കുകമാത്രം ചെയ്തു.

നേരം പോയതും കോഴിക്കോട് എത്തിയതും അറിഞ്ഞില്ല. പരസ്പ്പരം ഒരു ചിരി കൈമാറി രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു.
നേരം ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എത്രയും വേഗം വീട്ടിലേക്കുള്ള ബസ്സ് പിടിക്കണം. ഞാൻ നേരെ ബസ് സ്റ്റോപ്പിലേക്ക് വലിഞ്ഞു നടന്നു.
ബസ്സിനുവേണ്ടിയുള്ള കുറച്ചുനേരത്തെ കാത്തിരിപ്പിനിടയിലാണ് പെട്ടെന്ന് ഒരു പോലീസ് ജീപ്പ് എന്റെ മുന്നിൽ വന്ന് ബ്രേക്ക് ഇട്ടത്. മനസ്സിലേക്ക് ഭയത്തിന്റെ ഒരു തീപ്പൊരി വീണു, പക്ഷെ അത് മുന്സീറ്റിലിരിക്കുന്ന ആളെ കണ്ടപ്പോൾ വലിയൊരു ഞെട്ടലായി മാറി.

ഇത്…
ഇത് അയാളല്ലേ.. ഉണ്ണികൃഷ്ണൻ. ദൈവമേ ഇയാൾ പോലീസ് ആയിരുന്നോ മനസ്സിൽ ചോദ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി തടിച്ചുകൂടി. അപ്പോഴേക്കും അയാൾ എന്റെ അടുത്തെത്തിയിരുന്നു.
വാ ഞാൻ വീട്ടിൽ കൊണ്ടുവിടാം. എന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി അയാൾ ജീപ്പിലേക്ക് നടന്നപ്പോൾ ഞാനും അയാളെ അനുഗമിച്ചു. ഒരു യന്ത്രം പോലെ.
വീടെത്തും വരെ എന്റെ ചിന്തയിൽ മുഴുവൻ ട്രെയിനിലെ ആ സംഭവം ആയിരുന്നു. എനിക്ക് പറ്റിയ അമളി ഓർത്തപ്പോൾ ചുണ്ടിലൊരു ചിരിവന്നു മൊട്ടിട്ടു.
വീട്ടുമുറ്റത്ത് ജീപ്പ് നിർത്തി അയാളോട് യാത്രപറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും അയാൾ വിളിക്കുന്നത്.

അതെയ് ഒന്ന്‌ നിന്നെ.
പിന്നെ തന്റെ ആ ചേട്ടായി വിളിയുണ്ടല്ലോ അതെനിക്ക് നന്നായി ബോധിച്ചു. ഇനി യൂണിഫോമിൽ കാണുമ്പോഴും ആ വിളിക്ക് മാറ്റം വേണ്ടട്ടോ.
ധൈര്യമായി പറഞ്ഞോ എല്ലാരോടും ചേട്ടായി പോലീസിൽ ആണെന്ന്..

ഇത്രയും പറഞ്ഞു പോകുന്ന അയാളെ ഞാൻ കണ്മായും വരെ ഞാൻ നോക്കി നിന്നു
മനസ്സിൽ പോലീസ് എന്ന വാക്കിനോടുള്ള ഭയം ഉടഞ്ഞുവീഴുകയായിരുന്നു അപ്പോൾ. ഒപ്പം ഭാവി വരനെന്ന സങ്കൽപ്പത്തിലേക്ക് പോലീസെന്ന് കുറിച്ചിടുകകൂടി ചെയ്തിരുന്നു…

രചന : Unais Bin Basheer

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here