Home Latest “നാണമില്ലേ നിനക്ക് വല്ല മുള്ളുമുരിക്കിലും പോയി കേറെടൊ എന്റെ പുറകെയിങ്ങനെ തൂങ്ങി നടക്കാതെ “

“നാണമില്ലേ നിനക്ക് വല്ല മുള്ളുമുരിക്കിലും പോയി കേറെടൊ എന്റെ പുറകെയിങ്ങനെ തൂങ്ങി നടക്കാതെ “

0

അഴകിയ രാവണൻ

“നാണമില്ലേ നിനക്ക് വല്ല മുള്ളുമുരിക്കിലും പോയി കേറെടൊ എന്റെ പുറകെയിങ്ങനെ തൂങ്ങി നടക്കാതെ ”

” കൃഷ്ണ നീ ഇങ്ങ് വന്നെ, ആരോടായാലും ഇങ്ങനെയൊക്കെ പറയാമോ ”

” കൊറേ കാലായി ലച്ചു ഇവനിങ്ങനെ ശല്യപ്പെടുത്താൻ തുടങ്ങീട്ട് ,ഇന്നിതിനൊരു തീരുമാനം ഉണ്ടാക്കണം”

നാണം കെട്ട് തല കുനിച്ച് ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോഴും ചുറ്റും നിന്നവരുടെ കളിയാക്കലും കുത്തുവാക്കുമൊന്നുമായിരുന്നില്ല മനസ്സിൽ , അവളാ പറഞ്ഞ വാചകങ്ങൾ എന്റെ കാതിൽ നൂറുതവണ ആവർത്തിച്ചാവർത്തിച്ച് മുഴങ്ങിക്കൊണ്ടിരുന്നു

പുച്ഛമായിരുന്നു ,

എനിക്ക് എന്നോട് തന്നെ , ഒരു ആണ് ഒരിക്കലും ഇത്രക്ക് അധപതിച്ചിട്ടുണ്ടാകില്ല, പിറകെ നടന്ന് കെഞ്ചിയതും കാലു പിടിച്ച് പിന്നാലെ നടന്നതും എല്ലാം ,

എല്ലാം അവളോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമായിരുന്നു, അവളെ ജീവനു തുല്യം സ്നേഹിച്ചു എന്ന ഒരു തെറ്റു മാത്രേ ഞാൻ ചെയ്തിട്ടുള്ളോ ,

അതിനാണ് അവളിങ്ങനെ

ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണിന്റെ മുൻപിലിങ്ങനെ തലകുനിച്ച് നിൽക്കുന്നത്,

പക്ഷെ, അതിലെനിക്ക് ദു:ഖം ഒന്നുമുണ്ടായിരുന്നില്ല, കാരണം അത് പറഞ്ഞത് അവളായതു കൊണ്ട് മാത്രം

എന്റെ കൃഷ്ണ ഞാനവളെ അത്ര മാത്രം സ്നേഹിച്ചിരുന്നു

മനസ്സിനെ ത്വരിതപ്പെടുത്തിയെടുക്കാൻ ഒരുപാട് സമയമെടുത്തു , എങ്കിലും ഹൃദയത്തിൽ നിന്നും അവളെ പറിച്ചെടുത്തു കളഞ്ഞിട്ടാണ് ഞാൻ കോളേജിന്റെ പടി ചവിട്ടുന്നത്

പടി മുതൽ ക്ലാസ്സ് മുറിയിലെ സീറ്റിലിരിക്കുന്നത് വരെ കളിയാക്കലിന്റെ കരഘോഷമായിരുന്നു

ഇല്ല ഞാൻ പാകപ്പെടുത്തിയെടുത്തയാ കല്ലൻ മനസ്സിനെ കുത്തിനോവിക്കാൻ അവർക്കാർക്കും കഴിയില്ലെന്ന് എനിക്ക് നന്നേ ഉറപ്പുണ്ടായിരുന്നു

അതു കൊണ്ടു മാത്രമാണ് ഒന്നിനും പ്രതികരിക്കാതെ മൗനമൂകമായി ഞാനിരുന്നത്

പാടിക്കേട്ട പാണൻ കഥയുടെ സത്യാവസ്ഥയറിയാൻ ഒന്നും രണ്ടും പറഞ്ഞ് കളിയാക്കാൻ വന്ന ഉറ്റ സുഹൃത്തുക്കൾക്കു മുൻപിലും നിറപുഞ്ചിരിയോടെ മറുപടിയോതുകയാണ് ഞാനും ചെയ്തത്

ക്ലാസ്സ് എടുത്ത് തുടങ്ങുന്നതിനു മുൻപ് എന്നേ നോക്കിയൊരു കള്ളച്ചിരിയോടെ അർത്ഥം വച്ച് ചോദിച്ചു

” എന്താ രാവണാ , നിന്റെ ലങ്കാ ദഹനമൊക്കെ കഴിഞ്ഞെന്നു കേട്ടു , ശരിയാണോ ” ?

എഴുന്നേറ്റ് നിന്ന് തലകുനിച്ച് നിൽക്കുമ്പോഴും അവളും അവളുടെ കൂട്ടുകാരികളും ചേർന്ന് ആർത്തു ചിരിച്ചു തുടങ്ങിയിരുന്നു, ഒരു കൂസലുമില്ലാതെ ഞാനദ്ദേഹത്തിന് മറുപടി കൊടുത്തു

” ലങ്ക ദഹിപ്പിച്ചത് രാവണനല്ലല്ലോ സാറേ, അത് ഹനുമാനല്ലേ ” എന്നു പറഞ്ഞ് അവളെയൊരു നോട്ടം നോക്കി അപ്പോഴേക്കും അവരുടെ കൂട്ടച്ചിരിക്ക് അറുതി വന്നിരുന്നു

ആദ്യമായിട്ടാണ് എനിക്ക് രാവണൻ എന്ന് പേരിട്ട മുത്തച്ഛനോട് അളവറ്റ ബഹുമാനം തോന്നിയത്

ശരിയാണ് രാവണൻ, അവസാന ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുന്നതും അട്ടഹസത്താൽ ലങ്കയെ പ്രകമ്പനം കൊള്ളിച്ചവൻ, മുത്തച്ഛൻ പറയാറുണ്ട് മുറിച്ചാൽ മുറി കൂടുന്നയാ ശരീരത്തെ പറ്റി

ഇന്ന് ഞാൻ ശീലിക്കുന്നുണ്ട് മനസ്സിൽ ആഴത്തിലേറ്റയാ മുറിവിന്റെ മുറികൂടിയാക്കി മാറ്റുന്ന രാവണനാകാൻ

വാശി തീർക്കേണ്ടത് പഠിപ്പിലാണെന്ന് സാറു പറഞ്ഞതിനു ശേഷമാണ് ശ്രദ്ധ മുഴുവനും പഠിപ്പിലേക്ക് തിരിച്ചു വിട്ടത്

അതു കൊണ്ട് തന്നെ അക്കാര്യത്തിൽ ഈ രാവണനെ മറികടക്കാൻ ഒരു ശ്രീരാമനും ഉണ്ടായിട്ടില്ല എന്നതാണ് സത്യം

ഒരു ദിവസം ക്ലാസ്സ് വിട്ട് എല്ലാവരും ഇറങ്ങിയപ്പോയി, കഴിഞ്ഞ ദിവസം ക്ലാസ്സ് മിസ്സ് ചെയ്തതിന്റെ നോട്ട് ലച്ചുവിന്റെ കയ്യിൽ നിന്നും വാങ്ങി ക്ലാസ്സിലിരുന്ന് എഴുതിയെടുക്കുകയായിരുന്നു ഞാൻ

ലച്ചുവിന്റെ ഒപ്പം അവളും ഉണ്ടായിരുന്നു

ക്ലാസ്സിൽ എന്നെ കണ്ടിട്ടാവണം ലച്ചുവിനോടവൾ വാശി പിടിച്ച് പറയുന്നുണ്ടായിരുന്നു നമുക്കിവിടെ നിന്നും പോകാം നേരം വൈകിയാൽ ശരിയാകില്ല എന്ന്

ബുക്ക് ഞാൻ വീട്ടിലെത്തിച്ചോളാം എന്ന് ലച്ചുവിനോട് പറയും മുൻപേ അവൾ പടിയിറങ്ങി നടന്നു കഴിഞ്ഞിരുന്നു

ഇറങ്ങി പത്തടി നടന്നു കഴിഞ്ഞിട്ടുണ്ടാകില്ല, അപ്പോഴേക്കും തിരിഞ്ഞ് നിലവിളിച്ചോടിയിട്ട് ലച്ചു ഭയത്തോടെ ഓളിയിട്ടെന്നോടായ് പറഞ്ഞു

” ടാ, നമ്മടെ കൃഷ്ണാ, അവള് കുഴഞ്ഞ് വീണെടാ, വേഗം ഓടി വാ ” എന്ന്

ഞാനവിടേക്ക് പാഞ്ഞെത്തിയപ്പോൾ ഒരു വിറയലോടെ അവളുടെ ചുണ്ടിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു,

ഇരു കൈകളിലും അവളെ കോരിയെടുത്ത് നടുറോട്ടിലേക്ക് ഓടിപ്പോകുമ്പോൾ മനസ്സിൽ ഹിമാലയത്തെ തോളിൽ താങ്ങിയ രാവണന്റെ പ്രതിരൂപം മനസ്സിൽ മിന്നി മറിയുന്നുണ്ടായിരുന്നു

ഡോക്ടറെ കാണിച്ചപ്പോൾ പേടിക്കാനൊന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് കുറച്ച് ആശ്വാസം കിട്ടിയത് ,

അതിനു ശേഷമാണ് അവളെന്നോട് കൂടുതൽ അടുത്ത് തുടങ്ങിയത്, ഒരു സുഹൃത്ത് എന്നതിൽ കവിഞ്ഞ് അവളെന്റെയടുത്ത് സ്വാതന്ത്ര്യം എടുത്തു തുടങ്ങിയപ്പോഴും അന്ന് മനസ്സിനിട്ട കടിഞ്ഞാണിന് ഒന്നു കൂടെ മുറുക്കം കൂട്ടുകയാണ് ഞാനും ചെയ്തത്

കോളേജ് പഠനം കഴിഞ്ഞ് കുറച്ചു നാൾ ഞങ്ങൾ പരസ്പരം കണ്ടില്ല, കോണ്ടാക്ട് നമ്പർ മനപ്പൂർവ്വം മാറ്റി, പിന്നീട് ഞങ്ങൾ കാണുന്നത് കോളേജ് റാങ്ക് ഹോൾഡറായ ഈ രാവണനെ ഉന്നതർ ചേർന്ന് അനുമോദിക്കുന്നയാ ചടങ്ങിൽ വച്ചാണ്

ചടങ്ങു കഴിഞ്ഞ് വരാന്ത വഴി ഇറങ്ങി പോരുമ്പോൾ നിറഞ്ഞ കണ്ണുകളുമായോടി വന്നവളെന്നെ എന്തൊക്കെയോ പറഞ്ഞ് ശകാരിക്കുന്നുണ്ടായിരുന്നു

ഇതൊക്കെ പറയാൻ നീ ആരാ എന്റെ ചോദ്യത്തിന് വിക്കിമൂളിയവളൊരു മറു ചോദ്യം എന്നോടായ് ചോദിച്ചു

” ആരുമല്ലേ ഞാൻ, ആരുമായിരുന്നില്ലേ ഞാൻ “?

” ആയിരുന്നു, ഇപ്പോൾ അല്ലാ, ഞാൻ അസുരനായ രാവണനാണ്, നിനക്ക് ഞാൻ ചേരില്ല”

” നീ രാവണനാണെങ്കിൽ എനിക്ക് നിന്റെ മണ്ഡോദരി ആയാൽ മതി”

” ഇല്ല. അതിനി ഒരിക്കലും കഴിയില്ല, കാരണം നീയന്ന് പറഞ്ഞ മുള്ളുമുരിക്ക് തേടി നടക്കായിരുന്നു ഞാൻ, അല്ല എനിക്ക് കിട്ടി ആ മുള്ളുമുരിക്കിനെ ”

അതും പറഞ്ഞ് അവളുടെ തൊട്ടടുത്തു നിന്ന ലച്ചുവിന്റെ കൈ പിടിച്ച് അവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ നിസ്സഹായതയോടു കൂടെ ഞങ്ങളെത്തന്നെ നോക്കി നിന്ന അവളുടെ ശരീരം ജീവനുള്ള ജഡത്തെ പോലെയാണ് തോന്നിയത്

അൽപ്പ ദൂരം നടന്നിട്ട് ലച്ചു അവളെയൊന്നു തിരിഞ്ഞു നോക്കി, ഞങ്ങൾ രണ്ടാളുടെയും മുഖത്തൊരു പുഞ്ചിരി വിടർന്നു, പിന്നീടതൊരു പൊട്ടിച്ചിരിയിൽ കലാശിച്ചു.
” മതിയെടാ ഇത്ര മതി, ഇനി അവളോട് പറഞ്ഞേക്കാം ”

” ഏയ് നിൽക്ക് ലച്ചു. പത്ത് മിനിറ്റ് അവളവിടെ ഇരിക്കട്ടെ, ഞാനന്ന് അനുഭവിച്ചത് ഇത്രയെങ്കിലും വേണ്ടെടീ”

” അത് അറിയാവുന്നതു കൊണ്ടല്ലെ ഞാനീ നാടകത്തിന് കൂട്ട് നിന്നതും ”

കുറച്ച് നിമിഷങ്ങൾക്കു ശേഷo വാട്ട്സ് ആപ്പിൽ ഞാനവൾക്കായ് ആ മെസ്സേജ് ടൈപ്പ് ചെയ്തിട്ടു

” അന്നും ഇന്നും എന്നും ഈ രാവണന്റെ മനസ്സിനുള്ളിൽ ഒരു പെണ്ണിന്റെ മുഖമേ ഉണ്ടായിട്ടുള്ളോ അത് നീ ആണ് , നീ മാത്രം” എന്ന്

അകലെ നിന്നും അവളുടെയാ പളുങ്കുമിഴികളിൽ നിന്നും പുഞ്ചിരിയുടെ മുത്തു പൊഴിയുമ്പോൾ മനസ്സിലാ രാവണന്റെ അട്ടഹാസച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു തോറ്റാലും തോറ്റു കൊടുക്കാത്തതിന്റെ പ്രതീകമായ്

രചന  : കുറുമ്പക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here