Home Latest “നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേടി “

“നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേടി “

0

അവിഹിതം

“”കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ ശ്രദ്ധിക്കുന്നതാ ഇവരുടെ കിന്നാരം. കടലിൽ കളിക്കുന്നു, വീഴാൻ പോകുമ്പോൾ കെട്ടിപ്പിടിക്കുന്നു. ഐസ്ക്രീം വാങ്ങി വായിൽ വെച്ചു കൊടുക്കുന്നു… അർമാദിക്കുവല്ലേ രണ്ടെണ്ണം കൂടി “”

ബീച്ചിൽ കൂടി നിൽക്കുന്ന ആളുകളുടെ നടുവിൽ അഖിലും അനഘയും പകച്ചു നിന്നു.

“നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേടി ”

കൂടി നിന്നവരിൽ ഒരു സ്ത്രീയുടെ ചോദ്യം കേട്ട് അനഘ നിറകണ്ണുകളോടെ പറയാൻ ശ്രമിച്ചു.

“ചേച്ചി… ഞങ്ങൾ.. ”

“വേണ്ട നീയൊക്കെ ഒന്നും പറയണ്ട. ഞങ്ങടെ വീട്ടിലും ഉണ്ട് പെൺകുട്ടികൾ. അവരെ നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഞങ്ങൾ അമ്മമാർ വളർത്തി കൊണ്ട് വരുന്നത്.

നിന്നെയൊക്കെ നിന്റെ വീട്ടുകാർ അഴിച്ചു വിട്ടേക്കുവല്ലേ ”

“ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. പോലീസിനെ വിളിക്കണം ”

“എന്തിനാ പോലീസ് . ഇത് നമുക്ക് നാട്ടുകാർക്ക് കൈകാര്യം ചെയ്യാവുന്ന കേസാണ്. എല്ലാരും പിരിവിട്ടു ഒരു ചെറിയ താലി മേടിക്കുന്നു. ഇവിടെ വെച്ചു തന്നെ ഇവരുടെ വിവാഹം നമ്മൾ നടത്തുന്നു. ”

“ചേട്ടാ…. ദയവു ചെയ്തു ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക് “അഖിൽ പറയാൻ ശ്രമിച്ചു.

“വേണ്ട ടാ. നിനക്ക് പറയാനുള്ളത് എനിക്ക് അറിയാം.ഞങ്ങൾ ഫ്രണ്ട്‌സ് ആണ് എന്നല്ലേ??

ഇങ്ങനത്തെ പരിപാടി നടത്തി പിടിക്കപ്പെടുമ്പോൾ ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഫാഷൻ ആണ്. ഈ ഫ്രണ്ട് കളി അത് ഇവിടെ നടക്കൂല മോനെ. ”

കൂടി നിൽക്കുന്ന ആളുകളുടെ നടുവിൽ അഖിലും അനഘയും അപമാനത്താൽ വെന്തുരുകി.

അപ്പോഴും അവരുടെ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു മറ്റുള്ളവർ.

“ഒക്കെ താലി. റെഡി.. നിങ്ങൾ ചെക്കനെ ഒന്ന് പിടിച്ചോ ഇല്ലെങ്കിൽ അവൻ ഓടും. ”

“ഇങ്ങോട്ട് നീങ്ങി നിൽക്കെടി. ”

അനഘ വിറയലോടെ പേടിച്ചു അഖിലിനോട് ചേർന്ന് നിന്നു.

“ചേട്ടാ ഞങ്ങൾ അത്തരക്കാരല്ല. ദയവായി ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കൂ. പ്ലീസ്. ”

“ഇനി നിനക്ക് പറയാനുള്ളതൊക്കെ ഈ കൊച്ചിനോട് പറഞ്ഞാൽ മതി ടാ. അതും ആദ്യരാത്രിയിൽ. ”
അയാൾ വഷളൻ ചിരിയോടെ അവരെ നോക്കി.

“എന്നാൽ മോൻ ഇത് അവളുടെ കഴുത്തിൽ കെട്ടു. ”

“ഇല്ല ഞാൻ കെട്ടില്ല. അത് പാപമാണ്. ദയവു ചെയ്തു ഞാൻ പറയുന്നത് കേൾക്കൂ. എനിക്ക് അതിനാവില്ല. ”

“ഫാ. എരണംകെട്ടവനെ ആ പെങ്കൊച്ചിന്റെ ജീവിതം നശിപ്പിച്ചിട്ടു കയ്യൊഴിയുന്നോ?. മര്യാദക്ക് കെട്ടെടാ. ”

എല്ലാവരും കൂടി ബലമായി അഖിലിനെ പിടിച്ചു നിർത്തി അനഘയുടെ കഴുത്തിൽ താലി കെട്ടിക്കാൻ ശ്രമിച്ചു.

അനഘ പൊട്ടി കരഞ്ഞു കൊണ്ട് അഖിലിന്റെ നെഞ്ചിൽ വീണു.

പെട്ടന്നായിരുന്നു അഖിലിന്റെ ആക്രോശം.

“മാറി നിൽക്കെടാ നാറികളെ

എല്ലാവരും ഞെട്ടിത്തിരിഞ്ഞു. അവന്റെ കണ്ണുകളിലെ അഗ്നി കണ്ടു അവർ അമ്പരന്ന് മുഖത്തോട് മുഖം നോക്കി.

അഖിൽ അനഘയെ ചേർത്ത് പിടിച്ചു.

“ഇത് ആരാണെന്നു അറിയോ. ഇത് എന്റെ പെങ്ങളാടാ പട്ടികളെ. ഞാൻ ജനിച്ചു അഞ്ചു വർഷത്തിന് ശേഷം ഞങ്ങളുടെ ഇടയിലേക്ക് വന്ന കുഞ്ഞ് പെങ്ങൾ. എന്റെ സ്വന്തം രക്തം. ”

എല്ലാവരും പകപ്പോടെ പരസ്പരം നോക്കി .

അടുത്ത ആഴ്ച ഇവളുടെ വിവാഹമാണ്. അപ്പൊ ഇവൾ എന്നോട് പറഞ്ഞ ഒരു ആഗ്രഹം ആണ് കല്യാണത്തിന് മുൻപ് എല്ലാ ദിവസവും ബീച്ചിൽ വന്നു സൺ സെറ്റ് കാണണം എന്ന്. അതിനാ ഞങ്ങൾ ഇവിടെ വന്നത്

കുറെ സദാചാര ചെറ്റകൾ വന്നേക്കുന്നു. ത്ഫൂ… അഖിൽ നീട്ടി തുപ്പി.

“ടാ നിന്റെയൊക്കെ സദാചാരo, കാണിക്കേണ്ടത് പ്രതികരിക്കാൻ കഴിയാത്ത പാവങ്ങളുടെ നേരേയല്ല..

ഒരു നേരത്തെ അന്നത്തിനു വേണ്ടി മടിക്കുത്തഴിക്കുന്നവളെ നീയൊക്കെ വേശ്യയെന്ന് മുദ്ര കുത്തും.

പണത്തിനും സുഖത്തിനും വേണ്ടി പഞ്ച നക്ഷത്ര ഹോട്ടലിൽ പോയി കാമം തീർക്കുന്ന കൊച്ചമ്മമാർക്കു നേരെ നിന്റെയൊക്കെ വിരൽ ഉയരുമോ?

ബീച്ചിൽ വന്നു പബ്ലിക് ആയി സംസാരിക്കുന്ന ഞങ്ങളെപ്പോലെ ഉള്ളവരെ നന്നാക്കാൻ വന്ന നീയൊക്കെ എന്താടാ മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം എന്ന ആഭാസത്തിനു നേരെ കണ്ണടച്ചത്.

പാവപ്പെട്ട ആദിവാസികൾക്ക് നൽകുന്ന പിച്ച പാത്രത്തിൽ കയ്യിട്ടു വാരുന്നവർക്ക്‌ നേരെ ചെറു വിരൽ അനക്കാത്ത നിന്റെയൊക്കെ വർഗം,, വിശപ്പ് കൊണ്ട് അല്പം ഭക്ഷണം എടുത്തതിന്റെ പേരിൽ ഒരു പാവത്തിനെ കെട്ടിയിട്ടു കൊന്നില്ലേ? അപ്പൊ നിന്റെയൊക്കെ സദാചാരം എവിടെ ആയിരുന്നു?

ഒരു ആണും പെണ്ണും മിണ്ടിയാൽ അവിഹിതത്തിന്റെ ലിസ്റ്റിൽ പെടുത്തുന്ന നിനക്കൊക്കെ ഏതെങ്കിലും പെണ്ണിന്റെ മാനം സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?

പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി നിഷ്ടൂരമായി കൊല്ലപ്പെട്ടപ്പോൾ നിന്റെയൊക്കെ സദാചാര ബോധം എവിടെ ആയിരുന്നു?

അവനൊക്കെ നാടു നന്നാക്കാൻ ശ്രമിക്കുന്നു. ത്ഫൂ.

കാഴ്ച കാണാൻ കൂടി നിന്നവരൊക്കെ ഉത്തരമില്ലാതെ വിയർത്തു. അഖിൽ അനഘയെ മാറോടു ചേർത്ത് പിടിച്ചു അവളുടെ കണ്ണീരൊപ്പി.

“മോളു വിഷമിക്കണ്ട. കുറെ സദാചാര പട്ടികൾ നമ്മളെ കടിച്ചു. അത്രേയുള്ളൂ. ”

അവൻ അവളെ മാറോടു ചേർത്ത് പിടിച്ചു നടന്നു.

ശുഭം

(Copy right protected)

രചന : Reshma Raveendran.

LEAVE A REPLY

Please enter your comment!
Please enter your name here