Home Latest ആദ്യമായി കണ്ട മാത്രയിൽ തന്നെ ഞാൻ അവളെ സ്നേഹിച്ചു പോയിരുന്നു…

ആദ്യമായി കണ്ട മാത്രയിൽ തന്നെ ഞാൻ അവളെ സ്നേഹിച്ചു പോയിരുന്നു…

0

അവളുടെ മരണം

“”ഇന്നലെ രാത്രി വരെ കളിച്ചും, ചിരിച്ചും, ചിരിപ്പിച്ചും എന്നോടൊപ്പം ഉറങ്ങിയവൾ ഇന്ന് രാവിലെ അനക്കമറ്റ്‌ എന്റെ കിടക്കയിൽ…..

ദൈവമേ…. ഇവൾക്കെന്ത് പറ്റി ?.

ഞാൻ ഉണർന്നിട്ടും അവൾ ഉണരാതെ കിടക്കുന്നത് കണ്ടപ്പോൾ ഓർത്തത് ഇന്നലത്തെ എന്റെ പരാക്രമത്തിന്റെ ക്ഷീണത്തിൽ അവൾ ഉറങ്ങുകയാണ് എന്നായിരുന്നു.

പാതിരാത്രി ഒരു മണി വരെ അവളെ ഒന്ന് കണ്ണടയ്ക്കാൻ പോലും ഞാൻ സമ്മതിച്ചിരുന്നില്ല. പാവം അവൾ..

ഞാൻ എഴുന്നേറ്റു കുളി കഴിഞ്ഞിട്ടും അവൾ ഉണരാതെ കിടക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു.

അനക്കമറ്റ്‌ വിറങ്ങലിച്ചു കിടക്കുന്ന അവളെ ചൂട് പിടിപ്പിക്കാൻ ഞാൻ അവളുടെ ശരീരത്തിൽ അമർത്തി തടവി.

കുലുക്കി വിളിച്ചു…

അവൾക്ക് ഊർജം കിട്ടാൻ ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു.

ഇല്ല…. അവൾ ഉണരുന്നില്ല.

പിന്നെ ഒരു ഓട്ടമായിരുന്നു അവളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറിന്റെ അരികിൽ എത്തിച്ചു.

ചില്ലു കൂട്ടിൽ വയറുകളാൽ ചുറ്റപ്പെട്ടു അവൾ കിടക്കുന്നത് വേദനയോടെ നോക്കി ഞാൻ നിന്നു .

എന്തൊരു പ്രസരിപ്പായിരുന്നു അവൾക്ക്. ആദ്യമായി കണ്ട മാത്രയിൽ തന്നെ ഞാൻ അവളെ സ്നേഹിച്ചു പോയിരുന്നു.

പിന്നീട് ഒരു ജോലി നേടാനുള്ള നെട്ടോട്ടമായിരുന്നു. കാരണം ഇനി അവൾക്ക് ചിലവിനു കൊടുക്കേണ്ടത് എന്റെ കർത്തവ്യമാണ്. ഞാൻ കാരണം അവൾ പട്ടിണി കിടക്കാൻ പാടില്ല.

അങ്ങനെ ജോലി കിട്ടി. ആദ്യത്തെ ശമ്പളം കിട്ടിയ അന്ന് തന്നെ ആയിരുന്നു ഞാൻ അവളെ സ്വന്തമാക്കിയത്.

പിന്നീട് ഇന്നോളം സുഖത്തിലും, ദുഖത്തിലും അവൾ എന്റെ ഒപ്പം ഉണ്ടായിരുന്നു.

ചങ്കായി നടന്ന കൂട്ടുകാരെ പോലും മറന്നു എന്റെ ലോകം അവളിലേക്ക് ഒതുങ്ങി.

രാത്രിയുടെ യാമങ്ങളിൽ ഇന്റർനെറ്റ്‌ ലോകത്തെ പച്ചവെളിച്ചത്തിനു പിന്നിലെ നീലത്തടാകത്തിൽ മുങ്ങി നിവരാൻ കൊതിച്ച എന്നോടുള്ള പിണക്കം അവൾ പ്രതികരിക്കാതെ ഉറങ്ങി തീർത്തു.

പലപ്പോഴും അമ്മയുടെ ശകാരം ഞാൻ കാരണം അവൾക്ക് കിട്ടി.

ഒരിക്കൽ അവളെയും കൊണ്ട് കുളിമുറിയിൽ കയറിയത് അമ്മ കണ്ടു. അന്ന് അവൾക്കും എനിക്കും ശകാരം കിട്ടി. അമ്മയുടെ തവിക്കണ കൊണ്ടുള്ള അടിയുടെ സുഖം അറിയാവുന്നത് കൊണ്ട് ഞാൻ അവളെ മാറോടു ചേർത്ത് പിടിച്ചു.

പൊന്ന് പോലെ കൊണ്ട് നടന്നതായിരുന്നു അവളെ.. ആ അവളാണ് ഇന്ന് എന്നെ നോക്കാതെ, ഒരു വാക്ക് പറയാതെ ചില്ലിൻ കൂട്ടിൽ കിടക്കുന്നത്.

ഞാൻ ഇതെങ്ങനെ സഹിക്കും. ദൈവമേ. അറിയാതെ മിഴിത്തുമ്പിൽ പെയ്യാൻ വിതുമ്പി നിന്ന കണ്ണുനീർ തുള്ളിയെ മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു മാറ്റി.

അതാ അവളുടെ ഡോക്ടർ വരുന്നു. ദൈവമേ അവൾക്കൊന്നും സംഭവിക്കരുതേ. ”

” അവൾക്ക് എങ്ങനെ ഉണ്ട്. ”

“സോറി.”

ആ വാക്ക് കേട്ടത് മാത്രം ഓർമയുണ്ട് .

ബാക്കി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. അവളില്ലാത്ത ശൂന്യമായ എന്റെ ലോകത്തെ നോക്കി ഞാൻ പകച്ചു നിന്നു.

അവളുടെ നിർജീവമായ ശരീരം ഏറ്റുവാങ്ങി. നെഞ്ചോട് ചേർത്ത് അവൾക്കായി ഒരു തുള്ളി കണ്ണുനീരിൽ കുതിർന്ന പുഷ്പാഞ്ജലി നേദിച്ചു.

######## ###### ###### ########$

“അവൾ പോയി.. ഇനി അവൾക്ക് പകരം മറ്റൊരാൾ വേണ്ട എന്ന തീരുമാനം വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും നിര്ബന്ധത്താൽ പിൻവലിക്കേണ്ടി വന്നു.

അങ്ങനെ പുതിയ ഒരാൾ..അവൾക്ക് പകരമാവാൻ കഴിയില്ലെങ്കിലും….

പുതിയ ആളെ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.

“”””””ഒപ്പോ ടച്ച്‌ സ്ക്രീൻ”””””””””

“ഇവള് കൊള്ളാം. ”

“””””പക്ഷെ എന്റെ സാംസങ്. “””””

എന്റെ സാംസങ് ന് പകരമാവാൻ കഴിയില്ലല്ലോ. ഞാൻ അവളെ അത്രയും സ്നേഹിച്ചു പോയില്ലേ.

അലമാരയിൽ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്ന സാംസങ് നെ ഞാൻ ദയനീയമായി നോക്കി.

“” “നിനക്ക് പകരമാവില്ല മോളെ.. ഈ ഒപ്പോ ഫോൺ. പക്ഷെ ഞാൻ അവളെ സ്നേഹിക്കാൻ ശ്രമിക്കും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ “”

ശുഭം
(Copy Right Protected)

രചന : Reshma Raveendran

LEAVE A REPLY

Please enter your comment!
Please enter your name here