Home Latest പരോളാണോ അതോ ശിക്ഷ കഴിഞ്ഞോ ആവോ? കടയിലോട്ട് തന്നാ വരണേ ശങ്കരേട്ട.. ഞാൻ പോവാ !

പരോളാണോ അതോ ശിക്ഷ കഴിഞ്ഞോ ആവോ? കടയിലോട്ട് തന്നാ വരണേ ശങ്കരേട്ട.. ഞാൻ പോവാ !

0

“ചുഴി ”

ശങ്കരേട്ട, ആരാ ബസ് ഇറങ്ങി വരണേ നോക്കിയേ?

ഭഗവതി… ഇവൻ ഇറങ്ങിയോ?

പരോളാണോ അതോ ശിക്ഷ കഴിഞ്ഞോ ആവോ? കടയിലോട്ട് തന്നാ വരണേ ശങ്കരേട്ട.. ഞാൻ പോവാ !

നിൽക്കട സുനിയെ.. എന്നെ ഒറ്റക്കാക്കി പോവല്ലേ..

എനിക്ക് പേടിയാ.. ഞാൻ ഇപ്പോൾ കുടുംബമൊക്കെയായി മിണ്ടാതെ ജീവിക്കാ..

പോവല്ലെടാ….

ശങ്കരേട്ട.. ഒരു പാക്കറ്റ് സിഗേരറ്..

രഘുവേ.. എന്തൊക്കെ ഉണ്ടെടാ.. ഏത് സിഗരറ്റ?

ഏതായാലും മതി..

മം.. ഇതാ !

എത്രയായി..

ഓഹ്.. പിന്നെ തന്നാൽ മതി..

വേണ്ട.. പറഞ്ഞോ.. കടങ്ങൾ ഒന്നും ഇനി രഘുവിന് വേണ്ട..

ശിക്ഷ കഴിഞ്ഞോ അതോ?

കഴിഞ്ഞു.. ഇനി യോഗമുണ്ടേൽ വീണ്ടും പോവാം !

ഇനി ഒന്നിനും പോണ്ട രഘുവേ.. നല്ല രീതിയിൽ ജീവിക്കാൻ നോക്കു..

കടയിൽ ഇപ്പോൾ ഉപദേശവും കൊടുക്കുന്നുണ്ടോ? പോട്ടെ.. പിന്നെ കാണാം.. ഇനി കവലയിലൊക്കെ ഉണ്ടാവും ഞാൻ..

ഓ…

ആരാ ശങ്കരേട്ട അത്.. ഓനെ മുന്നെ കണ്ടിട്ടില്ലല്ലോ? ന്താ ഒരു ഗൗരവം.. ശബ്ദം കേട്ടാൽതന്നെ വിറ വരുന്നു..

മുജീബേ.. അതാണ് രഘു.. ഉശിരുള്ള ഒരു ആൺകുട്ടി..നീ ഇവിടെ വന്നു മൂന്ന് വര്ഷമല്ലേ ആയുള്ളൂ.. ഇതല്പം പഴേ കഥയാ..

ഇങ്ങള് പറയീ.. മ്മക്ക് തിരക്കൊന്നും ഇല്യാന്നേ..

മ്മടെ മാഷേ അറിയോ നീ?

ഏത് മാഷ്‌?

ഓഹ്.. നീ അറിയില്ല.. ഇവിടെ സ്കൂളിൽ മുന്നെ പഠിപ്പിച്ചിരുന്ന ഒരു മാഷുണ്ട്.. കൃഷ്ണൻ മാഷേ.. കാവിന്റെ കിഴക്കേ ഭാഗത്താണ് വീട്‌.. ഇപ്പോൾ നാലഞ്ചു കൊല്ലായിട്ടു തളർന്നു കിടപ്പാ പാവം.
മൂപ്പരുടെ മൂത്ത മോനാ ഈ രഘു.. താഴെ ഒരു അനിയത്തിയുണ്ട്, രേണു..

എന്നിട്ട്?

രഘു നന്നായി പഠിച്ചിരുന്നു.. പക്ഷെ സ്കൂൾ തൊട്ടു തുടങ്ങി രാഷ്ട്രീയ പ്രാന്ത്.. അവരുടെ ഭാഷയിൽ പ്രണയം.. പാർട്ടീടെ എന്ത് കാര്യത്തിനും രഘു ഉണ്ടാവും.. മ്മടെ ഇപ്പോഴത്തെ എംമ്മല്ലെയുടെ വലംകൈയായിരുന്നു രഘു… അന്ന് വെറും നേതാവായിരുന്നു എംമ്മല്ലെ.. രാവും പകലും ഇല്ല്യാത്ത പാർട്ടി പാർട്ടി പറഞ്ഞു നടക്കും.. എന്ത് ബഹളായിരുന്നു ഈ കവലയിൽ..

അത് ഇപ്പോഴും ഇല്ലേ ശങ്കരേട്ട.. പ്രാന്തൻമാർ !

മം.. അങ്ങനെ മ്മടെ പഞ്ചായത്തിൽ ഒരു ഇലക്ഷന് ഇവരുടെ പാർട്ടിയിൽ നിന്നും മാറിയ സുധാകരൻ വേറെ നിന്ന് മത്സരിച്ചു.. സുധാകരനും രഘുവും പാർട്ടിയിൽ ഒന്നിച്ചുള്ളപ്പോഴെ ചേരില്ല.. അത് എന്താച്ചാൽ സുധാകരന്റെ അച്ഛന്റെ പെങ്ങളാണ് രഘുന്റെ അമ്മ.. അവര് പ്രേമിച്ചു കെട്ടിയതാ.. രണ്ടാളും രണ്ട് ജാതിയും.. അതിന്റെ പകയാണ് കാരണം..

ഓഹ്.. എന്നിട്ട്?

അങ്ങനെ സുധാകരൻ ജയിക്കാൻ ചാൻസ് കൂടുതൽ ഉണ്ടായിരുന്നു.. അങ്ങനെ ഇലക്ഷന് ഒരാഴ്ചമുന്നെ സുധാകരന്റെ പാർട്ടിയുടെ കൊടികൾ, ഇതാ ആ കടയുടെ മുന്നിൽ വച്ചിരുന്നു.. അത് രാത്രിയിൽ ആരോ നശിപ്പിച്ചു !
സുധാകരനും ഉശിരുള്ളോനായിരുന്നു.. അവൻ പകല് വന്നു ബാക്കിയുള്ള പാർട്ടിക്കാരുടെ ഒക്കെ കൊടി നശിപ്പിച്ചു.. ആരും ചോദിക്കാൻ വന്നില്ല… പിറ്റേന്ന് രാവിലെ തോടിന്റെ അടുത്ത് വെട്ടിക്കീറിയ നിലയിലാ സുധാകരനെ കണ്ടത്..

ന്റെ ഉമ്മാ.. മ്മടെ ഈ നാട്ടിലോ, ഇതൊക്കെ?

ഇപ്പോളാ ഇങ്ങനെ.. മുന്നെ വെറും ബഹളായിരുന്നു ഇവിടെ..

ബാക്കി പറയീ..

അങ്ങനെ പോലീസ് വന്നു.. ആദ്യം പൊക്കിയത് രഘുവിനെയാണ്.. ഇതാ ഇവിടെ വച്ചു അവനെ വണ്ടിയിൽ കയറ്റുമ്പോൾ അവൻ ഉറക്കെ പറഞ്ഞു ” ഞാനാ, ഞാനൊറ്റക്കാ, കൊന്നു, വെട്ടിക്കൊന്നു ആ നായിന്റെമോനേ.. ഇനി ആർക്കാടാ എന്റെ കൊടിയിൽ തൊടേണ്ടത്? എന്റെ പ്രാണനാടാ കൊടി.. രഘുന്റെ ശവത്തിൽ ചവട്ടിയെ അത് തൊടാൻ പറ്റു….. ”

ഓഹ്… വല്ലാത്ത പഹയൻ !

ഇപ്പോൾ ഏഴുകൊല്ലായി.. ശിക്ഷ കഴിഞ്ഞുന്നാ പറഞ്ഞേ..

റബ്ബേ.. എന്തുണ്ടായിട്ടെന്താ മനുഷ്യന് അന്തമില്ലെങ്കിൽ പോയില്ലേ ജീവിതം…

അങ്ങനെ രഘു ജയിലുമായി, പാവം മാഷ്‌ തളർന്നു കിടപ്പിലായി.. മോളേ പിന്നെ പാർട്ടിക്കാർ ഇടപെട്ടു ബാംഗ്ലൂർ ഒരു ജോലിയൊക്കെ തരപ്പെടുത്തി കൊടുത്തു.. ഇവിടെ വന്നാലും അതിനെ ആരും കെട്ടാനൊന്നും വരില്ല.. അത് ഇവിടെ വന്നു കുറേ കൊല്ലായി.. അവിടെ കല്യാണം കഴിഞ്ഞുന്നും ഇല്ലെന്നും ഒക്കെ കേൾക്കുന്നുണ്ട്.. എന്തായാലും മാസാമാസം കൃത്യായി പൈസ അയച്ചുകൊടുക്കുന്നുണ്ട്.. അതോണ്ട് മാഷ്ടെ ചികിത്സ അവന്റെ അമ്മ നന്നായി നടത്തുന്നു..

അൽഹംദുലില്ലാഹ്.. ഓളെങ്കിലും നന്നായല്ലോ..

സത്യം.. ഈശ്വരൻ എന്തെങ്കിലും ഒരുവഴി തുറക്കാതെ ഇരിക്കോ..

മം.. മ്മള് പോട്ടെ.. എന്തൊക്കെ കാണണം ഈ ദുനിയാവില്.. അള്ളാ..

….(രഘുവിന്റെ വീട്ടിൽ )…

എന്തിനാടാ ദുഷ്ട്ടാ ഇങ്ങോട്ട് വന്നത്?

അമ്മേ?

ആരാ നിന്റെ അമ്മ.. അതൊക്കെ മരിച്ചു പോയി.. ഇനി തളർന്നു ഒരു ജീവൻ ഉള്ളിൽ കിടപ്പുണ്ട്.. കൊല്ലെടാ.. അതിനേം കഴുത്തറത്തു കൊല്ല്.. മോക്ഷം കിട്ടട്ടെ.. പാവം ആ ചെക്കന്റെ തല അറുത്തല്ലോടാ ദ്രോഹി.. മൂന്ന് പെൺകുട്ടികളാടാ അതിനു… കൊന്നു കളഞ്ഞില്ലേ ദുഷ്ടാ.. എവിടെങ്കിലും പോയി ചാവ്… എങ്ങനെ വന്നുപിറന്നു ഈശ്വരാ എന്റെ വയറ്റിൽ… !

…പടിയിറങ്ങി തിരിഞ്ഞു നടക്കുന്ന രഘുവിനെ അമ്മ വാതോരാതെ ശപികുന്നുണ്ടായിരുന്നു…

രഘുവേ, രഘുവേ.. എണീക് ! കട തുറക്കട്ടെ…

ആ, ശങ്കരേട്ടനോ..

അതെ, എന്താ കടത്തിണ്ണയിലാണോ ഉറങ്ങിയത്..

കൊലയാളിയെ പിന്നെ വീട്ടുകാർ പൂവിട്ടു പൂജിക്കോ ശങ്കരേട്ട..

സാരില്ല.. അവർക്ക് അത്രേം വിഷമമുണ്ടാവും.. ചായ പറയട്ടെ?

മോൻ ദുബായിന്നല്ലല്ലോ… ജയിലിന്നല്ലേ !

ചായ കുടിക്കു..

നേരം എത്രായി?

എട്ടര.. എട്ടുമണിക് തുറക്കുന്നതാ.. അര മണിക്കൂർ നീ എണീക്കട്ടെ വിചാരിച്ചു നിന്നു..

മം.. എന്നോട് കരുണയോ.. ഞാൻ കുളത്തിൽ ഒന്ന് കുളിച്ചു വരാം..

ശരി.. എന്താ ഇനി പരിപാടി?

ഒന്നും തീരുമാനിചില്ല.. നോക്കട്ടെ..

എന്നാ ഒന്ന് കുളിച്ചു വായോ.. എന്തെങ്കിലൊക്കെ വഴിയുണ്ടാവും..

മം..

ചേട്ടാ.. ഈ രഘുന്റെ വീട്‌ എവിടാ?

ആരാ.. എവിടുന്നാ?

ഓഹ്.. ഇനി ആധാർ കാർഡ് കാണിച്ചാലേ താൻ വഴി പറയൂ?

അയ്യോ, അതല്ല.. മൂപ്പര് ഇവിടെയാണ് കിടന്നത്.. ഇപ്പോൾ കുളിക്കാൻ പോയേ ഉള്ളു വേഗം വരും.. അതോണ്ട് ചോദിച്ചതാ..

ശേ ! പേടിക്കണ്ട ചേട്ടാ, ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതല്ലേ.. ഞങ്ങൾ രഘുവിന്റെ കൂടെ ഒന്നിച്ചു ജയിലിൽ ഉണ്ടായിരുന്നു.. ഇറങ്ങിട്ടു കുറച്ചായി.. രഘു ഇറങ്ങിയതറിഞ്ഞു വന്നതാ.. ഒന്ന് കാണാൻ..

ഓ.. ഇപ്പോ വരും.. കുടിക്കാൻ വല്ലതും?

വേണ്ട..

അതാ.. ആ നടന്നു വരുന്നത് രഘുവാണ്..

മം.. വരട്ടെ !

ആരിത്.. ആന്റണിയോ.. ഇതാരാ കൂടെ?

അതൊക്കെ പറയാം.. വണ്ടിയിൽ കേറൂ..

എങ്ങോട്ടാ..

പറയാടോ…

ശങ്കരേട്ട.. പോയി വന്നിട്ട് കാണാം..

ശരി..

ആന്റണി.. പറയടാ… എന്താ കാര്യം?

മൈസൂർ വരെ ഒന്ന് പോണം.. ഒരു കച്ചോടം.

ഓക്കേ.. സ്ഥലകച്ചോടം ആണോ?

യെസ്.. ഒരു എസ്റ്റേറ്റ്.. ഉറപ്പിച്ചതാ.. ചുമ്മാ ഒന്ന് പോയി കാണാൻ പറഞ്ഞു മുതലാളി.. കുറച്ചു കാശും തന്നു.. അതോണ്ട് നിന്നേം പൊക്കി.. നീ മ്മടെ ചങ്കല്ലേ !

നന്നായി.. എങ്ങോട്ട് പോവും വിചാരിച്ചു ഇരിക്കായിരുന്നു..

എന്നാൽ കേട്ടോ.. അങ്ങനെ മ്മളൊന്ന് സുഗിച്ചേ വരൂ.. ഗുണ്ടൽപേട്… മ്മള് പൊളിക്കും മച്ചാനെ.. നീ നിന്റെ എംമ്മല്ലയെ കാണാൻ പോയില്ലേ? നിന്റെ ദോസ്ത്…

ഒരുത്തനെ വിട്ടിരുന്നു ജയിലിലോട്ട്.. മന്ത്രി സ്ഥാനം കിട്ടാൻ ചാൻസുണ്ട്, അതോണ്ട് ഇപ്പോൾ പുള്ളിയെ നേരിട്ട് കണ്ടാൽ ശരിയാവില്ല എന്ന് പറഞ്ഞു.. കുറച്ചു കാശും കൊടുത്തു അയച്ചിരുന്നു..

….യാത്ര കോടമഞ്ഞു പൂക്കും താഴ്വരയിലെത്തി.. നേരം ഇരുട്ടിത്തുടങ്ങി.. നേരെത്തെ ഏജന്റ് വഴി പറഞ്ഞുറപ്പിച്ച ഒരു റിസോർട്ടിൽ വണ്ടി നിർത്തി…

റൂം നമ്പർ 113.. ഇതാ കീ !… “ലഗേജ് ഉണ്ടോ സർ?

ഇല്ല.. ജയില്പുള്ളികളേം ഇവിടെ സർ എന്നാണോ വിളിക്കാ..ഹാ ഹാ..

വിടടാ ആന്റണി.. പാവം പയ്യൻ..

എല്ലാരും പെട്ടന്ന് ഫ്രഷായിക്കോ.. കുപ്പി, പീസും ഇപ്പൊ എത്തും…

എനിക്ക് കുപ്പി മാത്രം മതിടാ ആന്റണി..

അയ്യോ, ഏങ്ങനെ.. ജയിലിൽ കിടന്ന ദുഃഖം അങ്ങട് പോട്ടെ രഘു.. ഒന്ന് സുഖിക്ക്..

പിന്നീടാവാം.. നിങ്ങൾ തകർക്കു..

വേണ്ടേൽ വേണ്ടാ.. പിന്നെ കിടന്ന് കരയരുത് !

ഹാ ഹാ..

തുടങ്ങിക്കോ… ഞാൻ ഒന്ന് ചുമ്മാ നടന്നുവരാം.. നാല് ചുവര് കാണുമ്പോൾ എന്തോ ഒരു ദുഃഖം..

ഓക്കേ മച്ചാ.. ആ വാതിൽ ഒന്ന് തുറന്നേ.. പീസ് പുറത്ത് വന്നിട്ടുണ്ട്… കുഞ്ഞിയ കുട്ട്യോളാ.. അധികം തണുപ്പ് കൊള്ളിക്കണ്ട.. ഹാ ഹാ..

…രഘുവാണ് വാതിൽ തുറന്നുകൊടുത്തത്..
പ്രായം കുറഞ്ഞ കുട്ടികൾ.. ആവശ്യപ്രകാരം ഏതു വേണമെങ്കിലും റെഡിയാണ് അവിടെ…

വാതിൽ പുറത്ത് നിന്ന് അടച്ചു ഒരു സിഗരറ്റ് കത്തിച്ചു നില്കുമ്പോളാണ് അപ്പുറത്തെ റൂമിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി പോകുന്നത് കണ്ടത്.. നല്ല പരിചയം തോന്നി രഘു പിന്തുടർന്നു..

ആ പതിഞ്ഞ വെളിച്ചത്തിൽ ആളെ മനസ്സിലായ രഘു വിറച്ച ശബ്ദത്തോടെ വിളിച്ചു “രേണു.. മോളേ “…

തിരിഞ്ഞു നോക്കിയ രേണു അപ്രതീക്ഷിതമായി ഏട്ടനെ കണ്ട അന്ധാളിപ്പിൽ പൊട്ടിക്കരഞ്ഞു കൊണ്ടു ആ പാസ്സേജിലൂടെ ഓടി…

പിന്നാലെ രഘുവും… പിന്നിൽ നിന്നും അവളുടെ കൈ ശക്തിയോടെ പിടിച്ചു നിർത്തി…”നീ എന്താടി ഇവിടെ? ”

“നിങ്ങളാര അത് ചോദിക്കാൻ?

രേണുവിന്റെ ചെകിട്ടിൽ രഘുവിന്റെ കൈകൾ വീണു….

നിലത്തു വീണ രേണു ഒരു ചീറ്റപ്പുലി പോലെ അവന്റെ നേർക് “കൊല്ലെടാ, കൊല്ല് ! എന്നെ മാത്രല്ല… നിന്റെ ഉറ്റ ചങ്ങായിയെയും കൊല്ലെടാ.. ജോലി വാങ്ങി തരാം എന്ന് പറഞ്ഞു എന്നെ നശിപ്പിച്ച ആ ചെകുത്താനെയും കൊല്ലെടാ… ഈ എയ്ഡ്‌സ് പിടിച്ച ശരീരത്തിലെ ചൂട് വിറ്റാണ് വീട്ടിലേക്കു ഞാൻ പൈസ അയക്കുന്നത്, ന്റെ കലി തീരും വരെ കാമം തേടിവരുന്ന എല്ലാ ചെറ്റകൾക്കും ഞാൻ എന്റെ രോഗം സമ്മാനിക്കും, കൊല്ലെടാ കൊല്ല്.. കുടുംബം തകർത്തവനെ.. നീ എന്റെ ആരുമല്ല, ദ്രോഹി ”

തളർന്ന ശരീരവും പൊട്ടുന്ന ഹൃദയവുമായി നടന്നുനീങ്ങുന്ന രഘുവിന്റെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു… തന്റെ എല്ലാം എല്ലാമായിരുന്ന ചങ്ങാതി…. അവന്റെ തലയറുക്കാൻ കൈയും മനസ്സും വെമ്പുന്നു..

….വാശിയും, സങ്കടവും തീരുവോളം അവൻ ആ ചെകുത്താന്റെ ശരീരത്തിൽ വെട്ടികൊണ്ടിരുന്നു,…ഓരോ വെട്ട് വെട്ടുമ്പോളും അവൻ വിശ്വാസവഞ്ചനകൾ ഓരോന്നും എണ്ണി എണ്ണി പറയുന്നുണ്ടായിരുന്നു…. ജീവൻ പോയിട്ടും തലയറുത്തു മാറ്റി വച്ചിട്ടും രഘു ശാന്തനായില്ല…. !!!!

………ഒരു ജീവച്ഛവമായി വീണ്ടും ജയിലിന്റെ ഉള്ളിലേക്കു കയറുമ്പോൾ ചന്ദ്രൻ സർ അവനോടു ചോദിച്ചു “ഇത്ര വേഗം തിരിച്ചു വന്നോടാ ”

ഒരു പരിഹാസഭാവത്തോടെ രഘു പറഞ്ഞു
“ആദ്യത്തെ, രഘു ഏറ്റെടുത്തതാ സാറെ, ചങ്കിനു വേണ്ടി…. രണ്ടാമത്തെ രഘു തലയെടുത്തതാ അവന്റെ …. ന്റെ കുടുംബം നശിപ്പിച്ച ദ്രോഹിയുടെ… ഇനി അകത്താണെലും പുറത്താണേലും രഘുവിനെ കാത്തിരിക്കാൻ കാലൻ മാത്രേ ഉള്ളു “…കുടുംബതിന്നു വേണ്ടി ഒന്നും ചെയ്തില്ലേലും രഘു നാടിന് ഒരു നന്മ ചെയ്തിട്ടുണ്ട് സാറെ……… !!

രചന : Vijesh

LEAVE A REPLY

Please enter your comment!
Please enter your name here